വളച്ചു കെട്ടിയ ചെമ്പരത്തിക്കമാനം കടന്ന്
വെയിലിൽ വിയർത്ത്
ചെരിപ്പിടാതെ
ഒരാൾ വരും
വെന്ത കാലടികൾ
കുളത്തിലെന്നപോൽ
തളത്തിലെ തണുപ്പിൽ നനച്ച് ആട്ടിയാട്ടി
ചാരടിത്തിണ്ണയിൽ അയാളിരിക്കും
നീലം മുക്കിയ മുണ്ടിന്റെ കോന്തല
ബ്ലൗസിനുള്ളിൽ തിരുകി
മൊന്തയിൽ കരിങ്ങാലിയുമായ് അമ്മമ്മ വരും
അമ്മമ്മയ്ക്ക് എന്തിഷ്ടമാണയാളെ !
ഞാൻ അത്ഭുതപ്പെടും
അത്രേം പാലൊഴിച്ച ചായ അയാൾക്കേ കൊടുത്തിട്ടുള്ളൂ..
എരിവുള്ള ആട്ടിറച്ചിക്കറിയിൽ
പപ്പടം ചേർത്തു പൊടിച്ചയാൾ ഉരുട്ടിക്കഴിക്കുമ്പോൾ അമ്മമ്മയുടെ മുഖം തെളിയും
അയാൾ ആരെന്നോ
എന്തെന്നോ ഓർത്തതില്ല ഞാൻ
ഇടയ്ക്കെല്ലാം അമ്മമ്മ
മൂക്ക് പിഴിയുകയും കണ്ണു തുടയ്ക്കുകയും ചെയ്യും
ക്രമേണ അവർ രണ്ടുപേരും
എന്നെമറന്നു തുടങ്ങും
ചൂടാറിത്തുടങ്ങിയ സൂര്യനെ തലയിലേറ്റി
ഉറുമ്പുകൾ വരിവരിയായി പോണത് കാണാൻ പടിഞ്ഞാറേ മുറ്റത്തേയ്ക്ക് ഞാനോടും
എപ്പോഴാണയാൾ പോകുക
എന്നുഞാൻ അറിയുകയില്ല
അമ്മമ്മ മരിച്ചപ്പോൾ
ചെമ്പരത്തിക്കമാനം കടന്ന്
അയാൾ വരുന്നതും കാത്ത്
പുറത്തേക്കു നോക്കി
കാൽച്ചുവട്ടിൽ ഞാൻ ഇരുന്നു
അ
യാ
ൾ
വ
ന്നി
ല്ല
ശ്രാദ്ധത്തിന്റന്ന് അമ്മമ്മയുടെ തലയിണക്കടിയിൽ നിന്നുകിട്ടിയ
പിഞ്ഞിയ ഒരാൽബത്തിൽ
അമ്മമ്മയ്ക്കു മുമ്പേ മരിച്ചുപോയ ഒരാളായി
നൊടിയിടയിൽ
ഒന്നുകണ്ടു
എന്നോട് ചിരിച്ചു
______________________________________
No comments:
Post a Comment