Friday, June 26, 2020

കടൽകാക്ക / ഡി.അനിൽകുമാർ


കൈത്തണ്ട് പോകും കാലം
കച്ചാൻക്കാറ്റടിക്കും കാലം
കട്ടമരം കമഴ്ന്ന് ചത്തവർ
കടൽകാക്കളായി പറക്കും കാലം

അക്കാക്ക കടൽ താണ്ടി
കര താണ്ടി കുളിർ താണ്ടി
മലമുകളിൽ തലനെറയെ
പേനുള്ളൊരു പെണ്ണിനെ കാണും

അവളുണ്ട് തീറ്റുന്നു
കാക്കയെ, കടൽക്കാക്കയെ
കൂട്ടിലിട്ട് വളർത്തുന്നു
അതിൻ തൂവൽ തഴുകുന്നു

ഒരു നട്ടുച്ചനേരം
വെയിൽ താണ് നില്ക്കുമ്പോൾ
കടൽക്കാക്ക പറയുന്നു
വരുന്നോ നീ എനിക്കൊപ്പം

നിന്റെ കണ്ണ് നക്ഷത്രമീന്
നിന്റെ മുടി പാമ്പാട
ചെവിയിൽ ഇരമ്പവും
ഉടലിൽ മുഷിവും നിനക്ക്

അവളേതോ പുരാവൃത്ത
കഥയിലെ തന്വിയായി
അവനൊപ്പം പറക്കാമോ
എന്നു സ്വന്തം മനതോട്
സമ്മതം തിരക്കുന്നു

കടൽക്കാക്ക തുടരുന്നു
എനിക്കുടയോർ ഇവിടില്ല
അവർ വാഴും നീലവാനം
തുഴയെറിയും നീലജലം
അതിൽ മുക്കളിയിട്ട്
തിന്നാം നമുക്കൊരുമിച്ച്

പറക്കാം ഉപ്പുക്കാറ്റിൽ
നീച്ചലടിക്കാം ഉപ്പുനീരിൽ
കടൽപിറകോട്ടിയ
ചേരൻ ചെങ്കുട്ടുവൻ
കപ്പൽ വള്ളമോട്ടിയ
വലിവറിഞ്ച വലയൻ
വിടിയവെള്ളി പാത്ത്
പൊഴുതു വെടിയതറിയാമേ 
ഇനിയുള്ള കാലമെല്ലാം 
അവർക്കൊപ്പം വാഴാമേ 

മലമുകളിൽ തലനെറയെ
പേനുള്ളവൾ അതുകേട്ട്
കടൽകാക്കയ്ക്കൊപ്പം
കാറ്റ് താണ്ടി പറക്കുന്നു
കടൽകാക്കയ്ക്കൊപ്പം
വെയില് താണ്ടി പറക്കുന്നു.

     

Saturday, June 20, 2020

......../ലിഖിത ദാസ്

ചിലരുണ്ട്.. 
മരമുണരുന്നതിനു മുൻപായി 
വന്നിരിയ്ക്കും.
ചില്ലപോലും അറിയാതെ കൂടുവയ്ക്കും.
ഇലയനക്കം പോലും കേൾപ്പിക്കാതെ 
പാർപ്പു തുടങ്ങും.
അതിന് ഭാഷയില്ല..
സ്നേഹമേയുള്ളൂ..!

ഹൃദയത്തിന്റെ അടിത്തട്ടിൽ 
ഏറ്റവുമാഴത്തിൽ അയാളൊരു
ആകാശമൊളിപ്പിച്ചിരിക്കും.
ഓർമ്മപ്പുരയ്ക്കുള്ളിൽ മണ്ണുതൊട്ടാൽ
മുളച്ചുകേറാൻ പാകത്തിൽ
സ്നേഹത്തിന്റെ വിത്തു പാത്രങ്ങൾ 
സൂക്ഷിച്ചിട്ടുണ്ടാവും.

ശമിക്കാത്ത പ്രേമത്തിന്റെ കൂട്ടുകിടപ്പുകാരനായിരിക്കും അയാൾ.
ഒന്നു തൊട്ടുനോക്കൂ.. 
രണ്ടുകയ്യും വായുവിൽ നീട്ടി 
ഒരു കുഞ്ഞിനെപ്പോലെ
വാ..വാ..യെന്ന് അയാൾ കലമ്പിക്കൊണ്ടിരിക്കും
നിങ്ങളുടെ ഹൃദയമിടിപ്പ് ഉച്ചത്തിലാവുകയും
അയാൾക്കു മുൻപിൽ നിങ്ങൾ 
ആയുധം നഷ്ടപ്പെട്ട് 
മുട്ടുകുത്തി നിൽക്കുകയും ചെയ്യും.

ചില്ലുഭരണിയിലെ മുട്ടായി നിറങ്ങളിലേയ്ക്ക്
എത്തിനോക്കുന്ന കുഞ്ഞിന്റെ 
കൗതുകമായിരിക്കും 
അപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയെ

നനഞ്ഞ മരങ്ങൾക്കു ചോട്ടിലേയ്ക്ക്
അയാൾ ക്ഷണിയ്ക്കും.
പെരുവിരൽ വേരുകളായും 
ചുരുളൻ മുടി ചില്ലകളായും 
കൈകൾ നിറയെ പൂക്കളുള്ള വള്ളികളായും 
പിണച്ചുകെട്ടി 
അയാൾ നിങ്ങളിലേയ്ക്ക്
ചുരുണ്ടിരിക്കും.

എന്റെ ഹൃദയത്തിന്റെ വിളുമ്പിൽ നിന്ന് 
മറിഞ്ഞു വീഴുമ്പോൾ 
നിന്റെ സ്നേഹത്തിനു മുറിവു പറ്റുമെന്നും
മുറിവിന് ഒരു കിണറോളം താഴ്ച കാണുമെന്നും
അയാളിടയ്ക്കിടെ ഓർമ്മപ്പെടുത്തും.
എങ്കിലും അയാളെ മാത്രം 
നോക്കിനോക്കിയിരിക്കുമ്പൊ
പച്ചഞരമ്പുകളിൽ നിങ്ങൾക്ക് 
പൂത്ത മഴവില്ലു കാണാവും.
വിരലുകളിൽ അള്ളിപ്പിടിയ്ക്കുമ്പോൾ
 പച്ചയുള്ള ഒരു ഗ്രാമത്തിലേയ്ക്ക് 
അയാളെയും കൊണ്ട് 
അതിവേഗം കടന്നുകളയണമെന്ന് തോന്നും.
എത്ര സുന്ദരമായാണ് 
അയാളൊരു കരൾപ്പാതി പകുത്തുവയ്ക്കുന്നതെന്നോർക്കും.

ചിലരങ്ങനെയാണ് 
ഒഴുക്കുകൂടുന്ന നേരത്ത് -
നുരയ്ക്കുന്ന ചുഴി പോലെ 
വല്ലാതെ ഭ്രമിപ്പിക്കും.
അല്ലെങ്കിലും വെന്തകാട് ഉള്ളിൽ വളർത്തുന്നവർ
തണുവു നീട്ടുന്നിടത്തേയ്ക്ക് 
കയ്യെത്തിപ്പിടിക്കാതെങ്ങനെ‌..!

നോക്കൂ..., ഒന്നിറങ്ങി നിൽക്കാൻ കൊതി തോന്നുന്നില്ലേ..???

Friday, June 5, 2020

വസന്തത്തിൽ മരം ചെയ്യുന്നത് നോക്കൂ/എം.ജീവേഷ്


വസന്തത്തിൽ 
മരം ചെയ്യുന്നത് നോക്കൂ

വസന്തത്തിൽ
മരം ചെയ്യുന്നത്
തന്നെ നോക്കൂ

പൂക്കളുടെലിപി
ആകാശത്തിനും
ഭൂമിക്കുമിടയിൽ
തുന്നിപ്പിടിപ്പിക്കുന്നു

ചില്ലയിലാണെന്ന്
തോന്നിപ്പിക്കുന്ന
മറ്റൊരു കാവ്യകലാതന്ത്രം

ഭൂമിയിലുള്ള
സകലകിളികളേയും
വിരുന്ന് വിളിക്കുന്നു

അതിനിടയിൽ 
ഒരു കിളി 
മരത്തോട് ചോദിക്കുന്നു
കൂടൊരുക്കുന്നതിനെക്കുറിച്ച്

മരം വസന്തത്തെ
വകവെക്കുന്നേയില്ല

നെഞ്ച്തുരക്കാൻ
നിന്ന് കൊടുക്കാനായി
നെടുവീർപ്പിടുന്നു

അതിന്നിടയിൽ
ഒരില വീഴുന്നു

മരമത് വകവെക്കുന്നേയില്ല

കിളി മരത്തിൽ
ആഞ്ഞ്കൊത്തുന്ന സംഗീതം
ഞാനിപ്പോൾ
കേട്ട്കൊണ്ടേയിരിക്കുന്നു

കിളിയുടെ കൊത്തലിൽ
വസന്തം വിറച്ച്കൊണ്ടേയിരിക്കുന്നു.

Tuesday, June 2, 2020

...../ലിഖിത ദാസ്

ഏറ്റവും ശ്രമകരമായ ഒരു ജോലിയെപ്പറ്റി
പറയാം.. 
എന്നെ സ്നേഹിക്കുക.
വെറുതെയങ്ങ് സ്നേഹിച്ചാലൊക്കില്ല.
നേരവും കാലവും മറന്നേക്കണം.
എന്റെ വിരലനക്കങ്ങളെപ്പോലും
നിരന്തരം വായിച്ചെടുത്തു ശീലിക്കണം.

നിങ്ങൾക്ക് അപ്രതീക്ഷിതമായി
ഞാൻ ചില്ലറ ജോലികൾ തന്നേയ്ക്കും.
എന്റെയൊപ്പം ഒരു പകൽസ്വപ്നത്തിന്
കൂട്ടിരിക്കുക,
എന്റെ പിറന്നാളിനെങ്കിലും
ഒരു പുസ്തകം സമ്മാനം തരിക.
ഇടയ്ക്കൊക്കെ 
"നീ നന്നായി എഴുതുന്നു'വെന്ന്
'നിന്നെക്കൂടാതെ എനിയ്ക്കൊന്നും
സാദ്ധ്യമല്ലെന്ന്..'
'നീ എനിയ്ക്ക് പ്രാപ്യമായതിൽ വച്ച് 
ഏറ്റവും നല്ല സ്ത്രീയാണെന്ന്' 
വല്ലപ്പോഴും ഒരു കള്ളം പറഞ്ഞേയ്ക്കുക.
- എനിയ്ക്കതൊക്കെ നന്നായി രസിക്കും.

എന്റെ ഒഴിവുനേരങ്ങളിൽ നിന്ന്  
അല്പം മാറിക്കിടക്കുക.
ഞാൻ രഹസ്യമായി സന്ദർശിക്കാറുള്ള
ചിലരെക്കുറിച്ചു ഞാൻ പറഞ്ഞു തരും
കേട്ടാൽ മതി..അങ്ങോട്ടൊന്ന് 
എത്തിനോക്കുക പോലുമരുത്.
ഹൃദയത്തിന്റെ ഭാഷ വശമുള്ള മനുഷ്യരാണത്.
നിങ്ങൾക്ക് മനസിലായെന്നു വരില്ല.

എന്റെ കവിതകളിലെ 'അയാൾ'
നീയാണെന്ന്
ഞാൻ ഇടയ്ക്കിടെ പറയും.
അതിലല്പം സംശയം തോന്നുന്നുവെങ്കിലും
നിങ്ങൾ തലയുയർത്തിപ്പിടിക്കുകയും
എന്നോട് നന്ദിയുള്ളവനുമായിരിക്കും
- എനിക്കുറപ്പുണ്ട്.

ഭ്രാന്തിനു കുറിപ്പെഴുതുന്ന ഒരു 
മുറിയെനിയ്ക്കുണ്ട്.
എന്നോടുള്ള പ്രേമത്തിന്റെ ഒരു ഘട്ടത്തിലും
അകത്തുകടക്കാൻ ശ്രമിക്കരുത്
- തോറ്റുപോകുന്ന നിങ്ങളെക്കാണാൻ
എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണ്.

എന്റെ ബാഗിൽ 
സ്നേഹം.. സന്തോഷം.. സമാധാനം 
എന്നെഴുതിയ 
കുറച്ചു കടലാസുകൾ കാണാം. 
അത്രയും കുറച്ചുതവണകൾ മാത്രം 
ഞാൻ സ്നേഹിക്കപ്പെട്ടിട്ടുണ്ട്.
അതിലിരട്ടിത്തവണയും നിർദയം
ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.

മഞ്ഞുകാലത്തു മാത്രമാണ് 
രാത്രികാലങ്ങളിൽ ഞാൻ 
ഒറ്റയ്ക്ക് നടക്കാനിറങ്ങാറ്.
വിഷാദം മൂർച്ഛിച്ച് തിരിച്ചു വന്ന 
എന്നെക്കാണുമ്പോൾ
ഒരു തകർന്ന കപ്പലിനുള്ളിലേയ്ക്ക്
നോക്കിയിരിക്കുന്ന കപ്പിത്താന്റെ
വേദനയുണ്ടാകും നിങ്ങളുടെ മുഖത്ത്.
ഒന്നും മിണ്ടാതെ പലതവണ 
അസ്വസ്ഥമായ ഉറക്കത്തിന്റെ 
സമയപ്പാലത്തിനു കീഴിലേയ്ക്ക് 
ഞാൻ നൂണ്ടിറങ്ങിപ്പോകും.
ഇപ്പോൾ ഒരു കാഴ്ചക്കാരന്റെ ജോലിയാണ്
നിങ്ങൾക്ക്.

ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ
നിങ്ങൾ അമ്പരന്നേക്കും.
ഞാൻ എന്നത്തേക്കാളും നിങ്ങളോട്
അലിവുള്ളവളും സുന്ദരിയുമായി കാണപ്പെടും.
വീണ്ടുമതൊക്കെയും ക്രമം തെറ്റി 
ആവർത്തിച്ചുകൊണ്ടേയിരിക്കും.

നിങ്ങളൊരേ സമയം ചിരിക്കുകയും 
കരയുകയും ചെയ്യും.
എന്നെയോർത്ത് സമാധാനപ്പെടുകയും
തൊട്ടടുത്ത നിമിഷത്തിൽ
സ്വസ്ഥത നശിച്ച് എന്നെവിട്ടോടിപ്പോവുകയും 
ചെയ്തേക്കും.
പക്ഷേ..എനിയ്ക്ക് തീർച്ചയുണ്ട് - ഒരിക്കലെന്നോട് പ്രേമത്തിൽപ്പെട്ട 
നിങ്ങൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല.

നോക്കൂ..,
എന്റെ സ്നേഹത്തിന്റെ ഏറ്റവും വിശ്വസ്ഥനായ ഇടപാടുകാരനായിരിക്കണം നിങ്ങൾ.
അമ്പേ തോറ്റുപോയൊരുത്തിയെ 
സ്നേഹിക്കുകയെന്നതിൽക്കൂടുതൽ
ശ്രമകരമായ മറ്റെന്തുണ്ട് നിങ്ങൾക്ക്..?