Sunday, June 28, 2015

കൊതി / ഡി.വിനയചന്ദ്രന്‍



ആരാകുവാന്‍ കൊതിക്കുന്നു നീ ഭാവിയില്‍
ആരാഞ്ഞിതോരോ കിടാവിനോടും ഗുരു
ഉച്ചയ്ക്കു വീട്ടില്‍ മടങ്ങിവന്നിട്ടവന്‍
അച്ഛന്‍ മയങ്ങിക്കിടക്കൂന്ന വേളയില്‍
വേട്ടാവിളിയന്റെ കൂടിനോടും, കുഞ്ഞു
പൂച്ചയോടും, നിന്നു നീങ്ങിമറയുന്ന
വെള്ളിമേഘത്തിന്റെ കൊമ്പിനോടും, ഇല-
ത്തുമ്പിയോടും വാഴക്കൂമ്പിനോടും
വീടൊന്നു ചുറ്റിപ്പറമ്പൊന്നു ചുറ്റിവ-
ന്നോടിയടുക്കളയ്ക്കുള്ളില്‍ കയറുമ്പോള്‍
പച്ചമോരിന്റെ കലംവെച്ചിരിക്കുന്ന
കൊച്ചുറിയോടു, മുരല്‍പ്പുരയോടുമേ
താനേനടന്നവന്‍ ചോദിച്ചുതന്നോടു
ചോദിച്ചിടുമ്പോലെ പിന്നെയും പിന്നെയും
‘ആരാകുവാന്‍ കൊതിക്കുന്നു നീ ഭാവിയില്‍’
ഇന്ദ്രജാലത്തില്‍ മയക്കും ഗോസായിയായ്
കൊമ്പനാനപ്പുറത്തേറുന്ന പാപ്പാനായ്
തത്തയുമായ് വരും കാക്കാത്തിയായ് , ചില-
മ്പൊച്ച വാളും വെളിച്ചപ്പാടുമാകണോ?
അമ്മഴക്കാലത്തു കോലാഹലത്തോടു
വന്‍കരമുക്കും വെള്ളപ്പൊക്കമാകിലോ
ഇന്നലെയമ്പലത്തില്‍ നൃത്തമാടിയ
പെണ്ണിന്നരമണിയായ് തുള്ളിനില്‍ക്കിലോ
പുന്നെല്‍ക്കതിര്‍ കൊക്കിലാക്കിപ്പറക്കുന്ന
വര്‍ണ്ണക്കിളികളിലൊന്നാമതാകിലോ?
കാവിലടിമുടി പൂത്തോരശോകമായ്
ആനവാല്‍ മോതിരമാകിലുമെങ്ങനെ?
എന്നുമഭിഷേകമാടുന്ന തേവരോ-
ടൊന്നുചോദിക്കാം; പെടുക്കുവാന്‍ മുട്ടവേ
പൊന്നരഞ്ഞാണത്തിന്‍ കൂമ്പും,ചുണവന്ന
ചുണ്ണിയുമമ്മട്ട് ചോദിക്കെ നാണമായ്
പെട്ടെന്നു നിക്കറുമിട്ടു പടിപ്പുര
തട്ടിമറിഞ്ഞു നടുമുറ്റമപ്പുറം
അമ്മകിടക്കും മുറിയില്‍ കടക്കവേ
തെല്ലെമയങ്ങുന്നൊരമ്മതന്‍ മാറത്തു
മെല്ലെത്തലവെച്ചവന്‍ മൊഴിഞ്ഞന്തരാ:
‘അമ്മയായ്ത്തീരുവാനാഗ്രഹിക്കുന്നു ഞാന്‍’
----------------------------------------------

No comments:

Post a Comment