Saturday, November 29, 2014

വിശദമായ ചോദ്യം ചെയ്യല്‍ / സാദിര്‍ തലപ്പുഴ


ആകാശത്തിന്‍റെ
ചരിവില്‍
സംശയാസ്പദമായ
സാഹചര്യത്തില്‍
ഒരു മഴവില്ല്.

മതിയായ രേഖകളില്ലാതെ
ഇറക്കുമതി ചെയ്ത
നിറങ്ങളാണെന്നും
ഈ വളഞ്ഞുനില്‍പ്പ്
വഴിമുടക്കിയാണെന്നും
അനുചരന്മാര്‍
അധികാരത്തിങ്കലേക്ക്
സന്ദേശപ്പെട്ടു.
ഒടിച്ചുമടക്കി
വിശദമായ ചോദ്യം ചെയ്യലിനായി
കൊണ്ടുപോകുമ്പോഴും
പൂക്കളിലും പൂമ്പാറ്റകളിലും
മഴവില്ല്
നിറങ്ങള്‍ കൊണ്ട്
ഉമ്മ വെച്ചു.
വാക്കുകളില്ലാത്ത
ചോദ്യങ്ങളാല്‍
നിറങ്ങള്‍ ഊര്‍ന്നുപോയ
മഴവില്ലിനെ
മൂന്നാം പക്കം
നിരുപാധികം വിട്ടയക്കപ്പെട്ടു.
ഇപ്പോള്‍
മഴവില്ല്
ഒരു കരിങ്കൊടിയാണ്.
-----------------------

ഹരിതസൂര്യന്‍ / പി.കെ.പാറക്കടവ്


നിന്‍റെ ശരീരം ഒരു ഭൂമിയാണ്‌.
അതുകൊണ്ടാണ്
ഞാന്‍ മഴ കൊണ്ട് നിന്നെ നനയ്ക്കുന്നത്.
നീ കിളിര്‍ക്കുന്നതും പൂക്കുന്നതും.

നിന്‍റെ ശരീരം ഒരു ഭൂമിയാണ്‌.
അതുകൊണ്ടാണ്
നിശ്ചിത അകലത്തില്‍
നീയെനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നത്.
ഒടുവിലൊരുനാള്‍
അകലം തെറ്റി
കലഹിച്ച് കലഹിച്ച്
നമ്മള്‍ പൊട്ടിച്ചിതറി
ഇല്ലാതാകും.
അന്ന് ഭൂമി
സൂര്യനോട് പറയും
കലഹത്തിന് സ്നേഹമെന്നും പേരുണ്ട്.
-------------------------------------

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ / സച്ചിദാനന്ദൻ


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയാക്കി മാറ്റുകയെന്നാണ്.
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമൽ കുനിച്ചു നിൽക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾ കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടു ചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഢൃം മുഴുവൻ
ഒരു സൌഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ
സ്വന്തം ഹ്യദയം അമർത്തിക്കിടക്കുയാണ്.
ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.

----------------------------------------------------

Monday, November 24, 2014

ഉടുപ്പുകള്‍ വരച്ച് വരച്ച്......../ പ്രസന്ന ആ‍ര്യൻ


"എന്താ ചെയ്യുന്നത്”
“വരയ്ക്കുന്നു...”
“ചന്ദ്രോദയം?”
“സൂര്യാസ്തമയവുമാവാം..”
“ഇതൊരു കാടല്ലേ.”
“എങ്ങിനെ?"
“നിറയെ മരങ്ങള്‍...”
“ഇടയില്‍ പുല്ലും കുറ്റിച്ചെടികളുമുണ്ട്.”
“എവിടെ?”
“തമ്മില്‍പ്പിണഞ്ഞുപിണഞ്ഞു മുറുകുന്ന വള്ളികളുണ്ട്
അവയില്‍ പൂക്കളുണ്ട് ശലഭങ്ങളുണ്ട്.”
“കാണാനില്ലല്ലോ!”
“ഇരപിടിക്കുന്ന മൃഗങ്ങളുണ്ട് ചേക്കേറുന്ന പക്ഷികളുണ്ട്..”
“ഒന്നും വരച്ചിട്ടില്ലല്ലോ!”
“മണ്‍പുറ്റിലൂടൂര്‍ന്നിറങ്ങിയാല്‍ മഹാസംസ്കാരം തന്നെയുണ്ട്”
“ഞാനൊന്നും കാണുന്നില്ല”
“പിന്നെങ്ങിനെയിതു കാടാകും?”
“പെരുമരങ്ങളല്ലെ കാടാവുന്നത്....”
“ആണോ! ”
തൊലിപ്പുറം നീളത്തില്‍ വരഞ്ഞ് വരഞ്ഞ് കരിമരുതെന്ന്
തൊലിപ്പുറം മിനുക്കി മിനുക്കി വെണ്‍തേക്കെന്ന്
ചുകപ്പിച്ച് ചുകപ്പിച്ച് രക്തചന്ദനമെന്ന്
കള്ളികള്‍ കൊത്തിക്കൊത്തി വാകയെന്ന്
മുഖക്കുരുപ്രായത്തില്‍ ഏഴിലം പാലയെന്ന്
മുള്ളിലവെന്ന്
മുരുക്കെന്ന്
വേരുകളിണചേരുന്ന
ശാഖികള്‍ ഇറുകെപ്പുണര്‍ന്ന
കാട്ടിലെ മരങ്ങളെ
ഉടുപ്പുകള്‍ വരച്ച് വരച്ച്
പരിഭാഷപ്പെടുത്തികൊണ്ടിരിക്കുമ്പോള്‍..............
------------------------------------------

Sunday, November 23, 2014

പെങ്ങള്‍ /ഹൻലല്ലത്ത്

പെങ്ങള്‍
ഒതുങ്ങിയൊതുങ്ങി
ആമ മയങ്ങുന്നതു പോലെ
വിതുമ്പിയിരുന്നു

വയസ്സേറിയെന്ന്
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
അനങ്ങിയില്ല

കണ്ണുനീര്‍
പെയ്തൊഴിയുമ്പോള്‍
മഴവില്‍ പുഞ്ചിരിയില്‍
പെങ്ങള്‍ കഥ പറഞ്ഞു തന്നു

കര്‍ക്കിടകം കരഞ്ഞ
രാവുകളൊന്നില്‍
പെങ്ങള്‍ക്കൊരു ജീവിതം
പടി തേടി വന്നു.

മഴയുടെ
കണ്ണുനീര്‍ക്കുരവയില്‍
മുങ്ങിപ്പോയ ആള്‍ക്കൂട്ടം
ഇറച്ചിയുടെ വേവിനെ
കുറ്റം പറഞ്ഞിരുന്നു.

ആമത്തോട്‌
കുത്തിപ്പൊളിച്ച്
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

മഴയുടെ
ഇട വേളയിലെപ്പോഴോ
വിതുമ്പല്‍ കേട്ടുണര്‍ന്നപ്പോള്‍
പെങ്ങള്‍....

ചോരക്കുഞ്ഞിനെ സാക്ഷിയാക്കി
മുറിവ് പറ്റിയ ഹൃദയവുമായി
പടിവാതില്‍ക്കല്‍
പെങ്ങള്‍...

ബാക്കിയായ
ഹൃദയം കൊണ്ട്
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?
----------------------------

പെങ്ങള്‍ /ഹാരിസ് എടവന



മൊഞ്ചില്ലാത്തവള്‍
‍പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു
പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
‍കടം പറയുമെന്ന ആധിയിലാണ്
ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്
അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞത്
‘ഓളെ ഖബറും പുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘
_____________

Saturday, November 22, 2014

നീയില്ലാതെ ജീവിതം ശീലിക്കുന്നതിനെക്കുറിച്ച് / സുധീർ രാജ്


തലതിരിച്ചിട്ട ടീ ഷർട്ടുകൾ
ബട്ടണില്ലാത്ത ഉടുപ്പുകൾ
കുട്ടിക്കാലമില്ലാതെ വൃദ്ധരായവരേപ്പോലെ
പ്രഭാതവും നട്ടുച്ചയും വരാതെ
രാത്രിയാകുന്ന പകലുകൾ .

ഒഴിഞ്ഞ കുപ്പികളിലെല്ലാം
നിന്റെ വഴക്ക് നിറച്ചു വെച്ചിരിക്കുന്നു
പുള്ളിക്കുത്തു വീണ കണ്ണാടിയിൽ
നീയൊട്ടിച്ച പൊട്ടുകൾ ,
ഞാൻ വീണുപോയപ്പോഴൊക്കെ
നീ തന്നയുമ്മകൾ.
പാല് പാത്രത്തിലിട്ടാ പച്ചക്കറി കഴുകിയത്
ചട്ടീലിട്ട മീൻ വെട്ടാൻ വയ്യ
തുറിച്ച കണ്ണിലെല്ലാം
നീയില്ലാത്ത ഞാൻ .
ഗ്യാസ് ഓഫ് ചെയ്യാൻ മറന്നു പോയി .
നിന്നോടാദ്യം പിണങ്ങിയ ദിവസം പോലെ
ഓഫീസിലിരുന്നു വിയർക്കുകയായിരുന്നു .
എന്നിലിങ്ങനെ വീർപ്പു മുട്ടി
നീ പൊട്ടിത്തെറിക്കുന്നത്
ഞാൻ പൊട്ടിത്തെറിക്കുന്നത്
നമ്മുടെ വീട്
അവൻ .
നീ പോയ ദിവസം
നിന്റെയോരോ ദൈവവും
എന്റടുത്തു വന്നു പതം പറഞ്ഞു കരഞ്ഞു
ചുവരിൽ നിന്നവരെല്ലാമിറങ്ങിപ്പോയി .
ഞങ്ങൾക്കാരുമില്ലേയെന്ന് നിലവിളിച്ച്
അപ്പൂപ്പനുമമ്മൂമ്മയും അച്ഛനും
ഓർമ്മേന്നിറങ്ങിപ്പോയപ്പോഴാണ്
പണ്ട് മറന്നിട്ട ഉറക്കഗുളികയുടെ
ഡപ്പി ഞാൻ തിരഞ്ഞത് .
ആരുമില്ലാതെ
ഭൂമിയിലൊറ്റയ്ക്ക് നിൽക്കുക
അവനിലേക്കുള്ളയെന്റെ
നക്ഷത്രസന്ദേശമത്രയും
നീയെന്ന തമോഗർത്തത്തിലേക്കടിയുക.
(എത്ര മേൽ മറക്കിലും
അത്രമേൽ തറഞ്ഞു
ഭയത്തിൻ കുരിശേറുക)
നീയില്ലാതെ ജീവിതം ശീലിക്കുന്നതിനെക്കുറിച്ച് ,
നിന്റെ കൈത്തണ്ടയിലെ
പതിനൊന്നു കുത്തിക്കെട്ടുകൾ
പതിനൊന്ന് താജ് മഹലുകളാണ്.
തീപ്പുഴയ്ക്കിപ്പുറം നീയെന്ന തടവിലിരുന്ന് ...
കിളിവാതിലിലൂടെ ഞാൻ കാണുന്ന
താജ് മഹലുകൾ.
-----------------------------------

കുഞ്ഞൻ / അരുണ്‍ ഗാന്ധിഗ്രാം


ഒന്നര വയസ്സുള്ള
ഒരു കുഞ്ഞനാണ് വീട്
കലക്കക്കണ്ണുള്ള ഒരമ്മയും
കുറുമ്പെല്ലാം കളഞ്ഞുപോയ
രണ്ടു പാവാടക്കുട്ടികളുമാണ് കൂട്ട്.
അധികമാരും മിണ്ടാനില്ലെങ്കിലും
പകലെല്ലാം വീട്
കാറ്റിനോട് തകരമേൽക്കൂര കൊണ്ടും
എലിയോട് കടലാസുചീന്തുകൾ കൊണ്ടും
പല്ലിയോട് കുമ്മായമിളക്കിയിട്ടും
പാറ്റയോട് കറിക്കലങ്ങൾ കൊണ്ടും
സംസാരിച്ചു.
കുഞ്ഞനല്ലേ,
രാത്രിയാവുമ്പോൾ
അതിന് പേടിയാവും.
കൂമനെ,
കുറുക്കനെ,
നായ്ക്കളെ
ചിവീടിനെ
എല്ലാത്തിനെയും ഓർത്ത്
കുഞ്ഞൻ വിറച്ചു നിൽക്കും.
ആണൊരുത്തൻ കൂട്ടുവരണേ
എന്ന് കണ്ണടച്ചു പ്രാർഥിക്കും.
ഉള്ളിൽ ഉറങ്ങുന്നവരോടും
പല്ലിയോടും പാറ്റയോടും
എലിയോടും കാറ്റിനോടും പറയാതെ
അവൻ ആ പേടിയെല്ലാം
ഒറ്റയ്ക്കനുഭവിക്കും.
പെട്ടെന്നൊരു രാത്രി
കൂമൻ മൂളാതായി
നായ്ക്കളും, കുറുക്കനും, ചിവീടും
നിശ്ശബ്ദരായി.
ഇരുട്ടിൽ നിന്ന്
ഹെഡ് ലൈറ്റില്ലാത്ത സ്കൂട്ടറുമായി ഒരച്ഛനും
തോർത്തുമുണ്ടും സോപ്പുപെട്ടിയുമായി ഒരു മകനും
കൂട്ടുകിടക്കാനെത്തി.
കഥകളും കളികളുമായി
അവർ കുഞ്ഞന്റെ രാപ്പേടി മാറ്റി.
അവൻ ആ രാത്രി സുഖമായുറങ്ങി.
വെളുപ്പിന്,
നാളെയും കാണാമെന്ന്
കുഞ്ഞന്റെ നെറ്റിയിൽ ചുംബിച്ച്
രണ്ടുപേരും ഉറങ്ങാൻ പോയി.
ഒരാൾ സ്കൂട്ടറുമായി
ഒന്നര വർഷമായി പകലുറങ്ങുന്ന
അപകടവളവിലെ കലുങ്കിനു താഴേക്കും,
മറ്റെയാൾ തോർത്തും സോപ്പുമായി
പച്ചക്കുളത്തിന്റെ അടിത്തട്ടിലേക്കും...
രാത്രിക്കൂട്ടായും ഓർമ്മക്കൂട്ടായും വരാൻ
എനിക്കും ആളുണ്ടല്ലോ എന്ന്
വീട് അന്നാദ്യമായി കാറ്റിനോട് ചിരിച്ചുകാണിച്ചു.
----------------------------------------------

Thursday, November 20, 2014

കളവ്‌ / ചിഞ്ചു റോസ


നേരാണ്, ഞാനാണതു പറഞ്ഞത്
കഥ പറഞ്ഞു നാവു കൈയ്ച്ചപ്പോള്‍
നക്ഷത്രങ്ങളെ ചൂണ്ടി
കാട്ടി അവനോടൊരു
കളവു പറഞ്ഞു

നിലാവത്ത് ആകാശത്തൂന്നു
വീണ നക്ഷത്രത്തരികള്‍
നമ്മുടെ കിണറ്റില്‍ വീണു
ഉറങ്ങുന്നുവെന്നു
അത്രമാത്രം....

ഒടുക്കം പുലര്‍ച്ചെ .
അവന്‍ കിണറ്റില്‍
ചത്തു മലച്ചങ്ങനെ ...

ഇല്ല ഞാന്‍ മിണ്ടുന്നില്ല
കുഞ്ഞുങ്ങളോട് കളവു പറയുന്നതും
ഞാന്‍ നിര്‍ത്തി
---------------------

നീല / ഷിറാസ് അലി


നീല എന്ന പെണ്‍കുട്ടി ഉറങ്ങുകയാണ്.
ഒരു കാലിഡോസ്കോപ്പിന്റെ മുഴുവന്‍
വര്‍ണരാജികളും സ്വപ്നം കാണുകയാണ്.

നീല ഒരു വാല്‍ക്കണ്ണാടിയാണ്
വളപ്പൊട്ടിന്റെ മുനയാണ്
വാനിന്‍റെ തേനാണ്
പുല്‍മേടുകളുടെ കള്ളത്തരമാണ്.
നീല നിര്‍മ്മലയാണ്‌
അമലയാണ് നീര്‍ത്തുള്ളിയാണ്
നീറ്റില്‍ കുളിക്കും മീന്‍ കുഞ്ഞുങ്ങളാണ്.
നീല നിലാവാണ്‌, നിനവാണ്
സ്വപ്നത്തിന്‍റെ വനമാണ്
ദര്‍ഭ തിന്നുന്ന പുള്ളിമാനാണ് .
നീല ചുഴിക്കുത്തുള്ള കയമാണ്
നദീമുഖമാണ്
കടലിന്‍റെ തോലാണ്
മിന്നിപ്പായുന്ന കൊതുമ്പുവള്ളമാണ്
കാറ്റിന്റെ കപ്പല്‍പ്പായാണ്.
നീല ഉണരാതിരിക്കട്ടെ
നീലക്കണ്ണുകള്‍ തുറക്കാതിരിക്കട്ടെ
കവിതയുടെ കാലിഡോസ്കോപ്പില്‍
ചിത്രങ്ങള്‍ മങ്ങാതിരിക്കട്ടെ.
---------------------------------

Wednesday, November 19, 2014

അത്തിമരം / ലൂയിസ് പീറ്റർ


ഇന്നലെപ്പോലും എന്നെ ഞാനൊരു
ഇലയില്ലാ മരമായ്‌
ഓർത്തുപോയിട്ടുണ്ട്
ശിഷ്ടം , ശിഖരങ്ങളില്ലാതെ
തടിയും തായ് വേരുമില്ലാതെ
വിത്തും പിറവിയുമില്ലാതെ
ഞാൻ മാത്രം എന്തിനാണിങ്ങനെ
തനിയെ നില്ക്കുന്നത്...
ശപിച്ചവൻ കടന്നുപോയി
കുരിശിലേക്കും കുഴിയിലേക്കും
ഞാൻ കണ്ടിട്ടും അറിഞ്ഞിട്ടുംപോലുമില്ലാത്ത
സ്വർഗത്തിലേക്കും...
എന്നെ വെട്ടി വീഴ്ത്താൻ കഴിവുള്ളവന്
ഇതാ ഞാനൊരു ബലമുള്ള കമ്പ്
സമ്മാനമായ്‌ നൽകുന്നു,
ഒടിഞ്ഞതെങ്കിലും ഒതുക്കമുള്ളത്
ഒരുക്കമുള്ളത്!

ഇന്നലെപ്പോലും എന്നെ ഞാനൊരു
ഇലയില്ലാ മരമായ്‌
ഓർത്തുപോയിട്ടുണ്ട്
ശിഷ്ടം , ശിഖരങ്ങളില്ലാതെ
തടിയും തായ് വേരുമില്ലാതെ
വിത്തും പിറവിയുമില്ലാതെ
ഞാൻ മാത്രം എന്തിനാണിങ്ങനെ
തനിയെ നില്ക്കുന്നത്...
ശപിച്ചവൻ കടന്നുപോയി
കുരിശിലേക്കും കുഴിയിലേക്കും
ഞാൻ കണ്ടിട്ടും അറിഞ്ഞിട്ടുംപോലുമില്ലാത്ത
സ്വർഗത്തിലേക്കും...
എന്നെ വെട്ടി വീഴ്ത്താൻ കഴിവുള്ളവന്
ഇതാ ഞാനൊരു ബലമുള്ള കമ്പ്
സമ്മാനമായ്‌ നൽകുന്നു,
ഒടിഞ്ഞതെങ്കിലും ഒതുക്കമുള്ളത്
ഒരുക്കമുള്ളത്!

--------------------------------

തവളകള്‍ / ലൂയിസ് പീറ്റര്‍


തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
ഞങ്ങൾ ഈ കുളം മാത്രമേ
കണ്ടിട്ടുള്ളു എന്ന്
അവർ വിനയപുരസ്സരം
ഏറ്റുപറയുകയാണ്‌

തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
പ്രാർത്ഥനയിലും
പ്രണയത്തിലും കലഹത്തിലും
ഞങ്ങള്ക്ക് ഭാഷയിൽ
ഒരക്ഷരം മാത്രമേ ഉള്ളുവെന്ന്
അവർ പരിതപിക്കുകയാണ്
അവരുടെ എകാക്ഷരജപം
മേഘഹൃദയങ്ങളെ
ആര്ദ്രമാക്കുന്നു
അഗ്നിയാൽ മെനഞ്ഞ
ഒരു താക്കോൽ വന്നു
ആകാശത്തിന്റെ
വാതിലുകൾ തുറക്കുന്നു
നിറഞ്ഞു കവിഞ്ഞ ഒരു പുഴ വന്നു
അവരെ
അവരുടെ കുളങ്ങളോടൊപ്പം
സ്വതന്ത്രരാക്കുന്നു.

എനിക്കറിയാം
ഈ പ്രളയം പോലും
തവളകൾ പ്രവചിച്ചതല്ല
അവർ
പ്രവാചകരേയല്ല.
തവളകൾ മാത്രമാണ്
നമ്മെ പോലെ
നഗരങ്ങളിലല്ല വാസം
എന്ന് മാത്രം

-------------------------

Tuesday, November 18, 2014

പാസഞ്ചര്‍ ജനലരികിലെ പെണ്‍കുട്ടി /അരുണ്‍ ഗാന്ധിഗ്രാം


പാസഞ്ചറില്‍
എന്റെയടുത്ത് ജനലിനരികിലായി
ഒരു പെണ്‍കുട്ടിയിരിക്കുന്നു.
ഞാനവളുടെ മുഖത്തേക്ക് നോക്കുന്നില്ല.

ചാരിയിരുന്നാല്‍ മുട്ടിയെങ്കിലോ
മുട്ടിയാല്‍ ഇഷ്ടമായില്ലെങ്കിലോ
എന്നൊക്കെ കരുതി
ഞാന്‍ മുന്നോട്ടു നീങ്ങിയിരിക്കുന്നു.
ഞാനൊരു മാന്യനാണ് എന്ന്
മുഖത്തെഴുതിവയ്ക്കാന്‍ ശ്രമിക്കുന്നു.
ജനലിലൂടെ
മലമുകളിലെ കുരിശു കാണുമ്പോള്‍
എന്തൊരത്ഭുതം എന്ന മട്ടില്‍
കണ്ണില്‍ നിന്നു മറയുന്നതുവരെ നോക്കുന്നു.
നോട്ടം ജനലരികിലെ പെണ്‍കുട്ടിയുടെ
തൊട്ടടുത്തെത്തുമ്പോള്‍
അത് പിന്‍വലിച്ച്
വീണ്ടും മാന്യനാകുന്നു,
മുഖം ഇപ്പോളും കാണുന്നില്ല.
ഒന്നുമറിയാത്തതു പോലെ
വേറെയാരെയോ അത്യാവശ്യമായി തെരയുന്നതുപോലെ
ട്രെയിനിലെ മറ്റുള്ളവരെ നോക്കുമ്പോള്‍
നോട്ടം മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്തുടക്കുന്നു
മാന്യനായതിനാല്‍ ഞാനതും പിന്‍വലിക്കുന്നു.
കാറ്റടിക്കുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടിയുടെ മഞ്ഞ ഷാള്‍
എന്റെ കൈത്തണ്ടയില്‍ വീഴുന്നു.
അതൊന്നും അറിഞ്ഞതേയില്ല എന്ന മട്ടില്‍
ഞാന്‍ ബാഗില്‍ നിന്ന്
പ്രകാശന്‍ മുല്ലക്കാട് എന്ന യുവകവിയുടെ
പുസ്തകമെടുത്ത് നിവര്‍ത്തുന്നു.
ജനലരികിലെ പെണ്‍കുട്ടി
അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍
ഞാന്‍ ജനലിനപ്പുറത്ത്
കുരിശുമല തെരയുന്നു,
കാണുന്നില്ല...
അടുത്ത സ്റ്റേഷനെത്തുമ്പോള്‍,
ചായ കുടിച്ചേ പറ്റൂ എന്ന പോലെ
പുസ്തകം ബാഗിനു മുകളില്‍ വെച്ച്
ഞാന്‍ പുറത്തിറങ്ങുന്നു.
ചായയൂതുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടി
എന്റെ പുസ്തകം മറിച്ചുനോക്കുന്നതായും
ചായ കുടിച്ചു ഞാനെത്തുമ്പോള്‍
അവളതു തിരിച്ചു തരാനൊരുങ്ങുമ്പോള്‍
വേണ്ട, വായിച്ചോളൂ’എന്നു മര്യാദപ്പെടുന്നതായും
ഞാന്‍ ഭാവനയില്‍ കാണുന്നു.
‘പ്രകാശന്‍ മുല്ലക്കാട്
മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ച്
മനോഹരങ്ങളായ കവിതകളെഴുതിയിട്ടുണ്ട്,
ഞാനും!’
എന്നൊരു മുഖവുര
ഞാന്‍ ഹൃദിസ്ഥമാക്കുന്നു.
ചായക്ക്‌ ചൂട് കൂടുതലാവുന്നു,
ഊതിക്കുടിച്ചിട്ടും തീരുന്നതേയില്ല!

ഞാനല്ല / അരുണ്‍ ഗാന്ധിഗ്രാം


തീവണ്ടി സ്റ്റേഷനിലെ കൂട്ടക്കൊലയ്ക്കു പകരം
തെരുവിൽ ചോരപ്പൂക്കൾ ചിതറിച്ചത്
ഞാനല്ല
മോഷ്ടിച്ച പണം അട്ടിവച്ച്
ചന്ദ്രനിലേക്ക് നടന്നുകയറിയത്.
ഒരുവൾ
ചോരപുരണ്ട അടിവസ്ത്രവുമായി
തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ
ഞാനല്ല
അത് നമ്മുടെ ആണ്‍കുട്ടികളുടെ
വികൃതിയാണെന്നു ചിരിച്ചുതള്ളിയത്.
നേതാവിന്റെ കൊലയ്ക്കു പകരംവീട്ടാൻ
ആയിരക്കണക്കിനാളുകളെ
വോട്ടേഴ്സ് ലിസ്റ്റ് നോക്കി
കൊലപ്പെടുത്തിയത് ഞാനല്ല.
എന്റെ ദൈവവിചാരം വ്രണപ്പെടുത്തിയവരെ
തെരഞ്ഞുപിടിച്ച് ആക്രമിച്ചത് ഞാനല്ല
അങ്ങനെയൊന്നും വ്രണപ്പെടുന്ന
ദൈവങ്ങളല്ല എന്റേത്.
ഞാനല്ല
അതിർത്തിക്കപ്പുറത്തേക്കു പോയ
തീവണ്ടിക്കൂപ്പകളെ ശവപേടകങ്ങളാക്കിയത്
കൂട്ടുപിരിഞ്ഞവനെ ചതിച്ചുവീഴ്ത്താൻ
കള്ളും വണ്ടിയും കൊടുത്ത്
ക്വൊട്ടേഷനയച്ചത് ഞാനല്ല
കൂടങ്കുളത്തും
വിളപ്പിൽശാലയിലും
കാസർഗോഡും
മുത്തങ്ങയിലും
മനുഷ്യരെ അടിച്ചുവീഴ്ത്തിയ ലാത്തികൾ
ഞാൻ കൊടുത്തുവിട്ടവയല്ല.
ഇന്ധനവില കൂടുമ്പോൾ
നികുതികൂടുമ്പോൾ
യാത്രാനിരക്ക് കൂടുമ്പോൾ
കീശ കാലിയാവുന്നവരുടെ കൂട്ടത്തിൽ
ഞാനുണ്ടായിരുന്നു.
എന്നാലുമുണ്ടല്ലോ,
ചന്തക്കവലയിലെ ടെലഫോണ്‍ പോസ്റ്റിൽ
ഫ്ലെക്സ് കെട്ടിയത് ഞാനാണ്
അങ്ങാടിയിൽ വച്ച്
നേതാവിനെ പുലഭ്യം പറഞ്ഞവന്റെ
കരണക്കുറ്റി അടിച്ചു പുകച്ചിട്ടുണ്ട്
ജാഥ പോകുമ്പോൾ
മുഴങ്ങിക്കേൾക്കുന്ന സ്വരങ്ങളിലൊന്ന് എന്റേതാണ്
മുനിസിപ്പൽ റോഡിലെ പാർട്ടി ചിഹ്നങ്ങൾ
ഞാനും കൂടെയാണ് വരച്ചത്
ഇലക്ട്രിക് കാലുകളിലെ പാർട്ടി പോസ്റ്ററുകൾക്ക് പിന്നിൽ
മൈദ പുരട്ടിയത് ഞാനാണ്.
ഞാനാണ്,
ഒരിക്കലും കണ്ടിട്ടില്ലാത്ത
സുന്ദരനായ നേതാവിന്റെ നോട്ടീസുമായി
വീടുകൾ കയറിയിറങ്ങിയവരിലൊരാൾ.
അല്ല സുഹൃത്തേ
വിശ്വസിച്ചാലുമില്ലെങ്കിലും
ഞാൻ അഴിമതിക്കാരനല്ല
വർഗ്ഗീയവാദിയല്ല
കൊലപാതകിയല്ല
തട്ടിപ്പുകാരനല്ല
കാലുമാറ്റക്കാരനല്ല
പണക്കാരൻ പോലുമല്ല.
നിമിഷനേരംകൊണ്ട്
വർഗ്ഗീയവാദിയായും
നവലിബറലായും
സോഷ്യലിസ്റ്റായും
മാർക്സിസ്റ്റായും
ഗാന്ധിയനായും
മിതവാദിയായും
തീവ്രവാദിയായും
വേഷം മാറാനറിയാത്തതിനാൽ
ഞാനിപ്പോഴും അതേ പഴയ പതാക പേറുന്നു.
എങ്കിലും
എതിർപാർട്ടിക്കാരനായ സുഹൃത്തേ,
തോൽവിയുടെ എല്ലാ പഴിയും
എനിക്കു നേരെ ചൊരിയൂ
എന്റെ നേതാവിനെ
വെറുതെവിട്ടേക്കൂ
നാളെ ചിലപ്പോൾ
അയാൾക്കു വേണ്ടി നിങ്ങൾക്ക്
മുദ്രാവാക്യം വിളിക്കേണ്ടിവന്നേക്കാം.
==========================

Friday, November 14, 2014

അപരിചിതൻ / രശ്മി കിട്ടപ്പ


അത്ഭുതം
എന്റെ നഗരത്തിൽ
അയാളുമുണ്ടായിരുന്നു.
ഞാൻ നടന്ന വഴികളിലൂടെ
അയാളും നടന്നിട്ടുണ്ടാവണം.
അന്നു ഞാൻ കണ്ട
ആകാശങ്ങൾ,
ഒരു തൊങ്ങലു പോലെ
നഗരത്തിനോട് തുന്നിച്ചേർത്ത
സമുദ്രത്തിന്റെ നിറഭേദങ്ങൾ,
കവിതകളിലൂടെ
നാടകവേദികളിലൂടെ
നീണ്ടു പോകുന്ന
നഗരത്തിന്റെ സായാഹ്നങ്ങൾ,
എല്ലാം അയാളും കണ്ടിട്ടുണ്ടാവണം.
നഗരത്തിലെ വീതികുറഞ്ഞ തെരുവിലൂടെ
ഒഴുകിനീങ്ങുന്ന ജനച്ചാർത്തിനിടയിൽ
ഒരിക്കലെങ്കിലും എന്നെക്കടന്ന്
അയാൾ പോയിട്ടുണ്ടാവണം.
എപ്പോഴും തിരക്കേറിയ
ഇടുങ്ങിയ പുസ്തകശാലയിൽ
എന്നെങ്കിലും ബഷീറിനേയും
നെരൂദയേയും വിജയനേയും
ഞങ്ങളൊരുമിച്ച്
വാങ്ങിയിട്ടുണ്ടാവണം.
അത്ഭുതം
എന്റെ നഗരത്തിൽ
അയാളുമുണ്ടായിരുന്നു.
എന്നിട്ടും
പകിട കളിക്കുന്ന
കാലത്തിന്റെ കൈകൾ
ഞങ്ങളെ നിരത്തിയതോ
ഒരിക്കലും കൂട്ടി മുട്ടാത്ത
അപരിചിതരായി
രണ്ടു വിദൂര കളങ്ങളിൽ

---------------------------------

ഇറങ്ങിപ്പോകുന്നവർ / രശ്മി കിട്ടപ്പ


ഇഷ്ടമില്ലെങ്കിലും
വീടുവിട്ടിറങ്ങാറുണ്ടായിരുന്നു
ഞങ്ങളുടെ പഴയവീട്ടിലെ
ചുവരലമാരയിലെ പുസ്തകങ്ങൾ

ഇഴകൾ പിന്നിയ തുണിസഞ്ചിയിലോ
തുരുമ്പെടുത്ത സൈക്കിളിലോ കയറി
എങ്ങോട്ടെന്നറിയാതെ
പുറപ്പെട്ടുപോകാറുണ്ടായിരുന്നു അവ.
കുറുമ്പുകളുടെ കൂടാരമായിരുന്നവ
വെച്ചാൽ വെച്ചിടത്തിരിക്കാത്തവ
എഴുപതുകളിലെ തിളയ്ക്കുന്ന രാഷ്ട്രീയം വീണു
പൊള്ളിപ്പോയ ഉമ്മറത്തിണ്ണയിലേക്ക്,
എൺപതുകളിലെ സിനിമയും ഫുട്ബാളും
വിഷയമാക്കിയിരുന്ന ഊണുമുറിയിലേക്ക്,
കണ്ണും കാതും കൂർപ്പിക്കുമായിരുന്നു
പാറ്റകളെയും പല്ലികളെയും അതിജീവിച്ച്,
ചുവരുമായി സഖ്യത്തിലായ പുസ്തകങ്ങൾ.
പഠിച്ചു പഠിച്ചു തലയ്ക്കു വെളിവില്ലാതായ
ചെറിയച്ഛൻ, നാടും വീടുമുറങ്ങുന്ന നേരത്ത്
പുസ്തകങ്ങൾ ഇറങ്ങിനടക്കുന്നതു
കാണാറുണ്ടായിരുന്നു.
ഒടിയന്റെയും ഒറ്റമുലച്ചിയുടെയും കഥപറഞ്ഞിരുന്ന
വെല്ല്യമ്മയെ കാണുമ്പൊഴൊക്കെയും
അലമാരയിൽ അമർത്തിയൊരു ചിരിപടരുമായിരുന്നു.
ഇറങ്ങിപ്പോയവ തിരിച്ചെത്താൻ വൈകിയാൽ
ഇളകിത്തുടങ്ങുമായിരുന്നെങ്കിലും
ഒരിക്കലും തിരിച്ചെത്താത്തവയെ
മറക്കാൻ പഠിപ്പിക്കുമായിരുന്നു വീട്.
“റഷ്യൻ നാടോടിക്കഥകളും
മലകളുടെയും സ്റ്റെപ്പികളുടെയും കഥകളും”
മടങ്ങിയെത്താതിരുന്നപ്പോൾ മാത്രം കണ്ണുനിറഞ്ഞ
കുട്ടിയുടെ സ്വപ്നത്തിലേക്ക്
ഒരു രാത്രി പൂക്കളും പൂമ്പാറ്റകളുമായി
പുസ്തകങ്ങൾ പറന്നിറങ്ങിയിരുന്നു.
അമ്മപോയ ദിവസം മാത്രം
അവർ അച്ചടക്കമുള്ളവരായി.
കൈകോർത്തുപിടിച്ചുകൊണ്ട്
വീടിന്റെ സങ്കടത്തെ നെഞ്ചോടു ചേർത്തുറക്കി.
പുതിയ വീട്ടിലെ ചില്ലലമാരയിലേക്ക്
താമസം മാറ്റിയതുമുതലാണ്
പുസ്തകങ്ങളും അച്ഛനെപ്പോലെ മിണ്ടാതായത്,
വെറും കടലാസുതാളുകൾ മാത്രമായത്.
മറവിയുമായി കൂട്ടുകൂടിയ അച്ഛന്റെ കൈപിടിച്ച്
മിക്ക രാത്രികളിലും അവ ഇറങ്ങി നടക്കാറുണ്ട്
ആ പഴയ ചുവരലമാര തേടി...
---------------------------------------------

Thursday, November 13, 2014

എത്രയും ശൂന്യമായ അവളെപ്പറ്റി .../ സുധീർ രാജ്


കശുവണ്ടിയാപ്പീസിൽ നിന്നോ
തൊഴിലുറപ്പ് കഴിഞ്ഞോ
വീട്ടുജോലി കഴിഞ്ഞോ
തെരുവിലെകച്ചോടം കഴിഞ്ഞോ
എവിടുന്നു വേണമെങ്കിലും അവൾക്കു വരാം .

മുടി പാറിപ്പറന്നോ
മുഖം കരുവാളിച്ചോ
ചുണ്ടു പൊട്ടിയോ
വിയർത്തൊലിച്ചു മുഷിഞ്ഞ സാരിയിൽ
മുഖം തുടച്ചോ
അവൾക്ക് നടക്കാം .
ഒരു പൊതി കപ്പലണ്ടിയോ
ഒരു നാരങ്ങാവെള്ളമോ
ഒരു ഞാലിപ്പൂവൻ പഴമോ
അവളെ കൊതിപ്പിച്ചേക്കാം
(ഒരുപക്ഷെ അവൾക്ക് വിശക്കാതേയുമിരിക്കാം )
നടക്കുമ്പോൾ
എന്തായാലുമവളുടെ ചെരുപ്പ് പൊട്ടും
തള്ളവിരൽ കല്ലിൽ തട്ടും
നഖം പൊളിയും
"ശ് "എന്ന വേദനയോടെ
അവൾ വീണ്ടും നടക്കും .
ഒരു കൂട്ടം മത്തിയോ
ഒരു കറിക്ക് പച്ചക്കറിയോ
ഒരു തേങ്ങയോ
വിലകുറഞ്ഞ പ്ലാസ്റ്റിക് പാത്രമോ
ഒരു തോർത്തോ അവൾ മേടിച്ചേക്കാം.
(മേടിക്കാതെയുമിരിക്കാം ,എന്തായാലും മുഷിഞ്ഞ
കുറെ നോട്ടുകളവളുടെ കയ്യിൽ കാണും )
വീട്ടു പടിക്കലെത്തി
കിതപ്പാറ്റി നിൽക്കുമ്പോൾ
അവളൊരു നെടുവീർപ്പിട്ടേക്കാം.
മക്കളെക്കാണുമ്പോൾ
മുഖത്തെ മുറിവ് വിടർന്നേക്കാം
ഞരക്കം പോലൊരു ചിരിക്ക്
സാധ്യതയില്ലാതില്ല .
(തിളച്ച പകലിന്റെ ഉരുക്കിയൊഴിക്കലാണ് വരണ്ട ചിരികൾ )
അവൾ മീൻ വെട്ടുകയോ
കറി വെയ്ക്കുകയോ
കപ്പ നുറുക്കുകയോ
മേലു കഴുകുകയോ ചെയ്തേക്കാം
വിളക്ക് കത്തിക്കുകയോ
സീരിയല് കാണുകയോ
എന്തിന് വെറുതേയിരിക്കുകപോലും ചെയ്തേക്കാം .
ചിലപ്പോൾ അവൾക്കൊരു ആമ്പിറന്നോൻ കണ്ടേക്കാം
അയാൾ മൂക്കറ്റം കുടിച്ചേക്കാം
മുടിക്ക് കുത്തിപ്പിടിച്ചിടിച്ചേക്കാം
അവൾക്കിഷ്ടമില്ലാത്ത വഴികളിലൂടെ
കുതിരകളെ പായിച്ചേക്കാം.
വലിച്ചു ചുരുട്ടിയെടുത്ത്
പുറത്തേക്കെറിഞ്ഞേക്കാം
അണ്ണാക്കിൽ മദ്യമൊഴിച്ചേക്കാം
സിഗരറ്റ് കൊണ്ട് മറുക് വെച്ചേക്കാം
(ആർക്കറിയാം ,നമ്മളു കാണാത്ത, തീ കൊണ്ടുള്ള
എത്ര ചുട്ടികുത്തുണ്ട് ജീവിതത്തിൽ )
വിളക്കണച്ചാൽ പോലുമവൾക്കവളെ കിട്ടണമെന്നില്ല
കണ്ണുകൾ തുറിച്ചു കിടക്കുമ്പോൾ
അവൾക്കവളുടെ മുലകളെയൊന്നു
തൊടണമെന്നു തോന്നുമെങ്കിലും
അതിനാവില്ല ....
പണ്ടവളറിയാതെ അവളെയൊളിപ്പിച്ചു വെച്ച
ചില പാട്ടുകളവളെ വന്നു വിളിച്ചേക്കാം
അവൾക്കതൊന്നുമോർമ്മ വരില്ല .
ചിലപ്പോഴവളെയൊരു പുഴവക്കോ
പൂമരമോ വന്നു തോണ്ടിയേക്കാം.
(മുൾച്ചെടിയിൽ കുരുങ്ങിയ മുണ്ടിനേക്കാൾ
പിടച്ചിലായിരിക്കുമപ്പോൾ )
അപ്പോഴവൾ മരിച്ചു തുടങ്ങും
അത്രയും ശൂന്യമായൊരു ശൂന്യത
എന്ന വരിയുടെ സാധ്യതയിവിടെയാണ്‌.
പതിയെയവളെ ശവംതീനിയുറുമ്പുകൾ
തിന്നാൻ തുടങ്ങും .
കാൽവിരൽ മുതൽ തിന്നു തിന്ന്
ശരീരമെല്ലാം തിന്ന് തിന്ന്
മുടിവരെ തിന്ന് തിന്ന്
ഒന്നും ബാക്കി വരാതെ ......
പിറ്റേന്ന് ,
കിണറ്റിൻ കരെ വെള്ളം കോരിക്കൊണ്ടിരിക്കുന്ന
അവളെ ,അവളു തന്നെ കാണുമ്പോഴാണ്
ആന്റി ക്ലൈമാക്സ് .
കശുവണ്ടിയാപ്പീസിലേക്കോ
തൊഴിലുറപ്പിലേക്കോ
വീട്ടുജോലിക്കോ
തെരുവിലെകച്ചോടത്തിലേക്കോ
എവിടേക്ക് വേണമെങ്കിലും അവൾക്ക് പോകാം .
------------------------------------------

വാര്‍ത്താകുമാരി / കുരീപ്പുഴ ശ്രീകുമാർ


കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
മൊസാന്തക്കവിളിലെ
നുണക്കുഴിപ്പൂവ്‌.
മൂക്കിനുകീഴിലെ
പൊടിരോമങ്ങള്‍.
കണ്ണിലെ കമ്പിത്തിരികള്‍
റോസ്‌ ചുവയുള്ള ചുണ്ടുകള്‍
പപ്പയ്‌ക്കാക്കഴുത്ത്
വിരല്‍ തേടുന്ന ചുമലുകള്‍
ആടയില്‍ തെളിയുന്ന
അടിവസ്ത്രസൂചനകള്‍.
കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
അപകടങ്ങളെയും
യുദ്ധങ്ങളെയും
കമറുദ്ദീന്‍ വെറുത്തു.
കുഞ്ഞുങ്ങളുടെ ശവങ്ങളും
മുറിവേറ്റ ഭടന്മാരും
വാര്‍ത്തവായനക്കാരിയെ
ഒരു നിമിഷമെങ്കിലും മറച്ചാലോ!
വാര്‍ത്തയായാല്‍ മരണം വേണം
പുംബീജങ്ങളെ കൊന്ന്
പകരംവയ്‌ക്കാന്‍
കമറുദ്ദീന്‍റെ കൈതരിച്ചു.
വാര്‍ത്ത വിഴുങ്ങി
വായനക്കാരി പുഞ്ചിരിച്ചിട്ടും
കമറുദ്ദീന്‍
വാര്‍ത്ത കണ്ടുകൊണ്ടേയിരുന്നു.
വാര്‍ത്ത വായിച്ച വനിതയുടെ
പേരെന്തായിരുന്നു?
അല്ലെങ്കിലും ഒരു പേരില്‍
എന്തിരിക്കുന്നു!
ഇതിനിടെ
വാര്‍ത്താകുമാരി കാര്‍ക്കിച്ചുതുപ്പിയതും
കമറുദ്ദീന്‍ നെറ്റിയില്‍
കഫക്കലയണിഞ്ഞതും
എപ്പോഴാണ്‌?

വിരുന്ന് / ഒ.വി.ഉഷ


പട്ടുതോല്‍ക്കുമിരുട്ടിലേക്കാണു ഞാന്‍
ഞെട്ടിയേല്‍ക്കുന്നതിന്നീ രജനിയില്‍
രാമഴ പെയ്തു തോര്‍ന്നതിന്‍ മന്ത്രണം
മാമരങ്ങളുതിര്‍ക്കുന്ന വേളയില്‍.

ഈയഴകിന്‍ മുഹൂര്‍ത്തത്തിലെത്തിയോ
നീയിവിടെ വിരുന്നിനായ് ദുഃഖമേ ?
ആനയിച്ചുവോ തീക്കനല്‍ കോരിയി-
ട്ടാരവത്തോടെ, നിന്നെയീ വാതിലില്‍
മറ്റൊരുള്‍ക്കളം താങ്ങിയ വേദന
മറ്റൊരാളെക്കവര്‍ന്നതാം പീഡകള്‍ ?
നേരനുഭവസാക്ഷ്യകാലത്തിലെ
വേദനയെ കവച്ചിടുമോര്‍മ്മകള്‍...
കെട്ടഴിയുന്ന ഹൃത്തിന്റെ താഴുകള്‍
പൊട്ടിവീണു തകര്‍ന്നു കഴിഞ്ഞുവോ?
കണ്ണുനീരിന്‍ പ്രളയകവാടമോ
നിന്നനില്‍പ്പില്‍ തുറന്നു കാണുന്നു ഞാന്‍?
രക്തപാശമൊന്നേത് ? എന്‍റെ സൌഹൃദ-
ഭക്തിയാര്‍ന്നു വരുന്നിതാ മുന്നിലായ്.
ലോകജീവിതസത്യമേ വേദന-
യേകമെന്നതു വീണ്ടുമോര്‍മ്മിക്കുവാന്‍
എതഴകിന്‍ കിനാവിലും നിര്‍ദ്ദയം
നീ വിരുന്നിനായെത്തുന്നു ദുഃഖമേ !
പട്ടുതോല്‍ക്കുമിരുട്ടിലേക്കാണു ഞാന്‍
ഞെട്ടിയേറ്റതിന്നീ നീലരാത്രിയില്‍
രാമഴ പെയ്ത രാഗമന്ത്രങ്ങളെ
മാമരങ്ങളുതിര്‍ക്കുന്ന വേളയില്‍.
----------------------------------------

Tuesday, November 11, 2014

ഉണ്‍മ / കല്‍പ്പറ്റ നാരായണന്‍


ഉണ്‍മ എന്ന വാക്ക്,
കേട്ടെഴുത്തിനു കൊടുത്ത ടീച്ചര്‍ക്ക്
എത്ര ഉമ്മയാണ് കിട്ടിയത്‌!
കണ്ണും പൂട്ടിയുള്ള ഉമ്മകള്‍
ചുണ്ടുപുകയുന്ന ഉമ്മകള്‍
സംശയിച്ച് സംശയിച്ച്
ചുറ്റും നോക്കുന്ന ഉമ്മകള്‍
മറ്റാര്‍ക്കോ ഉള്ള ഉമ്മകള്‍...
കണ്ടെഴുതിയ
പുതിയ തരം തണുത്ത ഉമ്മകള്‍
ടീച്ചര്‍ എല്ലാവര്‍ക്കും ശരിയിട്ടു.
'ഉണ്‍മ' എന്നെഴുതിയ
മരവിച്ച മുഖമുള്ള
മിടുക്കന്‍ കുട്ടിക്കും....,പാവം.
----------------------------

ഒരു പേർഷ്യൻ കൊലപാതകം/ഷംസ് ബാലുശ്ശേരി


ആകാശമേ നിന്റെ മുലകളെ തുറന്നു വിടൂ
എന്റെ ചുണ്ടുകൾ വരളുന്നു
മതമായി,
ജാതിയായി,
വർണ്ണമായി,
വർഗ്ഗമായി,
ഭൂമിയിലെ കരച്ചിലുകൾ
വീണ്ടുമെന്നെ വലയം വെക്കുന്നു…
കാറ്റിൽ നിന്ന് ശബ്ദങ്ങൾ
മണ്ണിൽ നിന്ന് മുളകൾ
മനസ്സിൽ നിന്ന് സ്വപ്‌നങ്ങൾ
ഗ്രാമങ്ങളിലെ വിധവകൾ
രാജ്യത്തെ കുഞ്ഞുങ്ങൾ
യുദ്ധങ്ങളിലെ മുറിവുകൾ
വിശക്കുന്ന ശരീരങ്ങൾ
ഗുഹ്യ രോഗം പിടിച്ച നീതി ദേവതകളും…
നിശബ്ദമായ ഒരു പിടച്ചിൽ,
ഒരു കയറിൽ എന്റെ ഉടൽ അവസാനിച്ചു.
വേട്ടക്കാരെ അതിജീവിച്ച്
സിരകളിൽ ആയിരം മുള്ളുമായ്
ഇന്ദ്രിയമില്ലാത്ത ഈ ഉരുണ്ട ശിലയിൽ നിന്ന്
നക്ഷത്ര വലയങ്ങൾ കടന്ന് ഞാൻ പോകുകയാണ്…
അനാദിയായ ഇരുട്ടിൽ പടർന്നു കിടക്കുന്ന
സമാധാനത്തിന്റെ ആദ്യ വിത്തുകൾ തേടി
ആദിയിൽ മുഴങ്ങിയ
ശബ്ദത്തിന്റെ വേരുകൾ തിരഞ്ഞ്
ജീവൻ പകർന്ന ജ്വാലകളുടെ പൂപ്പൽ തേടി…
എന്റെ ദൈവം കൊല്ലപ്പെട്ടു ,
സ്വാതന്ത്ര്യവും…
പ്രാർത്ഥനയുടെ പാലമവസാനിക്കുന്നിടത്ത്
ജീവന്റെ നാരുകളിൽ ഒരു ശവം തൂങ്ങി കിടക്കുന്നു;
കേൾക്കാതെപോയ ഞങ്ങളുടെ വാവിട്ട നിലവിളികൾ
ബധിരനു ചുറ്റും നക്ഷത്രങ്ങളായ് പെയ്യുന്നു…
===========================

Monday, November 10, 2014

ഓ ജീവിതമേ !/ എൻ.ബി.സുരേഷ്


നോക്കിനിൽക്കെ സന്ധ്യയാകുന്നു
മഞ്ഞുകാലമാണ്
എന്തൊരു കുളിരെന്നു നാം കിടുങ്ങുന്നു.
പുതപ്പിലുറഞ്ഞു കിടക്കവെ
പ്രഭാതമാകുന്നു
വേനൽക്കാലമാണ്
എന്തൊരു തീച്ചൂടെന്നു നാം വിയർക്കുന്നു
കാക്കക്കാലിന്റെ തണൽ പോലുമില്ലാതെ 
ചിലരുരുകുന്നു
ചിലരേസിയിൽ പുലരുന്നു
വിയർത്തും വിറച്ചും വാഴവേ
നട്ടുച്ചയിൽ ഇടവപ്പാതിയെത്തുന്നു.
എന്തൊരു പേമാരിയെന്നു നാം
കുട നിവർത്തുന്നു
ജനലടയ്ക്കുന്നു.
ചിലർ നനഞ്ഞൊലിക്കുന്നു
മഴസാഹിത്യം മഴസിനിമ മഴപ്രണയം
എന്നിങ്ങനെ ചിലർ.
വർത്തുളമാ‍യി കാലം തിരിയവെ
വീണ്ടും സന്ധ്യയായി രാത്രിയായി ഉഷസ്സായി
വസന്തം ജീവിതത്തെ വിട്ടുപോയതറിയാതെ
കാത്തു കാത്തിരുന്നു നാം
നരച്ചുപെരുകുന്നു.
ഹൊ ജീവിതത്തിന്റെ ഒരു കാര്യം.

-------------------------------------

നനയുക, ഈ മഴ നനയുക / ഡി. വിനയചന്ദ്രന്‍


തോരാതെ പെയ്യുമീ വര്‍ഷം, നമുക്കിനി-
തീരാതെ കൊള്ളാം തിരിക്കു പ്രിയേ
ആരോരുമില്ലാത്തൊരാറ്റുവക്കില്‍, കാറ്റു-
താലോലമോലുന്നൊരാറ്റുവക്കില്‍
നിന്നെപ്പിടിച്ചു ഞാനുമ്മവയ്ക്കുമ്പൊഴീ
പുന്നപ്പടര്‍പ്പിലും പൂരമേളം
പണ്ടു നാം മേഘങ്ങളായിരുന്നോ
സന്ധ്യാസമുദ്രത്തിലായിരുന്നോ
ചന്ദനക്കാറ്റേറ്റുവന്നിരുന്നോ
ചെമ്പകക്കാവിലും ചെന്നിരുന്നോ
ആടും മയിലിന്റെയാട്ടമായോ
ആനന്ദതാണ്ഡവക്കൂത്തുമായോ

തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
കാടായ നമ്മളീക്കാട്ടിലെങ്ങും
കാലാന്തകന്‍ നിന്നുപെയ്തിടുന്നു
നാടായ നമ്മളീ നാട്ടിലെങ്ങും
നാരായണന്‍ തുള്ളിനിന്നിടുന്നു
വേരായ നമ്മളും വെള്ളമത്രെ
താരായ നമ്മളും വെള്ളമത്രെ
ഇന്നു ഞാന്‍ നിന്നില്‍ നിറഞ്ഞിടുന്നു
ഇന്നു നീ എന്നില്‍ നിറഞ്ഞിടുന്നു
പുണ്യങ്ങളൊക്കെയും പെയ്തുനില്‍ക്കാം
ജന്മങ്ങളൊക്കെയും നിന്നു പെയ്യാം
കണ്ണുനീരൊക്കെയും പെയ്തുതീര്‍ക്കാം
കണ്ണുള്ള കാലത്തില്‍ കാഴ്ചയാകാം
ഒന്നേ മഴ നമ്മളൊന്നേ പുഴ നമ്മ-
ളൊന്നിനി പെയ്യാതെ പെയ്തുനില്‍ക്കാം
തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
------------------------------

വിരുദ്ധം / എൻ.ബി.സുരേഷ്


നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

-----------------------------------------

നീ / ഡി. വിനയചന്ദ്രന്‍


നീ ജനിക്കുന്നതിന്‍ മുമ്പു
നിന്നെ സ്‌നേഹിച്ചിരുന്നു ഞാന്‍
കാണുന്നതിന്‍ മുമ്പു നിന്നെ
കണികണ്ടുതുടങ്ങി ഞാന്‍.
പാതതോറും നിന്‍വെളിച്ചം
പടരും നിഴല്‍ പാകവെ
പാന്ഥ നീയെന്‍ ജഠരത്തി
ന്നുള്ളിലേക്കോ നടക്കുന്നു.
നീയുറങ്ങുന്നതിന്‍ മുമ്പു
നിന്നെയോര്‍ത്തു മയങ്ങി ഞാന്‍
നീ മരിക്കാതിരിക്കുവാന്‍
നിനക്കായി മരിച്ചു ഞാന്‍.
------------------------------

അധികാരം / ചന്ദ്രബാല

അന്ന് ,
എന്റെ ഗോത്രസ്മൃതികളിലെ
ഏറ്റം കനം കൂടിയോരിറച്ചി തുണ്ടം
അവളുടെ ഗര്‍ഭപാത്രത്തില്‍
എന്‍ മുളക്കു മാത്രമായോരിടം.
എന്റെ മന്ത്ര മകുടിയുടെ താളത്തില്‍
ചുവടു വെയ്ക്കുന്ന പ്രകൃതി,
എന്റെ മുഷ്ടിയുടെ ബലത്തില്‍
ഞാന്‍ നേടിയ മാടുകളുടെ എണ്ണം
എന്റെ വയലേലകളിലെ
കറുത്ത അടിമകളുടെ സംഖ്യ.
പിന്നീട് ,
ദൈവ പുരുഷന്റെ വിശുദ്ധ പ്രസവം!
അതിലെ മുതിര്‍ന്ന നാലാവകാശികള്‍
പിന്നെ കുറെ ജാരസന്തതികളും
അതില്‍ മുതിര്‍ന്നവന് ഇളയവന് -
മേലുള്ള ജന്മാന്തരവകാശങ്ങള്‍
വാഗ്ദത്ത ഭൂവിലെ തിരഞ്ഞെടുക്കപ്പെട്ടവന്
അതല്ലാത്തവന്റെ മേലുള്ള അധീശത്വം,
വെളുത്തവന് കറുത്തവനു മേലുള്ള
ചോദ്യം ചെയ്യാനരുതാത്ത
നിതാന്ത താന്‍പ്രമാണിത്തം .
ഇന്ന്,
പോര്‍ക്കളത്തിലെ കൂട്ട ശവക്കുഴികള്‍
ആകാശത്തിലെ ആയിരമിതളുള്ള അഗ്നിപുഷ്പം ,
അതിന്റെ വിഷഗന്ധം പരക്കുന്ന ഭൂമി.
പടക്കളത്തിന് പുറത്ത്‌,
ശിരസ്സില്ലാതെ, അമ്മയുടെ മടിയി-
ലുറങ്ങുന്ന ശിശുക്കളുടെ എണ്ണം .
അമ്മയുടെ വയറ്റില്‍ വെന്തുരുകുന്ന
ഇളം മാംസത്തിന്റെ കരിഞ്ഞ ഗന്ധം.
ക്യാമറാ ഫ്ലാഷുകളുടെ മുന്നില്‍
രക്തക്കറ പുരണ്ട ഹസ്തദാനം നടത്തുന്ന
ഭരണാധികാരിയുടെ ചുണ്ടിലെ ചിരി .
ഇനിയൊരിക്കല്‍ ,
പച്ചപ്പില്ലാത്ത, നനവില്ലാത്ത
ഭൂമിയുടെ മഹാശ്യുന്യത
ഓടുവിലേതോ തമോഗര്തത്തിന്റെ വയറ്റിലെ-
യൊരിക്കലുമോടുങ്ങാത്ത വിശപ്പ്‌.
-----------------------------------------


Sunday, November 9, 2014

ഉണരാന്‍ വൈകി / തിരുനല്ലൂര്‍ കരുണാകരന്‍


ഇന്നലെ വസന്തശ്രീ
മുറ്റത്തു നൃത്തം വയ്ക്കാന്‍
വന്നു ചേര്‍ന്നപ്പോള്‍
തുറന്നില്ല ഞാന്‍ വാതായനം.


 അവള്‍ പോയപ്പോഴത്രേ
ഞാനുണര്‍ന്നതു, കണ്ടേന്‍
അവസാനത്തെ പൂവില്‍
അവള്‍ തന്‍ കണ്ണീര്‍ക്കണം.

Saturday, November 8, 2014

മഴ / ഡി. വിനയചന്ദ്രന്‍


ഈ പുതുമഴ നനയാന്‍
നീകൂടി ഉണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു.
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.
--------------------------------

കത്തിയേറ് / സച്ചിദാനന്ദന്‍.


പേടിക്കരുത്
കണ്ണടയ്ക്കുകയുമരുത്.
ഓരോ കത്തിയും
ഓരോ പൂവായി സങ്കല്‍പ്പിക്കുക.
ഇതാ വരുന്നു ഒരു സൂര്യകാന്തി
ഇതു ജമന്തി, ഇതു പിച്ചകം
ഇതു ചെമ്പകം.
ഇതാ ഒരു താമരയിതള്‍
ഇതാ മുല്ലമൊട്ടിന്‍റെ ഒരു കുല
ഇതാ ചുകചുകന്ന കാര്‍ണേഷന്‍
ഇതാ ഓര്‍ക്കിഡിന്‍റെ ഒരു വയലറ്റ് ചില്ല.
ചോരവരുന്നുണ്ടോ?
അതു ചെമ്പരത്തിയിതളുകളാണ്
വേദനിക്കുന്നുണ്ടോ?
അതു പനിനീര്‍ മുള്ളുകളാണ്
ഈ കണ്ണിന്‍റെ കെട്ടൊന്നു ഞാനഴിച്ചോട്ടെ
നീയെന്താണു പരാതി പറയാത്തത്?
ഇതു മരണമല്ല, ജീവിതമാണ്
നമ്മുടെയൊക്കെ,ചോരയിറ്റുന്ന
ജീവിതം
--------------------------------------

ക്ക് തോ / ജയദേവ് നയനാർ


ഒരു കളിത്തോക്കുപോലുമില്ലാത്ത
ബാല്യത്തിലെ ഏകാന്തതയെക്കുറിച്ച്
ചുരുക്കിപ്പറയാനേ പറ്റില്ല.
ഠോ ഠോ എന്ന വാക്ക്
എനിക്കുതന്ന ഡിക്ഷ്ണറി യിൽ
ഒരു പേജിലും ഇല്ലായിരുന്നു.
പിറക്കാനിരിക്കുന്ന കുഞ്ഞ്
വെടിവച്ചാണു കൊല്ലപ്പെടുകയെന്ന്
വെബ് ലിങ്കിൽ നിന്നപ്പൻ
അറിഞ്ഞതിൽപ്പിന്നെയായിരുന്നു.
എന്നും കാലുറയിൽ വച്ചിരുന്ന
നിറതോക്ക് അപ്പനുപേക്ഷിച്ചത്.
കിടക്കുമ്പോൾ തലയിണയ്ക്കടിയിൽ
വയ്ക്കുമായിരുന്ന തോക്ക്
വേണ്ടെന്നുവയ്ക്കാൻ അമ്മയ്ക്കു മടിയായിരുന്നെന്ന്
പറഞ്ഞുകേട്ടിട്ടുണ്ട്.
അബദ്ധത്തിലെങ്ങാനും പൊട്ടിയാലോ
എന്നൊരൊറ്റ ഭയം കൊണ്ടാണ്
കുഞ്ഞുന്നാൾ തുടങ്ങിയുളള ശീലം
അപ്പൻ നിർത്തിച്ചത്.
ചുവരിൽ വച്ചിരുന്ന തോക്കത്രയും
നോക്കിനിൽക്കെ മാറ്റപ്പെട്ടെന്ന്
ഒരു ദുർബല നിമിഷത്തിലാണ്
ആയ ഓർമിച്ചെടുത്തത്.
വീട്ടുപാഠം ചെയ്യാതെ വരുന്നവരെ
തോക്കുചൂണ്ടി പേടിപ്പിക്കുമായിരുന്ന
സ്കൂൾച്ചിട്ട അതോടെ നിർത്തലായെന്ന് പ്രിൻസിപ്പൽ
നെപ്പോളിയൻ ബാറിൽ വച്ച്
പറഞ്ഞതു കേട്ടവരുണ്ട്.
തോക്കില്ലാതെ വേണം സ്കൂളിൽ
വിടാനെന്ന് ആദ്യത്തെ ഗേൾ ഫ്രെണ്ടിൻറെ
മമ്മിയോടു ക്ലബ്ബിൽ വച്ച് അമ്മ
കയർത്തെന്നറിഞ്ഞ് അപ്പൻ വീട്ടിൽ
ഷാംപെയ്ൻ തന്നെയാണ് ഒഴുക്കിയത്.
ഡേറ്റിങ്ങിനിടെ അവൾ ഗൗണിൽ നിന്ന്
തോക്കെടുത്തു കാണിച്ചപ്പോൾ
ഒരു മുയൽക്കുഞ്ഞിനെപ്പോലെ
തോന്നിപ്പിച്ചിരുന്നു.
ആരോ പറഞ്ഞപ്പനറിഞ്ഞപ്പോൾ
നഷ്ടമായത് ഇരട്ടമുയൽക്കുഞ്ഞുങ്ങളെ.
ഇനി, അന്ത്യോപചാരത്തിന്
എനിക്ക് ആചാരവെടിപോലും പാടില്ലെന്ന്
അപ്പൻ തീർച്ചപ്പെടുത്തിയിട്ടുണ്ട്.
അബദ്ധത്തിലെങ്ങാനും വെടിയുതിർന്ന്
മരിച്ചുകിടക്കുന്നേടത്തുവച്ച്
മരിച്ചുപോവുകയാണെങ്കിൽ.

----------------------------------

Friday, November 7, 2014

പോയതിന്‍ ശേഷം / സുഗതകുമാരി


പോയതിന്‍ ശേഷം,നോക്കൂ
ഞാനുണ്ട്‌ നിലാവുണ്ട്‌
രാവുണ്ട്‌ പകലുണ്ട-
തൊക്കെയും പണ്ടെപ്പോലെ
വാനത്തു നക്ഷത്രങ്ങളുണ്ട്‌
നമ്മുടെ വീട്ടില്‍
തൂവിളക്കെന്നും കൊളു-
ത്താറുണ്ട്‌ പണ്ടെപ്പോലെ
പോയതിന്‍ ശേഷം പൊട്ടി-
ച്ചിരിക്കും നിറതിങ്ക-
ളീയിരുള്‍ മുറ്റത്തിന്നും
പാല്‍ തട്ടി വീഴ്‌ത്താറുണ്ട്‌
രാമുല്ല പൂക്കാറുണ്ട്‌
കാറ്റുണ്ട്‌,മണമുണ്ടൊ-
രോമനക്കുഞ്ഞിന്‍ വാശി-
ക്കരച്ചില്‍ കേള്‍ക്കാനുണ്ട്‌.
ഒക്കെയും പതിവുപോല്‍.
ഊണുണ്ട്‌,കുളിയുണ്ട്‌
പത്രവായനയുണ്ട്‌ പണിയു-
ണ്ടതിഥിക-
ളിപ്പൊഴും വരാറുണ്ട-
തൊക്കെയും പതിവുപോല്‍.
ഒക്കെയും പണ്ടെപ്പോലെ,
എങ്കിലും-നീയില്ലാതെ
അര്‍ത്ഥമില്ലാതെ,തെല്ലു
നനയ്‌ക്കാനാളില്ലാതെ
പൊട്ടിയ പൂച്ചട്ടിയില്‍
പഴയ തുളസിപോല്‍
പട്ടുപോവതുപോലെ
പട്ടുപോയതുപോലെ....
ഒക്കെയും പതിവുപോല്‍,
എങ്കിലുമോര്‍മിക്കുവാ-
നിത്രയും കുറിക്കുന്നേന്‍
ഇളയ യാത്രക്കാരേ
ഇത്തിരി നേരം മാത്രം
കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം
കൊതിക്കാന്‍,സ്‌നേഹിക്കാനും.
-------------------------------

സ്വപ്നഗാനം / ഡി. വിനയചന്ദ്രന്‍


ഇന്നലെ നിന്നെക്കിനാവുകണ്ടു
തുമ്പിതന്‍ കൂട്ടത്തിലായിരുന്നു
കുന്തിപ്പുഴക്കരയായിരുന്നു
സന്ധ്യയ്ക്കടുത്തുവെച്ചായിരുന്
നു.
മുടിയിലൊരു കിളിത്തൂവല്‍ മാത്രം
അരയിലോ മൈലാഞ്ചിച്ചോപ്പുമാത്രം
ഇളയ പൂമൊട്ടാല്‍ പാദസരങ്ങള്‍
മുലയിലോ നേര്‍ത്ത നിഴലുമാത്രം.
ഒരു കുന്നു മറുകുന്നു നാം നടന്നു
ഇലയിലും പൂവിലും നാമിരുന്നു
മഴവന്ന നേരത്തു മഴ നനഞ്ഞു
മഴമേഘപ്പല്ലക്കില്‍ താണുപൊങ്ങി
അരുവിതന്‍മീതേ കിടന്നു നമ്മള്‍
അലപോല തുള്ളിക്കിടന്നു നമ്മള്‍.
എവിടെയോ കാട്ടിലൊരാന വന്നു
അവിടെല്ലാമിളകുന്ന കാടിരമ്പി
മഴവന്നു വെയില്‍വന്നു കാടുകത്തി
ഇടിമിന്നലോടെയക്കാടുകത്തി.
ഒരു കിളി പല കിളിയൊരുനൂറു കിളികളാ
പുഴയുടെ മീതേ പറന്നുപോയി.
ഒരു വെള്ളിമത്സ്യമപ്പുഴയുടെയുള്ളിലൂ
ടൊളിമിന്നിത്തെളിമിന്നിയിളകിപ്പോയി.
മലയിലെ തീയെല്ലാം തളിരിട്ട വനമായി
ഒരു സ്വര്‍ണമേഘമായ് നാമുയര്‍ന്നു
പുഴയൊരു തുമ്പിതന്‍ വയറില്‍ ചുറ്റി
ചെറുവാഴനാരിന്റെ ചരടുകെട്ടി
അകലേക്കു നമ്മളെ പട്ടംപോല്‍ പാറിച്ചു
അലതുള്ളിത്തുള്ളിക്കിടന്നു നമ്മള്‍.
------------------------------------


പെണ്ണ് / പവിത്രന്‍ തീക്കുനി


വെയില്‍ വിളിച്ചു
ആരും കാണാതെ
പുഴ കൂടെ പോയി.
പൂക്കാലം കഴിഞ്ഞു
മടുത്തപ്പോള്‍
പെരുമഴയായി മടങ്ങിപ്പോന്നു.
മിന്നലിനെയും കാറ്റിനെയും
വാരിയെടുത്ത്
ഇടിയുടെ കൈ പിടിച്ച്...
 
---------------

Thursday, November 6, 2014

അപ്പോഴായിരുന്നു / എം.ആര്‍.രേണുകുമാര്‍


നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു.

രാഹുലന്‍
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്‍റെ
ചുരുള്‍ നിവര്‍ത്തുകയായിരുന്നു.

നിഖില്‍ നബീസുവിന്‍റെ
പട്ടുകുപ്പായത്തിന്‍റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു.

കാര്‍ത്തിക്‌
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു.

അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു.

അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്‌തതും
കാറ്റിന്‍റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ....
------------------------

ഒരു പെണ്‍ചിലന്തിയുടെ ആത്മഹത്യാകുറിപ്പ്/ശ്യാം സുധാകര്‍


ഇന്നു രാവിലെ മാത്രമാണ്
ഞാന്‍ കാര്യമറിയുന്നത്.
നമ്മള്‍ ചിലന്തികള്‍ക്ക്
കുടുംബം വിധിചിട്ടില്ലത്രെ.

ഒരു തവണ
തമ്മിലിണചേര്‍ന്നുകഴിഞ്ഞാല്‍
എന്‍റെയും
വരാന്‍ പോകുന്ന കുഞ്ഞുങ്ങളുടെയും
പുഷ്ടിക്കു വേണ്ടി
നീ
നിന്റെ കണ്ണും തൊലിയുമൊഴികെ
മറ്റെല്ലാം ദ്രവരൂപത്തിലാക്കി
എനിക്ക് കുടിക്കാന്‍ തരും.
സ്വന്തം ഭക്ഷണത്തിനു വേണ്ടി
നീ തീര്‍ത്ത വലക്കണ്ണികള്‍
മാഞ്ഞു പോകുന്നതിനു മുമ്പ്
ഞാന്‍ നിന്നെ മുഴുവനായും
എന്നിലേക്ക് ഒഴിച്ചു കഴിഞ്ഞിരിക്കും.
കരഞ്ഞും പിടഞ്ഞും
ഞാന്‍ പുറംതള്ളുന്ന കുട്ടികള്‍
അവരുടെ എട്ടു കാലുകള്‍ കൊണ്ട്
അച്ഛനെ തെരയും.
കൊച്ചുകൊച്ചു പല്ലുകള്‍
എന്‍റെ മാറിലിരുന്ന്
നമ്മളെ
ഊറ്റി വേര്‍തിരിക്കും.
ഞാനതൊന്നും ആഗ്രഹിക്കാത്തതു കൊണ്ട്
സ്വയം ഇല്ലാതാവുന്നു.
എനിക്കു വേണ്ടി
നീ ഇനി
എന്റെ വലയില്‍ വസിക്കണം.
എനിക്കു വേണ്ടി
നീ
ഒരച്ഛനാവാതെ സൂക്ഷിക്കണം.
----------------------------

Wednesday, November 5, 2014

പ്ലൂട്ടോ കരയുകയാണ്‌ / അഭിരാമി


പ്ലൂട്ടോയെ പുറത്താക്കി
ഒരിക്കലും അവന്‍ വികൃതി കാട്ടിയിട്ടില്ല
പഠിയ്‌ക്കാതെ വന്നിട്ടില്ല
യൂണിഫോമിടാതെ ക്ലാസില്‍ കയറിയിട്ടേയില്ല
എന്നിട്ടുമവനെ പുറത്താക്കി.
ചെറിയ കുട്ടിയാണവന്‍
എപ്പോഴും അവസാനത്തെ ബെഞ്ചിലാണിരിക്കുക.

പുതിയൊരു കുട്ടി വന്നു,സെന.
കുള്ളന്‍ പ്ലൂട്ടോയുടെ അടുത്താണ്‌
അവനെ ഇരുത്തിയത്‌
വികൃതിയായൊരു ചെക്കന്‍
എന്തു ചെയ്യുമെന്ന് ആര്‍ക്കറിയാം?
പ്ലൂട്ടോ ചിലപ്പോള്‍ നെപ്റ്റ്യൂണിനെ മറികടന്ന്
യുറാനസ്സിന്‍റെ ബെഞ്ചിലേക്ക് ചാടും
പിന്നെ വീണ്ടും പഴയ സ്ഥാനത്തേക്ക്.
ഒരു ദിവസം ടീച്ചര്‍ അതുകണ്ടു
പ്ലൂട്ടോയെ ക്ലാസില്‍ നിന്നും പുറത്താക്കി
വിനയായത്‌ സെനയാണോ?

എന്നാലും ഇപ്പോഴും
ക്ലാസിന്‍റെയപ്പുറത്ത് അരമതില്‍ ചാരി
അവന്‍ തേങ്ങുകയാണ്‌.
എന്തിനാണ്‌ പ്ലൂട്ടോയെ പുറത്താക്കിയത്‌?
------------------------------------ 

മുള്‍ച്ചെടി / സച്ചിദാനന്ദന്‍


മുള്ളുകളാണ്‌ എന്‍റെ ഭാഷ
ചോരയിറ്റിക്കുന്ന ഒരു സ്‌പര്‍ശത്തിലൂടെ
ഓരോ ജീവിയോടും
ഞാനിവിടെയുണ്ടെന്ന്
ഞാന്‍ വിളിച്ചുപറയുന്നു.

അവര്‍ക്കറിയില്ല
ഈ മുള്ളുകള്‍
ഒരിക്കല്‍ പൂവുകളായിരുന്നെന്ന്:
എനിക്കു വേണ്ടാ
ചതിക്കുന്ന കാമുകര്‍.
കവികളോ,
മരുഭൂമികളുപേക്ഷിച്ച്
ഉദ്യാനങ്ങളിലേക്കു തിരിച്ചുപോയി.
പൂ ചവിട്ടിമെതിക്കുന്ന
ഒട്ടകങ്ങളും വണിക്കുകളും
മാത്രം ബാക്കിയായി.

അപൂര്‍വമായ ജലത്തിന്‍റെ
ഓരോ ബിന്ദുവില്‍നിന്നും
ഞാന്‍ ഓരോ മുള്ളു വിരിയിക്കുന്നു.
ഒരു തുമ്പിയെയും പ്രലോഭിപ്പിക്കാതെ,
ഒരു പക്ഷിയും പ്രകീര്‍ത്തിക്കാതെ,
ഒരു വരള്‍ച്ചയ്‌ക്കും വഴങ്ങാതെ,
പച്ചയുടെ ഓരങ്ങളില്‍
ഞാന്‍ മറ്റൊരു സൌന്ദര്യം സൃഷ്‌ടിക്കുന്നു,
നിലാവിന്നപ്പുറം,
കിനാവിന്നിപ്പുറം,
കൂര്‍ത്തുമൂര്‍ത്ത
ഒരു സമാന്തരഭാഷ.
----------

കാണാത്തത് / നിരഞ്ജൻ T G



പലപ്പോഴും
വറ്റിപ്പോയെന്നു തോന്നിക്കുന്ന
പുഴകളുടെ താഴെയുമുണ്ട്
മണലിലാഴ്ന്ന് മണ്ണിൽ പടർന്നിറങ്ങുന്ന
ആരും കാണാത്ത ഒരൊഴുക്ക്

പലപ്പോഴും
അർത്ഥമില്ലെന്നു തോന്നിക്കുന്ന
വാക്കുകൾക്കടിയിലുമുണ്ട്
ചങ്കിൽ കൊളുത്തി തൊണ്ടയിടറിക്കുന്ന
ചില തോന്നലുകളുടെ നനവ്