Thursday, July 11, 2019

നമുക്കു തമ്മിൽ / ഗീത തോട്ടം

എനിക്ക് നിന്റെ പ്രൗഢിയൊ
കുലചിഹ്നങ്ങളോ
അംശവടിയോ മുദ്രമോതിരമോ വേണ്ട
അധികാരപത്രങ്ങളോ
വാമഭാഗത്ത് ഒരിരിപ്പിടമോ വേണ്ട
മണിനികേതനങ്ങളും ഹേമാംബരങ്ങളും
പുഷ്പശയ്യകളും വേണ്ട
സ്തുതിപാഠകരും, ചേടിമാരും
മുത്തുക്കുടകളും, ഘോഷയാത്രകളും,
വാഗ്വൈഭവത്തിന്റെ കീർത്തിമുദ്രകളും
കാംക്ഷിക്കുന്നില്ല ഞാൻ

ഉന്മാദത്തിന്റെ തേർചക്രങ്ങളിൽ
നീ കുതിക്കുമ്പോൾ
എനിക്കതിന്റെ കടിഞ്ഞാൺ വേണ്ട
കണ്ണീരൊപ്പാൻ നീളുന്ന കൈലേസുകളിൽ
എന്റെ പേർ തുന്നിയിട്ടുണ്ടാവില്ല

നിന്റെ ശരീരമോ അതിന്റെ
വിലോഭനീയമായ ആസക്തികളോ വേണ്ട
പ്രണയമോ അതിന്റെ മധുമധുരമോ പോലും..
നിന്റെ പാദമുദ്രകൾ പതിയുന്ന
പാതയോരങ്ങളിലെ പുൽക്കൊടിയുടെ
സ്പർശനസൗഭാഗ്യവും
കൊതിക്കുന്നില്ല ഞാൻ

ഒരിക്കൽ
എനിക്ക് ഇടമുണ്ടായിരുന്ന ഹൃദയത്തിൽ
തിക്കിത്തിരക്കുന്ന പുതുമകൾ
ഇന്ന്  മിഴികളെ സജലങ്ങളാക്കുന്നില്ല

ഒരു പ്രാണന് മറ്റൊരു പ്രാണനോട്
തോന്നുന്നതു മാത്രം
എന്നോട് തോന്നുക.
എന്‍റെ കടം മടക്കണമെന്നാണെങ്കില്‍
സങ്കടങ്ങൾ ഒറ്റത്തുള്ളിയിൽ അടക്കി നൽകുക.
അതിൽ വിശേഷണങ്ങൾ ചേർക്കാതിരിക്കുക
വിഷവും.
________________________________________

No comments:

Post a Comment