Saturday, September 26, 2015

വാക്ക്‌ / സെറീന


അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം
ക്ലാവ്‌ പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി.
സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല
ജീവിതമോ,തീരെയല്ല.
വക്കു പൊട്ടിയും ചളുങ്ങിയും
എടുത്തു വച്ചതൊക്കെ ചോർന്നും
പഴയ പാത്രങ്ങൾ പോലെ
എത്രയാണുള്ളിൽ,അതിനിടയിൽ
ഒന്നു കൂടി തിരഞ്ഞു നോക്കണം.
ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട്‌ ഒന്ന് മിണ്ടാനാണ് .

-------------------------------------

അവളെ കൊല്ലുന്നതിലൂടെ ഞാൻ ചത്തുപോകുന്നത് ..../ സുധീർ രാജ്


ഇടവഴി
സന്ധ്യ
അവളെതിരെ വരുന്നു
അവളെ നോക്കാതെ ഞങ്ങൾ കടന്നു പോകുന്നു
പിന്നിലൂടെ പതുങ്ങിച്ചെന്ന്
കല്ലിനവളുടെ തലയിലിടിക്കുന്നു
ഞരക്കത്തോടെ അവൾ താഴെ വീഴുന്നു .
താഴെയുള്ള കാട്ടിലേക്കവളെ തള്ളിയിട്ട്
ചോരയ്ക്ക് മീതെ മണ്ണ് തൂവുന്നു .
ചെരുപ്പും കുടയും തോൾ സഞ്ചിയും
താഴേക്കെറിയുന്നു.

പതിയെ താഴേക്കൂർന്നു ചെന്ന്
സാരിയഴിച്ച് കഴുത്തിൽ കുരുക്കി
അടിവാരത്തിലെ പുഴയിലേക്ക് വലിക്കുന്നു .
അവൻ പിന്നാലെ വന്ന്
ഒടിഞ്ഞ ചെടികളും ചോരപ്പാടുകളും
തിരക്കിട്ട് മായ്ക്കുന്നു .
കത്തികൊണ്ട് വയറു പിളർന്ന്
കഴുത്തിൽ കല്ലുകെട്ടി പുഴയിലേക്കെറിയുന്നു .
അപ്പുറത്തെ കടവിൽ കുളിച്ച്
ഞങ്ങൾ തിരിച്ചു പോകുന്നു .
ബാറിലൊന്നിച്ചിരിക്കുന്നു
മൂക്കറ്റം കുടിക്കുന്നു
വേച്ചു വേച്ച്‌ രാത്രിയിലേക്കിറങ്ങുന്നു
കാരണമില്ലാതെ ഞങ്ങൾ രണ്ടുപേരും ചിരിക്കുന്നു .
ഇന്ന് പതിവ് സ്ഥലത്ത് അവളെക്കാണില്ല
അവള് നിന്നിരുന്ന വിളക്കുകാലിന്റെ
കീഴിലിരുന്നു കുടിക്കണം .
അവളവിടെത്തന്നെയുണ്ട്
ചുവന്ന സാരിയുടുത്തിരിക്കുന്നു
കൊല്ലുന്ന നോട്ടം .
അവളിങ്ങനെ ചിരിക്കുകയാണ്
അവനെന്റെ കൂടെയില്ല
തെരുവ് പുഴയാകുന്നു
തുറിച്ച കണ്ണുകളുമായി
മീൻകൊത്തിയ വിടർന്ന ചുണ്ടുകളുമായി
ഒരാളൊഴുകിപ്പോകുന്നു .
------------------------------------------------

നമുക്കിടയില്‍ / പവിത്രന്‍ തീക്കുനി


നമുക്കിടയില്‍
ഒരു നദിയുണ്ട്‌.
ഇടയ്‌ക്ക് മെലിഞ്ഞ്,
മെലിയുമ്പോള്‍ തെളിഞ്ഞ്,
താഴ്ചയില്‍ നിന്നുയര്‍ച്ചയിലേക്ക്
അതിപ്പോഴും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്‌.
നമുക്കിടയില്‍
ഒരൊട്ടകമുണ്ട്‌
വരണ്ട പ്രതീക്ഷയില്‍,
വലിയ വലിയ ഭാരങ്ങളുമായി,
വിട്ടുവീഴ്ചയുടെ സൂചിപ്പഴുതിലൂടെ
അതിപ്പോഴും കയറിയിറങ്ങുന്നുണ്ട്‌.
നമുക്കിടയില്‍
മുമ്പെങ്ങോ മണ്ണടിഞ്ഞ
ഒരു മാമരത്തിന്‍റെ വേരുകളുണ്ട്‌.
ഉണങ്ങിത്തുടങ്ങിയിട്ടും
പച്ചയോടുള്ള
ആര്‍ത്തി തീരാതെ
മണ്ണിന്‍റെ അടിവയറ്റില്‍
അതിപ്പോഴും വിയര്‍ക്കുന്നുണ്ട്.
------------------------------------

Saturday, September 19, 2015

ചുവര്‍ / സച്ചിദാനന്ദന്‍


ഇത്ര കനമോ ചുമരിനെന്നോമനേ
അപ്പുറമിപ്പുറം നമ്മ,ളെന്നാല്‍ തമ്മി-
ലെത്രയോകാതം, മരണം നമുക്കിട-
യ്ക്കെത്തിയാലെന്നപോല്‍

കേള്‍ക്കാമെനിക്കു നിന്‍
ഹൃത്തിന്‍ മിടുപ്പുകള്‍, നിന്‍ നെടുവീര്‍പ്പുകള്‍
കേള്‍ക്കാമെനിക്കു നിന്നുള്ളിലെയോര്‍മതന്‍
കുത്തിയൊഴുക്കിന്‍റെ ഗര്‍ഗളം കൂടിയും
കേട്ടുവോ നീ, ആ പഴയ ദിനങ്ങളെ-
യോര്‍ത്തു ഞാന്‍ മൂളിയ പാട്ടുകള്‍? ഭ്രാന്തിന്‍റെ
വക്കില്‍ നടന്നതിന്‍ കാലടിയൊച്ചകള്‍?
പറ്റിയതെന്‍റെയിപ്പാവമുടലിന്ന്
പറ്റിയില്ലാ ഹൃദയത്തിന്ന്‍, വയ്യയി-
ശ്ശിക്ഷയിതു തെറ്റിനേക്കാള്‍ കനത്തുപോയ്.
ഒന്നു ചുമലിനാല്‍ തള്ളുക, വീഴുമേ
നമ്മെയകറ്റിടുമിച്ചുവര്‍, പിന്നെയു-
മൊന്നാം മനസ്സുമുടലും, വരൂ നാളെ
നമ്മളില്ലെന്നാം; വിലയുള്ളതീ ഞൊടി.
---------------------------------------------

Friday, September 18, 2015

സങ്കടമഴ/ അജിത.ടി.ജി


മഴ പറഞ്ഞത് -
കണ്ണിലൂടെ പെയ്യമെന്നാണ്
വെയിൽ പറഞ്ഞത്
നെറ്റിയിൽ പൂക്കാം എന്നാണു
കാറ്റ് പറഞ്ഞത്
സ്വപ്നത്തിൽ തണുക്കാം എന്നാണു

പെയ്യുന്ന കണ്ണും
വിയർത്ത നെറ്റിയും
അടര്ന്ന നിശ്വാസവും
തണുത്ത സ്വപ്നവും കൊണ്ട്
ഞാൻ വന്നപ്പോൾ
നീ പറഞ്ഞത്
നിനക്കെന്നെ അറിയില്ലെന്നാണ് ..
--------------------------------

ആലില / എ.അയ്യപ്പന്‍

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു
ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..
എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ
മൃത്യു ഗന്ധം
ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ് ..

-------------------------------------------

കുഴി വെട്ടുന്നവരോട്‌ /പി.പി.രാമചന്ദ്രന്‍


ചെരിപ്പിന്‍റെ പാകത്തില്‍
ചെത്തണം കാല്‌
ഉടുപ്പിന്‍റെ പാകത്തില്‍
കൊത്തണമുടല്‌
അളവിന്നു പുറത്തേക്കു
വളരുന്നതെല്ലാം
കഷണിച്ചു കളയുന്നു
കലികാലച്ചേല്‌ !
ചതുരത്തില്‍ വൃത്തം
വരയ്‌ക്കുന്നൊരാള്‌
ഉയരത്തിലാഴം
പണിയുന്നൊരാള്‌
പതിവിന്നു വഴങ്ങാത്തോര്‍
പിണമായി വരുമ്പൊഴും
കരുതണമിരുതല
മുനയുള്ള വാള്‌ !
കുഴിക്കൊത്ത പെട്ടി
അതിനൊത്തവ്യക്തി.,
നടക്കരുതാരും നാട്ടു-
നടപ്പിനെത്തെറ്റി.
------------------------

മലയാള മാഷ്‌ / ജിത്തു തമ്പുരാൻ


ഇംഗ്ലീഷ്‌ മീഡിയത്തിലെ മലയാളം മണക്കുന്ന
ചവറു മൂല....
ചെറുശ്ശേരിക്കും ചങ്ങമ്പുഴയ്ക്കുമിടയിൽ
തിന്നാൻ വല്ലതുമന്വേഷിച്ചൊരു പെരുച്ചാഴി
സ്വയം ചെന്ന് കുത്തിത്തിരുകുന്നു.
ഓർമ്മകൾക്ക്‌ ഛർദ്ദ്യതിസാരം...
ഓട്ട മാറിപ്പോയ പുറന്തള്ളു വ്യവസ്ഥ
അരത്തിനു മൂർച്ച കൂട്ടുന്ന അരിവാൾ.
എന്തൊക്കെ പുകിലായിരുന്നു?!!
അമ്പത്തൊന്നത്ഭുതത്തൂണുള്ള കൊട്ടാരം
ചെമ്പരത്തിയെ പ്രേമിച്ച കുരുത്തോല
വിദ്യാരംഭത്തിന്റെ മണൽമുറ്റം
വിരൽ തേയുന്ന കണ്ണീർ പൊയ്ക.
ഉള്ളിൽ പച്ചത്തെറിയുടെ സപ്തസമുദ്രം
നീന്തിക്കേറുമ്പം മുഴച്ചിടം കടിക്കാൻ
വ്യാകരണത്തിന്റെ കൊമ്പൻ സ്രാവ്‌.
ഉച്ചനേരത്ത്‌ ഉപമ ഉപ്പുമാവ്‌
ഉൽപ്രേക്ഷ വെട്ടിയുടച്ച്‌ വാദ്ധ്യാരെ
പച്ചക്ക്‌ കത്തിക്കാനുള്ള നാട്ടുമാവ്‌.
ജനഗണമന തീർന്നാൽ കുഞ്ചൻ തോൽക്കുന്ന
ഓട്ടൻ തുള്ളൽ
ബിരുദത്തിനു പഠിപ്പിക്കാൻ
സിഗരറ്റിന്റെ താടിരോമമുള്ളയാൾ
പ്രതീക്ഷയും ദോശയും വിളമ്പി മുഖത്ത്‌ അന്തിത്തിരി കത്തിച്ച്‌
കീറസ്സാരിക്കുള്ളിലൊരു കരിഞ്ഞമ്മ
രണ്ടാംവർഷ ബിരുദാനന്തരത്തിനു
കട്ടൻ ചായയ്ക്ക്‌ ഹസ്തദാനം ചെയ്യുന്ന റഷ്യൻ പട്ട.
ഇടയ്ക്ക്‌ വയനാട്ടുകുലവന്റെ മുഖമുള്ള റോട്ടുഗട്ടറിൽ നിന്ന്
വീണുകിട്ടുന്നൊരു പ്രാരാബ്ധനാട്ടിലെ
രാജകുമാരി.
കഴുത്തിലെ മഞ്ഞുരുക്കുന്ന പല്ലമർത്താക്കടി...
താലിപ്പൊന്നിന്റെ തടവറ...
പന്നിയുടെ കുലമഹിമ കാക്കുന്ന
ബീയെഡ്‌ കോളേജിന്റെ പേറെടുപ്പ്‌ നേർച്ചയിൽ
മുഞ്ഞികുത്തി വീഴുന്ന ആനത്താമരകൾ
ഇരന്നിരന്ന് ശരിക്കും ഇരക്കാൻ പഠിക്കുമ്പോൾ
വിദ്യാഭ്യാസപ്പാടത്തെ ഇംഗ്ലീഷ്‌ വിളകളെ
കള്ളപ്പക്ഷികളും ദൃഷ്ടി ദോഷവും തൊട്ടുതീണ്ടാതിരിക്കാൻ
മലയാള നോക്കുകുത്തികളെ ആവശ്യമായിവരും.
തറവാട്ടു പറമ്പിന്റെ തെക്കേമൂലയ്ക്കിരുന്ന്
ഉത്സവത്തലേന്ന് നാടൻ കുടിക്കുന്ന ഗുളികനെപ്പോലെ
നൊസ്സുള്ള പെണ്ണു മടിയിൽ വെച്ച കൈതപ്പൂ പോലെ...
പ്രതിഷ്ഠ കഴിഞ്ഞ്‌ മൂലാധാരത്തിൽ ചിടവേരുറച്ചു തുടങ്ങുമ്പം
ചങ്കും ചുണ്ടും പൊട്ടക്കണ്ണും മൂർച്ചയടിച്ചു കെടുത്തിയ
ചാട്ടുളിമനസ്സും സ്ഥിരമായൊരു മന്ത്രം ചൂടും.
"അ- അപ്പി -അമേരിക്ക
ഇ- ഇച്ചീച്ചി - ഇംഗ്ലിഷ്‌
ഉ- ഉഴപ്പ്‌ - ഉഡായിപ്പ്‌
ഏ - എന്റെ - എലിജന്മം!!" 

---------------------------------------------------------

മോഷണം / അയ്യപ്പപ്പണിക്കര്‍


വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.
കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്‌
പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു
പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ
പാലു കുടിക്കാനായിരുന്നല്ലോ.
കോഴിയിറച്ചീം പശുവിൻ പാലും
വൈദ്യൻ പോലും വിലക്കിയില്ലല്ലോ-എന്റെ
വൈദ്യൻ പോലും വിലക്കിയില്ലല്ലോ.
നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ
കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കിൽ.

--------------------------------------------------

വഴി വെട്ടുന്നവരോട്... / എന്‍.എന്‍.കക്കാട്‌


ഇരുവഴിയില്‍ പെരുവഴിനല്ലൂ
പെരുവഴിയേ പോ ചങ്ങാതി
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍
വഴിവെട്ടാന്‍ പോകുന്നവനോ
പല നോവുകള്‍ നോല്‍ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം
കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും,കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരകൊതി കത്തിച്ച്
ഉരുളുപുതച്ചുരുളുന്നു
പശിയേറും വനവള്ളികളും
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരുകുന്നായി
മരുവുന്നു ചങ്ങാതി
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ
ഒരുമട്ടാക്കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ
വിരൽ വെച്ചാല്‍ മുറിയുമോഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്ങണ്ണികളുണ്ടതില്‍
അത് നീന്തണമക്കരെയെത്താന്‍
അത് നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം
കടുവിഷമാണൊന്നില്‍,മറ്റതി-
ലെരിയും തീ ചങ്ങാതി
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവി വിടും പൂതത്താന്‍
മറ്റതിലോ തീക്കനല്‍ കാറി
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാതൊരു കവചം നേടി
പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
പലവഴിയെ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊൻപട്ടം കേട്ടിയോരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെയുന്നള്ളിപ്പോം നിന്നെ
വഴി വെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോൽ മാനിക്കണമല്ലോ
പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പലകാഞ്ഞിരം പൂത്ത് ചെരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയോഴിക്കാന്‍ നിന്നെ
ബലി ചെയ് വോം കാളിക്കൊടുവില്‍
ദീവെട്ടിചോപ്പിലിരുട്ടില്‍
നെഞ്ച് കുളിര്‍ത്തമ്മ രസിക്കും
അമ്മ തകും പാലച്ചോട്ടില്‍
നന്മ തകും പാറക്കൂട്ടില്‍
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാകും
വഴിപാടായി കാലാകാലം
‘വഴിവെട്ടും വേല’ കഴിക്കും
പലവഴിയില്‍ പെരുവഴിയെതെ-
ന്നെങ്ങള്‍ക്ക് പകപ്പുപെടായ് വാന്‍
പെരുമൂപ്പന്‍ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ
നീ വെട്ടിയ വഴിയിലോരുത്തന്‍
കാല്കുത്തിയശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങള് കാപ്പോം –
ഇനി നീ പോ ചങ്ങാതി
പെരുവഴിയേ പോകും ഞങ്ങള്‍
പുതു വഴി വഴിപാടിന് മാത്രം
--------------------------------

തുന്നല്‍ക്കാരന്‍റെ വീട്‌ / ക്രിസ്പിന്‍ ജോസഫ്


തുന്നല്‍ക്കാരന്‍ ‍അയാളുടെ വീട്‌ തുന്നിയെടുക്കുന്നു.
വെളുത്തപൂവിന്‍റെ ചിത്രമുള്ള
പഴകിയ
തൂവാലകൊണ്ട്‌ മൂത്തമകള്‍ക്ക്‌
അയാളൊരു
ജാലകം തുന്നികൊടുക്കുന്നു.
അതിലൂടെയാണ്‌ അവള്‍
മറ്റൊരാള്‍ തുന്നിയ ചന്ദ്രനെ കാണുന്നത്‌.
ആരെങ്കിലും എപ്പോഴും തുന്നാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന മഴ കാണുന്നത്‌.
എന്നോ മരിച്ചുപോയ ഭാര്യയുടെ വലിയ ആഗ്രഹമായിരുന്നു
ഓര്‍മ്മകളുടെ വഴുവഴുപ്പുകൊണ്ടൊരു വീട്‌.ആര്‍ക്കും കയറാനാവാത്ത,എല്ലാവരും
എപ്പോഴും
വഴുതിവീഴുന്ന ഒരുവീട്‌.മനപൂര്‍വ്വമല്ലെങ്കിലും,അറിഞ്ഞുകൊണ്ടല്ലെങ്കിലും
അയാള്‍ തുന്നിയവീട്ടിലും
ആര്‍ക്കും കയറാനാവില്ലായിരുന്നു.മരണശേഷവും രാജ്യം ഭരിക്കാനാണ്‌ രാജാക്കന്മാരെ കൊട്ടാരങ്ങളെക്കാള്‍ വലിയ ശവകുടീരങ്ങളില്‍ അടക്കുന്നതെന്ന്‌
അയാള്‍ക്കറിയാമായിരുന്നു.അതുകൊണ്ടാണ്‌ കണ്ണടച്ചുതുറക്കുന്നസമയംകൊണ്ട്‌ ശവകുടീരമായോ
സര്‍ക്കസ്സ്‌ കൂടാരമായോ
മാറ്റാവുന്ന ഒരു വീട്‌ അയാള്‍ തുന്നികൊണ്ടിരുന്നത്‌.എത്രതുന്നിയാലും തീരാത്താവീടാണയാളുടേത്‌.
അതില്‍ തുന്നിപിടിപ്പിക്കുന്നത്‌
മറ്റാരും കാണാത്ത അയാളുടെ ജീവിതമായിരിക്കുമോ? 

------------------------------------------------------------------------------------------------------

മരിച്ചവർ മാത്രമുള്ള കടൽക്കരയിൽ / സെറീന

കടലിനോട് ചേർന്നാണ്
ഞങ്ങളുടെ പള്ളി
എന്റെ പൂർവികരെപ്പൊലെ
ഞാനും അവിടെയുറങ്ങും

അവിടെ ഞങ്ങൾ, മരിച്ചവർ
പൂവിതളുകൾ പോലെ തമ്മിൽ തൊടും
 ജീവിതം കൊണ്ട് ഒരിക്കലും
പരസ്പരം തൊട്ടു നോക്കാത്തവർ
പുകക്കരി പിടിച്ച വിളക്കായി
പരസ്പരം ഉയർത്തി പിടിച്ച്
അന്യോന്യം കാണും

ഒച്ചയില്ലാത്ത ഫത്വവകൾ കൊണ്ട്
മുന വെച്ച നോട്ടം കൊണ്ട് ,
എന്തിന്,  മൗനം കൊണ്ടു പോലും
പരസ്പരം കൊന്നു തീർത്തതിന്റെ
നിലവിളികൾ അപ്പോൾ മാത്രം
കാതുകൾക്ക് വഴിപ്പെടും 

യുദ്ധത്തിലും കാമത്തിലും
കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ
അവിടെയും കരഞ്ഞു കൊണ്ടിരിക്കും

എത്ര പാവമായിരുന്നു
നമ്മുടെ ആനന്ദങ്ങളെന്നു ഞങ്ങൾ
പരസ്പരം പാവം കൂറും

അസ്ഥിയോളമടർന്നു പോയാലും
ചിതലെടുത്തു പോവില്ല
ആ  പേര് കൊത്തിയ ഹൃദയമെന്ന്
ഒരോർമ്മ, മീസാൻ കല്ലാകും

അന്നേരം
കടലിലേയ്ക്കൊരു വഴി തുറക്കപ്പെടും

ഭൂമിയിലേതല്ലാത്ത വൈകുന്നേരം ,
കപ്പലുകളില്ല ,
പായ്മരങ്ങൾ വലിച്ചു കെട്ടാൻ
യാത്രയോ വിരഹമോ ദൂരമോ ഇല്ല

ഓരോ കാറ്റിലും താളുകൾ കുതറുന്ന
ഏകാന്തതയുടെ  പുസ്തകമായി
ആകാശത്തേയ്ക്ക് തുറന്നിരിയ്ക്കുന്ന കടൽ.
മരിച്ചവർ മാത്രമുള്ള  കടൽക്കര


സ്മാരക ശിലകളിലെ കിണർ  പോലെ
അനേകം ജീവിതങ്ങളുടെ,
നെയ്യൂറിയ ജലം

പാതിരാവിൽ കടൽപ്പാലത്തിൽ നിന്നും
താഴേയ്ക്കായുന്നൊരു കുതിപ്പിനെ
ഒരു കുഞ്ഞിനെയെന്നോണം ചേർത്തണച്ച്
മണ്ണിലേയ്ക്ക് മടങ്ങുമ്പോൾ
ആദ്യമായി ഞങ്ങൾ മനുഷ്യരാകും

അപ്പോൾ ഭൂമി
ഇരുട്ടിൽ ഒരു കൈലേസ്സു പോലെ
നനഞ്ഞു  കിടക്കും.
---------------------------------------

Wednesday, September 16, 2015

പഞ്ഞിക്കായകള്‍ പൊട്ടുമ്പോള്‍ / ഉമാ രാജീവ്


ഒരുപാട് പേരുകൾ വിളിച്ചുനോക്കിയിട്ട്
ഒന്നുമത്ര നന്നാവുന്നില്ലെന്നു പറഞ്ഞില്ലേ
ആ പേരുകളെല്ലാം മൊട്ടിട്ടു നില്ക്കുന്ന
മരത്തിൻ കൊമ്പിലാണ് ഇപ്പോൾ താമസം
എത്രതരം ഇലപ്പച്ചകളാണെന്നോ
ചുറ്റും ചന്തം കൂട്ടാൻ.

മുടിച്ചുരുളുകൾ വിരലിൽ കുരുക്കി
വലിച്ചടുപ്പിച്ച് പിന്‍കഴുത്തു വാസനിച്ചപ്പോൾ
പുറവടിവിൽ ഉറവിട്ട അരുവിയില്ലേ
അവിടാണിപ്പോൾ ദാഹം തീർക്കാറ്
ഒറ്റ വെള്ളാരംകല്ലുപോലുമില്ല
ഒറ്റപ്പാളിച്ചെങ്കല്ലാണടിയിൽ.
കുഞ്ഞിക്കിറുക്കുകളെ ഊതിത്തെറിപ്പിച്ച്
പരുത്തിക്കായകൾക്കൊപ്പം കെട്ടഴിച്ചുവിട്ടില്ലേ
ആ പഞ്ഞിത്തുണ്ടിൻ കിടക്കയിലാണിപ്പോൾ കിടപ്പ്
അവിടെയാണിപ്പോള്‍ കിനാവ്
ഒട്ടും ശരിയാവുന്നില്ലുറക്കം.
മലഞ്ചെരിവുകളേക്കാൾ വഴുക്കുന്നുവെന്ന് പറഞ്ഞ്
മലയിടുക്കിനെക്കാൾ കടുപ്പമെന്നു പറഞ്ഞ്
കൊത്തിക്കിളച്ച കുഞ്ഞു രണ്ടുകുന്നുകളില്ലെ
അവിടേക്കു കൂട്ടത്തോടെ ആർത്തുവരുന്ന തത്തക്കൂട്ടത്തെ
ഒച്ചയെടുത്താട്ടിവിടലായിരുന്നു ഇന്നേരം വരെ.
പുൽക്കൊട്ട നിറയാതെ തിരിച്ചുപോരാനാവില്ലെന്നും
കറുമ്പിപ്പയ്യിനെ പഷ്ണിക്കിടാനാവില്ലെന്നും പറഞ്ഞ്
കാടുതുടങ്ങുംവരെ പുല്ലറുത്ത് പുല്ലറുത്ത്
വഴിതെറ്റാൻ തുടങ്ങിയിടത്ത് ഒരു വക്കിടിഞ്ഞ കുളമില്ലേ
അതിനുള്ളിൽ ഇപ്പോൾ ഭയങ്കര മുഴക്കമാണ്
അതിന്നു ചുറ്റുമിപ്പോൾ മണ്ണ് തിരയടിക്കയാണ്.
കാടിന്റെ നിറം കറുത്തതെന്നും
കാടിന്റെ അകം വിളർത്തതെന്നും
പിണങ്ങിപിണങ്ങിപ്പറഞ്ഞു കാടെത്തിയപ്പോൾ
ചുവന്നമണ്ണിൻ കോട്ടകണ്ട്
കലങ്ങിനിറഞ്ഞ കിടങ്ങ് കണ്ട്
കണ്ണു തള്ളിയവനേ
കോട്ടയ്ക്കുമുകളിൽ കൊടിപാറിച്ച്
ചുറ്റുമുള്ളകിടങ്ങുകൾ മണ്ണിട്ടു മൂടി
ഇനിയുള്ള വരവുകൾ എളുപ്പമാക്കിയിട്ടുണ്ട്.
വഴികൾ രണ്ടായ് പിരിഞ്ഞിടത്തുനിന്ന്
ഇടത്തേക്കും വലത്തേക്കും തിരിഞ്ഞിടത്തുനിന്ന്
ഊർന്നുപോന്നിട്ടെത്രനാളായി
ഒന്നുപോലത്തെ കൊലുസുകളിട്ട
രണ്ടു കാല്പാദങ്ങളിലാണിപ്പോൾ
ഒന്നു മറ്റൊന്നിനെ കാത്തു നില്ക്കയാണിപ്പോൾ.
കണ്ടാലപ്പോൾ പൊട്ടിയുണരുമെന്നും
പലയടുക്കായ് പൂവിടുമെന്നും
ആരാണിവർക്കൊന്നുപറഞ്ഞുകൊടുക്കുക ?
------------------------------------------------------

എത്രയും നേർത്ത താരാട്ടുകൾ തിരഞ്ഞു പോകുമ്പോൾ .../ സുധീർ രാജ്


പെറ്റവാറേ ചത്തുപോയമ്മമാരുടെ
കുഴിമാടത്തിൽ താരാട്ടിനായി കാതോർക്കുന്നു
കുഞ്ഞേ കുഞ്ഞേയെന്നു
നെഞ്ചിടിക്കുന്നത് കേൾക്കുന്നു.

വൈക്കോലിൽ തീർത്ത
പൈക്കിടാവിനായി ചുരത്തും ,
ഉമ്മകൊടുക്കുമുണ്ണിയുടെ
നിറുകയിൽ നക്കുമമ്മിണിയുടെ
കഴുത്തിലെ ഞരമ്പിൽ തൊടുന്നു .
പാൽക്കടലിലേക്കാണ്ടുപോകും
അരയാലിലകൾ തടയുന്നു .
മരിച്ച കണ്ണുകളിൽ
പാവക്കുട്ടികൾ തെളിയും ,
ഒരിയ്ക്കലുമുണങ്ങാത്ത വ്രണങ്ങളിലുരയും
ചങ്ങലകളിൽ വിരലോടിക്കുന്നു .
മുറിഞ്ഞുപിടയും കുഞ്ഞുവിരലുകൾ
ആത്മാവിൽ മുറുകുന്നു .
കഴുത്തിൽ കുരുക്കിട്ട്
കാലടിയിൽ നിന്നും തെന്നിമാറിയ ജീവിതം
കാറ്റിലാലോലമാടുന്ന താരാട്ടിൽ
ആരും കേൾക്കാതെ പോയ ശീലുകൾ .
അകത്തേക്ക് കാതോർക്കുന്നു
പൊക്കിൾക്കൊടിയിലമ്മ പാടുന്നു
ഉള്ളിലേക്കുള്ളിലേക്ക് പടരുന്നു
ഒറ്റമരത്തിലെയൊറ്റയൂഞ്ഞാല് പോലെ
അമ്മയോടൊത്തു പാടുന്നു .
എത്രയും നേർത്ത താരാട്ടിലേക്കുറങ്ങിപ്പോകുന്നു .
-------------------------------------------------------

കാലാപാനി / സുധീർ രാജ്


I
എന്നെ ഞാൻ വലിച്ചിഴച്ച വഴികളിലൂടെ
തിരികെ നടക്കുകയായിരുന്നു
എത്തിച്ചേർന്നതൊരു ദ്വീപിലായിരുന്നു
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപിൽ

വളരെ ചെറിയ ഒരു ദ്വീപ്‌
കാലാപാനിയിലെ കറുത്ത ദ്വീപ്‌.
രാത്രി ,
ഇരുട്ടിലൂടെ
തെങ്ങിൻ തോപ്പിലൂടെ
പഴയ യെസ്ഡി മോട്ടോർ സൈക്കിൾ ഓടിക്കുകയാണ്
അകത്തു റമ്മിന്റെ കടലിരമ്പുകയാണ്
വഴിയുടെ കുറുകെവീണ തെങ്ങിൻതടിയിലിടിച്ച്
മോട്ടോർ സൈക്കിൾ മറിഞ്ഞു .
പൂഴിമണ്ണിൽ നിന്നും പിടഞ്ഞെഴുന്നേറ്റു
തെങ്ങിൻ തടി അനങ്ങുന്നു .
പെരുമ്പാമ്പാണ്,
പള്ളവീർത്ത ഗർഭിണി പെരുമ്പാമ്പ്.
സൈക്കഡലിക് ട്രാൻസിലാണ്
ഒരു വലിയ വടി പോക്കിയെടുത്തതും
പെരുമ്പാമ്പിന്റെ കഴുത്തിനടിച്ചതും .
പെരുമ്പാമ്പിന്റെ പുളച്ചിലും
ഒടുക്കത്തെ ശീൽക്കാരവും.
പതിയെ പോക്കറ്റിൽ നിന്ന്
പിസ്റ്റളെടുത്തു.
ചോരയിൽ പുളഞ്ഞ കുഞ്ഞുങ്ങൾ
ചിതറിത്തെറിക്കുകയാണ്
ഭ്രാന്തിന്റെ രാത്രിയിലേക്ക്‌
അമ്മയുടെ ചോരയൊഴുകുകയാണ്.
രണ്ടാംലോക മഹായുദ്ധകാലത്ത്
പന്ത്രണ്ടു വയസ്സിനു മുകളിലുള്ള
സകല ആണുങ്ങളേയും കൊന്ന
ജാപ്പനീസ് പട്ടാളം സകല പെണ്ണുങ്ങളെയും
കുട്ടികൾ നോക്കി നിൽക്കെ ഭോഗിക്കുകയാണ് .
ദ്വീപെന്ന വലിയ യോനിയിലേക്ക്
പോർ വിമാനങ്ങൾ കൂപ്പു കുത്തുകയാണ് .
(പെരുമ്പാമ്പിന്റെ തുറിച്ച കണ്ണിലേക്ക്
അവസാനമായി നിറയൊഴിച്ചതോർമ്മയുണ്ട് .)
II
കൃത്യം രണ്ടു വർഷത്തിനു ശേഷം
അതുപോലൊരു രാത്രിയിൽ
അതേ സ്ഥലത്ത് വെച്ചാണ്
തലയില്ലാത്ത കുഞ്ഞുങ്ങൾ
എന്റെ ബൈക്ക് മറിച്ചത്...
വീണുകിടന്ന എനിക്ക്
ജാപ്പനീസ് പട്ടാളക്കാരന്റെ മുഖമായിരുന്നു
ഒരു സമുറായ് വാളിന്നറ്റത്തു കോർത്ത
ഗോത്രത്തലവന്റെ തലയിലെ
തുറിച്ച കണ്ണിൽ നിന്നും പറന്നിറങ്ങിയ ...
കറുത്ത പാമ്പുകളെന്നെ
തുരുതുരാ കൊത്തുകയായിരുന്നു .
കോമയിലേക്ക് പോയ ഞാൻ
ഉണർന്നത് പാമ്പിൻ കുഞ്ഞുങ്ങളുടെ ലോകത്താണ് .
എന്റെ പുരുഷത്വം നഷ്ടമായിരുന്നു
ഒരു ചത്ത പാമ്പിൻ കുഞ്ഞ്
എന്നെ വരിഞ്ഞിരുന്നു .
പടം പൊഴിച്ചു പൊഴിച്ച് ഞാൻ
നഗ്നനായിരുന്നു .
ഒരു പാമ്പിൻ മുട്ടയിലെന്നപോലെ
ഓർമ്മകളുടെ കൊഴുപ്പിൽ ഞാനിഴഞ്ഞു .
III
അവളുടെ വീടിന്റെ പേര്
ദ്വീപെന്നായിരുന്നു
വീടിന്റെ മുറ്റത്ത്
കറുകയും മുത്തങ്ങയും വളർന്നിരുന്നു
പിഞ്ചു കുഞ്ഞിനെപ്പോലെ...
അവളുടെ കൈപിടിച്ച്
മണ്ണിലേക്ക് പിച്ചവെച്ചു .
ഞാനവളോട് ചോദിച്ചു
നിന്റെ പേരെന്താണ് ?
ഇരട്ടനാവുകളാൽ എന്നെയുഴിഞ്ഞ്
അവൾ പറഞ്ഞു .
ഉലൂപി .
----------------------------------

ഉന്മാദിനി / Sandhya Padma



നിനച്ചിരിക്കാത്ത നേരത്ത്,
കൃഷ്ണമണികളടർന്ന്
കൈകളിൽ വീണിട്ടുണ്ടോ?
കാഴ്ചയകലും മുന്നേ
പുകച്ചിലിൻറെ ജീവശാസ്ത്രം വായിച്ച്
ശ്വാസം മുട്ടിയിട്ടുണ്ടോ?

വാക്കുകൾ തൊണ്ടയിൽ
കുരുങ്ങുമ്പോൾ,
പെട്ടന്നു തിരിച്ചുപിടിക്കുന്ന
കാഴ്ചകളിൽ
ഒരു കുയിൽ പാട്ടുനിർത്തി
പറന്നു പോകുന്നു.
പണ്ടെന്നോ അന്ധതയുടെ
നിറവ്യത്യാസം
വെയിലിനോടും ഇരുട്ടിനോടും
മാറിമാറി ചോദിച്ചത്
മുന്നിൽ വന്നു നിന്നു.
വെയിലു പറഞ്ഞത് ചുവപ്പ്
ഇരുട്ട് പറഞ്ഞത് കറുപ്പ്.
വെയിലിൻറെ ചുവപ്പിൽ
ഒരു ബിന്ദു പറന്നു നടന്നു.
ഇരുട്ടിൻറെ കറുപ്പിൽ
മനസ്സ് ചലനമററ് നിന്നു.
ഇടയിലെവിടെയോ ഒരമ്മ
ഇലയടർത്തി
കൃഷ്ണമണികൾ വച്ചു നീട്ടുന്നു.
മെയ് പകുത്തവൻറെ
ദൌർഭാഗ്യം പകുത്തു വാങ്ങി
മറെറാരുത്തി
കണ്ണിൽ കറുപ്പു വസ്ത്രമണിയുന്നു.
ചോര കട്ടിയായി,
ഇനിയും ഞങ്ങളെ
ഉപ്പിലിടരുതേ എന്ന്
കേഴുന്നുണ്ട്
രണ്ട് കൃഷ്ണമണികൾ.
---------------------------

ഉണ്ടായിരുന്നുവോ നമ്മള്‍? / വിജയലക്ഷ്മി



ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരിയിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?
പായുന്ന മേഘങ്ങളായ്, തിളങ്ങിക്കണ്ട
രൂപങ്ങള്‍ തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍
കല്യാണസൗഗന്ധികം മുണ്ടുപെട്ടിയില്‍-
ക്കണ്ണെത്തിടാതൊളിക്കുമ്പോള്‍
ഇപ്പടിക്കെട്ടു പാറക്കെട്ടുപോല്‍
മുന്നി-
ലുദ്ധതം കോട്ട കെട്ടുമ്പോള്‍
പിച്ചവയ്ക്കും പൈതലെന്നപോലീ വിരല്‍
ചുറ്റുവാനൂന്നു തേടുമ്പോള്‍
വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെ.,യ-
ന്നുണ്ടായിരുന്നുവോ നമ്മള്‍?
ഉണ്ടായിരുന്നുവോ കൂട്ടുകാരായ്,അന്നു
രണ്ടുപേരായിട്ടു നമ്മള്‍?
------------------------------------------------

കടല്‍ പോലൊരു രാത്രി .../ സുഗതകുമാരി


കടല്‍പോലൊരു രാത്രി,
തേങ്ങലും തിരക്കോളു-
മിടിവെട്ടുംപോല്‍ പൊട്ടി-
യടങ്ങും കരച്ചിലും
പിടയും നെഞ്ഞും,നെഞ്ഞി-
ന്നടിയാഴത്തില്‍ തീയും
കടല്‍ പോലൊരു രാത്രി,
ഞാന്‍ കടന്നൊരാ രാത്രി....
മഴ പോലൊരു രാത്രി,
പെയ്തുപെയ്തിരുണ്ടാകെ-
ക്കുഴഞ്ഞു ചെളികെട്ടി-
ത്തണുത്തു വിറങ്ങലി-
ച്ചൊഴുകാനാകാതിറ്റുവീണു
വീണൊലിക്കുന്ന
മഴ പോലൊരു രാത്രി,
ഞാന്‍ നനഞ്ഞൊരാ രാത്രി....
മൃതി പോലൊരു രാത്രി,
മൂകമായ് ,പ്രേമം കെട്ട
മിഴി പൂട്ടിയ നീണ്ട കിടപ്പായ്,
തണുപ്പിച്ച
വിരലായ്,കല്ലിച്ചോരു മനസ്സായ്,
നിശ്ചേഷ്ടമായ്
മൃതി പോലൊരു രാത്രി,
ഞാന്‍ വിളി കേള്‍ക്കാ രാത്രി....
പുലരി വരുംപോലും നാളെയും!
കാല്‍ത്തണ്ടതന്‍
ചിരി ചിന്നിച്ചും കൊണ്ടു
തിടുക്കില്‍ നടന്നെന്‍റെ-
യഴിവാതില്‍ക്കല്‍ ബാലസൂര്യന്‍റെ
കൈയും പിടി-
ച്ചവളെത്തുമ്പോള്‍,
വാതില്‍ തുറക്കാന്‍ എനിക്കാമോ?
-------------------------------------

Saturday, September 12, 2015

അവസാനത്തെ നദി / സച്ചിദാനന്ദന്‍



അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.
'നിനക്കെന്നെ ഭയമില്ലേ?'
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
'ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്' , കുട്ടി പറഞ്ഞു.
'നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.'
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.
അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.
-----------------------------------------------

ദൂരം / എ.അയ്യപ്പന്‍


പാറയുടെ ശൃംഗത്തില്‍
ഞാനവളുടെ പേരെഴുതി.

പാറയുടെ പരുഷമായ ദു:ഖമറിഞ്ഞു.
അവളുടെ ഓര്‍മ്മയ്ക്ക്‌
കയ്ക്കുവോളം കാട്ടുതേന്‍ കുടിച്ചു.
ഗിരിസാമീപ്യത്തില്‍ നിന്ന്
സമുദ്രത്തിലേക്കൊഴുകിയ നദിയില്‍
ആനവാലിന്‍റെ മോതിരമെറിഞ്ഞു.
അവളന്നു വിരല്‍ചൂണ്ടിയ ദൃശ്യങ്ങളോര്‍ത്തു.
നോക്കൂ ഒരു കുരുടന്‍മൂങ്ങ
വഴി തെറ്റുന്ന ആടുകള്‍
അവള്‍ കാതോര്‍ത്തു:
കേള്‍ക്കൂ, എവിടെ നിന്നാവാം രമണവിലാപം?
-------------------------------------------------

അഹം / ലൂയിസ് പീറ്റർ


നിള പോലെയാണിന്നു ഞാൻ
ഒഴുകാനാവുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു
നിശ പോലെയാണിന്നു ഞാൻ
ഉറങ്ങാനാവുന്നില്ല
ഒരു നിലാവ്‌ എന്‍റെ മിഴികളിൽ
അണയാതെ നിൽക്കുന്നു
ചതിയനാണിന്നെന്‍റെ ദൈവം
അതിരാവിലെ
ഒരു കഠിന വേദന കരളിൽ തന്നു
മൊത്തിക്കുടിക്കേണ്ട
തൊട്ടുകൂട്ടാൻപോലും അല്പം
വിഷം തന്നില്ലയൊപ്പം
ഹേ, ബാംസുരി
നിന്റെ ഇടറിയ ജപശ്രുതി
ഇനിയുമെന്‍റെ കാതിൽ പകരരുത്‌ .

----------------------------------------------

കാറ്റായി മാറുവാന്‍ / സച്ചിദാനന്ദന്‍


ചിന്തകള്‍ ഉണ്ടാവരുത്
അടുത്തു കിട്ടാവുന്ന ഏറ്റവും വലിയ
കുന്നിനു മുകളില്‍ കയറുക
കാറ്റിനെത്തന്നെ ധ്യാനിക്കുക,
എല്ലാ അവതാരങ്ങളും
എഴുന്നൂറു പൂക്കളുടെ സൌരഭ്യവുമായെത്തുന്ന
വസന്തമാരുതന്‍,
മഴയെ കയ്യില്‍ കോരിയെടുത്തു വട്ടം ചുറ്റി
ചിരിച്ച് ഉന്മാദിയായ കാമുകനെപ്പോലെ
വന്നെത്തുന്ന ശിശിരപവനന്‍,
തൊട്ടതെല്ലാം ഭസ്മമാക്കി, സൂര്യനെ ശിരസ്സേറ്റി
ചുടലയില്‍ താണ്ഡവമാടുന്ന ഗ്രീഷ്മാനിലന്‍,
അസ്ഥികള്‍ കീറിമുറിച്ചകത്തുകയറി
സ്വപ്നങ്ങളെപ്പോലും മരവിപ്പിക്കുന്ന
ഹേമന്തവാതം, കടലില്‍ ആഴമേറ്റുന്ന
കടല്‍ക്കാറ്റ്, ചിറകുകളില്‍ ഉയരമേറ്റുന്ന
മലങ്കാറ്റ്, ആയിരം വാള്‍ ചുഴറ്റിയെത്തുന്ന
ചുഴലിക്കാറ്റ്, മരങ്ങളെ ചുമലിലേറ്റിവരുന്ന
കൊടുങ്കാറ്റ്...
ഇനി നിന്‍റെ ഉള്‍ക്കാറ്റ് അടക്കിപിടിക്കുക
കൈകള്‍ മുന്നോട്ടു നീട്ടി കാലുകള്‍ മെല്ലെ ഉയര്‍ത്തുക,
പറക്കുക, മേഘങ്ങളെ തള്ളിനീക്കി
ഭൂവിന്‍റെ ഈറനണിഞ്ഞ് പറക്കുക.
തിരികെ വരണമെന്നു തോന്നുമ്പോള്‍
മഴയെ ധ്യാനിച്ച്‌ മഴയാവുക
ചിന്തകളുടെ ശാപമേറ്റി
താഴ്വാരത്തിലൂടെ ഒഴുകി വീട്ടിലെത്തുക

പിന്നെ
കാറ്റാവുക.
-----------------------------------------

പിരിഞ്ഞവർ / പവിത്രന്‍ തീക്കുനി


ഒരുവൾ നിന്നെ വേണ്ടെന്ന്
ഒറ്റവാക്കിൽ ഒതുക്കി
ഓർമ്മകൾ കൊണ്ടവൾ മുറിവേൽക്കാതിരിക്കട്ടെ.

കള്ളനാണു നീയെന്ന് ഒരുവൾ
കണ്ണീരിനാൽ കടപ്പുറത്തെഴുതി
ജലരേഖകളിൽ അവളുടെ ജീവിതം പതിയാതിരിക്കട്ടെ.
വിരക്തിയുടെ പ്രവാചകാ, നീ പിരിഞ്ഞു പോകൂ
എന്നൊരുവൾ നനഞ്ഞു പ്രാർത്ഥിച്ചു
മൗനങ്ങളുടെ ദൈവം അവളെ രക്ഷിക്കട്ടെ.
കവിതയിൽ ജീവിതം കൊത്തിത്തുടങ്ങിയ
ഒരുവൾ, നീ കരിഞ്ഞുപോവട്ടെ എന്ന് ശപിച്ചു.
അവളുടെ വഴികളിൽ എന്നും പച്ചകൾ വിരിഞ്ഞു നിൽക്കട്ടെ.
ഒരുനാൾ വേദനകൾ വെളിച്ചമാവും
ഇരുട്ടിൽ നിന്ന് ഒരു കബന്ധമെങ്കിലും ഉയിർത്തെഴുനേൽക്കും.
കവിത, മരിച്ചവരുടെ ജീവിക്കുന്ന സ്വപ്നമാവുന്നു.
------------------------------------------------------

Saturday, September 5, 2015

സ്വപ്നങ്ങളുടെ വീട് / ഇസബെൽ ഫ്ലോറ


നരച്ച മഞ്ഞിന്‍ കുന്നിറങ്ങി
തണുത്ത കാറ്റിന്‍റെ കരള്‍ തേടി
ചിലമ്പിച്ച കലമാന്‍ കുഞ്ഞ്‌
ചോദിക്കുന്നു സ്വപ്നങ്ങള്‍ക്ക് വീടുണ്ടോ ?

ആകാശം ചായിച്ചൊരു വനദേവത
ചുവന്ന സൂര്യനെ കടലില്‍
കുടഞ്ഞു മൊഴിയുന്നു
വിതയ്ക്കുന്നവന്റെ സ്വപ്നങ്ങള്‍
മണ്ണു തിന്നുന്നു
മുക്കുവന്റെ സ്വപ്നങ്ങള്‍
ആഴത്തിലൊഴുകി നടക്കുന്നു
ആമയുടെ സ്വപ്നങ്ങള്‍
പൂഴിമണ്ണില്‍ പുതഞ്ഞു കിടക്കുന്നു
കിളികളുടെ സ്വപ്നങ്ങള്‍
ശിഖര ങ്ങളില്‍ ചൂട് കാത്തു കഴിയുന്നു
ചന്ദ്രനുദിക്കാത്ത രാവുകളില്‍
കപ്പല്‍ കൊള്ളക്കാരുടെ സ്വപ്നങ്ങളുണരുന്നു
മഴയും വെയിലും ഒരു വില്ലില്‍
സ്വപ്നങ്ങള്‍ മെനയുന്നു
മണ്ണു തിന്ന സ്വപ്നങ്ങള്‍
ഭൂമിക്കു പുതപ്പാകുന്നു
ചൂടുകാത്ത സ്വപ്നങ്ങള്‍
ആകാശ ത്തിന്‍റെ ഒച്ചയാകുന്നു
കലമാന്‍ ഒരു നിമിഷം
കൊണ്ടുവളര്‍ന്നു
അമ്പിളി ക്കലയില്‍
ചേക്കേറുന്നു .....
ആരും കാണാതെ സ്വപ്നങ്ങള്‍ ക്കൊരു
കൂടു പണിയുന്നു.
---------------------------------------

പ്രാര്‍ത്ഥന / അനിത തമ്പി



രാത്രിവാനിന്‍ പടര്‍ച്ചില്ലമേല്‍,ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍-
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്‍റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്,വെറുപ്പാണ്,
ദൈവമേ
ലോകമെന്‍റെ മനസ്സായിരിക്കണേ
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്,ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്‍റെ ഉയിരായിരിക്കണേ.
---------------------------------------

കാറ്റേ കടലേ / പി.പി.രാമചന്ദ്രന്‍


ഉമ്മറക്കോലായില്‍നിന്ന്‌
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്‌
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!
പിന്നെയും ബാക്കിയായ
ഒരു കുന്നിന്റെ പള്ളയ്ക്കാണ്‌ എന്റെ വീട്‌.
ഇപ്പോള്‍ കുന്നുകളെല്ലാം
റോഡുപണിക്കു പോകുന്നു,
കരയുന്ന വീടുകളെ ഉറക്കിക്കിടത്തിക്കൊണ്ട്‌.
പന്തലംകുന്ന്‌, പൂത്രക്കുന്ന്‌
പുളിയാറക്കുന്ന്‌, പറക്കുന്ന്‌
ചോലക്കുന്ന്‌, ചന്തക്കുന്ന്‌,
കരിമ്പനക്കുന്ന്‌....
പേരുവിളിക്കുമ്പോള്‍
വരിവരിയായി വന്ന്‌
ലോറിയില്‍ കയറണം.
പറഞ്ഞ സ്ഥലത്ത്‌ ഇറങ്ങണം.
നിരപ്പാക്കിയ തലയില്‍
എട്ടുവരിപ്പാത ചുമന്ന്‌ നിന്നുകൊള്ളണം.
തലയ്ക്കുമീതെ കാലം
'ശൂം
കാറ്റേ കടലേ
തെങ്ങോലകളെ
നമ്മള്‍ അപ്പുറത്തും
ഇപ്പുറത്തുമാകാന്‍ പോകുന്നു
ഇനി കാണാന്‍ പറ്റിയെന്നു വരില്ല
ബഷീറിന്റെ കഥയിലെ നാരായണി
ആകാശത്തേക്ക് ചുള്ളിക്കമ്പെറിഞ്ഞതുപോലെ
നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം
ഞാന്‍ നോക്കിയിരിക്കും .
-----------------------------------------------

ഒരു സങ്കൽപ കവിത / വിനോദ് വെള്ളായണി


ചെമ്പകമരമേ ചെമ്പകമരമേ
നിന്നുടെ ചില്ലയിലന്തിമയങ്ങു
മൊരോലഞ്ഞാലിക്കിളിയുടെ
പാട്ടുകൾ കേട്ടിട്ടുണ്ടോ?

ചെല്ലക്കിളിയുടെ ചിറകുകൾ
മുത്തി മണത്തു മദിക്കും
കാറ്റിൻ ഗതിയതിനൊപ്പം
സ്മരണകൾ കെട്ടിപ്പുണരും
കാഴ്ചകൾ കണ്ടിട്ടുണ്ടോ?
സ്മരണകൾ നിറയും സിരകളി-
ലമ്പിളിവെട്ടമിടംകണ്ണെറിയുമ്പോൾ
അംബരമാകെ താരകമലരുകൾ
സങ്കൽപങ്ങൾ നെയ്യുന്നു.
സങ്കൽപത്തിൻ വാഹനമേറി
കായൽത്തീരത്തെത്തുമ്പോൾ
ചങ്ങമ്പുഴയെന്നെഴുതിപ്പുണരുവ-
താമ്പൽപ്പൂക്കളുമാണല്ലോ.
ആമ്പൽപ്പൊയ്കയിൽ മിന്നാമിന്നികൾ
കൊച്ചു വിളക്കതു വീശുമ്പോൾ
സ്നേഹത്തിൻ കഥ പറയാനെത്തിയൊ-
രോണത്തുമ്പി തുളുമ്പുന്നു.
ഓണത്തുമ്പച്ചരിവതിനരികെ
തൊങ്ങലുകെട്ടി വലം വച്ചാടും
തെറ്റികൾ പിച്ചികൾ കാക്കപ്പൂവുകൾ
നിൻ പ്രിയസ്നേഹിതരാണല്ലോ.
ഓണപ്പെണ്ണേ നിന്നുടെ കൺകളിൽ
നീലനിലാവു പരക്കുമ്പോൾ
കുളിരും കാറ്റും ഉടുതുണിയാലുടൽ
മൂടിക്കൊണ്ടുമിരിക്കുന്നു.
ഉടലിൻ വൃത്തിവിശുദ്ധികളറിയും
വയലതു കണ്ടു ചിരിക്കുമ്പോൾ
അലിവിൻ നാഭിയിൽ നിന്നുമുയിർത്തൊരു
കിരണം വന്നു പതിക്കുന്നു.
കിരണത്തിന്മേൽ കരണം മറിയും
കതിരവനരികത്തെത്തുമ്പോൾ
അരമണികെട്ടിത്തുള്ളും ക്ടാത്തികൾ
കവിതക്കടലിലിറങ്ങുന്നു.
------------------------------------------

Tuesday, September 1, 2015

സ്വപ്നങ്ങള്‍ പൊള്ളുമ്പോള്‍../ ശ്രീലത എസ്.ഹരിപ്പാട്

ഇരുട്ടിനോടൊപ്പമുലാത്തുന്ന
ചില സ്വപ്നങ്ങളുണ്ട്
പിറകേയെത്തി
വലിച്ചടുപ്പിച്ചു കളയും വല്ലാതെ.
കുടഞ്ഞെറിയുക,
വെട്ടമിറ്റുന്ന വഴിയേ നടക്കുക ..
ഇരട്ടക്കട്ടിലില്‍ ചുളിവുകള്‍
വീഴ്ത്തുന്ന ചില സ്വപ്നങ്ങളുണ്ട്
പതിയെയെടുത്തു
പടിക്കു പുറത്താക്കുക,ഒരു
പൂച്ചക്കുട്ടിയെപ്പോലെ
ഓടിപ്പഴകിയ വരികളില്‍
ചൂണ്ടുപലകകളായുയരുന്ന സ്വപ്നങ്ങളുണ്ട്,
അള്ളുനിറഞ്ഞവ
പുതുവഴികളെന്നോര്‍ക്കണം,
ഭയക്കണം
നമുക്കു പോകാം,
മടുപ്പിന്‍റെ പതിവു വഴികളില്‍,
ഒരേ ജാലകക്കാഴ്ചയില്‍,
മരങ്ങള്‍ വീടുകള്‍ കിളികള്‍
വായു വെള്ളംമണ്ണ്
ഒന്നുംസ്വന്തമാക്കാതെ,
ഭാരമില്ലാ യാത്രകളിലേക്ക്...
----------------------------------------