Thursday, September 18, 2014

ഉള്ളൂർ എസ്. പരമേശ്വരയ്യർ


ഓമനേ, നീയുറങ്ങെന്മിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്റെ തങ്കം!
ആടിയും പാടിയും ചാടിയുമോടിയും
വാടിയും വീടും മുഖരമാക്കി
വാടി വിയർത്ത മുഖാംബുജത്തോടെന്നെ-
ത്തേടി നീയന്തിയിൽ വന്നനേരം
നിൻകവിൾത്തങ്കത്തകിട്ടിങ്കൽപ്പിഞ്ചുമ്മ-
യെൻകണ്ണിലുണ്ണി! ഞാനെത്ര വച്ചൂ!
നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു
പറ്റിക്കിടന്ന കുറുനിരകൾ
കോതിപ്പുറകോട്ടൊതുക്കി വെൺമുത്തൊളി-
സ്വേദബിന്ദുക്കൾ തുടച്ചുമാറ്റി
ആരോമൽപ്പൈതലേ! ഞാനെത്ര നിന്നെയെൻ
മാറോടണച്ചു പുണർന്നു നിന്നു!
അൻപാർന്നു വെള്ളിത്തളികയിൽ ഞാൻ നല്‌കും
പൈമ്പാൽപ്പൊടിയരിച്ചോറെൻ കുട്ടൻ
പാർവണത്തിങ്കളിൽത്തങ്ങുമമൃതൊരു
ഗീർവാണബാലൻ ഭുജിക്കും‌പോലെ
മിഷ്ടമായ് ഭക്ഷിച്ചുറങ്ങുകയായ് പൂവൽ
പ്പട്ടുമേലാപ്പണിത്തൊട്ടിലിതിൽ
വാനിൽക്കതിരൊളി വീശിത്തിളങ്ങീടും
തൂനക്ഷത്രത്തിൻ ശരിപ്പകർപ്പേ!
ആണിപ്പൊൻ‌ചെപ്പിനകത്തു വിലസീടും
മാണിക്യക്കല്ലിന്നുടപ്പിറപ്പേ
ഓമനേ, നീയുറങ്ങെൻമിഴിവണ്ടിണ-
ത്തൂമലർത്തേൻ‌കുഴമ്പെന്റെ തങ്കം!

No comments:

Post a Comment