Sunday, September 30, 2018

വരക്കാന്‍ ഏറ്റവും കടുത്ത ചായം വേണ്ടിവരുന്ന ചില നിസ്സഹായതകളുമുണ്ട് കൂട്ടത്തില്‍ /ജയദേവ് നയനാർ

ഒരു കൂട്ടം മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയതുപോലുള്ള
വഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു കുന്നിന്‍റെ
അവസ്ഥ എത്ര വാക്കില്‍ പറഞ്ഞാല്‍ കൃത്യമാവും
എന്ന കണക്കൊന്നുമിതുവരെയാരും
എടുത്തുകാണില്ല. മേഘത്തുണ്ടുകള്‍ പോലെ
വാക്കുകള്‍ വാരിയെറിയണം എന്നു പറഞ്ഞാലും
ഒരു കണക്കൊക്കെ വേണ്ടേ എന്നു ചോദിക്കും
താഴ്വരയില്‍ കാത്തുനില്‍ക്കുന്ന തണല്‍മരങ്ങള്‍.
അവയ്ക്കടിയിലൂടെയാണ് മേഘത്തുണ്ടുകള്‍
നടന്നുപോകേണ്ടത് എന്നതുകൊണ്ടു മാത്രമല്ല.
തൊട്ടടുത്തു തന്നെയാണ് ഒറ്റക്കുന്നു നില്‍ക്കുന്നത്.
.
ഒറ്റക്കുന്നിനോടു നേരിട്ടു ചോദിക്കാമെന്നു കരുതും.
എന്നാല്‍ ഒന്നും മിണ്ടില്ല അത്. മണ്‍കാതുകള്‍
അത്രയും ബലമായി അടച്ചുപിടിക്കും.
അതു മനസിലൂഹിക്കുന്നതെന്തെന്ന്
മരങ്ങള്‍ക്കറിയാം. പറയില്ല.
അതു ഒളിച്ചുപിടിക്കുന്നതെന്താണെന്ന്
മരങ്ങള്‍ക്കറിയാം. തുറക്കില്ല.
ഇത്തരം അയഥാര്‍ഥവും ഭാവനാപരവുമായ
കാര്യങ്ങളെക്കുറിച്ചുമാത്രമെന്തിന്
ആശങ്കപ്പെടണമെന്നു ചോദിക്കുന്നുണ്ടാകും
.
ഭാവനാപരമായ കാര്യങ്ങളും ചോദിക്കപ്പെടാനുള്ളതാണ്
എന്നറിയികിലും ചോദ്യങ്ങള്‍ ചോദിച്ച്
ഒരു വൈകുന്നേരത്തെ നിറംകെട്ടതാക്കേണ്ട
എന്നു വിചാരിച്ചിട്ടായിരിക്കും ചിലപ്പോള്‍.
അല്ലെങ്കില്‍ എല്ലാ ചോദ്യത്തിനും ഉത്തരമില്ല
എന്നറിയുന്നതു കൊണ്ടായിരിക്കും.
.
ഒരു കൂട്ടം മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയതുപോലുള്ള
വഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു ചോദ്യമാണ്
എന്‍റെ പ്രാര്‍ഥനകളത്രയും.
ഒരിക്കലും ചോദിക്കാത്തത്.
ഒരിക്കലും ഉത്തരം കിട്ടാത്തത്.
.
അങ്ങനെയുള്ള മറ്റു പ്രാര്‍ഥനകളും കാണുമായിരിക്കും.
ഇതുവരെ കണ്ടുമുട്ടാത്തത്.
എന്നാല്‍ ഉത്തരങ്ങള്‍ ഉള്ളത്.
അതുകൊണ്ടുതന്നെ  ഉത്തരങ്ങള്‍ കിട്ടുന്നത്.
എന്നാല്‍ അവയുടെ വഴിയില്‍
മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയിട്ടുണ്ടായിരിക്കില്ല.
അവയൊന്നും ഒറ്റയ്ക്കു നില്‍ക്കുന്നുമായിരിക്കില്ല.
.
മുറിവുകളുടെ പരിസരങ്ങളാണ്
അതിനെ മാരകമാക്കുന്നതോ
മുറിവുകൂടി സ്മാരകങ്ങള്‍ തീര്‍ക്കുന്നതോ.
എനിക്ക് എന്‍റെ മുറിവില്‍
ഒരു സ്മാരകം പണിയരുത്.

Tuesday, September 11, 2018

വീട് /അക്ബർ

എനിക്കു വീട്
മഴയ്ക്കും വെയിലിനും
വന്നു നിറയാനുള്ള
അവകാശം

എനിക്കു വീട്
മേല്‍ക്കൂരയില്ലാത്ത സ്വപനം
നിഷ്‌കളങ്കമായ കരച്ചിലിന്‍ ശംഖ്

ഞാന്‍ തന്നെ വീടെന്നും
നീയാണെനിക്കു വീടെന്നുമുള്ള
തര്‍ക്കത്തിലേക്ക്
പ്രളയം തരുന്ന ഔദാര്യം

ഇപ്പോള്‍
മഴയെനിക്കു വീട്
വെയിലെനിക്കു വീട്
കാട്, കവിത
വീടിന്
അര്‍ത്ഥങ്ങള്‍ പലത്

കാറ്റെനിക്ക് കനിവിന്‍ ഭിത്തി

ഞാന്‍
തറയും മേല്‍ക്കൂരയുമില്ലാത്ത
ആകാശജന്മം

പ്രണയമില്ലാതെയായ നാൾ / റഫീക്ക്‌ അഹമ്മദ്‌

പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
ജനലരികിൽ നിന്നിളവെയിൽ കൈത്തലം
പതിയെ പിൻവലിയ്ക്കുന്നതു മാതിരി.

ഇലകളിൽ നിന്നെടുത്തൊരു ഹരിതകം
മഴയുടെ ജലസാന്ദ്രമാം സൗഹൃദം
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു
വിവരണാതീത വൈദ്യുതീകമ്പനം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ.

അതിരെഴാത്ത നിശീഥത്തിലെവിടെയോ
വിളറിവീഴും നിലാവിന്റെ സുസ്മിതം
മിഴികളിൽനിന്നു മിന്നലായ്‌ വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാർമ്മുഖം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ.

പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്നതു മാതിരി.
__________________________________

Sunday, September 2, 2018

ഊഴം / വിജയലക്ഷ്മി

അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോടു പറഞ്ഞു ;

കണ്ടില്ലേ ,
എന്‍റെ കൈകളില്‍ ചേര്‍ത്തുവച്ചത് ?
അല്ല ,
ആ തോക്ക് തീര്‍ച്ചയായും എന്‍റെതല്ല .
എനിക്കു വെടിയുണ്ടകളെ അറിയില്ല ,
എന്‍റെമേല്‍ തറഞ്ഞതിനെ ഒഴികെ .
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല ,
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ .
കൊല്ലപ്പെട്ടുവെങ്കിലും
ഞാനൊരു വിഡ്ഢിയല്ല ,
എങ്കില്‍
എനിക്കും കാണണം ,
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി.

***
മരിച്ചുചെന്നപ്പോഴാണറിയുന്നത് ,
ചീഞ്ഞതും അളിഞ്ഞതും
ഉണങ്ങിയതും പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു ,
മരണശേഷം അവരുടെ വിരലുകളില്‍ ഉടക്കിവയ്ക്കപ്പെട്ട
തോക്കുകളെക്കുറിച്ച് ,
അതിനുശേഷം
ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച് .
കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍

അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല .
ഞങ്ങളാണ് സത്യം ,
ഞങ്ങള്‍ മാത്രമാണ് സത്യം .
പക്ഷേ , മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും ?

കഴിയും
പകലുകളില്‍നിന്നു മായ്ച്ചു കളഞ്ഞ്‌
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത് ,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും;
''ഉറങ്ങാതിരിക്കുക,
പുലരുന്നത്
നിങ്ങളുടെ ഊഴം "

അന്നമതം / ആര്യാ ഗോപി

സൂക്ഷ്മമായ് കൂട്ടിവായിച്ചാൽ
തിരിച്ചുകടിക്കാത്ത
എന്തിനേയും ഏതിനേയും
വായിലാക്കുന്ന ഒരു മിടുക്കുണ്ട്
മനുഷ്യന്‌.

മാനും മയിലും ആനയും ഒട്ടകവും
പോത്തും കാളയും പാമ്പും പട്ടിയും
പന്നിയും ആമയും കാടയും
കോഴിയും എല്ലാമെല്ലാം
മുപ്പത്തിരണ്ട് പല്ലുകൾക്കിടയിൽ
ചവച്ചരയ്ക്കപ്പെടും.

പക്ഷംചേരാത്തവർക്കും
പക്ഷംപിടിക്കുന്നവർക്കും
അന്നവിചാരം മുന്ന വിചാരമാകുന്നത്
വിശപ്പുണരുമ്പോൾ മാത്രം.

വിശപ്പിനുമുകളിൽ പരുന്തും പ്രാവും
പറക്കാതിരിക്കുന്നത് അങ്ങനെയാണ്‌.

ഉപ്പും മുളകും തേച്ച്
കരളും ഹൃദയവും പൊരിച്ച്
രുചിഭേദങ്ങളുടെ കലവറയിൽ
കടിച്ചുകീറുമ്പോൾ, ഓർക്കുക
അന്നമതം, തിന്നമതം.!