Thursday, September 18, 2014

അപരാധി / ഇടപ്പള്ളി രാഘവൻ പിള്ള





അപരാധിയാണു ഞാൻ, ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ!
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നതില്ലിത്രനാളും
കരയരുതംബുകണികയെങ്കിൽ
സുരപഥമെത്താൻ കൊതിച്ചുകൂടാ;
പരിതൃപ്തിതന്റെ കവാടദേശം
പരുഷപാഷാണപ്രകീർണമത്രേ!
പ്രണയവിവശയായ്ത്തീരുവോരെൻ-
വ്രണിതഹൃദയത്തിൻ മൗനഗാനം
സഹജരേ, നിങ്ങളോടല്ല, ശൂന്യം,
ബധിരതൻമുന്നിലായിരുന്നുച
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലുനിറഞ്ഞവയായിരുന്നു;
സ്ഫടികാഭമാകുമരുവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു!
നരജന്മം തന്ത്രീരഹിതമാകു-
മൊരുവീണ,യെന്തിനെന്നാരറിഞ്ഞു!
പരിശുദ്ധപ്രേമപ്പൊൻകമ്പി കെട്ടി-
പ്പലവട്ടം ഞാനതിൽ പാടിനോക്കി;
ഒരു കൊച്ചുതാരകം വാനിൽനിന്നെൻ-
സിരകളിലുന്മേഷച്ചാറൊഴുക്കി;

പരമാനന്ദത്തിലുറഞ്ഞു ഞാനെൻ-
പരമാർത്ഥമെല്ലാം മറന്നുപോയീ!
മമ ചിത്തം ബിംബിച്ചിരുന്നതാമാ
മലിനതയറ്റ മുകുരംതന്നിൽ
ഉലകിന്റെയോരോ വശത്തേയും ഞാൻ
ചലനചിത്രോപമം കണ്ടിരുന്നു;
ശരിയെന്നാലോർത്തതില്ലിത്തരത്തി-
ലൊരു ചിത്രം ഭീകരം കാണുമെന്നായ്!
വളരുമെൻകണ്ണീരുറവൊലിച്ച-
ക്കുളിർചില്ലിൽ വീണ, തിരുണ്ടുപോയി!
കനകതാരാഭമാമംബരത്തിൽ
ഘനതതി കാളിമ പൂശിടുമ്പോൾ,
കഴുകി ഞാനക്കരിയൊക്കെയുമെൻ-
കദനത്തിൻ കണ്ണുനീർ വീഴ്ത്തിവീഴ്ത്തി;
ഇനിയതുമില്ലാ വെളിച്ചമേ, യെ-
ന്നരികിൽ നിൻ പൊൻകരം വീശിടേണ്ടാ!
തഴുകുമിക്കൂരിരുൾതന്മടിയിൽ
തലചായ്ച്ചു ഞാനൊന്നുറങ്ങിടാവൂ!



No comments:

Post a Comment