Saturday, October 21, 2017

ഒരേനടയകലങ്ങളിൽ... / ഡോണ മയൂര


ദൂരമൽ‌പ്പം താണ്ടിടുമ്പോൾ
വഴിയാകെ പെരുമഴയാണ്.
പെട്ടെന്ന് കൂട്ടിനെത്തുന്നൊരു മീൻ,
പക്ഷെ കരയുകയാണ്
കരയിലാണെന്ന് കരച്ചിലാണ്.
കരയാവാം എന്നാൽ കരയല്ലേ
കരകവിയും നേരമാണ്
മീനേ,യെന്ന്
പറഞ്ഞു കഴിയും മുന്നേ
കരകവിഞ്ഞുടൻ, മഴയൊഴിഞ്ഞു.
കരയാനായി മാത്രം
മഴയത്തിറങ്ങി
നടക്കുന്നവരെ നോക്കിയിപ്പോൾ
മീൻ കണ്ണുകൾ ചിരിക്കുന്നു.

Friday, October 6, 2017

എഴുതുമ്പോള്‍ മായുന്നു / എം.ആര്‍.രേണുകുമാര്‍


തിരമാലകളില്‍
തകിടം മറിയുന്ന
പിണ്ടിച്ചങ്ങാടത്തില്‍
പുനഞ്ഞുകിടക്കുന്ന നമ്മളെ
പ്രണയത്തിന്‍റെ കറചേര്‍ത്ത
നീല കളിമണ്ണുകൊണ്ട് പൊത്തിപൊതിയണം
ഉപ്പുവെള്ളത്തിന്‍റെ നാവുകള്‍
കാര്‍ന്നുതിന്നുന്നതറിഞ്ഞ്
ഒട്ടിക്കിടന്ന് കൊത്തിമരിക്കുന്ന
കളിമണ്ണോട് ചേര്‍ന്ന നമ്മളെ
കരിനീലകൊണ്ടുതന്നെ
കടല്‍ എഴുതിമായ്ക്കട്ടെ
കടലെടുത്ത് ഒടുക്കം
ഉടലാകെ നീലിച്ച്
ഉടലേത് കടലേത്
എന്നറിയാത്ത മട്ടിലാവട്ടെ
ഒടുവിലലിഞ്ഞ് തീരുവത്
നമ്മുടെ ചൊടികളാവട്ടെ
എവിടെയും അലിയാത്ത നിന്‍റെ
ചുരുള്‍മുടിക്കാടിനെ
തിരകള്‍ മാറോട് ചേര്‍ക്കട്ടെ
ചുണ്ടുനനയ്ക്കാനെത്തുന്ന
മേഘങ്ങളുടെ അടിവയറ്റില്‍
നമ്മള്‍ ചേര്‍ന്നുകൊത്തിയ രഹസ്യലിപികള്‍
അവ ആര്‍ത്തിപൂണ്ട് വായിക്കട്ടെ
കടല്‍ക്കാറ്റിന്‍റെ
ചുരും ചൂളവുമായി
എന്‍റെ ഒടുങ്ങാകൊതികള്‍
അലഞ്ഞുതിരിയട്ടെ
തമ്മില്‍ കലര്‍ന്ന് കല്ലിച്ച
നമ്മുടെ ഉടല്‍ നീലയെ
കടല്‍ നീലയില്‍ നിന്ന്
ദൈവത്തിനുപോലും
വേര്‍തിരിക്കാന്‍ കഴിയാതിരിക്കട്ടെ
എനിക്കുമാത്രം നീന്തിയെത്താനും
അകപ്പെടാനും പാകത്തില്‍
ജലച്ചുഴികള്‍ക്കിടയില്‍
നിന്‍റെ പൊക്കിള്‍ച്ചുഴി മാത്രം
വേണമെങ്കില്‍
ഒരിത്തിരികൂടി
ഇരുണ്ട് കിടന്നോട്ടെ.
----------------------------------------------------------

Tuesday, October 3, 2017

അലമാര / ശ്രീജ ജയശ്രീ


തലതാഴ്ത്തിത്തരുന്ന
തെങ്ങുകളുടെ
കാലത്തൊന്നുമല്ല..
ഈയിടെയായി,
ചില കാലങ്ങൾ
മറ്റുചില കാലങ്ങളിലേക്കും
അതിനുംപുറത്തെ കാലങ്ങളിലേക്കും
ഒഴുകാനും
മിണ്ടാനും
കേൾക്കാനും
തുടങ്ങിയിരിക്കുന്നു
തോന്നൽ
എന്ന കാലത്തിലിരുന്ന്
അയാളല്ലേയിതെന്ന്
തോന്നുമ്പോഴേക്കും
ഞാനല്ലയാളെന്നയാൾ
ഞെട്ടിക്കുന്നു
ഓർമ
എന്ന കാലത്തിരുന്ന്
എങ്ങനൊക്കെയായിരുന്നു
എന്നോർത്തുമുഴുമിച്ചില്ല
അപ്പോഴേക്കും
ചിലരൊക്കെവന്ന്
ഇപ്പോഴെന്തായീയെന്ന്
കളിയാക്കിചിരിക്കുന്നു
സ്വപ്നം
എന്നൊരു കാലത്തൂന്ന്
ഹാ.. എന്തൊക്കെയുണ്ട്,മനസിലായില്ലേ
എന്നൊക്കെ
തോളിൽ തട്ടുന്നു
................
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന് അലമാരയ്ക്കകത്തൂന്ന്
ഞാനുത്തരം
പറയുന്നു
എല്ലാകാലത്തിലുമിരുന്ന്
എല്ലാവരും
അതുകേൾക്കുന്നു
എല്ലാഅറകളീന്നും
അവരിറങ്ങി
വരുന്നു
എല്ലാ അറകളിലേക്കും
എന്നെ വീതിച്ചു കൊണ്ടുപോകുന്നു
എല്ലാ അറകളും
ഒരുപോലെയാകുന്നു
എല്ലാ കാലങ്ങളും
ഒരുപോലെയാകുന്നു
...............
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന്
എല്ലാവരും ഉത്തരം
പറയുന്നു .
---------------------------------------------------

ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ / പി.പി.രാമചന്ദ്രന്‍


1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മിൻ വച്ചേടത്ത്
കേരളത്തിലെ പക്ഷികൾ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കക്കളും ഭൃത്യന്മാരുമാണ്
മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
ഡാക്കുള പിടികൂടാം
ലൈബ്രേറിയൻ മരിച്ചതിൽ പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പർ തെറ്റി
ഇരിപ്പടങ്ങൾ മാറി
പുറം ചട്ടകൾ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളിൽ
കയറി
കഥാപാത്രങ്ങൾ
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമൻ
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പൂക്കുട്ടൻ
വാവിട്ടുവിലാപിക്കാൻ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയിലെ കുഴമറിച്ചിൽ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യൻസ്
തുന്നലിട്ട് കിടപ്പിലായി.
3
ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരളചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജിൽ
'വളരെ നല്ല നോവൽ' എന്ന്
ഒരു വായനക്കാരൻ
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗികവിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
4
ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോൾ തുറക്കുമെന്നോ
എപ്പോൾ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിക്കൽ അർദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോൾ
വായനശാലയുടെ ജനാലയ്ക്കൽ
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തിൽ
ഒരു വലിയ അതിഥിസല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങൾ
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടുപുകച്ചുകൊണ്ട്
ഫയദോർ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയുന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടിൽ
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദൻ
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യൻ
പല ഭാഷകളിൽ ഉച്ചത്തിൽ
അവർ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയിൽ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരൻ_
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയർത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടൻ തന്നെ
അലമാരകൾക്കു പിന്നിൽ നിന്ന്
ഒരു മനുഷ്യൻ
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തിൽ
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാൻ തിരിച്ചറിഞ്ഞു.
അതെ. ആയാൾ തന്നെ.
മരിച്ചുപോയ നമ്മുടെ ലൈബ്രേറിയൻ.
--------------------------------------------------------------

രുചി / T.a.Sasi


രസമുകുളങ്ങൾ
ചുരണ്ടിക്കളഞ്ഞ് 
ജലസ്പർശമില്ലാതെ സൂക്ഷിച്ച്
ഉണക്കിയെടുക്കണം നാക്കിനെ.
എല്ലാ രുചികളും
ഒന്നാകുമപ്പോൾ.
കഴിയുമെങ്കിൽ
നാക്കിനെ ​ചിതയിൽ വച്ചെടുക്കുവാനും
കഴിയണം.
അറിഞ്ഞ രുചിയെ
ഇതുവരെ ആരും വിവരിക്കാത്ത
​ഒരവസ്ഥയിൽ
ചിതയുടെ രുചിയറിഞ്ഞ
ആദ്യത്തെ ആളാവണമെനിക്ക്.
---------------------------------------------------

മഴയിൽ ഒരു നക്ഷത്രം / ഡോണ മയൂര


ഇമ ചിമ്മാതെ കണ്ണുകൾ
നക്ഷത്രങ്ങൾ പിടിക്കുന്ന രാത്രി.
നാവില്ലാത്തൊരാളുടെ
നോവിൻ പാട്ടു കേൾക്കുന്നു.
വെയിൽവെട്ടമെന്നപോലെ
നിലാവിന്റെ സ്പോട്ട് ലൈറ്റിൽ
പെയ്തഭിനയിക്കുന്ന മഴ,
പെരുമഴയായി.
അതിനുള്ളിലൊരു
മഴത്തുള്ളിയുടെ
ഉള്ളിലേറി വരുന്നൊരു
നക്ഷത്രം.
വഴിയിലൊരു മഴച്ചില്ലയിലും
ഇലത്തുമ്പിലും തട്ടിപ്പൊട്ടാതെ
നക്ഷത്രവുമായി വരുന്നൊരു
മഴത്തുള്ളി.
മുന്നിലെത്തുമ്പോൾ
ചുംബനങ്ങൾ.
ചുംബനങ്ങളാണ്
നക്ഷത്രമുള്ളിലൊളിപ്പിച്ച
മഴത്തുള്ളി.
--------------------------------------------------