Sunday, May 24, 2015

ചാക്കാല / കടമ്മനിട്ട


അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.
--------------------------------------------

No comments:

Post a Comment