Friday, May 8, 2015

അഡോണിസിന് സസ്നേഹം / ഒ.എന്‍.വി കുറുപ്പ്‌



അഡോണിസ്! പ്രവാസിയാം
കവേ! നിൻ സ്വന്തം നാടെ-
ന്തകലെ! എന്നാലുമീ
ചക്രവാളങ്ങളോട്
പാടുക! അവയേറ്റെ-
‌ടുക്കും നിന്നാത്മാവിന്റെ
ഗീതികൾ-വിദൂരമാം
നാടുകളവകേൾക്കും!
നൂറന്യമൊഴികളിൽ
തപിച്ചുറഞ്ഞിട്ടവ
ദൂരമാം ദിശകളിൽ
മേഘങ്ങളായിപ്പാടും!
'മാറ്റുവിൻ ചട്ടങ്ങളെ"-
യെന്നതിൻ പൊരുൾ മുല്ല-
പ്പൂക്കൾ വാറ്റിയൊരത്തർ-
മണമായ്‌പ്പരന്നിടും!
തൻപിതാമഹർ നട്ട
പൊന്നൊലീവുദ്യാനങ്ങൾ,
മുന്തിരിത്തോട്ടങ്ങളും
ചെന്നായ്‌ക്കൾ കൈയേറുന്നു
അരുമപ്പെങ്ങന്മാരും
അവർ തൻ പൈതങ്ങളും
അഭയമില്ലാതെങ്ങു-
മുഴറിപ്പായുന്നതും,
ഒരു സൂകരത്തിനെ-
യെന്നപോലീ ഭൂമിയെ
ഒരുപറ്റം പേർ ശ്വാസം
മുട്ടിച്ചുകൊല്ലുന്നതും,
സർവ്വവും സഹിക്കുന്ന
ഭൂമിതൻ ദുഃഖംകണ്ടു
സർവസാക്ഷിയും ധർമ്മ-
രോഷത്താൽ ജ്വലിപ്പതും.
മൂകസാക്ഷിയായ് കണ്ടു
നില്ക്കുവാനരുതാതെ
നീ കടൽപ്പക്ഷിപോലെ
ചീറിപ്പാഞ്ഞുഴറുന്നു!
ഞങ്ങൾക്ക് സ്വാതന്ത്ര്യമ-
ന്ത്രാക്ഷരമോതിത്തന്ന
ഞങ്ങൾതൻ കവി
ജാതനായൊരീ കടൽക്കരെ
വന്നിരിക്കുക! ഒരു
നിമിഷം പങ്കിട്ടീടാം
മണ്ണിനെ, മനുഷ്യനെ
മുൻനിറുത്തുമുൽക്കണ്ഠകൾ!
ഇക്കാട്ടു പൊന്തയ്ക്കുള്ളിൽ
മൂളുന്ന കുരുവിയും
കൊക്കിന്റെ സൂചീമുന-
യാലിരുൾ കീറീടുന്നു!
അഡോണിസ്! പ്രവാസിയാ...
കവേ, യീതീരത്തുനി-
ന്നകലെ ചക്രവാള-
ത്തോടിനിയൊന്നുപാടൂ!
ഏതൊരു നാടും നിന്റെ
നാ,ടെവിടെയും നിന്റെ
ഭ്രാതാക്കൾ; ഇവിടെയീ-
ഞങ്ങളുമെന്നോർക്കുക!

--------------------------------

No comments:

Post a Comment