Friday, January 18, 2019

മരിച്ചവരുടെ നഗരം/ബൃന്ദ പുനലൂർ


മരിച്ചവരുടെ നഗരത്തിലേക്കുള്ള
ഇടുങ്ങിയ വഴിയിൽ
നൂറ്റാണ്ടുകളായി
കാത്തു നിൽക്കുകയായിരുന്നു ഞാൻ
നിശബ്ദതയുടെ നെഞ്ചിടിപ്പുകൾ മാത്രം
ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു

വൻമരങ്ങളുടെ അസ്ഥികൂടങ്ങൾ
പാർപ്പിടങ്ങളുടെ വിണ്ടു തകർന്ന ഓർമ്മകൾ
നിറം വറ്റിയ ആകാശം
വഴി തെറ്റി വന്ന വിളറിയ കാറ്റ്
നിലവിളി കുടിച്ചു മരിച്ച ദൈവപ്പുരകൾ

പുഴയുടെ പാട്ടുകളോ
മറവി തുറന്നിറങ്ങിവന്ന ഇലപ്പച്ചയോ
എങ്ങുമുണ്ടായിരുന്നില്ല
ശവക്കല്ലറകൾ പോലെ തണുത്തുറഞ്ഞ
മൺകൂനകളുടെ മറവിൽ നിന്നും
ഒരൊറ്റ തൂവൽ പോലും പറന്നു വന്നില്ല.

മൗനം മാത്രം മിണ്ടിക്കൊണ്ടിരുന്നു
ചിലപ്പോൾ കലഹിച്ചുമിരുന്നു
കറുത്തുമുറ്റിയ ഒരു രാത്രി
നഗരത്തെയെടുത്ത്
ഭൂമിയ്ക്കടിയിലേക്ക് തിരിച്ചു വച്ചു
കാണാവേരുകൾ
ചരിത്ര പുസ്തകത്തിൽ പൊടിപിടിച്ചു.

മരിച്ചവരുടെ നഗരത്തിന്
ആമുഖങ്ങളില്ല
തുടച്ചു കളയാൻ കണ്ണീർ ത്തുള്ളിയോ
തൂകിപ്പരക്കാൻ വാക്കിൻ തുള്ളിയോ ഇല്ല.
നിശബ്ദതയുടെ കുപ്പായമണിഞ്ഞ്
എല്ലാം എവിടെയോ മറഞ്ഞിരുന്നു.

അവശിഷ്ടങ്ങളുടെ മരവിപ്പുകൾ
ഇങ്ങനെ ഓർക്കുമായിരിക്കും
'ഇവിടെയൊരു പൂമരമുണ്ടായിരുന്നു
ഇതുവഴിയൊരു പാട്ട് ഒഴുകിപ്പോയിരുന്നു
ഒരു മഴത്തുള്ളി മണ്ണിനുമ്മ കൊടുത്തിരുന്നു'

അദൃശ്യമായ തുരങ്കങ്ങളിലൂടെ
ഇടറി വന്ന കാണാ കാലടികൾ
ഇങ്ങനെ പാടുമായിരിക്കും
'ഏതു മരത്തിലും കാടു പൂക്കും
ഏതു പാട്ടിലും കണ്ണീരുപ്പ് ഒളിഞ്ഞിരിക്കും
ഏതു മഴയിലും ജീവന്റെ വിത്ത് പതിഞ്ഞിരിക്കും'

മനുഷ്യന് കടന്നുപോകാൻ
വാതിലുകളില്ലാത്തതിനാൽ
മരിച്ചവരുടെ നഗരത്തിലേക്കുള്ള
ഇടുങ്ങിയ വഴിയിൽ
നൂറ്റാണ്ടുകളായി ഞാൻ
ഉപേക്ഷിക്കപ്പെട്ടു നിന്നു
...............

Friday, January 4, 2019

ഇഴയെടുത്ത് കെട്ടിയ ഇരുമുടിയിൽ നിന്ന് / നിരഞ്ജൻ

കർപ്പൂരമല്ല
കാലങ്ങളോളം
അടക്കിപ്പിടിച്ച കരച്ചിലുകൾ
കനത്തുകനത്തിരുന്നതെല്ലാം
കണ്ണിലെരിയുന്നതാണ്

നെയ്യല്ല
തൊഴുകയ്യോടെ
കുനിഞ്ഞുവണങ്ങാനായി
നിവർന്നുനിവർന്നു സഹിച്ച
നട്ടെല്ലിന്റെ മജ്ജയാണ്

തിളച്ചും എരിഞ്ഞും പുകഞ്ഞും
വെന്തുവെന്തുതീർന്നവരുടെ
അടുക്കളകളിൽ നിന്നാണ്
അരിയും അവലും മലരും
ഞങ്ങൾ നിറച്ചത്

കറുപ്പിന്റെ ദൈവമേ
കരുണയുടെ ദൈവമേ
പുഴയുടെ ദൈവമേ
കാടിന്റെ ദൈവമേ
നീയിത് സ്വീകരിക്കുമെന്ന്
ഞങ്ങൾക്കറിയാം

അതറിയാത്തവരോട്
നീ തന്നെ പൊറുക്കുക..!

നിരഞ്ജൻ
03.01.2019