Tuesday, November 18, 2014

ഞാനല്ല / അരുണ്‍ ഗാന്ധിഗ്രാം


തീവണ്ടി സ്റ്റേഷനിലെ കൂട്ടക്കൊലയ്ക്കു പകരം
തെരുവിൽ ചോരപ്പൂക്കൾ ചിതറിച്ചത്
ഞാനല്ല
മോഷ്ടിച്ച പണം അട്ടിവച്ച്
ചന്ദ്രനിലേക്ക് നടന്നുകയറിയത്.
ഒരുവൾ
ചോരപുരണ്ട അടിവസ്ത്രവുമായി
തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ
ഞാനല്ല
അത് നമ്മുടെ ആണ്‍കുട്ടികളുടെ
വികൃതിയാണെന്നു ചിരിച്ചുതള്ളിയത്.
നേതാവിന്റെ കൊലയ്ക്കു പകരംവീട്ടാൻ
ആയിരക്കണക്കിനാളുകളെ
വോട്ടേഴ്സ് ലിസ്റ്റ് നോക്കി
കൊലപ്പെടുത്തിയത് ഞാനല്ല.
എന്റെ ദൈവവിചാരം വ്രണപ്പെടുത്തിയവരെ
തെരഞ്ഞുപിടിച്ച് ആക്രമിച്ചത് ഞാനല്ല
അങ്ങനെയൊന്നും വ്രണപ്പെടുന്ന
ദൈവങ്ങളല്ല എന്റേത്.
ഞാനല്ല
അതിർത്തിക്കപ്പുറത്തേക്കു പോയ
തീവണ്ടിക്കൂപ്പകളെ ശവപേടകങ്ങളാക്കിയത്
കൂട്ടുപിരിഞ്ഞവനെ ചതിച്ചുവീഴ്ത്താൻ
കള്ളും വണ്ടിയും കൊടുത്ത്
ക്വൊട്ടേഷനയച്ചത് ഞാനല്ല
കൂടങ്കുളത്തും
വിളപ്പിൽശാലയിലും
കാസർഗോഡും
മുത്തങ്ങയിലും
മനുഷ്യരെ അടിച്ചുവീഴ്ത്തിയ ലാത്തികൾ
ഞാൻ കൊടുത്തുവിട്ടവയല്ല.
ഇന്ധനവില കൂടുമ്പോൾ
നികുതികൂടുമ്പോൾ
യാത്രാനിരക്ക് കൂടുമ്പോൾ
കീശ കാലിയാവുന്നവരുടെ കൂട്ടത്തിൽ
ഞാനുണ്ടായിരുന്നു.
എന്നാലുമുണ്ടല്ലോ,
ചന്തക്കവലയിലെ ടെലഫോണ്‍ പോസ്റ്റിൽ
ഫ്ലെക്സ് കെട്ടിയത് ഞാനാണ്
അങ്ങാടിയിൽ വച്ച്
നേതാവിനെ പുലഭ്യം പറഞ്ഞവന്റെ
കരണക്കുറ്റി അടിച്ചു പുകച്ചിട്ടുണ്ട്
ജാഥ പോകുമ്പോൾ
മുഴങ്ങിക്കേൾക്കുന്ന സ്വരങ്ങളിലൊന്ന് എന്റേതാണ്
മുനിസിപ്പൽ റോഡിലെ പാർട്ടി ചിഹ്നങ്ങൾ
ഞാനും കൂടെയാണ് വരച്ചത്
ഇലക്ട്രിക് കാലുകളിലെ പാർട്ടി പോസ്റ്ററുകൾക്ക് പിന്നിൽ
മൈദ പുരട്ടിയത് ഞാനാണ്.
ഞാനാണ്,
ഒരിക്കലും കണ്ടിട്ടില്ലാത്ത
സുന്ദരനായ നേതാവിന്റെ നോട്ടീസുമായി
വീടുകൾ കയറിയിറങ്ങിയവരിലൊരാൾ.
അല്ല സുഹൃത്തേ
വിശ്വസിച്ചാലുമില്ലെങ്കിലും
ഞാൻ അഴിമതിക്കാരനല്ല
വർഗ്ഗീയവാദിയല്ല
കൊലപാതകിയല്ല
തട്ടിപ്പുകാരനല്ല
കാലുമാറ്റക്കാരനല്ല
പണക്കാരൻ പോലുമല്ല.
നിമിഷനേരംകൊണ്ട്
വർഗ്ഗീയവാദിയായും
നവലിബറലായും
സോഷ്യലിസ്റ്റായും
മാർക്സിസ്റ്റായും
ഗാന്ധിയനായും
മിതവാദിയായും
തീവ്രവാദിയായും
വേഷം മാറാനറിയാത്തതിനാൽ
ഞാനിപ്പോഴും അതേ പഴയ പതാക പേറുന്നു.
എങ്കിലും
എതിർപാർട്ടിക്കാരനായ സുഹൃത്തേ,
തോൽവിയുടെ എല്ലാ പഴിയും
എനിക്കു നേരെ ചൊരിയൂ
എന്റെ നേതാവിനെ
വെറുതെവിട്ടേക്കൂ
നാളെ ചിലപ്പോൾ
അയാൾക്കു വേണ്ടി നിങ്ങൾക്ക്
മുദ്രാവാക്യം വിളിക്കേണ്ടിവന്നേക്കാം.
==========================

No comments:

Post a Comment