Tuesday, September 13, 2022

പുറമ്പോക്ക്/കൃപ അമ്പാടി



ഒരു സാധാരണ ജീവിതം മതി.

റോട്ടുവക്കത്തെ 
പുളിമരച്ചോട്ടിൽ പെയ്യുന്നത്
കൊക്ക് തൂറിത്തുളച്ച
ടാർപ്പായിലൂടെ
തൂങ്ങിയിറങ്ങിയ ഉളുമ്പുമഴ.
അകത്ത് 
മഴകാഞ്ഞ് നിന്നവൾ
വിയർത്തും വിറങ്ങലിച്ചും
തുടകൾ അടുപ്പിച്ചും
വെണ്ണീറുകുതിർന്ന
അടുപ്പുകുഴിയിലേക്ക്
കീറപ്പാവാട പിഴിഞ്ഞുതോർത്തി.

മഴ തേനാണ് പാലാണ്
കോപ്പാണ്.
മാനത്തിനും മണ്ണിനുമിടയിൽ
വിരി വലിച്ചുകെട്ടിയവർക്ക്
ഓലിയിലൂടൊലിച്ചിറങ്ങിയാൽ മാത്രം
കുടിച്ചുമരിക്കാവുന്ന മത്താണത്.

ഒരു സാധാരണ ജീവിതം മതി.

പറമ്പില്ലാത്തവന്റെ
ഇല്ലായ്മയിലേക്ക്
കൊക്കുരുമി വീശുന്നത്
പറന്നുപോകാൻ
നല്ലൊരടിവസ്ത്രം പോലും
അയയിൽ ഇല്ലാത്തതിന്റെ
തെറിക്കാറ്റ്.
പുറത്ത്
കാറ്റുനോക്കി നിന്നവൻ
ഒരു കരിയിലപോലും
പറന്നകലാതെ വാരി
നിറച്ചൊരുനിധിച്ചാക്ക് കെട്ടിയത്
ഓടമണക്കുന്ന 
ഒരു രാത്രി പുകയാൻ.

കാറ്റ് കുളിരാണ് കനവാണ്
തേങ്ങയാണ്.
ആരാന്റെ പറമ്പിൽ
അവനുമാത്രമായി
ഒടിഞ്ഞുവീഴുന്ന ചുള്ളിലുകൾ
പെറുക്കിക്കൂട്ടാനാവാത്ത
സ്വപ്നങ്ങൾക്കുമപ്പുറം
അന്തിക്കഞ്ഞിക്ക് തീയാവേണ്ട
നക്ഷത്രങ്ങളാണ്.

ഒരു സാധാരണ ജീവിതം മതി.

ചൂടാനൊരു ചേമ്പിലയില്ലാത്ത
മണ്ണുണ്ണിക്ക്
ചിരട്ടയിൽ ചുട്ടൊരപ്പം ഉണ്ണാൻ ,
കുതിരാത്ത ഒരു മൺങ്കട്ട
തെരുവിൽ ബാക്കിവെയ്ക്കാതെ
പെരുവഴിക്കാലം തനിച്ചാക്കി.

കുട്ടിക്കാലം സുന്ദരമാണ് സുരഭിലമാണ്
മണ്ണാങ്കട്ടയാണ്.
കളിക്കോപ്പില്ലാത്തവന്റെ
മൂട് കീറിയ കളസത്തിലൂടെ
എത്തിനോക്കുന്ന
രണ്ട് കുഞ്ഞിച്ചന്തികൾ 
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
കളിനിർത്തി തിണ്ണനിരങ്ങി.

ജീവിതം പളുങ്കാണ് പാത്രമാണ്
പിണ്ണാക്കാണ്.
ചില മനുഷ്യർ മാത്രം
വായിക്കപ്പെടാത്തത്
ആർക്കും മനസ്സിലാകാത്തവിധം
കുത്തിക്കുറിക്കപ്പെട്ടതുകൊണ്ടല്ല .
വായിക്കാൻ
കാത്തുനിൽക്കാതെ
കനംകുറഞ്ഞ അക്ഷരങ്ങൾപേറി
പിടിതരാതെ 
കാറ്റടിച്ച്
ഓടയിൽവീണ്
മഴനനഞ്ഞ് കിടക്കുന്ന
ഒരു മഞ്ഞനോട്ടീസ്
ആവുന്നതുകൊണ്ടാണ് .

ഈ എഴുത്തിലെങ്ങും 
ഞാനില്ലെന്ന് വരുത്താൻ
കക്ഷം കീറിയ ബ്ലൗസിനുമുകളിൽ
തിളങ്ങുന്ന ഷാൾ പുതച്ച്
ഒരു സെൽഫിയെടുത്ത്
നിങ്ങൾക്കയച്ച്
ഞാൻ സൗകര്യക്കാരിയാവുന്നു

ഓറഞ്ചുമണം/സെറീന

ആരും തിരിച്ചറിയാത്തൊരിടം
അതായിരുന്നു അയാൾക്ക്
ഇറങ്ങേണ്ട സ്റ്റേഷൻ.

കോളറിനുള്ളിലെ
തയ്യൽക്കടപ്പേരോ
ഇടംകൈയ്യിലെ തീപ്പൊള്ളൽ പാടോ
ഒറ്റു കൊടുക്കരുതെന്ന് കരുതി
ദൂരം ദൂരമെന്നയാൾ കിതച്ചു കൊണ്ടിരുന്നു

അറിയാത്ത ഒരു നാട്ടിലെ
അടിയൊഴുക്കുള്ള ഏതോ നദി
അയാളിലൂടെ കുതിച്ചു.

എല്ലാ ഭാരവുമൊഴിഞ്ഞു. 
ജലപ്പരപ്പിൽ തൂവലായി
മാറുന്ന ദേഹമോർത്തയാൾ
കലങ്ങിത്തെളിഞ്ഞു

തീവണ്ടിയിൽ
മരിച്ചവരും
ജീവനുള്ളവരും
ഇടകലർന്നിരുന്നു

യാത്ര പോവുകയാണ്‌
എന്നെഴുതി വെച്ച കത്തിലെ
അവസാന വരി
എന്തായിരുന്നുവെന്ന് അയാൾ
വെറുതേ ഓർത്തു നോക്കി

ഈ വിലാസത്തില്‍
അങ്ങനെ ഒരാളില്ലെന്ന്
തെര്യപ്പെടുത്തിയാലും
ഇനിയും വന്നേക്കാവുന്ന കത്തുകൾ
അയാളെയുമോർത്തു കാണണം

അരികിലിരുന്ന് മധുര നാരങ്ങ
തിന്നുന്ന പെൺകുട്ടി
അയാളെ നോക്കി
നടന്നു തളര്‍ന്ന ഒരാള്‍ക്ക്
കൈകളിലേക്ക്
വെള്ളം പാർന്നു കൊടുക്കുന്നതു പോലെ
അവളുടെ നോട്ടം

കൈത്തണ്ടയിൽ
സ്പ്രിംഗ് പോലെ ചുറ്റിച്ചുറ്റി
കിടന്ന പല നിറത്തിലെ ഒറ്റവള,
ഈ കാലത്തിലേതല്ലെന്ന്
അയാൾക്ക് തോന്നി

എണ്ണ പുരട്ടി പരത്തി ചീകിയ
അവളുടെ മുടി ആ തോന്നലുറപ്പിച്ചു
പാഞ്ഞു പോകുന്ന വണ്ടിയിൽ
അവൾ ഓറഞ്ചു മണം നിറച്ചു

തീർന്നു പോയ അവസാന
അല്ലിയിലെ ഒടുവിലെ
തുള്ളിയെ പിന്നെയും പിന്നെയും
നുണയുന്ന അവളെ നോക്കിയിരിക്കേ

തലമൂടുന്ന മുഷിഞ്ഞ കോട്ടിനുള്ളിൽ
പീള കെട്ടിയ വെള്ളക്കണ്ണിൽ
വറ്റാത്ത ചിരിയോടെ
മരണമെന്നൊരാൾ
വേഗം നടന്നു മറയുന്നത്
മിന്നായം പോലെയാൾ കണ്ടു

കണ്ണിലേക്കു പിഴിഞ്ഞ് തെറിപ്പിക്കുന്ന
ഓറഞ്ചു തൊലിയുടെ നീറ്റൽ പോലെ
പൊടുന്നനേ കരുണയാലയാൾക്ക്
കരച്ചിൽ വന്നു.

നൃത്തശാല/വിഷ്ണുപ്രസാദ്

പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ...
ഭാഗ്യവശാൽ അതുണ്ടായില്ല.

(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)

അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.

(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )

അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.

ഓടുന്ന ബസ്സിൽ
'ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു 'എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.

പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.

എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
'ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?'

Monday, September 5, 2022

അവസാനത്തെ യുദ്ധത്തിലായിരുന്നുഎൻ്റെ കാട്ടുമരുന്ന് തീർന്നത് /സുകുമാരന്‍ ചാലിഗദ്ധ



എൻ്റെ മക്കൾ 
വീട്ടിലെ പാത്രങ്ങൾക്ക്
സ്വന്തമായി  പേരിട്ടു വെച്ചിട്ടുണ്ട് .

അവർ  അവരുടെ പാത്രങ്ങളെ
ഇങ്ങനെയാണ് വിളിക്കുന്നത് .
പൻ്റി
നെവെഞ്ചി
ചൊപ്പു.

രാവിലെയും ഉച്ചയ്ക്കും  രാത്രിയും
സ്വന്തമായ പാത്രങ്ങളെ
അടുക്കളയിൽ നിരത്തിവെച്ചിട്ട് 
മൂത്തത് കല്യാണി  ഇങ്ങനെ വിളിക്കും.

പന്നി വായോ വായോ വായോ കാട്ടുപന്നി 
കാട്ടുടുമ്പാമാൻ കാട്ടുകോഴീ എന്ന് .

രണ്ടാമൻ പ്രയാഗ് പാത്രമെടുത്ത് 
ഇങ്ങനെ വിളിക്കും 
മീന് വായോ വായോ വായോ 
നെവെഞ്ചി വായോ കക്ക കാടിറങ്ങീ
പുഴയിറങ്ങി വായോ വായോ എന്ന് .

മൂന്നാമത് കബനി ഇങ്ങനെ വിളിക്കും.
കാക്ക ചുറുളി കാട്ടുചപ്പ് ചേന
നാട്ടുചപ്പ് മുരിങ്ങ ചിരേ ചീരേ കാരേ കാരേ
ഇറങ്ങിവായോ  വായോ വായോ വായോ എന്ന് .

എൻ്റെ ഭാര്യ കലമെടുത്ത് 
അടുപ്പിൽ വെച്ചിട്ട്
റേഷൻ വായോ വായോ വായോ
ഉള്ളി തക്കാ കിഴങ്ങിനരചേരാൻ
പച്ചമുളകിനെരിയെരിവും ചേരാൻ
നാളെ ചേട്ടൻ പണിക്കു വിളിക്കണേയെന്ന് .

എൻ്റെ സ്വന്തമായ നാല് പാത്രത്തിലേക്ക്
അച്ഛനായ ഞാൻ വിളിക്കും .
എന്താ ഞാൻ വിളിക്കേണ്ടത് ?
എനിക്കറിയില്ല . ശരി നോക്കട്ടെ കേട്ടോ?
ഒരുകിലോ കോഴീ കോഴീ കോഴി
നാളെ തരാം പറ്റ് പറ്റുമെങ്കിൽ വെട്ടി 
രണ്ടു കരൾ കൂട്ടി നാട്ടുപന്നീ കാട്ടിൽ 
സ്വപ്നം മാത്രം ചേട്ടാ 
വെട്ടിക്കോ കോ കോ കോ
തൂക്കിക്കോ കോ കോ കോ എന്ന് .
ഞാനിതല്ലാതെ എന്തു പറയാൻ .

ഒരുകിലോ കോഴി
മസാല 100 ഗ്രാം
തക്കാളി കാൽകിലോ
ഉള്ളി അരകിലോ
മുളക് 100 ഗ്രാം
കിഴങ്ങ് അര കിലോ
മതിമതി തൂക്കം 55
ആരോഗ്യം 45
പ്രതിരോധം  35
ചിരി 25 .

ഭാര്യയും മക്കളും വീണ്ടും വീണ്ടും
എന്നോട് ഒരോരോ ചോദ്യം ചോദിച്ചു ?

ഞാൻ കാന്താരിയരച്ച്
വീണ്ടും സമരത്തിനിറങ്ങി.

കുട്ടികൾ എന്നെ നോക്കികൊണ്ട്
അപ്പാ മീമി
അപ്പാ കീക്കി.
ഞാൻ കീശയമർത്തി നോക്കി 
കീശ കരഞ്ഞില്ല ചിരിച്ചില്ല .
കാട്ടുമാനിൻ്റെ ഒച്ചകളും
കാട്ടുപന്നിയുടെ മുരയലും
എൻ്റെ കുട്ടികളെ കൊതിപ്പിക്കുകയാണ് .

ആ പച്ചയായിരുന്നു എൻ്റെ പച്ച .
പക്ഷേ !
അവസാനത്തെ യുദ്ധത്തിലായിരുന്നു
എൻ്റെ കാട്ടുമരുന്ന് തീർന്നത് .


Sunday, September 4, 2022

നിഴലുചാഞ്ഞ കവിതയോടുതന്നെ/പ്രസന്ന ആര്യൻ



എന്നും കൂടെയുണ്ടെന്ന്
അതുകൊണ്ടുതന്നെ
എല്ലാമറിയുന്നവനെന്ന് 
വെറുതെയഹങ്കരിക്കുമ്പോൾ
നീയിറങ്ങിനടന്ന രാത്രികളെപ്പറ്റി
നീ വൈകിയുണരുന്ന
എന്റെ പുലരികളെപ്പറ്റി
ഇടയില് ഞാൻ തനിച്ചാവുന്ന
ഉള്ളുരുക്കങ്ങളെ
ഉടല്പെരുക്കങ്ങളെ
ഉയിർത്തോറ്റങ്ങളെ
ഉണർച്ചകളെ 
തളർച്ചകളെ
വിഭ്രാന്തികളെ
ഞാനിടയ്ക്കണിയുന്ന
ഉന്മാദലഹരികളെ പറ്റി
നീയെന്തറിഞ്ഞിട്ടാണ്!

ചന്ദ്രൻ അസ്തമിക്കുമ്പോൾ/അമ്മു ദീപ



എല്ലാ ദിവസവും പാതിരായ്ക്ക്                               
ചന്ദ്രൻ അസ്തമിക്കുമ്പോൾ
 മരക്കൊമ്പിൽ
ബലത്തിൽ ചുറ്റിവച്ചിരുന്ന
  കുട്ടിയുടെ വാൽ
പ...തു...ക്കെ...
 അഴിയാൻ തുടങ്ങും

കൂട്ടത്തിലെ
ഏറ്റവും വലിയ മരമാണ് കുട്ടിയ്ക്കുറങ്ങാനിഷ്ടം
മരം നിൽക്കുന്നതോ        
 കാട്ടിലെ
ഏറ്റവും വലിയ
മലയുടെ മോളിൽ

 കുത്തിച്ചൂളാന്റെ താരാട്ടു കേട്ട്
 രാക്കാറ്റിൽ ചുരുണ്ട്           
    കുട്ടിയുറങ്ങും

കുറുക്കന്മാരുടെ ഓരിയിൽ                                 
 ചന്ദ്രബിംബം
ഒഴുകിയൊഴുകി
 പടിഞ്ഞാറേക്കുന്നു താണ്ടുമ്പോൾ
വാൽ പൂർണ്ണമായും അഴിഞ്ഞ്
കുട്ടി

താ

ഴേ

ക്ക്

ഒറ്റ വീഴ്ച്ചയാണ്

"ഈ ഉണ്ണിയ്ക്കെന്തൊരു ചവിട്ടും കുത്തുമാണ്"              
 - അമ്മ പിറുപിറുക്കും 

"അവനെ ഇനി താഴെ കോസറി വിരിച്ചു കിടത്തിയാൽ മതി"
- അച്ഛനും പറയും 

ഉണ്ണി മാത്രം
പാതിരായ്ക്ക്
ചന്ദ്രനസ്തമിക്കുമ്പോൾ

 കട്ടിലിൽ നിന്നും
നിലത്തു വിരിച്ച കോസറിയിൽ നിന്നും
 ഒരു ജന്മം മുഴുവൻ

താഴേക്ക്‌

താഴേക്ക് 

വീണു കൊണ്ടിരുന്നു