Thursday, December 31, 2020

അതേ കടല്‍/ആതിര.ആർ

ഉള്ളിലെ കടല് വറ്റി 
ഉപ്പ്പാത്രം പോലാകുമ്പോള്‍
ഉടുതുണിയില്ലാതെ
ഉപ്പട്ടിക്കിടയിലേക്കിറങ്ങി 
പോകുന്നൊരുവളെക്കുറിച്ച്
ഒരു  കഥയുണ്ട്..
പച്ചയിലകളിലേക്കവളുപ്പ് കുടയുന്നേരം പാതിയിലേറയും 
ആകാശത്തേക്ക് തെറിച്ച് നക്ഷത്രമാവും

തെറിച്ച് നില്‍ക്കുന്ന 
രണ്ട് നക്ഷത്രമെടുത്ത് 
കൊണ്ടകെട്ടിയ മുടിയില്‍ തിരുകി വെക്കും
എന്തിനാണ് പാതിരാവിലിങ്ങനെ 
ഇറങ്ങിനടക്കുന്നതെന്ന് ചോദിച്ച് 
തോട്ടിന്‍ കരയിലെ 
മാളത്തില്‍ നിന്ന് 
തീട്ടഞെണ്ടുകള്‍ സദാചാരം ചമയുമ്പോള്‍
കണ്ണിലെ കോട്ടിമണികള്‍ ഉരുട്ടിയുരുട്ടി 
അവള് പേടിപ്പിക്കും..

ഉപ്പട്ടിക്കിടയിലെ മുള്ളെടുത്ത് അവള് 
മൂക്കുത്തിയിടുമ്പോള്‍ 
പറന്ന് വന്നൊരു മിന്നാമിനുങ്ങ് 
അതില്‍ മഞ്ഞക്കല്ല് പതിക്കും
ഇഴഞ്ഞിഴഞ്ഞ് പോവുമ്പോള്‍ 
അഴിഞ്ഞഴിഞ്ഞ് പോയ 
കുപ്പായമെല്ലാം ചേര്‍ത്ത് വെച്ച് 
അവള് നാണം മറയ്ക്കും
തോട്ടിലെ വെളളം  
ഉറങ്ങാന്‍ കിടന്നെന്നുറപ്പായാല്‍
ഒച്ചയുണ്ടാക്കാതെ 
അവള് കണ്ണാടി നാേക്കും 
നോക്കിനോക്കിയിരിക്കുമ്പോള്‍
നിലാവ് കേറി മടിയിലിരിക്കും
മുലയൂട്ടുമ്പോള്‍ 
'ഉപ്പിക്കുന്നുണ്ടോടാ' എന്ന് അവള് 
ഉറക്കെ ചോദിക്കും
'കടലായിരുന്നല്ലേ.. കടലായിരുന്നല്ലേ'യെന്ന് 
അവന്‍റെ കവിളുതുടിക്കും
വയറു നിറഞ്ഞെങ്കില്‍ ഇറങ്ങിപോടാ എന്ന് 
അവള്  നിറഞ്ഞ് തുളുമ്പും

അത് കഴിഞ്ഞ് 
ഉപ്പട്ടിക്കിടയിലൂടെ കൈവീശിയൊരു നടത്തമുണ്ടവള്‍ക്ക് 
കിഴക്ക് ഇരുട്ടിന് വെള്ളപുതച്ച് തുടങ്ങുമ്പോള്‍ 
മുള്ളന്‍ പന്നി മുള്ള് കുടയുംപോലെ 
സൂര്യന്‍ പുതപ്പ് കുടയും

 പോവുന്നില്ലേയെന്ന് ഉപ്പട്ടി തലകുലുക്കും 
മഞ്ഞക്കല്ല് പറന്നിറങ്ങും
കൊണ്ടകെട്ടിയ മുടി അഴിഞ്ഞ് വീഴും
നക്ഷത്രം കളിക്കാന്‍ പോകും
കുപ്പായങ്ങളൊക്കെ നടത്തത്തിലവളും അഴിച്ചിടും 
വന്നത് പോലെ തിരികെ പോകണമെന്നത് അവള്‍ക്ക്  നിര്‍ബന്ധമാണ്..
പക്ഷേ ഉള്ളിലെ കടല് വറ്റിയതാണ്
ഉപ്പെല്ലാം പലയിടത്തായി കുടഞ്ഞും കളഞ്ഞതാണ്

അവളുപ്പട്ടിയെ നോക്കും
കടലതാ ഉള്ളില്‍ 
അതേ കടല്‍ എന്ന് 
ഉപ്പട്ടി കണ്ണിറുക്കും
അവള് തൊട്ടുനോക്കും 
ഉടലാഴത്തില്‍ 
ഉയിരാഴത്തില്‍ 
കടലാഴത്തില്‍ അതേ കടല്‍

* ഉപ്പട്ടി -കണ്ടല്‍വിഭാഗത്തില്‍     പെടുന്നത്




Monday, December 14, 2020

അവളവൾ തോറ്റം/സെറീന



ആരുമില്ലെന്ന തോന്നലിലേക്ക് 
അക്ഷമയോടെ നഖം കടിച്ചു 
തുപ്പിയിരുന്ന ആ പെൺകുട്ടി
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 

ഇന്നവൾ 
ഇല്ലാത്ത നക്ഷത്രങ്ങളെ 
നഖത്തുമ്പുകളിൽ നിന്നും 
സൂക്ഷ്മതയോടെ 
മുറിച്ചു കളയുന്നു 

ആരും പങ്കിടാത്ത,  
ഉപ്പ്‌ കയ്ക്കുന്ന ദാഹജലം  പോലെ 
ദിവസങ്ങൾ, 
അതൊഴിഞ്ഞു നിറയുന്ന 
പാത്രങ്ങൾ,  കലമ്പൽ 
തീരാത്ത കവിതകൾ 

നിന്നു പോയാൽ 
വീഴുമെന്നുറപ്പുള്ള 
പമ്പരം, 
ആരുടെയോ കൈവെള്ളയിലാണ് 
കറങ്ങുന്നതെന്ന് തോന്നുമ്പോഴും 
വെറും മണ്ണിലേക്കുള്ള ദൂരം 
മനക്കണക്കിലെത്ര കൃത്യം.  

ആരവങ്ങളുടെ പെരുവഴി 
വിഴുങ്ങുമ്പോൾ, 
ഓർമ്മയിൽ തുറക്കുന്നു, 
രണ്ട് കാലടികൾക്കു 
മാത്രമിടമുള്ള 
ഊടുവഴി നടത്തങ്ങൾ 
തുറസുകളോട് 
മിണ്ടാൻ പേടിച്ച
അടക്കപ്പേച്ചുകൾ. 

സ്വന്തമായുള്ള  ഇരുട്ടിൽ നിന്നും 
ഉറവാകുന്ന  വെളിച്ചത്തിന്റെ 
നേർത്ത ചാലുകളിലൂടെ 
വെട്ടം തെറിപ്പിച്ചു നടന്നവൾ 

ആയുസ്സറുക്കുവാൻ മാത്രം മൂർച്ചയുള്ള 
വിഷാദത്തിന്റെ  കത്തികളിൽ 
വെയിൽ തട്ടിത്തിളങ്ങുമ്പോൾ 
ലോകത്തിന്റെ 
നൂറ് കോണുകളിൽ നിന്നുമുയരുന്ന 
കരച്ചിലുകൾ കേൾക്കുന്നു 
അഗ്നിയിലോ  അമ്ലത്തിലോ 
മാഞ്ഞു പോയ ചിരികളോർക്കുന്നു, 
അടിവയറ്‌ കടയുന്നു. 

"അച്ഛനില്ലാത്ത കുട്ടികൾ 
അമ്മ മാത്രമുള്ളവരല്ല 
ആധിയുടെ ആഴക്കലക്കങ്ങൾ 
കുതറുന്ന, അടിയൊഴുക്കുള്ള 
ഒരു പുഴ കൂടി സ്വന്തമായുള്ളവരാണെ"ന്ന് 
അക്ഷരത്തെറ്റുകളോടെയൊരു  കവിത 
ആറാം ക്ലാസ്സിന്റെ നോട്ടു ബുക്കിൽ 
കണ്ടെടുത്ത ദിവസത്തെയോർക്കുന്നു 

മുറിച്ചു കടന്ന കടലുകളെ 
ഓർമ്മയുടെ പിത്തജലമായി 
തൊണ്ട, തിരിച്ചു തള്ളുമ്പോൾ 
നഖം കടിക്കരുതെന്ന് വിലക്കി 
അവൾക്കവൾ അമ്മയാകുന്നു 
അവൾ അമ്മ മാത്രമുള്ള കുഞ്ഞാകുന്നു.

Friday, December 11, 2020

...../വിപിത

എന്റെ കൈത മണക്കുന്ന
ജനാലകൾക്കപ്പുറം പാതിരാവോളം 
പാത്തിരുന്നു മടുക്കുമ്പോൾ
നീ പുറത്തു ചാടും.

ഒരുവേള,രാത്രി നിന്നെ പുറന്തള്ളിയതോ
എന്ന ചെറുങ്ങനെയുള്ള എന്റെ
സംശയങ്ങൾക്ക് മറുപടിയായി
നീയൊരു നാലു വരിക്കവിതയെഴുതി
ജനാലക്കൽ വച്ച് പിന്നെയും ഒളിച്ചു നിൽക്കും.

എത്ര പെട്ടെന്നാണ് ഒരു കവിതയ്ക്ക്,
പെരുവിരൽ കൊണ്ടല്ലാതെ നീയെഴുതിയ ഒരു നിമിഷ കവിതയ്ക്ക് 
എന്റെയും നിന്റെയും ആത്മഹത്യാ കുറിപ്പാകാനാവുക?

എങ്ങനെയാണ് കവിതാ ശകലങ്ങൾ
കൊണ്ട് ജീവിതത്തിനു കുറുകെ
നമുക്ക് പരസ്പരം  വരയാനാകുക..?

രാത്രി സഞ്ചാരിണികളിൽ ഒരുവൾ,
എന്റെ ജാനാലകളിൽ പുഷ്പ ശരങ്ങൾ
എയ്തുവെന്നും,
കൈതകൾ പൂത്തുവെന്നും
പ്രണയത്തിനപ്പുറം കുറിപ്പുകൾ
അപ്പാടെ ആത്മഹത്യാ ശകലങ്ങൾ ആയെന്നും
ഞാൻ ആത്മാവ് കൊണ്ടു മനുഷ്യാരായവരെ
വിശ്വസിപ്പിക്കുവതെങ്ങനെ..?

ഒരു ഗോളാന്തര ജീവിയെ എന്ന വണ്ണം നീ എന്നെയും ഞാൻ നിന്നെയും 
മറ്റൊരിടത്തുപേക്ഷിക്കുകയും
ഒരു മുൾപ്പടർപ്പിൽ നിന്റെ ഹൃദയത്തെ, (എന്റെയും ) കൊരുത്തു വയ്ക്കുകയും ചെയ്യുന്ന നേരത്ത്,
നമ്മുടെ നാലു മുലകൾ, നാനൂറോളം ഭൂമികളുടെ അച്ചുതണ്ടുകളായി രൂപം മാറുമെന്ന് ആരറിയുന്നു.

ഞാനിതാ ഒരു കളവു കൂടി പറയുന്നു.

"ഭൂമിയുമായുള്ള ബന്ധം ഞാനിതാ എന്നേക്കുമായി  വിച്ഛേദിക്കുന്നു."

Sunday, November 15, 2020

പലായനത്തിന്റെ അടരുകളിൽ നമ്മൾ/സംഗീത ചേനംപുല്ലി



നീ മറ്റൊരു വൻകര
കടലിലൂടെ നിന്നിലേക്ക്
പണിത പാലങ്ങളെല്ലാം
ഭ്രാന്തൻതിരകൾ
അമ്പേ തകർത്തുകളഞ്ഞു
ഇപ്പോൾ ഞാൻ പോർവിമാനങ്ങളിൽ
നിനക്ക് സന്ദേശമെയ്യുന്നു
നിന്റെ പിളരുന്ന മാറിടത്തിന്റെ ചൂട്
അകലെയിരുന്ന് ഏറ്റുവാങ്ങുന്നു
ചൂടേറ്റ് എന്റെ കാട്ടുകടന്നലുകൾ 

കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്നു
വീട് നഷ്ടപ്പെട്ട നിന്റെ മക്കൾ
പായ്ക്കപ്പലുകളിൽ കൂട് തേടുന്നു

ഔചിത്യം മറന്ന തിരകൾ
പിന്നെയും എല്ലാം കടലിലെറിയുന്നു
അകലങ്ങളിൽ ഞാൻ
നിന്നെ മാത്രമോർക്കുന്നു
വരുമായിരിക്കും
കല്ലുകൊണ്ട് 

നിനക്കും എനിക്കുമിടയിൽ പാലമിടാൻ
വീണ്ടുമൊരു ധീരൻ



Wednesday, November 11, 2020

അനിത തമ്പിയുടെ 4 കവിതകൾ


1.
എഴുത്ത്

കുളിക്കുമ്പോൾ 
പൊടുന്നനെ
ജലം നിലച്ചു

തുരുമ്പിച്ച
കുഴൽ, ചൂളം
വിളിച്ചു നിന്നു

ജലം വാർന്ന്
നഗ്നമാകും
ഉടൽ ചൂളുമ്പോൾ

ജനൽ വഴി
വിരൽ നീട്ടി
വിറയൻ കാറ്റ്

ഒരു മാത്ര
തണുക്കും പോൽ
എനിക്കു തോന്നി

നനവിന്റെ
ഉടയാട
പറന്നു പോയി

വെറിവേനൽ 
ചുറ്റി, നാണം
മറന്നും പോയി

മരം പെയ്യും
പോലെ, മുടി-
യിഴകൾ മാത്രം

ഉടലിന്മേൽ
ഓർമ്മയിൽ നി-
ന്നെഴുതുന്നുണ്ട്

ജലം കൊണ്ട്
രണ്ട് മൂന്ന്
വരികൾ മാത്രം.

2.
മറവി
******

മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും

എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും

നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണെമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.

3.
അഴുക്ക്
********
തുടച്ചിട്ട തറ
മെഴുക്കറിയാത്ത ചുവരുകള്‍
ചിലന്തികള്‍ പോലും വന്ന്
വല നെയ്യാന്‍ പേടിക്കുന്ന
മിനുത്ത മേല്‍ക്കൂര
നിലം നനയാത്ത കുളിമുറി
ഏതോ ദൂരദേശത്തിന്റെ മണം പൊന്തും
കിടക്കകള്‍ , ഉടുപ്പുകള്‍.
ശസ്ത്രക്രിയാമുറിപോലെ അടുക്കള.
ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന മുറികളില്‍
നിശ്ശബ്ദത..
അരനൊടി തങ്ങിനിന്നാല്‍,
അഴുക്കാവും ഇനി.
നാളെ വെള്ള പൂശാന്‍ വരുന്നവര്‍ പറയും :
"പണ്ടേതോ ജന്തു ചത്ത കറ"!
തൂത്ത് ദൂരെക്കളഞ്ഞേക്കൂ.
മഴ നാളെ പെയ്യും.
പറമ്പിലെ പടുമുളകള്‍ക്ക്
വേരു പൊടിക്കുന്ന മണ്ണറയില്‍ ,
അഴുക്കെല്ലാം അഴകാവുന്നിടത്ത്
ആഴ്ന്നു കിടക്കുമ്പോള്‍
മറന്നേക്കാം
വെടിപ്പിന്റെ ഒരു ജന്മം.
ക്ഷമിച്ചേക്കാം.

4.
ആലപ്പുഴ വെള്ളം 
*****************
ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
*****************

Sunday, November 8, 2020

കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ്/ഷാജു.വി.വി



ആ മുയലിറച്ചിക്കടയിൽ ഞാനൊരിക്കൽക്കൂടിപ്പോയിരുന്നു.

കടക്കാരൻ പതുപതുത്ത ഒരെണ്ണത്തിനെ ചെവിയിൽത്തൂക്കിയെടുത്തു:
ഡ്രസ് ചെയ്യട്ടെ?
കടക്കാരൻ കത്തി തിളക്കി .

വേണ്ട, ഞാനതു ചെയ്യും.
ചങ്ങാതീ, വാസ്തവത്തിൽ
അൺഡ്രസ് ചെയ്യുകയല്ലേ സംഭവിക്കുന്നത് ?
ഞാൻ ഭാഷയിൽ കളിച്ചു ചിരിച്ചു.

അവളുടെ കണ്ണുകളിൽ
ഭയവും പ്രണയവും കുഴഞ്ഞുമറിഞ്ഞിരുന്നു.

വീട്ടിലെത്തി ഞാനവൾക്ക്
കാരറ്റ് നേർമയോടരിഞ്ഞ് 
 വായിൽ വച്ചു കൊടുത്തു.

സിങ്കിനു മുകളിൽ
 ചെവി തൂക്കി നിർത്തി.

കുത്തനെ നിർത്തുമ്പോൾ
എല്ലാ മൃഗങ്ങൾക്കും 
മനുഷ്യരുടെ ച്ഛായയാണ് .

അവൾ കളി മട്ടിൽ കൈകൂപ്പി.

ഞാനവളുടെ കഴുത്തിൽ കറിക്കത്തികൊണ്ട് 
ഒരു ചുവപ്പൻ സംഗീതം വായിച്ചു.
അവളൊരു നിമിഷം
വിശ്വാസം വരാതെന്നെ നോക്കി .

സിങ്കിൽക്കിടന്നു പിടച്ചു 
ധ്രുത വാദ്യം വായിച്ചു .
സിങ്കിൽ വളർന്നു വളർന്നു വന്ന
ചെങ്കടലിലവൾ മുങ്ങി.
ഭൂമിയിലെ സർവ്വമുയലുകളുടെയും
രക്തമൊഴുകിയതുപോലെയവൾ
അപ്രത്യക്ഷയായി.

ഐ എസ് പേനാക്കത്തി കൊണ്ട്
കഴുത്തിൽ വയലിൻ വായിക്കുന്നതും
അമേരിക്ക ഇലക്ട്രിക് ചെയറിലിരുത്തി
കാപ്പി കൊടുക്കുന്നതും
ഫലത്തിൽ രണ്ടല്ലെന്ന നിന്റെ
വാചകമോർമ്മ വന്നു.
പ്രക്രീയയിലല്ല, പരിണാമത്തിലാണ്
മരണസാരമിരിക്കുന്നത് .

ആ മുയൽക്കടയിലൊരു നാൾ
നമ്മൾ പോയതോർമ്മയുണ്ടോ?
മുയലുകളെക്കണ്ടതുമെന്റെ
കാരുണ്യത്തിന്റെ ഉറവപൊട്ടി.

നീ ചിരിച്ചു പറഞ്ഞു:
കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ് .
എലിയോട് തോന്നാത്തത്,
മുയലിനു മുമ്പിൽ അണ പൊട്ടുന്നത് .
(നോക്കൂ, ധൂർത്തനായ ചിത്രകാരൻ
പെരുപ്പിച്ചു വരച്ച എലിയല്ലേ മുയൽ ?)
കുറുക്കനു കിട്ടാത്തത് .
ചരിത്രത്തിലൊരിക്കലും
കൊതുകിനനുവദിക്കാത്തത് .
വെളുത്ത കുഞ്ഞുങ്ങളുടെ മരണത്തിൽ പ്രവഹിക്കുന്നത് .
ആ ആഫ്രിക്കൻ ഫുട്‌ബാൾ താരത്തെ നീ വാഴ്ത്തിയതു പോലും
അതിന്റെ അപരത്തിന്റെ
തീൻമേശയിലിരുന്നു കൊണ്ടായിരുന്നു.
ഞാൻ ലജ്ജിച്ചു.

ബസ്റ്റിലിരിക്കുമ്പോൾ അഹന്തയുടഞ്ഞു വിഷണ്ണനായ
എന്നെ നീ ചേർത്തു പിടിച്ചു:
നിന്റെ ലിബറൽ ഉദാരത
ഒരു മുയലിനെ രക്ഷിച്ചു.
അത്രത്തോളമുണ്ട്,
അത്രേയുള്ളൂ.

ആ ഓർമ്മയിൽ 
ഞാനവളുടെ തൊലിയുരിഞ്ഞു.
ആ ഓർമയിൽ ഞാനവളെ
വെട്ടിത്തുണ്ടമാക്കി.
രാഷ്ട്രീയമായ കശാപ്പ്.
രാഷ്ട്രീയമായ കുശിനിവൃത്തി.

പൊന്നിയരിച്ചോറും
 മുയൽക്കറിയും വിളമ്പി .

പൊടുന്നനെ
 പൊന്നിയരിച്ചോറിൽ നിന്ന് 
ഒരു മുയലുണ്ടായി വന്നു.

അതു പറഞ്ഞു:
മനുഷ്യാ, 
രാഷ്ട്രീയമായി കൊല്ലപ്പെടുന്ന
മൃഗത്തിന്റെ ആത്മാവ് നിന്നോട്
ക്ഷമിക്കില്ല.

വാഷ്ബേസിനിലെത്തും മുമ്പ്
ചർദ്ദിച്ചു .
നിന്നെക്കാണാൻ തോന്നി.
നിന്റെ നെഞ്ചിൽ 
തല വച്ച്കരയണമെന്നു തോന്നി.
ക്ഷമിക്കില്ലേ ക്ഷമിക്കില്ലേ
എന്നു യാചിക്കാൻ തോന്നി.

നിന്നെയാണ് വരട്ടിയെടുത്തു
പാത്രത്തിൽ വിളമ്പിയതെന്ന പോലെ 

അലമുറയോടെ അലച്ചു തിരിച്ചെത്തിയപ്പോൾ
പാത്രത്തിൽ മുയൽ വരട്ടിയതില്ല
സിങ്കിൽ രക്തക്കറയില്ല
വേസ്റ്റ് ബാസ്കറ്റിൽ തൊലിയും
കുടലുമില്ല.
അണച്ചു കൊണ്ട്
 കിടക്കയിൽ ചെന്നു വീണപ്പോ
അവളതാ മയങ്ങുന്നു .

'ബാവൂസേ ' എന്നുനിന്നെ മാത്രം
ഞാൻ വിളിക്കുന്ന പേര് 
വിളിച്ചവളെ
ഉമ്മ വച്ചു.

എന്താവും ഞാനവളെ 
അങ്ങനെ വിളിച്ചത്?

വായനക്കാരാ,
നിങ്ങൾക്കറിയാമോ?

Friday, July 24, 2020

പെണ്മണങ്ങൾ / സ്റ്റെല്ല മാത്യു

കൊയ്ത്തു പാടത്ത്
പെണ്ണിന്റെ
ചുണ്ടുവരമ്പുകളീന്നുതിർന്ന
ചുംബനവിത്താണ്.

പെൺമുഖത്തിരമ്പിക്കയറുന്നു
തേവുചക്ര പ്രണയജലം.
രണ്ടു മീൻകുഞ്ഞുങ്ങൾ
മുട്ടിയുരുമ്മുമിടത്തിൽ
ചുണ്ടുമ്മകൾ
എടുത്തു ചാടുന്നു.
അന്നത്തെ പകലിൽ
ചുവർവരമ്പിൽ
നീ വൃശ്ചികത്തിലെ നെൽപ്പൂക്കൾ
വരച്ചിട്ടു.
നെഞ്ചോടടുക്കിയ ഋതുപുസ്തകത്തിൽ
അവളതിൻ്റെ ഇതളുകൾ
നമ്മുടെ കുഞ്ഞുങ്ങൾക്കായി എടുത്തുവച്ചു.
അത്രയും പ്രിയപ്പെട്ടവനോട്
ഇനിയെന്തൊക്കെയാണ് വൃശ്ചികപ്പെണ്ണേ മൂളാനുള്ളത്?
എന്തൊക്കെ പ്രതീക്ഷകളിലാണ്
നീയുണരുന്നത് ..?
അവളുടെ വരികൾ.
പാടത്തിൽ
അന്നിരുന്നുകണ്ട ഞാറ്റുസ്വപ്നങ്ങൾ.
ആഴങ്ങൾ കിതപ്പിൻ്റെ ഉഴവുചാലുകൾ.
ആത്മരതിക്കുമേൽ
അവളുടെ കവിത കൊയ്തിട്ട വിത്തുകൾ
വെയിൽ വിയർപ്പിറ്റിൽ
നനഞ്ഞു താണു.
സൃഷ്ടിയുടെ ചിനിപ്പ്
സ്വയംപിളർന്നു.
ഇളംചൂടിൻ്റ ചതുപ്പു നുണഞ്ഞു.
ആദ്യമുളയിലെ ഈറ്റുനാരുകൾ
നേരിൻ്റെ ഉൾപ്പരപ്പിലേക്ക്
കിനിഞ്ഞിറങ്ങി.
പച്ചക്കാടിൻ്റെ കനപ്പുകാവലിൽ
വെയിൽനടത്തത്തിൻ്റെ ആത്മാവ്
വിരലിൽ തൊട്ടു.
പാതിരാത്രിയിലെ പന്തവെളിച്ചത്തിൽ
ഉറുക്കഴിഞ്ഞുവീഴുന്ന പെണ്ണിൻ്റെ ഉറക്കുപാട്ട്.
പാടിനിറുത്തിയ അവൾ ഓടക്കുഴലിടറിയ മറുവശത്തേക്കു കാതുചേർത്തുറങ്ങുന്നു.
അതിരിലെ
ചുറ്റുവള്ളികൾനിറഞ്ഞ പച്ചക്കമ്പ്
പുലരിനോട്ടത്തിൽ
ആകാശസ്വപ്നംതൊട്ടു ചുവന്നു.
ചുവടുപറിയുന്ന മണ്ണിൽ
അപ്പോഴും
നനുത്ത്
പെണ്ണിൻ്റെ
പെയ്ത്തുമണം. 
അവൾ വിയർത്ത കറ്റകളുടെ
കൊയ്ത്തുമണം.

           

....../ഹാരിസ് എടവന

തൂക്കിക്കൊല്ലാൻ
വിധിക്കട്ടെ കവിക്ക്
അന്ത്യാഭിലാഷമായി
കവിതയെഴുതാൻ
അനുമതി ലഭിച്ചു

തൂക്കുന്നതിനു
മുമ്പേയുള്ള രാത്രിയില്‍
കവി കവിതയെഴുതാന്‍ തുടങ്ങി

ഒരോ വരിയെഴുതുമ്പോഴും
ഒരോ അത്ഭുതങ്ങള്‍ സംഭവിച്ചു

ഒന്നാമത്തെ വരിയെഴുതുമ്പോള്‍
ഒരു പോലീസുകാരന്‍
ഒരു പനിനീര്‍ച്ചെടി നട്ടു

രണ്ടാമത്തെ വരിയെഴുതുമ്പോള്‍
ഒരു ന്യായാധിപന്‍
തൻ്റെ ജോലി ഉപേക്ഷിച്ചു

മൂന്നാമത്തെ വരിയെഴുതുമ്പോള്‍
വൃദ്ധനായ മനുഷ്യന്‍ 
നഗരപുറമ്പോക്കില്‍ അലഞ്ഞു തിരിയുന്ന
പൂച്ചകള്‍ക്കും
നായകള്‍ക്കു
 ഭക്ഷണവുമായി
പുറപ്പെട്ടു

നാലാമത്തെ വരിയെഴുതുമ്പോള്‍
അമ്പത് പേര്‍ ജയില്‍ ചാടി

അഞ്ചാമത്തെ വരിയില്‍
ഗര്‍ഭിണിയായ തെരുവുപെണ്ണിനൊരുവന്‍
അഭയം നല്‍കി

ആറാമത്തെ വരിയില്‍
പാതിരാത്രിക്കൊരു
പുരോഹിതൻ
തെരുവില്‍ നിന്നും
നീതിയെപ്പറ്റി സംസാരിച്ചു

ഏഴാമത്തെ വരിയില്‍
രാജകുമാരി 
ഒരു വിപ്ലവകാരിക്കൊപ്പം
കൊട്ടാരം വിട്ടിറങ്ങി

എട്ടാമത്തെ വരിയില്‍
രാജപുരോഹിതന്‍
കൊലചെയ്യപ്പെട്ടു

ഒമ്പതാമത്തെ വരിയില്‍
നഗരം
കത്താന്‍ തുടങ്ങി

പത്താമത്തെ വരിയില്‍
അനാഥര്‍ക്കു വേണ്ടിയൊരാള്‍
വയലിന്‍ വായിക്കാന്‍ തുടങ്ങി

പതിനൊന്നാമത്തെ 
വരിയെഴുതാതെ കവി
തൂക്കുമരത്തിലേക്ക് ഏകാകിയായി
നടന്നു.

....../ഹാരിസ് എടവന

വൈകിയാണെങ്കിലും
നേര്‍ത്ത മഴചാറ്റലിലൂടെ
കുട ചൂടാതെ
അവന്‍ വന്നു...

എന്റ് കൈ മുറുകെ പിടിച്ചു
പൊട്ടിക്കരഞ്ഞു
കെട്ടിപ്പിടിച്ചു

എന്റെ മരണത്തില്‍
അത്യഗാധമായ ദുഖം രേഖപ്പെടുത്തി
എന്റെ കുഴിമാടമെവിടേയെന്നു ചോദിച്ചു
അവിടയവന്‍ പൂവുകള്‍ വെച്ചു
വീണ്ടുമെന്റരികിലെത്തി
എന്റെ സംസ്ക്കാര ചടങ്ങുകളില്‍
പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നു സങ്കടപ്പെട്ടു
കല്ല്യാണത്തിനും വന്നില്ലെന്നു
ഞാനോര്‍മ്മിപ്പിച്ചു
കുട്ടികളുണ്ടായപ്പോഴും
ആശുപത്രിയിലും
വന്നില്ലല്ലോയെന്നു ഞാന്‍ പരിഭവിച്ചു

അവനെന്നെ വീണ്ടും
കെട്ടിപ്പിടിച്ചു..
മരണം ജീവിതത്തെ
ഉദാത്തമാക്കുന്നുവെന്ന
മഹദ് വചനം പറഞ്ഞു
വിശപ്പ് വിപ്ലവത്തെ ആളിക്കുന്നുവെന്നും
രോഗം ശുഭകരമായ നാളയിലേക്കുള്ള
പ്രതീക്ഷയുടെ തിരികളാണെന്നും
മൊഴിഞ്ഞു

അവനെന്റെ മുഖത്തു നോക്കി
ഞാനെഴുതിയ കവിതകള്‍ വായിച്ചു
ഞാനത് കേട്ട് പൊട്ടിക്കരഞ്ഞു

അവനെന്റെ വിപ്ലവഗാനങ്ങള്‍
ആലപിച്ചു
ഞാന്‍ വീണ്ടും പൊട്ടിക്കരഞ്ഞു

മരിച്ചവര്‍ കരയാന്‍ പാടില്ലെന്നു
അവനെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിച്ചിരിക്കുന്നവരെപ്പോലെ
ദുര്‍ബലരാവരുത്
മരിച്ചവര്‍ കരുത്തരാണു
ലോകത്തെ വേട്ടയാടിയവരൊക്കെയും
മരിച്ചവരാണെന്നു
മുദ്രാവാക്യം വിളിക്കും പോലെയവന്‍
പറഞ്ഞു

അവനു കുറച്ചു തിരക്കുണ്ടെന്നവന്‍
മരിച്ചവരേറെയുണ്ടത്രെ

സുഹൃത്തേ
എനിക്കായ് ഞാനെഴുതിയ
കവിത
ഒന്നു വായിക്കൂ

അറുത്ത മൃഗത്തിനടുത്തനാഥമായ 
കയറുപോലെ
ഒരു കയര്‍
എന്റെ മുറിയിലുണ്ട്
മഹസ്സറിലില്ലാത്ത
കവിത
കുരുക്കില്‍
കുടുങ്ങിയിരിപ്പുണ്ട്
ഒന്നു ചൊല്ലൂ
മരിക്കുന്നനേരത്തെനിക്കത്
ചൊല്ലുവാന്‍ കഴിഞ്ഞില്ല...

അവന്‍ ചിരിക്കുന്നു

അവസാനത്തെ വരികള്‍
ഉറക്കെ ചൊല്ലുന്നു

അനുശോചനങ്ങള്‍
മധുരം ചേര്‍ത്ത പരദൂഷണങ്ങളാണ്.

Saturday, July 18, 2020

......./ലിഖിത ദാസ്

എന്റെ എഴുത്തുമുറിയിൽ 
നിനക്കു വേണ്ടിയെഴുതി ബോധിപ്പിക്കുന്ന 
ഒടുവിലത്തെ കവിതയാകുമിത്.
ഞാൻ ചത്തുപോയാൽ നീയും 
ഉടനെയങ്ങ് മരിച്ചുപോന്നേക്കണം.
എങ്ങനെയെന്ന് ചോദിക്കണ്ട
- എങ്ങനേലും.

നീയാ മുറി കണ്ടോ..
അതിൽ നിറയെ നമ്മളാണ്.
അയയിൽ വിയർപ്പു വറ്റാൻ 
വിരിച്ചിട്ട തുണിയിൽ, 
കട്ടിൽ വിരിപ്പിൽ, കുടഞ്ഞിട്ട തോർത്തിൽ
- നമ്മുടെ മണം.
അതൊക്കെയും ഞാൻ മരിച്ചു
മിനിറ്റുകൾക്കകം വാർന്നുപോകും. 

നീയൊറ്റയ്ക്കൊന്ന് ആ പുതപ്പിനടിയിൽ
കയറിനോക്കൂ... 
നിനക്ക് മരണത്തോളം ഭയം തോന്നും.
വെപ്രാളപ്പെടും.
കിടക്കയിൽ ഞാൻ ശൂന്യമായ 
ഒരിത്തിരി സ്ഥലം
മരുഭൂമി കണക്ക് പരന്നു വലുതായി 
നിന്നെ ഉഷ്ണിപ്പിക്കും.

നിന്റെ പ്രിയപ്പെട്ട വാച്ചുകളൊക്കെയെടുത്ത്
സമയം നോക്കൂ..
അവയൊക്കെയും എനിയ്ക്കൊപ്പം 
മരിച്ചുപോയിക്കാണും.
നിനക്ക് സമയം തെറ്റും - കാലം തെറ്റും.
കൂട്ടം തെറ്റിയ കുഞ്ഞിനെപ്പോലെ നീ 
വീടിനകത്ത് വിരണ്ടോടും.

അടുക്കളയിൽ ചെന്ന് നോക്കൂ..
നീയെത്ര പാകം ചെയ്താലും 
നമ്മുടെയാ രഹസ്യക്കൂട്ട്
അടുക്കള തിരിച്ചു തരില്ല‌.
സ്ഥാനം തെറ്റാതെ കണ്ണടച്ചു പിടിച്ച് 
ഉപ്പെന്നും പുളിയെന്നും മുളകെന്നും 
നിനക്ക് കയ്യെത്തിക്കിട്ടില്ല‌.
പരസ്പരം ചുറ്റിപ്പിടിച്ചു നമ്മളു നിന്നിരുന്ന 
അടുക്കളയിടങ്ങളൊക്കെയും 
വീടുമാറിക്കയറിയവനെന്നപോലെ 
നിന്നെ പകച്ചുനോക്കും.

ആകാശത്തോളം വളർത്തിയെടുത്തൊരു
വീട് ഒറ്റ രാത്രികൊണ്ട് 
ഒരു ചിതൽപ്പുറ്റോളം ചെറുതാകും. 
അപ്പോൾ, 
ഒടുവിൽ നീയെന്നെ തൊട്ടതോർക്കണം
അതേ തണുപ്പ് എല്ലായിടവും
പരന്നു നിറയും‌.
തണുത്ത ചുവരുകൾ തണുത്ത നിലം
- എല്ലായിടത്തും തണുപ്പ്.
മരണത്തോളം ആഴമുള്ളത്.

പുറം തിണ്ണയിൽ രാത്രികാലങ്ങളിൽ 
നമ്മളിരിക്കുന്നിടത്ത് പോയി 
എന്റെ കസേരയിൽ ഇരിക്കണം.
കസേരക്കയ്യിൽ എന്റെ വിരലോടുന്നുണ്ടോയെന്ന് 
സൂക്ഷിച്ചു നോക്കണം.
'പെണ്ണേ..'യെന്ന് പതിഞ്ഞു വിളിയ്ക്കണം.
പ്ലാവിന്റെ ചോട്ടിൽ നിന്നോ
കിണറിനപ്പുറത്തു നിന്നോ 
എന്റെ  മറുവിളിയോർക്കണം.
ഇല്ലാ..ഞാൻ വരവുണ്ടാകില്ല.

അന്തിച്ചർച്ചകളും 
വൈകിയുറക്കവും കഴിഞ്ഞ് 
രാവിലെ മധുരപ്പാകത്തിൽ 
നിനക്കൊരു കട്ടന്റെ കുറവുണ്ടാകും.
ഞാനില്ലായ്മകളിൽ നിന്റെ ഭാരിച്ച 
നഷ്ടങ്ങളിലൊന്ന്
അതായിരിക്കും എന്നെനിയ്ക്കുറപ്പുണ്ട്.

ഞാനങ്ങു പോയാൽ അനേകകാലം 
പൂട്ടിയിട്ടൊരു മുറി കണക്ക്
നിന്റെ ഹൃദയത്തിൽ 
കടവാതിലുകൾ പാർപ്പു തുടങ്ങും‌.
ഇടനേരങ്ങളിൽ,
ഉന്മാദത്തിന്റെ മൂർധന്യത്തിൽ 
നീയെന്റെ പേരു നീട്ടിവിളിയ്ക്കും.
നിലത്തുരുണ്ടു വിലപിച്ചേക്കും.

എനിയ്ക്കുറപ്പുണ്ട്‌ - 
ഞാനില്ലായ്മകളിൽ വെന്തു വെന്ത് 
ഉടലുവറ്റി വേരു ചീഞ്ഞു നീ വീണുപോകും.
അന്നേരം വാരിയെടുത്ത് ചുറ്റിപ്പിടിയ്ക്കാൻ
എനിയ്ക്ക് വിരലുകളുണ്ടാവില്ല.
ഉമ്മ വയ്ക്കാനൊരു ചുണ്ടുപോലും
ബാക്കി ശേഷിക്കില്ല.
ശ്വസിച്ചുണരാൻ എന്റെ മണം പോലും 
നിനക്കു കിട്ടില്ല.

നോക്കൂ,
നിന്നോളം ഞാനും എന്നോളം നീയും 
വളർന്നു നിൽക്കുമ്പോൾ മാത്രമല്ലേ
പച്ച തെഴുക്കുന്നത് - പടർപ്പുണ്ടാകുന്നത്
ഞാനില്ലാതാവുകയെന്നാൽ 
നിനക്കൊരു വീടു നഷ്ടപ്പെടുകയെന്നാണ്.
അതുകൊണ്ട്- 
അക്കാരണം കൊണ്ടുമാത്രം മനുഷ്യാ,
തീർച്ചയായും നീ എനിയ്ക്കു ശേഷം
വളരെപ്പെട്ടെന്ന് മരിച്ചു വന്നേക്കണം.

......./നോർമ്മാ ജീൻ

ഉറങ്ങാൻ കിടക്കുമ്പോൾ 
ജനൽകമ്പിമേൽ 
തട്ടി തകരുന്ന 
മഴത്തുള്ളികളുടെ ഒച്ച 
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു 
ദൂരെയേതോ 
മലയടിവാരത്തിലുള്ള  
ആശ്രമത്തിലെ 
വൃദ്ധ സന്യാസികൾ 
ജാഗരണ പ്രാർത്ഥനകളിൽ 
മുഴുകിയിരിക്കുന്നു 

ലോകമുറങ്ങി കിടക്കുമ്പോൾ 
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ 
ഏകാന്തത ആവശ്യമുള്ളോരു 
സംഗതിയാണ് 
പ്രിയമുള്ളൊരാൾക്ക് വേണ്ടി 
പൂപ്പാത്രമൊരുക്കുന്ന പോലെ 
സ്നേഹത്തോടെ 
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു

പെട്ടെന്ന് 
ലോകത്തോട് മൊത്തം 
എനിക്ക് സ്നേഹം തോന്നി 
ലോകം എന്നെയോ 
ഞാൻ ലോകത്തെയോ 
മറന്നു  വെച്ചതെന്ന 
സന്ദേഹത്തിൽ 
രമ്യതകളുടെ വഴികളെ പറ്റി 
ചിന്തിച്ചു തുടങ്ങി 
തള്ളിപ്പറഞ്ഞ സ്നേഹിതരോട് 
വേണ്ടെന്ന് വെച്ച കാമുകരോട് 
കൈ കടിച്ചു മുറിച്ച 
അയല്പക്കത്തെ  
നായയോട് പോലുമെനിക്ക് 
അലിവ് തോന്നി 

അമ്മച്ചിയുടെ 
കോന്തലയിൽ നിന്ന് 
മുന്നിലേക്ക് ചിതറി തെറിച്ച 
മുല്ലപ്പൂ മൊട്ടുകളോളം 
ഞാൻ  ജീവിതത്തെ സ്നേഹിച്ചു 
വെറുക്കുവാൻ കണ്ടെത്തിയിരുന്ന 
കാരണങ്ങളിൽ കയറി നിന്ന് 
കഴിഞ്ഞ കാലങ്ങളിലെ 
മനുഷ്യരെന്നെ നോക്കി 
വെള്ള പതാകകൾ വീശി 
ജീവിതത്തെ സ്നേഹിക്കുവാൻ 
നാം കണ്ടെത്തുന്ന വാക്കുകൾ 
കൂട്ടി ചേർത്ത് ഞാൻ  
പാട്ടുകൾ തുന്നി തുടങ്ങി

Friday, July 17, 2020

......../വിപിത

നാട്ടിൽ കല്യാണമായിരുന്നു. 
ബിരിയാണിക്കല്യാണം എനിക്ക് ഒത്തിരി ഇഷ്ടമാണ്. 

ആകെ കൂടി ചിക്കൻ കാല് കിട്ടുന്നത് 
കല്യണത്തിനാണ്. 

എരിവിനൊന്നും നാക്ക് തോക്കൂല്ല. 

രുചിച്ചു രുചിച്ചു, കൊതിച്ചു കൊതിച്ചു ഞാൻ 
തീറ്റ പതിയെയാക്കും. 

പതിമൂന്നാന്തി കല്യാണത്തിന് 
പോകുന്നെ ഞാനിപ്പോഴേ 
കിനാവ് കണ്ടു.

പെട്ടെന്നമ്മച്ചി നല്ല കുപ്പായമില്ലാതെങ്ങനെ കല്യാണത്തിന് പോകുമെന്ന് ചുണ്ട് മലർത്തി. 

ആകെയുള്ളതൊന്ന് കരിമൻ തല്ലി. 

അതിട്ടു പോയാൽ പള പള മിന്നുന്ന കുപ്പായക്കൂട്ടത്തിൽ ഞാൻ ഒറ്റയ്ക്കാവുമെന്ന്  അമ്മച്ചീ. 

സരളാമ്മേടടുത്തൂന്ന് അമ്മൂന്റെ കുപ്പായം മേടിക്കാം. 

അമ്മച്ചി പറഞ്ഞൊടനെ, 
ചെരുപ്പില്ലാണ്ട് ഞാൻ ഒറ്റ ഓട്ടം വച്ചു. 

കല്ല് പൊത്തു, ചാണാൻ ചവിട്ടി, 
അട്ടയെ ചമ്മന്തിയാക്കി. 

സരളമ്മയോട് ഒറ്റ ശ്വാസത്തിൽ 
കാര്യം പറഞ്ഞു. 

എല്ലാം ഉഷാറ്. 

ഒരു മഞ്ഞ കുപ്പായമാരുന്നു. 
ഇച്ചിരി നൂല് വിട്ടിട്ടൊണ്ട്. 

അവിടവിടെ നിറം പിടിച്ചിട്ടൊണ്ട്. 

സാരമില്ല. 

കാണാൻ കൊള്ളാം. 

എന്റെ കുപ്പായത്തേക്കാൾ ഭംഗീണ്ട്. 

2.

പതിമൂന്നാന്തി ഞാൻ വീട്ടിലെ പൂവനെ 
തോപ്പിച്ചുണർന്നു. 

കുളിച്ചു, എനിക്ക് തണുത്തതേയില്ല. 

അമ്മച്ചി എന്റെ കണ്ണെഴുതി. 

അമ്മച്ചീന്റെ സിന്ദൂരപ്പൊട്ടീന്ന് 
എനിക്കും കുത്തിയൊന്ന്. 

ഒരു റോസാപൂ ചെവിക്കടുത്തായി 
വച്ചു. 

അമ്മ ഓയിൽ സാരീ ഉടുത്തു. 

ഞങ്ങൾ പൊറപ്പെട്ടു. 

മണവാട്ടിക്ക് എന്തോരം പൊന്നാ.

കുപ്പായത്തിനെന്തൊരു മിനുപ്പ്. 

എല്ലാർക്കും ഉഗ്രൻ കുപ്പായം. 

സ്വർഗ്ഗത്തിന്റെ ഒരു തുണ്ട് താഴേക്ക് 
വീണെന്ന് തോന്നിപോയി. 

നിനക്കാതെ പക്ഷെ ഒന്നുണ്ടായി. 

അമ്മു ഓടി വന്നു. 

സീതേം മാലൂം ഷീബേം കാർത്തുവും, 
പിന്നമ്മമാർ, അമ്മാവന്മാർ, സകലരുമുണ്ട്. 

അമ്മു എന്റെ കുപ്പായത്തിലോട്ട് കടുപ്പിച്ചു നോക്കി. 

ഒറ്റ ചിരിയിൽ, ഞാൻ സ്വർഗ്ഗത്തീന്ന് ഒറ്റയടിക്ക്, 
നരകത്തിലെ തിളച്ച എണ്ണയിൽ വീണു. 

അയ്യേ! ഞങ്ങടെ വീട്ടിലെ ടി വി  തൊടയ്ക്കുന്ന 
എന്റെ പഴേ കുപ്പായം. 

ചിരി മുഴങ്ങി. 

സരളാമ്മയുടെ മുഖം മങ്ങി. 

എന്റമ്മച്ചി കണ്ണ് നെറച്ചു.

ഞാൻ നിവർന്നു നോക്കിയില്ല. 

ഉണ്ണാനിരിക്കുമ്പോൾ 
കണ്ണീരു കാരണം ബിരിയാണി കണ്ണിൽ 
നിന്ന് മറഞ്ഞു. 

എന്റെ നാവ് രുചിച്ചതേയില്ല. 

കോഴിക്കാല് ഞാൻ തൊട്ടതേയില്ല. 

പിന്നൊരിക്കലും ബിരിയാണി എന്നെ 
കൊതിപ്പിച്ചതേയില്ല.

Sunday, July 12, 2020

ഒറ്റ്/ജയദേവ് നയനാർ

ഇല്ലാത്ത ഒരു
രാജ്യത്തിന് 
വേണ്ടിയായിരുന്നു 
നമ്മള്‍ പരസ്പരം
ഒറ്റുകൊടുത്തത്.  
നീ നിന്റെതെന്നും
ഞാന്‍ എന്റെതെന്നും 
വിളിച്ച് ഓരോ 
പടനീക്കത്തിലും 
ഓരോ രാജ്യത്തെ 
തൊലിപ്പുറത്ത്
വരച്ചുവച്ചു. 
എന്‍റെ  രാജ്യത്തേക്ക്
ഒളിച്ചുകടക്കാനുള്ള
വഴികളെല്ലാം നിനക്കു
കാണാപ്പാഠമായിരുന്നു. 
നിന്റെതിലെക്കുള്ളത്
ഞാനും ഓര്‍ത്തുവച്ചു.
ഓരോ കവാടത്തിലും 
പറയേണ്ടിയിയിരുന്ന 
രഹസ്യവാക്ക്,
ഓരോയിടത്തും 
മാറേണ്ടിയിരുന്ന
പ്രച്ഛന്നവേഷം,
ഓരോ നൂഴ്വഴിയിലും
വേണ്ടിയിരുന്ന
മെയ് വഴക്കം
എല്ലാം കൃത്യം.
പരസ്പരം ആരും
സംശയിക്കാതവണ്ണം. 
പിന്കഴുത്തിലൂടെ
കൊടുങ്കാറ്റു കണക്കെ
ചോലക്കാടുകളില്‍
ഓര്‍മകളുടെ കണ്ണുകെട്ടി, 
അടിതെറ്റുന്ന
കണ്ണാടിപ്രതലങ്ങളില്‍  
അള്ളിപ്പിടിച്ച്
അകമേ തീ വാറ്റുന്ന
ഗുഹാമുഖങ്ങളില്‍
ഒരു മഴമെഘതെ 
ഉള്ളിലടക്കിപ്പിടിച്ച്, 
ചെങ്കുത്തായ കുന്നുകളില്‍
ഭൂമിയെ പൊതിഞ്ഞുപിടിച്ച്‌...
.
നമ്മള്‍ വെട്ടിപ്പിടിച്ച 
രാജ്യം ഇതിനിടെ
എപ്പോഴാവും
കളഞ്ഞുപോയിരിക്കുക?.
.
ഇല്ലാത്ത ഒരു ശരീരത്തിന്
വേണ്ടിയായിരുന്നു
നമ്മള്‍ പരസ്പരം
തോറ്റുകൊടുത്തത്.

Wednesday, July 8, 2020

എന്റപ്പന് പറയുന്ന് / സുമം തോമസ്

പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്

നിന്റപ്പനോട് പോയി പറയെടീന്ന്
പറഞ്ഞില്ലേ?
പള്ളിപ്പറമ്പില് കെടക്കുന്ന
എന്റപ്പനോട് ഇനി എന്നാ പറയാനാ
എനിക്കിനി നിങ്ങളോടാ
പറയാനൊള്ളത്

ഇങ്ങനെ കുടിക്കല്ലേന്ന് 
അപ്പനോട് പറയുമ്പോ
കുടിച്ചിട്ട് വന്ന് നിങ്ങളെ ഞാന്‍
തല്ലുന്നുണ്ടോന്ന് അപ്പന്‍ 
ചോദിക്കുവായിരുന്നു

ആദ്യകുര്‍ബാനയ്ക്ക് 
എല്ലാ പിള്ളേരെയും പോലെ
ഒരുങ്ങി നില്‍ക്കാന്‍ പറ്റാതിരുന്നതും
സ്‌കൂളീന്ന് ടൂറിന് പോകാന്‍
പറ്റാതിരുന്നതും
യൂണിഫോം മാത്രം
എന്നും ഇട്ടോണ്ട് പോകേണ്ടി വന്നതും
അപ്പന്റെ കുടി കാരണാന്ന് 
പറയാന്‍ പേടിയാരുന്നു
പിന്നേം ഒരുപാട്
കാര്യങ്ങളൊണ്ട്

ഇപ്പ എനിക്ക് പറയാല്ലോ
ക്രിസ്മസിന് പള്ളിയില്‍
പോകാന്‍ ഒരു സ്വര്‍ണ്ണമാല
വാങ്ങിത്തരാന്ന് അപ്പന്‍
പറഞ്ഞിട്ടൊണ്ടായിരുന്നു
എന്നിട്ട്
അതിനെക്കുറിച്ച് 
ഒരു വാക്കു പോലും പറയാതെ
ക്രിസ്മസ് വന്ന അതേ മാസം
അപ്പനൊരു പോക്കങ്ങ് പോയി

അന്ന് കരഞ്ഞില്ല
പിന്നെ എല്ലാരും അപ്പന്റെ
വിശേഷങ്ങള്‍
പറയുമ്പോ കൊതിയോടെ
കേട്ട് കണ്ണ് നിറഞ്ഞിട്ടൊണ്ട്

ഇപ്പ നിങ്ങളോട് പറയണതെന്തിനാന്നോ
നിറയെ മണികളുള്ള കൊലുസിട്ട
ഒരു പൊന്നുമകളെ നമ്മളിപ്പോ
മനസ്സില് പെറ്റു വളര്‍ത്തണില്ലേ
അവളിതുപോലെ 
ഇപ്പോ ഞാനെഴുതുന്ന പോലെ 
എഴുതാതിരിക്കാൻ വേണ്ടിയാ

അതുകൊണ്ട്
പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്...!

Friday, July 3, 2020

കിളിത്തൂവൽ/ഒ.എൻ.വി.കുറുപ്പ്

മുറ്റത്തുലാത്തുമ്പോളെന്‍ മുന്നിലായൊരു

പക്ഷിതന്‍ തൂവല്‍ പറന്നുവീണു.

കാറ്റിന്നലകളിലാലോലമാടിയാ-

ക്കാണാക്കിളിതന്‍ കിളുന്നു തൂവല്‍

താണുതാണങ്ങനെ പാറിവീണു മെല്ലെ;

ഞാനതെടുത്തു തലോടി നിന്നു.

പൂവുപോല്‍, പൂവിളം പട്ടുപോലുള്ളൊരാ-

ത്തൂവലില്‍ത്തന്നെ ഞാന്‍ നോക്കിനിന്നു.

ഏതു കിളിതന്‍ ചിറകൊളിയില്‍ നിന്നു-

മേതുമീത്തുള്ളിയിങ്ങിറ്റുവീണു!

ഏതൊരു പൂമരക്കൊമ്പിലേക്കിന്നുചേ-

ക്കേറുവാനാപ്പക്ഷി പോയിരിക്കാം!

ഇല്ലറിയില്ലെനിക്കൊന്നുമേ; ഞാനതെന്‍

ചില്ലലമാരയില്‍ കൊണ്ടുവച്ചു.

എന്നുമുണര്‍ന്നു ഞാനുമ്മറത്തെത്തുമ്പോള്‍,

എന്നെയതാര്‍ദ്രമായ് നോക്കുംപോലെ!

എന്റെ മനസ്സൊരു പൂമരമാകും പോല്‍!

ഏതോ കിളിയതില്‍ പാടുംപോലെ!

Thursday, July 2, 2020

അകത്തിരിപ്പ്/ടി.പി.വിനോദ്


വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

സ്വപ്‌നം/സജി കല്യാണി

ഒരിത്തിരി മണ്ണ്
അതില്‍ ചെറിയൊരു കൂര
ഒരു കുഞ്ഞുവീട്
രണ്ടുമുറികളും
ഒരു ചായ്പുമുള്ളത്.
ഒരുമുറി ഉറങ്ങാന്‍
ഒരു മുറി നിറയെ പുസ്തകങ്ങള്‍..
ചായ്പില്‍ പാചകം.
വരാന്തയില്‍ 
ഒരു ബെഞ്ചും ഡസ്ക്കും
പൂക്കളെ നോക്കിയിരിക്കാന്‍.

ഒറ്റക്കല്ലിന്‍റെ പടി.
വീതികുറഞ്ഞ മുറ്റം
നിറയെ പൂച്ചെടികള്‍
ചെണ്ടുമല്ലിയും മുല്ലയും
നന്ത്യാര്‍ വട്ടവും നാലുമണിയും
മഞ്ഞപ്പൂക്കളുള്ള കോസ്മസും
പനിനീരും വെള്ളമന്ദാരവും
അങ്ങനെയങ്ങനെ......

നാലതിരിലും 
ശീമക്കൊന്നകളുടെ 
വസന്തം.
ഇടയ്ക്ക് കടും ചുവപ്പന്‍ ചെമ്പരത്തിയും.
മുറ്റത്തെ പന്തലില്‍
കോവല്‍ മണികള്‍
അടുക്കളക്കോണില്‍ 
കറിവേപ്പും നിത്യവഴുതിനയും.
നാലടി ചതുരത്തില്‍
ഒരു ചീരത്തട്ട്.
അതിനുള്ളില്‍ കുറച്ച് വെണ്ടത്തൈകള്‍
പത്തുമൂട് കപ്പ
ഒരു പപ്പായമരം.
നിറയെ ജലമുള്ള ഒരു കിണര്‍.
അതിലൊരു ചകിരിക്കയറും തൊട്ടിയും.
കോരിക്കുളി.
കുളിക്കുമ്പോള്‍ രണ്ടുകവിള്‍ കുടിക്കും
ഒരൊറ്റത്തെങ്ങുമതി
കുളിവെള്ളം വലിച്ചെടുക്കാന്‍ മാത്രം.

മതി...
എഴുതാന്‍ കഴിയുന്നത്
വലിയൊരു ഭാഗ്യമാണ്.
കാരണം
ഉണര്‍ന്നിരുന്ന്
ഞാനും അവളും
ഒന്നിച്ചുറങ്ങിയ വീടിനെപ്പറ്റി
ഒരിക്കലും പറഞ്ഞിട്ടില്ല.
വെറും
സ്വപ്നമായിട്ടും.!

Friday, June 26, 2020

കടൽകാക്ക / ഡി.അനിൽകുമാർ


കൈത്തണ്ട് പോകും കാലം
കച്ചാൻക്കാറ്റടിക്കും കാലം
കട്ടമരം കമഴ്ന്ന് ചത്തവർ
കടൽകാക്കളായി പറക്കും കാലം

അക്കാക്ക കടൽ താണ്ടി
കര താണ്ടി കുളിർ താണ്ടി
മലമുകളിൽ തലനെറയെ
പേനുള്ളൊരു പെണ്ണിനെ കാണും

അവളുണ്ട് തീറ്റുന്നു
കാക്കയെ, കടൽക്കാക്കയെ
കൂട്ടിലിട്ട് വളർത്തുന്നു
അതിൻ തൂവൽ തഴുകുന്നു

ഒരു നട്ടുച്ചനേരം
വെയിൽ താണ് നില്ക്കുമ്പോൾ
കടൽക്കാക്ക പറയുന്നു
വരുന്നോ നീ എനിക്കൊപ്പം

നിന്റെ കണ്ണ് നക്ഷത്രമീന്
നിന്റെ മുടി പാമ്പാട
ചെവിയിൽ ഇരമ്പവും
ഉടലിൽ മുഷിവും നിനക്ക്

അവളേതോ പുരാവൃത്ത
കഥയിലെ തന്വിയായി
അവനൊപ്പം പറക്കാമോ
എന്നു സ്വന്തം മനതോട്
സമ്മതം തിരക്കുന്നു

കടൽക്കാക്ക തുടരുന്നു
എനിക്കുടയോർ ഇവിടില്ല
അവർ വാഴും നീലവാനം
തുഴയെറിയും നീലജലം
അതിൽ മുക്കളിയിട്ട്
തിന്നാം നമുക്കൊരുമിച്ച്

പറക്കാം ഉപ്പുക്കാറ്റിൽ
നീച്ചലടിക്കാം ഉപ്പുനീരിൽ
കടൽപിറകോട്ടിയ
ചേരൻ ചെങ്കുട്ടുവൻ
കപ്പൽ വള്ളമോട്ടിയ
വലിവറിഞ്ച വലയൻ
വിടിയവെള്ളി പാത്ത്
പൊഴുതു വെടിയതറിയാമേ 
ഇനിയുള്ള കാലമെല്ലാം 
അവർക്കൊപ്പം വാഴാമേ 

മലമുകളിൽ തലനെറയെ
പേനുള്ളവൾ അതുകേട്ട്
കടൽകാക്കയ്ക്കൊപ്പം
കാറ്റ് താണ്ടി പറക്കുന്നു
കടൽകാക്കയ്ക്കൊപ്പം
വെയില് താണ്ടി പറക്കുന്നു.

     

Saturday, June 20, 2020

......../ലിഖിത ദാസ്

ചിലരുണ്ട്.. 
മരമുണരുന്നതിനു മുൻപായി 
വന്നിരിയ്ക്കും.
ചില്ലപോലും അറിയാതെ കൂടുവയ്ക്കും.
ഇലയനക്കം പോലും കേൾപ്പിക്കാതെ 
പാർപ്പു തുടങ്ങും.
അതിന് ഭാഷയില്ല..
സ്നേഹമേയുള്ളൂ..!

ഹൃദയത്തിന്റെ അടിത്തട്ടിൽ 
ഏറ്റവുമാഴത്തിൽ അയാളൊരു
ആകാശമൊളിപ്പിച്ചിരിക്കും.
ഓർമ്മപ്പുരയ്ക്കുള്ളിൽ മണ്ണുതൊട്ടാൽ
മുളച്ചുകേറാൻ പാകത്തിൽ
സ്നേഹത്തിന്റെ വിത്തു പാത്രങ്ങൾ 
സൂക്ഷിച്ചിട്ടുണ്ടാവും.

ശമിക്കാത്ത പ്രേമത്തിന്റെ കൂട്ടുകിടപ്പുകാരനായിരിക്കും അയാൾ.
ഒന്നു തൊട്ടുനോക്കൂ.. 
രണ്ടുകയ്യും വായുവിൽ നീട്ടി 
ഒരു കുഞ്ഞിനെപ്പോലെ
വാ..വാ..യെന്ന് അയാൾ കലമ്പിക്കൊണ്ടിരിക്കും
നിങ്ങളുടെ ഹൃദയമിടിപ്പ് ഉച്ചത്തിലാവുകയും
അയാൾക്കു മുൻപിൽ നിങ്ങൾ 
ആയുധം നഷ്ടപ്പെട്ട് 
മുട്ടുകുത്തി നിൽക്കുകയും ചെയ്യും.

ചില്ലുഭരണിയിലെ മുട്ടായി നിറങ്ങളിലേയ്ക്ക്
എത്തിനോക്കുന്ന കുഞ്ഞിന്റെ 
കൗതുകമായിരിക്കും 
അപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയെ

നനഞ്ഞ മരങ്ങൾക്കു ചോട്ടിലേയ്ക്ക്
അയാൾ ക്ഷണിയ്ക്കും.
പെരുവിരൽ വേരുകളായും 
ചുരുളൻ മുടി ചില്ലകളായും 
കൈകൾ നിറയെ പൂക്കളുള്ള വള്ളികളായും 
പിണച്ചുകെട്ടി 
അയാൾ നിങ്ങളിലേയ്ക്ക്
ചുരുണ്ടിരിക്കും.

എന്റെ ഹൃദയത്തിന്റെ വിളുമ്പിൽ നിന്ന് 
മറിഞ്ഞു വീഴുമ്പോൾ 
നിന്റെ സ്നേഹത്തിനു മുറിവു പറ്റുമെന്നും
മുറിവിന് ഒരു കിണറോളം താഴ്ച കാണുമെന്നും
അയാളിടയ്ക്കിടെ ഓർമ്മപ്പെടുത്തും.
എങ്കിലും അയാളെ മാത്രം 
നോക്കിനോക്കിയിരിക്കുമ്പൊ
പച്ചഞരമ്പുകളിൽ നിങ്ങൾക്ക് 
പൂത്ത മഴവില്ലു കാണാവും.
വിരലുകളിൽ അള്ളിപ്പിടിയ്ക്കുമ്പോൾ
 പച്ചയുള്ള ഒരു ഗ്രാമത്തിലേയ്ക്ക് 
അയാളെയും കൊണ്ട് 
അതിവേഗം കടന്നുകളയണമെന്ന് തോന്നും.
എത്ര സുന്ദരമായാണ് 
അയാളൊരു കരൾപ്പാതി പകുത്തുവയ്ക്കുന്നതെന്നോർക്കും.

ചിലരങ്ങനെയാണ് 
ഒഴുക്കുകൂടുന്ന നേരത്ത് -
നുരയ്ക്കുന്ന ചുഴി പോലെ 
വല്ലാതെ ഭ്രമിപ്പിക്കും.
അല്ലെങ്കിലും വെന്തകാട് ഉള്ളിൽ വളർത്തുന്നവർ
തണുവു നീട്ടുന്നിടത്തേയ്ക്ക് 
കയ്യെത്തിപ്പിടിക്കാതെങ്ങനെ‌..!

നോക്കൂ..., ഒന്നിറങ്ങി നിൽക്കാൻ കൊതി തോന്നുന്നില്ലേ..???

Friday, June 5, 2020

വസന്തത്തിൽ മരം ചെയ്യുന്നത് നോക്കൂ/എം.ജീവേഷ്


വസന്തത്തിൽ 
മരം ചെയ്യുന്നത് നോക്കൂ

വസന്തത്തിൽ
മരം ചെയ്യുന്നത്
തന്നെ നോക്കൂ

പൂക്കളുടെലിപി
ആകാശത്തിനും
ഭൂമിക്കുമിടയിൽ
തുന്നിപ്പിടിപ്പിക്കുന്നു

ചില്ലയിലാണെന്ന്
തോന്നിപ്പിക്കുന്ന
മറ്റൊരു കാവ്യകലാതന്ത്രം

ഭൂമിയിലുള്ള
സകലകിളികളേയും
വിരുന്ന് വിളിക്കുന്നു

അതിനിടയിൽ 
ഒരു കിളി 
മരത്തോട് ചോദിക്കുന്നു
കൂടൊരുക്കുന്നതിനെക്കുറിച്ച്

മരം വസന്തത്തെ
വകവെക്കുന്നേയില്ല

നെഞ്ച്തുരക്കാൻ
നിന്ന് കൊടുക്കാനായി
നെടുവീർപ്പിടുന്നു

അതിന്നിടയിൽ
ഒരില വീഴുന്നു

മരമത് വകവെക്കുന്നേയില്ല

കിളി മരത്തിൽ
ആഞ്ഞ്കൊത്തുന്ന സംഗീതം
ഞാനിപ്പോൾ
കേട്ട്കൊണ്ടേയിരിക്കുന്നു

കിളിയുടെ കൊത്തലിൽ
വസന്തം വിറച്ച്കൊണ്ടേയിരിക്കുന്നു.

Tuesday, June 2, 2020

...../ലിഖിത ദാസ്

ഏറ്റവും ശ്രമകരമായ ഒരു ജോലിയെപ്പറ്റി
പറയാം.. 
എന്നെ സ്നേഹിക്കുക.
വെറുതെയങ്ങ് സ്നേഹിച്ചാലൊക്കില്ല.
നേരവും കാലവും മറന്നേക്കണം.
എന്റെ വിരലനക്കങ്ങളെപ്പോലും
നിരന്തരം വായിച്ചെടുത്തു ശീലിക്കണം.

നിങ്ങൾക്ക് അപ്രതീക്ഷിതമായി
ഞാൻ ചില്ലറ ജോലികൾ തന്നേയ്ക്കും.
എന്റെയൊപ്പം ഒരു പകൽസ്വപ്നത്തിന്
കൂട്ടിരിക്കുക,
എന്റെ പിറന്നാളിനെങ്കിലും
ഒരു പുസ്തകം സമ്മാനം തരിക.
ഇടയ്ക്കൊക്കെ 
"നീ നന്നായി എഴുതുന്നു'വെന്ന്
'നിന്നെക്കൂടാതെ എനിയ്ക്കൊന്നും
സാദ്ധ്യമല്ലെന്ന്..'
'നീ എനിയ്ക്ക് പ്രാപ്യമായതിൽ വച്ച് 
ഏറ്റവും നല്ല സ്ത്രീയാണെന്ന്' 
വല്ലപ്പോഴും ഒരു കള്ളം പറഞ്ഞേയ്ക്കുക.
- എനിയ്ക്കതൊക്കെ നന്നായി രസിക്കും.

എന്റെ ഒഴിവുനേരങ്ങളിൽ നിന്ന്  
അല്പം മാറിക്കിടക്കുക.
ഞാൻ രഹസ്യമായി സന്ദർശിക്കാറുള്ള
ചിലരെക്കുറിച്ചു ഞാൻ പറഞ്ഞു തരും
കേട്ടാൽ മതി..അങ്ങോട്ടൊന്ന് 
എത്തിനോക്കുക പോലുമരുത്.
ഹൃദയത്തിന്റെ ഭാഷ വശമുള്ള മനുഷ്യരാണത്.
നിങ്ങൾക്ക് മനസിലായെന്നു വരില്ല.

എന്റെ കവിതകളിലെ 'അയാൾ'
നീയാണെന്ന്
ഞാൻ ഇടയ്ക്കിടെ പറയും.
അതിലല്പം സംശയം തോന്നുന്നുവെങ്കിലും
നിങ്ങൾ തലയുയർത്തിപ്പിടിക്കുകയും
എന്നോട് നന്ദിയുള്ളവനുമായിരിക്കും
- എനിക്കുറപ്പുണ്ട്.

ഭ്രാന്തിനു കുറിപ്പെഴുതുന്ന ഒരു 
മുറിയെനിയ്ക്കുണ്ട്.
എന്നോടുള്ള പ്രേമത്തിന്റെ ഒരു ഘട്ടത്തിലും
അകത്തുകടക്കാൻ ശ്രമിക്കരുത്
- തോറ്റുപോകുന്ന നിങ്ങളെക്കാണാൻ
എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണ്.

എന്റെ ബാഗിൽ 
സ്നേഹം.. സന്തോഷം.. സമാധാനം 
എന്നെഴുതിയ 
കുറച്ചു കടലാസുകൾ കാണാം. 
അത്രയും കുറച്ചുതവണകൾ മാത്രം 
ഞാൻ സ്നേഹിക്കപ്പെട്ടിട്ടുണ്ട്.
അതിലിരട്ടിത്തവണയും നിർദയം
ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.

മഞ്ഞുകാലത്തു മാത്രമാണ് 
രാത്രികാലങ്ങളിൽ ഞാൻ 
ഒറ്റയ്ക്ക് നടക്കാനിറങ്ങാറ്.
വിഷാദം മൂർച്ഛിച്ച് തിരിച്ചു വന്ന 
എന്നെക്കാണുമ്പോൾ
ഒരു തകർന്ന കപ്പലിനുള്ളിലേയ്ക്ക്
നോക്കിയിരിക്കുന്ന കപ്പിത്താന്റെ
വേദനയുണ്ടാകും നിങ്ങളുടെ മുഖത്ത്.
ഒന്നും മിണ്ടാതെ പലതവണ 
അസ്വസ്ഥമായ ഉറക്കത്തിന്റെ 
സമയപ്പാലത്തിനു കീഴിലേയ്ക്ക് 
ഞാൻ നൂണ്ടിറങ്ങിപ്പോകും.
ഇപ്പോൾ ഒരു കാഴ്ചക്കാരന്റെ ജോലിയാണ്
നിങ്ങൾക്ക്.

ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ
നിങ്ങൾ അമ്പരന്നേക്കും.
ഞാൻ എന്നത്തേക്കാളും നിങ്ങളോട്
അലിവുള്ളവളും സുന്ദരിയുമായി കാണപ്പെടും.
വീണ്ടുമതൊക്കെയും ക്രമം തെറ്റി 
ആവർത്തിച്ചുകൊണ്ടേയിരിക്കും.

നിങ്ങളൊരേ സമയം ചിരിക്കുകയും 
കരയുകയും ചെയ്യും.
എന്നെയോർത്ത് സമാധാനപ്പെടുകയും
തൊട്ടടുത്ത നിമിഷത്തിൽ
സ്വസ്ഥത നശിച്ച് എന്നെവിട്ടോടിപ്പോവുകയും 
ചെയ്തേക്കും.
പക്ഷേ..എനിയ്ക്ക് തീർച്ചയുണ്ട് - ഒരിക്കലെന്നോട് പ്രേമത്തിൽപ്പെട്ട 
നിങ്ങൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല.

നോക്കൂ..,
എന്റെ സ്നേഹത്തിന്റെ ഏറ്റവും വിശ്വസ്ഥനായ ഇടപാടുകാരനായിരിക്കണം നിങ്ങൾ.
അമ്പേ തോറ്റുപോയൊരുത്തിയെ 
സ്നേഹിക്കുകയെന്നതിൽക്കൂടുതൽ
ശ്രമകരമായ മറ്റെന്തുണ്ട് നിങ്ങൾക്ക്..?

Wednesday, May 27, 2020

ഒരു ലാടമെങ്കിലുമടിക്കൂ ഞങ്ങളുടെപാദങ്ങളിൽ/ആഗ

നിങ്ങളുടെ തീൻമേശയിലെ
ഉപ്പും,മുളകും
നിങ്ങളുറങ്ങുന്ന 
കട്ടിലിന്റെകാലുകൾ
നിങ്ങളുടെ വീടിന്റെ
ഉറപ്പുള്ള വാതിലുകൾ,
ജനലുകൾ ,ചുമരുകൾ
നിങ്ങളിട്ട വസ്ത്രങ്ങൾ
നിങ്ങളുടെ അടുക്കളകളിൽ 
മൊരിഞ്ഞ്കൊണ്ടിരിക്കുന്നൊരുമീൻ
വെന്ത് പാകമായ ഒരുതുടം കഞ്ഞി
നിങ്ങൾ കുടിച്ച്കൊണ്ടിരിക്കുന്ന
ഒരുകപ്പ്ചായ

അവ നടക്കുന്നു
ഭൂപടത്തിൽ വീടില്ലാത്ത
കാലുകളുമായി

തെരുവുകളിൽ
വ്യവസായശാലകളിൽ
കൃഷിയിടങ്ങളിൽ
വറുതിയൊടുങ്ങാത്തൊരടുപ്പതിന്റെ 
പിഞ്ഞിയ ഉടുപ്പിൽ നിന്നെടുക്കുന്ന
കരിപുരണ്ടൊരു,റൊട്ടിയിൽനിന്ന്,
കാല്കൊണ്ടളക്കുന്നു
വീടെന്ന വേരിന്റെ ദൂരം

എന്റെ രാജ്യംനടക്കുന്നു.
അഞ്ചാണ്ടിലൊരിക്കൽമാത്രം
വിരലറ്റത്ത് ജീവനുള്ള
ഭൂപടത്തിൽ
വീടില്ലാത്ത കാലുകളായി

നിരത്തുകളിൽ
ബസ്സ്റ്റാന്റുകളിൽ
പാലങ്ങളിൽ
റെയിൽവേ സ്റ്റേഷനുകളിൽ
പുഴയിൽ
തോണിയിൽ
കടലിൽ
കപ്പലിൽ
മണ്ണിൽ,ചേറിൽ,ചോരയിൽ

രാഷ്ട്രീയക്കാരേ,
കപടഭക്തരേ,
ഇതാനിങ്ങളുടെ-
ഉടലും തലയുമില്ലാത്ത
ഓർമ്മിക്കാനൊരു പേരില്ലാത്ത
കയ്യും,കാലും മാത്രമായ
നിങ്ങളുടെ തേനീച്ചകൾ
അഞ്ചാണ്ടിലൊരിക്കൽമാത്രം
വിരലറ്റത്ത് ജീവനുള്ള
നിങ്ങളുടെ കൃഷിസ്ഥലത്തെ
ഉഴവുകാളകൾ

ഒരു ലാടമെങ്കിലുമടിക്കൂ
ഞങ്ങളുടെ പാദങ്ങളിൽ!

നിങ്ങളുടെ സിംഹാസനങ്ങളുടെ
ചവിട്ടുപടികൾക്ക്
എന്റെ വീടെന്ന്, 
എന്റെകുഞ്ഞെന്ന്
നടന്ന് തീരുവാൻ
ഒരു ലാടമെങ്കിലുമടിക്കൂ
ഞങ്ങളുടെ പാദങ്ങളിൽ


Wednesday, May 20, 2020

അവളുടെ ആൾ /വി.ടി. ജയദേവൻ

കല്യാണ രാത്രിയിൽ
പലതും പറയുന്ന കൂട്ടത്തിൽ 
അവൾ പറഞ്ഞു, 
എനിക്കൊരു പ്രണയമുണ്ട്.

പുഴയിൽ വീണ 
പൂവിതളുകളിൽ ഒന്നുപോലെ 
പല വാക്കുകളുടെ ഒഴുക്കിൽ
ആ വാക്ക് ഒഴുകിയൊഴുകിപോയി,

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരഞ്ഞു വന്നില്ല.

കൂട്ടാൻ അടി കരിഞ്ഞപ്പോൾ
ഒരിക്കൽപോലും
നീ നിന്‍റെ മറ്റവനെയോർത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും വിരുന്നിനു പോകുമ്പോൾ
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കിൽ
ഓ, വഴിയിൽ മറ്റവൻ കാത്തുനിൽക്കും അല്ലേ
എന്നോ അയാൾ ചോദിച്ചില്ല.

വൈകിയെത്തിയ അന്ന് 
പൂച്ചയെപ്പോലെ 
മറ്റൊരു വിയർപ്പിന്‍റെ മണം
വരുന്നോ വരുന്നോ എന്ന് 
മൂക്ക് വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.

മരണസമയം അവൾക്കാണാദ്യം വന്നത്, 
കട്ടിലിൽ തലയണയോരത്തു കുനിഞ്ഞുനിന്ന് 
കാതിൽ പതുക്കെ,
മൃദുവായി അയാൾ ചോദിച്ചു:

പറയൂ
ഒരിക്കൽ കൂടെയൊന്നു
കാണാൻ തോന്നുന്നുണ്ടോ ?
വരാൻ പറയണോ ?
അവൾ ലജ്ജ കലർന്ന ഒരു ചിരി ചിരിച്ചു
വേണ്ട, അവൾ മന്ത്രിച്ചു
അദ്ദേഹം ഇപ്പോൾ വരും, 
ഞങ്ങൾ ഒന്നിച്ചു പോകും.

Tuesday, May 19, 2020

തൂപ്പുകാരി/കുഴൂർ വിത്സൺ

ഇലകളുടെ
ഭാഷ പഠിപ്പിക്കുന്ന
സ്കൂളിൽ ചെന്നപ്പോൾ
അവിടത്തെ
തൂപ്പുകാരി
പറഞ്ഞു

സർ,
ഞാനിവിടെ
പഠിക്കാനും
തുടർന്ന്
പഠിപ്പിക്കാനും
ചേർന്നതാണ്

അടർന്നു വീണ
ഇലകളെ
കൊഴിഞ്ഞു വീണ
ഇലകളെ
അടിച്ചു വാരലായിരുന്നു
എന്റെ
ആദ്യത്തെ
അസൈൻമെന്റ്

ഇലകളിൽ
ഗവേഷണം
കഴിഞ്ഞാൽ
ഇലകളുടെ
അമ്മ വീട്ടിലേക്ക്
സാറിനേപ്പോലെ
കാട്ടിലേക്ക്
പോകണം
എന്നു തന്നെയായിരുന്നു
എനിക്കും

ആരുമില്ലാത്ത
കരിയിലകളുടെ സങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാൽ
മതിയല്ലോ

ഞാനും
കാട്ടിലേക്കുള്ള
വഴി
മറന്നു



Saturday, May 9, 2020

തോറ്റുപോയവർ ജീവിക്കുമ്പോൾ/ആതിര ആർ.

തോറ്റു പോയവരെല്ലാം
തൊട്ടടുത്ത നിമിഷം മരിച്ചു പോകുന്നുവെന്ന്
ആരാണ് നിങ്ങളോട് പറഞ്ഞത്?

നിങ്ങക്ക് അറിയാഞ്ഞിട്ടാണ്
ഒരിക്കൽ തോറ്റവർക്ക്
പിന്നീടെല്ലാം എളുപ്പമാണ്

ഇനിയില്ലെന്ന് നിങ്ങൾ കരുതുന്നിടത്ത്
വേരുകളാഴ്ത്തി പതിയെ
അവർ നിവർന്നു നിൽക്കുന്നു

ചോര പൊടിഞ്ഞാലും നീറിപ്പുകഞ്ഞാലും
അവർ നടക്കുമ്പോൾ
കാൽപ്പാടുകൾക്ക് തെളിച്ചമുണ്ടാകുന്നു

ഇനിയാരും പിന്തുടരില്ലെന്ന ബോധമല്ലത്
ഇനിയാർക്കും എത്തിപ്പെടാൻ
കഴിയില്ലെന്ന ബോധ്യമാണത്

നോക്കി നോക്കിയിരിക്കെ
ഭൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക്
ഏച്ചുകെട്ടലുകൾ ഇല്ലാതെ
വർത്തമാനത്തിന്റെ ഊഞ്ഞാലാട്ടങ്ങളിൽ
അവർ ആകാശം തൊടുമ്പോൾ
ഇതെന്ത് കൺ കെട്ടെന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം
ഞാനെന്നെ തൊട്ടതു പോലെയെന്നവർ പുഞ്ചിരിക്കും.

നിങ്ങളേൽപിച്ച മുറിവുകളെക്കുറിച്ച്
നിരന്തരമവർ ഓർമ്മിപ്പിക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല.
പകരം നിങ്ങൾ കാണാത്ത
ഉദയാസ്തമയ ഭംഗിയെ കുറിച്ച്
മഞ്ഞു വീഴ്ചകളെ കുറിച്ച്
മഴയുടെ രാഗങ്ങളെക്കുറിച്ച്
വെയിലുമ്മകളെ കുറിച്ച്
എന്തിന്, കാപ്പിത്തോട്ടങ്ങൾക്കിടയിൽ
പാറിപ്പറക്കുന്ന മരതകവണ്ടുകളെ കുറിച്ചു പോലും
നിങ്ങൾക്കവർ പറഞ്ഞു തരും.

നോക്കൂ, തോറ്റുപോയവരൊക്കെ
പുതിയ ചരിത്രമെഴുതുന്നരാണ്
അതിൽ നിങ്ങളൊക്കെ മരിച്ചു പോയവരാണ്.

......../നോർമ്മാ ജീൻ

മഞ്ഞ് മലകൾക്കിടയിൽ
കപ്പലോടിക്കുന്ന
വ്യദ്ധനാവികാ,
നിങ്ങളോടെനിക്ക്
അടക്കാനാവാത്ത പ്രേമമാണ്

കുന്തിരിക്കം മണക്കുന്ന
 രാത്രിയിൽ
നിങ്ങളെയോർത്തിരിക്കുമ്പോൾ
ആകാശം മുട്ടുന്നൊരു മഞ്ഞുമലയെ
നിങ്ങൾ ഒറ്റയ്ക്ക്
വലം വെയ്ക്കുന്നുണ്ടാവാം

നിങ്ങളുടെ 
നരച്ച നെഞ്ചിൻ രോമങ്ങൾ,
അവയ്ക്കിടയിൽ നിന്ന്
ഞാൻ കണ്ടെടുത്ത 
പച്ചകുത്തലുകൾ

ഓർമ്മകളെൻ്റെ തുരുത്തുകള
തീർത്തുമൊറ്റപ്പെടുത്തുന്നു

ആകാശമത്രമേൽ 
തെളിമയില്ലാത്തതും
രാത്രിയത്രമേൽ ക്രുദ്ധമായതുമായ
എല്ലാ നേരങ്ങളിലും
ഞാൻ നിങ്ങളെയോർക്കുന്നു

എൻ്റെ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ
എത്രവേഗമാണ്
നിങ്ങളോടിണങ്ങിയിരുന്നത്
ഒരേയൊരു തലോടലിനാലവയിൽ
എത്രയെണ്ണത്തെയാണ്
നിങ്ങൾ കടത്തി 
കൊണ്ട് പോയത്

തൂവെള്ള കുപ്പായത്തിനരികിലെ
വയലറ്റ് ഞൊറികളിൽ
നിങ്ങൾ താമസിപ്പിക്കാറുള്ള
പർപ്പിൾ സുന്ദരിമാരൊടെനിക്ക്
അന്നുമിന്നും പകയാണ്

അവരുടെ നിതംബം 
കുലുക്കലുകളിൽ
ആടിയുലയുന്ന
കപ്പൽത്തട്ടുകളെന്നിൽ
അരിശമുളവാക്കാറുമുണ്ട്

അവരുടെ
നീലിച്ച മുലഞെട്ടുകളുതിർക്കുന്ന 
സംഗീതം
എന്നെ തുടർച്ചയായി
വിഷാദത്തിനടിമയാക്കുന്നു

എങ്കിലുമെൻ്റെ നാവികാ,
നിങ്ങളുടെ
ഇടത്തേ ചെവിയിലെ
നൂറ്റാണ്ടുകൾ പഴക്കമുള്ള
മുറിവിൻ്റെ വേദന,
അതെന്റേത് മാത്രമാണ്

എൻ്റെ ഓർമ്മത്തഴമ്പുകളുടെ
കൂട്ടവകാശി,
അടക്കിപ്പിടിച്ച
വേദനകളിൽ നിന്നെന്നെ രക്ഷിക്കാൻ
വേഗം വരിക

നിങ്ങളുടെ
കപ്പലിനു മാത്രമായുള്ളയെൻ്റെ
കപ്പൽ ചാലുകൾ

നിങ്ങളുടെ 
കൊടിമരത്തെ മാത്രം
മെരുക്കുവാനുള്ള
എൻ്റെ തീരത്തെ കാറ്റ്

നിങ്ങൾക്ക് മാത്രം 
നങ്കൂരമിടാനുള്ള
എൻ്റെ അടിത്തട്ടാഴങ്ങൾ

നിങ്ങളാൽ മാത്രം 
കണ്ടു പിടിക്കപ്പെടാൻ
കാത്തിരിക്കുന്ന
എൻ്റെ വൻകര സാധ്യതകൾ

എൻ്റെ നാവികാ,
നിങ്ങൾ വരുമെന്ന് കാത്ത്
നിങ്ങളെ മാത്രമോർത്ത്
ഏതോ ഭൂഖണ്ഡത്തിലെ 
ഞാൻ 

........./വിപിത

കൃത്യമായ ഇടവേളകളിൽ 
ഞാൻ എത്തി നോക്കുന്ന
ഒരു കൂടുണ്ടായിരുന്നു. 

കൂട്ടിൽ മൂന്ന് 
കുഞ്ഞുങ്ങളുണ്ടായിരുന്നു. 

അമ്മക്കിളിയ്ക്ക് 
നെറ്റിയിൽ 
പൊട്ട് വച്ച പോലൊരു 
മുറിപ്പാടുണ്ടായിരുന്നു.

കിളിയേതെന്ന് 
ചോദിക്കരുത് 

ഞാൻ പറഞ്ഞേക്കില്ല. 

സ്വകാര്യത മനുഷ്യന്റെ 
കുത്തകയല്ല പൊന്നേ 
ഞാൻ പറഞ്ഞേക്കില്ല. 

പപ്പടം കാച്ചുന്ന 
സമയത്ത് 
കൃത്യമായെത്തുന്ന 
അവൾക്ക് ഞാൻ 
മഗ്ദലീന എന്ന് 
പേരിട്ടു. 

ഒരിക്കൽ 
മഗ്ദലീന എനിക്ക് 
ഒരു തൂവല് 
കൊണ്ടുത്തന്നു. 

അവളുടേതല്ല 
ചാര നിറത്തിലൊന്ന്. 

ഞാൻ കൂട്ടിലേക്ക് 
എത്തി നോക്കി. 

കൂടാകെ 
തൂവലുകൾ. 

ചാമ്പൽ നിറങ്ങൾ. 

കുഞ്ഞുങ്ങളില്ല. 

ഞാൻ കരഞ്ഞു. 

മഗ്‌ദലീന എന്റെ 
ചുണ്ടിൽ 
കൊക്കുരുമ്മി. 

ശേഷം 
ഞാനും മഗ്ദലീനയും 
ഒന്നിച്ചു 
പപ്പടം കാച്ചി.

ജീവനൂട്ട് /സെറീന

നിന്റെ സ്വരമിടറുമ്പോൾ
ഉള്ളിലൊരു  തൊട്ടിൽ 
പിന്നെയും കുലുങ്ങുന്നു 
എത്ര ആഴമുള്ള ഉറക്കത്തിന്റെ 
കയങ്ങളിലേക്കും  ഒരു അനക്കം 
കൊണ്ട് നീ വന്നെത്തുന്നു 
ആധിയുടെയും ആനന്ദത്തിന്റെയും 
വലിയ  തിരമാലകൾ, 
ജീവന്റെ കടൽ.  

കരച്ചിലിന്റെ കരിവളകൾ 
കിലുങ്ങുന്നു, 
ഏതോ വെയിൽ മുറ്റത്തു 
നിന്നു നിന്നെയെടുത്തു 
നെഞ്ചോടടുക്കുന്നു. 

കുഞ്ഞു കരച്ചിലൊച്ചയെ 
മുക്കിക്കളഞ്ഞാലോ 
പൈപ്പ് വെള്ളത്തിന്റെ കലമ്പലെന്ന് 
പാതിയിൽ തീർന്ന കുളികൾ 
ഉറക്കത്തിലും തുറന്നിരുന്ന മനക്കണ്ണുകൾ 
നിനക്കൊപ്പം നടക്കാൻ പഠിച്ച ജീവൻ.

കൈനീട്ടി നിൽക്കുന്നു, 
കിളികൾ, കുഞ്ഞാടുകൾ 
കാറ്റുകൾ, കടൽ 

കണ്ടതൊക്കെയും നിന്നോട് മിണ്ടുന്നു 
അതൊക്കെയും 
എനിക്ക് മാത്രം തിരിയുമിളം വാക്കായി 
മൊഴി മാറുന്നു 

പേറ്റു നോവ് വെറുതേ കടം പറയുന്ന കഥയാകുന്നു, 
ഓരോ ശ്വാസത്തിലും നിന്നെ 
പെറ്റുകൊണ്ടേയിരിക്കുമ്പോൾ. 

ഓർമ്മ സർവ്വ ഭാഷകളിലും 
ഒരേ ലിപിയുള്ള കവിതയാകുന്നു 
പ്രപഞ്ചത്തെയാകെ 
മുലയൂട്ടുവാനുടൽ തരിക്കുന്നു 
വന്യഗന്ധവുമായൊരു പൂ വിരിയുന്നു 
മുലപ്പാൽ മണക്കുന്നു
മരണം തിരിച്ചു പോവുന്നു

Friday, May 8, 2020

...../നോർമ്മാ ജീൻ

ആത്മാവുള്ള
ആണൊരുത്തൻ്റെ പ്രണയത്താൽ
എൻ്റെ വയലേലകൾ
നിമിഷ നേരം കൊണ്ട്
പൂത്ത് തളിർക്കുന്നു

അവൻ്റെയൊരുമ്മയാൽ
എൻ്റെ വേലിപ്പരുത്തികൾ
എല്ലാ കാലത്തേക്കുമെന്ന പോൽ
പടർന്ന് പന്തലിക്കുന്നു

അവൻ്റെ 
പേരിൽ ഞാൻ
ആയിരം മെഴുകുതിരികൾ 
നേരുന്നു

അവരെൻ്റെ നിറത്തിനെ പറ്റി
അസ്വസ്ഥരാകുമ്പോൾ
ഞാനവനുമായി
അവസാനമില്ലാത്ത 
ഭോഗത്തിലേർപ്പെടുന്നു

ഞങ്ങളുടെ കുഞ്ഞുങ്ങളെയവർ
കറുത്തവരെന്നും വെളുത്തവരെന്നും
വേർതിരിക്കുമ്പോൾ
ഹൃദയത്തിൻ്റെ ഉപയോഗങ്ങളെ കുറിച്ചവൻ
കുഞ്ഞുങ്ങളോട് വാചാലനാവുന്നു

മുക്കിയും മൂളിയും ഞരങ്ങിയും
മാത്രമൊരു ജീവിതമെന്നെ
ചേർത്ത് പിടിക്കുമ്പോൾ
അവനെ മാത്രമോർത്തെനിക്കതിൽ നിന്നും
ഇറങ്ങിപ്പോരാനേ ആവുന്നില്ല

ഞാവൽപ്പഴ നീലിച്ചകൾ
കരിനൊച്ചി പച്ചപ്പുകൾ
നന്നായ് വെട്ടിയൊരുക്കിയ
പൂന്തോട്ടമെന്ന പോൽ
ഞാൻ ഉത്സാഹവതിയായ്
കാണപ്പെടുന്നു

എങ്കിലും
'ഒരു തോണിക്കാരൻ്റെ ഏകാന്തത' എന്നത്
അത്രയ്ക്കങ്ങ് നിസാരവൽക്കരിക്കാവുന്ന
ഉപമ അല്ലെന്ന്
എനിക്ക് നന്നായറിയാം

ഒറ്റയ്ക്കാക്കിയേക്കുന്ന 
സമവാക്യങ്ങളോടെല്ലാം
അതിശക്തമായി കലഹിക്കുന്നു
വെന്ത് വെന്തില്ലാതായേക്കാവുന്ന
നേരങ്ങളിലൊക്കെയും
കുന്തിരിക്കം മണക്കുന്ന
നിൻ്റെ ചുണ്ടുകളെ ധ്യാനിക്കുന്നു

അതിശൈത്യം നിറച്ചയെൻ്റെ
ചില്ല് കുപ്പികളെയൊക്കെ
അടുത്ത ജൻമത്തിലേക്കായി
മാറ്റി വയ്ക്കുന്നു

സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം

Wednesday, April 15, 2020

നോട്ടം/ചിത്ര.കെ.പി

കാട്ടുപൂവിന്റെ ഇതളുകൾ,
കണ്ണുകൾ.

ഒരു നോട്ടത്തിൻ മിന്നൽ.

തിളക്കങ്ങളെല്ലാം
കൊത്തിപ്പറക്കുന്നു
പക്ഷികളുടെ ഒരു കൂട്ടം,
കരയിലും സമുദ്രത്തിലും 
വെളിച്ചത്തിന്റെ വിത്തുകൾ
വിതയ്ക്കുന്നു.

മണ്ണിന്റെയും ജലത്തിന്റെയും
അടരുകളിൽ
നൂറായിരം പ്രാണികൾ,
അക്കങ്ങളല്ല
വെറും അക്കങ്ങളല്ല
പേരുകളെന്ന് കുറിച്ച് വയ്ക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപേ
മരിച്ചു പോയൊരാൾ
ശ്വാസം പിടഞ്ഞെഴുന്നേറ്റ്,
ശൂന്യമായ തെരുവുകളിലൂടെ നടക്കുന്നു.
കൂട്ടക്കുഴിമാടങ്ങളിലൊന്നിൽ
ഒരുപിടി മണ്ണ് ചൊരിയുന്നു.

മുള പൊട്ടി വിരിയുന്നു
കാട്ടുപൂവിന്റെ ഇതളുകൾ പോലെ
എണ്ണമറ്റ എണ്ണമറ്റ
കണ്ണുകൾ.

അവയുടെ 
ഒടുവിലത്തെ നോട്ടത്തിൽ
ആകാശവും ഭൂമിയും
പിളർക്കുന്ന മിന്നൽ.

Monday, April 6, 2020

പെരുമഴത്തോട്ടം/വിഷ്ണു പ്രസാദ്

പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം

വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു

കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും

ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു

ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു

പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു

തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു

ആകാശം അതിന്റെ കറുത്ത മുലകളെ
നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ

കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു

കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളകിക്കൊണ്ടിരിക്കുന്നു.

Monday, March 30, 2020

നനഞ്ഞ്/വിഷ്ണു പ്രസാദ്

മണ്‍ തരികളായാലും ഞാന്‍ നിന്നെ ഓര്‍മിച്ചേക്കും.
നിന്റെ കാലടികളില്‍ പറ്റി നിന്നോടൊപ്പം സഞ്ചരിക്കും.
ജലത്താല്‍ അന്നും നീയെന്നെ വേര്‍പെടുത്തും.
നീ ഉറങ്ങുമ്പോഴും നിന്റെ വീട്ടുവാതില്‍ക്കല്‍
ഞാന്‍ ഉണര്‍ന്നിരിക്കും,നനഞ്ഞ്...

മൂന്നു കുട്ടികള്‍ ആകാശം കാണുന്നു/ചിത്ര.കെ.പി

വീടിന്റെ മേല്‍ക്കൂരയില്‍ 
മലര്‍ന്നു കിടന്നു 
ആകാശം കാണുന്നു 
രണ്ട്  ചെറിയ കുട്ടികള്‍,
ഞാനും.

അസ്തമയച്ചുവപ്പിന്റെ 
ഒരു മുട്ടായിത്തുണ്ട്.
തുമ്പപ്പൂ നക്ഷത്രങ്ങള്‍. 
റബ്ബര്‍ വച്ച് മായ്ച്ച പോലെ  
മാഞ്ഞു പോയ നിലാവ്.

ഈ ആകാശമാണോ ഭൂമിയെന്നൊരാള്‍
ഈ ഭൂമിക്കുള്ളിലാണോ നമ്മളെന്നു മറ്റൊരാള്‍.
ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍.

ശ്വാസം മുട്ടിക്കുന്ന ഇരുട്ട്.
കുട്ടികള്‍ ഭയന്നുരുമ്മിക്കിടക്കുന്നു,
ഞാനും.
നിഴലുകള്‍ അവരെ ഭയപ്പെടുത്തുന്നു 
എന്നെയും.
അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു 
ഞാനും.

ഉള്ളില്‍ 
മറ്റൊരാകാശത്തില്‍
ഉദയവും അസ്തമയവുമറ്റ പകലുകള്‍ 
ഇരുള്‍ ഗുഹകളായ നക്ഷത്രങ്ങള്‍ 
മാഞ്ഞു മാഞ്ഞു പോകുന്ന ഒരു ചന്ദ്രന്‍.

മൂന്നു കുട്ടികള്‍ 
ആകാശം കണ്ട്‌  കിടക്കുന്നു.
തിരക്കുകളേതുമില്ലാതെ 
വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.

Friday, March 27, 2020

പുഴയുടെ കാലം/എ.അയ്യപ്പന്‍

സ്നേഹിക്കുന്നതിനുമുമ്പ്
നീ കാറ്റും
ഞാനിലയുമായിരുന്നു.

കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കു കരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.

തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു.

ഞാന്‍ തടാകമായിരുന്നു
എനിക്കു മുകളില്‍
നീയൊരു മഴവില്ലായിരുന്നു.

ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.

ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.

ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.

ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.

ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.


Saturday, March 21, 2020

ചാപിള്ളകളുടെ കാഴ്ചബംഗ്ലാവ് / കൽപ്പറ്റ നാരായണൻ

ചാപിള്ളകളുടെ
വലിയൊരു ശേഖരമുണ്ടെനിയ്ക്ക്.
നിർത്താത്ത ബസ്സിനായി
നീട്ടിയ കൈകളുടെ.
ഇങ്ങോട്ട് കിട്ടാത്തതിനാൽ
ചത്ത ചിരികളുടെ.
ഇങ്ങോട്ട് നീട്ടാത്തതിനാൽ
അലസിപ്പോയ ഹസ്തദാനങ്ങളുടെ.
എന്നെത്തിരിച്ചറിഞ്ഞതും
കെട്ടുപോയ മുഖങ്ങളുടെ.
പോയകാര്യം നടക്കാത്ത യാത്രകളുടെ
അതിലും നീണ്ട മടക്കയാത്രകളുടെ
കുഴിച്ചിട്ട് മുളയ്ക്കാത്ത
വിത്തുകളുടെ
വാടിപ്പോയ
വൈകുന്നേരങ്ങളുടെ.
ചന്തയിലെ വില്പനക്കാരൻ
വായിയ്ക്കുന്നതു കണ്ട് വാങ്ങി
വീട്ടിലെത്തി വായിച്ചപ്പോൾ
വികല ശബ്ദം പുറപ്പെടുവിച്ച മൌത്ത് ഓർഗന്റെ.
കളി തീർന്ന കളിക്കോപ്പിന്റെ
കൌതുകം നഷ്ടപ്പെട്ട കൌതുകവസ്തുവിന്റെ.
എഴുതിയപ്പോൾ
എഴുതാനാശിച്ചതിന്റെ.
കൈവന്നപ്പോൾ
കൈവരാൻ കൊതിച്ചവയുടെ
വലിയ ശേഖരമുള്ള
കാഴ്ചബംഗ്ലാവുണ്ടെനിയ്ക്ക്.

Friday, March 20, 2020

അസാദ്ധ്യമായ്/വി.എം.ഗിരിജ

തണുപ്പിക്കൂ തണുപ്പിക്കൂ
ചുടുന്നൂ മരുഭൂമികൾ
കുളിർപ്പിക്കൂ കുളിർപ്പിക്കൂ
മൂളുന്നൂ വേനൽരാവുകൾ

തളിർപ്പിക്കൂ തളിർപ്പിക്കൂ
ചില്ലകൾ ധ്യാനമൗനമായ്
തരൂ തരൂ തണൽപ്പന്തൽ
തരൂ ചോട്ടിൽ സുഖം ലയം

പറയൂ പറയൂ കാത്
മധുരിപ്പിക്കുന്ന വാക്കുകൾ
ചേർക്കൂ നെഞ്ചിൽ ലയിപ്പിക്കൂ
വിശ്വത്തിൻ തീവ്രവേദന

പറ്റിപ്പറ്റിയിരിക്കാനും
പിരിയാനും, അകന്നിടാൻ
മറയാൻ മറ്റൊരാളാവാൻ
കൊതിപ്പൂ ഞാൻ അസാദ്ധ്യത.


കവി(ത)മുറി/സന്ധ്യ പത്മ

ലഹരിയും പ്രണയവും
മത്സരിച്ചു തിന്നു തീർത്ത
ഒരുവന്റെ
കരളിന്റെ ശേഷിപ്പിനെ
ചില്ലിട്ടു സൂക്ഷിച്ച മുറി.

ജനിക്കും മുമ്പേ
മരിച്ചു പോയ കവിതയെ
അറവു ശാലയിൽ നിന്നോടിപ്പോയ
ക്ടാവിനെ
കുയിലേ എന്നു വിളിച്ചാൽ
മയിലേ എന്നു മിണ്ടുന്ന
പെണ്ണിനെ
അവന്റെ വീഞ്ഞിനൊപ്പം
കൂട്ടിരുത്തുന്നു.

മടിപിടിച്ചുറങ്ങുന്ന
പുതപ്പിനുള്ളിൽ
അവനവനെ കൊന്നു തിന്നുന്നു.

പിണങ്ങിപ്പോയ സൈക്കിള്‍/കന്നി എം

കണ്ണാടിയുടെ ചില്ലില്‍
എന്നെ വിളിക്കല്ലേ എന്ന് രണ്ട് കണ്ണ്
സൈക്കിളിന്റെ പിറകില്‍ ഒരു കാക്ക
ചങ്ങലയഴിയുന്നതിന്റെ
സൈക്കിളിഴയുന്നതിന്റെ
പാട്ട് കെടുന്നതിന്റെ
മണ്‍തരി വായില്‍ ശ്വാസം തേടുന്നതിന്റെ
ഒടിച്ചുകളഞ്ഞ ചില്ലയുടെ കറ ഒഴുകുന്നതിന്റെ

എല്ലാത്തിന്റേയും
പടമെടുത്ത് പറന്നുപോവുന്ന കാക്ക

കവണയില്‍ നിന്ന് തെറ്റുന്ന കല്ല്
കാഷ്ഠം ഭയന്ന് മുഖം മൂടുന്ന കണ്ണാടി
കാക്കത്തൂവല്‍ - കിളിമുടി പക്ഷിത്താടി.

ടയറിനെ മണത്തുനോക്കുന്ന ഓന്തും പിള്ളേരും
ശ്വാസത്തിനെതിരെ
മീശയില്‍ കടിച്ചുപ്പിടിച്ച് പുളിയുറുമ്പുകളുടെ മുദ്രാവാക്യഘോഷണം
വെള്ളത്തില്‍ മുങ്ങിക്കപ്പല്‍ കളിച്ചിരുന്നപ്പോള്‍ കുമിളയാത്ര
എണ്ണിയവളുടെ ഫോണ്‍വിളി
മുയല്‍ച്ചെവിയന്‍ പൂവാങ്കുറുന്നിലകളുടെ കാടിന്റെ
ചുവപ്പന്‍ പാടമെന്ന പരിണാമം
തഴുതാമയുപ്പേരിയുടെ രുചി തങ്ങുന്ന ഉമിനീര്‍
പുരികപ്പാളത്തിലെ പഴുതാരയോട്ടങ്ങള്‍
ഡൈനാമോ ഊര്‍ന്ന് പോയതറിയാത്ത
സൈക്കിള്‍ ലൈറ്റ് , അതിനെ ഒക്കത്തിരുത്തിയ ഹാന്‍ഡില്‍
കണ്ണാടിയില്‍ കൊത്തിക്കൊണ്ട്
ആ നിമിഷത്തെ അലസമായി പിന്നിലേക്ക്
നീക്കിനീക്കിപ്പിടിക്കാനറിയാവുന്ന
മണ്ണാത്തിപ്പുള്ളിന്റെ വിളിയും
ചിത്രമായി പതിഞ്ഞുകാണും

ഭും എന്നൊച്ചവെച്ച വമ്പന്‍ വണ്ടിയുടെ
ചക്രച്ചാലില്‍ കിനിഞ്ഞ് പെട്രോള്‍ പാട
മുടിക്ക് ചുറ്റും കണ്ണീര്‍ഭൂപടം, അതില്‍ പിറകോട്ട് ചലിക്കാനാവാത്ത
പാട്ടേന്തുന്ന ഉറക്കെയുള്ള നിലവിളി

(ഇതിപ്പോള്‍
മണ്ണൊഴുകാന്‍ തുടങ്ങുകയും
ഓലത്തെയ്യം കൂക്കാന്‍ തുടങ്ങുകയും
വടക്കേച്ചിറയില്‍ കാക്കകള്‍ നീന്തിത്തുടിക്കുകയും
ചെയ്യുമ്പോഴുണരുന്ന പാട്ടിനെക്കുറിച്ചാണ് പറയുന്നത്)

കെട്ടുപോകുന്ന താളങ്ങളെ മാത്രം കുടിച്ചുവീര്‍ക്കുന്ന
നിമിഷത്തില്‍ ജയിക്കുന്ന കാമറകളുണ്ട്.

പാട്ടിന്‍വയറില്‍ നമ്മളുറങ്ങുമ്പോള്‍
ഒരു സൈക്കിളുന്തി സമയം പിറകിലൂടെ ഓടിക്കളയുന്നു.

Wednesday, March 18, 2020

മൊഴിമാറ്റം/കെ.പി.റഷീദ്

മഴ എന്ന് പറയുമ്പോൾ
മുറിവ് എന്നു കേൾക്കുന്ന
ഒരാളും
വെയിലെന്ന് കേട്ടാൽ
കുട തുറക്കുന്നൊരാളും
ഇനിയും പിടികിട്ടാത്തൊരു കാര്യം
വാക്കു കൊണ്ടു വെളിവാക്കാൻ
നടത്തുന്ന 
എണ്ണമറ്റ വിവർത്തന ശ്രമങ്ങളല്ലാതെ
മറ്റെന്താണ് പ്രണയം?

സ്വപ്നമെന്ന് കേട്ടാൽ
ഞാനിപ്പോഴും,
വസന്തത്തിന്റെ വിജാഗിരികൾ
അടർന്ന വാതിൽ
വരച്ചുവെയ്ക്കുന്നു.
അതിൽപന്തലിക്കുന്ന
ലോലമായ
പാട്ടിലകളിലൂടെ കയറി
ഉറക്കമേ എന്ന്
വിരാമചിഹ്നമിടുന്നു. 

നിനക്കോ, 
സ്വപ്നമെപ്പോഴും
സിരകളിലൂടെ 
മദ്യപരെപ്പോലെ
മയങ്ങി മയങ്ങി പോവുന്ന
പേക്കിനാക്കളുടെ
ഗോവണി.

ചുരങ്ങൾക്കിരുപുറം പൂക്കുന്ന
മരണത്തിന്റെ മഞ്ഞുമറ കാൺകെ
ഞാനൊരു 
ഞെക്കുവിളക്ക് തേടുന്നു,
നീയോ,
എല്ലാ വിളക്കുമണച്ച്
ഒരു പൂച്ചയെ
പുഴകടത്താൻ 
കാല് വെള്ളത്തിലേക്ക് നീട്ടുന്നു.

വാക്കുകൾ 
മനസ്സിലായിത്തുടങ്ങുന്ന
നേരത്താവണം
പ്രണയത്തിന്റെ
ബോർഡിൽ
ആരെങ്കിലും
മരണമെന്നെഴുതി
അമ്പടയാളം ഇടുന്നത്.

ഭൂമിക്കല്ല്/ചിത്ര.കെ.പി

നാല് വയസ്സുകാരൻ 
കുഞ്ഞൻ
സ്കൂളിൽ നിന്ന് വന്നു,
കൂട്ടുകാരനോട് 
പിണങ്ങിയ കഥ പറഞ്ഞു.
അവനടിച്ചെന്നും, ഞാങ്കരഞ്ഞെന്നും
ഇനി കളിക്കാൻ കൂടില്ലെന്നും
അവന്റെ പിറന്നാളിന്
കേക്ക് മുറിക്കാൻ പോവില്ലെന്നും
ഒറ്റശ്വാസത്തിൽ പറഞ്ഞ്
പരാതി വണ്ടിയായ്
ഓടിപ്പോയി.

പിണക്കം വരുമ്പോഴൊക്കെയും
അവന്റെ മുഖം
കൂർത്ത് കൂർത്ത് വന്നു,
കണ്ണിൽ പുതുരസങ്ങൾ വന്നു,
കുഞ്ഞിക്കൈ വീശിയുള്ള
അടിയിൽ വേദനയുടെ
തിണർപ്പുകൾ വന്നു.

അവനോടുന്ന വഴികളിൽ
പക മുതിരുന്നതും
അതിരുകളിൽ
മുറിവ് മുള പൊട്ടുന്നതും 
കളിയിടങ്ങളിലെ 
വെള്ളാരങ്കല്ലുകളിൽ
ചോര പൊടിയുന്നതും അറിഞ്ഞു.

ഇനി രക്ഷയില്ലെന്നോർത്ത്
കല്ലുകളെല്ലാം തെരുത്ത്
ഒരു മൂലയിലേക്കിട്ട്
തിരിയുമ്പോൾ കണ്ടു
രാവിലെ
പിണങ്ങിയ കൂട്ടുകാരനോടൊപ്പം
കുഞ്ഞൻ
മണ്ണപ്പം ചുട്ട് കളിക്കുന്നത്,
ആർപ്പ് വിളിച്ചോടുന്നത്,
ചിരിച്ച് മറിയുന്നത്.

കളിയുടെ ഓളത്തിൽ, അവന്റെ
മൂക്കിൻ തുമ്പിൽ നിന്നും തെറിച്ച 
വിയർപ്പിന്റെ ഒരു തുള്ളിയിൽ,
ഭൂമി, ഒന്ന് മുങ്ങി നിവർന്നു.

അടിയിൽ
വെള്ളാരങ്കല്ലുകൾ
തെളിഞ്ഞ് കിടന്നു.

സാറ്റ്/ആര്‍.സംഗീത

അകത്തളങ്ങള്‍ മടുക്കുമ്പോള്‍
കുട്ടി ദൈവവുമായി
ചില കളികളില്‍ ഏര്‍പ്പെടും

'എണ്ണിത്തുടങ്ങുമ്പോള്‍
നീ ഒളിക്കെ'ന്ന് ദൈവം

വെയില്‍ കുലുക്കിക്കുത്തിയ
ഇലകള്‍ക്കിടയില്‍
ഞാന്നുകിടന്നും
പുഴയുടെ അടിവയറ്റിലെ
ഇളംചൂട് വെള്ളത്തില്‍
മീനായി പറ്റിക്കിടന്നും
കുട്ടി രസിക്കും
ദൈവമല്ലേ
എവിടെയാണെങ്കിലും
കണ്ടുപിടിക്കും

ഒടുവില്‍ മണ്ണിനടിയിലൂടെ
നൂണ്ടിറങ്ങി
ഉള്ളിലെ രഹസ്യ അറയില്‍
ഉറങ്ങിയ പോലെ
കണ്ണടച്ച് ചുരുണ്ട് കിടന്നു

ഓര്‍മ്മകള്‍ മരവിച്ച
ഒരു സ്ത്രീ
എന്നുമവിടെ വന്നിരിക്കും
ഭൂമിയുടെ അറ്റത്തുനിന്നു
ഒഴുകിയെത്തുന്ന ഒരു കടല്‍
അവരുടെ കാല്‍വെള്ളയ്ക്കടിയില്‍
ഉപ്പുപരലുകളായി വിങ്ങിപ്പഴുത്തു.
കുട്ടിയവരെ അമ്മേ എന്നു
വിളിച്ചു കരഞ്ഞു

അന്നാദ്യമായി ദൈവം
സാറ്റ് വയ്ക്കാന്‍ മറന്നു

■■■■■■■■■■■■■■■■■

പൂർണം/രാംമോഹൻ പാലിയത്ത്

നമ്മൾ തിന്ന
മീനുകളുടെ കൊച്ചുമക്കൾ 
നമ്മുടെ ചിതാഭസ്മം നോക്കി ചിരിക്കും. 

നമ്മൾ തിന്ന
പോത്തുകളുടെ കൊച്ചുമക്കൾ
പള്ളിപ്പറമ്പിലെ പുല്ലു തിന്നും.

നമ്മൾ തിന്ന
കണ്ണിമാങ്ങകളുടെ കളിക്കൂട്ടുകാർ 
നമ്മുടെ ചിതയിലെ 
മാവിൻ വിറകായ് വരും.

നമ്മളുടുത്ത
പട്ടുടയാടകൾക്കായ് പിടഞ്ഞുചത്ത പുഴുക്കളുടെ കസിൻസ് 
മണ്ണിനടിയിൽ നമ്മളെ തിന്നാന്‍ കാത്തിരിക്കും .

പൂജ്യത്തിൽ നിന്ന് 
പൂജ്യമെടുത്താൽ
പൂജ്യം ബാക്കിയാവും.


Sunday, March 15, 2020

പറഞ്ഞുപറഞ്ഞു കയറുന്ന കാടുകൾ/ജയദേവ് നയനാർ

നിന്നെപ്പറ്റിപ്പറഞ്ഞ് ഒരു മഴയെ
ഏറെ നുണകളിൽ 
കുളിപ്പിക്കുമായിരുന്നതിൽപ്പിന്നെ.
മേഘത്തിൽ നിന്‍റെ മേൽവിലാസമുള്ള
വീട്ടിൽ നീയൊളിച്ചുതാമസിക്കുമായിരുന്നത്.
അതിനു മുന്നിൽ വെള്ളത്തിൽക്കൊത്തിയ
ഒരു മരമുണ്ടായിരുന്നത്.
അതിന്‍റെ കൊമ്പുകളിൽ ഒരു കൂട്ടം
പരൽമീനുകൾ കുളിച്ചുതാമസിക്കുമായിരുന്നത്.
അതിന്‍റെ കൊമ്പിൽ മഞ്ഞുകാലം
കൂടുവച്ചിരുന്നത്. 
അതിന്‍റെ ഇലകൾ തുള്ളികളായി
പൊഴിഞ്ഞുവീഴുമായിരുന്നത്.
മഴക്കാലത്ത് അതിലകളെല്ലാം
പൊഴിച്ച് തണുത്തുവിറക്കുമായിരുന്നത്.

ഓരോ നുണയ്ക്കും മഴയത്രയും
പൊട്ടിയ മഴയ്ക്കിടയിലൂടെ 
ചോർന്നൊലിക്കുമായിരുന്നു.

അവിടെ നിന്‍റെ മേൽവിലാസമുള്ള
ഉടലിൽ ഒരു മേഘം കുറെക്കാലം
ഒളിച്ചുതാമസിക്കുമായിരുന്നത്.
അവിടെ ഏറ്റവും കൂടുതൽ നനഞ്ഞ
ഒരു മഴയുണ്ടായിരുന്നത്.
മഴയുടെ കൊമ്പുകളിൽ ഒരു കൂട്ടം
കണ്ണീരുകൾ കുളിച്ചുതാമസിച്ചിരുന്നത്. 
മഴയുടെ കൊമ്പുകളിൽ നിന്ന്
മഞ്ഞുമലയിടിഞ്ഞിരുന്നത്.
മഞ്ഞുമലയിടിച്ചിലിൽ മൂടിപ്പോവുമായിരുന്ന
കണ്ണീരുകളെ മേഘത്തിലിട്ടു
വളർത്തിയിരുന്നത്.

ഓരോ നുണയിലും മേഘമത്രയും
നനഞ്ഞുപോവുമായിരുന്നു.
പെയ്യാൻ മറന്നുപോവാൻ മാത്രം
നനഞ്ഞുകുതിർന്ന്.
.

നിന്നെപ്പറ്റി ഒരു മഴയോട്
പറയമെന്നു വിചാരിച്ച്
മടുത്തതിൽപ്പിന്നെയാണ്.
ഒരു മഴയും പെയ്യാനിഷ്ടപ്പെടാത്ത
മറ്റൊരു മഴയെപ്പറ്റിപ്പറഞ്ഞ്.

പെയ്യുന്ന മഴയിലേക്കു പെയ്യിക്കുന്ന
ഒരു മഴയെപ്പറ്റിയത്രയും
വിചാരിച്ചിരിക്കെ.
പറഞ്ഞാൽക്കേൾക്കില്ല, 
മഴകൊണ്ടു നനഞ്ഞുവന്ന
മഴയാണ് തലതുവർത്താതെ 
ഭൂമിയിലേക്ക് ചോർന്നൊലിച്ച്.
തൊടിയെ കലക്കിൽക്കുളിപ്പിച്ച്.
മഴയെച്ചവിട്ടിക്കൊണ്ടുവന്ന്
ഉമ്മറമെന്ന് വിളിപ്പിച്ച്.
ഒരു മഴയും പെയ്യാനിഷ്ടപ്പെടാത്ത
മറ്റൊരു മഴയെക്കുറിച്ച്
നിന്നോടു പറയാനിരിക്കുകയായിരുന്നു.
ഒരിക്കലും പറഞ്ഞില്ല,
ഒരിക്കലും പെയ്യാതെ പോയ മഴയെക്കുറിച്ച്.
.

സങ്കടങ്ങളുടെ ചിറാപ്പുഞ്ചിയെ
ഏതു മഴയിലാണ് 
വരച്ചടയാളപ്പെടുത്തുക.
ഒരു മഴയും പെയ്യാൻ
മടിക്കുന്നിടത്ത്.
നിന്റെ ഉടലിലെത്തിയാൽ പെയ്യേണ്ടതില്ലാത്ത
മഴയെക്കുറിച്ചു പറയുകയായിരുന്നു.
പെയ്യേണ്ടതില്ലാത്ത ഒരു മഴയോ ?
വീശേണ്ടതില്ലാത്ത ഒരു കാറ്റോ ?
ഒഴുകേണ്ടതില്ലാത്ത ഒരൊഴുക്കോ ?

ഓരോ നുണയിലും മഴയത്രയും
ചോർന്നൊലിക്കുമായിരുന്നു.

അതെ. അതെ.
പെയ്യേണ്ടതില്ലാത്ത ഒരു മഴ തന്നെ.
പകരം അത്രയും നനഞ്ഞുപോയ
ഒന്നിനെ മറ്റെവിടെയും കാണാതെ.
.

ഓർമകളുടെ മഴക്കാടിനെ
ഏതു മഴയിലാണ്
വരക്കുക.
അതിലെ ഏറ്റവും നിഗൂഢമായ
അകത്തേക്കുള്ള കാട്ടുവഴി
തുറന്നുകിടപ്പുണ്ടാവില്ല.
ഇരുട്ടിന്‍റെ അടിക്കാടുകളിൽ
ഓരോ കരിയിലയും അനങ്ങുന്നത് 
അതിനുതന്നെ വേണ്ടിയായിരിക്കില്ല.
ഓരോ ഒച്ചയും ശബ്ദിക്കുന്നത്
സ്വന്തമായി ഒച്ചവയ്ക്കാനായിരിക്കില്ല.
ഓരോ മണവും വിയർക്കുന്നത്
അതിനു മണക്കാനായിരിക്കില്ല.

അത്തരമൊരു മഴയിലേക്കാണ്
പെയ്യേണ്ടതില്ലാതിരിക്കുന്നത്.
അങ്ങനെയൊരു കാടുണ്ട്.
നീയവസാനമായി ഉടലുപേക്ഷിച്ച്
ഒളിച്ചുതാമസിച്ചത്.
.

ഓരോ മഴയിലും നിനക്കൊരു
കത്തയച്ചിരുന്നു.
അതോരോന്നുമടുത്ത മഴയിൽ
മടങ്ങിവന്നിരുന്നു.
മേൽവിലാസങ്ങളിലൊന്നും
അടുത്തിടെ മഴ പെയ്തില്ലെന്ന
മടക്കത്തപ്പാൽ സ്റ്റാംപൊട്ടിക്കാതെ.

Thursday, March 12, 2020

ഉച്ചകളുടെ ഗസ്സൽ / ആർ.സംഗീത

നട്ടുച്ചകളുടെ 
ഹാർമോണിയ കട്ടകളിൽ
അലിഞ്ഞ്
നിമിഷങ്ങളുടെ 
കുഞ്ഞ്കൂടുകളിൽ നിന്ന്‌
കാറ്റുലച്ച ശിഖരപ്പച്ചകളിലേയ്ക്ക്
കിളികളെ പറത്തി
കളിക്കുകയാണ് 
ഞാനും അവനും

ഉരുകിയൊലിച്ച വെയിൽ
ജനൽ പാളികളിൽ
പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്
കിടക്ക വിരിയുടെ ചുളിവുകളിൽ 
കുടുങ്ങിപ്പോയ 
ചിറകരിഞ്ഞിട്ട
ചൂടുകൾ
കൊക്ക് പിളർത്തുന്നുണ്ട്

വിരസതയുടെ വിള്ളൽപാടുകളിൽ 
കുഴിച്ചിറങ്ങി
തണുപ്പിന്റെ ഉറവകളിൽ 
തട്ടുമ്പോഴാണ്
നമ്മൾ പരസ്പരം
വച്ച് മാറുക

നീ ഞാനാവുന്നു
ഞാൻ നീയും

നീയെന്റെ കണ്ണുകളിൽ
തൊടുന്നു
കടലോർമ്മയിൽ രണ്ട് മീനുകൾ
പുഴയെ തിന്നുന്നു
നീയെന്റെ
ചുണ്ടുകൾ മുകരുന്നു
നൂല് പൊട്ടിയൊരു പട്ടത്തെ
മേഘങ്ങളിലെക്ക്
അഴിച്ച് വിടുന്നു
നീയെന്റെ
കടലുകളെ..
ചുഴികളെ,
മരുഭൂമികളെ
വയലുകളെ
താഴ് വരകളെ
മരങ്ങളെ
പൂക്കളെ
ഇലകളെ
മഞ്ഞ്പാളികളെ
താലോലിക്കുന്നു
ഋതുക്കളുടെ
മെഴുകു ശിൽപ്പങ്ങൾ
ഒരുക്കുന്നു

പകലിന്റെ അയഞ്ഞ
കുപ്പായ കുടുക്കിൽ
ഇന്നലകളെ മറന്ന് 
വയ്ക്കാൻ പഠിപ്പിക്കുന്നു
രണ്ട് ഉച്ചകൾക്കിടയിലെ നേരങ്ങളെ
ഒരു കാറ്റാടി കമ്പിൽ
കോർത്ത്‌ ചുഴറ്റാൻ
പരിശീലിപ്പിക്കുന്നു
അടുത്ത ഉച്ചയിലേക്ക്
ഞാനെന്നെ പറിച്ച് നടുന്നു

നിന്നെ പ്രണയിക്കുകയെന്ന
ദുശ്ശീലം തുടരുന്നു...

   

വേനൽ /പി. രാമൻ

ഒരു പൂമരത്തിന്റെ
ചോരയിൽ പകർത്തട്ടേ
എരിവെയിലിനോടൊപ്പ-
മെന്റെ വേനലും കൂടി

അല്ലായ്കിലെന്നിൽ പടർ-
ന്നീടുവാൻ കനിയണം
പൊള്ളുന്ന വെയിലോടൊപ്പം
നിന്റെ പൂക്കളും കൂടി.