Saturday, June 20, 2020

......../ലിഖിത ദാസ്

ചിലരുണ്ട്.. 
മരമുണരുന്നതിനു മുൻപായി 
വന്നിരിയ്ക്കും.
ചില്ലപോലും അറിയാതെ കൂടുവയ്ക്കും.
ഇലയനക്കം പോലും കേൾപ്പിക്കാതെ 
പാർപ്പു തുടങ്ങും.
അതിന് ഭാഷയില്ല..
സ്നേഹമേയുള്ളൂ..!

ഹൃദയത്തിന്റെ അടിത്തട്ടിൽ 
ഏറ്റവുമാഴത്തിൽ അയാളൊരു
ആകാശമൊളിപ്പിച്ചിരിക്കും.
ഓർമ്മപ്പുരയ്ക്കുള്ളിൽ മണ്ണുതൊട്ടാൽ
മുളച്ചുകേറാൻ പാകത്തിൽ
സ്നേഹത്തിന്റെ വിത്തു പാത്രങ്ങൾ 
സൂക്ഷിച്ചിട്ടുണ്ടാവും.

ശമിക്കാത്ത പ്രേമത്തിന്റെ കൂട്ടുകിടപ്പുകാരനായിരിക്കും അയാൾ.
ഒന്നു തൊട്ടുനോക്കൂ.. 
രണ്ടുകയ്യും വായുവിൽ നീട്ടി 
ഒരു കുഞ്ഞിനെപ്പോലെ
വാ..വാ..യെന്ന് അയാൾ കലമ്പിക്കൊണ്ടിരിക്കും
നിങ്ങളുടെ ഹൃദയമിടിപ്പ് ഉച്ചത്തിലാവുകയും
അയാൾക്കു മുൻപിൽ നിങ്ങൾ 
ആയുധം നഷ്ടപ്പെട്ട് 
മുട്ടുകുത്തി നിൽക്കുകയും ചെയ്യും.

ചില്ലുഭരണിയിലെ മുട്ടായി നിറങ്ങളിലേയ്ക്ക്
എത്തിനോക്കുന്ന കുഞ്ഞിന്റെ 
കൗതുകമായിരിക്കും 
അപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയെ

നനഞ്ഞ മരങ്ങൾക്കു ചോട്ടിലേയ്ക്ക്
അയാൾ ക്ഷണിയ്ക്കും.
പെരുവിരൽ വേരുകളായും 
ചുരുളൻ മുടി ചില്ലകളായും 
കൈകൾ നിറയെ പൂക്കളുള്ള വള്ളികളായും 
പിണച്ചുകെട്ടി 
അയാൾ നിങ്ങളിലേയ്ക്ക്
ചുരുണ്ടിരിക്കും.

എന്റെ ഹൃദയത്തിന്റെ വിളുമ്പിൽ നിന്ന് 
മറിഞ്ഞു വീഴുമ്പോൾ 
നിന്റെ സ്നേഹത്തിനു മുറിവു പറ്റുമെന്നും
മുറിവിന് ഒരു കിണറോളം താഴ്ച കാണുമെന്നും
അയാളിടയ്ക്കിടെ ഓർമ്മപ്പെടുത്തും.
എങ്കിലും അയാളെ മാത്രം 
നോക്കിനോക്കിയിരിക്കുമ്പൊ
പച്ചഞരമ്പുകളിൽ നിങ്ങൾക്ക് 
പൂത്ത മഴവില്ലു കാണാവും.
വിരലുകളിൽ അള്ളിപ്പിടിയ്ക്കുമ്പോൾ
 പച്ചയുള്ള ഒരു ഗ്രാമത്തിലേയ്ക്ക് 
അയാളെയും കൊണ്ട് 
അതിവേഗം കടന്നുകളയണമെന്ന് തോന്നും.
എത്ര സുന്ദരമായാണ് 
അയാളൊരു കരൾപ്പാതി പകുത്തുവയ്ക്കുന്നതെന്നോർക്കും.

ചിലരങ്ങനെയാണ് 
ഒഴുക്കുകൂടുന്ന നേരത്ത് -
നുരയ്ക്കുന്ന ചുഴി പോലെ 
വല്ലാതെ ഭ്രമിപ്പിക്കും.
അല്ലെങ്കിലും വെന്തകാട് ഉള്ളിൽ വളർത്തുന്നവർ
തണുവു നീട്ടുന്നിടത്തേയ്ക്ക് 
കയ്യെത്തിപ്പിടിക്കാതെങ്ങനെ‌..!

നോക്കൂ..., ഒന്നിറങ്ങി നിൽക്കാൻ കൊതി തോന്നുന്നില്ലേ..???

No comments:

Post a Comment