Sunday, May 31, 2015

 ചങ്ങലകള്‍ / ഗിരിജ പതേക്കര

കെട്ടിയിട്ടിരുന്ന കാലത്ത്
കാര്യങ്ങളേറെ എളുപ്പമായിരുന്നു
സംശയങ്ങളേ ഇല്ലായിരുന്നു.
കെട്ടുപൊട്ടിക്കണമെന്ന ചിന്തമാത്രം
വിദൂരങ്ങളിലലയാനുള്ള മോഹം മാത്രം
കുതിരയെ മനസ്സില്‍ ധ്യാനിച്ച്
ഒന്നുകുതറുകയേ വേണ്ടൂ.
പൊട്ടിയ ചങ്ങല വലിച്ചുള്ള പാച്ചിലില്‍
തിരിഞ്ഞുനോക്കാറേയില്ലായിരുന്നു.
കെട്ടറുത്തിട്ടതാണ്
പുലിവാലായത്
മുടിഞ്ഞ സംശയങ്ങളാണിപ്പോള്‍
അന്യനെക്കണ്ടാല്‍ കുരയ്ക്കയും
കള്ളനെ കടിക്കയുമല്ലേ വേണ്ടത്?
നാട്ടിലലയാതെ വീടുകാക്കലും
കൂറുകാട്ടലുമല്ലേ ചെയ്യേണ്ടത്?
വീട്ടിന്നലങ്കാരമാവാതെയും
വാലാട്ടാതേയുമെങ്ങനെയാണ്?
ഉയിരിനെപ്പൂട്ടിയ ഈ ചങ്ങലകള്‍
എങ്ങനെയാണറുത്തു മാറ്റേണ്ടത്?
--------------------------------------------

 ഇടതുകൈ / വീരാന്‍കുട്ടി

കൈകളില്‍ ഞാന്‍ ഇടത്തേത്
ഇക്കാലം ശരിക്കും ഇടത്തുനില്‍ക്കുന്ന ഒരാള്‍ക്ക്
എന്തുസംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
പിറക്കുമ്പോള്‍ വലതു കൈയുമായി എനിക്ക്
വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
ഇന്നെനിക്കു അതിന്റെ അത്രയും പേശീബലമില്ല,
എഴുന്നുനില്‍ക്കുന്ന ഞരമ്പുകളില്ല,
തഴമ്പില്ല,
കണ്ടാല്‍ പാവംതോന്നുന്ന ഒന്നായി ഞാന്‍.
ഒന്നു കൈകൊടുക്കാന്‍,
ചോറിനൊപ്പം കുഴയാന്‍,
വിരല്‍ ചൂണ്ടാന്‍,
അരുതെന്നു വിലക്കാന്‍,
കൊടിയേന്താന്‍
ഇഷ്ടമില്ലാഞ്ഞിട്ടല്ല;
ഉദ്യമിക്കാഞ്ഞിട്ടുമല്ല.
കാര്യങ്ങള്‍ കൈയേല്‍ക്കാന്‍ അവസരം വരുമ്പോഴെല്ലാം
വലതുകൈ ചാടിവീണ് അതു ചെയ്തിരിക്കും
തന്നെപ്പോലെ ഒരുകൈ കൂടെയുണ്ടെന്ന പരിഗണനയേയില്ലാതെ,
ഓര്‍മപോലുമില്ലാതെ,
ഒറ്റക്ക്.
യോഗ്യത ഇല്ലാഞ്ഞിട്ടാവും
ഓര്‍ക്കാതെ കൊടുത്തുപോയ കൈ,
വെച്ചുനീട്ടിയ കൈനീട്ടം
തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്
ക്ഷമ പറഞ്ഞിട്ടുണ്ട്.
കുറ്റം പറയരുതല്ലോ
പൊങ്ങാത്ത ചില ഭാരങ്ങള്‍ക്ക്,
തീരാത്ത ചില വേലകള്‍ക്ക്
എന്നെയും സഹായത്തിനു കൂട്ടാറുണ്ട്
ഇട്ടുപൊട്ടിക്കരുത്...
ആഞ്ഞുവലിച്ചോളണം...
എന്നെല്ലാമുള്ള കല്‍പനസഹിതം.
എന്നാല്‍ ഒന്നുണ്ട്,
ചില പണിക്ക് ഈ ഇടതുകൈ കൂടിയേതീരൂ
മണ്ണില്‍ വീണതു പെറുക്കാന്‍
വിസര്‍ജ്യം കഴുകാന്‍,
ചത്തപാമ്പിനെ എടുക്കാന്‍.
ശുദ്ധാശുദ്ധത്തിന്റെ കാര്യമാണേ,
അഭിമാനത്തിന്റെ പ്രശ്‌നമാണേ.

ഇടത്തായിപ്പോയി എന്നതുകൊണ്ടുമാത്രം
തരംതാഴ്ത്തപ്പെട്ട് തരംതാഴ്ത്തപ്പെട്ട്
അവഗണിക്കപ്പെട്ട് അവഗണിക്കപ്പെട്ട്
എനിക്കു മതിയായി.
എങ്കിലും ചെറിയ ശബ്ദത്തില്‍ ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ;
ഇടത്തുതന്നെ തുടരുന്നതിലുള്ള എന്റെ അഭിമാനം
ആര്‍ക്കും അടിയറവെക്കാനൊന്നും ഉദ്ദേശിക്കുന്നിെല്ലന്നേ..
നിങ്ങള്‍ വിചാരിച്ചപോലെ മടിയില്‍കിടന്ന്
പാവം കുഞ്ഞിനെപ്പോലെ ഉറങ്ങുകയൊന്നുമല്ലെന്നേ ഞാന്‍
ഒരിടതുകൈയനില്‍ ചെന്നുപിറക്കാനുള്ള എന്റെ ഉറച്ചസ്വപ്‌നം
അണയാതെ സൂക്ഷിക്കാന്‍ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്?
-----------------------------------------------------------------

 

പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌ / റഫീക്ക് തിരുവള്ളൂര്

പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. 
വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. 
അത്‌ ഉണ്ടായി വരണം പോലും.
സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു 
തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തിൽ. 
ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍.
ബാപ്പ അവരെ ഓർമ്മിക്കുക മരണത്തെ പേടിക്കുന്നതിനാലാണ്.
ഒരിക്കൽ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന
എന്നോട് ബാപ്പ അത് പറഞ്ഞിട്ടുണ്ട്.
മരിച്ച വീടുകളിൽ എപ്പോഴും ഉമ്മയെ അയച്ചു, ബാപ്പ തിരക്കുണ്ടാക്കി ഒളിച്ചു.

ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ.
ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം.
അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌.
നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.

നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌.
ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌; വീടിനായി മാത്രം.
പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌.

ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും
ചൂടിനും കട്ടി കുറവാണ്‌.
കറന്റില്ലാത്തതിന്റെ പ്രാചീനത.
കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌.
എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ
ചുമരു കുത്തി തുളക്കുന്നത്‌.
അവനറിയില്ല എന്നെ.
നിന്റെ വീടായ എന്റെ ശരീരം അവൻ കാണുന്നു,
നീ താമസിക്കുന്ന അതിന്റെ അകം അവൻ കാണുന്നില്ല.
വീട്ടിനുള്ളിലെ ആദ്യത്തെ ബൾബ് കത്തുമ്പോൾ
അവൻ കാണും അകത്തെ നിന്റെ താമസം..

----------------------------------------------------------------------

കൂണുകള്‍ കാതുകള്‍ / റഫീക്ക് തിരുവള്ളൂര്

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

--------------------------------------------------------------- 

റഫീക്ക് തിരുവള്ളൂര്

Friday, May 29, 2015

ഉള്ളാൽ / ജയദേവ് നയനാർ


.
മയിലേ നീ, യെനിക്കെറിഞ്ഞു
തന്ന ഒരു പീലി.
വെയിലേ നീ, യെന്നെയാകെ
നനച്ചുപിഴിഞ്ഞ ഒരു തുള്ളി.
മൗനമേ നീ, യെന്നിലേക്ക്
ചുരന്നുമുടിഞ്ഞ മുലക്കണ്ണ്.
.
ഓരോരോ നിറങ്ങൾ പായുന്ന
ചോരക്കുഴലിലേതാണ്
നിന്റെ പീലിയെന്നു തിരഞ്ഞ്
ഏതു നിറത്തിലാണ്
ഞാനനുരക്തനെന്ന് നിറഞ്ഞ്
തട്ടിമറിഞ്ഞ ചായങ്ങളിലൊന്ന്.
ഉടൽമഞ്ഞ.
ജഡനീല.
ചെന്തീ.
ഞാൻ, എന്നെയെറിഞ്ഞു വീഴ്ത്തിയ പീലി.
പകൽ ചോർന്നുടൽ കത്തു -
മാകാശത്തിന്റെ ഏത്
ഞരമ്പിലാണ് വെയിൽ
പെയ്യുന്നതെന്ന് നനഞ്ഞ്
ഏതു വെയിൽത്തുള്ളിയുടെ
കരാലിംഗനത്തിലാണ് ഞാ-
നുഷ്ണരക്തംവിയർത്തതെന്ന്
ഉള്ളാലെ സംശയിപ്പിച്ച്
തൂവിപ്പോയ ജന്മങ്ങളിലൊന്ന്.
ഞാൻ, മൃതിയാഴങ്ങളിലെന്നെ
മുക്കിയാഴ്ത്തിയ തുള്ളി.
ഞാൻ, ഇരുട്ടുചുണ്ടാലെന്നെ
ഓർമ വയ്ക്കുന്ന ഒറ്റ്.
.
പെയ്യുന്നതെന്തെന്നറിയാതെ
പോകുന്ന മേഘസ്ഖലനം.

-------------------------------------

Thursday, May 28, 2015

ഭ്രാന്ത് / ഭാനു കളരിക്കൽ

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ . 
--------------------------------------

Tuesday, May 26, 2015

തേരൊഴിഞ്ഞ അട്ട / ഡോണ മയൂര


ഒന്നോർക്കുന്ന മാത്രയിൽ നൊന്ത്
അട്ടയെ പോലെ
ചുരുണ്ടുപോകുന്ന ഓർമ്മയെ
ഒരു കുട്ടിയുടെ ജിജ്ഞാസയോടെ
കമ്പുകൊണ്ടുകുത്തിനോക്കി
തൊട്ട് നിൽക്കുന്നതെന്തിന്?

കമ്പിന്റെ തുമ്പിൽ കുത്തിയെടുത്ത്
കമ്പിൽ നിന്നും കൈയ്യിലേക്കുള്ള
ദൂരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും
ദൂരേക്കെറിഞ്ഞ് കളയുന്നതെന്തിന്?
ചി

റി
പ്പോ

പ്പോ
ഴെ
ല്ലാം
മുന്നിൽ ലോകം
അതിലും ചെറുതായി.
ചിതറിയതിൽ നിന്നും
ഒരു കണികയെ പോലും
തൊടാൻ കഴിയാതെ
ലോകം വീണ്ടും വീണ്ടും
ചെറുതായിക്കൊണ്ടിരിക്കുമ്പോൾ,
അട്ടക്കാലുകൾ പോലെ മുറികൂടി
പഴയ ഓർമ്മയിലേക്ക്
ഇഴഞ്ഞ് ചെല്ലുന്നു,
ചുരുണ്ടുപോകുന്നു.
--------------------------------------------

Sunday, May 24, 2015

അതിഥികളുടെ വീട് / നിസ്തുൽ രാജ്

കാറ്റ്,
വീശുകയോ
മറ്റൊരു കാറ്റിന്
അതിരിടുകയോ ചെയ്യുന്ന
ഗ്രാമം.

ഞാൻ കയറിച്ചെല്ലുമ്പോൾ
അവൾ മാറാല തൂക്കുകയായിരുന്നു.
(ഒന്ന്,ഉമ്മറത്തിന്റെ പടർപ്പുകളിൽ
വളർന്നുവരുന്ന മാറാലകൾ
പണ്ടുപണ്ട് ഒഴിവുനേരങ്ങളിൽ
നീണ്ട കമ്പുകളിൽ ചുറ്റി
അമ്മ എടുത്തുമാറ്റാറുണ്ടായിരുന്ന
ഒരു പണി.
രണ്ട്,ഉമ്മറം അതിന്റെ കാട്ടുവളപ്പുകളിൽ
നിരത്തി ആണിയടിച്ചുവെച്ച
ഫോട്ടോകളിൽ മാറാല അടുക്കിയൊതുക്കി
തൂക്കിവെയ്ക്കുന്ന മറ്റൊരു പണി.)

ഞാൻ കയറിച്ചെല്ലുമ്പോൾ
അതങ്ങനെയായിരുന്നു.

തുറമുഖം ആഴങ്ങളിൽ നിന്ന്
മീനുകളെ തള്ളിവിടും പോലെ
കണ്ണിൽ നിന്ന് ഒരാന്തൽ
അകത്തേക്കിട്ട്
അവൾ നിവർന്നു.

അപരിചിതമായ
ഒരു വണ്ടിയുടെ
നമ്പർപ്ലെയ്റ്റു പോലെ
കൂടുതൽ അപരിചിതൻ ഞാൻ.

തൂണിൽ നിന്ന്
അടർന്നുപോന്ന
തിണ്ടിന്റെ ഓർമയിൽ
ഇരുന്നു.

ചായയെക്കുറിച്ച്
പ്രതീക്ഷ വേണ്ടാത്ത
അതിഥിയുടെ സ്വാതന്ത്ര്യം
ഉണ്ടാക്കാനിടയില്ലാത്ത ചായയിൽ
പാടപോലെ കിടന്നുവെന്ന്
എവിടെയെങ്കിലും എഴുതണം എന്നുവെച്ചു.

തെരുവിലെ
ട്രാൻസ്ഫോർമറിൽ
കൊക്കുരച്ച്
ഒരു കിളി
വളരെ വൈകി തീറ്റതേടിയിറങ്ങുന്നത്
അവൾ കണ്ടുനിൽക്കുകയാണ്.

അയ്യോ
എന്തോരം നേരം വൈകിയാ
അതെണീറ്റിരിക്കുക
നിന്റെ കൂട്ടിലെന്താ
ഇതുപോലെ മാറാലയൊന്നുമില്ലേ
അവരെന്താ നിന്നെ
പുലർച്ചെ നാലരവെളുപ്പിന്
ഇങ്ങനെയിങ്ങനെ
തലോടില്ലേ
നിന്റെ വീട്ടിലേക്കും
ഇതാ ഇങ്ങനെയൊരു വിരുന്നുകാരൻ
വരില്ലേ
അയാളു നിന്റെ വീടിന്റെ
തിണ്ടത്തിരുന്ന്
കൊക്കോ കൊക്കോ കൊക്കോ
ഒച്ചയുണ്ടാക്കി ചുമയ്ക്കില്ലേ
അപ്പൊ നീ എണീക്കില്ലേ
അയാളാരാ
എന്താ
എവിടന്നാ

അവളൊന്നും
കണ്ടുനിൽക്കുന്നില്ല.

ഒരു പൂച്ച നടന്നു വരുന്നു.
മുരിങ്ങാമരത്തിന്റെ അടരുകളിൽ
അക്രമാസക്തമായി
നഖം കോർക്കുന്നു.
മുറിവു വെച്ചുകെട്ടുന്ന ജോലിയിൽ
അവൾ പെട്ടെന്നു പ്രവേശിക്കുന്നു.

ഉപമകളുടെ
ഒരു പോസ്റ്റോഫീസിലാണെനിക്കു പണി
ഇപ്പൊ വന്നതേയുള്ളൂ.
വിലാസമില്ലാത്ത കത്തുകൾ
തരം തിരിക്കുന്ന കൂട്ടത്തിൽ..
അത്..
ഞാൻ...
ഇന്നലെ..

പൂച്ചയോടുപറഞ്ഞ്
ഇറങ്ങി.
ന ട ന്നു.
-------------------------

ചാക്കാല / കടമ്മനിട്ട


അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.
--------------------------------------------

Wednesday, May 20, 2015

ചാവ / വിഷ്ണു പ്രസാദ്


കുട്ടിക്കാലത്ത്
വിനോദയാത്രയ്ക്കിടെ കാണാതായ അനുജത്തിയെ
അമ്മയോട് പിണങ്ങി നാടുവിട്ടുപോയ അനിയനെ
വര്‍ഷങ്ങള്‍ക്കു ശേഷം വഴിവക്കില്‍ നിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോലെയായിരുന്നു.
യാത്രയ്ക്കിടയില്‍ അതിനെ
കണ്ടപാടെ ബസ്സിറങ്ങി.
കുന്നിന്‍പുറത്തു നിന്ന് അതിനെ
വേരുപൊട്ടാതെ പിഴുതെടുത്തു.
‘എന്തിനാണെന്നെ...?’ എന്ന് അത് കരഞ്ഞു.
ആ കുന്നു മുഴുവന്‍ അവന്റെ വംശം
വളര്‍ന്നുപച്ചച്ച് ഇളം‌പച്ചത്തലകള്‍
ചുരുട്ടിനിന്നിരുന്നു.
ചാവ-എന്റെ നാടിന്റെ അടയാളച്ചെടി.
ഇരുപതുകൊല്ലത്തിനു ശേഷം ഞാനതിനെ
വീണ്ടും കാണുകയാണ്.

കുട്ടിക്കാലത്ത്
കാപ്പിത്തോട്ടത്തില്‍,വയലിറമ്പില്‍
ഒഴിഞ്ഞ കുന്നുകളില്‍
ഞാന്‍ പോകുന്നിടത്തെല്ലാം അത്.
എല്ലായിടത്തും ഒരു പാവത്തെപ്പോലെ
തളിര്‍ത്തല ചുരുട്ടി
എങ്കിലും ആഹ്ലാദത്തോടെ
വെയിലിന്റെ നിറം ഇളമ്പച്ചയാണെന്ന്
നിന്നിരുന്നു.
വെറുമൊരു പന്നല്‍ച്ചെടി.
ഒരു പൂ പോലും പുറപ്പെടുവിക്കാത്തത്.
അതിന്റെ മണം എനിക്കറിയാം.
എത്ര കൊത്തിപ്പറിച്ചുകളഞ്ഞാലും
വീണ്ടും വീണ്ടും കിളിര്‍ത്തു വന്നു.
പിന്നെപ്പിന്നെ സ്വന്തം തൊടികളില്‍ നിന്ന്
പറിച്ചെറിഞ്ഞ ഗോത്രജനതയെപ്പോലെ
അതിരുകളിലോ തിണ്ടുകളിലോ‍ അപകര്‍ഷത്തോടെ
അവ കറുത്തുനിന്നു.
നാടുവിട്ട് തൊഴില്‍തേടിത്തെണ്ടി
കൂട്ടുകാരിയും കുട്ടികളുമായി
തിരികെയെത്തുമ്പോള്‍
ഒരു തൊടിയിലും അതില്ല.
വീട്ടുപറമ്പിലൊരിടത്തു നട്ട്
ഞാനതിനോട് പറഞ്ഞു:
'നീ എന്റെ കുട്ടിക്കാലകൂട്ടുകാരന്‍ .'
തന്റെ വംശം കൂട്ടക്കൊലചെയ്യപ്പെട്ട
കുന്നുകളും തൊടികളും വഴിവക്കുകളും നോക്കി
അതു ഓര്‍മകളുടെ ഭാരത്താല്‍ കുനിഞ്ഞുനിന്നു.
യുദ്ധത്തിലോ കലാപത്തിലോ
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയ ഒരാള്‍
തിരികെ വന്ന് കത്തിപ്പോയ തന്റെ വീട്ടിലെ
മുറികളില്‍ പരതുന്നതുപോലെ
അതിന്റെ ഇലക്കണ്ണുകള്‍
പരതിക്കൊണ്ടിരുന്നു.
മൂന്നുദിവസം കൊണ്ട് അത് കരിഞ്ഞു.
പക്ഷേ,പൂര്‍വികരുടെ കാറ്റ് നാലാം ദിവസം
ഒരു മഴയുമായി വന്ന് അതിനോട് എന്തോ പറഞ്ഞു.
ഇപ്പോള്‍ അത് എഴുന്നേറ്റു നില്‍ക്കുന്നു.
നാടുവിട്ടുപോയ നാട് തിരിച്ചുവന്ന്
തൊടിയില്‍ നില്‍ക്കുന്നു.
വള്ളിട്രൌസറിട്ട ഒരു ചെക്കന്‍
ചാവയുടെ കൈ പിടിച്ച് നടക്കുന്നു.
-------------------------------------------------------

Tuesday, May 19, 2015

സാരി എന്ന പ്രത്യയം / കവിത ബാലകൃഷ്ണൻ


രണ്ടറ്റവും തിരുകിയ ചുരുളില്‍
പണിക്കാരിയുടെ പുതിയ വെള്ളസാരിയിരിക്കുന്നു
ഊണ്‍മേശയുടെ ഗ്ളാസില്‍
അത്  പെരുത്ത് പതിച്ച പ്രതിബിംബവുമുണ്ട്

മുറിയില്‍ ആകെയൊരു പശമണം പതിയിരിക്കുന്നതുപോലെ

ജീവിതം മുഴുവന്‍ യക്ഷികളെ താലോലിച്ച മുതലാളിച്ചി
പതിവുപോലെ ശ്രദ്ധാപൂര്‍വം എല്ലാം നോക്കിയിരിക്കുന്നു

...കഴുകിക്കമിഴ്ത്തിയ ഡവറ,
അമിതമായി വിനിയോഗിച്ച വെള്ളം,
തൊടാതെവിട്ട മൂല എന്നിങ്ങനെ,
പിന്നെ ധൃതിയില്‍ തുടച്ചുനീങ്ങുന്ന ഉപ്പൂറ്റിക്കീറുകളും...

എല്ലാം ഇപ്പോഴും അതേപടിതന്നെ
എങ്കിലും  എന്തിനെന്നറിയാതെ ദയനീയമായ ചില ചിന്തകളില്‍
ഇടക്കിടെ അവര്‍ ഇരുന്നു വിയര്‍ക്കുന്നു:

ഇന്ന് വൈകീട്ട് ഇവള്‍ പോകും
മറ്റൊരു പ്രത്യയത്തില്‍ സവാരിചെയ്ത്
ഒരു ലോറി നിറഞ്ഞ വനിതയായി...
അപ്പോള്‍
വെള്ളസ്സാരിയും
വെള്ളിക്കാശും
മറ്റൊരു രാഷ്ട്രപിതാവും
സ്വന്തം കൂട്ടരും
ഒട്ടൊരു മൈതാനവും
ചേര്‍ന്ന് അവളുടെ കാതടയ്ക്കും...

എത്രയും ദയാലുവായ എന്‍െറയടുത്തേക്ക്
നാളെയും അവള്‍ വരും, വരാതിരിക്കില്ല.
----------------------------------------------------

രാമകഥ / ബാലചന്ദ്രന്‍ ചുള്ളിക്കാട്

രാമനെന്നാണെന്‍െറ പേര്.
അയോധ്യയിലാണു വീട്.
കൊച്ചിയില്‍ത്തോപ്പുംപടിയില്‍
ബേക്കറിയില്‍ ജോലിയാണ്.
ലക്ഷ്മണനും വന്നിട്ടുണ്ട്.
കല്‍പ്പണിക്കു പോകുന്നുണ്ട്.
എട്ടുമണിക്കൂറു ജോലി.
നഷ്ടമില്ല; നല്ല കൂലി.
എങ്കിലുമീ ജീവിതത്തില്‍
സങ്കടമുണ്ടാവുമല്ലൊ.
എപ്പൊഴുമെന്‍ നെഞ്ചിനുള്ളില്‍
കത്തിയെരിയുന്നു കാലം.
ഇപ്പെരുംതീയില്‍ക്കുളിച്ചു
കെട്ടിയവള്‍ കേറിവരും.
സ്വപ്നമുണരുന്ന നേരം
കുറ്റിരുട്ടില്‍ത്തപ്പിനോക്കും.
സീതയില്ല; സീത പണ്ടേ
പാതാളത്തില്‍ത്താണുപോയി.
--------------------------------

വില്‍ക്കാനുണ്ട് വെയില്‍ / റഫീക്ക് അഹമ്മദ്

കൂരാട്ട് കുന്നുംകരത്താഴത്ത് ഏഴാം വാര്‍ഡില്‍
മുന്നൂറ്റിപ്പതിനാറാം നമ്പറു വീട്ടില്‍ പാര്‍ക്കും
കുഞ്ഞപ്പനാശാരിക്ക് പെട്ടെന്നു പിരാന്തായി.
ടിയാന്‍െറ മുഴക്കോലാല്‍ അളക്കപ്പെടാതുള്ള
വീടില്ല, കടയില്ല, കോഴിക്കൂടില്ലാ നാട്ടില്‍.
വീതുളി തൊടാത്തൊരു കഴുക്കോല്‍ത്തറിയില്ല
വീതി നീളങ്ങള്‍ വെളിപ്പെടാത്ത മരമില്ല.
മൂപ്പന്‍െറ കണക്കുകളില്ലാതെ പിറന്നില്ല
ഭാവനകളില്‍ നാട്ടാര്‍ പണിഞ്ഞ വെണ്‍മാടങ്ങള്‍.
അക്കൈകളെടുത്തതാ, ണിപ്പഴമണ്ണിന്നുള്ളില്‍
കാല്‍വിരലുണ്ടും കൊണ്ടുകിടന്ന വെള്ളങ്ങളെ.
അങ്ങനെക്കഴിഞ്ഞൊരു കണക്കിന്‍ പെരുന്തച്ച-
നാണിപ്പോള്‍ നട്ടപ്രാന്തിന്‍ നട്ടുച്ചയെന്നോര്‍ക്കണം.
പറയും മുറങ്ങളും നാഴിയുമായിട്ടയാള്‍
കാലത്തു വെയില്‍ മൂക്കും നേരത്തു പുറപ്പെടും.
പതുക്കെപ്പതയ്ക്കുവാന്‍ തുടങ്ങും വെയില്‍ കോരി
പ്പറയില്‍ മുറങ്ങളില്‍ നാഴിയില്‍ നിറച്ചിടും.
വില നിശ്ചയിച്ചിട്ടു വിളിച്ചു കൂവിപ്പാടും.
വര്‍ഷകാലത്താണെങ്കില്‍ മഴയെ, അതല്ലെങ്കില്‍
കാറ്റിനെ വാരിക്കൂട്ടി, വന്നു വാങ്ങുവിന്‍ വേഗ-
മെന്നൊരു വായ്ത്താരിയിലങ്ങനെ നടന്നയാള്‍.
മേക്കര വളപ്പിലെ ഹാജിയാര്‍, മനയ്ക്കലെ
നമ്പൂരി, റിയലെസ്റ്റേറ്റ് ദല്ലാളര്‍, പൊരുത്തുകാര്‍
പാറപൊട്ടിക്കുന്നവര്‍, മണ്ണുമാന്തികള്‍, ഫ്ളാറ്റു
പൊന്തിച്ചു കെട്ടുന്നവര്‍, കുന്നുകള്‍ വില്‍ക്കുന്നവര്‍
ആരാന്‍െറ പ്രാന്തും കണ്ട് വളിച്ച  ചിരിയോടെ
ആല്‍ത്തറ നിരങ്ങുന്ന തൊഴിലുറപ്പുള്ളവര്‍...
എല്ലാര്‍ക്കും വെയില്‍ വില്‍ക്കും കുഞ്ഞപ്പനാശാരീടെ
ചുണ്ടത്തു പൊള്ളും ചിരിക്കായിരത്തഞ്ഞൂറര്‍ഥം.
---------------------------------------------------

ഇടം/ എം.പി. പവിത്ര



ഈ മരത്തില്‍നിന്ന്
ആ മരക്കൊമ്പിലേക്ക്
പലനിറത്തൂവലുകളാല്‍
പാലംകെട്ടുന്ന കിളികള്‍.
നന്ത്യാര്‍വട്ടത്തിന്‍െറ
നനുത്തപൂവിന്‍മുകളില്‍
വെള്ളനൂല്‍ഗോവണികളിലേറി
ആകാശത്തുനിന്നൂര്‍ന്നിറങ്ങുന്ന
ഒരു മുഴുവന്‍ നിലാച്ചന്ദ്രന്‍.
ചാന്ദ്രപ്രഭയില്‍ മുറ്റത്തെ
പച്ചപ്പുല്‍ച്ചാടിക്കണ്ണുകള്‍
വൈഡൂര്യങ്ങളാകുമ്പോഴാണ്
മഞ്ഞുണങ്ങിയ ചെടികള്‍
തലതാഴ്ത്തി കാറ്റിനെ കാക്കുന്നതും
മഴയൊഴിഞ്ഞ വേനലിന്‍െറ
മണ്‍കട്ടകള്‍ വിണ്ടുപൊട്ടുന്നതും
ചില വരള്‍ച്ചകളിലേക്ക്
പിന്നെ പുതുമഴകള്‍ പെയ്തുനിറയുന്നതും.
വിരല്‍തൊടുമ്പോഴേക്കും
പൊട്ടിയുണര്‍ന്ന് വിത്തുതെറിപ്പിക്കുന്ന
പുളിയാരല്‍ച്ചെടിയുടെ
നീളന്‍കായ്കളെപോലെ
പോയകാലം
ഇങ്ങിനിവരാത്തവിധം
ചിതറിപ്പോകുന്നു.
-----------------------------------------

അപായം /ജി.എസ് .ശുഭ


ഒരല്‍പനേരത്തേക്ക്
മറ്റൊരാളാകുവാന്‍
തീവണ്ടിയിലൊരു പകല്‍സഞ്ചാരം.
അപരിചിതര്‍ക്കുമുന്നില്‍
ഏറെ പരിഷ്കൃതയാകും.
കടലുണ്ടിയിലെ പക്ഷികളെ
വറ്റിവരണ്ട നിളയെ
വിദേശിയായി തിരയും.
ദുഷിച്ച ഏതെങ്കിലും ഒരോര്‍മ
ചങ്ങല വലിക്കുംവരെ
പഴയ ചില കുറ്റിക്കാടുകള്‍ കയറിയിറങ്ങും.
യാചകര്‍ക്ക് കരുണ
അശരണര്‍ക്ക് അനുകമ്പ.
പുറത്ത് പിന്നിട്ട ആകാശങ്ങള്‍ കണ്ട്
രഹസ്യമായി അഹങ്കരിക്കുമ്പോഴാവും
ഇതേ തീവണ്ടി തട്ടി
രണ്ടായി പിളര്‍ന്നവര്‍
നിലവിളിയായെത്തുക.
അടുത്ത സ്റ്റേഷനിലിറങ്ങി
ബസില്‍ കയറി
പഴയ ഞാനാകും
തിരികെ പോരും.
--------------------------------------------

ഹൈക്കു കവിതകള്‍ / അഷിത


രാധേ, രാധേ, രാധേ!
നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി,
കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി,
നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം!
  •  

ഉപാസന
കാന്‍സര്‍ വാര്‍ഡ്
-മൃത്യുഞ്ജയ മന്ത്രോപാസകരെപ്പോല്‍
വെളുത്ത കോട്ടിട്ട ഡോക്ടര്‍മാര്‍.
  •  
അനുരാഗം
ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍,
കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍,
അനുരാഗം!
  •  

ധര്‍മസങ്കടങ്ങള്‍
കൊടും വിഷത്തിലിറ്റിച്ച മധുരമായി, പ്രേമം
കണ്ണീരിലിറ്റിച്ച ഉപ്പുപോല്‍, കരുണ
-വേര്‍തിരിക്കാനറിയാത്തതിനാല്‍ മുഴുവനായി കുടിച്ചു വറ്റിപ്പൂ!
  •  

ദൈവത്തിന്‍െറ ആത്മഗതം
ഞാന്‍, എന്നേ ‘ഒരാള്‍’ അല്ലാതായിരിക്കുന്നു
തഥാഗതനും കുരിശേറിയവനും കള്ളനും കള്ളനു കഞ്ഞിവെച്ചവനും
ഞാനൊരു വീട്, അത്രമാത്രം!
---------------------------------------------------------------------
 

പെണ്‍മരങ്ങള്‍ / അസ്‌മോ പുത്തൻചിറ


പെണ്‍മരങ്ങള്‍
ചെത്തിമിനുക്കി
താരങ്ങളാക്കി
നോവും
നിലാവും
നറുതേന്‍
കിനാവും
കൂട്ടിന്നിരുത്തി
ആകാശച്ചരുവിലെ
കണ്ണാടിക്കൂട്ടിലടച്ചു
കാവലാളവന്
വികൃതി.
---------------------

Monday, May 18, 2015

മുള്ളുകളുള്ളൊരു അലമാര/ ബൈജു മണിയങ്കാല

നിറയെ മുള്ളുകളുള്ളൊരു അലമാര അതിനെ ഞാൻ 
മീനെന്നു വിളിക്കുന്നു ചോരയിൽ അലക്കിയെടുത്ത മുറിവുകൾ അത് അടുക്കി വെയ്ക്കുന്നതിനിടയിൽ കടലെന്ന് മീൻ തിരിച്ചു വിളിക്കുന്നു ഞാൻ ആഴത്തിൽ നിന്ന് കയറി കരയ്ക്കിരിക്കുന്നു കടലാസ്സെന്നു തിരുത്തുന്നു അത് കേട്ട് ഒരു തിര വന്നു എഴുതിയതൊക്കെ മായ്ച്ചു കളയുന്നു കാതിൽ മഴയെന്ന് മന്ത്രിയ്ക്കുന്നു തണുത്ത് വിറങ്ങലിച്ച എന്റെ ശരീരത്തിൽ തിരമാല പുതപ്പിക്കുന്നു ഞാൻ പുഴയെന്ന് തിരുത്തുന്നതിനിടയിൽ തിരിച്ചു പോകുന്നു ഞാനും മീനും പുഴയും
പിന്നെ ഞങ്ങൾ കണ്ട സ്വപ്നവും ഒരു കൊലുസ്സിട്ട തീവണ്ടി പുഴ മുറിച്ച പാളത്തിന്റെ ഒറ്റ വരമ്പിലൂടെ ഒച്ചയുണ്ടാക്കാതെ കടന്നു പോകുന്നു ശവം പോലെ ഒരു തോണി കരയ്ക്കടിയുന്നു അതിൽ ഒരു ഉൽപ്രേക്ഷ മരിച്ചിരിക്കുന്നു...
------------------------------------------ 

തട്ടിക്കൊണ്ടുപോവല്‍ / വിഷ്ണു പ്രസാദ്

പഴുത്തചക്കയുടെ മണം എല്ലായിടത്തും പായവിരിച്ച കാട്
മഴപെയ്തതിന്റെ നനവ് എഴുന്നേറ്റുപോവാത്ത മണ്ണ്
കിളികള്‍ പ്ലാവുകളുടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന തിരക്കില്‍
ഈച്ചകള്‍ ആ കുഞ്ഞുങ്ങളെക്കുറിച്ച് കഥകള്‍ കെട്ടിയുണ്ടാക്കിപ്പറയുന്ന മത്സരത്തില്‍.

ചുരം കയറുന്ന ബസ്സിനെ തട്ടിക്കൊണ്ടുപോവുന്നു
പഴുത്തചക്കയുടെ മണമുള്ള കാട്.
52 പേര്‍ ഇരിക്കുന്നു.
42 പേര്‍ നില്‍ക്കുന്നു.
കാട് രണ്ടു കൈകള്‍ കൊണ്ട്
ബസ്സിനെ വാരിയെടുക്കുന്നു.
എല്ലാവരും
പഴുത്ത ചക്കയുടെ മണമുള്ള കാട്
ഈമ്പാന്‍ തുടങ്ങുകയാണ്.
പച്ചനിറത്തിലുള്ള മുള്ളുകളെ പിന്നിട്ട്
വെള്ളനിറത്തിലുള്ള മടലുകളെ പിന്നിട്ട്
സ്വര്‍ണനിറമുള്ള ചുളകളിലേക്ക്
ആടിയാടി വീഴുകയാണ്.
ചുണ്ടുകളിലൂടെ തേനൊലിക്കുകയാണ്.
വിളഞ്ഞിപറ്റിയ കൈകള്‍
ഒട്ടിച്ചൊട്ടിച്ച് കളിക്കുകയാണ്.
ഒട്ടുന്ന ചുണ്ടുകളെ തുറന്നും അടച്ചും രസിക്കയാണ്.
തേനൊലിക്കുകയാണ്.
ബസ്സില്‍ ചവിണിയും മടലും നിറയുകയാണ്.
തേനില്‍ വഴുതിവീഴുകയാണ്.
മഴ പെയ്തതിന്റെ നനവുമണ്ണില്‍

ഈച്ചകള്‍ പറക്കുകയാണ്.
പഴുത്ത ചക്കയുടെ മണം ഒരു ചക്കയാണ്,
ചീഞ്ഞ ഇലകളാണ്,
നനഞ്ഞ മണ്ണാണ്,
സ്വര്‍ണനിറമാണ്,
ഒരു ചക്ക നിറയെകണ്ണീച്ചകളാണ്.
എല്ലാവരും കണ്ണീച്ചകളെ ആട്ടുന്ന തിരക്കിലാണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഒരു തെളിവുകളും അവശേഷിക്കാത്ത വിധം
തട്ടിക്കൊണ്ടുപോയി ചുരത്തില്‍ നിന്നൊരു ബസ്സിനെ.
അത് ബസ്സിനെ രണ്ടുകൈകളാല്‍ വാരിയെടുത്ത്
ഉമ്മവെച്ചുകൊണ്ടിരുന്നു.
ബസ്സില്‍ നിന്ന് ചക്കയുടെ മണമുള്ള കാട്ടിലേക്ക്
ഡ്രൈവര്‍ ഒരു പെരുമ്പാമ്പായി ചാടി
അത്തിമരത്തിലേക്ക് കയറിപ്പോയി
കണ്ടക്ടര്‍ പണസഞ്ചിയും ടിക്കറ്റ്പലകയും വലിച്ചെറിഞ്ഞ്
ഒരു കാക്കയായി പുറത്തേക്ക് പറന്നു.
സ്ത്രീകളുടെ സീറ്റില്‍ നിന്ന്
കുറേ മാനുകള്‍ ചാടിപ്പോയി.
പിന്‍‌സീറ്റിലെ ആ മീശക്കാരന്‍ അല്പം മുന്‍പ്
ഒരു കരിമ്പുലിയായി ജനല്‍ വഴി ചാടിയോടി.
കണ്ടക്ടറുടെ മുന്‍പിലെ സീറ്റിലിരുന്ന
രണ്ടു കൊച്ചുപെണ്‍കുട്ടികള്‍
കാടുമുഴക്കിക്കിളികളായി
അവരുടെ നീണ്ട വെളുത്ത തലമുടി റിബണ്‍
പിന്നിലേക്ക് വീശിക്കൊണ്ട്
ഓട്ടുമണിയൊച്ചയുണ്ടാക്കിപ്പറന്നു.
കുരങ്ങുകളും അണ്ണാന്മാരും തത്തകളുമായി
ആളുകള്‍ പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.
ഒരു മുത്തശ്ശി തോട്ടുവക്കത്തേക്ക്
വെള്ളിലച്ചെടിയായി നടന്നുപോയി.
മരങ്ങളും ചെടികളും ശലഭങ്ങളുമായി
ആ ബസ്സ് കാടിനകത്ത് വിലയിച്ചു.
പുറപ്പെട്ട വീടുകളില്‍ നിന്നും

എത്തേണ്ടഇടങ്ങളില്‍ നിന്നും
വിളിച്ചുകൊണ്ടിരുന്നവര്‍ക്ക്
ഒരേ മറുപടി:
നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍
ഇപ്പോള്‍ പരിധിക്കു പുറത്താണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഇപ്പോള്‍ മറ്റൊരു ബസ്സിനെ സമീപിക്കുകയാണ്.
നിങ്ങള്‍ ആ ബസ്സില്‍ത്തന്നെയല്ലേ
ചുരം കയറിക്കൊണ്ടിരിക്കുന്നത്?
-----------------------------------------------------

Sunday, May 17, 2015

ചേട്ടയുടെ മുല / കൽപ്പറ്റ നാരായണൻ


എന്ത് വന്നാലും
എണീക്കാനാവാത്ത
ഒരിരിപ്പുണ്ട്.
തടയാൻ ത്രാണിയുള്ളവർ
ആ ഇരിപ്പിലല്ലേ
എന്നുറപ്പ് വരുത്തിയേ
ആപത്ത് കുരുക്കുകളുമായി പുറപ്പെടൂ.
ആ ഇരിപ്പിൽ
എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു.
ഉണങ്ങിയ തെങ്ങോല
കിണറ്റിൽ വീണതാവും
വക്കത്ത് കാക്കയിരുന്നപ്പോൾ
നിറതൊട്ടി മറിഞ്ഞതാവും
ഞാൻ അമർന്നിരുന്നു.
വെള്ളത്തിൽ
ഉണ്ണിക്കുംഭയുമായി
കമിഴ്ന്ന് പൊന്തിക്കിടന്ന
പന്ത്രണ്ട് വയസ്സുള്ള ഉടൽ
അപ്പോൾ മുതൽ
എന്റെ നേരെ കൈനീട്ടി
ഞാൻ നീട്ടുമ്പോൾ കൈ വലിച്ച്
കളിക്കുന്നു.
അയലത്തെ സമപ്രായക്കാരി
നിഷ്ക്കർഷയോടെ സാരിയുടുത്ത ദിവസം
അതേ സാരി വാരിവലിച്ചുടുത്ത്
അടച്ചിട്ട വാതിലിലൂടെ
ഇരവിലവളകത്ത് വരുന്നു
എത്തുമായിരുന്നിടങ്ങളിൽ നിന്ന്
പുതിയ പുതിയ വിശേഷങ്ങളുമായി
പറഞ്ഞു മതിയാവാത്ത ഒച്ചയിൽ വിളിക്കുന്നു.
എന്നിട്ടും മതിവരാതെ
എന്നെപ്പോലും കബളിപ്പിച്ച്
ചിലപ്പോൾ ഞാനതേയിരിപ്പിൽ.
വിനാശത്തിന്റെ
വിരുന്നുമുറിയിലെ
സുഖം മുറ്റിയ ഇരിപ്പിൽ.
ശേഷിച്ചതും കൂടി
നഷ്ടപ്പെടണ്ടേ!
ചേട്ടയുടെ മുലയിൽ നിന്ന്
മുഖമെടുക്കാനാവില്ല.
========================

അത്യാനന്ദം /വൈലോപ്പിള്ളിൽ ശ്രീധരമേനോൻ


പുസ്തകം മറിച്ചു ഞാൻ
കിടക്കെ,യരികത്തു
മെത്തയിലിരുന്നു നീ
പുഞ്ചിരിച്ചെന്നോടോതി:

'ഞാനൊന്നു ചോദിക്കട്ടെ,
നാമൊത്തു ചേർന്നി,ട്ടേറ്റ-
മാനന്ദം ഭവാൻ കണ്ട-
തേതൊരു മുഹൂർത്തത്തിൽ?'
അലസം പറഞ്ഞു ഞാൻ,
'എപ്പൊഴും' 'അതു പറ്റി,-
ല്ലനവദ്യമാനന്ദ-
മാസ്വദിച്ചതാ,ണെപ്പോൾ?'
സാവധാനമായ്‌ ചൊന്നേൻ,
ശരിയാ,ണൊരു മുവ്വാ-
ണ്ടായ്‌ വരും,മിഥുനത്തിൽ
പാതിരാവിനുശേഷം
ഇടിയും കൊടുങ്കാറ്റും
മാരിയുമുലകത്തെ-
ക്കിടിലം കൊള്ളിച്ചുഗ്രം
വേരോടെയുലയ്ക്കുമ്പോൾ
ഉണർന്നു കിടന്നു ഞാൻ
വലംകൈപ്പടമൊരു
കുനുന്തു ചിറകുപോ-
ലെൻ മാറിലണച്ചു നീ
ശ്വസിച്ചൂ ശാന്തം ഗാഢ-
നിദ്രയിൽ;പുറത്തട്ട-
ഹസിച്ചു ഭൂതങ്ങൾ ത-
ന്നുന്മാദം തകർക്കവേ,
ഇക്കിടക്കയിൽ കൂട്ടിൽ
കിളിക്കുട്ടികൾ പോലെ
നിഷ്കളങ്കമായ്‌ സ്നേഹ-
വിശ്വാസ നറും ചൂടു
പകർന്നു കിടന്നു നാം,
പ്രകൃതിക്ഷോഭത്തിന്റെ
പകയേശാതേ സ്വസ്ഥം,
സംതൃപ്തം സുരക്ഷിതം.
പറഞ്ഞേ,നാരോടെന്നി-
ല്ലാതെ ഞാൻ കൃതജ്ഞത-
യറിഞ്ഞേനാത്മൈക്യം,ഞാ-
നഭയ,മത്യാനന്ദം.
ചിരിച്ചു കൊണ്ടേ കൊഞ്ചീ,
'പാവമേ പാവം!' നീ,യെൻ-
ശിരസ്സു മാറിൽച്ചേർത്തു
തഴുകീ മന്ദം മന്ദം.
----------------------------------

Saturday, May 16, 2015

മിണ്ടാപ്രാണി / വീരാന്‍കുട്ടി


ചത്തവര്‍ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്
വലിയ സൗകര്യം തന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല.
മോര്‍ച്ചറിയില്‍ ചുറ്റിക വെച്ച് തലയോട്ടി തകര്‍ക്കുന്നയാള്‍ക്ക്
അതൊരു മനുഷ്യന്‍റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയില്‍ മെറ്റലടിക്കുന്ന
പയ്യനു കാണും
അതിനേക്കാള്‍ ശ്രദ്ധ,അലിവ്.
തലച്ചോറും കരളുമെല്ലാം
വാരി വയറ്റിലിട്ട്
തുന്നിക്കെട്ടുന്നതു കാണണം
സ്കൂള്‍ കുട്ടികള്‍ അതിലും നന്നായി
കീറിയ പന്ത് തുന്നും.
നിരാലംബരെ ആര്‍ക്ക് എന്താണ് ചെയ്തുകൂടാത്തത്?
മുറ്റത്തെ പന്തല്‍ കണ്ടാലറിയാം
മരിച്ച വീടിനെ.
പഴകി നരച്ച,ചെറിയ ഒരു താര്‍പ്പായ
ആരെങ്കിലും കൊണ്ടുവരും
ഏണും കോണുമൊക്കാതെ
വലിച്ചുകെട്ടിപ്പോകും മറ്റൊരാള്‍.
ചോദിക്കേണ്ടയാള്‍ ഇപ്പോള്‍
ഇല്ലല്ലോ എന്ന ധൈര്യത്തിലാണ്
കുട്ടികളുടെ കളിപ്പന്തല്‍
ഇതിനേക്കാള്‍ എത്ര ഭേദം!
ചമഞ്ഞു കിടക്കാനുള്ള
അവസാന അവസരമായിരുന്നില്ലേ?
രണ്ടു കഷ്ണം വെള്ളയില്‍
അത് തീര്‍ത്തു കളഞ്ഞു.
കല്യാണത്തിന് എന്തുമാത്രം
ചമയങ്ങളായിരുന്നു!
വീട്ടില്‍ വരുന്നവരെ
സല്‍ക്കരിച്ചല്ലാതെ വിടുമായിരുന്നില്ല.
എന്നിട്ടെന്ത്?
അവസാനമായി ഒന്നു കാണാന്‍ വന്നവര്‍ക്ക്
തുള്ളിവെള്ളം കൊടുത്തില്ല
ഒന്നിരിക്കാന്‍ പറഞ്ഞില്ല.
കുഴി വെട്ടുമ്പോള്‍
ഒന്നു തിരിഞ്ഞു കിടക്കാനുള്ള
തുറസ്സെങ്കിലും വെച്ചാലെന്ത്?
എത്ര കാലത്തേക്കുള്ള കിടപ്പാണെന്നാര്‍ക്കറിയാം?
എന്നാല്‍
പോയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്‍റെ അന്ന്.
അരുതെന്ന് അയാള്‍ വാശിവെച്ചതൊക്കെയും
അയാളുടെ പേരില്‍ ചെയ്യുന്നതിന്‍റെ
തിരക്കിലാണേവരും.
വെറുതെയല്ല മരിച്ചവര്‍
തിരിച്ചു വരാത്തത്!
-----------------------------------------------

Thursday, May 14, 2015

മരിച്ചവന്റെ ഓർമ്മപ്പുസ്തകം / ഹൻലല്ലത്ത്

മരിച്ചവന്റെ ഓര്മ്മ ദിനത്തിൽ
അവനിഷ്ടമുള്ള ഭക്ഷണമോ
ഇഷ്ടമുള്ള നിറങ്ങളോ
ഇഷ്ടമുള്ള പാട്ടുകളോ
ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ

വെറുപ്പിനെക്കാൾ
വെറുത്തു പോയ
ചില ചിരികളിൽ
അവന്റെ ഓര്മ്മ
പല്ലിടയിൽ കുടുങ്ങും

ഇട്ടേച്ച് പോയ കടങ്ങളെ
പൂർത്തിയാക്കാത്ത
വീടു പണിയെ
കൊടുക്കാമെന്നേറ്റ
സ്ത്രീധന ബാക്കിയെ
വാക്കത്തി വാക്കുകളാൽ
മുറിച്ച് മുറിച്ച്....

പൊട്ടിപ്പോയ കളിപ്പാട്ടങ്ങളിൽ
പാതി നിറുത്തിയ കഥയിൽ
തരാമെന്നേറ്റ സമ്മാനങ്ങളിൽ
ഒരു കുട്ടി...

ആരും സ്നേഹിക്കാനില്ലാത്ത
കുഴിമാടം
ഓരോ വസന്തത്തിലും
മച്ചിയുടെ അടിവയറ് പോലെ
തുടിക്കും

നെഞ്ചിലേക്ക് ഇലകലടർത്തി
മരമതിന്റെ
തണലിനാൽ തലോടും.
കാട്ടു ചെടികൾ
ഓര്മ്മകളെ,
ജീവിച്ചു തീരാത്ത ചിലതിനെ
നീട്ടിനീട്ടി വിളിക്കുന്നുണ്ട്

തിരഞ്ഞു വരാനാളില്ലാത്ത
താഴ്വാരങ്ങളിലേക്ക്
ഓരോ രാവിലും
മണ്ണറ തുറന്ന് യാത്ര പോകുന്നു.

മൂടിപ്പുതച്ച മഞ്ഞു മാറ്റി
താഴ്വാരം
ശിരസ്സിൽ ചുണ്ടു ചേർക്കുന്നു
ഒരാളും ചുംബിക്കാത്ത
കണ്പോളകളെ
ഇക്കിളിപ്പെടുത്തുന്നു.

രാത്രി തീർന്നു പോകല്ലേയെന്ന്
നെഞ്ചിടിപ്പോടെ
ഓടിക്കൊണ്ടേയിരിക്കുന്നു.

ഒരിക്കലും കേട്ടിട്ടില്ലാത്ത
വിദൂര ഗ്രാമങ്ങളിലേക്ക്
എത്തിപ്പെടും മുമ്പേ
ക്രൂരമായ ചിരിയോടെ
വെളിച്ചം കോരിയൊഴിച്ച്
രാത്രി, കടന്നു കളയുന്നു.

ഏകാകിയുടെ
ഗാനങ്ങളിൽ
മരണത്തിന്റെ തണുപ്പ്.
തൊട്ടു നോക്കൂ
മടുപ്പ് പുതച്ച് മരണമുറങ്ങുന്നു

നെഞ്ചിലാകെ
വിരലോടിച്ച് രസിക്കുന്നു
ആരും കൊതിക്കുന്ന
നീലക്കണ്ണുള്ള മരണം

നോക്കൂ
വേരടർന്നുപോയ മരച്ചുവട്ടിൽ
നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ
കാത്തു കാത്ത്
ഒരു പെണ്‍കുട്ടി

ഓരോ വാക്കിലും
മണ്ണിനടിയിൽ നോവും
നോവിൽ ചൂട് പകർന്ന്
ദൂരെ ദൂരെ
അവന്റെ ഓർമ്മയിൽ
ഒരുവൾ മാത്രം കരയും

കരയാൻ മാത്രമൊന്നും
പറഞ്ഞില്ലല്ലോയെന്ന്
ഒരു നെഞ്ച് നോവുമ്പോഴും
കുഴിമാടം തിരഞ്ഞു തിരഞ്ഞ്
ജീവിതത്തെ
വകഞ്ഞു മാറ്റുകയാവും
ഒരേ ഒരുവൾ....

അന്നേരമാകും
മരിച്ചിട്ടും
മരിക്കാൻ കൊതിച്ച് പോകുന്നത് .
------------------------------------------

രോഗം / സച്ചിദാനന്ദന്‍



ഞാന്‍ എന്റെ രോഗവും ചുമന്ന്
അനേകം വൈദ്യന്മാരെ കണ്ടു
ഒരാള്‍ക്കും അതിനു പേരിടാനായില്ല .
ഒന്നാമന്‍ പറഞ്ഞു :
'തകരാറ് ഹൃദയത്തിനാണ്
സ്നേഹം ലഭിക്കാത്തതാണു കാരണം.
സ്നേഹം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കണം '
രണ്ടാമന്‍ പറഞ്ഞു :
' തകരാറ് തലച്ചോറിനാണ്
ഓര്‍മ്മക്കുറവാണു കാരണം.
ഓര്‍മ്മ ധാരാളമുള്ള മൃഗങ്ങളുടെ
സൂപ്പുകള്‍ കഴിക്കണം '
മൂന്നാമന്‍ പറഞ്ഞു:
'തകരാറ് ഉദരത്തിനാണ്
അഗ്നിമാന്ദ്യമാണു കാരണം.
അഗ്നി ധാരാളമുള്ള വാക്കുകള്‍ കഴിക്കണം'
ഞാന്‍ എല്ലാം ചെയ്തുനോക്കി.
രോഗം വര്ദ്ധിച്ചതേയുള്ളൂ.
ലക്ഷണങ്ങള്‍ കേട്ട അഷ്ടവൈദ്യന്‍ പറഞ്ഞു:
' ഇതെല്ലം ജീവിതത്തിന്റെ ലക്ഷണങ്ങളാണ്
രോഗി ജീവിച്ചിരിക്കുന്നു '
ലക്ഷണങ്ങള്‍ കേട്ട അപ്പോത്തിക്കരി പറഞ്ഞു:
' ഇതെല്ലാം മരണത്തിന്റെ ലക്ഷണങ്ങളാണ്
രോഗിയെ മറവു ചെയ്യാം '
ഇപ്പോള്‍
സൂര്യനുദിക്കുമ്പോള്‍ ഞാന്‍ മരിക്കുന്നു
തണുത്ത ഉടലും നിലച്ച ഹൃദയവുമായി
ഞാന്‍ നരകത്തിന്റെ തെരുവുകളിലൂടെ
നടക്കുകയും സ്വര്‍ഗ്ഗത്തിന്റെ ഭാഷ
സംസാരിക്കുകയും ചെയ്യുന്നു,
ചന്ദ്രനുദിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നു
ഊഷ്മളമായ ഉത്കണ്ഠകളും
സ്പന്ദിക്കുന്ന സ്വപ്നങ്ങളുമായി
ഞാന്‍ ഭൂമിയിലൂടെ നടക്കുന്നു ;
യുവാക്കളുടെ ചോര തേടി,
എനിക്കു ജീവിക്കാവുന്ന
പകയില്ലാത്ത ഒരു പകലുണ്ടാക്കാന്‍
ഏവര്‍ക്കും ജീവിക്കാവുന്ന
രോഗമില്ലാത്ത ഒരു ഭൂമിയുണ്ടാക്കാന്‍ .

-------------------------------------------------

തനിച്ചല്ല / സുഗതകുമാരി


അരണ്ടവെട്ടത്തിൽ,മഴ കഴിഞ്ഞുള്ളോ-
രിരുണ്ട മങ്ങിയ നനവിൽ,അന്തിതൻ
നിഴലിൽ ഞാനിങ്ങു തനിച്ചിരിക്കുന്നു.

തനിച്ചോ? ചുറ്റുംവന്നിരിക്കയാണെന്നെ-
ക്കരച്ചിലിൽ മുക്കിത്തനിച്ചാക്കിപ്പോയോർ.
തിടുക്കിലിന്നലെയിറങ്ങിപ്പോയോരെ-
ന്നുടപ്പിറപ്പെന്നെ തഴുകി നിൽക്കുന്നു.
അടുത്തുനിൽക്കുന്നു പ്രസന്നനായെന്റെ-
യനുജൻ, ചുണ്ടത്തു ചിരി മായാത്തവൻ.
വിടില്ലെന്നെൻ കരം പിടിക്കുന്നു പ്രിയൻ
മടിയിലോടിവന്നിരിക്കുന്നു മകൻ.
നെറുകയിലുമ്മ തരികയാണമ്മ
കവിത മൂളിക്കൊണ്ടരികിലുണ്ടച്ഛൻ.
ശിരസ്സിൽ കൈ വെയ്പ്പൂ ഗുരുക്കന്മാർ, നിന്നു
ചിരിക്കുന്നു വിട്ടുപിരിഞ്ഞ കൂട്ടുകാർ.
കടലിരമ്പം പോൽ ഗഭീരമെങ്കിലും
ഇടവിടാതെ ഞാൻ തിരിച്ചറിയുന്നു
അവരുടെ പ്രിയസ്വരങ്ങൾ, സ്പർശങ്ങൾ
അവരെൻ നെഞ്ചിലുമുയിരിലും ചുറ്റി
നിറഞ്ഞു നിൽക്കുമീ തണുത്ത സന്ധ്യയിൽ
വിരഹത്താലെല്ലാം ചുടുന്ന സന്ധ്യയിൽ
കരയലില്ലാതെ പിരിയലില്ലാതെ
അവരെത്തൊട്ടുകൊണ്ടിരിക്കയാണു ഞാൻ.
-------------------------------------------------

Sunday, May 10, 2015

അമ്മയെ കുളിപ്പിക്കുമ്പോള്‍ / സാവിത്രി രാജീവന്‍



അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ ‍വേണം.
ഉടല്‍ കയ്യില്‍ നിന്ന് വഴുതരുത്.
ഇളം ചൂടായിരിക്കണം വെള്ളത്തിന്.
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിന മണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്.
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്ന് നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല.
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലില്‍ നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള്‍ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറിവളകള്‍!
ഓര്‍മ്മകള്‍ കൊണ്ട് തിളങ്ങുന്നവ
ഏഴോ,എഴുപതോ, എഴായിരമോ
അതില് നിറഭേദങ്ങള്‍?
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക
അപ്പോള്‍
ഓര്‍മ്മകള്‍ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്‍ന്നു തുടങ്ങും
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വീണുകൊണ്ടേയിരിക്കും.
അപ്പോള്‍
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ....
---------------------------------------------

Friday, May 8, 2015

അഡോണിസിന് സസ്നേഹം / ഒ.എന്‍.വി കുറുപ്പ്‌



അഡോണിസ്! പ്രവാസിയാം
കവേ! നിൻ സ്വന്തം നാടെ-
ന്തകലെ! എന്നാലുമീ
ചക്രവാളങ്ങളോട്
പാടുക! അവയേറ്റെ-
‌ടുക്കും നിന്നാത്മാവിന്റെ
ഗീതികൾ-വിദൂരമാം
നാടുകളവകേൾക്കും!
നൂറന്യമൊഴികളിൽ
തപിച്ചുറഞ്ഞിട്ടവ
ദൂരമാം ദിശകളിൽ
മേഘങ്ങളായിപ്പാടും!
'മാറ്റുവിൻ ചട്ടങ്ങളെ"-
യെന്നതിൻ പൊരുൾ മുല്ല-
പ്പൂക്കൾ വാറ്റിയൊരത്തർ-
മണമായ്‌പ്പരന്നിടും!
തൻപിതാമഹർ നട്ട
പൊന്നൊലീവുദ്യാനങ്ങൾ,
മുന്തിരിത്തോട്ടങ്ങളും
ചെന്നായ്‌ക്കൾ കൈയേറുന്നു
അരുമപ്പെങ്ങന്മാരും
അവർ തൻ പൈതങ്ങളും
അഭയമില്ലാതെങ്ങു-
മുഴറിപ്പായുന്നതും,
ഒരു സൂകരത്തിനെ-
യെന്നപോലീ ഭൂമിയെ
ഒരുപറ്റം പേർ ശ്വാസം
മുട്ടിച്ചുകൊല്ലുന്നതും,
സർവ്വവും സഹിക്കുന്ന
ഭൂമിതൻ ദുഃഖംകണ്ടു
സർവസാക്ഷിയും ധർമ്മ-
രോഷത്താൽ ജ്വലിപ്പതും.
മൂകസാക്ഷിയായ് കണ്ടു
നില്ക്കുവാനരുതാതെ
നീ കടൽപ്പക്ഷിപോലെ
ചീറിപ്പാഞ്ഞുഴറുന്നു!
ഞങ്ങൾക്ക് സ്വാതന്ത്ര്യമ-
ന്ത്രാക്ഷരമോതിത്തന്ന
ഞങ്ങൾതൻ കവി
ജാതനായൊരീ കടൽക്കരെ
വന്നിരിക്കുക! ഒരു
നിമിഷം പങ്കിട്ടീടാം
മണ്ണിനെ, മനുഷ്യനെ
മുൻനിറുത്തുമുൽക്കണ്ഠകൾ!
ഇക്കാട്ടു പൊന്തയ്ക്കുള്ളിൽ
മൂളുന്ന കുരുവിയും
കൊക്കിന്റെ സൂചീമുന-
യാലിരുൾ കീറീടുന്നു!
അഡോണിസ്! പ്രവാസിയാ...
കവേ, യീതീരത്തുനി-
ന്നകലെ ചക്രവാള-
ത്തോടിനിയൊന്നുപാടൂ!
ഏതൊരു നാടും നിന്റെ
നാ,ടെവിടെയും നിന്റെ
ഭ്രാതാക്കൾ; ഇവിടെയീ-
ഞങ്ങളുമെന്നോർക്കുക!

--------------------------------

കാല്‍പ്പനികമല്ലാത്ത പൂച്ച / രേഷ്മ നാരായണൻ



നിങ്ങളും
ചില നായകളും
കരുതിയിരിക്കുന്ന പോലെ
പൂച്ച ഒരേകാധിപതിയല്ല
ഇരപിടുത്തം പോലും
തൊഴിലാക്കേണ്ടി വന്ന
ഒരടിമയാണത്

നിങ്ങളും
ചില ബുദ്ധിജീവികളും
വാദിക്കുന്നത് പോലെ
അതിന്‍റെ കണ്ണില്‍ തിളങ്ങുന്നത്
കാടല്ല
എപ്പോള്‍ വേണമെങ്കിലും
കെണിയില്‍ പെടുത്തിയെക്കാവുന്ന
ഒരു മണിയൊച്ചയോര്‍ത്തുള്ള
പിടച്ചിലാണ്
നിങ്ങളും
ചില കള്ളനാണയങ്ങളും
ആക്ഷേപിക്കുന്നത് പോലെ
പാതിരാത്രികളില്‍
അത് കരയുന്നത്
പ്രേതസാന്നിധ്യം കൊണ്ടല്ല
കയ്യകലത്തില്‍ നിന്ന്
രക്ഷപ്പെട്ടു പോയ
ഒരെലിയോടുള്ള
യാചനകളാണത്
നിങ്ങളും
ചില രാത്രിഞ്ചരന്മാരും
കല്പിച്ചുകൊടുത്ത പോലെ
അതിന്
അത്ര കടുത്ത
കാഴ്ച്ചയൊന്നുമില്ല
എന്തെങ്കിലും കാണാനുള്ള
തുറിച്ചുനോട്ടങ്ങള്‍
ദീര്‍ഘദര്‍ശനങ്ങളായി
വ്യാഖ്യാനിക്കപ്പെട്ടതാണ്
നിങ്ങളും
ചില വീട്ടമ്മമാരും
കുറ്റപ്പെടുത്തുന്നത് പോലെ
അത് മോഷ്ടിക്കാറൊന്നുമില്ല
അടച്ചുവെച്ചത്
തുറന്നുനോക്കാനുള്ള
ബാലിശമായ
കൌതുകമാണത്
നിങ്ങളും
ചില ഒളിഞ്ഞുനോട്ടക്കാരും
പരിഹസിക്കുന്നത് പോലെ
അത് പതുങ്ങിനടക്കുന്നതല്ല
അതിന്‍റെ
പകല്‍നടത്തങ്ങളെ
നിങ്ങള്‍ പരിഗണിക്കാത്തതിനാല്‍
തോന്നുന്നതാണ്
നിങ്ങളും
ചില പിടിക്കപ്പെട്ട കള്ളന്മാരും
അസൂയപ്പെടുന്ന പോലെ
ഓരോ വീഴ്ച്ചയും
നാലുകാലില്‍ ആകുന്നത്
സാമര്‍ത്ഥ്യം കൊണ്ടല്ല
വീഴുന്നു എന്ന് പോലും
നിങ്ങളോര്‍ക്കാത്തതിന്‍റെ
നീരസമാണതിന്
നിങ്ങളും
പിന്നെ ഞാനുമൊക്കെ
വിശ്വസിക്കുന്നത് പോലെ
പൂച്ച
ഒരു പൂച്ചയൊന്നുമല്ല
പൂച്ചയാകേണ്ടി വന്നതിനാല്‍ മാത്രം
പൂച്ചയായിപ്പോയ
ഒരു പൂച്ചയാണത്
---------------------------------------

Wednesday, May 6, 2015

അമ്മമ്മ / വിഷ്ണു പ്രസാദ്


നിലാവല്ല,കഴിഞ്ഞ വേനല്‍ക്ക് മരിച്ചുപോയ
മുകളിലെ വീട്ടിലെ അമ്മമ്മയാണ്
ഈ കുന്നുകള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നത്.
ആകെ വെളിച്ചമാണ് .
എങ്കിലും ആദരസൂചകമായ ഒരു നിശ്ശബ്ദത
പരിപാലിക്കുന്നുണ്ട് മരങ്ങള്‍.
മിന്നാമിനുങ്ങുകളല്ല,
അമ്മമ്മയുടെ കൈകളിലെ മോതിരങ്ങള്‍
പ്ലാവുകള്‍ എല്ലാ വിരലുകളിലും
മാറ്റിമാറ്റിയിട്ട് എന്നെ കാണിക്കുകയാണ്
തൊടിയില്‍ പുതുതായി കുഴിച്ച കുളത്തില്‍
അമ്മമ്മ  ഇറങ്ങിക്കുളിച്ച്
മിന്നാമിനുങ്ങുകളുടെ കൂടെ
കൈതകളുടെയും കവുങ്ങുകളുടെയും ഇടയിലൂടെ
കുന്നുകയറിപ്പോവുകയാണ്.

അമ്മമ്മയുടെ വീടുണ്ട് അവിടെ ഇരുട്ടില്‍ കുന്നിന്‍‌പുറത്ത്.
അമ്മമ്മ തൊടിയില്‍ ഉറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ
ആരും ഉറങ്ങിയിട്ടില്ല അതിന്റെ മുറികളില്‍.
വീടിനു മുന്നിലെ തൊടിയില്‍ അമ്മമ്മ ഒറ്റയ്ക്ക് നടക്കുന്നു
മുറുക്കാന്‍ പൊതിയഴിച്ച് ചവയ്ക്കുന്നു
തൂങ്ങിയ കാതുകളിലെ വളയമെന്ന്
ഒരു ചന്ദ്രന്‍ ആടിത്തുടങ്ങുന്നു.
നീണ്ട കാതുകള്‍
നീണ്ട നീണ്ട കാതുകള്‍
എല്ലായിടത്തു നിന്നും ഇറങ്ങിവന്ന്
അതിന്റെ തണുത്ത അറ്റം എന്നെ മുട്ടുന്നു.
അത്രയും പാവം പിടിച്ച ഉണങ്ങിയ വിരലുകള്‍
എന്നെ തലോടിക്കൊണ്ടിരിക്കുന്നു.
ഉറങ്ങിക്കൂടേ?
എന്തിനാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചോദിക്കുന്നു.
ഉറങ്ങുന്നു.
അതിനിടയില്‍ വീടിനു മുകളിലേക്ക് പടര്‍ന്നുപിടിച്ച
വള്ളിപ്പന്തലില്‍ ഇലകള്‍ക്കിടയിലൂടെ
ഒരു മിന്നാമിനുങ്ങായ്
ഞാന്‍ പറന്നുപോകുന്നു...
---------------------------------------------------

Tuesday, May 5, 2015

ഡാഡി ഒരു ചോക്ലേറ്റായിരുന്നു /എം.ആര്‍.അനിലന്‍


അടി മുതൽ മുടി വരെ
ഡാഡി
ഒരു ചോക്ലേറ്റായിരുന്നു,
കൊക്കോപ്പൊടിയുടെ മണം പൊഴിക്കുന്ന
സ്വർണ്ണക്കൂടിനുള്ളിൽ പൊതിഞ്ഞുവെച്ച
ഒരു ചോക്ലേറ്റ്.

ഒറ്റയ്ക്കിരിക്കുമ്പൊൾ
ഉണ്ണി നുണഞ്ഞു തീർക്കും
രുചികരം ഡാഡിയുടെ വിരലുകൾ
ഹൃദയം, കരൾ ,
തലയോട്ടിയിൽ ഒളിച്ചു പാർപ്പിക്കുന്ന സ്വപ്നങ്ങൾ
ഒക്കെ
പകലിൽ
എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞ്
അലഞ്ഞു തിരിഞ്ഞ്
പിന്നെയും തിരിഞ്ഞ് തിരിഞ്ഞ്
ഡാഡി മടങ്ങി വരുമ്പോൾ
ഉടലിൽ നിന്ന്
കൊക്കോ പൊടിച്ചുണക്കുന്ന മണം പരക്കും
അപ്പോൾ
ഉണ്ണി സ്നേഹമസൃണമായി കടിച്ചെടുക്കും
ഡാഡിയുടെ ചുണ്ടുകൾ
രാത്രിയാവുമ്പോൾ
തണുത്ത വായുവിൽ
ആകാശം കണ്ടുകിടക്കുന്ന സ്വപ്നശിശിരങ്ങളിൽ
അടിമുതൽ മുടിവരെ
ഡാഡി ഒരു ചോക്ക്ലേറ്റായി മാറും.
ഒടുവിൽ
വർണ്ണക്കടലാസിന്റെ പൊതി
മൂലയിലുപേക്ഷിക്കും
വേലക്കാരി അടിച്ചു വാരും
വേസ്റ്റ് ബാസ്കറ്റ് വീർപ്പുമുട്ടിച്ചുമക്കും
നഗര സഭയുടെ വണ്ടിയിൽ
വിലാപയാത്രയായി കൊണ്ടു പോകും
ഗ്രാമത്തിൽ വെച്ച് ആളുകൾ തടയും
ഇവിടെ വേസ്റ്റുകൾ നിക്ഷേപിക്കരുതെന്ന്
പലതരം കയ്യുകൾ
ചുരുണ്ടു ചുരുണ്ട് ആകാശത്തേയ്ക്കുയരും
അപ്പോൾ ഡാഡി ആരാണെന്ന്
ഡാഡിയുടെ കണ്ണുകളിൽ നിന്നു തന്നെ
അത്ഭുതവള്ളികൾ വളരുവാൻ തുടങ്ങും
അവയുടെ ഇലകളുടെ അറ്റത്ത്
കൊഴിഞ്ഞു വീഴണോ എന്നു പരിഭ്രമിക്കുന്ന
സങ്കടങ്ങളുടെ
മെലിഞ്ഞ
മഞ്ഞുതുള്ളികൾ ഉരുണ്ടു കൂടും
ദൂരെ ദൂരെയിരിക്കുമ്പൊഴും എനിയ്ക്കറിയാം
ഡാഡി കരയില്ല
അടിമുതൽ മുടി വരെ
ഡാഡി ഒരു ചോക്ക്ലേറ്റായിരുന്നു
ഉപ്പുരസമുള്ള കടലിനെ പരിചയപ്പെടുത്താൻ
മറന്നു പോയ
ഒരു രുചി
------------------------------------

അതിരുകൾ / ഷംസ്‌ കീഴാടയിൽ


ഒരു തൂക്കുപാത്രം നിറയെ പായസം
ഒരു സഞ്ചി നിറയെ മാമ്പഴങ്ങൾ
നബീസേന്ന്
വേലിക്കുത്ത്‌ പിടിച്ച്‌ അടുക്കളയിലേക്ക്‌
അമ്മമ്മക്കൊരു നീട്ടി വിളിയുണ്ട്‌.

അടുപ്പിലെ കൊള്ളിയൊന്ന്
നീക്കി വെച്ച്‌ ഉമ്മ
വേലിക്കൽ ഹാജരാവും.
പിന്നെ,
അതിരുകൾ ഇല്ലാതാവും
നാടൊട്ടുക്കും രണ്ടുപേരും ഉലാത്തും
പണ്ടൊക്കെ എന്നു പറഞ്ഞു തുടങ്ങി
തീരാത്ത തീരാത്ത കഥകൾ പറഞ്ഞ്‌
നേരം സന്ധ്യ മയങ്ങും.
'ആ പെണ്ൺ വിളക്കു വെച്ചോ ആവോ'
അമ്മമ്മ വേവലാതിപ്പെടും
വാങ്ക്‌ കൊടുക്കാറായീന്ന്
ഉമ്മ ബേജാറാവും.
ന്നാ ഞാൻ പോട്ടേ ന്ന്
അമ്മമ്മ പിരിയുമ്പോൾ
നിക്കീം മ്മരത്തെ പുളിമ്മല് ത്തെ
പുളിങ്ങ ത്തിരി കൊണ്ടൊയ്ക്കോളീം
ന്നുമ്മ സ്നേഹം പറയും.
നീണ്ട്‌ വളഞ്ഞു പുളഞ്ഞു കിടക്കുന്ന
വേലിയപ്പോൾ ഒരു പുഴയാവും
ഞങ്ങൾ അരുവികളെല്ലാം
ആ പുഴയിൽ ചേരും
അതിൽ ഒരു തോണിയുണ്ടാവും
കളിച്ചും ചിരിച്ചും രണ്ട്‌ ജീവിതങ്ങൾ
തുഴഞ്ഞു പോവും.
ഇപ്പോൾ,
ആരൊക്കെയോ പുഴയിലെ
മണൽ കടത്തി
പുഴ വറ്റി
അതിരുകൾക്കുള്ളിൽ തന്നെ
അരുവികൾ മരിച്ചു വീണു.
ഞാനീ നീരില്ലാ കടവിൽ
വെറും ഒരു തുഴ പിടിച്ചു നിൽപ്പാണ് .
-------------------------------------

അറവ് / ജോയി കെ പട്ടുവം


അറവുശാലയിൽ
ഊഴം കാത്തിരിക്കുന്ന മൃഗത്തിന്
ഒരു സ്വപ്നമുണ്ട്.
വാൾ ഉയരുന്ന നിമിഷത്തിൽ
രക്ഷകനായ് വരുന്നവനെ.

കൊല പവിത്രമാകുന്നത്
കത്തിയുടെ വായ്ത്തല പോലെ
തിളക്കമേറിയ പ്രാർത്ഥനകളിലും..
വേദനയുടെ ആഴങ്ങളിൽ
ചുടുചോരയൊഴുകുമ്പോൾ
അറവുകാരൻ മാറിയാലും
മൃഗം ഒന്നുതന്നെയല്ലേ..
അവസാനശ്വാസത്തിൽ
കാതുകളിൽ മുഴങ്ങിയ
മന്ത്രധ്വനിയുടെ അർത്ഥമെന്തെന്ന്
ചിന്തിക്കാതിരുന്ന മൃഗത്തിന്
പരലോകസുഖം ലഭിക്കാൻ
അതിഥികൾക്ക് ആദ്യം വിളമ്പുക.
 ----------------------------------

Sunday, May 3, 2015

ആകത്തുക / കടത്തനാട്ട്‌ മാധവിയമ്മ


കൂട്ടാം കുറയ്ക്കാം പെരുക്കാം,മന-
സ്സൊത്ത പോൽ നീക്കാം നിരക്കാം
ആകത്തുകയൊന്നു മാറ്റാൻ,പക്ഷെ-
യാകാ,നിനക്കു മനുഷ്യാ!
വിണ്ണിന്നഗാധത താണ്ടാം,പൂർണ-
ചന്ദ്രനിൽ പൊൻ കൊടിനാട്ടാം
മണ്ണിന്റെ മാറു പിളർക്കാം,പുത്തൻ
പൊന്നു വിളയിച്ചെടുക്കാം
ലോകമുരുട്ടിച്ചുരുട്ടി,യൊരു-
നാരങ്ങ പൊലെ പിടിക്കാം.
ശബ്ദതരംഗമൊതുക്കി നീയൊ-
യൊരത്ഭുതലോകമൊരുക്കാം.
നീ മരിച്ചാലുമീമണ്ണിൽ, നിന്റെ
നാദതരംഗം മുഴങ്ങാം.
ഗോളാന്തയാത്രികാ,ആകാ,നിന-
ക്കാകത്തുകയൊന്നു മാറ്റാൻ
ഉള്ളതിലൽപ്പം കുറയ്ക്കാൻ, സ്വതെ-
യുള്ളതിലിത്തിരി കൂട്ടാൻ.
---------------------------------