തെക്കേത്തൊടിയിലെ
ശര്‍ക്കര മാവിന്
പെട്ടെന്ന് ഒരു
നെഞ്ചു വേദന പോലെ
തോന്നിയതായിരുന്നു.
അതപ്പോള്‍ വെയിലത്ത്
വടക്ക് നിന്നു
വീശിവരുന്ന കാറ്റിനെ
ഏറുകണ്ണിട്ടു
നില്‍ക്കുകയായിരുന്നു.
ആരുമില്ലാത്ത
നട്ടുച്ച നേരത്ത്
മാങ്കൊമ്പില്‍ കുറച്ച്
കിടന്നിട്ട് പോകാം
എന്ന് ക്ഷണിക്കുന്നത്
പൂത്താങ്കീരിക്കൂട്ടം
കേട്ടതുമാണ്.
അവര്‍ തന്നെയാണ്
അപ്പോത്തിക്കിരിയെ
വിളിച്ചുകൊണ്ടുവന്നതും.
എന്നിട്ടും, ഇരുട്ടുന്നതിന്
മുന്‍പ് പോയി.
.
അതിന് തൊട്ടടുത്ത്
പുളിയന്‍ മാവൊന്നു
മഴ നനഞ്ഞതെയുള്ളൂ,
ശരിക്കും തോര്‍ത്താന്‍
പറഞ്ഞാല്‍
തിരിച്ചൊരു പച്ചത്തെറി
എന്നും നിര്‍ബന്ധം.
പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
ഒരു ശ്വാസം മുട്ടല്‍
നേരെ മൂര്‍ധാവില്‍
തന്നെ കേറിക്കൊണ്ടു.
അപ്പോത്തിക്കിരിക്ക്
ആളു പോയില്ല,
അപ്പോഴേ ശുഭം.
.
മേലെപ്പറമ്പിലെ
നാട്ടുമാവിന്
അറിയാത്തതൊന്നുമല്ല,
തൊടിയിലേക്ക്
തിരിയുന്നിടത്തെ
പൊട്ടക്കിണറൊക്കെ.
കൊതിയുടെ ആഴം തൊട്ടവര്‍
പറയുമോ ആരൊക്കെയെന്ന്.
എന്നിട്ടും, അടി തെറ്റിയത്
ഓര്‍ക്കുമ്പോഴാ സങ്കടം .
പാതിരായ്ക്കുള്ള ഒടുക്കത്തെ
ഊരുചുറ്റലില്‍
ഓര്‍ത്തുകാണും മറ്റെന്തോ,
പാദസരങ്ങളത്രമേല്‍
കിലുങ്ങുന്ന രാത്രിയില്‍.
.
ഓര്‍മവേലിക്കടുത്തെ
കര്‍പ്പൂര മാവിന്
കര്‍ക്കടകം മുഴുവന്‍
നനഞ്ഞാലും തീരില്ല,
കുളിഭ്രാന്ത്.
തുലാവര്‍ഷം
നോക്കി നോക്കിയിരുന്നു
കണ്ണു കഴപ്പിക്കും.
പുഴയില്‍ പോകുന്ന
പെണ്ണുങ്ങളുടെ കൂടെ
വായാടിയായി നടക്കും.
വാസന സോപ്പ്
മണപ്പിച്ചു നില്‍ക്കും.
ഒരു തുലാവെള്ളത്തിനൊപ്പം
പോയതാണ്, വെള്ളപുതച്ചാണ്
കണ്ടതു പിന്നെ.
.
എത്ര തൂത്താലും പോവില്ല
ചില മാങ്ങാച്ചൊനകളുടെ
അച്ചുകുത്ത്.
_________________________________
Tuesday, July 23, 2019
പച്ച / ജയദേവ് നയനാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment