Tuesday, September 13, 2022

ഓറഞ്ചുമണം/സെറീന

ആരും തിരിച്ചറിയാത്തൊരിടം
അതായിരുന്നു അയാൾക്ക്
ഇറങ്ങേണ്ട സ്റ്റേഷൻ.

കോളറിനുള്ളിലെ
തയ്യൽക്കടപ്പേരോ
ഇടംകൈയ്യിലെ തീപ്പൊള്ളൽ പാടോ
ഒറ്റു കൊടുക്കരുതെന്ന് കരുതി
ദൂരം ദൂരമെന്നയാൾ കിതച്ചു കൊണ്ടിരുന്നു

അറിയാത്ത ഒരു നാട്ടിലെ
അടിയൊഴുക്കുള്ള ഏതോ നദി
അയാളിലൂടെ കുതിച്ചു.

എല്ലാ ഭാരവുമൊഴിഞ്ഞു. 
ജലപ്പരപ്പിൽ തൂവലായി
മാറുന്ന ദേഹമോർത്തയാൾ
കലങ്ങിത്തെളിഞ്ഞു

തീവണ്ടിയിൽ
മരിച്ചവരും
ജീവനുള്ളവരും
ഇടകലർന്നിരുന്നു

യാത്ര പോവുകയാണ്‌
എന്നെഴുതി വെച്ച കത്തിലെ
അവസാന വരി
എന്തായിരുന്നുവെന്ന് അയാൾ
വെറുതേ ഓർത്തു നോക്കി

ഈ വിലാസത്തില്‍
അങ്ങനെ ഒരാളില്ലെന്ന്
തെര്യപ്പെടുത്തിയാലും
ഇനിയും വന്നേക്കാവുന്ന കത്തുകൾ
അയാളെയുമോർത്തു കാണണം

അരികിലിരുന്ന് മധുര നാരങ്ങ
തിന്നുന്ന പെൺകുട്ടി
അയാളെ നോക്കി
നടന്നു തളര്‍ന്ന ഒരാള്‍ക്ക്
കൈകളിലേക്ക്
വെള്ളം പാർന്നു കൊടുക്കുന്നതു പോലെ
അവളുടെ നോട്ടം

കൈത്തണ്ടയിൽ
സ്പ്രിംഗ് പോലെ ചുറ്റിച്ചുറ്റി
കിടന്ന പല നിറത്തിലെ ഒറ്റവള,
ഈ കാലത്തിലേതല്ലെന്ന്
അയാൾക്ക് തോന്നി

എണ്ണ പുരട്ടി പരത്തി ചീകിയ
അവളുടെ മുടി ആ തോന്നലുറപ്പിച്ചു
പാഞ്ഞു പോകുന്ന വണ്ടിയിൽ
അവൾ ഓറഞ്ചു മണം നിറച്ചു

തീർന്നു പോയ അവസാന
അല്ലിയിലെ ഒടുവിലെ
തുള്ളിയെ പിന്നെയും പിന്നെയും
നുണയുന്ന അവളെ നോക്കിയിരിക്കേ

തലമൂടുന്ന മുഷിഞ്ഞ കോട്ടിനുള്ളിൽ
പീള കെട്ടിയ വെള്ളക്കണ്ണിൽ
വറ്റാത്ത ചിരിയോടെ
മരണമെന്നൊരാൾ
വേഗം നടന്നു മറയുന്നത്
മിന്നായം പോലെയാൾ കണ്ടു

കണ്ണിലേക്കു പിഴിഞ്ഞ് തെറിപ്പിക്കുന്ന
ഓറഞ്ചു തൊലിയുടെ നീറ്റൽ പോലെ
പൊടുന്നനേ കരുണയാലയാൾക്ക്
കരച്ചിൽ വന്നു.

No comments:

Post a Comment