Wednesday, April 15, 2020

നോട്ടം/ചിത്ര.കെ.പി

കാട്ടുപൂവിന്റെ ഇതളുകൾ,
കണ്ണുകൾ.

ഒരു നോട്ടത്തിൻ മിന്നൽ.

തിളക്കങ്ങളെല്ലാം
കൊത്തിപ്പറക്കുന്നു
പക്ഷികളുടെ ഒരു കൂട്ടം,
കരയിലും സമുദ്രത്തിലും 
വെളിച്ചത്തിന്റെ വിത്തുകൾ
വിതയ്ക്കുന്നു.

മണ്ണിന്റെയും ജലത്തിന്റെയും
അടരുകളിൽ
നൂറായിരം പ്രാണികൾ,
അക്കങ്ങളല്ല
വെറും അക്കങ്ങളല്ല
പേരുകളെന്ന് കുറിച്ച് വയ്ക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപേ
മരിച്ചു പോയൊരാൾ
ശ്വാസം പിടഞ്ഞെഴുന്നേറ്റ്,
ശൂന്യമായ തെരുവുകളിലൂടെ നടക്കുന്നു.
കൂട്ടക്കുഴിമാടങ്ങളിലൊന്നിൽ
ഒരുപിടി മണ്ണ് ചൊരിയുന്നു.

മുള പൊട്ടി വിരിയുന്നു
കാട്ടുപൂവിന്റെ ഇതളുകൾ പോലെ
എണ്ണമറ്റ എണ്ണമറ്റ
കണ്ണുകൾ.

അവയുടെ 
ഒടുവിലത്തെ നോട്ടത്തിൽ
ആകാശവും ഭൂമിയും
പിളർക്കുന്ന മിന്നൽ.

Monday, April 6, 2020

പെരുമഴത്തോട്ടം/വിഷ്ണു പ്രസാദ്

പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം

വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു

കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും

ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു

ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു

പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു

തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു

ആകാശം അതിന്റെ കറുത്ത മുലകളെ
നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ

കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു

കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളകിക്കൊണ്ടിരിക്കുന്നു.