Monday, June 29, 2015

ഓച്ചിറക്കളി / സുധീർ രാജ്


പുലയരുടെ അമ്പലത്തിലെ പൂശാരിയായിരുന്നു അപ്പൻ
നാവിനു തോന്നുന്നതെല്ലാം മന്ത്രം
തന്നിഷ്ടം കാട്ടുന്നതെല്ലാം തന്ത്രം .
ശ്രീകോവിലിന്റെ പടിയിലിരുന്നു തന്നെ മുറുക്കും
പിടിക്കാത്തത് കേട്ടാൽ കലിക്കും
പിന്നെ പൂരപ്പറമ്പത്താ സരസ്വതി .

അടിച്ചു പൂസായിട്ടു ചോദിക്കും
ഡാ ,അടിയോർക്ക് മാത്രമെങ്ങിനാടാ
ദേവി നിമിത്തം കാട്ടുന്നേ
പുല്ലരിയുമ്പഴും
കല്ലിൽ അരിവാള് കൊള്ളുമ്പോഴും
ദേവീടെ ചോരകാട്ടി ദൃഷ്ടാന്തം കാട്ടുന്നേ
അതേ ,നമുക്കേ ഉള്ളിൽ പള്ളില്ല
ചേറുപുരണ്ട കൈക്കാടാ ശുത്തം .
അപ്പന്റെ പേച്ചുകേട്ട്
അകവൂർ ചാത്തൻ പാതിമോന്തി
പോത്തിനെയൊന്നു നോക്കി .
കറുക തിന്നാനുള്ളതാ
അല്ലാതെ വിരലിനു കോണകമിടാനുള്ളതല്ല.
അകം കറുകയായാൽ
പുറം പാടമാകും .
പടിയിലിരുന്നപ്പൻ
പട്ടിണിയുടെ പതമളന്നു,
പൂതങ്ങളെയൊക്കെ പള്ളുവിളിച്ചു.
മേലോട്ട് പോയപ്പം ,
പിച്ചളമൊട്ടുകെട്ടിയ വടിവാള് വെച്ചുപൊയി.
ഓച്ചിറക്കളിയ്ക്ക് വടക്കേക്കരേ നോക്കണം
വരമ്പത്തോച്ചിറയപ്പൂപ്പനും
നിലപാട് തറേ കാളിയും നോക്കിനില്ക്കേ
ചാറ്റമഴയത്ത് പായുന്ന
വെള്ളിവാള് കാണാം.
ഞങ്ങടപ്പനാ.
---------------------------------------------

Sunday, June 28, 2015

കൊതി / ഡി.വിനയചന്ദ്രന്‍



ആരാകുവാന്‍ കൊതിക്കുന്നു നീ ഭാവിയില്‍
ആരാഞ്ഞിതോരോ കിടാവിനോടും ഗുരു
ഉച്ചയ്ക്കു വീട്ടില്‍ മടങ്ങിവന്നിട്ടവന്‍
അച്ഛന്‍ മയങ്ങിക്കിടക്കൂന്ന വേളയില്‍
വേട്ടാവിളിയന്റെ കൂടിനോടും, കുഞ്ഞു
പൂച്ചയോടും, നിന്നു നീങ്ങിമറയുന്ന
വെള്ളിമേഘത്തിന്റെ കൊമ്പിനോടും, ഇല-
ത്തുമ്പിയോടും വാഴക്കൂമ്പിനോടും
വീടൊന്നു ചുറ്റിപ്പറമ്പൊന്നു ചുറ്റിവ-
ന്നോടിയടുക്കളയ്ക്കുള്ളില്‍ കയറുമ്പോള്‍
പച്ചമോരിന്റെ കലംവെച്ചിരിക്കുന്ന
കൊച്ചുറിയോടു, മുരല്‍പ്പുരയോടുമേ
താനേനടന്നവന്‍ ചോദിച്ചുതന്നോടു
ചോദിച്ചിടുമ്പോലെ പിന്നെയും പിന്നെയും
‘ആരാകുവാന്‍ കൊതിക്കുന്നു നീ ഭാവിയില്‍’
ഇന്ദ്രജാലത്തില്‍ മയക്കും ഗോസായിയായ്
കൊമ്പനാനപ്പുറത്തേറുന്ന പാപ്പാനായ്
തത്തയുമായ് വരും കാക്കാത്തിയായ് , ചില-
മ്പൊച്ച വാളും വെളിച്ചപ്പാടുമാകണോ?
അമ്മഴക്കാലത്തു കോലാഹലത്തോടു
വന്‍കരമുക്കും വെള്ളപ്പൊക്കമാകിലോ
ഇന്നലെയമ്പലത്തില്‍ നൃത്തമാടിയ
പെണ്ണിന്നരമണിയായ് തുള്ളിനില്‍ക്കിലോ
പുന്നെല്‍ക്കതിര്‍ കൊക്കിലാക്കിപ്പറക്കുന്ന
വര്‍ണ്ണക്കിളികളിലൊന്നാമതാകിലോ?
കാവിലടിമുടി പൂത്തോരശോകമായ്
ആനവാല്‍ മോതിരമാകിലുമെങ്ങനെ?
എന്നുമഭിഷേകമാടുന്ന തേവരോ-
ടൊന്നുചോദിക്കാം; പെടുക്കുവാന്‍ മുട്ടവേ
പൊന്നരഞ്ഞാണത്തിന്‍ കൂമ്പും,ചുണവന്ന
ചുണ്ണിയുമമ്മട്ട് ചോദിക്കെ നാണമായ്
പെട്ടെന്നു നിക്കറുമിട്ടു പടിപ്പുര
തട്ടിമറിഞ്ഞു നടുമുറ്റമപ്പുറം
അമ്മകിടക്കും മുറിയില്‍ കടക്കവേ
തെല്ലെമയങ്ങുന്നൊരമ്മതന്‍ മാറത്തു
മെല്ലെത്തലവെച്ചവന്‍ മൊഴിഞ്ഞന്തരാ:
‘അമ്മയായ്ത്തീരുവാനാഗ്രഹിക്കുന്നു ഞാന്‍’
----------------------------------------------

Saturday, June 27, 2015

അത്രമേല്‍ / സുധീർ രാജ്


അത്രമേലിറുകെ പുണരുക
അടുക്കുവാനിനിയും അകലമില്ലാതാവുംവരെ.
അത്രമേല്‍ ചുംബിക്കുക
നാവുകള്‍വളര്‍ന്നു വേരുകളായി
ആത്മാവിനാഴത്തില്‍ പടരുംവരെ .
അത്രമേല്‍ കണ്ണിമയ്ക്കാതെനോക്കുക
ഹൃദയങ്ങള്‍ക്കു തീപിടിക്കുംവരെ .
അത്രമേല്‍ ചിരിയ്ക്കുക
ഭ്രാന്തിന്റെചില്ലുവാതിലുടഞ്ഞു പോകുംവരെ .
അത്രമേല്‍ കരയുക
കണ്ണീരില്‍കിനാവിന്റെ മഴവില്ല് തെളിയുംവരെ .
അത്രമേല്‍ സ്നേഹിക്കുക
മൃത്യു നമ്മെമറന്നുപോകുംവരെ .
----------------------------------------

Friday, June 26, 2015

ഒരിടത്ത് / ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്



ഒരിടത്ത്
ഒരിടവുമില്ലാതെ
രണ്ടുപേര്‍ സ്നേഹിച്ചിരുന്നു.
സമയം പോലും അവരോട് മിണ്ടിയില്ല.
അതിലൊരാള്‍ മേഘങ്ങളില്‍ നിന്നു വഴുതി
പലതവണ വീണു
മറ്റേയാളാകട്ടെ,
പൂര്‍ണചന്ദ്രനില്‍
ഒറ്റയ്ക്കായി.
ഒരിടത്ത്
ഒരന്തവുമില്ലാതെ
രണ്ടുപേര്‍ സ്നേഹിച്ചിരുന്നു.
രാപകലുകള്‍ പോലും
അവരെ കണ്ടില്ലെന്നു നടിച്ചു
ഇളംകാറ്റ് മറ്റെങ്ങോ വീശി
മഞ്ഞും കുളിരും
എത്തിപ്പിടിക്കും മുമ്പേ
പോയി മറഞ്ഞു.
എന്നിട്ടും
പണിതീരാത്ത
ആ ബസ് സ്റ്റോപ്പില്‍
ഒരിക്കലും വരാത്ത
ബസ്സും കാത്ത്
അതിലൊരിക്കലും സംഭവിക്കാത്ത
രണ്ടൊഴിഞ്ഞ സീറ്റും പ്രതീക്ഷിച്ച്
അവര്‍
ഒരിടത്ത്
ഒരിടവുമില്ലാതെ
സ്നേഹിച്ചു.
-----------------------------------------

വ്യാജസൂയം / ജയദേവ് നയനാർ


 ഒരു തുന്നാരൻ ഇലയിൽ
തയ്യൽക്കട നടത്തുന്നിടത്ത്
വെളിച്ചം മേഘക്കവലയിൽ
പെയിന്റ് പീടിക തുറന്നിടത്ത്
ഒരു പൂമ്പാറ്റ കാറ്റുചില്ലയിൽ
ഉമ്മപ്പള്ളിക്കൂടം വച്ചിടത്ത്
മണ്ണിരകൾ ആകാശത്ത്
മരം നഴ്സറി കുഴിച്ചിട്ടിടത്ത്.
അവിടെയെവിടെയും നോക്കില്ല.
ഉറുമ്പുകളുടെ വീട്ടിലേക്കുള്ള
വഴിയിൽ കാത്തു മടുത്ത്
നോക്കിനിൽപ്പുണ്ടായിരിക്കും
നമ്മളെന്ന് നുണ പറഞ്ഞ്
വഴക്കിൽത്തോറ്റ്, നീ.

-------------------------------

Tuesday, June 23, 2015

റീത്തുകൾ / ബൈജു മണിയങ്കാല


വെള്ളത്തുള്ളികൾ വെച്ച്
ശരിക്കും
നടന്നു പോവുകയാണ്
മഴ

കൈ കാണിച്ചു നിർത്തി
മേൽകൂരകൾ
വെറുതെ
കയറിപോവുകയാണ്
ഒരുപക്ഷെ
ചോരുന്നത്
കൊണ്ടാവാം
വീടുകൾ
മുക്കുവരുടേതായത് കൊണ്ടാവാം
വെള്ളത്തിൽ നിന്നും
ചാർജ് ചെയ്തിരുന്ന
മൊബൈലുകൾ ആയിരുന്നു
മീനുകൾ
നീന്തലിന്റെ ഒരു കൂട്ടം
ജീവിക്കുവാൻ വേണ്ടി
ജീവിതവുമായി ബന്ധപ്പെടുവാൻ
മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത്
നീന്തലിനെ മാത്രം കപ്പലുകൾ
പിടിച്ചു കൊണ്ട് പോയപ്പോൾ
ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട്
പിടഞ്ഞു മരിച്ചവർ
മരിച്ചപ്പോൾ മീനുകൾ എന്ന്
വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ
ശരിക്കും മരിച്ച മനുഷ്യർക്ക്‌
വൈകി വെയ്ക്കുന്ന റീത്തുകളാണ്
മഴകൾ
ജീവിച്ചിരിക്കുന്നവരും അത്
ഉപയോഗിക്കുന്നു എന്ന് മാത്രം
------------------------------------------

വല്ലപ്പോഴും / സച്ചിദാനന്ദന്‍


വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്
ആത്മഹത്യക്ക് തൊട്ടു മുമ്പ് പോലും
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു
കോള് കൊണ്ട കടലില്‍
മുക്കുവര്‍ തോണിയിറക്കുന്നു
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട്
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു
നെറ്റിപ്പട്ടം കെട്ടിയ ആനകളെ
സ്വപ്നം കാണുന്നു
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത്
കാറ്റായി മാറുന്നു
ഒരു പക്ഷി തിരിച്ചു പറക്കും വഴി
നാലു നീല മുട്ടകളും ഒരു നക്ഷത്രവും
സന്ധ്യയില്‍ നിക്ഷേപിക്കുന്നു
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്‍റെ
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്‍റെ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന്
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.
പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ .
--------------------------------------------------------

Sunday, June 21, 2015

തിരികെ വരാത്ത തുന്നലുകൾ / സുധീർ രാജ്


കുട്ടസൂചി കിട്ടിയില്ലയെന്ന
ഒറ്റക്കാരണം കൊണ്ട്
പാതിമെടഞ്ഞ കരീലാഞ്ചി കുട്ട
അപ്പനൊറ്റയേറ്.

കുപ്പേക്കിടന്ന് കുട്ട കരഞ്ഞു
എന്നെ കളയല്ലേ അപ്പാ
ഒറ്റ മുള്ള് കൊള്ളിക്കാതെ
കാവീന്ന് തന്നെയിറങ്ങി
കൂടെ വന്നതല്ലേ .
പഴേ കുട്ടസൂചി
ദാണ്ടേ വാരിയേലിരിക്കുന്ന്.
"കഴുവേറി സമ്മതിക്കത്തില്ല "
അപ്പൻ പഴേ സൂചിയും ചൂടിയും കൊണ്ട്
കുട്ട വരിഞ്ഞു വരിഞ്ഞ് കുട്ടപ്പനാക്കി .
പൂക്കിലക്കണ്ണി വരിച്ചില് കഴിഞ്ഞപ്പം
അപ്പന്റെ തലേക്കേറി നെഗളിപ്പ് തുടങ്ങി .
അപ്പൻ കാവ് കേറുമ്പം
തോർത്തും കൊണ്ട് വെളിയിലിരിക്കും .
പാടത്ത് പോകും
പറമ്പിൽ പോകും
പുഞ്ച മീനേ നോവിക്കാതെ ,
പള്ളത്തിക്കുഞ്ഞുങ്ങളെ കളിപ്പിച്ചു കളിപ്പിച്ച്
പിള്ളേർക്ക് കൊണ്ടുക്കൊടുക്കും.
അപ്പന്റെ കൂടെ കരിമ്പൂവൻ കോഴിയേയും
ചാരായോം കൊണ്ട്‌ മലനടയ്ക്കു പോയതാ .
മലനടയപ്പൂപ്പനെ കണ്ടെന്നും
കൂടിരുന്നു കുടിച്ചെന്നും
നിഴൽക്കുത്തിന്
കരീലാഞ്ചിവള്ളിയൊടിച്ചു കൊടുത്തെന്നും
പാണ്ഡവര് ചത്തില്ലെന്നും
കലിച്ചു നിന്ന മാറ്റാക്കൂട്ടം കുലം മുടിച്ചെന്നും.
എനിക്കറിയാൻ പാടില്ലെന്നും പറഞ്ഞ്
അപ്പനിങ്ങു പോന്ന്.
രാത്രീല് ,വാഴക്കച്ചി കൊണ്ടുണ്ടാക്കിയ
ചുമ്മാടിരുന്നനങ്ങും.
കഴുവേറീന്നും പറഞ്ഞ്
അപ്പനൊരൊറ്റ ഉറക്കമങ്ങ് വെച്ചു കൊടുക്കും
അപ്പനുണരും വരെ കാവീന്ന്
അനക്കം കേക്കാം
ഞങ്ങള് മിണ്ടത്തില്ല.
------------------------------------------------------
മലനട: പോരുവഴിയിലെ ദുര്യോധന ക്ഷേത്രം .
വാരി :ഓല കുത്തിമറച്ച ചുവര് .
ചുമ്മാട്:ചുമടെടുക്കുമ്പോൾ തല നോവാതിരിക്കാൻ പണ്ട് ഉപയോഗിച്ചിരുന്നത് .

Saturday, June 20, 2015

അപ്പവും വീഞ്ഞും / മേതില്‍ രാധാകൃഷ്ണൻ


1
മോണാലിസയുടെ
മന്ദഹാസത്തിന്റെ അര്‍ത്ഥം എനിക്കറിയാം:
മോണാലിസ മന്ദഹസിക്കുന്നതേയില്ല.
നീയോ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ വധൂ, നിനക്ക്
ഞാഞ്ഞൂളിനെപ്പോലെ നൂറു മോതിരങ്ങളുണ്ട്,
മെഴുകുതിരിപ്പോലെ നൂറു ശിരോവസ്ത്രങ്ങളുണ്ട്,
പൂ‍വിനെപ്പോലെ നൂറുപടുതികളുണ്ട്,
എന്നിട്ടും,ഒരൊറ്റ വിവാഹത്തിലും നീ വധുവാകുന്നില്ല.
മുറുകിയ കയറിന്റെ തലപ്പില്‍
എന്റെ ഹൃദയമൊരു പള്ളിമണിപോലെ
കനത്തു തൂങ്ങുന്നു.
ഒച്ചവെക്കേണ്ടതില്ലല്ലോ,
ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ലല്ലോ.
വധുവിനെ വിളിച്ചറിയിക്കാന്‍
പള്ളിമണിയടിക്കണോ?
2
മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്റെ നിശ്വാസമോര്‍ക്കുന്നു.
എന്തെന്നാല്‍ , നിന്റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടേതെന്ന് ആരോപിക്കപ്പെടുന്നു.
നിന്റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
നേര്‍ത്തതാണ് നിന്റെ നിശ്വാസം.
അതോര്‍ക്കുമ്പോള്‍ എന്റെ ഘനം
ഒരു തീനാളത്തിന്റെ ഘനമാണ്,
അതിന്റെ തുടിപ്പ് ഒരാപ്പിളിന്റേതാണ്
അത് മുകളിലേക്കു വീഴുന്നു.
കാറ്റില്‍ നിന്റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്റെ നാളം പോലെ ഞാന്‍
മുകളിലേക്കു വീഴുന്നു.
(അഥവാ, ഭൂമി ഉരുണ്ടതാകയാല്‍,
ആകാശത്തിലേക്ക് ഉയരുന്നതെല്ലാം
ഭൂമിയില്‍ നിന്ന് വീണുപോകുന്നവയാണല്ലോ!)
3
എന്റെ പ്രേമപ്രശ്നങ്ങളുമായി ഞാന്‍
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക് ബോലന്‍ പാടുന്നു.
നീ മുടിയഴിച്ചിടുമ്പോള്‍
ഊര്‍ന്നു വീഴുന്ന പ്രപഞ്ചങ്ങളെക്കുറിച്ച്
മാര്‍ക് ബോലന്‍ പാടുന്നു.
മുഷ്ടി ഹൃദയത്തെക്കുറിച്ചും
ദുഷ്ടമായ പുലരിയമ്പിനെക്കുറിച്ചും
മാര്‍ക് ബോലന്‍ പാടുന്നു
എന്റെ ശരിയായ പേര് മാര്‍ക് ബോലന്‍ എന്നാകുന്നു.
ഞാനൊരു കാറപകടത്തില്‍ മരിക്കും
അപ്പോള്‍ എന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍,
പാതമുറിച്ചു കടന്നു പോയ നിന്റെ രൂപം
ഛായാപടം പോലെ
ഒട്ടിച്ചു വെച്ചിരിക്കും.
നീയൊരിക്കല്‍ എന്നെ നോക്കിയതങ്ങനെയായിരുന്നു-
പാതമുറിച്ചു കടന്നുപോകുന്ന ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോള്‍ പച്ചവെളിച്ചമായിരുന്നു,
നിന്റെ കണ്ണുകളില്‍ ചുവപ്പു വെളിച്ചവും.
നിന്റെ നോട്ടം വായുവില്‍ തങ്ങിനില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെച്ചെന്നു നില്‍ക്കാം.
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും,
തെരുവ് ഒരില പോലെ പച്ചയാകും.
4
ഒരു മണല്‍ഘടികാരം പോലെ
മലര്‍ന്നും കമിഴ്ന്നും കിടന്ന്
ഞാന്‍ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തില്‍ ചരിഞ്ഞുകിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.
പ്രേമിക്കുന്നവര്‍ ഇരുട്ടില്‍ ചെകിടോര്‍ക്കുമ്പോള്‍
പെട്ടെന്നു നിലയ്ക്കുന്ന കാറ്റ്
അവരെ പേടിപ്പിക്കുന്നു.
ആ പേടിയെക്കുറിച്ചോര്‍ത്ത് ഒച്ചയില്ലാതെ
അവര്‍ പൊട്ടിച്ചിരിക്കുന്നു.
പ്രേമം അതിന്റെ ഭീതികളെ അപഹാസ്യമാക്കുന്നു.
തുറന്നു കിടക്കുന്ന ജനാലകളിലൂടെ
ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍
നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു.
മരുഭൂമികളിലെ മണല്‍ തണുത്തടങ്ങുന്നു.
മരുഭൂമികള്‍ക്കിടയില്‍ ഒരിക്കല്‍ ആകാശങ്ങളായിരുന്നു.
മണല്‍ത്തരികള്‍ തണുക്കുന്നു, ചോര്‍ന്നുപോകുന്നു.
പ്രേമിക്കുന്നവര്‍ ഒരോ രാത്രിയിലും
ഇഞ്ചിഞ്ചായി പരിശോധിക്കപ്പെടുന്നു:
അവരുടെ രഹസ്യം ആര്‍ക്കോ ആവശ്യമുണ്ട്,
അവരുടെ നിര്‍ലജ്ജമായ നഗ്നതയും.
എന്നിട്ടും ഞാന്‍ ഉടുപ്പൂരുമ്പോള്‍
കണ്ണാടികള്‍ അന്ധമാകുന്നു.
5
എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.
എനിക്കിതിനെ വിമോചിപ്പിക്കാനാവില്ല.
ചിലപ്പോള്‍ നഗ്നത പോലും ഒരുടുപ്പും കൂടുമാണ്.
നമുക്കൊരിക്കലുമാവില്ല വേണ്ടത്ര നഗ്നരാവാന്‍.
നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു-
നഗ്നത ഇനിയത്തെ അടരിലാണ്,
അല്ല, അടുത്ത അടരിലാണ്,
അല്ല, അതിനും താഴെയാണ്...
നാം തേഞ്ഞുകൊണ്ടിരിക്കുന്നു.
ഉടുപ്പുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ഒടുവില്‍ ഉടുപ്പുകള്‍ക്കുള്ളില്‍ നാമില്ലാതാവും.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും രണ്ടളവ് അധികമുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍
ഒരു കാറ്റിനെ പോലെ പരുങ്ങി നില്‍ക്കല്‍!
നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്കു പുറത്താണ്.
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴുക്കുന്നത് ഞാന്‍ കണ്ടു.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും തെറ്റായ വസ്ത്രം ധരിക്കല്‍!
പ്രേമത്തെ ഉടലോടെ പിടികൂടണമെങ്കില്‍
കൃത്യമായ ചില അളവുകണക്കുകള്‍ വേണം,
കാരണം പ്രേമം വസ്തുതയാണ്.
ഞാന്‍ പ്രേമത്തിന്റെ തയ്യല്‍ക്കാരനാകാനാഗ്രഹിക്കുന്നു.
എനിക്ക് പ്രേമത്തിനുള്ളില്‍ കയ്യിട്ടു നോക്കണം.
ഒരോ ചേര്‍പ്പും വിരലില്‍ തടയണം,
അവിടെ വരുന്ന അവയവും.
6
ഒന്നും ഞാനാരുമായും പങ്കുവെക്കില്ല,
നിന്നോടൊപ്പം എന്റെ തലയണയൊഴികെ
എന്നു പാടുന്ന റഷ്യന്‍ കവിയാകുന്നു ഞാന്‍.
നിന്റെ കിടക്ക ഒരു വിധവയുടേതാണ്.
അതില്‍ ഒരു പുരുഷനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ;
എന്റേതില്‍ ഒരു സ്ത്രീയെക്കുറിച്ചുള്ള
സ്വപ്നം മാത്രമേ ഉള്ളൂ;
എന്നതുപോലെ!
ഭൂതത്തെയും ഭാവിയെയും
ഒരൊത്തുതീര്‍പ്പിലെത്തിച്ച്
നമുക്ക് വര്‍ത്തമാനമാകുക.
നിന്റെ കിടക്കയില്‍ ഞാന്‍ ഭര്‍ത്താവകട്ടെ,
വധുവാകാന്‍ ധൈര്യമില്ലാത്ത വിധവ
വെപ്പാട്ടിയായി കലാശിക്കുന്നു.
വെള്ളം ആദ്യമായി വീഞ്ഞായത്
ഒരു കല്ല്യാണനാളിലാണ്.
വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത നീര്
വിനാഗിരിയായി മാറുന്നു.
7
പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു :
പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് കണക്കു പറയുന്നു.
പ്രേമിക്കുന്നവര്‍ക്ക് പ്രേമത്തിനുശേഷം
പെട്ടെന്ന് വയസ്സാകുന്നു.
പ്രേമം അതിന്റെ പ്രത്യാഘാതങ്ങളെ ത്വരിതമാക്കുന്നു.
പ്രേമാനന്തര നിമിഷവും മരണവും
പ്രേമിക്കുന്നവരെപ്പോലെ തൊട്ടുരുമ്മില്‍ നില്‍ക്കുന്നു.
ആമയുമായുള്ള ഓട്ടപ്പന്തയത്തിന്നിടയില്‍
കഥയറിയാതെ ഉറങ്ങിപ്പോയ മുയലിന്റെ
ഒടുക്കത്തെ നെട്ടോട്ടമാണത്-
പ്രേമത്തിന്നു ശേഷമുള്ള ദിവസങ്ങള്‍!
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ,
എത്രയും പതുക്കെ!

കോണിയുടെ പടവുകള്‍
സ്ഥലങ്ങളെ മുറിച്ച്
കാലങ്ങളെ പകുക്കുന്നു.
പരവതാനി മാന്ത്രികമായി
തറയില്‍ത്തന്നെ പതിഞ്ഞു കിടക്കുന്നു.
ഇത് വധുവിന്റെ വഴിയാണ്.
അവള്‍ സ്വയം ഒരു ഘോഷയാത്രയാണ്.
അവളൊഴികെയുള്ള ഘോഷയാത്രകളോ
അവള്‍ക്കു തോരണങ്ങളും.
നീ നിന്റെ മണവാട്ടിയാകാന്‍
ദേവാലയത്തിലേക്ക് വരായ്കയാല്‍
നിന്റെ ഓരോ ദിനചര്യയെയും
ഞാനെന്റെ വിവാഹമാക്കുന്നു.
ഉടുപ്പണിയുമ്പോഴും അഴിക്കുന്തോറും,
തലമുടി കെട്ടുമ്പോഴും വിടര്‍ത്തിയിടുമ്പോഴും ,
എന്നില്‍ നിന്ന് ഒളിച്ചോടുമ്പോള്‍പ്പോലും
നീയെന്നെ വിവാഹം കഴിക്കുന്നു.
ഇനി നിന്റെ ഓരോ നിമിഷവും
ഒരു വധുവിന്റെ നിമിഷമാകുന്നു.
നിനക്കിനി വിടുതിയില്ല.
നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ മുഴുവന്‍ ജീവിതത്തെയും മരണത്തെയും
ഞാനെന്റെ വിവാഹമാക്കിയിരിക്കുന്നു.
പള്ളിമണിയുടെ കയര്‍
നിന്റെ കാലില്‍ ഞാന്‍ കെട്ടിയിരിക്കുന്നു.
അതെന്റെ കെട്ടുതാലിയാണ്.
ഓരോ കാല്‍ വെപ്പിലും നിന്റെ വിവാഹം മുഴങ്ങും.
ഓരോ ദിവസവും ഒരു നൂറു പ്രാവശ്യം
ഞാന്‍ നിന്നെ വിവാഹം കഴിക്കുന്നു.
ആളുകളെ വിളിച്ചു കൂട്ടുന്നൊരു
പള്ളിമണിയാണ് എന്റെ ഹൃദയം.
8
മേല്‍ക്കൂര പറന്നുപോയ ഹൃദയത്തില്‍
എന്റെ ചോര പ്രാവുകളെപ്പോലെ കുറുകുന്നു.
നക്ഷത്രങ്ങള്‍ കനലുകളോ മിന്നാമിനുങ്ങുകളോ?
ഒരു ചുള്ളിക്കൂടിലെ നക്ഷത്രം ദിവ്യമോ മാരകമോ?
കയ്പ് നിറഞ്ഞ ദീപരസങ്ങള്‍
വീഞ്ഞായി മാറുന്നതിന്റെ മാധുര്യം
എന്റെ അടിവയറില്‍ ഞാന്‍ അറിയുന്നു.
എന്റെ ചോര വീഞ്ഞിനെപ്പോലെ പാടുന്നു.
എന്റെ അപ്പം ഈ പ്രേമമാകുന്നു.
എന്റെ പ്രേമം എന്നെ ഒറ്റിക്കൊടുക്കും.
എട്ടു ദിക്കുകള്‍ക്കും ഒറ്റിക്കൊടുക്കും.
അത്താഴത്തിന് നീ എന്നെയും ക്ഷണിച്ചുവല്ലോ.
അത്താഴ നേരത്ത് എന്റെ അരികില്‍ ഇരിക്കുന്നണ്ടല്ലോ.
നീ അങ്ങുമിങ്ങും കണ്ണുകളയക്കുന്നത് ഞാന്‍ കണ്ടു.
പിഞ്ഞാണങ്ങളുടെ മാറിമാറിത്തിളങ്ങുന്ന വക്കുകളും
ഉയരുകയും താഴുകയും ചെയ്യുന്ന കരണ്ടികളും
ആപ്പിളില്‍ വീഴുന്ന കത്തികളുമെല്ലാം
ആംഗ്യങ്ങളും മുദ്രകളുമാവുകയായിരുന്നു.
ജനാലക്കു പിന്നില്‍ മറഞ്ഞ രൂപങ്ങള്‍
തെരുവില്‍ നിഴലുകളാവുന്നത് ഞാന്‍ ഉള്ളില്‍ കണ്ടു.
സംഭാഷണത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും
ചില സംജ്ഞകളും സങ്കേതങ്ങളുമാവുന്നത് ഞാനറിഞ്ഞു.
മരിച്ചുപോയ ചിത്രകാരനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍
അയാളുടെ അപ്രദര്‍ശിതമായ ഒരു ചിത്രത്തിലെ
മാരകമായ പ്രതീകങ്ങളുടെ സൂചനയും ഞാനറിഞ്ഞു.
എനിക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളില്‍ ,
ചരിത്രത്തെയും കലയെയും ഓഹരിച്ചന്തയെയും
പച്ചക്കറികളെയും കുറിച്ചുള്ള സൂചനകളിലൂടെ
എന്റെ അത്യാഹിതത്തിന്റെ വിശദാംശങ്ങള്‍
പടിപടിയായി പൂര്‍ത്തിയാവുകയായിരുന്നു.
ഇനി ഞാന്‍ അത്താ‍ഴത്തിനുശേഷം
ഏതെങ്കിലും ഇരുണ്ട തെരുവിലോ ഇടവഴിയിലോ
ആകസ്മികമായെന്നതുപോലെ എത്തിപ്പെടുകയേ വേണ്ടൂ-
എന്റെ അത്യാഹിതമവിടെ എന്നെക്കാത്തു നില്‍ക്കുന്നു.
പള്ളിമണികള്‍ അതിന്റെ ഗുരുത്വത്തിലേക്ക് ചായുന്നു.
എങ്കിലും ഞാന്‍ ധൈര്യത്തോടെ തെരുവിലേക്കിറങ്ങും.
എന്തെന്നാല്‍ , എന്റെ അപ്പം ഈ കത്തുന്ന പ്രേമമാകുന്നു,
എന്റെ ചോരയില്‍ ഉലയുന്നത് മുന്തിരികളാകുന്നു,
എന്റെ ഹൃദയത്തില്‍ ഭയചകിതയായി കുറുകുന്നത്
ഒരു പള്ളിയുടെ മോന്തായമാകുന്നു.
എന്നെയവര്‍ രക്തസാക്ഷിയെന്നു വിളിക്കും.
എല്ലാ രക്തസാക്ഷികളും പരാജയപ്പെട്ടവരാണല്ലോ.
------------------------------------------------------------

പദാര്‍ത്ഥമെന്ന നിലയില്‍ നിശ്ശബ്ദതയുടെ വിശദീകരണം/ ടി .പി .വിനോദ്


ഒരു നിശ്ശബ്ദതയും
മറ്റൊരു നിശ്ശബ്ദതയും ചേര്‍ന്നാല്‍
രണ്ട് നിശ്ശബ്ദതകളാവുന്നു.
രണ്ട് നിശ്ശബ്ദതകള്‍ക്ക്
സ്ഥിതി ചെയ്യാന്‍
ഒരു നിശ്ശബ്ദതക്കാവശ്യമുള്ളതിലും
കൂടുതല്‍ സ്ഥലം ആവശ്യമാണ്.
രണ്ട് നിശ്ശബ്ദതകള്‍ക്ക്
ഒരു നിശ്ശബ്ദതക്കുള്ളതിനേക്കാള്‍
ഭാരവുമുണ്ടാകും.
നിശ്ശബ്ദതകളുടെ ഏണ്ണം
(ആളുകളുടെ എണ്ണത്തേക്കാള്‍) കൂടുമ്പോള്‍
ഒരു വിശദീകരണത്തിനും ഉള്‍ക്കൊള്ളാനാവാത്ത
വ്യാപ്തിയിലും ഭാരത്തിലും കാര്യങ്ങള്‍ കുഴമറിയുന്നു.
-------------------------------------------

വകയിലൊരു വേണ്ടപ്പെടല്‍ / ടി .പി .വിനോദ്


ഓര്‍മ്മവരുമ്പോള്‍
പറയാമെന്ന് പറഞ്ഞത്
ഓര്‍ക്കുന്നുണ്ടാവുമല്ലോ?
ഓര്‍മ്മവന്നപ്പോഴാണ്
മനസ്സിലായത് ;
അങ്ങനെയിങ്ങനെയൊന്നും
മറന്നുപോവില്ലെന്ന്.
പറയാനുള്ളതിന്റെ
ഇങ്ങേയറ്റം തൊട്ട്
ചുരുളുനിവരുന്നുണ്ട്
വകയിലൊരു വേണ്ടപ്പെടല്‍
ഒരുപാട് പണ്ടത്തെ
ഒരു കാറ്റിന്
ഇപ്പോഴത്തെ
പൊടിയോടുള്ളതുപോലെ.
-------------------------

കൃഷി / വിഷ്ണു പ്രസാദ്


അവര്‍ ഒരേവരിയില്‍
നടക്കുകയായിരുന്നു.
അവരുടെ തോളുകളില്‍
കൈക്കോട്ടോ കോടാലിയോ
നുകമോ ഉണ്ടായിരുന്നു.
അവരുടെ കൈകളില്‍
വിത്തോ വളമോ അരിവാളോ
ഉണ്ടായിരുന്നു.
അവര്‍ ഒരേവഴിയില്‍
നടക്കുകയായിരുന്നു.
അതൊരു വരിയായി രൂപപ്പെട്ട വിവരം
അവര്‍ അറിഞ്ഞിരുന്നില്ല.
അവരെല്ലാം തല കുനിച്ചാണ്
നടന്നിരുന്നത്.
മുന്‍പേ നടന്നവരെല്ലാം
ഏതോ ഇരുട്ടിലേക്ക്
മറിഞ്ഞുവീണുകൊണ്ടിരുന്നു.
അവര്‍ക്കു പിന്നില്‍
അവരുടെ കൃഷിഭൂമികള്‍
പുളച്ചുകിടന്നു.
അതിലെ വാഴയും ഇഞ്ചിയും
നെല്ലും പച്ചക്കറിയും
മരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്
അവരെ ഒറ്റുകൊടുത്തു.
ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
ശലഭങ്ങളോ പ്രാണികളോ തിരിച്ചുവിളിച്ചില്ല.
വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍
അവരുടെ പോക്കു കണ്ട് തിരിഞ്ഞുകിടന്നുറങ്ങി.
അവരുടെ കുട്ടികളും സ്ത്രീകളും മാത്രം
ആ നീണ്ട വരികളില്‍
അവരെ അനുഗമിക്കാന്‍ തയ്യാറായി.
അനുഗമിക്കുകയാണെന്ന്
അവരും അറിഞ്ഞിരുന്നില്ല.
ഗ്രാമത്തിലെ മുഴുവന്‍ കര്‍ഷകരും
വീണുമരിക്കുന്ന ആ കൊക്കയിലേക്ക്
ഒരിക്കല്‍ ഒരു കുഞ്ഞ് ചെന്നുനോക്കി.
അവിടെ ഗ്രാമത്തില്‍ നിന്ന് മരിച്ചുപോയ
ആയിരക്കണക്കിന് മനുഷ്യര്‍ മുകളിലേക്ക്
നോക്കി കേഴുന്നുണ്ടായിരുന്നു.
അവര്‍ക്കു മീതെ കുലമറ്റുപോയ
ആയിരക്കണക്കിന് പ്രാണികളും
ശലഭങ്ങളും കിളികളും
പറന്നുനടന്നിരുന്നു.
അപ്പോള്‍ അഗാധതയില്‍ നിന്ന്
ഒരു കൈ പൊന്തിവന്നു.
ചുക്കിച്ചുളിഞ്ഞ അതിന്റെ വിരലുകള്‍
ആ കുഞ്ഞിനെ വാത്സല്യത്തോടെ തലോടി.
അവന്‍ ആ വിരലുകളില്‍ പിടിച്ചു.
അവ പൊട്ടുകയും കൂടുകയും ചെയ്യുന്ന
മണ്ണായിരുന്നു,
വിഷം തിന്നു മരിച്ച മണ്ണായിരുന്നു .
----------------------------------------------

Friday, June 19, 2015

ജലം കൊണ്ടു പണിത വഞ്ചി / T.a .Sasi


മരുഭൂമിയുടെ
ഏറ്റവും വലിയ സ്വപ്നം
ഇതായിരിക്കും;
ജലം കൊണ്ടു പണിത
ഒരു വഞ്ചി സ്വന്തമായി കിട്ടുക.

മരുഭൂമി കടക്കുന്ന
ഓരോ യാത്രക്കാരനോടും
പറയണം: ഞാൻ കൊണ്ട വെയിൽ
നിനക്കുള്ള ജലം..

അതിനാലായിരിക്കും
വെയിലുകൊണ്ടിങ്ങിനെ
വെളുത്തും ചെമ്പിച്ചും
വിളറിയും കിടക്കുന്നത്.
---------------------------------

കവിത മനസ്സിലാവാത്തവരോട് / ഡി.വിനയചന്ദ്രന്‍


നിങ്ങള്‍ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക
ഇള വെയില്‍ കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കുക
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂ വിരിയുന്നത് കാണുവാന്‍ അയല്‍ക്കാരിയെയും വിളിക്കുക
വസന്തത്തില്‍ മല കയറുക
വെളുത്ത പക്ഷത്തില്‍ മുക്കുവരോടോത്ത് കടലില്‍ പോകുക
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദര്‍ഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക
പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നു പോകുക
ആശുപത്രിയില്‍ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴു രാവും ഏഴു പകലും നോറ്റിരിക്കുക
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയില്‍ കിടന്നു ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക
വാക്കിന്റെ മുമ്പില്‍ ബ്രഹ്മാവിനെ പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മുകനായി ഊരുചുറ്റുക
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക
സുര്യകിരണം പിടിച്ചുവരുന്ന ഈ കുഞ്ഞുങ്ങളുടെ മുൻപിൽ മുട്ടുകുത്തുക
അവധിയെടുത്ത് സ്വപ്നം കാണുക
കണ്ണാടി നിരുപകനെ ഏല്‍പ്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നത് നോക്കുക.

-----------------------------------------------------------------------

Thursday, June 18, 2015

ഭൂതം / ടി പി രാജീവന്‍


സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.

സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------

Saturday, June 13, 2015

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം/വിഷ്ണു പ്രസാദ്

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്

എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!
--------------------------------------------------------------------

Friday, June 12, 2015

മുകളിലേക്കുള്ള വഴി / കല്‍പ്പറ്റ നാരായണന്‍


മുകളിലേക്കുള്ള വഴി
എന്ന ചെറിയ ചൂണ്ടുപലക കണ്ടപ്പോള്‍
എനിക്കാശ്വാസമായി.
ഒടുവില്‍ എന്‍റെ യാത്ര സമാപിക്കുകയാണ്
എത്ര യുഗങ്ങളായി ഞാനലയുന്നു.
ഇരുന്നല്പം ഇളവേറ്റ്
ഞാന്‍ കയറിത്തുടങ്ങി.
പക്ഷേ കോണിപ്പടികള്‍
നാലാം നിലയിലവസാനിച്ചു.
പുതിയ ഒരു നിലയ്ക്കുള്ള
വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആഗ്രഹം അവിടവിടായി
തുരുമ്പെടുത്ത് നില്ക്കുന്നു. കാലിച്ചാക്കുകള്‍ ഉണക്കാനിട്ടിരിക്കുന്നു.
നശ്വരത കളിക്കാന്‍ വരുന്ന സ്ഥലമാണിതെന്ന്
മൂലയില്‍ക്കിടന്ന തുന്നുവിട്ട ടെന്നീസ് പന്ത്
നിശ്ശബ്ദമായി എന്നോട് പറഞ്ഞു.
------------------------------------------

Wednesday, June 3, 2015

സൂര്യന്റെ കിടപ്പറ / വിനോദ് വൈശാഖി



ആകാശത്തിപ്പോള്‍
പട്ടുപോയ സൂര്യന്റെ
വിത്തുകള്‍ തപ്പുന്നു
പുലരിയും സന്ധ്യയും.
ഭൂശാസ്ത്ര വണ്ടികള്‍
തലങ്ങും വിലങ്ങും
ഓടിയെരിച്ച പേടിക്കാലം
അറിഞ്ഞോ,
ഇലയില്‍ നിന്നും ഒരു
കാടിറങ്ങിപ്പോയത്രേ!
സൂര്യാ ,കടലില്‍ വീണ
താഴികക്കുടമേ,
മലകള്‍ക്കിടയിലിഴഞ്ഞു-
പൊങ്ങുന്നോനെ,
കവിതയില്‍ മാത്രമുദിച്ചു താഴും
വലിയ കളവില്‍ ഞെളിഞ്ഞോനെ,
കാറ്റില്ലാക്കതിരോനെ
കലങ്ങി മറിഞ്ഞെല്ലാം.
കടല്‍ ജീവികളിപ്പോള്‍
പാറയില്‍ പണിഞ്ഞ
കൗതുകച്ചിത്രങ്ങളായ്,
തകര്‍ന്ന ടൈറ്റാനിക്കില്‍
പുണര്‍ന്ന "ജാക്കും റോസും"
ടോര്‍ച്ചുവെട്ടത്തില്‍കാണും
കൗമാരത്തിടുക്കങ്ങള്‍.
മീനുകള്‍ മുങ്ങിപ്പൊങ്ങിപ്പറഞ്ഞു:
തുമ്പോല വിശറികള്‍
തണുപ്പിച്ച സമുദ്രത്തില്‍
വീണുപോയ് സൂര്യന്‍
നിങ്ങളിനിയുമറിഞ്ഞില്ലേ!
സൂര്യന്‍ ഒരു കടല്‍വേനല്‍
കുളിച്ചും ചൂടഴിച്ചും നീന്തും
ഒരു വലിയ കടല്‍ജീവി.
കെട്ടിപ്പിടിച്ചു മറിഞ്ഞും
കടല്‍പ്പെണ്ണിന്‍ -
ഇളക്കം കെടുത്തിയും
അരക്കെട്ടു തകര്‍ന്നുകിടക്കുന്നു.
വെളുക്കാല്‍ താമസിക്കും
ചൂടാറ്റിപ്പതുക്കനെ
ഉണര്‍ത്തി വിടാം ഞങ്ങള്‍.
അതിന്,
കടല്‍പ്പൂവാണോ സൂര്യന്‍.
കടലിന്‍ പൊക്കിള്‍ക്കൊടി
സൂര്യകാന്തിയെ വിടര്‍ത്തുമോ!
പരന്ന വെയിലിന്റെ വിരിപ്പില്‍
പിടിച്ചിട്ട വിത്തുകള്‍ മുളയ്ക്കുമോ!
ഇനി പെണ്ണിനും ആണിനും
വയസ്സും വലിപ്പവും അറിയാന്‍
സൂര്യന്‍മാരെ ഉദിപ്പിച്ചെടുക്കണം
ഇത്രയും കാലം സൂര്യന്‍
പാറ്റിവീഴ്ത്തിയ വിത്ത്
എങ്ങുപോയെന്നോ
എത്തും പിടിയും കിട്ടുന്നില്ല!
-------------------------------------

കളിയാക്കുന്നു .. / ജയദേവ് നയനാർ


രണ്ടുപേരും ഒരുപോലെ
ജയിച്ചെഴുന്നേല്‍ക്കുന്ന
കളിയൊന്നുണ്ടായിരിക്കണമെന്ന്
നീ വാശി പിടിക്കാതെ.
ഭൂമിയിലെ അവസാനത്തെ
മരച്ചില്ലയില്‍ കൂടുവയ്ക്കാന്‍
ശ്രമിക്കുന്ന കിളിയും ഇലയും
രണ്ടുപേരുമൊരുപോലെ
കളി തോല്‍ക്കും.
പണ്ടു നമ്മളിരുവരും
ഒരുമിച്ചിനിയൊരിക്കലും
ജയിക്കാത്തവണ്ണം
തോറ്റതു പോലെ...

-----------------------

ശരൽക്കാലത്തെ മരങ്ങൾ / ഡോണ മയൂര


ഇലകളും പൂക്കളും
മഞ്ഞയെന്ന് ധ്വനിപ്പിക്കും
ഇലയേത് പൂവേതെന്ന്
അറിയിക്കാതെ ഭ്രമിപ്പിക്കും.

തൃശൂർപൂരത്തിനു
കുടമാറ്റമെന്നതു പോലെ
ചില്ലമേൽ ഇലകളിൽ
നിറങ്ങളെഴുന്നിടും.
പലനിറങ്ങളിൽ
ചുറ്റിലുമിലകളാൽ
പുഷ്പവൃഷ്ടിനടത്തി,
നഗ്നരായ് ഒടുവിൽ
നിങ്ങൾക്കു മുന്നിൽ
നിരന്നീ‍ടും.
ഭ്രാന്തരെന്നന്നേരം
വാക്കെറിയും
മൃതപ്രായരന്നന്നേരം
കണ്ണെറിയും
മൃതശൈത്യമേറ്റു
മരിച്ചുപോയിവരെന്ന്
തീറെഴുതി, നിങ്ങൾ
തീകായുവാനിരുന്നീടും!
ഹിമകമ്പളം
പുതച്ചുറങ്ങിയുമുണർന്നും,
ചില്ലയോട് ചില്ലചേർന്ന്
ഉയിരുകാഞ്ഞും,
കൊടിയശൈത്യങ്ങളെ
അതിജീവിച്ചും,
ഉയിർക്കുമന്നേരം
ശരൽക്കാലത്തെ
മരങ്ങൾ; കവികൾ,
ഋതുകളാൽ മരണമില്ലാത്തവർ!
---------------------------------------

ലോഡ് ജ് / ശ്രീജിത്ത്‌ അരിയല്ലൂർ


മുറിയെടുക്കുമ്പോൾ
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കും മുമ്പ്
മുറിയിലെ
ചുവരിലോ
വാതിൽപ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്ന പൊട്ടിരിക്കുന്നുണ്ടോ
എന്നു മാത്രം നോക്കുക.

മറ്റാരും തൊടാതിരിക്കാൻ വേണ്ടി
ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പ്
ജീവനിൽ നിന്നും
അവൾ
പറിച്ചു വെച്ചതാവും അത്.
-------------------------------

Tuesday, June 2, 2015

നദി / വിഷ്ണു പ്രസാദ്


സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

-------------------------------------------