Monday, November 4, 2019

വെയില്/വിഷ്ണു പ്രസാദ്

ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

വിരുന്ന്/ടി.പി.രാജീവന്‍

ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.

ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.

ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.

ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.

കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?

വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.

Thursday, October 24, 2019

ഉള്ളടക്കം/വീരാൻകുട്ടി

നൂലുണ്ടയിൽ നിന്നു നൂലെന്നപോലെ
നാം ചുരുളഴിയുന്നു
ഉള്ളിൽ അർത്ഥവത്തായ എന്തോ
ഉണ്ടെന്ന ഉറപ്പുള്ളവർ
കുഞ്ഞുങ്ങൾ എന്ന പോലെ അതിനെ പിന്തുടരുന്നു.
ഒടുവിലത്തെ ചുരുളും നിവർന്നു കഴിയുമ്പോൾ
നൂലറ്റമല്ലാതെ
മറ്റൊന്നും കാണാനാകാതെ നിശ്ശബ്ദം മടങ്ങുന്നു.
മടക്കത്തിൽ
അവർ
ജീവിതത്തിന്
അതിൽ നിന്നും
ഒരുപമ കണ്ടെടുക്കുന്നു.

Monday, October 21, 2019

വെള്ള/ജയദേവ് നയനാർ

ചെളി ചവിട്ടി വരുന്ന
മഴയ്ക്കു കാല്‍ കഴുകാന്‍
വെള്ളമൊഴിച്ചുകൊടുക്കും.
രാവിലെ രാവിലെ
ഓരോ പൂവിന്‍റെയും
പേറെടുക്കും. കുളിപ്പിച്ച്
പല മാതിരി മണം തേച്ച്
തണലില്‍ കിടത്തും.
കാറിക്കരയുന്ന തീയ്ക്ക്
കുടിക്കാന്‍ പാലെപ്പോഴും
തിളച്ചുതൂവിപ്പിക്കും.
തൊടിയിലെക്കിണറിന്
കുടിക്കാന്‍ വെള്ളം
അനത്തിവയ്ക്കും.
അലക്കുകല്ലിന്മേല്‍ പറ്റിയ
ചെളിയത്രയും തുണിതല്ലി
തുടച്ചുമാറ്റുമിടയ്ക്കിടെ.
അന്തിക്കിരുട്ടിന്
വഴിതെറ്റാതിരിക്കാന്‍
വിളക്കൊന്നു കത്തിച്ചുവയ്ക്കും.
പുലര്‍ച്ചവണ്ടിക്കു പോകേണ്ട
പകലുറങ്ങിപ്പോകാതിരിക്കാന്‍
രാവത്രയു, മുറങ്ങാതെ കിടക്കും.
വെയിലിലേക്കിറങ്ങുന്ന
സൂര്യനു മറക്കാതെ
കുടയെടുത്തു നീട്ടും.
ഇതിനിടയിലെവിടെ
നേരം കിട്ടുന്നു അവള്‍ക്ക്
സ്വന്തം അച്ചുതണ്ടില്‍
സ്വയം കറങ്ങാന്‍.
സ്വയമൊരുങ്ങാന്‍.

Wednesday, October 9, 2019

മാജിക് ബ്രഷ്/സനൽകുമാർ ശശിധരൻ

വേടന് പക്ഷി,
പറക്കുന്ന ഇറച്ചി.
അവന്റെ തോക്കിനെ
ഹരം പിടിപ്പിക്കുന്ന രുചി.

പക്ഷിക്ക് വേടൻ,
നീണ്ട രണ്ട് പൊട്ടക്കണ്ണുകൾ.
ആകാശം, ആഴമറിയാത്ത
അഭയത്തിന്റെ കടൽ.

കടലിന് വെയിൽ,
ഒരു മഴവിൽപ്പുഴ.
സൂര്യൻ, അരൂപിയായ
ചിത്രകാരന്റെ ചായത്തട്ട്.

അയാൾ
പക്ഷിയെ ആകാശത്തിൽ
വെളിച്ചം കൊണ്ട് മിന്നിക്കുന്നു
വേടനെ മരച്ചുവട്ടിൽ
ഇരുട്ടുകൊണ്ട് ഒളിപ്പിക്കുന്നു

വിശക്കുന്നു! 
വേടൻ കാഞ്ചി വലിക്കുന്നു.
പക്ഷിയെ ചോരകൊണ്ട് വരയ്ക്കുന്നു.
തൂവലെല്ലാം മായ്ച്ചുകളയുന്നു.
ഇറച്ചി ബാക്കിയാവുന്നു!

അറിവ്/സനൽകുമാർ ശശിധരൻ

എനിക്കറിയാം നമ്മൾ
തമ്മിലുള്ള വിനിമയങ്ങളിൽ
എനിക്കുള്ള സ്ഥാനം !

ഇളവെയിലിൽ മുറുകെപ്പിടിക്കാൻ
വെമ്പിനിൽക്കുന്ന പാവൽ വള്ളിയുടെ
ചുരുളൻ കൈപോലെ ദുർബലം

കാറ്റു കൊണ്ടുപോകുന്ന വഴിയേ
സമാധാനം തിരയുന്ന പരുന്തിൻ
തൂവൽ പോലെ അലസം 

വായിക്കാതെ മാറ്റിവെയ്ക്കുന്ന 
കുറിപ്പുകളിൽ അകപ്പെട്ടുപോയ
അക്ഷരങ്ങളുടെ പാട്ടുപോലെ  വിരസം

എനിക്കറിയാം
നിന്റെ ഉച്ചിയിലെ
ചുവന്ന പൂക്കളെ നോക്കി
ഞാൻ നിൽക്കുന്ന നിൽപ്പ്

എനിക്കറിയാം
നിന്റെ തണലിൽ നിന്നെന്നെ
വെയിൽ കൊത്തുമ്പോൾ
കുലുങ്ങിയലച്ചുള്ള നിന്റെ ചിരി

എനിക്കറിയാം എല്ലാം ...
എനിക്കറിയില്ല നിന്നെ !

Monday, October 7, 2019

വ്യർത്തമാനം /ജയദേവ് നയനാർ

കമിതാക്കളെ വില്‍ക്കുന്ന
തെരുവില്‍ എനിക്ക്
കിട്ടിയത് ഒരു ഊമയെ.

എന്താണ് പേരെന്നും
ഏതാണ് നാടെന്നും
ഉള്ള ചോദ്യങ്ങള്‍ക്ക്
ഏതാണ്ട് ഒരു പോലെയുള്ള
ചുണ്ടിളക്കലായിരുന്നു ,
അവള്‍ക്കു പഥ്യം.

ഏതു ഭാഷയാണതെന്ന
ചോദ്യത്തിനുമില്ല മറുപടി.

ഭാഷ കൊണ്ട് അമ്മാനമാടുന്ന
ഒരു എഴുത്തുകാരനാണെന്ന
അഹങ്കാരം അഴിച്ചുകളയുന്ന
ഒന്നായിരുന്നു ആ മൌനം.

അഹങ്കാരത്തെ ആദ്യം
അഴിച്ചുവച്ചു.

ഭാഷയെ രണ്ടാമതായി
ഊരിയെറിഞ്ഞു.

എഴുത്തെന്ന അടിവസ്ത്രവും
അഴിച്ചുകളഞ്ഞു.

ഉപമയും അലങ്കാരവും
മായ്ച്ചുകളഞ്ഞു.

അടിവയറ്റില്‍ കവിത
പച്ച കുത്തിയത്
അഴിക്കുന്നില്ലേ
എന്നായി
ഭാഷയ്ക്കും മുമ്പത്തെ
ഭാഷയിലവള്‍.

അഴിച്ചിട്ടും അഴിച്ചിട്ടും
അഴിയുന്നില്ലെന്നു
തൊട്ടുകാണിക്കേണ്ടിവന്നു.
അവളതു ഉമ്മവച്ചുമ്മവച്ച്
മായ്ച്ചുകളഞ്ഞു.

ഭാഷയുടെ ഒരു തുരുമ്പുപോലും
ശരീരത്തിലില്ലാതായപ്പോള്‍
വൃത്തവും പ്രാസവും ലിപിയും
ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത
ശരീരങ്ങള്‍ കൊണ്ട് പരസ്പരം
സംസാരിക്കാന്‍ തുടങ്ങി .
ആ ഭാഷയില്‍ അവള്‍
എന്നെക്കാളും വലിയ
കവിയാണെന്ന് അശരീരി.

ഈരടികളും ശ്ലോകങ്ങളും
വരച്ചുവച്ചിട്ടുണ്ടത്രേ.

പൊടുന്നനെ, അവള്‍ നിറയാനിരിക്കുന്ന
മഹാകാവ്യം പെയ്യാന്‍ തുടങ്ങി .
തൊട്ടപ്പുറത്തെ മണല്‍ക്കൂനയില്‍
മറഞ്ഞിരിക്കുന്ന ആള്‍ക്ക്
ചിത്രങ്ങളില്‍ കണ്ടു മറന്ന
എഴുത്തച്ഛന്റെ അതേ ച്ഛായ.

Monday, September 30, 2019

ബാധ/വീരാൻകുട്ടി

പുതിയ വീട്ടിൽ പാർപ്പ് തുടങ്ങിയതും
ഉറക്കം എന്നെ കൈവിട്ടു.
കിടക്കേണ്ടതാമസം വീട് എന്നെയുമേറ്റി
ഒരു കളിവഞ്ചിയായി ഒഴുകിനടക്കുന്നു.
കണ്ണടയ്ക്കുകയേ വേണ്ടു
അനേകം കൈകൾ ഒരുമിച്ച്
അടിച്ചലക്കുന്നതിന്റെ ഒച്ച
കാതിൽ വന്നലയ്ക്കുന്നു.
എതോ മഴക്കാലത്ത് മുങ്ങിപ്പോയ കുഞ്ഞുങ്ങൾ
മീനുകളോടൊപ്പം പൊങ്ങിവന്ന്
കാലിൽ ഇക്കിളിയിടുന്നു.
പെണ്ണുങ്ങൾ മാറിടം ഒളിപ്പിക്കാൻ
ഓളങ്ങളെ റൌക്കയാക്കുന്നു
തോണിപ്പാട്ടിൽ ഞാൻ മുങ്ങുന്നു
നാവുനീട്ടിവരും ജലസർപ്പങ്ങളിൽനിന്ന്
നീന്തിയകലാനാകാതെ കുഴയുന്നു
ആരോ വീത വലയിൽ പിടയുംമീനായി
ആകാശം കാണുന്നു.
ഒടുവിലൊരുനാൾ
പനിച്ചുതുള്ളുന്ന പാതിരയ്ക്ക്
മരിച്ചുപോയ ഉമ്മാമ കനവിൽവന്ന്
അരയിൽ ഉറുക്ക് കെട്ടിത്തരുന്നതിനിടയിൽ പറഞ്ഞു:
“ഒലിച്ച് പൂതികെടാത്ത
ഒരു പൊഴ നിന്നെടത്താണല്ലോ മോനേ
ഇപ്പോളത്തെ നെന്റെ വീട്.”

Sunday, September 29, 2019

തിരച്ചിൽ/സെറീന

ആൾക്കൂട്ടത്തിൽ
കൈവിട്ടു പോയ കുഞ്ഞിനെ
ഓരോ ശ്വാസത്തിലും 
തിരഞ്ഞു കൊണ്ടിരിക്കും അമ്മ

ഏത് പാതിരാവിലും
ഓരോ ഇലയനക്കവും
അവന്റെ കാലൊച്ചയെന്നു
വിചാരപ്പെടും അച്ഛൻ

വീടവനെ തിരഞ്ഞു പോകും
കളിയിടങ്ങൾ, കൂട്ടുകാർ,
കാറ്റ് പോലും കാത്തു നിൽക്കും

പ്രാണനുരുകുന്ന തീയോടെ
തിരയുകയാണ്,
ഇരിപ്പിലും നടപ്പിലും
ഊണിനും ഉറക്കത്തിനുമിടയിൽ
വെറും ദിനങ്ങളുടെ
മണ്ണ്  മൂടിപ്പോയ ഒരാളെ, 
കാണാതെ പോയെന്ന് 
ആരുമറിയാത്ത ഒരുവളെ.

ഒരു വരി ഉള്ളിൽ  തേട്ടി വരുന്നേരം,
കാറ്റിൽ വരും മണങ്ങളിൽ നിന്നൊരു
കരച്ചിലിന്റെ നാരടർന്നു വീഴുമ്പോൾ 
അവളുണ്ടെന്നു തോന്നും

പഴകിത്തേഞ്ഞൊരു വാക്കിന്റെ
വക്കിൽ  വിരൽ തട്ടി  മുറിയുമ്പോൾ,
അടഞ്ഞു പോകുന്ന
നൂറാമത്തെ വാതിലിന് പുറത്ത്
ഒരൊറ്റ ചിരിയുടെ ഇതൾ കൊണ്ട് തീർത്ത
പൂക്കളം കാണുമ്പോൾ
അവളുണ്ടെന്നു തോന്നും

തിരച്ചിലിന്റെ വഴിയിലും
കാണാതാകലിന്റെ വഴിയിലും
തനിച്ച് നടക്കുന്നവരെ
ആരും കാത്തിരിക്കുകയില്ല

പറഞ്ഞു പറഞ്ഞു
ഓർമ്മകളായി  മാറിയ
നുണകളെ പോലെയാണ്
ചില ജീവിതങ്ങൾ
ഉണ്ടായിരുന്നതാണോയെന്ന്
ജീവിച്ചവർക്കു പോലുമറിയില്ല

മലയിടിഞ്ഞു
മറഞ്ഞു പോകും മനുഷ്യരിൽ നിന്ന്
തിരച്ചിലുകൾ കൊണ്ടുത്തരും
അവരില്ലാത്ത ബാക്കികൾ

കരുതലായെടുത്തു  വെച്ച നോട്ടിൽ
ജീരകം മണക്കുമ്പോലെ
ജീവിതം മണക്കുമായിരിക്കും,
കണ്ടുകിട്ടുമ്പോഴേക്കും
അസാധുവായിപ്പോകുമെങ്കിലും
തിരയുകയാണ്.

Thursday, September 19, 2019

ഭാഷാ നിരോധനം/റഹീം പൊന്നാട്

അങ്ങനെയിരിക്കെ
ഒരു പാതിരാത്രിയിൽ
അവർ ഭാഷ നിരോധിച്ചു.

ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ
തപാലാപ്പീസിൽക്കൊടുത്താൽ
പഴയ ഭാഷ മാറിക്കിട്ടും.

ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു,
പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.

അമ്പലത്തിലെ പാട്ടു നിന്നു,
പള്ളിയിലെ ബാങ്കും.
റേഡിയോയിൽ വീണവായന മാത്രം,
ടെലിവിഷനിൽ ആംഗ്യ വായനയും.
പത്രത്തിനു പകരം രാവിലെ
എട്ടു ഷീറ്റ് വെള്ളക്കടലാസു കിട്ടി.
കീബോർഡുകളെല്ലാം നിശ്ചലം,
മൊബൈൽ സ്‌ക്രീനിൽ ചിഹ്നങ്ങൾ മാത്രം.

തപാലാപ്പീസിലെ ക്യൂവിൽ ആരുമൊന്നും മിണ്ടിയില്ല.
ഒരാൾക്ക് ഒരുദിനം രണ്ടു വാക്കുകൾ മാത്രമേ നൽകൂവത്രെ!
ചിലർ ചാക്കുകണക്കിന് വാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്.
വാക്കുകൾ നിറച്ച ബാഗും ചോറ്റുപാത്രവുമായി കുട്ടികളുമുണ്ട്.
അമ്മയെക്കൊടുത്തവർക്ക് 'മാം' കിട്ടി,
അച്ഛനെക്കൊടുത്തവർക്ക് 'ബാപും'
ചോക്ലേറ്റും ഗെയിമും മാറ്റാൻ വരിനിന്ന കുട്ടികളെ
കൗണ്ടറിൽ നിന്ന് മടക്കിയയച്ചു,
മലയാളം മാത്രമേ മാറ്റി നൽകുകയുള്ളത്രെ!
പകരം വാക്കുകളില്ലാത്തതിനാൽ
ബേജാറും എടങ്ങേറും മാറ്റിക്കിട്ടിയില്ല.
കത്തി മാറ്റാനെത്തിയവനെ ജനം ഓടിച്ചു വിട്ടു
കഞ്ചാവ് മാറ്റാനെത്തിയവനെ പോലീസു പിടിച്ചു.
വരിനിന്നു വാടിയ വൃദ്ധൻ തളർന്നുവീണു,
'വെള്ളം' ചോദിച്ച വായിലേക്ക് വെടിയുണ്ട പാഞ്ഞു.

കാഴ്‌ചകളൊക്കെക്കണ്ടു വീട്ടിലെത്തിയപ്പോൾ
മുറ്റത്ത് വാക്കുകളുടെ കൂമ്പാരം,
മാറ്റിവാങ്ങാനായി വീട്ടുകാർ പുറത്തെടുത്തിട്ടതാണ്.
പഴയതും പുതിയതും, ലിപികളില്ലാത്തതും.
തലയണയ്ക്കുള്ളിൽ നിന്ന് ഉപ്പ വലിച്ചെടുത്ത വാക്കുകൾ
എനിക്ക് മനസിലായതേയില്ല
ഉമ്മയുടെ കോന്തല നിറയെ
ഞാൻ കേട്ടിട്ടില്ലാത്ത വാക്കുകൾ.
ഇത്രമേൽ വാക്കുകൾക്കിടയിലാണ് അവൾ വെന്തിരുന്നതെന്ന്
അടുക്കളയിലേക്ക് ഭാര്യ പിടിച്ചുവലിച്ചപ്പോഴാണറിയുന്നത്!
മകളുടെ ബാഗ് നിറയെ ഗൃഹപാഠം ചെയ്യാനുള്ള വാക്കുകൾ,
മകന്റെ പെട്ടിയിൽ അക്ഷരങ്ങൾ സ്ഥാനം തെറ്റിയ കളിവാക്കുകൾ...

രണ്ടെണ്ണമേ മാറ്റിക്കിട്ടൂവെന്ന് അവരോടെങ്ങനെ പറയും?
വാക്കുകളുടെ കൂമ്പാരത്തിൽ ഞാനേറെ നേരം തെരഞ്ഞു.
ഒടുക്കം ഓരോ കയ്യിലും ഭാരമുള്ളതെന്തോ തടഞ്ഞു,
സർവശക്തിയുമെടുത്ത് ഞാനവയെ വലിച്ചു പുറത്തെടുത്തു;
"ജനാധിപത്യം", "നാനാത്വം".

ഓടിക്കിതച്ച് തപാലാപ്പീസിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
എന്റെ കൈകളിലേക്ക് ഒന്നേ നോക്കിയുള്ളൂ,
കൗണ്ടറിലുള്ളയാൾ ഞെട്ടിയെണീറ്റു.
എന്റെ കൈകളിൽ നിന്ന് വാക്കുകൾ നിലത്തുവീണു.
ആരൊക്കെയോ ഓടിക്കൂടി
ചുറ്റും ബൂട്ട്സിന്റെ ശബ്ദങ്ങൾ
"കൊല്ലവനെ", "രാജ്യദ്രോഹി"
ബോധം മറഞ്ഞുപോകുന്നതിനിടയിലും
പകരമായിക്കിട്ടിയ രണ്ടുവാക്കുകൾ
ഭയത്തോടെ ഞാൻ കേട്ടു.

Thursday, September 12, 2019

രഹസ്യം/ചിത്ര.കെ.പി

നദിയുടെ നഗ്നതയിൽ
കാലാട്ടിയിരിക്കുകയും
ആഴങ്ങളിൽ നിന്നും
മീനുകൾ വന്ന് കൊത്തുകയും
ചൂണ്ടയിൽ നക്ഷത്രങ്ങളെ
കൊരുക്കുകയും
ചെയ്യുന്ന രാത്രികളിൽ
ഭൂമിയുടെ രഹസ്യങ്ങൾ
വെള്ളി വെളിച്ചത്തിൽ
തിളങ്ങും.

സ്വയം വെളിപ്പെടുമ്പോൾ
ഭൂമി, ഒരു കുഞ്ഞിന്റെ
കൈവെള്ളയിലൊതുങ്ങുന്ന
വെളിച്ചത്തിന്റെ ഒരു പന്ത്;
ജനവാതിലുകളില്ലാത്ത
തുറസ്സ്; കിളിച്ചുണ്ടിലെ വിത്ത്;
കാട്ടുതേനിന്റെ ഒരു തുള്ളി.

പൂമ്പൊടിയുടെ
സഞ്ചാരപാതകൾ
രേഖപ്പെടുത്തുന്നവർക്ക്, ഭൂമി,
ശലഭമോഹങ്ങളുടെ ഉദ്യാനം.

പകൽ സൂര്യനോടും
രാവിൽ നിലാവിനോടും
രമിക്കുന്ന
തൃഷ്ണകളുടെ ഉടൽ.

അഴിഞ്ഞഴിഞ്ഞ്
തീരുന്ന
ഒരു  ജീവകണം.

ഈ ഭൂമിയുടെ
അരികുകളിലൂടെ
നടന്നു മറയുന്നു മനുഷ്യർ.
ഉള്ളിൽ, അവരുടെ  
കാലടികളുടെ കനം.

Monday, September 9, 2019

മൗനം/കല്‍പ്പറ്റ നാരായണന്‍

മൗനപ്രാര്‍ത്ഥന
എനിക്കിഷ്ടമല്ല
മനസ്സലയുന്നത്
പാടില്ലാത്തിടങ്ങളിലാണ്

ഈ കൂട്ടമൂകാഭിനയം
പൊറുക്കാവതല്ല
നില്‍ക്കുന്നവരില്‍
ഒരാളും പ്രാര്‍ത്ഥിക്കുകയല്ല

ഇത്രമേലൊന്നിച്ച
ഇത്രമേല്‍ ഭിന്നിച്ച
ഒരു സമൂഹവും വേറെക്കാണില്ല

ആരെങ്കിലുമിരുന്നാലല്ലാതെ
തീരാത്ത ഈ അനിശ്ചിതത്വം
എന്നെ പേടിപ്പിക്കുന്നു
ആരുമിരുന്നില്ലെങ്കില്‍
നീണ്ടുനീണ്ടുപോവില്ലേയീനില്‍പ്പ്
ഒരു മിനിട്ട് രണ്ടു മിനിട്ട് അഞ്ചു മിനിട്ട്
അരമണിക്കൂറൊരുമണിക്കൂര്‍
ദിവസം മാസം കൊല്ലം
ബാക്കിജീവിതം മുഴുവന്‍

അവസാനിപ്പിക്കുന്ന മണി
ആരോ മൂകമാക്കിയിരിക്കുന്നു
തീര്‍ന്നിട്ടല്ല നാമിരിക്കുന്നത്
തീര്‍ന്നിട്ടും നാം നില്‍ക്കുകയാണ്

Sunday, July 28, 2019

രണ്ട്മൂന്നാൺകുട്ടികൾ/കുഴൂർ വിത്സൺ

ഒരിടത്ത്
ഒരു കാലത്ത്
ഒരു ഹോട്ടലുണ്ടായിരുന്നു
കാലത്ത് മാത്രമല്ല
ഉച്ചയ്ക്കും വൈകുന്നേരവും
ഹോട്ടലിൽ കാലത്ത്
ഉഴുന്നുവട ഇഡ്ഡലി ദോശ
ഉപ്പുമാവ് വെള്ളേപ്പം ഇടിയപ്പം
സാമ്പാർ പയറുകറി കടല
ചട്നികൾ
ഹോട്ടലിൽ ഉച്ചയ്ക്ക്
അവിയൽ അച്ചിങ്ങ പച്ചടി
കിച്ചടി പുളിശ്ശേരി തോരൻ അച്ചാർ
മോരുകൾ
ഹോട്ടലിൽ വൈകുന്നേരം
സുഖിയൻ ബോണ്ട
പഴം പൊരി പരിപ്പുവട
മുളകുവട പാലുംവെള്ളം കട്ടൻകാപ്പി
ചായകൾ
ആ ഹോട്ടലിൽ
ഒരു പാചകക്കാരനുണ്ടായിരുന്നു
ആ ഹോട്ടലിനു
ഒരു മുതലാളിയുണ്ടായിരുന്നു
ഇരുവർക്കും
ഓരോ ആൺകുട്ടികളുണ്ടായിരുന്നു
ആ ആൺകുട്ടികൾക്ക്
ഒരു സ്കൂളുണ്ടായിരുന്നു
ഇരുവരും
ഒരേ ക്ലാസിലായിരുന്നു
ക്ലാസിൽ
ഒരേ ബെഞ്ചിലായിരുന്നു
വിശക്കുമ്പോഴൊക്കെ
അതിൽ ഒരു കുട്ടി
ആ ഹോട്ടലിന്റെ
മുതലാളിയെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആദരവോടെ മിഴിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്തു വേണമെങ്കിലും
പലഹാരപ്പാട്ടയിൽ കയ്യിട്ടോ
അലമാരയിൽ തലയിട്ടോ
അടുക്കളയിൽ അപ്പാടെ കടന്നോ
എന്ത് വേണമെങ്കിലും
എടുക്കാമല്ലോയെന്ന്
കൊതിപ്പെടും
നിനക്കാരാവണം
എന്ന ചോദ്യത്തിനു
എനിക്കയാളാകണം
എന്നുവരെ
ഒരിക്കൽ
ഉത്തരം പറഞ്ഞു
അവൻ
എന്നാൽ
വിശക്കുമ്പോഴൊക്കെ
മറ്റേ കുട്ടി
ആ ഹോട്ടലിലെ
പാചകക്കാരനെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആശ്ചര്യത്തോടെ സ്തുതിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും
ഉണ്ടാക്കിക്കഴിക്കാമല്ലോയെന്ന്
അസൂയപ്പെടും
നിനക്കാരാവണം
എന്ന വേറെ ഒരു ചോദ്യത്തിനു
എനിക്കയാളാകണം
എന്നു തന്നെ
ഒരിക്കൽ
ഉത്തരം പറഞ്ഞുകളഞ്ഞു
അവൻ
**********
ഒരു സാധാരണ കവിത
വായിച്ച് കഴിഞ്ഞ്
പൊടിയും തട്ടി
ഒന്നമർത്തി മൂളി
ആഴത്തിലൊരു നെടുവീർപ്പിട്ട്
അതുമല്ലെങ്കിൽ
അലസമായ് മൂളി
പുളി കലർന്ന
ഒരേമ്പക്കവും വിട്ട്
സ്ഥലം വിടാൻ വരട്ടെ
ഒന്ന് രണ്ട്
ചോദ്യങ്ങൾക്ക്
ഉത്തരം പറഞ്ഞിട്ട് പോയാൽ മതി
ഈ ഹോട്ടൽ ശരിക്കും
ആരുടേതാണു ?
ഈ ഹോട്ടലിലെ
സ്കൂൾ കുട്ടികൾ
ശരിക്കും ആരുടെ മക്കളാണു ?
ഈ കവിതയിൽ
രണ്ട് ആൺകുട്ടികൾക്ക്
പുറമേ
ഒരു കുട്ടി കൂടിയുണ്ടല്ലോ
അതാരാണു ?
( പുസ്തകം . ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
പ്രസാധകർ. ലോഗോസ് )

Wednesday, July 24, 2019

ഒരുപക്ഷേ /ആശാലത

ഒരുപക്ഷേ ഞാൻ മരിച്ചു പോയാൽ
പ്രിയമുണ്ടായിരുന്നതൊന്നും
എന്നെ ഓർമ്മിപ്പിക്കാൻ കൊണ്ടുവരരുത്

എന്റെ വീടിനെക്കുറിച്ചോ
കാടിനെക്കുറിച്ചോ
പുഴയെക്കുറിച്ചോ പറയരുത്

എന്റെ വീട്ടുകാർ
എന്റെ കൂട്ടുകാർ
കാണാൻ വരരുത്
- നിങ്ങളെയോർത്ത് ഞാൻ കരഞ്ഞുകൊണ്ടിരിക്കും

നഷ്ടപ്രണയം
മണ്ണിലാഴ്ത്തിക്കുഴിച്ചിട്ട്
ഒരു പവിഴമല്ലിച്ചെടി നടണം
അതിൽ പൂവിരിയുമ്പോൾ
എന്നെ കാണിക്കരുത്
അല്ലെങ്കിലതിനെച്ചൊല്ലി ഞാൻ വിലപിച്ചോണ്ടേയിരിക്കും.

കൂട്ടുകാരീ
എന്റെ വാക്കുകൾ പെറുക്കിയെടുത്ത്
കടലിലൊഴുക്കിക്കളയണം
- ഏറ്റത്തിൽ അവ തിരിച്ചു കരയണയാതിരിക്കാൻ
ഏർപ്പാടാക്കണം.

ഇത്രയേയുള്ളു ചങ്ങാതിച്ചീ പറയാൻ

മതി, ഇത്രയേ ഉള്ളു
ചുണ്ടുകൾകൊണ്ട്
മുദ്ര വക്കാം
നമുക്കിനി
______________________________________

Tuesday, July 23, 2019

പച്ച / ജയദേവ് നയനാർ

തെക്കേത്തൊടിയിലെ
ശര്‍ക്കര മാവിന്
പെട്ടെന്ന് ഒരു
നെഞ്ചു വേദന പോലെ
തോന്നിയതായിരുന്നു.
അതപ്പോള്‍ വെയിലത്ത്‌
വടക്ക് നിന്നു
വീശിവരുന്ന കാറ്റിനെ
ഏറുകണ്ണിട്ടു
നില്‍ക്കുകയായിരുന്നു.
ആരുമില്ലാത്ത
നട്ടുച്ച നേരത്ത്
മാങ്കൊമ്പില്‍ കുറച്ച്
കിടന്നിട്ട് പോകാം
എന്ന് ക്ഷണിക്കുന്നത്
പൂത്താങ്കീരിക്കൂട്ടം
കേട്ടതുമാണ്.
അവര്‍ തന്നെയാണ്
അപ്പോത്തിക്കിരിയെ
വിളിച്ചുകൊണ്ടുവന്നതും.
എന്നിട്ടും, ഇരുട്ടുന്നതിന്‌
മുന്‍പ് പോയി.
.
അതിന് തൊട്ടടുത്ത്‌
പുളിയന്‍ മാവൊന്നു
മഴ നനഞ്ഞതെയുള്ളൂ,
ശരിക്കും തോര്‍ത്താന്‍
പറഞ്ഞാല്‍
തിരിച്ചൊരു പച്ചത്തെറി
എന്നും നിര്‍ബന്ധം.
പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
ഒരു ശ്വാസം മുട്ടല്‍
നേരെ മൂര്‍ധാവില്‍
തന്നെ കേറിക്കൊണ്ടു.
അപ്പോത്തിക്കിരിക്ക്
ആളു പോയില്ല,
അപ്പോഴേ ശുഭം.
.
മേലെപ്പറമ്പിലെ
നാട്ടുമാവിന്
അറിയാത്തതൊന്നുമല്ല,
തൊടിയിലേക്ക്‌
തിരിയുന്നിടത്തെ
പൊട്ടക്കിണറൊക്കെ.
കൊതിയുടെ ആഴം തൊട്ടവര്‍
പറയുമോ ആരൊക്കെയെന്ന്.
എന്നിട്ടും, അടി തെറ്റിയത്
ഓര്‍ക്കുമ്പോഴാ  സങ്കടം .
പാതിരായ്ക്കുള്ള  ഒടുക്കത്തെ 
ഊരുചുറ്റലില്‍ 
ഓര്‍ത്തുകാണും മറ്റെന്തോ,
പാദസരങ്ങളത്രമേല്‍
കിലുങ്ങുന്ന രാത്രിയില്‍.
.
ഓര്‍മവേലിക്കടുത്തെ
കര്‍പ്പൂര മാവിന്
കര്‍ക്കടകം  മുഴുവന്‍
നനഞ്ഞാലും തീരില്ല,
കുളിഭ്രാന്ത്.
തുലാവര്‍ഷം
നോക്കി നോക്കിയിരുന്നു
കണ്ണു കഴപ്പിക്കും.
പുഴയില്‍ പോകുന്ന
പെണ്ണുങ്ങളുടെ കൂടെ
വായാടിയായി നടക്കും.
വാസന സോപ്പ്
മണപ്പിച്ചു നില്‍ക്കും.
ഒരു തുലാവെള്ളത്തിനൊപ്പം
പോയതാണ്,  വെള്ളപുതച്ചാണ്
കണ്ടതു പിന്നെ.
.
എത്ര തൂത്താലും പോവില്ല
ചില മാങ്ങാച്ചൊനകളുടെ
അച്ചുകുത്ത്.
_________________________________

Wednesday, July 17, 2019

എനിക്കിത്രയേ പറയാനുള്ളൂ.../സജി കല്യാണി

1

ഇടിവെട്ടിപ്പെയ്യുന്ന
മഴയത്ത്
അകമില്ലാത്ത വീടിന്‍റെ ഉമ്മറത്ത്
ഉടുമുണ്ടു പുതച്ചുറങ്ങിയവനെ
വെളിച്ചം കെടുത്തിയ മുറിയിലെ
ഇരുട്ട് കാണിച്ചു പേടിപ്പിക്കരുത്..!

2

വാശികൊണ്ട് തുന്നിപ്പിടിപ്പിച്ച
വാക്കുകള്‍ കൊണ്ട്
വഴിയില്‍ കിടന്നുറങ്ങുന്നവന്‍റെ
കവിതയെ വ്യാഖ്യാനിക്കരുത്.
വാടകയ്ക്കെടുത്ത മുറിയിലല്ല
കുടിയിറക്കപ്പെട്ടവന്‍റെ ഉടലിലാണ്
കരളുമുറിയുന്ന ബിംബങ്ങളുള്ളത്.

3

കാലില്‍ തറച്ച മുള്ളിനെ
കാന്തം കൊണ്ടല്ല,
കാരമുള്ളുകൊണ്ട്
കുത്തിയെടുക്കണമെന്ന്
കാടിനുള്ളില്‍ കിളച്ചുമറിയുന്നവനോട്
ഉപദേശിക്കരുത്.
കാരണം
കാടുപറഞ്ഞതിന്‍റെ ബാക്കി മാത്രമാണ്
നാടുനീളെ നീ പാടിയത്.

4

പഴകിയ ചോറിന്‍റെ മണമേറ്റ്
വിശന്ന നട്ടുച്ചകള്‍ മുറിച്ചുകടന്നവനെ
നാക്കില നീട്ടി കൊതിപ്പിക്കാന്‍ നോക്കരുത്.
നാക്കിന്‍റെ രുചിയല്ല
വാക്കിന്‍റെ അരുചിയാണ്
ഉണ്ടുനിറഞ്ഞവനെപ്പോലെ
മുണ്ടുമുറുക്കാന്‍ പഠിപ്പിച്ചത്..

5

അഴിഞ്ഞുവീഴാന്‍
മുഖം മൂടികളില്ലാത്തവനെ
ചൂണ്ടിയ വിരലു കാണിച്ച്
ഭയപ്പെടുത്തരുത്.
അരച്ചിട്ട ചന്ദനത്തിന്‍റെ ഗന്ധമല്ല,
വിയര്‍ത്തുണങ്ങിയ
കുപ്പായക്കീശയിലെ
അഴുക്കുപുരണ്ട നാണയങ്ങളാണ്
അടിപതറാതെ നടക്കാന്‍ പഠിപ്പിച്ചത്.

6

തലയില്‍ കെട്ടിയ
തോര്‍ത്തുമുണ്ടഴിച്ച്
തറയില്‍ കിടന്നുറങ്ങിയവനോട്
തടിച്ച മെത്തയുടെ സുഖം പറയരുത്.
നിവര്‍ന്ന നട്ടെല്ലിന്‍റെ
ബലമാണ്, തലയിലെ ചുറ്റിനും.

7

പഠിച്ചെഴുതിയ വരികളല്ല
ജീവിതം പൊടിച്ചെഴുതിയ വാക്കുകളാണ്
എന്‍റെ
കവിത...
വഴിയില്‍ കുത്തിയ കുഴിയില്‍ വീണ്
ഉരുണ്ടുപോകുമെന്ന് കരുതരുത്..!

________________________________________

Friday, July 12, 2019

ഉരിയാടല്‍/ചിത്ര.കെ.പി

നിന്നോട് സംസാരിക്കുമ്പോള്‍
നീയൊഴിച്ച്
എല്ലാവരുമത് കേള്‍ക്കുന്നു.

മറുപടി പറയുന്നു
തെരുവുകള്‍ തോറും
അലഞ്ഞ്  തളര്‍ന്നൊരു കാറ്റ്;
പുറപ്പെട്ടിടത്തേക്കെന്നും
തിരികെയെത്തുന്ന പക്ഷികള്‍;
ഇരുന്നേടത്ത് നിന്നും
വേര് നീട്ടുന്ന മരങ്ങള്‍,
അവ പൊഴിക്കുന്ന ഇലകള്‍;
പേരറിയാത്ത പൂവുകളുടെ
നൂറായിരം ഗന്ധങ്ങള്‍.

നിന്നോട് പറയുന്ന വാക്കുകള്‍
ഈയാമ്പാറ്റകളായി
ചുമരില്‍
തട്ടി,
വീണ്ടും തട്ടി,
താഴേക്ക് താഴേക്ക്
വീഴുന്നു.

ബാക്കിയായ
ഇത്തിരി വെട്ടത്തിലവ
ഉടല്‍ മുറിഞ്ഞ് കിടക്കുന്നു.
_________________________________

Thursday, July 11, 2019

നമുക്കു തമ്മിൽ / ഗീത തോട്ടം

എനിക്ക് നിന്റെ പ്രൗഢിയൊ
കുലചിഹ്നങ്ങളോ
അംശവടിയോ മുദ്രമോതിരമോ വേണ്ട
അധികാരപത്രങ്ങളോ
വാമഭാഗത്ത് ഒരിരിപ്പിടമോ വേണ്ട
മണിനികേതനങ്ങളും ഹേമാംബരങ്ങളും
പുഷ്പശയ്യകളും വേണ്ട
സ്തുതിപാഠകരും, ചേടിമാരും
മുത്തുക്കുടകളും, ഘോഷയാത്രകളും,
വാഗ്വൈഭവത്തിന്റെ കീർത്തിമുദ്രകളും
കാംക്ഷിക്കുന്നില്ല ഞാൻ

ഉന്മാദത്തിന്റെ തേർചക്രങ്ങളിൽ
നീ കുതിക്കുമ്പോൾ
എനിക്കതിന്റെ കടിഞ്ഞാൺ വേണ്ട
കണ്ണീരൊപ്പാൻ നീളുന്ന കൈലേസുകളിൽ
എന്റെ പേർ തുന്നിയിട്ടുണ്ടാവില്ല

നിന്റെ ശരീരമോ അതിന്റെ
വിലോഭനീയമായ ആസക്തികളോ വേണ്ട
പ്രണയമോ അതിന്റെ മധുമധുരമോ പോലും..
നിന്റെ പാദമുദ്രകൾ പതിയുന്ന
പാതയോരങ്ങളിലെ പുൽക്കൊടിയുടെ
സ്പർശനസൗഭാഗ്യവും
കൊതിക്കുന്നില്ല ഞാൻ

ഒരിക്കൽ
എനിക്ക് ഇടമുണ്ടായിരുന്ന ഹൃദയത്തിൽ
തിക്കിത്തിരക്കുന്ന പുതുമകൾ
ഇന്ന്  മിഴികളെ സജലങ്ങളാക്കുന്നില്ല

ഒരു പ്രാണന് മറ്റൊരു പ്രാണനോട്
തോന്നുന്നതു മാത്രം
എന്നോട് തോന്നുക.
എന്‍റെ കടം മടക്കണമെന്നാണെങ്കില്‍
സങ്കടങ്ങൾ ഒറ്റത്തുള്ളിയിൽ അടക്കി നൽകുക.
അതിൽ വിശേഷണങ്ങൾ ചേർക്കാതിരിക്കുക
വിഷവും.
________________________________________

Monday, June 24, 2019

ഒരാൾ/അമ്മു ദീപ


വളച്ചു കെട്ടിയ ചെമ്പരത്തിക്കമാനം കടന്ന്
വെയിലിൽ വിയർത്ത്
ചെരിപ്പിടാതെ
ഒരാൾ വരും

വെന്ത കാലടികൾ
കുളത്തിലെന്നപോൽ
തളത്തിലെ തണുപ്പിൽ നനച്ച് ആട്ടിയാട്ടി
ചാരടിത്തിണ്ണയിൽ അയാളിരിക്കും

നീലം മുക്കിയ മുണ്ടിന്റെ കോന്തല
ബ്ലൗസിനുള്ളിൽ തിരുകി
മൊന്തയിൽ കരിങ്ങാലിയുമായ് അമ്മമ്മ വരും

അമ്മമ്മയ്ക്ക് എന്തിഷ്ടമാണയാളെ !
ഞാൻ അത്ഭുതപ്പെടും

അത്രേം പാലൊഴിച്ച ചായ അയാൾക്കേ കൊടുത്തിട്ടുള്ളൂ..

എരിവുള്ള ആട്ടിറച്ചിക്കറിയിൽ
പപ്പടം ചേർത്തു പൊടിച്ചയാൾ ഉരുട്ടിക്കഴിക്കുമ്പോൾ അമ്മമ്മയുടെ മുഖം  തെളിയും

അയാൾ ആരെന്നോ
എന്തെന്നോ ഓർത്തതില്ല ഞാൻ

ഇടയ്ക്കെല്ലാം അമ്മമ്മ
മൂക്ക് പിഴിയുകയും കണ്ണു തുടയ്ക്കുകയും ചെയ്യും

ക്രമേണ അവർ രണ്ടുപേരും
എന്നെമറന്നു തുടങ്ങും

ചൂടാറിത്തുടങ്ങിയ സൂര്യനെ തലയിലേറ്റി
ഉറുമ്പുകൾ വരിവരിയായി പോണത് കാണാൻ പടിഞ്ഞാറേ മുറ്റത്തേയ്ക്ക് ഞാനോടും

എപ്പോഴാണയാൾ  പോകുക
എന്നുഞാൻ അറിയുകയില്ല

അമ്മമ്മ മരിച്ചപ്പോൾ
ചെമ്പരത്തിക്കമാനം കടന്ന്
അയാൾ വരുന്നതും കാത്ത്
പുറത്തേക്കു നോക്കി
കാൽച്ചുവട്ടിൽ ഞാൻ ഇരുന്നു


യാ


ന്നി
ല്ല

ശ്രാദ്ധത്തിന്റന്ന്  അമ്മമ്മയുടെ തലയിണക്കടിയിൽ നിന്നുകിട്ടിയ
പിഞ്ഞിയ ഒരാൽബത്തിൽ

അമ്മമ്മയ്ക്കു മുമ്പേ മരിച്ചുപോയ ഒരാളായി
നൊടിയിടയിൽ
ഒന്നുകണ്ടു

എന്നോട് ചിരിച്ചു

______________________________________

Saturday, June 15, 2019

ജീവിച്ചു ജീവിച്ചു തീർന്ന് ഇന്നലെ രാത്രിയിൽ ഞാൻ മരിച്ചു പോയി/ദേവസേന

ജീവിച്ചു ജീവിച്ചു തീർന്ന്
ഇന്നലെ രാത്രിയിൽ ഞാൻ മരിച്ചു പോയി
നാം പിണങ്ങിയിരിക്കുന്ന ഈ നേരത്തു തന്നെ
മരണം വന്നതിലെന്തോ പന്തികേടെനിക്കു തോന്നി
(അല്ലെങ്കിൽ തന്നെ ഇണങ്ങിയതിലേറെ പിണക്കമായിരുന്നല്ലോ)

‘ബനിയാസി’ലെ സെമിത്തേരിയാലാണടക്കമെന്ന്
ചിലരടടക്കം പറയുന്നുണ്ട്
നീ തന്ന ‘തബല’കളുടെ ചിത്രങ്ങളുള്ള സാരി
ശവക്കച്ചയാക്കണമെന്ന് പറയാനും വിട്ടുപോയി.

എല്ലാവരും പോയികഴിഞ്ഞ് നീ വന്നാൽ മതി
തിരികൾ വാങ്ങാൻ
പതിവുപോലെ നിന്റെ കയ്യിൽ കാശുണ്ടാവില്ല
സാരമില്ല;
പണ്ട് പല വിശേഷ ദിവസങ്ങളിലായി
നീ തന്ന ഭംഗിയുള്ള
മഞ്ഞ / വയലറ്റ്  / നീല  മെഴുതിരികളെല്ലാം
എന്റെ ചില്ലലമാരിയിലുണ്ട്,
മഞ്ഞ തിരി തലക്കൽ തെളിയിക്കുമ്പോൾ
എന്തിനാടീ ആദ്യം പോയതെന്ന് നീ കരയും
പതിവു പോലെ നീ കരയുമ്പോൾ എനിക്ക് സങ്കടമാവും.

‘എന്നെക്കാൾ നിന്നെ സ്നേഹിച്ചുകൊല്ലുന്നൊരാളെ
നിനക്കു കിട്ടിയാൽ പൊയ്ക്കോളൂ ‘ന്ന്
ഞാൻ പണ്ടു പറഞ്ഞ്തു നിനക്കോർമ്മ വരും
അങ്ങനൊരുത്തിയും വരാൻ പോവില്ലെന്നറിഞ്ഞ്
മരിച്ചിട്ടുമെനിക്കു ചിരിവരും
ഞാനപ്പോൾ പെട്ടിയിൽ നിന്ന് തലയൽപ്പം നീട്ടി-
നിന്റെ മടിയിലേക്ക് കയറ്റി വെയ്ക്കും

ജീവിച്ചിരുന്നപ്പോൾ,
നാമെന്തിനാണു ഇത്രയധികം-
യുദ്ധം ചെയ്തതെന്ന് ഞാൻ ചോദിക്കും
മരിച്ചു കഴിഞ്ഞിങ്ങനെ സ്നേഹിക്കാനായിരുന്നെന്ന്
പതിവു പോലെ നീ ആശ്വസിപ്പിക്കും

നീ പൊസ്സെസ്സീവ്നെസ്സിന്റെ മൂർത്തിയാണെന്നും
ഞാൻ സ്റ്റബൺനെസ്സിന്റെ ദേവതയാണെന്നും പറഞ്ഞു പറഞ്ഞ്
മരിച്ചിട്ടും ഒരു വഴക്കിനുള്ള വഴി നീണ്ടുവരും
അടുത്ത ജന്മം ഞാൻ നിന്റമ്മയുടെയും
നീ എന്റമ്മയുടെയും വയറ്റിൽ ജനിക്കും
അപ്പോൾ നീ സ്റ്റബൻനെസ്സിന്റെ  ചക്രവർത്തിയാവും
ഞാൻ  പൊസ്സെസ്സീവിന്റെ രാജ്ജ്ഞിയാവും
സ്റ്റബൻനെസ്സിന്റെയും   പൊസ്സെസ്സീവിന്റെയും
കൃത്യമായ മലയാള പദം  എന്താന്ന് ഞാൻ ചോദിക്കും
പതിവു പോലെ ഇമ്മാതിരി സംശയങ്ങൾ തീർക്കാൻ
റാം മോഹനെ വിളിച്ചു ചോദിക്കാൻ നീ പറയും

നീ  പേരിട്ട നിലാവിന്റെ പിറന്നാളായിരുന്നെന്ന്-
നീ പതം പറയും
എന്നോടു  തന്നെയതു പറയണമെന്ന്
ഒരു സങ്കടത്തോണി എന്റുള്ളിൽ നീന്തി നടക്കും
ദീർഘനിശ്വാസങ്ങളിലുലഞ്ഞ്
നാം ഇത്തിരി നേരത്തേയ്ക്ക് മിണ്ടാതാവും.

മൂന്നാം കൊല്ലം കായ്ക്കുമെന്ന് പറഞ്ഞു നീ തന്നെ
നെല്ലിച്ചെടി മച്ചിയാണന്നാ തോന്നുന്നെ;
ഇലഞ്ഞിയും അരയറ്റം മാത്രേ വളർന്നിട്ടുള്ളൂ..
സാരമില്ല,
ഇടക്കെല്ലാം നീയിത്തിരി വെള്ളം തളിച്ചാൽ മതി..

പറഞ്ഞു പറഞ്ഞ്,
പണ്ട് കിളികൾ പാടുന്ന മൈതാനത്തിരുന്നതു പോലെ
നമ്മളിരിക്കും
പിന്നെ കിടക്കും

മരിച്ചു പോയെന്നോർക്കാതെ
ഞാനെന്റെ ദേഹം കുറെക്കൂടെ നിന്റെ മടിയിലേക്ക് കയറ്റിവെയ്ക്കും
ഞാൻ കവിൾകാട്ടുമ്പോഴെല്ലാം,
നീ കുനിഞ്ഞ് / പിന്നേയും കുനിഞ്ഞ്
ചുണ്ടത്തു തന്നെയുമ്മകൾ വെയ്ക്കും

പണ്ടു പറഞ്ഞതു പോലെ
രാത്രിയായെന്നും / നിനക്കു പോവാനായെന്നും  /
വഴിയിൽ കുടിക്കാൻ നിൽക്കല്ലേന്നും ഞാനോർമ്മിപ്പിക്കും
ഇന്നു കുടിച്ചില്ലേൽ ഇക്കണ്ടകാലം കുടിച്ചതെല്ലാം വേസ്റ്റല്ലേടാ-ന്ന്
നീയൊരു നോട്ടം നോക്കും
“ഒറ്റ ഒരെണ്ണം മാത്ര” മെന്ന്
പണ്ടത്തെപ്പോലെ നീയതും സമ്മതിപ്പിക്കും.
ഇത്തവണ മാത്രം തരാൻ കാശില്ലാതെ ഞാനൊന്നു പിടയും
ആദ്യമായി നീ കാശു ചോദിക്കാതിരിക്കും

മനസില്ലാമനസോടെ നീ എണീറ്റ്
ചുറ്റും നടന്ന് എല്ലാം പെൺകല്ലറകൾ തന്നെയല്ലേന്ന്
ഉറപ്പു വരുത്തുന്നതു കണ്ട്
മരിച്ചിട്ടുമെനിക്കു പിന്നേയും ചിരി വരും
എത്തിയാൽ മെസേജ് ഇടാൻ മറക്കല്ലേടാ-ന്ന്
പിന്നിൽ നിന്ന്  വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും
ഇടാം പെണ്ണേന്ന് നീ പറയും .

എനിക്കു സങ്കടം വന്നു വന്ന് !
പിന്നേയും സങ്കടം വന്നു വന്ന് !!
കണ്ണും നിറഞ്ഞു നിറഞ്ഞ് !!!

സെമിത്തേരി ഗേറ്റിനോടും ചുറ്റുമതിലിനോടും വാച്ച്മാനോടും
എന്തോക്കെയോ ചോദിച്ചും പറഞ്ഞും
എന്റെ കണ്ണിനു മറഞ്ഞുവെന്ന് കരുതി നീ സിഗരറ്റ് കത്തിക്കും
(വലിക്കെല്ലെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല) !

പാതിരാവു കഴിയുന്നേരത്ത്
“എത്തി വാവേ” ന്ന്  മെസേജ് കിട്ടുകയും
അടുത്താഴ്ച്ച  നീ മറ്റൊരു മഞ്ഞത്തിരിയുമായെത്തും വരെ
ഞാനുറങ്ങിപ്പോവുകയും ചെയ്യും !!!!
_________________________________________

ജല്‍സാഘര്‍/കെ.പി.റഷീദ്

ചോര്‍ച്ചയാണതിന്‍ സ്വരം,
തോറ്റ കവിയുടെ വാക്കുപോലെ
വാര്‍ന്നു തീരുന്നൂ വീട്,
ഈര്‍ക്കില്‍ ബാക്കിയായ ഓലയില്‍
തുള്ളിതുള്ളിയായി
ആകാശത്തെ ഒലിച്ചിറക്കുന്നൂ
മഴ.

വീട്ടില്‍,
വിലാപം മീട്ടുന്നൊരാള്‍,
അയാളുടെ ഹാര്‍മോണിയം
അഴലുകളുടെ നദി.

അകത്ത്
വിശപ്പുണ്ടുറങ്ങുന്നൊരു 
കുഞ്ഞ്,
അരികെ,
പിടഞ്ഞുപിടഞ്ഞൊരുവള്‍
ശ്വാസത്തിന്‍ നദിയില്‍
അവസാന ചൂണ്ടയെറിയുന്നു.

പാട്ടാണയാളിലിപ്പോഴും
സങ്കടപ്പെരുങ്കടല്‍ കുറുക്കിയ
പാട്ടുകളാര്‍ത്താര്‍ത്തുയര്‍ന്ന്
നനയും തൊണ്ട,
ചീര്‍ത്ത വീര്‍പ്പുകളിലഴുകിത്തുടങ്ങിയ
പദങ്ങള്‍.

നനയും ചുവരില്‍
വിറയാര്‍ന്നു പായുന്നു
ജീവിതം, വിണ്ട പാടങ്ങളിലൂടാരോ
പാട്ട് വലിച്ചു പോവുന്നു.

കാണാമയാള്‍ക്ക് വെയില്‍,
സ്വപ്നത്തിന്‍ വില്ലുകെട്ടിയ വണ്ടി.
എന്നിട്ടുമാര്‍ത്തെത്തുന്നു
ചത്തുമരവിച്ച പാട്ടുകള്‍,
ഭൂമി കുടിക്കാതെ വിട്ട
മഴ.

(ഇപ്പോഴില്ലാത്ത, അടിമുടി പാട്ടുനിറഞ്ഞിരുന്ന, ഒരു മനുഷ്യന്റെ ദുരിതമയമായ ജീവിതത്തിന്റെ ഓര്‍മ്മ. ജല്‍സാ ഘര്‍ ഒരു ബംഗാളി വാക്ക്. പാട്ടുവീട് എന്നര്‍ത്ഥം. താരാശങ്കര്‍ ബാനര്‍ജിയുടെ നോവലിനെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത പ്രശസ്തമായ സിനിമയുടെ പേര്. )