Saturday, September 27, 2014

ഒടുക്കം /വീരാന്‍കുട്ടി


നദിയെ കുറ്റപ്പെടുത്തുന്ന ഒരു വാക്കും
ഞാനിഷ്ടപ്പെടുകയില്ല
മുങ്ങിത്താഴാന്‍ വരുന്ന ഒരാളെ
അതു മുഴുവനായും സ്വീകരിക്കുന്ന കാലത്തോളം
മുറിച്ചുകടക്കാന്‍ വരുന്നവരെ അതിനനുവദിക്കുവോളം

സന്ദര്‍ശകനുകൊടുക്കാന്‍
ചെറുമീനുകളുടെ ചില്ലുഭരണി
അതു കാത്തുവെക്കുന്നുണ്ട്.

മുത്തുകളില്ല
പവിഴങ്ങളില്ല
വലിയ മുരള്‍ച്ചകളോ
തിരയിളക്കമോ ഇല്ല.
ഇത്രക്കുപാവമാകാന്‍ തുടങ്ങിയാല്‍
ഈ നദി ഒരു ധ്യാന ഗുരുവായിമാറുമെന്നു തോന്നി.

എങ്കിലും എനിക്കു വിശ്വാസമില്ല
അഴിമുഖത്തെത്തുമ്പോള്‍ എന്തുസംഭവിക്കുമെന്ന്.
സമുദ്രത്തിന്‍െറ കൂട്ടുകെട്ടില്‍
അതു സ്വന്തം പേരുകളഞ്ഞേക്കും
നീണ്ട യാത്രയുടെ അറിവെല്ലാം
മടുപ്പിനു സമര്‍പ്പിക്കും
കുതിപ്പുകളെ
പാറയിലേക്കു എടുത്തുചാടിയശേഷമുള്ള പൊട്ടിച്ചിരിയെ
അത് ഇപ്പൊഴേ മറന്നിരിക്കുന്നു.

ഈ പോക്ക്
എന്നെന്നേക്കുമായുള്ള കെട്ടിക്കിടപ്പിലേക്കാണല്ലോ
എന്നോര്‍ക്കുമ്പോള്‍
ഭര്‍തൃവീട്ടിലേക്കു പോവുന്ന
പുതുപ്പെണ്ണിനെ ഓര്‍മവരുന്നു.

പക്ഷേ, നദിയോടക്കാര്യം പറഞ്ഞുനോക്കൂ
അതിനതു മനസ്സിലാവുകയില്ല
എന്തുകൊണ്ടാണെന്നു ചോദിക്കരുത്
അതങ്ങനെയാണ്.

No comments:

Post a Comment