Tuesday, September 30, 2014

കുട്ടി കാട് വരയ്ക്കുന്നു/ അരുണ്‍ ഗാന്ധിഗ്രാം



കള്ളമില്ലാത്ത കണ്ണിനാൽ കണ്ട
ഉള്ളിലെ കൊടുംകാടിനെയിപ്പോൾ
കുഞ്ഞുപെൻസിലിൻ തുമ്പിൽ വരുത്തി
കുട്ടി കാടിൻ പടം വരയ്ക്കുന്നു

കാട്ടിലെത്തടി പാതിയിൽത്താഴെ
കാട്ടിനുള്ളിൽ വരച്ചുവയ്ക്കുന്നു
ബാക്കിയുള്ളതോ, തേവരയച്ച
ലോറിമേലേ കയറ്റിവയ്ക്കുന്നു
കാട്ടുതേനിനെ കുപ്പിയിലാക്കി
ലേബലോടെ വരച്ചുവയ്ക്കുന്നു
കാട്ടുപൂക്കളെ കണ്ണെത്തിടാത്ത
പാറവക്കിൽ വരച്ചുവയ്ക്കുന്നു
കാട്ടുപന്നിയെ തോക്കോടുകൂടെ
മണ്‍കലത്തിൽ പുഴുങ്ങിവയ്ക്കുന്നു
കാട്ടുതത്തയെ കൂടോടുകൂടെ
നാട്ടുപാതയിൽ കൊണ്ടുവയ്ക്കുന്നു
കാട്ടിലെപ്പുലിക്കൂട്ടത്തെയെല്ലാം
വൻകിടങ്ങിലിറക്കി നിർത്തുന്നു
തെന്നിവീണോന്റെ കണ്ണീർ പകർത്താൻ
ചുറ്റുപാടും മൊബൈൽ വരയ്ക്കുന്നു
കാട്ടുകൊമ്പനെ തോട്ടിയോടൊപ്പം
കോലമേറ്റിയൊരുക്കി നിർത്തുന്നു
കാട്ടുപൊയ്കയെ പാതിയും കോരി
സ്റ്റേഷനിൽക്കൊണ്ടിറക്കി വയ്ക്കുന്നു
കുട്ടി ചിത്രത്തിലുറ്റു നോക്കുന്നു
കാട്,കാടെന്നു പുഞ്ചിരിക്കുന്നു
ഉണ്ട്, ബാക്കിയുണ്ടിപ്പൊഴു,മെന്ന്
കുഞ്ഞു പെന്സിലും പുഞ്ചിരിക്കുന്നു.
കുട്ടി വീണ്ടും പടം വരയ്ക്കുന്നു
പെൻസിലേതാണ്ടുരഞ്ഞു തീരുന്നു
ഇപ്പൊഴോ, നോക്കൂ, കാടിന്റെ മക്കൾ
നാട്ടു വെയ്.ലിൽ വിയർത്തു നിൽക്കുന്നു
ഇപ്പൊഴോ, നോക്കൂ, കാടിന്റെ മക്കൾ
നാട്ടു വെയ്.ലിൽ വിയർത്തു നിൽക്കുന്നു

Monday, September 29, 2014

ലളിതം / പി.പി.രാമചന്ദ്രന്‍


ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ്‌ എങ്ങനെ
കിളികളാവി-
ഷ്‌ക്കരിക്കുന്നു ജീവനെ!

വാമനന്‍ / സാവിത്രി രാജീവന്‍



സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
ഒരടി ഭൂമിക്കുമേല്‍ വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ
വേശ്യയെപ്പോലെ സംസാരിക്കുന്നതെന്ത്‌
കുടയും മറയുമില്ലാതെ?

സ്നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
രണ്ടാം ചുവട്‌ ആകാശത്തേക്കു വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ വേട്ടക്കിറങ്ങിയ
യക്ഷിയെപ്പോലെ സംസാരിക്കുന്നതെന്ത്
മറയും കുടയുമില്ലാതെ?

സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ എനിക്കു നിന്നെ
പക്ഷെ
മൂന്നാം ചുവട്‌ എന്‍റെ മൂര്‍ദ്ധാവിലാഴ്ത്തി
അയാള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു
എന്താണിതിനര്‍ത്ഥം?

അവസാനിക്കാത്ത ആ വിചാരണയ്‌ക്കും
കാല്‍ക്കീഴില്‍ നിന്നും മറഞ്ഞ ഭൂമിക്കും
തലയ്‌ക്കു മുകളില്‍ നിന്നും മാഞ്ഞ ആകാശത്തിനും മീതെ
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ നിന്നോടെനിക്ക്
കുടയും മറയുമില്ലാതെ
ഭയകൌടില്യങ്ങളില്ലാതെ.

കുളംതേകല്‍/ മനോജ്‌ കുറൂര്‍



തവളകളായിരുന്നു
ആദ്യമറിഞ്ഞത്‌.
വിഡ്ഢിയായ കാവല്‍ക്കാരന്‍റെ
നിഷ്‌ഫലമായ ജാഗ്രതപോലെ
ചുറ്റും കണ്ണോടിച്ച്
പാഞ്ഞുനടന്നു അവ.

ഉണര്‍ന്നതിനുശേഷവും
കണ്‍പോളകളില്‍ നിന്ന്
ഉറക്കം വിട്ടുപോകുംപോലെ
വരിവരിയായ്‌ ആമകള്‍.

ഇരമ്പി വന്ന പേടിയുടെ
നീരിളക്കങ്ങളില്‍
ചൂണ്ടക്കൊളുത്തിലേക്ക്
സ്വയമര്‍പ്പിച്ചു മീനുകള്‍.

സ്ഥിരമെന്നു വിചാരിച്ച
വാടകവീടൊഴിഞ്ഞപ്പോള്‍
എന്തോ എടുക്കാന്‍ മറന്ന്
തിരികെയെത്തി പുളവന്‍.

അനധികൃതമെന്നറിയാത്ത
പ്രവാസത്തിനൊടുവില്‍
ഒളിക്കാനിടമില്ലാതെ
പിടികൊടുത്തു ഉടുമ്പ്.

ലഹരിയിലിഴുകിയ
അവ്യക്തസ്വപ്നങ്ങളായി
ചെളിപുരണ്ടു കിടന്നു
ധൂര്‍ത്തരായ വരാലുകള്‍.

രാകിപ്പൊടിഞ്ഞ ആഴം
കുഴഞ്ഞുണങ്ങിയപ്പോഴും
പായലിന്‍റെ പച്ചക്കപ്പല്‍
കൈവിട്ടില്ല കൂത്താടികള്‍.

വന്ധ്യമായ ഗര്‍ഭപാത്രത്തിന്‌
ജീവനോടുള്ള പ്രാര്‍ത്ഥനയായി
ഉറവയില്ലാത്ത കുളം.

വേനലിന്‍റെ പാറകള്‍
മഴ പെയ്‌തലിഞ്ഞിട്ടും
കുടിയൊഴിക്കപ്പെട്ടവര്‍
തിരികെയെത്തിയില്ല.

ഉറക്കത്തിനും ഉണര്‍വിനും
ജീവനും ജഡതയ്‌ക്കുമിടയില്‍
കൊഴുത്ത സോപ്പിന്‍പാട
കനംവച്ചുകിടന്നു.

മേല്‍വിലാസം /സംഗീത നായർ



നമ്മളൊന്നാണ്‌ , ഒന്നാണുനമ്മളെ
ന്നെത്രവട്ടം പറഞ്ഞു നീയെങ്കിലും
കണ്ണിലേക്കിളി പേർത്തും മൊഴിയുന്നു
നമ്മൾ രണ്ടാണു, രണ്ടു നിഴലുകൾ .

ഒറ്റ വേരിലായൂന്നും തരുവിലായ്‌
മുറ്റി നിൽക്കുമിരു ശിഖരങ്ങൾ പോൽ
ചേർന്നലിയുവാനായുന്നുവെങ്കിലും
രണ്ടു മേൽ വിലാസത്തിനുടമകൾ

നമ്മൾ രണ്ടു പേർ, കേവലസ്നേഹത്തിൻ
നെഞ്ഞിടിപ്പിനാൽ ബന്ധിതരായവർ
നമ്മൾ രണ്ടു വിഭിന്ന ലോകങ്ങളിൽ
തന്റെ ജീവിത നാടകമാടുവോർ

ഉച്ചിയിലഗ്നി കത്തിയെരിയുമ്പോൾ
ഒറ്റ വേവിനാൽ തമ്മിലറിഞ്ഞവർ
എത്രയാഴികള്‍ നീന്തിത്തളര്‍ന്നവര്‍
എത്ര മോഹങ്ങള്‍ തര്‍പ്പണം ചെയ്തവര്‍

നിദ്രയെന്തെന്നറിയാതെ വേർപ്പിനാൽ
ശുഷ്ക ജീവിതം കെട്ടിപ്പടുത്തവർ
ഇഷ്ടമെന്നു പറയാതെ തമ്മിലാ
യിഷ്ടമാണെന്നറിഞ്ഞു കൊതിച്ചവർ

ശിഷ്ടജന്മമാം നഞ്ഞ്‌ വീഞ്ഞെന്ന പോൽ
ഒറ്റ ഗ്ലാസ്സിൽ നാം പങ്കിടുമെങ്കിലും
രണ്ടടുപ്പിലെരിയുകയാണു പോൽ
രണ്ടു പേർക്കും പ്രിയമുള്ള ഭോജനം

നീയെനിയ്ക്കായെഴുതും ഗസലുകൾ
മേഘസന്ദേശമായ്‌ വരുമെങ്കിലും
നിന്റെ പാട്ടിൽ ചിറകു വിടർത്തുന്ന
തെന്റെ മോഹമയൂരമാണെങ്കിലും

ഇന്നു ഞാനെഴുതുന്ന കവിതകൾ
നിന്നെത്തേടി വരാതിരിയ്ക്കാനായി
നൂറു കഷ്ണമായ്‌ കീറിപ്പറത്തട്ടെ
മേൽവിലാസമെഴുതിയ തുണ്ടുകൾ .

ലയനം / നന്ദിത


എന്റെ വൃന്ദാവനം
ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?

രാത്രികളില്‍,
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍ അറിഞ്ഞിരുന്നു

പങ്കു വെക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേത്തുര്‍വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്....



ഉന്മാദം ഒരു രാജ്യമാണ് / മാധവിക്കുട്ടി



ഉന്മാദം ഒരു രാജ്യമാണ്
കോണുകളുടെ ചുറ്റുവട്ടങ്ങളില്‍
ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത
തീരങ്ങള്‍.


എന്നാല്‍,
നിരാശതയില്‍ കടന്നുകടന്ന്
നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍
കാവല്‍ക്കാര്‍ നിന്നോട് പറയും;
ആദ്യം വസ്ത്രമുരിയാന്‍
പിന്നെ മാംസം
അതിനുശേഷം
തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും.

കാവല്‍ക്കാരുടെ
ഏക നിയമം
സ്വാതന്ത്ര്യമാണ്.
എന്തിന്?
വിശപ്പു പിടിക്കുമ്പോള്‍
അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍
തിന്നുകപോലും ചെയ്യും.

എന്നാല്‍,
നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍
ഒരിക്കലും തിരിച്ചു വരരുത്,
ദയവായി, ഒരിക്കലും തിരിച്ചു വരരുത്.

വീടിനെക്കുറിച്ച് / പി.രാമൻ




വെക്കാനാഗ്രഹിക്കുന്ന
വീടിനെക്കുറിച്ച്
പറഞ്ഞുപറഞ്ഞ്
ഒരു കോളനിതന്നെ
നമ്മളുണ്ടാക്കി
വാക്കുകളുടേത് എന്നോ
സ്വപ്നങ്ങളുടേത് എന്നോ
വീടുകളുടേത് എന്നോ
വ്യക്തമല്ലാത്ത
ഒരു കോളനി

അങ്ങോട്ടുള്ള വഴി
ഒരു ടാര്‍പാത പോലെ കാണാം

നമ്മള്‍ ഉറങ്ങുന്നതിനു
തൊട്ടുമുമ്പത്തെ രാക്കീറുകള്‍
ചേര്‍ന്നുചേര്‍ന്നുണ്ടായത്

നമ്മളുറങ്ങുന്നതിനു
തൊട്ടുമുമ്പത്തെ
വാക്കുകളാല്‍
തെളിഞ്ഞു കേള്‍ക്കാവുന്നത്.


മാമ്പഴക്കാലം/പി.പി. രാമചന്ദ്രന്‍



പറയൂ നാട്ടിന്‍പുറത്തുള്ള മാങ്ങകള്‍ക്കെല്ലാം രുചി
ഈ മേംഗോ ഫ്രൂട്ടിയ്ക്കുള്ള പോലെയാണോ
കൊച്ചുമകള്‍ ചോദിച്ചു മഞ്ഞ ദ്രാവകം
കുഴല്‍ വഴി നുണയും നേരം
ചിത്രശലഭം പോലെന്‍ ചാരെ

ഓടുന്ന തീവണ്ടിതന്‍ ജാലകം വഴിയിതാ
ഞാന്‍ മൂളിപ്പറക്കുന്നു മാമ്പഴക്കാലം തേടി
കുതിച്ചാലണ്ണാനെപ്പോലുയരും കാലങ്ങളില്‍
മുറിഞ്ഞാല്‍ പഴച്ചാറ് പൊടിയ്ക്കും ബാല്യങ്ങളില്‍

ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങളില്‍
ഓരോരോ കൊമ്പും കായ്ചതോരോരോ മധുരങ്ങള്‍
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കെ വീണ്ടും വീണ്ടും
വിത്യസ്ഥമധുരങ്ങള്‍ നുണഞ്ഞൂ രസനകള്‍

അത്രമേല്‍ തീഷ്ണങ്ങളാല്‍ നാവുകളത്രെ പിന്നെ
മിഠായി പൊതിയ്ക്കായി പണയം വെച്ചു നമ്മള്‍...

തിരഞ്ഞെടുപ്പ് സക്കാത്ത് / ഷംസ് ബാലുശ്ശേരി



ഉപ്പക്കൊരു
അരിവാളും
കലപ്പയുമുണ്ടായിരുന്നു.
ഒരു നാള്‍ നഗരം വന്ന്
അത് എടുത്തുകൊണ്ട് പോയി .

പലിശ ഹറാമാണന്ന്
വല്യ മൊല്ലാക്ക
കുത്തുബ പറഞ്ഞപ്പോള്‍
ഉപ്പയുടെ കൈകള്‍ രണ്ടും
ഹാജ്യാരുടെ കൂട്ടുപലിശയായി .

സ്ത്രീധനക്കാരെ പേടിച്ച്
പെങ്ങള്‍ ഉറങ്ങുന്നത്
അടച്ചുറപ്പുള്ള പുഴയിലാണ് ,
ഉണര്‍ത്താതിരിക്കാന്‍
രണ്ടു കണ്ണുകളുമവള്‍
മീനുകള്‍ക്ക് കൊടുത്തു .

കര്‍ക്കിടകത്തില്‍ അമ്മിയിലാണ്
ഉമ്മ കഞ്ഞി വിളമ്പാറ്
കിണ്ണങ്ങളെല്ലാം അയല്‍വക്കത്ത്
അരിക്ക് ജാമ്യം നില്‍ക്കും .

പുതിയ അടുക്കളയും
അടുക്കളക്കൈകളും വന്നപ്പോഴാണ്
പഴയ അടുക്കള
ഉത്തരത്തില്‍ ഒരു കുരുക്കിട്ടത് .

അനാഥനായ എന്‍റെ കൈയിൽ
ഇന്നൊരു മഷിക്കറയെ ഉള്ളു
നാളെയൊരു ആയുധം കണ്ടാല്‍
നിങ്ങളത് ഹറാമാണന്ന് പറയരുത്.

വൻമതിലുകൾ /ഷംസ് ബാലുശ്ശേരി



*ചന്ദ്രവിഹംഗമേ
ചുവന്ന വനസ്ഥലികളില്‍
കാട്ടുതീയെത്തുമ്പോള്‍
നീ സൂര്യന് മുകളില്‍
പറന്നു വീഴുക.

കിരീടത്തിലെ ചുവന്ന
മുള്ളിനെക്കുറിച്ചും
ചോര കറുത്ത
ചിറകിനെക്കുറിച്ചും
കൂട്ടിലുള്ള മനുഷ്യരെക്കുറിച്ചും
കാലത്തിന്‍റെ അച്ചുതണ്ടിലിരുന്ന്
ലോകത്തോട്‌ ഉറക്കെ കലമ്പുക .

ഓരോ അണക്കെട്ടിനപ്പുറവും
നിശബ്ദമാക്കപ്പെട്ട ഒരു നദിയുണ്ട്
പല വഴികളായവ കടലില്‍ പതിച്ചാലും
ഒരു തിരയായ്‌ ഒരിക്കല്‍ ആഞ്ഞടിക്കും.

നിന്നിലേക്ക് പ്രവേശിക്കുമ്പോൾ / സച്ചിദാനന്ദൻ


നിന്നിലേക്ക്  പ്രവേശിക്കുമ്പോൾ
ഞാൻ സിറിയയിലെ മാലൂലായിൽ
ദൈവം എനിക്കായി തുറന്നു തന്ന
ഒരു മലയിടുക്കിലേക്ക്
പ്രവേശിക്കുകയാണ് .

അവിടെയെത്താൻ ഞാൻ
കളിമണ്ണിൻ
കുന്നുകളിലും
ഈർപ്പമുള്ള താഴ്‌വരകളിലും
കൂടി സഞ്ചരിച്ചു ,
വാക്കുകളിലും ദാഹങ്ങളിലും
പാട്ടുകളിലും കൂടി .

ഈ ചുവന്ന
പശമണ്ണ്‌
ഞാൻ അറിയും ,
കോരിച്ചൊരിയുന്ന
ഈ മഴയും .
ഒരുവൻ എന്റെ പിറകെ
വാളുമായി വരുന്നുണ്ട് ,
അതുകൊണ്ടാണ് തെന്നുമ്പോഴും
ഞാൻ വേഗം കൂട്ടുന്നത്‌ .

പനകളും ഒട്ടകങ്ങളും
എന്നെ കണ്ടുപിടിച്ചു കൂടാ .
രാത്രി വരും മുൻപേ
എനിക്ക് മറുകരയിൽ
എത്തണം .

ഇതാ , ഞാൻ ഉയരുകയാണ് ,
പതിനെട്ടു നിറമുള്ള
മഴവില്ലിലേക്ക് .

പ്രഭോ ,
നിന്റെ രാജ്യം വന്നു .

Sunday, September 28, 2014

എന്നിൽനിന്നുടൻ പുറപ്പെടും ... /സനൽകുമാർ ശശിധരൻ



കുട്ടിക്കാലത്ത്  ഞങ്ങൾ ഒരു കുസൃതിക്കളി കളിക്കുമായിരുന്നു
കല്ലോ കുപ്പിച്ചില്ലോ ഒരു കടലാസിൽ
വൃത്തിയായി പൊതിഞ്ഞ്
നടവഴിയിലേക്ക് എറിഞ്ഞ്
മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കലാണ് പരിപാടി
ആറ്റിൽ ചൂണ്ടയിട്ടു മീൻപിടിക്കുന്ന പോലെ
അസാമാന്യക്ഷമ വേണ്ടിവരുന്ന ഒരു വിനോദം
വഴിപോക്കരാരെങ്കിലും പൊതികാണും
കാത്തിരിപ്പിന്റെ വിരസത ഉടനടി
ചൂണ്ടലിൽ മീൻകൊത്തിവലിയുന്ന  
പിരിമുറുക്കത്തിലേക്ക് വഴിമാറും
പിന്നെ ഒന്നുരണ്ടുനിമിഷത്തെ നാടകമാണ്
കളിയുടെ കാതൽ
വരത്തന്റെ നടത്തയുടെ വേഗത ഒന്നുകുറയും
കരിയില ചുഴിക്കാറ്റിൽപ്പെട്ടപോലെ നിന്നു കറങ്ങും
ആരും കണ്ടില്ല എന്നുറപ്പാക്കി പൊതി കുനിഞ്ഞെടുക്കും
മരങ്ങളുടെ നിഴലുകൾക്കിടയിലൂടെ
സ്വപ്നത്തിലെന്നപോലെ മുന്നോട്ടു നടക്കും
പാത്തുപാത്ത് പൊതിയഴിക്കാൻ തുടങ്ങും
കാണുന്നതിനും അഴിക്കുന്നതിനും
ഇടയ്ക്കുള്ള ആ നിമിഷങ്ങളിൽ
അവർ കാണുന്ന സ്വപ്നങ്ങൾ മുഴുവൻ
ആ നടത്തയിലുണ്ടാവും
വിരലുകളുടെ വിറയലിലുണ്ടാവും
ഒരു കള്ളത്തരം ആരിലുമുണ്ടാക്കുന്ന ആദിമലഹരി
ആ മുഖത്തെ പകൽനിലാവിലുണ്ടാവും
പൊതി തുറക്കുന്നമാത്രയിൽ 
വെടിച്ചീളുപോലെ ഞങ്ങളുടെ പൊട്ടിച്ചിരി
അവരുടെ തലതകർത്ത് പായും
നാണംകെട്ട് മൃതമായി
പുളിച്ച തെറിയിൽ ഞങ്ങളെ മാമോദീസാ മുക്കി
അവർ ധൃതിയിൽ നടന്നു മറയും
കൂസലില്ലാതെ ഞങ്ങൾ കല്ലോ
കുപ്പിച്ചില്ലോകൊണ്ട് അടുത്ത സ്വപ്നം പൊതിയും..
കാലമേറെക്കഴിഞ്ഞു
അന്നത്തെ ഇടവഴി മണ്ണുമാന്തികൾ തിന്നു
മരത്തണലുകൾ വെയിൽ തിന്നു
അന്നത്തെ കുട്ടിയെ ഞാൻ തന്നെ തിന്നു
എങ്കിലും എത്രമുതിർന്നാലും പഴയകളികൾ മറക്കുമോ?
ഇപ്പൊഴും വിരസത എന്നെ തിന്നാനടുക്കുമ്പോൾ
ഞാനൊറ്റയ്ക്ക് പഴയ കളി കളിക്കും
വൃത്തിയായി ഞാനെന്നെ പൊതിയും
ആൾസഞ്ചാരമധികമില്ലാത്ത
നടപ്പാതയിലേക്ക് നീട്ടിയെറിയും
എനിക്കുമാത്രം ഒളിച്ചിരിക്കാവുന്ന
എന്റെ മാളത്തിലേക്ക് ചൊരുകിക്കയറി
സന്യാസപർവം നയിക്കും
ഏറെക്ഷമയാവശ്യമുള്ള കളിയാണത്
ആറ്റിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നപോലെ തന്നെ
വിരസതയെ ആകാംക്ഷയിലേക്ക്
വിവർത്തനം ചെയ്യുന്നയന്ത്രമായില്ലെങ്കിൽ
ബോറടിച്ച് മരിച്ചുപോകും, ആരും..
ഒടുവിൽ തീർച്ചയായും ഒരുവൾ അതുവഴി വരും
ചുഴിക്കാറ്റിലെ കരിയിലപോലെ ഒരുനിമിഷം നിന്നു കറങ്ങും
ഒച്ചയുണ്ടാക്കാതെ ഞാനിരിക്കും
ആരും കാണുന്നില്ലെന്നുറപ്പാക്കി
അവൾ പൊതി കുനിഞ്ഞെടുക്കും
നിലാവിലൂടെ പൊഴിയുന്ന പക്ഷിത്തൂവൽ പോലെ
നൃത്തം ചെയ്ത് മുന്നോട്ടു നീങ്ങും
ചിരപുരാതനമായൊരു കള്ളത്തരത്തിന്റെ ആദിമലഹരി
അവളിൽ നുരയും 
ഞാൻ അതുകണ്ടുകുളിരും
രഹസ്യമായി, ഏറ്റവും രഹസ്യമായി
അവൾ എന്നെ അഴിക്കും
പൊതിയഴിഞ്ഞുഞാൻ വെളിപ്പെടുന്നമാത്രയിൽ
എന്നിൽനിന്നു പുറപ്പെടും
അവളുടെ നെഞ്ചുപിളർക്കുമാറ് 
ഒരു പൊട്ടി.....

ശിരസുപോയ പ്രതിമയുടെ കഥ / സനൽകുമാർ ശശിധരൻ



നാമിപ്പോൾ ഒരു തെരുവിലാണ്
ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ് 
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
ഇതാ ഒരുവൻ നക്ഷത്രമെണ്ണി നിൽക്കുന്നു.. 
അവൻ അവന്റെതന്നെ ഒരു പ്രതിമ
അവൻ അവന്റെതന്നെ മുൻകൂർ സ്മാരകം
(ഉടൻ തന്നെ അവൻ കൊല്ലപ്പെടും)
അവൻ ആലോചിക്കുന്നതെന്തെന്ന് 
എനിക്കും നിങ്ങൾക്കും വ്യക്തമല്ലാത്തപോലെ
അവനും വ്യക്തമല്ലാതെ കാണപ്പെടുന്നു.
അവന്റെ കണ്ണുകൾ ചീഞ്ഞ മൽസ്യത്തിന്റെപോലെ
നിറംകെട്ട് മയങ്ങി കാണപ്പെടുന്നു.
അവൻ അവളെ കാത്തുനിൽക്കുകയാണ്.
അവൾ താമസിയാതെ അതാ ആ വളവുകഴിഞ്ഞ്
ഈ വേദിയിലേക്ക് പ്രവേശിക്കും..
അവളുടെ നിഴലുകൾ കരിമ്പിൻ കാട്ടിൽ അസ്തമിക്കുന്ന സൂര്യനെ
ഓർമിപ്പിച്ചുകൊണ്ട് ഈ തെരുവിനെ അലങ്കരിക്കും.
അവൾ ഉറുമ്പുകളെ നോവിക്കാതെ,
പൊടിപറത്താതെ അവന്റെ അരികിലെത്തും..
അവനും അവൾക്കുമിടയിൽ അവനും അവളും മാത്രമാവും..
അവൻ-നിശ്ചേതനമായ കണ്ണുകൾ കൊണ്ട് അവളെ നോക്കും..
അവന്റെ കണ്ണിൽ പുരളാതിരിക്കാൻ 
അവളുടെ നിഴലുകൾ അവളെ മറച്ചുപിടിക്കും..
അവൻ അവളുടെ നിഴലുകളെ തിരിച്ചറിയുന്ന നിമിഷമാണിത്.
മഴവില്ലുപോലെ ആകർഷകമായ അവളുടെ നിഴലുകൾ..
ആരും തൊടാതെ അവളെ അവൾ സൂക്ഷിക്കുന്ന കവചം..
അവളിലേക്കുള്ള അവന്റെ ദൂരം..
അവൻ നിറപ്പകിട്ടുള്ള ആ നിഴലുകളെ വെറുക്കുന്ന നിമിഷമാണിത്.
എത്ര പരിശ്രമിച്ചാലും അവൻ അവന്റെ പ്രതിമയിൽ നിന്നുണരും.
എത്ര പരിശ്രമിച്ചാലും അവൻ അവളെ കടന്നുപിടിക്കും.
അവൾ ഉടയാടകൾ പോലെ അണിഞ്ഞിരിക്കുന്ന നിഴലുകളെ
അവൻ ഓരോന്നോരോന്നായി അഴിച്ചെടുക്കും..
അവൾ ഇതളുകളടർന്നുപോവുന്ന സൂര്യകാന്തിപ്പൂപോലെ നഗ്നയാവും..
അവളുടെ ഊർവരമായ നഗ്നതയിൽ നിന്നും പുറപ്പെടുന്ന
ഇരുണ്ട പ്രകാശം തെരുവിനെ മൂടും..
വെളിച്ചം കൊണ്ട് മറച്ചുവച്ചിരുന്നതൊക്കെ ഒരു നൊടി തിളങ്ങും
അവൻ അവളോട് അവന്റെ പ്രണയം പറയും..
അവന്റെ ചുണ്ടുകളിൽ ഒരു ചുംബനം വിറയ്ക്കും..
ഇതാ ഈ നിമിഷം വളരെ പ്രധാനമാണ്..
അവൾ അവളെ ഭയപ്പെടുന്ന നിമിഷം
അവളുടെ ഇരുണ്ടപ്രകാശത്തെ ഭയപ്പെടുന്ന നിമിഷം..
ഈ നിമിഷത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊരു നിമിഷം അവൾക്കില്ല..
ഇപ്പോൾ-ഇതാ ഇപ്പോൾത്തന്നെ അവൾ അവനെ തള്ളിമാറ്റും.
അഴിഞ്ഞുവീണ അവളുടെ നിഴലുകൾ എടുത്തു ചുറ്റും.
തെരുവിനെ മൂടിയ ഇരുണ്ട പ്രകാശം അസ്തമിക്കും.
വെളിച്ചം അതിന്റെ കബളിപ്പിക്കൽ തുടരും..
എല്ലാം പഴയപടിയാവും..
ഒന്നൊഴികെ
അവൻ കൊല്ലപ്പെട്ടിരിക്കും..
അവന്റെ ശിരസ് പൊടിതിന്നു വിശപ്പാറ്റും.
വായനക്കാരേ നിങ്ങൾ പുനർജനിക്കുകയാണെങ്കിൽ
ഈ തെരുവിൽ ഒരുവേള വരണം
ശിരസുപോയ ഒരു പ്രതിമയായി അവൻ തപസുചെയ്യുന്നതുകാണാം..
അവനെ കൊലചെയ്ത കുറ്റത്തിന് അവൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാം..

ഇല്ല ഇല്ല എന്ന് ഇലകൾ /ഡോണ മയൂര

പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!

ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.

വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!
---------------------------------------

നാല് പൂച്ച കവിതകൾ

ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!

അമ്മയും വിറകും /ഹൻലല്ലത്ത്


തീചൂടുണ്ട് നോട്ടത്തിന്
കരിഞ്ഞ വിറകാണെന്ന്
കണ്ണുനീര് കണ്ടാലറിയാം

ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...

ചാരം വകഞ്ഞ്
വഴിയൊരുക്കിത്തന്നത്
കത്തിത്തീരാനായിരുന്നു.

ചൂടു കാഞ്ഞ് ചുറ്റുമിരുന്നു.
പാകമാവാന്‍ കാത്തിരുന്നു.

അവസാനം
വെന്ത മണം പരന്നപ്പോള്‍
തീര്‍ന്നു പോയവയെക്കുറിച്ച്
ആരും ചോദിച്ചില്ല

വിറക്  കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!

----------------------------------

ഇരപിടിയൻ കാലം.(അപൂർണ്ണമായ എന്തോ ഒന്ന്)


മൂക്ക് പൊറ്റ
അടര്ത്തുന്നത് പോലെയോ
നിലതെറ്റി വീണ മച്ചിങ്ങ
ചവിട്ടിത്തെറിപ്പിക്കും പോലെയോ
തീര്ത്തും
അലസമായിരിക്കുമ്പോൾ;

ഒരു കൂട്ടിരിപ്പുകാരിയെ,
കക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവനെ,
ഇടുക്കി ഗോൾഡ്‌ സ്മിത്തിനെ,
തിയെറ്ററിൽ  കൂവിയോനെ,
ബ്രേക്ക് പോയ സൈക്കിളാക്കി
മുന്നില്...

ഇരുപത്തി ഒന്ന് വന്കരകളാൽ
ചുറ്റപ്പെട്ടിരിക്കുകയാണ്.
ആർട്ടിക്കിൾ  124എ,ബി
ഏതുമാകാം.

ചുമരിൽ തൂങ്ങുന്ന ഗാന്ധിജി
ഇനി തറയിൽ വിശ്രമിക്കട്ടെ..
സവർഗ്ഗവും,സ്വവര്ഗ്ഗവും
സവര്ക്കറും
ഏന്തി വലിഞ്ഞ്  അള്ളിപ്പിടിക്കട്ടെ.

ഓടിപ്പോകാൻ
ഒരു പട്ടിക്കും
കാലുണ്ടാവരുത്.
ചുരുട്ടി വെക്കാൻ വാലും...!

വെറുപ്പ്‌,
അവനവനിൽ
പിന്നെയും പിന്നെയും
ഭോഗിക്കുന്നു.

പേരുകൾ
ഭാഷയുടെ തന്തയില്ലായ്മയാണ്.
ആണിനെ പെണ്ണെന്നും
തിരിച്ചും
വിളിക്കാൻ
എന്തിനു മടിക്കണം ?!

ചുണ്ടങ്ങയെ
ആനക്കൊമ്പെന്നോ
ഗാന്ധിജിയുടെ വടിയെ
വെടിയെന്നോ
എന്ത് കൊണ്ട് വിളിച്ചൂടാ..!!

മൃഗം വേട്ടയ്ക്കിറങ്ങുന്നത്
ഇര പിടിക്കാനാണ്.
ആണോ എന്ന്
പരിഹസിക്കണ്ട.

ഇര
എന്തിനാ
വേട്ടയ്ക്കിറങ്ങുന്നത്...?!  

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി / നന്ദിത



നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.
മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.
വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.
വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്‍ക്ക് കൂട്ട് .....

Saturday, September 27, 2014

ഒഴുക്ക് / സി . പി . ദിനേശ്


തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.

ജയദേവ് നയനാർ

 പണ്ടുപണ്ടുപണ്ട്
ഒരപ്പനുണ്ടായിരുന്നു.
ആ അപ്പനു സ്വാഭാവികമായും
ഒരു പണ്ടുപണ്ടുണ്ടായിരുന്നു.
അതിലൊരു പണ്ടിൽ അപ്പൻ രണ്ടാമത്തെ പണ്ടിലേക്ക്
നടന്നുപോകുമ്പോഴാണ് പെട്ടെന്ന്
ഒരു ചില്ല പോലെ ഞാൻ
പൊട്ടിത്തെഴുക്കുന്നത്.
കുറച്ചങ്ങു നടന്നുകഴിഞ്ഞപ്പോഴേക്കും
കൈയും കാലും മുളച്ചിരുന്നു.
കുറച്ചുംകൂടി നടന്നപ്പോഴേക്കും
അപ്പനിൽ നിന്നടർന്നു ഞാനും
സ്വന്തമായി നടക്കാറായിരുന്നു.
അപ്പൻറെ തടിയിൽ നിന്നുപൊട്ടിയതല്ലേ
അപ്പനെപ്പോലെത്തന്നെ ഇലയും
ഇരിക്കേണ്ടതിലേക്കായി
അപ്പനെപ്പോലെ വളരേണ്ടതിലേക്കായി
അപ്പനെപ്പോലെ പൂക്കേണ്ടതിലേക്കായി
പാടുപെടുകയായിരുന്നു.
അപ്പോഴാണപ്പൻ പറയുന്നത്.
അങ്ങനെ ഏതപ്പൻ പറയും.
എടാ, നിന്നെ ഞാനല്ലാതാക്കി
എന്നെപ്പോലെയല്ലാതാക്കും.
നീ ആകാശത്തു നിന്നു മണ്ണിലേക്കു വളരും.
ഏതു തച്ചനും കൊതിക്കും.
അപ്പനപ്പോഴേക്കും രണ്ടാമത്തെ
പണ്ടിലെത്തിക്കഴിഞ്ഞിരുന്നു.
.
അപ്പൻ രണ്ടാമത്തെ പണ്ടിൽ നിന്ന്
പുതിയ കാലത്തേക്ക്
നടന്നുതുടങ്ങിയിട്ടുണ്ടാവും.
പറഞ്ഞതുപോലെ ഞാനാകാശത്തുനിന്ന്
മണ്ണിലേക്കും.
അപ്പന് അഹങ്കാരം തന്നെ.
മണ്ണിലേക്ക് വളരുന്ന കാടിൻറെ
അപ്പനായതിൻറെ.
ഇടയ്ക്കു കാണാം കാടിനിടയിലൂടെ
പച്ച പിളർത്തി നിറം കുടിക്കുന്നത്.

 ------------------------------------
പുഴയെ വൈകീട്ടുണക്കിമടക്കി
എടുത്തുവച്ചതാണ്.
എന്നിട്ടൊരു മീനും
നീന്താതിരുന്നിട്ടില്ല.
ഇരുട്ടിന്റെ ചൂണ്ടയാകട്ടെ
മൂലയിൽ ചാരിവച്ചിരുന്നു.
എന്നിട്ടുമൊരോർമയും
വന്നുകൊത്താതിരുന്നിട്ടില്ല.
ഒന്നുമില്ലെങ്കിൽത്തന്നെയും
എന്തും എന്നുമെന്നപോലെ
തുടരുന്ന കാലം
വന്നുകഴിഞ്ഞിരിക്കാമിനി.

 -------------------------------
മഴയിൽ പേരെഴുതാൻ
ഇരിക്കുന്നുണ്ടൊരാൾ
ആകാശത്തിനും
മേഘങ്ങൾക്കുമിടയിൽ.
കാറിക്കരഞ്ഞേറെ നേരം നിന്ന്
കണ്ണീർ പോലെ പെയ്യുന്നൊരു
മഴയ്ക്ക് നിൻറെ പേരെഴുതും.
കരിക്കൺമഷിക്കറുപ്പത്രയും
പടർന്നിട്ടുണ്ടാവുമപ്പോഴേക്കും.
ഉവ്വ്, മഴയ്ക്ക് പേരിട്ടെഴുതുന്നതുപോലെ
മൃദുലമായ ചുംബനമേതുമില്ല
ആകാശത്തെവിടെയും.


-----------------------------------

നുണകൾ കൊണ്ടുണ്ടാക്കിയ
വീട്ടിൽ രാത്രി വൈകിയെത്തുന്ന
മുൻവാതിലിനെ കാത്തുകാത്ത്
ഉറങ്ങാതിരിക്കുന്നുണ്ടാകും
രാവിലെ മുതൽ തുറന്നുവച്ചിരിക്കുന്ന
ജനാലചില്ലുകൾ.
വരാൻ വൈകുന്തോറും
കാറ്റിലടഞ്ഞുതുറന്ന്
ചില്ലുകളുടഞ്ഞിട്ടുണ്ടാവും.
എല്ലാമുടഞ്ഞാലുമുടയാതെ
ഒന്നുണ്ടാകും അകത്ത്.
ഒരിക്കലും തുറക്കാത്ത ഒന്ന്.

--------------------------------


സ്വന്തം ഓർമ്മകളെ
മുങ്ങിമരിച്ച നിലയിൽ
കാണേണ്ടിവരികയെന്നതാണ്
വെള്ളത്തിൽച്ചാടിച്ചാകുന്ന
ഏതൊരാളുടേയും മരണത്തിലെ
ഏറ്റവും വലിയ ദൗർഭാഗ്യം
എന്നു തുടങ്ങുന്ന ഒരു കവിതയുണ്ട്.
അതു പാടിക്കേൾക്കുന്ന സമയത്ത്
ഞാൻ ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ജനിക്കാൻ ഉദ്ദേശിച്ചുതന്നെയുണ്ടായിട്ടില്ല.
പിന്നീടെപ്പോഴോ ഇനി ജനിക്കുന്നില്ല
എന്നാലോചിച്ചുനിൽക്കുമ്പോഴാണ്
ആ കവിയെ ദുരൂഹ നിലയിൽ
കാണാതാകുന്നതും
ആ കവിത പൂർത്തിയാക്കപ്പെട്ടിട്ടില്ല
എന്നു കണ്ടെത്തപ്പെടുന്നതും.
അതൊന്നുമെന്നെ ബാധിക്കുന്ന
കാര്യങ്ങളായിരുന്നില്ല.
അങ്ങനയാണു ഞാൻ പിന്നെ
ജനിക്കാതെ പോകുന്നതും
ആ കവിതയിപ്പോഴും
പൂർത്തിയാകാതെ കിടക്കുന്നതും.


 ജയദേവ് നയനാർ

ഇതുംകൂടി/ റോസ് മേരി



ജീവിച്ചിരിക്കുന്നവരെക്കാള്‍
എനിക്കു മമത
മണ്‍മറഞ്ഞവരോടാണ്.

സായാഹ്നങ്ങളില്‍
പുരുഷാരത്തോടൊപ്പമിരുന്ന്
കടല്‍ത്തിരകളുടെ
സീല്‍ക്കാരം
കേള്‍ക്കുന്നതിനേക്കാള്‍
സെമിത്തേരി വൃക്ഷങ്ങളുടെ
ചുവട്ടിലിരുന്ന്
ആത്മാക്കളുടെ
ഗൂഢഭാഷണങ്ങള്‍ക്ക്
കാതോര്‍ക്കുവാനാണ്
എനിക്കിഷ്ടം.
അപരാധങ്ങളുടെ
പട്ടികയില്‍
ഇതും കൂടി ചേര്‍ത്തു കൊള്‍ക;
"മൃതരെ ചുംബിക്കുന്നവള്‍,
ശവകുടീരങ്ങ-
ളിലലയുന്നവള്‍,
ഇരവുകള്‍ തോറും
ഉറങ്ങാതിരിപ്പവള്‍,
തനിയെ
നടപ്പവള്‍,
ഭ്രാന്തി,
രാത്രിഞ്ചരിയിവള്‍!"

ഒന്നും മാഞ്ഞുപോകുന്നില്ല /സി . പി . ദിനേശ്


അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.

മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.

ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!

ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.

ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി

ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!

വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!

പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.

ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!

മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.

ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.

ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!

കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നി
ഒന്നും മാഞ്ഞുപോകുന്നില്ല


റേഡിയേഷൻ കഴിഞ്ഞ് ബാക്കിനിൽക്കുന്നത് (ഒരു ചെറുകഥാകവിത) / നിരഞ്ജൻ T G


ആർ.സി.സിയിൽ നിന്ന്
നാലാമത്തെ കീമോ കഴിഞ്ഞ
രമണീദേവി.സി.കെയെ
പത്താം ക്ലാസിലെ മൈസൂർ എസ്കർഷന്
പ്രകൃതിരമണി എന്നു കമന്റടിച്ച
കാഞ്ഞിരത്തിങ്കലെ പ്രഭാകരൻ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിൽ
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

ശ്വാസകോശങ്ങളിലൊന്ന്
മെഡിക്കൽ കോളേജിൽ മുറിച്ചിട്ടുപോന്ന
കാഞ്ഞിരത്തിങ്കൽ പ്രഭാകരനെ
പോൾവാൾട്ട് മത്സരത്തിന്റെ നേരത്ത്
വേലിചാടി പ്രഭാകരൻ എന്നു കളിയാക്കിയ
രമണീദേവി.സി.കെ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിലും
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

അസാധാരണമായി സംഭവിച്ചത്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ
കുളക്കാട്ടുശ്ശേരി എസ്.എം.എം.ഹൈസ്കൂളിലെ
യൂത്ത് ഫെസ്റ്റിവൽ സ്റ്റേജ്
പെട്ടെന്ന് ഉയർന്നുവന്നു എന്നുള്ളതാണ്
ഉൾക്കടൽ സിനിമയുടെ സെറ്റിട്ടപോലെ
മുളങ്കൂട്ടവും പുഴയും വരച്ചിട്ട പശ്ചാത്തലം
നിവർന്നുവന്നു എന്നുള്ളതാണ്
“നിൻ ചുടുനിശ്വാസധാരയാം വേനലും
നിർവൃതിയായൊരു പൂക്കാലവും”
എന്ന് മുടിനീട്ടിയ പ്രഭാകരൻ
പ്രകൃതിരമണിയോട് ഫ്ലാഷ്ബാക്കിൽ പാടി
എന്നുള്ളതാണ്

അപ്പോൾ
രമണീദേവി.സി.കെയുടെ
കരിഞ്ഞ മാറിടങ്ങളിലെ
ഇല്ലാത്ത ഉയർച്ചതാഴ്ചകളിൽ
ഇടിച്ചുനിരത്തിയ മയിലാടിക്കുന്നിന്റെ നെറുകയിലെന്നപോലെ
അലഞ്ഞുവയ്യാതായ ഒരു കാറ്റ് നിന്ന് കിതച്ചു
ഉറവമുറിഞ്ഞ ഒരു കാട്ടുചോലക്കരച്ചിൽ നനഞ്ഞു

അപ്പോൾ
കാഞ്ഞിരത്തിങ്കൽ പ്രഭാകരന്റെ
പാതിയിടമൊഴിച്ചിട്ട നെഞ്ചിലെ
പകുതി മുറിഞ്ഞ ശ്വാസം
ഇഴുകിയ ബീഡിക്കറയുള്ള
കരിഞ്ഞ ചുണ്ടുകളിൽ
പി.കെ.സ്റ്റീൽസിന്റെ പുകക്കുഴലിലൂടെയെന്നപോലെ
ഇരുമ്പൊച്ചയുള്ള ഒരു നെടുവീർപ്പായി പൊള്ളിനിന്നു
ഉച്ചരിക്കപ്പെടാത്ത ഒരു വാക്കായി പുകഞ്ഞു

അപ്പോൾ
ഒരു തീവണ്ടിയെക്കൊണ്ട് ആവുംവിധമൊക്കെ
തൊഴുതുമടങ്ങുന്നു പിന്നെയും പിന്നെയും എന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ നിൽക്കുന്ന
അമൃതാ എക്സ്പ്രസ്സും അഭിനയിച്ചുകൊണ്ടിരുന്നു

പതിനേഴു വര്‍ഷങ്ങള്‍ / വിഷ്ണു പ്രസാദ്


പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.

പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.


മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.

നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.

ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.

എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?

അടയാളങ്ങള്‍/ ആലങ്കോട് ലീലാകൃഷ്ണന്‍



ആരുടെയടയാളം
വീടിന്‍റെ ചുമരിന്മേല്‍
നീളെ , വെണ്‍കളിമണ്ണില്‍
കൈവിരല്‍ പതിച്ചപോല്‍ !

ചായം തേയ്ക്കുവാനായ് മേല്‍ -
ക്കുമ്മായമദര്‍ത്തുമ്പോള്‍
കാണെക്കാണെയുണ്ട,ടി -
ച്ചുമരില്‍ തെളിയുന്നു .

അമ്മ ചൊല്ലുന്നു , ' പണ്ട്
കുമ്മായം വാങ്ങാന്‍ പോലും
പാങ്ങില്ലാത്തൊരു കാലം
വെണ്‍കളിപൂശും നേരം

ഉണ്ണിയാം നീയാണെങ്ങും
കൈവിരല്‍ പതിപ്പിച്ച -
തെന്തൊരു വികൃതിയാ -
ണന്നത്തെ ലീലാകൃഷ്ണന്‍ '

മുത്തശ്ശി തിരുത്തുന്നു ;
'അല്ലല്ല , മുത്തച്ഛന്റെ -
കയ്യിന്‍റെ വിരലാ, ണ -
തോര്‍ക്കുന്നു ഞാനിപ്പോഴും

പ്രാന്തുള്ള കാലത്തൊക്കെ
ചുമരില്‍ കയ്യും വച്ചു
പ്രാഞ്ചിപ്രാഞ്ചിയങ്ങനെ
നടക്കും രാവാവോളം .'

ശരിയാണു മുത്തശ്ശീ
ഭ്രാന്തുള്ള കാലത്തിന്‍റെ-
യടയാളങ്ങള്‍ മായ്ച്ചാല്‍
മായുകില്ലൊരിക്കലും

കൊന്ന ദുഷ്പ്രഭുവിന്റെ -
ചോരയില്‍ കൈമുക്കിയാ -
ണന്നൊക്കെ കാലത്തിന്‍റെ -
ഭിത്തിമേലദയാളം

കെട്ടകാലത്തി,ന്നാര്‍ക്കും
ഭ്രാന്തില്ല , മലമോളില്‍
കെട്ടുപോയിരിക്കുന്നു
ഭ്രാന്തിന്‍റെ ചിരിവെട്ടം .

കവിത ഇങ്ങനെ /കുരീപ്പുഴ ശ്രീകുമാർ

കണ്‍കളില്‍  കനലുള്ള കവിത
കനലിലെന്‍  കണ്ണുള്ള  കവിത
പുകയുന്ന കവിത
എരിയുന്ന കവിത
സിരകളില്‍  ലാവയായ്‌
ഒഴുകുന്നു  കവിത .

നിറയുന്ന നോവിലെന്‍
വിറയാര്‍ന്ന കയ്യിലേ -
യ്ക്കൊഴുകി  വീഴാറുള്ള കവിത
ഇടിമുഴക്കം പോലെ
ഒരു  നടുക്കത്തോടെ
ഇടറി  ഓടാറുള്ള കവിത

കരയുന്ന  രാത്രിയില്‍
പിരിയാതിരുന്നെന്റെ
മിഴിയൊപ്പിടാറുള്ള  കവിത .

മുറിവേറ്റ  പ്രജ്ഞയില്‍
നറുനിലാവായ്  വീണു
പുണരുന്നു  ജീവന്റെ  കവിത

കുരിശും ചുമന്നു ഞാന്‍
കയറവേ  ചാട്ടവാ -
റടിയില്‍ ചിരിക്കുന്നു കവിത .

പെരുവഴിയില്‍
പന്തങ്ങളാളവേ , എന്തിനോ
പിറകേ നടക്കുന്നു  കവിത .
ഒറ്റ  മുലയില്‍  വിഷമുള്ള കവിത
മറുമുലയില്‍  അമൃതുള്ള കവിത .

കരയുന്ന കവിത
പിരിയാത്ത കവിത
ഹൃദയത്തിലാണിയായ്
തറയുന്നു  കവിത .

ചന്ദ്രവളയങ്ങള്‍  മുഴങ്ങുന്ന സന്ധ്യയില്‍
ചെഞ്ചോര പൊടിയുന്ന വാക്കുകള്‍  വറുക്കവേ
നെഞ്ചില്‍  ചവിട്ടുന്നു  കവിത

ചെണ്ടമേളത്തിലെന്‍  ചിന്തകള്‍  ഭ്രാന്തമായ്
വിങ്ങുമ്പൊളുറയുന്നു  കവിത

ഒരു കൈയില്‍  വാളുള്ള  കവിത
മറുകൈയില്‍  പൂവുള്ള  കവിത

മുറിവിലെരുവിറ്റിറ്റു വീ -
ണലറുമ്പോഴെന്നിലേ -
യ്ക്കിഴയുന്നു  ശീതാര്‍ദ്ര  കവിത
വെറുതെ നടക്കവെ
കദനത്തിലേയ്ക്കു തീ
മഴയായിപ്പെയ്യുന്നു  കവിത

തല മടിയില്‍ വച്ചിതാ
തഴുകുന്നു , പിന്നെയും
കരയുന്നു  ശോകാര്‍ദ്രകവിത ,
ഇടനെഞ്ചു പൊട്ടി  ഞാന്‍
പാടവേയക്ഷര -
ക്കുരവയായ്  നിറയുന്നു കവിത

കവിതയസ്വസ്ഥത
കവിതയെന്‍  സ്വസ്ഥത
പൊരുളിന്നമൂര്‍ത്ത വികാരസംഗീതിക
കവിതയാത്മാര്‍ത്ഥത
കവിത വിശ്വസ്തത
കവിതയെന്‍ പ്രാണനോവിന്റെ പരമ്പര .

കോലാട് /മാധവിക്കുട്ടി



വീട്ടില്‍ ആകെക്കൂടിയുള്ള ഒരേ ഒരു സ്ത്രീക്ക്
അസുഖം വന്നു.
അവള്‍
ജോലികളുടെ തിരക്കില്‍
ഉന്മത്തനായ വെളിച്ചപ്പാടിനെപ്പോലെ
വീടു മുഴുവന്‍ ഓടിനടന്നവളായിരുന്നു.
അവളുടെ ഒട്ടിയ കവിളുകളും മെലിഞ്ഞ കാലുകളും
നോക്കി
മക്കള്‍ പറയുമായിരുന്നു
'അമ്മേ, അമ്മ ഒരു കോലാടുതന്നെ'
അവര്‍ അവളെ ഒരു വീല്‍ചെയറിലിരുത്തി
ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍
അടഞ്ഞുപോയ കണ്ണുകള്‍ തുറന്ന്
അവള്‍ പറഞ്ഞു 'വിടൂ, എന്നെ വിടൂ
അതാ പരിപ്പു കരിഞ്ഞ മണം വരുന്നു'

ഹരിതം /സച്ചിദാനന്ദന്‍


ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ -
രില തന്റെ ചില്ലയോടോതി 
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയുണ്ടെ -
ന്നൊരു ചില്ല കാറ്റിനോടോതി .

ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുണ്ടെ -
ന്നൊരു മരം പക്ഷിയോടോതി 
ഒരു മരം വെട്ടാതെയൊരു ഒരു കോണില്‍ കാണുമെ -
ന്നൊരു കാട് ഭൂമിയോടോതി

ഒരു കാട് ഭൂമിയില്‍ ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി

അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു .
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി വീണ്ടും
തളിരിട്ടു കരുണയും കാടും

പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി ,ഹാ ,
പുതുതായി വാക്കും മനസ്സും .
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ -
രില തന്റെ ചില്ലയോടോതി .

ഒടുക്കം /വീരാന്‍കുട്ടി


നദിയെ കുറ്റപ്പെടുത്തുന്ന ഒരു വാക്കും
ഞാനിഷ്ടപ്പെടുകയില്ല
മുങ്ങിത്താഴാന്‍ വരുന്ന ഒരാളെ
അതു മുഴുവനായും സ്വീകരിക്കുന്ന കാലത്തോളം
മുറിച്ചുകടക്കാന്‍ വരുന്നവരെ അതിനനുവദിക്കുവോളം

സന്ദര്‍ശകനുകൊടുക്കാന്‍
ചെറുമീനുകളുടെ ചില്ലുഭരണി
അതു കാത്തുവെക്കുന്നുണ്ട്.

മുത്തുകളില്ല
പവിഴങ്ങളില്ല
വലിയ മുരള്‍ച്ചകളോ
തിരയിളക്കമോ ഇല്ല.
ഇത്രക്കുപാവമാകാന്‍ തുടങ്ങിയാല്‍
ഈ നദി ഒരു ധ്യാന ഗുരുവായിമാറുമെന്നു തോന്നി.

എങ്കിലും എനിക്കു വിശ്വാസമില്ല
അഴിമുഖത്തെത്തുമ്പോള്‍ എന്തുസംഭവിക്കുമെന്ന്.
സമുദ്രത്തിന്‍െറ കൂട്ടുകെട്ടില്‍
അതു സ്വന്തം പേരുകളഞ്ഞേക്കും
നീണ്ട യാത്രയുടെ അറിവെല്ലാം
മടുപ്പിനു സമര്‍പ്പിക്കും
കുതിപ്പുകളെ
പാറയിലേക്കു എടുത്തുചാടിയശേഷമുള്ള പൊട്ടിച്ചിരിയെ
അത് ഇപ്പൊഴേ മറന്നിരിക്കുന്നു.

ഈ പോക്ക്
എന്നെന്നേക്കുമായുള്ള കെട്ടിക്കിടപ്പിലേക്കാണല്ലോ
എന്നോര്‍ക്കുമ്പോള്‍
ഭര്‍തൃവീട്ടിലേക്കു പോവുന്ന
പുതുപ്പെണ്ണിനെ ഓര്‍മവരുന്നു.

പക്ഷേ, നദിയോടക്കാര്യം പറഞ്ഞുനോക്കൂ
അതിനതു മനസ്സിലാവുകയില്ല
എന്തുകൊണ്ടാണെന്നു ചോദിക്കരുത്
അതങ്ങനെയാണ്.

എല്ലാം ഞാന്‍ തന്നെ പറയണമെന്നില്ല / വീരാന്‍ കുട്ടി



എല്ലാം ഞാന്‍ തന്നെ പറയണമെന്നു 
ശഠിക്കരുതേ.

ഏകാന്തതയെക്കുറിച്ചു പറയാന്‍ ,
പിറന്ന നാള്‍ മുതല്‍ 
ഒരേ നില്പു നില്‍ക്കുന്ന 
ആ പര്‍വതം തന്നെ ധാരാളം മതി .

കാടിനെ 
പൊട്ടിച്ചിരികളോടെ വര്‍ണിക്കാന്‍ 
അതിന്‍റെ അരുവിയെത്തന്നെ ചുമതലപ്പെടുത്തൂ.

സ്വപ്‌നങ്ങള്‍ നെയ്യുന്നതിനെപ്പറ്റി 
ഈ എട്ടുകാലിക്കു
പറയാനുള്ളതില്‍ കവിഞ്ഞൊന്നും 
എനിക്കറിയില്ല .

വിശപ്പിനെപ്പറ്റിയാണെങ്കില്‍ 
മെലിഞ്ഞ രൂപങ്ങള്‍ കൊണ്ട് 
ഒരു ചിത്രപരമ്പര തന്നെ എഴുതും 
ഈ തെരുവിലെ നിഴലുകള്‍ .

മരിച്ചുകിടക്കുന്ന ഒരാള്‍ക്ക്‌ 
മറ്റാരേക്കാളും 
നിശ്ശബ്ദതയെക്കുറിച്ച് നിങ്ങളോട് ചിലത്
പറയാനുള്ള അര്‍ഹതയുണ്ട് ;
ദൈവത്തെക്കുറിച്ചും.

പറയുന്നതെന്തെന്നുവെച്ചാല്‍ 
ഇത്ര കാലവും ഒച്ചവെച്ചുകൊണ്ടിരിക്കുന്നവരോട്
ഒന്നു മിണ്ടാതിരിക്കൂ എന്നു പറയാന്‍ 
ഒരു ധൈര്യശാലി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
നിങ്ങളില്‍ നിന്നു ഒരാളാവുമെങ്കില്‍ നല്ലത്.

കുന്നിറങ്ങുന്നവള്‍ / സെറീന


കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.

എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!

ഒടുക്കം / .സെറീന .


നിന്‍റെ വീടാണെന്നു കരുതിയാണ്
ചില വാതിലുകളില്‍ പുലരുവോളം
കാത്തിരുന്നത്,
അവിടെയ്ക്ക് വരാനാണ്
വീട് വിട്ടിറിങ്ങിയത്,
വഴി തെറ്റിയത്,
അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
മോഹിപ്പിച്ചു കൊണ്ടിരുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും
നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.

നിരാധാരമെങ്കിലും / ഡി . വിനയചന്ദ്രന്‍



നിന്റെ  മടിയില്‍  കിടന്നാലോ
നീയെന്‍  മടിയില്‍  കിടന്നാലോ
കൊമ്പന്‍മലകളില്‍  പൂക്കാലം  വന്നെന്നു
തുമ്പിയും  കാറ്റും  തുളുമ്പുന്നു .
ഭൂമിയില്‍  നമ്മളും  പൂക്കേണ്ടേ ?

രോഗാതുരമാം ദിനത്തില്‍  നിഴലുകള്‍
കൂവുമ്പോള്‍  യന്ത്രം  മുരളുമ്പോള്‍
ഉപ്പുകാറ്റാണേലുമീമരം  തൊട്ടുതൊ -
ട്ടിത്തിരി  കൊണ്ടുനടന്നീടാം
ദേവതമാരോടു  കിന്നാരം  ചൊല്ലുന്ന
പൂമരം  ചാരി  പുണര്‍ന്നീടാം .

നമ്മളില്‍നിന്നെന്നേ വേര്‍പെട്ടുപോയൊരാ
നമ്മളെ  നമ്മള്‍ക്കു   വീണ്ടെടുക്കാം .
ജീവിതത്തിന്റെ  രഹസ്യവിഷാദങ്ങള്‍
ഓളവും  തോണിയും  ചൊല്ലട്ടെ .
ആളൊഴിഞ്ഞുള്ളൊരീ  കല്‍മണ്‍ഡപത്തിലെ
തേരില്‍  നിവര്‍ന്നൊന്നു  ചുംബിക്കാം .
ഏതു  വസന്തത്തെ  തൊട്ടുമ്മവച്ചു  നാം
പ്രാകൃത  കൂജനമാകുന്നു  ?
ഓടിമറയുന്നുണ്ടുള്ളില്‍  നിന്നോരോരോ
പൂര്‍വജന്മത്തിന്‍  നെടുവഴികള്‍
കൂടെ  വരുന്നുണ്ടിളതായി , തീവ്രമായ്
സ്നേഹസുഗന്ധപ്പടര്‍പ്പുകളും .

 തേങ്ങലിനെന്തെല്ലാം  രൂപമുണങ്ങിയ
വേങ്ങ , ചിറകറ്റ  പക്ഷികളും ,
വേനലിന്നൊപ്പമീ  വന്മരം  ചുറ്റുമ്പോള്‍
വേറെന്തോ  നൊമ്പരം  ചുറ്റിടുന്നു .
ഈ  നഗരത്തിന്നിരമ്പലിലേക്കു  നാം
വേഗമിറങ്ങിപ്പിരിയുമ്പോള്‍
നിര്‍മ്മമമാകും  മനസ്സിലുരുണ്ടുവീ -
ണന്തിയില്‍  ഗദ്ഗദ  കേസരങ്ങള്‍ .

വീടെത്തി  പിന്നെയും  റോഡിലേക്കിങ്ങനെ
വീണ്ടും  നടന്നു  ഞാന്‍  പോകുമ്പോള്‍
നിന്നെയൊന്നോര്‍ക്കാനും  പേടിയായി ;
നമ്മളിനിയെന്നു  നമ്മളാകും  ?

അമ്മക്ക് തിരികെ കൊടുത്തത് /ഉമാ രാജീവ്



അമ്മക്ക് ഞാന്‍ തിരികെ കൊടുത്തത്
മൂര്‍ച്ചയേറിയ മോണ കൊണ്ടുള്ള ഒരുമ്മ
കുറുക്കുകൊണ്ട് മുഖത്തൊരു പൂത്തിരി
നേര്‍ച്ചകള്‍ക്കു പകരം പൊട്ടിയ കാല്‍ മുട്ട്
പനികിടക്കയിലെ ശാഠ്യങ്ങള്‍
ആശുപത്രിയിലെ ഉറക്കമൊഴിപ്പുകള്‍
കുറഞ്ഞമാര്‍കിന്നു ആദ്യത്തെ നുണ
തെറ്റിയ മുടിപിന്നലിന്നു ഇടയിലൂടെ
കൂര്‍പ്പിച്ച ഒരു നോട്ടം

നീലം പടര്‍ന്ന കുപ്പായത്തിനു പകരമായി
ഒരവധി പ്രഖ്യാപനം
ഒലിച്ചിറങ്ങിയ കറിപാടിന് പകരമായി
തുറക്കാത്ത ചോറ്റുപാത്രം
എന്റെ കുട്ടീ എന്ന വിളിക്ക് പകരമായി
വെള്ളിയാഴ്ചയിലെ ‍വയസറിയിക്കല്‍
പടര്‍ന്നു കയറിയ ആധിക്ക് പകരമായി
തുടുത്തു നിന്ന മുഖക്കുരു

കന്നിപ്രണയത്തിന്റെ ബാധയൊഴിപ്പിച്ച മന്ത്രവാദിക്ക്
ശൂന്യമായൊരു നോട്ടം
നിറപറക്കും നിലവിളക്കിനും മുന്നില്‍
മനസില്ലാത്ത , പട്ടില്‍ പൊതിഞ്ഞ ശരീരം

എന്റെ പ്രാരാബ്ധതിന്റെ കൊച്ചു പലഹാരപ്പൊതികള്‍
അടിവയറ്റിലെ നേര്‍ത്ത ചിറകടിഒച്ചയുടെ ആകുലതകള്‍
കവിളിലെ വിളര്‍പ്പ്, മനസിന്റെ വേണ്ടായ്ക
എഴുമണികൂര്‍ നീണ്ട കാത്തിരിപ്പ്‌

അമ്മക്ക് ഞാന്‍ തിരികെ കൊടുത്തത്
പനിനീര്‍ പൂ പോലത്തെ രണ്ടു കാലടികള്‍
തൂവലുപോലത്തെ കവിളിണകള്‍
നിഷ്കലങ്കതയെ കയ്യേറ്റു വാങ്ങാനുള്ള അവസരം

ഞാന്‍ അമ്മക്ക് തിരികെ കൊടുത്തത്
എന്റെ അമ്മയുടെ ബാല്യമായിരുന്നു.
എന്റെ അമ്മക്കിപ്പോള്‍ എന്നിലെ അമ്മയുടെ അതേ പ്രായം

ഋതുഭേദങ്ങള്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്



പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

യൌവനത്തില്‍
പട്ടുചേലയെ  അഗ്നിയെന്നപോലെ
ഒരു  യുവതിയെ  ഞാന്‍  പ്രേമിച്ചു
അവള്‍  ദഹിച്ചു  ചാമ്പലായി .

ഇന്നിപ്പോള്‍
ഭ്രാന്തു മാറിയ  മനസ്സുപോലെ
തെളിഞ്ഞ  വാര്‍ധക്യത്തില്‍
പ്രേമത്തിന്  പ്രവേശനമില്ല

മരിക്കാന്‍  ഇണ  ആവശ്യമില്ല .

കൈലാസന്‍ / കുരീപ്പുഴ ശ്രീകുമാര്‍



മഴയത്തും  വെയിലത്തും
ഇരുളത്തും  ന് ലാവത്തും
പുഴമൂളും    കടവത്തും
റെയിലിന്റെ  പുരികത്തും
പുരചോരും   മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ   ചിരിചിന്നി
അയലിന്റെ  വല  പിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി  കൈലാസന്‍ .

മണലിന്റെ   മരണത്തില്‍
കൊടികുത്തും  കനലായി
ഫയലെല്ലാം  മലയാളം
വയലിന്റെ  ലയമേളം
നദിവറ്റും  കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍  മാറത്ത്
നിര്‍വീര്യച്ചിമ്മാനി
നടനടയായ്   നാട്ടിന്റെ
നടുവേപോയ്‌   കൈലാസന്‍ .

ഗ്രഹജാലം   നക്ഷത്രം
കുഴലിന്മേല്‍  കണ്ണാടി
ഹൃദയത്തില്‍   ടാഗോറും
വനഫൂലും  ഇഖ്ബാലും
തലതല്ലും  കടലായി
സിരയേറി  തുള്ളുമ്പോള്‍
മുടികത്തും  തീയായി
ഇമതോറും   മുത്തുമ്പോള്‍
വിരലറ്റം  ബ്രഷ് ഷാക്കി
ലിപിയുന്നു    കൈലാസന്‍ .

ആകാശം   മിഠായി
സാറാമ്മ  കനവായി
സുഹറാന്റെ   കൈപ്പടത്തില്‍
മഞ്ചാടി   മൈലാഞ്ചി
തോമാന്റെ    തോളത്ത്
പൊന്‍കുരിശിന്‍    മിന്നായം
അകലങ്ങള്‍   ബന്ധിക്കും
കനകത്തിന്‍   കണ്ണിയായി
നെടുനാമ്പായ്  പോസ്റ്ററിലെ
നിണവരയായ്   കൈലാസന്‍ .

ഭൂലോകം   നാവില്‍വെച്ച്
പുകയാതെ  പുകയുന്നു
ദു:ഖിതനായ്     പുകയൂതി
തിരിയാതെ   തിരിയുന്നു
മിഴിരണ്ടും   രണ്ടാള്‍ക്ക്‌
വഴിച്ചൂട്ടായ്    നല്‍കുന്നു
എഴുതാതെ    മൊഴിയാതെ
പിരിയുന്നു   കൈലാസന്‍ .
കുഞ്ഞാടായ്   കൊടുമരണം
പച്ചിലയായ്‌   കൈലാസന്‍ .

മുന്‍കരുതല്‍ / പവിത്രന്‍ തീക്കുനി


വെയില്‍കൊണ്ടൊരു
വീടുവെക്കണം
മഴകൊണ്ടതിന്‌
വാതിലൊരുക്കണം
മഞ്ഞുകൊണ്ടാവണം
മുറികള്‍
കട്ടിലും കൊത്തുപണികളും
കാറ്റുകൊണ്ടാവണം
ഇടിമിന്നലായ്‌ നീ വരുമ്പോള്‍
ഇടനെഞ്ചൊരുക്കി നിര്‍ത്തണം

ഇളവെന്ന് / സുഗതകുമാരി



എന്നെപ്പെറ്റ  പെരുംനോവേ
 കണ്‍മിഴിച്ച  നിശാന്ധതേ
അന്നേരം  പെയ്ത  മഴതന്‍
മണ്ണുതിര്‍ത്ത  സുഗന്ധമേ

കണ്ണി  പൊട്ടാതെ പൊട്ടാതെ
പിന്നിലൂടെ വിടാതെ വ -
ന്നെന്നെക്കെട്ടിയിഴയ്ക്കുന്ന
ചങ്ങലപ്പാഴ് ക്കിലുക്കമേ

നക്ഷത്രം തൊട്ട സന്ധ്യക്കു
വന്നൊരെന്‍  പ്രണയങ്ങളേ
നിത്യകല്യാണിയില്‍  മിന്നാ -
മിന്നിയായ്  പൂത്ത പൂക്കളേ

ഞാന്‍  പിടിച്ച കടുംകയ്യേ
പൂ  കൊതിച്ച  വസന്തമേ
ഞാന്‍  ചുരന്ന മുലപ്പാലിന്‍
കയ്പേ  , കണ്ണീര്‍ക്കയങ്ങളേ

നടന്നുതീര്‍ത്ത  വഴിതന്‍
കല്ലേ , മുള്ളേ , നഖങ്ങളേ
തളര്‍ന്ന  കൈകളാല്‍  നട്ട
തണല്‍പ്പച്ചക്കിനാക്കളേ

അഴുക്കു വാരിയെറിയും
കണ്ട , കാണാത്ത കൈകളേ
കുനിഞ്ഞ  നെറുകച്ചൂടില്‍
തൊട്ട  പുണ്യകരങ്ങളേ

കാതുപൊത്തിക്കണ്ണുപൊത്തി -
ക്കളിച്ചും  തട്ടിവീഴ്ത്തിയും
വാതില്‍ക്കല്‍  ഹാസമുഖിയായ്
നില്‍ക്കും ഹേ സഖി , കാലമേ

പിന്നില്‍ നീണ്ടുകിടന്നിടും
കാല്‍ച്ചങ്ങല  വലിച്ചു ഞാന്‍
പിന്നെയും രുഷ്ടമീ  മാര്‍ഗം
നടക്കുക  നടക്കുക

കൊടുത്തു  തീര്‍ക്കാനാവാത്ത
വെറും സ്നേഹക്കടങ്ങളെ
കനത്ത ചുമടായ്  പേറി
നടക്കുക നടക്കുക

സ്നേഹം  സമം ദുഃഖമെന്നു
പ്രതിയാം  ഞാന്‍  പുലമ്പവേ
സ്നേഹം  കാരുണ്യമാണെന്നു
വിധിച്ച  കരുണാമയ

ഇളവെന്നാണെനീക്കെന്നു
നീ  പറഞ്ഞു  തരേണമേ
അറിവില്ലാ  നാളില്‍ അമ്മ
തെളിച്ച  തിരുനാമമേ ....!

വാടക മുറി / ശാലിനി പദ്മ


ഇത്,
എന്റെ ഒറ്റമുറി വാടക വീട്.
പകരം വെയ്ക്കാനാവാത്തവയുടെ,
പങ്കുവെയ്കാനാവാത്തവയുടെ,
സങ്കേതം.
നീ എന്ന പോലെ .
ചുവരുകള്‍
ഭ്രാന്ത്,
ഏകാന്തത,
കാമം,
പ്രണയം.
രണ്ടു പെഗ്ഗിന്റെ കായലോളങ്ങളില്‍
നിന്റെ കൈകള്‍ പോലെ
സുരക്ഷിതം.
വന്യതയുടെ, കാട്
പ്രവാസത്തിന്റെ, മണല്‍കാറ്റ്
നിമജ്ഞനങ്ങളുടെ, കടല്‍.
ഈ അടുക്കും ചിട്ടയുമില്ലായ്മയില്‍നിന്ന്
എനിയ്ക്കനായാസം
വലിച്ചെടുക്കാം .
നെരൂയെ,
ബാലനെ,
സച്ചിയെ,
ഏതു തീണ്ടാരിയിലും
നാലീരിക്കാവിലമ്മയെ.
ഒരു കോണിലും ഒന്നുമൊളിച്ചുവെയ്ക്കാനില്ലാത്ത
പ്രകാശത്തിന്റെ സാമ്രാജ്യം
നിന്നിലെന്നോണം.
മറ്റൊരാള്‍കൂടി വരുന്നതോടെ
ഇന്ദ്രജാലം പോലെ
മാഞ്ഞു പോവുന്നു
ആദ്യം ചുവരുകള്‍
കാട്,
കടല്‍,
കാറ്റ്,
പിന്നെ ഞാന്‍.
നിന്നില്‍ നിന്നെന്നോണം.

സത്രം /റഫീക്ക് അഹമ്മദ്




ഒരു രാത്രി നീ വന്നുറങ്ങിയിട്ടുള്ളൊരു
വഴിയോരസത്രമാവാം ഞാന്‍ .
മഴയുടെ കണ്ണീരൊലിപ്പാടു പടരുന്ന
ചുമരുകള്‍ വീണുപോകാതെ ,
ചിതലുകള്‍ , കൊത്തിയ ശില്പങ്ങള്‍ പോലുള്ള
ചെറു കഴുക്കോലുകള്‍ ചൂടി
വെളിവറ്റ ഭ്രാന്തന്‍ ചിരിപോലെ മുകളിലെ
കരിയോട് പലതുമടര്‍ന്ന് ,
ഇമയറ്റ് പ്രിയതരമായൊരു കാഴ്ച്ചതന്‍
സ്മരണയില്‍ ജനലടയാതെ
ഇരുകൈകളത്യന്തവിവശമായ് നീട്ടിയ
നിലയിലാം വാതിലുമായി
ചെറു നരിച്ചീറുകള്‍ ഇരുളുമായെത്തുന്ന
ചിറകടി മാത്രം ശ്രവിച്ച്
പെരുമഴക്കാലങ്ങള്‍ , കൊടുവേനലറുതികള്‍
പലത് പിന്നിട്ടടിയാതെ .
ഒരു രാത്രി നീ വന്നുറങ്ങിയിട്ടുള്ളൊരു
പഴയൊരീ സത്രമാവാം ഞാന്‍ .
അതുകൊണ്ടു മാത്രം നിലംപൊത്തിടാത്തൊരു
നിലയതു തുടരുകയാവാം .

പള്ളിക്കൂടം / ഡി. വിനയചന്ദ്രന്‍




ആനയെപ്പോലെ മുമ്പേ നടന്ന്
വഴിമുടക്കരുത്,
‘ഉ’ ‘ഊ’വിനോട്;
പിറകേ നടന്ന് ഊശിയാക്കരുത്.
‘റ’ ‘ര’യോട് മൂക്കുമുറിഞ്ഞ്
മുറിമൂക്കനല്ലാത്ത ഞാനാണെന്ന്
തെറ്റിദ്ധരിപ്പിക്കുന്നു.
‘ഫ’ക്കെതിരെ ‘കചടതപ’
കോടതിയലക്ഷ്യത്തിനു കേസെടുത്തു.
‘ഭ’യെ കണ്ട് അയാള്‍
പറങ്കിയണ്ടിയുടെ വെറും
അനുകര്‍ത്താവെന്ന്
‘ങഞണനമ’കള്‍.
‘ഹ’യുടെ ഒച്ചകേട്ട് ‘ളഴന’കള്‍
‘ഝ’യുടെ തോപ്പില്‍ ഒളിച്ചു.
ടയര്‍ പഞ്ചറാകുമ്പോള്‍
പുറത്തേക്കുവരുന്നവയാണ്
‘ശഷസ’ എന്ന് ആട്ടോയില്‍ പോകുന്ന
‘ഠഢ’കളുടെ നസ്യം.
ഇന്നോവയില്‍ പോകുന്ന
‘ക്ഷ’യെ കണ്ട് സ്കൂട്ടറില്‍
പിറകിലിരിക്കുന്ന ‘ര്‍’-നോട്
‘അം’ അടക്കംപറഞ്ഞു:
അതിയാനെ ഒന്നു വിരട്ടാന്‍
‘ബ്രഹ്മ’ത്തിന്‍െറ ‘ഗ്രന്ഥം’ വരുത്താം.
‘ഛ’യുടെ സഡന്‍ ബ്രേക്കില്‍
‘ഐ ഒൗ’ ട്രാഫിക്ജാമില്‍പെട്ടു.
‘ട്ട ണ്ണ ങ്ക വ്വ’കള്‍ ‘ഓം’ന്‍െറ
പച്ച ലൈറ്റും കൊതിച്ച്
എതിര്‍ദിശയിലും കിടന്നു.

ഭൂമി എന്ന പ്രണയം / ലോപ മനോജ്‌



നിന്നോര്‍മ്മയെ  വലം വെയ്ക്കെ -
പ്പതറീടുന്ന  വാക്കുകള്‍
ചിതറിച്ചിതറിച്ചുറ്റു -
മുദിപ്പൂ താരകങ്ങളായ് ...
ചെളിയായ്‌ , തരിശായ് , പാറ  -
ക്കെട്ടായ്   നീരുറവാര്‍ന്നതായ്
നഗ്നയായ്‌  നിന്‍റെ  മുന്നില്‍
ഞാന്‍
കിടപ്പാണ്  യുഗങ്ങളായ്‌ ...
ഋതുഭേദങ്ങളെല്ലാം  നീ
യെന്നില്‍   കതിരാകുവാന്‍
കുതികൊള്ളുന്ന   കാമം  നീ
നീയെന്‍  കാലപുരുഷന്‍ ...
നിന്‍റെ  സീല്‍ക്കാരമാണെന്നില്‍
കിതച്ചിടുന്ന   കാറ്റുകള്‍
നീയാം  മിന്നലാണെന്റെ -
യുടലില്‍  പൂത്ത  പൂവുകള്‍
നിന്നോടൊത്തു  പറക്കുമ്പോള്‍
ചിറകേറുന്നു   വാക്കുകള്‍
നീ  മേയ്ക്കും   കാട്ടിലാണെന്റെ
നീലക്കണ്ണുള്ള   കന്നുകള്‍
സ്വര്‍ണ്ണമാനായ്   വിവേകത്തിന്‍ -
വരതെറ്റിച്ച  സ്നേഹമേ
തല  പത്തുള്ള  മോഹത്തെ
കടല്‍താണ്ടിച്ച  വിമാനമേ
നിന്നോര്‍മ്മയെ  വലംവെയ്ക്കെ -
പ്പതറിപ്പോയ  വാക്കിനാല്‍
ചോര  വറ്റാത്ത  നോവിന്റെ
ഞരമ്പായ് പ്പിടയുന്നു  ഞാന്‍ ....

മഴവില്ല് / സ് മിത മീനാക്ഷി


ഒരു പുരുഷനെ പ്രണയിച്ചിട്ടുണ്ടോ ?
അടിവയറ്റില്‍ വളരുന്ന കുരുന്നുജീവനെയെന്നപോലെ
രക്തമൊഴുക്കിക്കൊടുത്തു സ്നേഹിച്ചിട്ടുണ്ടോ?
ഓരോ വാക്കും ഓരോ ചുംബനമായി
ഏറ്റുവാങ്ങിയിട്ടുണ്ടോ?
ഒരു നെടുവീര്‍പ്പിന്റെ ശ്വാസഗതി
ആലിംഗനമായി പൊതിയുന്നത് അറിഞ്ഞിട്ടുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍
മുല്ലക്കാടുകള്‍ കുളിര്‍ന്നു പൂത്തു ചിരിച്ചിട്ടുണ്ടോ?
കാറ്റിലൂടെ എത്തുന്ന അവന്റെ ശബ്ദത്തിലെ ‍
രതിഭംഗിലഹരിയില്‍ മിഴി ചിമ്മിയിട്ടുണ്ടോ?
ഒരു വരിക്കവിതയില്‍ നിന്നു
അവന്റെ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടോ?
എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.



Thursday, September 25, 2014

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് / എ .അയ്യപ്പന്‍



എന്റെ  ശവപ്പെട്ടി  ചുമക്കുന്നവരോട്
ഒസ്സ്യത്തിലില്ലാത്ത ഒരു  രഹസ്യം  പറയാനുണ്ട്

എന്റെ  ഹൃദയത്തിന്റെ  സ്ഥാനത്ത്
ഒരു  പൂവുണ്ടായിരിക്കും ; ജിജ്ഞാസയുടെ  ദിവസങ്ങളില്‍
പ്രേമത്തിന്റെ  ആത്മതത്ത്വം  പറഞ്ഞുതന്നവളുടെ
ഉപഹാരം .

മണ്ണു മൂടുന്നതിനു മുമ്പ്
ഹൃദയത്തില്‍ നിന്ന്
ആ  പൂ  പറിക്കണം
ദലങ്ങള്‍ കൊണ്ട്
മുഖം  മൂടണം
രേഖകള്‍  മാഞ്ഞ  കൈവെള്ളയിലും
ഒരു  ദലം

പൂവിലൂടെ
എനിക്ക്  തിരിച്ചു പോകണം
മരണത്തിന്റെ  തൊട്ടുമുമ്പുള്ള  നിമിഷം
ഈ  സത്യം  പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന  തണുത്ത  വെള്ളത്തിലൂടെ
അത്  മൃതിയിലേയ്ക്കൊലിച്ചു പോയ്‌

ഇല്ലെങ്കില്‍
ഈ  ശവപ്പെട്ടി  മൂടാതെ  പോകൂ
ഇനിയെന്റെ  ചങ്ങാതികള്‍
മരിച്ചവരാണല്ലോ .

സദ്ഗതി / ബാലചന്ദ്രന്‍ ചുള്ളിക്കാട്



ഒടുവിലമംഗളദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമപിംഗലകേശിനിയായ്‌
മരണം നിന്‍മുന്നിലും വന്നുനില്‍ക്കും.

പരിതാപമില്ലാതവളൊടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ
വഴിവായനയ്ക്കൊന്നുകൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നുപോകെ,
ഒരുനാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും.
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും.

പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാനിമിഷം
ഉദിതാന്തരബാഷ്പ പൌര്‍ണ്ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം.
ക്ഷണികേ ജഗല്‍സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിയ്ക്കും.

ആക് സിഡന്റ് / പവിത്രന്‍ തീക്കുനി




നോവലും
കവിതയും
കൂട്ടിമുട്ടി .

ഉത്തരാധുനികതയുടെ
എട്ടാമത്തെ  ഹെയര്‍പിന്‍ ,
വളവിലായിരുന്നു ,
അപകടം .
ഡ്രൈവര്‍  ഒഴികെ ,
നോവലിലുള്ളവരെല്ലാം ,
സംഭവസ്ഥലത്തുതന്നെ
മരണപ്പെട്ടു .

നിരൂപണാശുപത്രിയിലേക്ക്  ,
കൊണ്ടുപോകും വഴിയിലായിരുന്നു
ഡ്രൈവറുടെ  അന്ത്യം .
ഒരു  കുട്ടിയടക്കം ആറുപേര്‍ ,
നേരത്തെ  നോവലില്‍ ,
മരിച്ചവരായിരുന്നു .
അതിനാലവര്‍ക്ക്
വീണ്ടും  മരിക്കേണ്ടി  വന്നു
പക്ഷേ ,
കവിത  പരിക്കുകളൊന്നുമില്ലാതെ ,
രക്ഷപ്പെട്ടു .
കവിതയില്‍ ,
കവിത  മാത്രമേ  ഉണ്ടായിരുന്നുള്ളൂ ....

ഊഴം / വിജയലക്ഷ് മി



അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോടു പറഞ്ഞു ;

കണ്ടില്ലേ , എന്‍റെ കൈകളില്‍ ചേര്‍ത്തുവച്ചത് ?
അല്ല , ആ തോക്ക് തീര്‍ച്ചയായും എന്‍റെതല്ല .
എനിക്കു വെടിയുണ്ടകളെ അറിയില്ല ,
എന്‍റെമേല്‍ തറഞ്ഞതിനെ ഒഴികെ .
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല ,
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ .
കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല ,
എങ്കില്‍
എനിക്കും കാണണം ,
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി .
*
മരിച്ചുചെന്നപ്പോഴാണറിയുന്നത് ,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു ,
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച് ,
അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച് .
കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍

അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല .
ഞങ്ങളാണ് സത്യം ,
ഞങ്ങള്‍ മാത്രമാണ് സത്യം .
പക്ഷേ , മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും ?

കഴിയും
പകലുകളില്‍നിന്നു മായ്ച്ചു കളഞ്ഞ്‌
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത് ,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ;
'' ഉറങ്ങാതിരിക്കുക ,
പുലരുന്നത്
നിങ്ങളുടെ ഊഴം ''

അബൂബക്കറിന്‍റെ ഉമ്മ / സിവിക് ചന്ദ്രന്‍




ഉമ്മയാണോ ,
അബൂബക്കറിന്‍റെ ഉമ്മ ?
- ഫോണ്‍ മുഴങ്ങുന്നു .

അതെ , അബൂബക്കറിന്‍റെ
പൊന്നുമ്മ തന്നെ
നിങ്ങളാര് , ഓന്‍റെ
ചങ്ങായിയാ ?

വെണ്ടപ്പെട്ടൊരാള്‍ ,
എവിടെ നിങ്ങളുടെ
പുന്നാര മോന്‍ ?

എവിടെയോ , ഈ
ഭൂമീലെവിടെയോ ,
എന്താണ് കാര്യം ?

മറ്റെങ്ങുമല്ലവന്‍
കശ്മീരില്‍ , ഇന്ത്യയുടെ
തലേക്കെട്ടഴിക്കാ -
നാണു പൂതി
ബ്ലഡി റാസ്ക്കല്‍ !

എന്‍റെ പൊന്നുമോനെ
റാസ്ക്കല്‍ എന്നു വിളിക്കും
പൊലീസാണല്ലേ ?

കയ്യൂരിലെ പഴയ
അബൂബക്കറിനെപോല്‍
എന്തെങ്കിലും ചെയ്തുവോ
പൊന്നുമോനബൂബക്കര്‍ ?

ചെറുപ്പമല്ലേ , ഈ പ്രായത്തിലല്ലേ
എന്തെങ്കിലുമവര്‍ ചെയ്യേണ്ടത് ?
അക്രമമതിക്രമമെന്തെങ്കിലും
ചെയ്തുവോ പൊന്നുമോനബൂബക്കര്‍ ?
എവിടെയുണ്ടവനിപ്പോള്‍ , എന്തുചെയ്ത -
വനെ നിങ്ങള്‍ , മയ്യിത്തു കാണാന്‍ വരാമെന്നോ ?
*
ഉമ്മാ , അബൂബക്കറിന്റെ
ഉമ്മാ , ഫോണല്ല ,
കോളിംഗ് ബെല്‍ ...
-ഭവ്യനാവുന്നു സ്ഥലത്തെ
പ്രധാന ദിവ്യന്‍
കക്ഷത്തില്‍ ഡയറിയും
സായാഹ്നപത്രവും

മുന്‍പേജില്‍ തന്നെ
അബൂബക്കറിനെ
കുറിച്ചുള്ള വാര്‍ത്ത
വളയും ഗ്രാമമിപ്പോള്‍
പട്ടാളം

ഗുജറാത്തല്ല
സ്വര്‍ഗത്തില്‍ നിന്നടര്‍ന്നു
വീണ താഴ്വര

ഉമ്മാ , മോനോ ,
ഏതബൂബക്കര്‍ എന്നു
മുഖം തിരിക്കലാണു
നന്ന് , മകനേക്കാള്‍
വലുതല്ലല്ലോ രാജ്യം ?

അങ്ങനെയാവാം
നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക്
എന്നാലങ്ങനെയല്ല
ഒരുമ്മക്ക്

വലുതാര് , മകനോ
രാജ്യമോ എന്ന്‌
പരീക്ഷിക്കല്ലേ
പടച്ച തമ്പുരാനേ !

എന്‍റെയുള്ളില്‍ / കെ .എന്‍ .ഷാജികുമാര്‍




എന്റെയുള്ളിലൊരു കുട്ടിയുണ്ട്
ഉമ്മറപ്പടിയില്‍ തെന്നിവീണും
യക്ഷിയെക്കിനാക്കണ്ട് മുള്ളിയും
അമ്മമാറിലെ ചൂടേറ്റ് പനിച്ചും
അച്ഛന്‍റെ കണ്ണേറ്റ് രാശികെട്ടും
മാഷിന്‍റെ ചൂരല്‍ത്തുമ്പാല്‍ പുളഞ്ഞും
വളര്‍ന്നു വലുതാവുന്ന കുട്ടി .

എന്റെയുള്ളിലൊരു പട്ടിയുണ്ട്
ഉടയോന്റെ കാലുനക്കി അന്നം നേടിയും
കന്നിവെറിയാലോരിയിട്ടും
കള്ളന്‍റെ കവണയേറ് ഭയന്നും
പൂച്ചയ്ക്ക് മുമ്പില്‍ മിടുക്കനായും
കുരയ്ക്കുന്ന കടിക്കാത്ത പട്ടി .

എന്റെയുള്ളിലൊരു കവിയുണ്ട്
ക്രൌഞ്ചമിഥുനങ്ങള്‍ക്ക് ചിതയൊരുക്കി
വിഷപ്പാമ്പുതീണ്ടിയ മനസ്സുമായി
കാടുവെടിഞ്ഞു കാട്ടുദേവിയെ മറന്ന്‌
വഴിയായ വഴിയൊക്കെപ്പിഴച്ച്
ബോധിവൃക്ഷച്ചുവടുതേടി
അലഞ്ഞുതിരിയുന്ന കവി .

എന്റെയുള്ളിലൊരു ഞാനുണ്ട്
ചുമലിലെന്നോ കയറിക്കൂടിയ
വേതാളച്ചോദ്യങ്ങളാല്‍ നടുങ്ങി
ഇടയ്ക്കിടെ പുറത്തുചാടാന്‍
വെമ്പിയെന്നും പരാജയപ്പെടുന്നവന്‍ .

സ്മൃതിനാശം / ബാലചന്ദ്രന്‍ ചുള്ളിക്കാട്



എവിടെയോ പണ്ടു കണ്ടതാണീ മുഖം ,
എവിടെയാണതെന്നോര്‍മ കിട്ടുന്നില്ല .

കൊടിയ വേനലിന്‍ പാതയില്‍ യൌവനം
കൊടിപിടിച്ച ദിനങ്ങളിലാകണം ,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം ,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയില്‍ -
ക്കയറിവന്ന പെണ്‍കുട്ടിയിലാകണം .

എവിടെയോ പണ്ടു കണ്ടതാണീ മുഖം ,
എവിടെയാണെന്നൊരോര്‍മ കിട്ടുന്നില്ല .

വിധവകള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുവാന്‍
വഴിതിരക്കി വന്നെത്തിയ പെങ്ങളേ ,
കനലുകള്‍ കെട്ടുപോയ നിന്‍ കണ്‍കളെ ,
പണിയെടുത്തു പരുത്ത നിന്‍ കൈകളെ ,
അരികു വാല്‍പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിന്‍ ജീവിതരേഖയെ ,
അറിവതെങ്ങനെ , യെല്ലാം മറക്കുവാന്‍
നര കറുപ്പിച്ചു വാഴുമെന്‍ വാര്‍ധകം !

കുഞ്ഞുവരകള്‍ / വീരാന്‍കുട്ടി



നഴ്സറിക്കുട്ടി വരഞ്ഞ ചിത്രത്തിലെ
മരങ്ങളൊക്കെയും പെട്ടെന്ന് മുതിര്‍ന്നു .

കുന്നുകളുടെ പൊട്ടിയ പോളയില്‍നിന്നും
ഒരു ചുവന്ന വിത്ത്
മണ്ണിലേയ്ക്ക് അടരാന്‍ കാത്തുനിന്നു .

സിംഹത്തെ വരച്ചവരയില്‍ നിര്‍ത്തി
വറ്റിയ പുഴയെ ഒഴുക്കിവിട്ടു .

വിമാനത്തേക്കാള്‍ വലിയ ശലഭം
കുഞ്ഞു പൂവില്‍ വന്നിരുന്നിട്ടും
അതിന്‍റെ തണ്ട് ഒടിയാതെ നോക്കി .

കടലുള്ളത് ആകാശത്തിലെന്നു തോന്നി
നക്ഷത്രങ്ങള്‍ നിലത്തും .

ഇതിന്റെ എവിടെയാണു നീ ?
ഞാന്‍ ചോദിച്ചു .

മരങ്ങള്‍ക്കിടയിലും
തിരകള്‍ക്കു മുകളിലും
നക്ഷത്രങ്ങള്‍ക്കു നടുവിലും
പെന്‍സില്‍ പായിച്ച് അവന്‍ പറഞ്ഞു ;
ഇതാ ഇവിടെ അല്ല അവിടെ അല്ല ഇവിടെ !

സ്നേഹിതയ്ക്ക് /ആലങ്കോട് ലീലാകൃഷ്ണന്‍




വരിക സ്നേഹിതേ , കാലങ്ങളേറെയായ്‌
പടിതുറന്നിട്ടു കാത്തിരിപ്പാണു ഞാന്‍ .
പുഴ പറഞ്ഞതും പൂക്കള്‍ മറന്നതും
ഋതുവണിഞ്ഞിട്ട നിന്‍ നിലാവിന്‍ കഥ
കഥയിലില്ലാത്ത പാതിരാപ്പൂവുകള്‍
ഇരവു ചൂടിപ്പകുത്ത യാമങ്ങളില്‍
ചുളിവു നീര്‍ത്താ ,തുടല്‍ തീര്‍ത്ത ശയ്യയില്‍
ഉയിരു കെട്ടിപ്പുണര്‍ന്നതാ , രിന്നലെ !
വെറുതെയിപ്പോഴും കാത്തുനില്‍ക്കുന്നുണ്ട്
മരതകപ്പാല മുടിയഴിച്ചങ്ങനെ
തളിരുവെറ്റയ്ക്കു ചുണ്ണാമ്പുതേയ്ക്കുവാന്‍
നെറി മറന്നൊരാള്‍ വന്നതാണീ വഴി
ചിറവരമ്പിലൂടായിരം താലങ്ങള്‍
മരണഗന്ധവും കൊണ്ടു തേര്‍വാഴ്ചകള്‍
നെറുക വെട്ടിപ്പിളര്‍ന്നൊരാള്‍ പ്രാണന്റെ
രുധിരമാലയാല്‍ നിന്‍ കാവു തീണ്ടുന്നു .
അഖിലമൃണ്‍മയി , നീയെന്നെയിപ്പൊഴും
ചുടുനിണത്തില്‍ നുകര്‍ന്നെടുത്തോളുക
അയുതവര്‍ഷങ്ങള്‍ നിന്‍ പ്രണയോന്‍മദ -
ക്കടലിലുപ്പായ്‌ക്കലര്‍ന്നതാണീ നിണം .
ജലകണങ്ങളില്‍ , മേഘബാഷ്പങ്ങളില്‍
പുലരിമഞ്ഞില്‍ , വിയര്‍ക്കുന്ന ജീവനില്‍
മുല ചുരത്തുന്ന ജീവകോശങ്ങളില്‍
പ്രണയമാകുന്നു നീ ചിരസ്നേഹിതേ .

വെറുതെ / രാജീവ് മുളക്കുഴ





നോക്കരുത് ആരെയും
വെറുതെ നീ .....
നോട്ടത്തില്‍ സ്നേഹത്തിന്‍റെ
അടയാളങ്ങള്‍ ഉണ്ട് .

ചിരിക്കരുതൊരിക്കലും
വെറുതെ നീ ....
ചിരിയില്‍ സ്നേഹത്തിന്‍റെ
നിക്ഷേപമുണ്ട് .

കരയരുത് ഒരിക്കലും
വെറുതെ നീ ....
കണ്ണീരില്‍ സ്നേഹത്തിന്‍റെ
ഫോസിലുകളുണ്ട് .

വാചാലമാകരുതൊരിക്കലും
വെറുതെ നീ ....
വാക്കില്‍ സ്നേഹത്തിന്‍റെ
വിളംബരമുണ്ട് .

സ്പര്‍ശിക്കരുതാരെയും
വെറുതെ നീ ...
സ്പര്‍ശത്തില്‍ സ്നേഹത്തിന്‍റെ
മുദ്രകളുണ്ട് .

പ്രണയിക്കരുതാരെയും
വെറുതെ നീ ....
പ്രണയത്തില്‍ പ്രപഞ്ചത്തിന്റെ
കയ്യൊപ്പുകളുണ്ട് .

വെറുതെയാവരുതൊരിക്കലും
വെറുതെ നീ ....
വെറുതെയില്‍ സ്നേഹത്തിന്‍റെ
നൊമ്പരമുണ്ട് .

കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍ / കുഴൂര്‍ വിത്സണ്‍




ഒന്ന്

കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്

ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം

നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്

മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു

രണ്ട്

ഒരു രാത്രിയില്‍
എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു

നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ
തന്നതായിരുന്നു അത്

ഈ പ്രഭാതത്തില്‍
മകള്‍
അത് പുതച്ചുറങ്ങുന്നു

നമ്മുടെ തണുപ്പ്
ഏത് വെയില്‍ കൊണ്ട് പോയി

തോരാമഴ / റഫീക്ക് അഹമ്മദ്




ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു .
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു .
വാടകയ്ക്കായെടുത്തുള്ള കസേരകള്‍
ഗ്യാസ് ലൈറ്റ് , പായകള്‍ കൊണ്ടുപോയി .
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു ചമ്പക -
ച്ചോടോളമപ്പോളിരുട്ടുവന്നു ,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു .
ഉമ്മറയ്ക്കല്‍പ്പടിച്ചോട്ടി
ലവളഴി -
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി .
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി , മരക്കൊമ്പിലേറി .

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു .
പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു .
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ -
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല .

മഷി / കുരീപ്പുഴ ശ്രീകുമാര്‍



മഷിയെന്നാല്‍ വെളുപ്പല്ല
പച്ചയല്ല
നീലയല്ല
മഷിയെന്നാല്‍ മഞ്ഞയല്ല
വയലറ്റല്ല.

മഷിയെന്നാല്‍ കറുപ്പാണ്
കറുപ്പിന്റെ ചുവപ്പാണ്
തവിട്ടു പാടങ്ങള്‍ തീര്‍ത്ത
പച്ചയുമാണ്.

കറുപ്പെന്നാല്‍ കുന്നിറങ്ങി
നിലാവെള്ളം വരും രാവില്‍
അണപൊട്ടിച്ചൊഴുകുന്ന
ലാവണ്യബോധം.

കിളികള്‍ക്കും, വെളുക്കനെ
ചിരിക്കുന്ന പൂവുകള്‍ക്കും
ഇടം നല്‍കി രസിക്കുന്ന
സുരക്ഷാ ഗേഹം.

ഒരു തുള്ളി മഷിയെന്നാല്‍
മലയോളം പ്രതിഷേധം
അതിനുള്ളില്‍
മഹാശാന്ത സമുദ്രസ്‌നേഹം.

മഷിക്കുള്ളില്‍ മുഷിയാത്ത
പ്രണയം, ചുംബനം, രതി
ഉഷസ്സിന്റെ മുഖം, ദുഃഖം
സമരതന്ത്രം.

മഷിയെന്റെ മനസ്സാണ്
ശിരസ്സാണ്
തീപിടിച്ച കടലാസായ് പറക്കുന്ന
കവിതയാണ്.

മഴയാണ് / ആലങ്കോട് ലീലാകൃഷ്ണന്‍




മഴയാണ് , മൂടിക്കിടക്കും മനസ്സിന്‍റെ
പടിവാതിലൊക്കെയും തഴുത്തിട്ടിരിക്കുന്നു
പുഴയാണ് ; വെള്ളം തികട്ടിത്തികട്ടിയെന്‍
മുടിയോളവും വന്നു മൂടുന്നു പിന്നെയും
പഴയോരു വീടിന്‍റെ ചോരുന്ന കോലായി -
ലകമേ നനഞ്ഞു കിടക്കയാണോര്‍മകള്‍
പുഴ നീന്തിയാണ് കടന്നതു ദൂരങ്ങള്‍
മഴയിലൊലിച്ചുപോയ്‌ കണ്ണുനീരൊക്കെയും .
* *
മകളേ , നിലാവത്തു ഞാന്‍ നട്ട ചെമ്പകം
നിറയെയും പൂത്ത , തീമഴയിലാണിന്നലെ
ഒരു പൂവുപോലും കൊഴിഞ്ഞില്ല , മാനത്ത്‌
വളര്‍പന്തലിട്ടു മഴത്തോര്‍ച്ചയില്‍ പകല്‍
നനയാതെ പോകുവാനാകാതെ കാലങ്ങള്‍
ചുഴലവും തോരാതെ പെയ്യുന്ന നേരത്ത്
മഴയത്തുപോകിലും പൈതലേ , പോകുന്ന
വഴിയൊക്കെയും നിലാവാക്കുന്നു പൂവുകള്‍ .

ഒരമ്മ / സുഗതകുമാരി



ദില്ലിയില്‍ ഒരമ്മയെ-
കണ്ടുഞാന്‍, മടിത്തട്ടില്‍
പൈതലൊന്നിനെ ചേര്‍ത്തു
പിടിച്ചുകൊഞ്ചിക്കുന്നു,
ഉമ്മവെക്കുന്നു 'കൊച്ചു
തങ്കമേ, കുടിച്ചാലു'
മെന്നു കുപ്പിയില്‍ പാലു
നിറച്ചുകൊടുക്കുന്നു.
'എന്റെ കണ്ണനേ, നന്ദലാല
എന്‍ മണിമുത്തേ,
പൊന്‍കിളിക്കുഞ്ഞേ,
പിണങ്ങല്ലേ'യെന്നര്‍ഥിക്കുന്നു,
ചിരിച്ചുകളിച്ചവള്‍
കുട്ടനെ ലാളിക്കുന്നു.
പകച്ചു നില്‍ക്കുന്നൊരെന്‍
കണ്ണുനീരൊലിക്കുന്നു.
അമ്മയമ്പരപ്പോടെ ചോദിപ്പൂ,-
'കരയുന്നോ
എന്നുണ്ണിക്കിടാവിനെ കണ്ടിട്ടോ'
സഹോദരി!
നിന്നുണ്ണിക്കിടാവ്! ഹാ!
തുറുകണ്ണുമായ് മാംസ
പിണ്ഡമെന്നോണം, വയര്‍
പെരുകിക്കൈകാല്‍ തേമ്പി
താടിമീശകള്‍ വളര്‍ന്നാര്‍ത്തു
വായ്പിളര്‍ക്കുമീ-
രൂപത്തെത്താലോലിച്ചു
താലോലിച്ചിരിപ്പോളേ,
നിന്നെ ഞാന്‍ മനംകൊണ്ടു
തൊഴുതുനില്‍ക്കുന്നേര-
മമ്മ ചൊല്ലുന്നു 'വേണ്ട
സങ്കടമെന്നെച്ചൊല്ലി
ഇമ്മട്ടിലല്ലോ വന്നെന്‍
മടിയിലിരിപ്പായെന്‍
കണ്ണനിത്തവണ'. ഞാന്‍
തൊഴുതു കണ്ണീരൊപ്പി
മിണ്ടാതെ നട വിട്ടു പോരവേ,
പിന്നില്‍ കേട്ടേന്‍
കൊഞ്ചലിങ്ങനെ,
'നന്ദലാല, രാരിരാരോ!'

അപൂര്‍ണം/ ബാലചന്ദ്രന്‍ ചുള്ളിക്കാട്



അമ്പലത്തില്‍ പ്രദക്ഷിണം വെയ്ക്കെ
എന്‍റെ നേര്‍ക്കൊന്നു നോക്കിയില്ലേ നീ ?

ഉജ്ജ്വലമാ മുഹൂര്‍ത്തത്തെ ഭൂമി
എത്രവട്ടം പ്രദക്ഷിണം വച്ചു .
ഇത്രനാളൊഴുകീട്ടുമെന്‍ രക്തം
എത്തിയില്ല നിന്‍ പ്രേമസമുദ്രം

നിന്‍റെ കണ്ണില്‍ നിന്നും പുറപ്പെട്ട
കാന്തവീചിയെന്‍ ജീവനെത്തേടി
അന്തഹീന പ്രപഞ്ചത്തിലൂടെ
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു .

മണ്ണ് തിന്നവന്‍ / സച്ചിദാനന്ദന്‍


ഒന്നും തിന്നാന്‍ ഇല്ലാതായപ്പോള്‍
കറുത്ത കുട്ടി മണ്ണ് തിന്നു .
അമ്മ വടിയും എടുത്തു വന്നപ്പോള്‍
വാ തുറന്നു , അതില്‍ അവള്‍ മൂന്നു ലോകങ്ങള്‍ കണ്ടു .
ഒന്നാമത്തേതില്‍
പൊന്നില്‍ പണിത പോര്‍വിമാനങ്ങള്‍
രണ്ടാമത്തേതില്‍
പല നാടുകള്‍ കൊള്ളയടിച്ച
പണവും അറിവും
മൂന്നാമത്തേതില്‍
വിശപ്പ്‌ , ഈച്ച , മരണം .

വായ്‌ മൂടാന്‍ അവനോട് അവള്‍ അലറി ;
അതില്‍ ഇട്ടുകൊടുക്കാന്‍ ഒരു പിടി
വറ്റ് ഇല്ലാത്തതുകൊണ്ട് .

പിന്നീട് അവരെ കണ്ടത്
തടവറയുടെ തണുത്ത നിലത്തായിരുന്നു;
ഉരുട്ടി കൊല്ലപ്പെട്ട രണ്ടു
ഒളിപ്പോരാളികള്‍ .

അറേബ്യന്‍ രാത്രി / കുരീപ്പുഴ ശ്രീകുമാര്‍



പ്രണയനോവിന്റെ വില്പനക്കാരിയാം
യുവതി , സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍
വിമുഖീ മീനം മൊബൈല്‍ഫോണുപേക്ഷിച്ച്
എയര്‍ അറേബ്യയില്‍ കേറുമീരാത്രിയില്‍
കടലിനക്കരെ കാറ്റു തീകൂട്ടിയ
കനല്‍ മണല്‍ച്ചെമ്പുവട്ടളം പൊള്ളുന്നു
ഒരു യുവാവ് പൊടിക്കാറ്റിലേകനായ്
കവിതപോലുമില്ലാതെയലയുന്നു .

അകലെ റബ്ബറും മണ്ടരിത്തെങ്ങുമായ്
പുഴകള്‍ വറ്റിയ ജന്മനാടെങ്കിലും
അതിമനോഹരം
വൈദ്യുതീച്ഛെദനം
മികവുയര്‍ത്തുന്ന മിന്നാമിനുങ്ങുപോല്‍

ഒരുവളുണ്ട്‌ നിറം പോയ മാക്സിയാല്‍
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി , ചുമ , ദുസ്സഹം
കഠിനജീവിതം നെയ്തുതീര്‍ക്കുന്നവള്‍
ഇരുളിലുണ്ട് കിടപ്പുമുറിയിലെ
മുകുളബള്‍ബില്‍ പ്രകാശപ്രതീക്ഷകള്‍

ഇമയടയ്ക്കുവാനാകാപ്പണി
അതിന്നിടയിലൊട്ടൊരു -
കോമയില്‍ വിശ്രമം
സോക്സ്‌ പാരിജാതംപോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്
സുഹൃത്തിന്‍ ഖരാനയില്‍
ഘോരമാരി .
നനയുണങ്ങാനിട്ട
മേഘമെല്ലാം പറന്ന തെളിമാനം .

കുളിവരുത്തിപ്പുറത്തിരങ്ങുമ്പോ
ഴോ
വലിയ പ്ലേറ്റില്‍ ഖുബ്ബുസ്സുപോലമ്പിളി
ഉപമയെ മരുക്കാദു കേറാന്‍വിട്ട്
തിരികെയെത്തി ഞാന്‍
കൈഫോണെദുക്കുന്നു .

അകലെയെന്റെ പെണ്ണ്
ഓമലേ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണചന്ദ്രനെ ?
കഴിയുമല്ലോ ,
ശരി ,യെങ്കിലിത്തിരി
ഇടതുമാറി മുന്നോട്ടു നില്‍ക്കുക
അടിപൊളി .
എന്‍റെ പെണ്ണെ വെണ്‍തിങ്കളില്‍
വളരെ നന്നായ്
തെളിഞ്ഞുകാണാം നിന്നെ .

അതുശരി
അത്ഭുതം തന്നെയേട്ടനെ
ഇവിടെ നിന്നു ഞാന്‍
കാണുന്നു ചന്ദ്രനില്‍ .

വാക്കുമുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും
ഇരുവരങ്ങനെ കണ്ടുനില്‍ക്കുന്നുണ്ട്
കടലിനക്കരെയിക്കരെ സ്തബ്ധരായ് .

വിവര്‍ത്തനം / റഫീക്ക് അഹമ്മദ്


വെളിച്ചത്തിന്‍ ജല
വിവര്‍ത്തനം മഴ,
മഴയുടെ സൂര്യ
വിവര്‍ത്തനം മയില്‍.

ഉറക്കം മൃത്യുവിന്‍
സ്വതന്ത്ര തര്‍ജ്ജമ.
വിവര്‍ത്തനങ്ങളി
ലിരിപ്പുറയ്‌ക്കാതെ
അലയുന്നൂ കാറ്റിന്‍
ദുരൂഹമാമര്‍ഥം.

മരങ്ങള്‍, പൂവുകള്‍,
ശലഭങ്ങള്‍, ഏതോ
പിടികിട്ടായ്‌മതന്‍
വിദൂര തര്‍ജ്ജമ.

പരിഭാഷപ്പെട്ട്‌
ഭയം നിലാവായി
ചിലതു നേര്‍ക്കുനേര്‍
വിപരീതാര്‍ഥമായ്‌

വെളിച്ചത്തിന്‍ ഭാഷ
ശരിക്കറിയാതെ
ഇരുട്ടിനെ അതില്‍
വിവര്‍ത്തനം ചെയ്ത്
പരാജയപ്പെട്ട
കവിത, ജീവിതം.

ഋതുഭേദങ്ങള്‍ / ബാലചന്ദ്രന്‍ ചുള്ളിക്കാട്



പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

യൌവനത്തില്‍
പട്ടുചേലയെ  അഗ്നിയെന്നപോലെ
ഒരു  യുവതിയെ  ഞാന്‍  പ്രേമിച്ചു
അവള്‍  ദഹിച്ചു  ചാമ്പലായി .

ഇന്നിപ്പോള്‍
ഭ്രാന്തു മാറിയ  മനസ്സുപോലെ
തെളിഞ്ഞ  വാര്‍ധക്യത്തില്‍
പ്രേമത്തിന്  പ്രവേശനമില്ല

മരിക്കാന്‍  ഇണ  ആവശ്യമില്ല .

കളിയ്ക്കാനിറങ്ങിയ ഭൂമി / അഭിരാമി


    
ഒരുദിനം ബെല്ലടിച്ചിട്ടും
ക്ലാസില്‍ കയറാത്ത ഭൂമിയെ
മൈതാനത്തില്‍
ചെക്കന്മാര്‍ പന്തുതട്ടിക്കളിച്ചു

വേറൊരുദിനം
കളിവഴിയില്‍
കല്ലുകളിച്ചുകൊണ്ടിരുന്ന ഭൂമിയെ
പെണ്ണുങ്ങള്‍ ബാഗിലെടുത്തുവെച്ചു

മായ്ക്കാന്‍ വെള്ളത്തണ്ടില്ലാഞ്ഞിട്ട്
കാടുവെട്ടിത്തെളിച്ചവര്‍
ഭൂമിയെ നഗ്നയാക്കി

എങ്കിലും അവള്‍ നിന്നു
നിശ്ശബ്ദയായ്

ഏതോ ഒരു രാത്രിയില്‍
ശല്യം സഹിക്കാനാവാതെ തേങ്ങി
അവള്‍ തീയില്‍ വെന്തമര്‍ന്നു.

തെറിവാക്കുകള്‍ / വീരാന്‍കുട്ടി


അഴകുള്ള പദങ്ങളെ
ചേലില്‍ വിളക്കി
താളത്തില്‍ കവിത കെട്ടുകയായിരുന്നു.

അപ്പോള്‍ എവിടെനിന്നോ ഒരു വാക്ക് കയറിവന്നു.
ചെമ്പന്‍ മുടി പാറിച്ച്
മൂക്കീരൊലിപ്പിച്ച്
ബട്ടണ്‍ തെറ്റിയിട്ട വലിയ ഷര്‍ട്ടിനുള്ളില്‍ വിറയ്ക്കുന്ന
ഒരു നാടോടിയെന്നു തോന്നിച്ചു.

ആരോ ഓടിച്ചുവിട്ട ചീത്തവാക്കാണെന്നു പറഞ്ഞു.
ആരും വീട്ടില്‍ കയറ്റാത്ത,
ഒരെഴുത്തിലും പ്രവേശിപ്പിക്കാത്ത.

ആരും കാണാതെ എടുത്ത് ഓമനിക്കാന്‍ തോന്നി
തെറിച്ച വാക്കേ...
എത്ര കലഹങ്ങളില്‍ നീ ഞങ്ങളില്‍ വന്നു തിളച്ചു
നീ നാവില്‍ വന്നു വിളയാടിയപ്പോള്‍
കൊല്ലാന്‍ കരുതിയ കഠാര
വെറുതെ നഖം മുറിക്കാനുള്ളതായി
ഓങ്ങിയ കൈ കെട്ടിപ്പിടിച്ചു
രഹസ്യങ്ങള്‍ക്കു മറ്റേത് മാതൃഭാഷ?
ആത്മാവിനെ നീ ഉടുപ്പഴിച്ചു കിടത്തി
കാമത്തിനു തീക്കൊടുത്തു.

ആയിരം നാവിനാല്‍ തള്ളിപ്പറയുമ്പോഴും
ഉള്ളില്‍വന്നു വിളയാടണേ എന്നു പ്രാര്‍ഥിച്ചുപോയിട്ടുണ്ട്.

‘‘മതി...മതി...’’ കുതറിയിറങ്ങിക്കൊണ്ടതു പറഞ്ഞു.
‘‘ഇങ്ങനെ പറഞ്ഞു സുഖിപ്പിക്കുന്നതല്ലാതെ
ഇത്ര കാലവും കവിതയില്‍
നിങ്ങളും എനിക്കൊരിടം തന്നില്ലല്ളോ.
അലങ്കാരങ്ങളെക്കൊണ്ട്
നിങ്ങള്‍ പലനിലകളില്‍ പടുത്ത
ഗോപുരങ്ങളെല്ലാം കടലെടുത്തുപോകും
ഒളിവിടങ്ങളില്‍ എന്‍െറ മടകള്‍
അപ്പോഴും ബാക്കിയുണ്ടാകും...’’
എന്ന് ഉച്ചത്തില്‍ മുഴങ്ങി
ഏതോ പ്രാചീനമൃഗത്തിന്‍െറ കാല്‍വെപ്പുകളില്‍
ഭാഷയുടെ കാട്ടിലേക്ക്
അത് ഇറങ്ങിപ്പോകുന്നത്
നോക്കിനിന്നു.

മുളയിലകളില്‍ / സുഗതകുമാരി



മുളയിലകളില്‍ പൊരിവീണൂ , കേള്‍ക്കായ്
കിരുകിരെയൊരു പിറുപിറുക്കല്‍ പോല്‍
പുകയിഴഞ്ഞേറിക്കയറുന്നു താഴെ -
ച്ചുകന്നൊരു നാളം ഫണം വിടര്‍ത്തുന്നൂ
' അരുതേ ' കൈകൂപ്പിയിലകള്‍ കേഴുന്നൂ
' അരുതേ ' രാക്കാറ്റു പരിഭ്രമിക്കുന്നൂ !

മുളയിലകളില്‍ മഴ പോഴിയുന്നൂ
ധുളിന്‍ ധുളിന്‍ വെള്ളിച്ചിലങ്ക തുള്ളുന്നൂ
കിലുങ്ങുന്നു , പച്ചയിലകള്‍ താളത്തില്‍
കുലുങ്ങുന്നൂ , കാറ്റും കളിക്കാനെത്തുന്നൂ .

മുളയിലകളില്‍ നിലാവു വീഴുന്നൂ
തിളങ്ങുന്നൂ മിന്നിപ്പതഞ്ഞൊഴുകുന്നു
എരിതീയില്‍ പൊള്ളിക്കരിഞ്ഞുപോയൊരാ
മുള തുളഞ്ഞ തന്‍ മുഖമുയര്‍ത്തുന്നൂ
നിലാവില്‍ ലാത്തുവാനിറങ്ങും രാക്കാറ്റാ -
മുറിവില്‍ പ്രേമമോടൊരുമ്മവെയ്ക്കുന്നൂ
അതിന്‍ ലഹരിയില്‍ നടുങ്ങിചാഞ്ഞൊരാ -
മുള തുളഞ്ഞ തന്‍ മുഖമുയര്‍ത്തുന്നൂ
കവിതപോലെന്തോ പതുക്കെ മൂളുന്നൂ
മുളയിലകളില്‍ നിലാവു ചായുന്നൂ
മലദൈവം കേട്ടു തിരിഞ്ഞുനില്‍ക്കുന്നൂ ...

എന്നിട്ടും / ജി.എസ് .ശുഭ



ഒരൊറ്റ കിലുക്കം മതി
പിടിയിലാകുവാന്‍
ഊരിമാറ്റി ഞാനാ
കൊഞ്ചുന്ന കൊലുസുകള്‍ .

വലിച്ചെറിഞ്ഞു
നിറമുള്ള ചേലകള്‍
കല്ലുവെച്ച മൂക്കുത്തി
ചൂടിക്കാനൊരുക്കിയ പൂമാല .

ആകാശം കാണിക്കാതെ
പൂമ്പാറ്റയെ കാണിക്കാതെ
ആധിയുടെ ചിറകിന്നടിയി -
ലുറക്കിക്കിടത്തി .

സ്വപ്നത്തിലും
പൊട്ടിച്ചിരിക്കരുതെന്നും
മേനിയിളക്കരുതെന്നും
താരാട്ടിനൊപ്പം
ചൊല്ലിക്കൊടുത്തു .

എന്നിട്ടുമെങ്ങനെയിവളെ
നിത്യേന കണ്ടെത്തി
പിച്ചിച്ചീന്തി
പലപൊത്തുകളിലൊളിപ്പിക്കുന്നു ?