Sunday, May 31, 2015

 ഇടതുകൈ / വീരാന്‍കുട്ടി

കൈകളില്‍ ഞാന്‍ ഇടത്തേത്
ഇക്കാലം ശരിക്കും ഇടത്തുനില്‍ക്കുന്ന ഒരാള്‍ക്ക്
എന്തുസംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
പിറക്കുമ്പോള്‍ വലതു കൈയുമായി എനിക്ക്
വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
ഇന്നെനിക്കു അതിന്റെ അത്രയും പേശീബലമില്ല,
എഴുന്നുനില്‍ക്കുന്ന ഞരമ്പുകളില്ല,
തഴമ്പില്ല,
കണ്ടാല്‍ പാവംതോന്നുന്ന ഒന്നായി ഞാന്‍.
ഒന്നു കൈകൊടുക്കാന്‍,
ചോറിനൊപ്പം കുഴയാന്‍,
വിരല്‍ ചൂണ്ടാന്‍,
അരുതെന്നു വിലക്കാന്‍,
കൊടിയേന്താന്‍
ഇഷ്ടമില്ലാഞ്ഞിട്ടല്ല;
ഉദ്യമിക്കാഞ്ഞിട്ടുമല്ല.
കാര്യങ്ങള്‍ കൈയേല്‍ക്കാന്‍ അവസരം വരുമ്പോഴെല്ലാം
വലതുകൈ ചാടിവീണ് അതു ചെയ്തിരിക്കും
തന്നെപ്പോലെ ഒരുകൈ കൂടെയുണ്ടെന്ന പരിഗണനയേയില്ലാതെ,
ഓര്‍മപോലുമില്ലാതെ,
ഒറ്റക്ക്.
യോഗ്യത ഇല്ലാഞ്ഞിട്ടാവും
ഓര്‍ക്കാതെ കൊടുത്തുപോയ കൈ,
വെച്ചുനീട്ടിയ കൈനീട്ടം
തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്
ക്ഷമ പറഞ്ഞിട്ടുണ്ട്.
കുറ്റം പറയരുതല്ലോ
പൊങ്ങാത്ത ചില ഭാരങ്ങള്‍ക്ക്,
തീരാത്ത ചില വേലകള്‍ക്ക്
എന്നെയും സഹായത്തിനു കൂട്ടാറുണ്ട്
ഇട്ടുപൊട്ടിക്കരുത്...
ആഞ്ഞുവലിച്ചോളണം...
എന്നെല്ലാമുള്ള കല്‍പനസഹിതം.
എന്നാല്‍ ഒന്നുണ്ട്,
ചില പണിക്ക് ഈ ഇടതുകൈ കൂടിയേതീരൂ
മണ്ണില്‍ വീണതു പെറുക്കാന്‍
വിസര്‍ജ്യം കഴുകാന്‍,
ചത്തപാമ്പിനെ എടുക്കാന്‍.
ശുദ്ധാശുദ്ധത്തിന്റെ കാര്യമാണേ,
അഭിമാനത്തിന്റെ പ്രശ്‌നമാണേ.

ഇടത്തായിപ്പോയി എന്നതുകൊണ്ടുമാത്രം
തരംതാഴ്ത്തപ്പെട്ട് തരംതാഴ്ത്തപ്പെട്ട്
അവഗണിക്കപ്പെട്ട് അവഗണിക്കപ്പെട്ട്
എനിക്കു മതിയായി.
എങ്കിലും ചെറിയ ശബ്ദത്തില്‍ ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ;
ഇടത്തുതന്നെ തുടരുന്നതിലുള്ള എന്റെ അഭിമാനം
ആര്‍ക്കും അടിയറവെക്കാനൊന്നും ഉദ്ദേശിക്കുന്നിെല്ലന്നേ..
നിങ്ങള്‍ വിചാരിച്ചപോലെ മടിയില്‍കിടന്ന്
പാവം കുഞ്ഞിനെപ്പോലെ ഉറങ്ങുകയൊന്നുമല്ലെന്നേ ഞാന്‍
ഒരിടതുകൈയനില്‍ ചെന്നുപിറക്കാനുള്ള എന്റെ ഉറച്ചസ്വപ്‌നം
അണയാതെ സൂക്ഷിക്കാന്‍ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്?
-----------------------------------------------------------------

 

No comments:

Post a Comment