Tuesday, September 13, 2022

പുറമ്പോക്ക്/കൃപ അമ്പാടി



ഒരു സാധാരണ ജീവിതം മതി.

റോട്ടുവക്കത്തെ 
പുളിമരച്ചോട്ടിൽ പെയ്യുന്നത്
കൊക്ക് തൂറിത്തുളച്ച
ടാർപ്പായിലൂടെ
തൂങ്ങിയിറങ്ങിയ ഉളുമ്പുമഴ.
അകത്ത് 
മഴകാഞ്ഞ് നിന്നവൾ
വിയർത്തും വിറങ്ങലിച്ചും
തുടകൾ അടുപ്പിച്ചും
വെണ്ണീറുകുതിർന്ന
അടുപ്പുകുഴിയിലേക്ക്
കീറപ്പാവാട പിഴിഞ്ഞുതോർത്തി.

മഴ തേനാണ് പാലാണ്
കോപ്പാണ്.
മാനത്തിനും മണ്ണിനുമിടയിൽ
വിരി വലിച്ചുകെട്ടിയവർക്ക്
ഓലിയിലൂടൊലിച്ചിറങ്ങിയാൽ മാത്രം
കുടിച്ചുമരിക്കാവുന്ന മത്താണത്.

ഒരു സാധാരണ ജീവിതം മതി.

പറമ്പില്ലാത്തവന്റെ
ഇല്ലായ്മയിലേക്ക്
കൊക്കുരുമി വീശുന്നത്
പറന്നുപോകാൻ
നല്ലൊരടിവസ്ത്രം പോലും
അയയിൽ ഇല്ലാത്തതിന്റെ
തെറിക്കാറ്റ്.
പുറത്ത്
കാറ്റുനോക്കി നിന്നവൻ
ഒരു കരിയിലപോലും
പറന്നകലാതെ വാരി
നിറച്ചൊരുനിധിച്ചാക്ക് കെട്ടിയത്
ഓടമണക്കുന്ന 
ഒരു രാത്രി പുകയാൻ.

കാറ്റ് കുളിരാണ് കനവാണ്
തേങ്ങയാണ്.
ആരാന്റെ പറമ്പിൽ
അവനുമാത്രമായി
ഒടിഞ്ഞുവീഴുന്ന ചുള്ളിലുകൾ
പെറുക്കിക്കൂട്ടാനാവാത്ത
സ്വപ്നങ്ങൾക്കുമപ്പുറം
അന്തിക്കഞ്ഞിക്ക് തീയാവേണ്ട
നക്ഷത്രങ്ങളാണ്.

ഒരു സാധാരണ ജീവിതം മതി.

ചൂടാനൊരു ചേമ്പിലയില്ലാത്ത
മണ്ണുണ്ണിക്ക്
ചിരട്ടയിൽ ചുട്ടൊരപ്പം ഉണ്ണാൻ ,
കുതിരാത്ത ഒരു മൺങ്കട്ട
തെരുവിൽ ബാക്കിവെയ്ക്കാതെ
പെരുവഴിക്കാലം തനിച്ചാക്കി.

കുട്ടിക്കാലം സുന്ദരമാണ് സുരഭിലമാണ്
മണ്ണാങ്കട്ടയാണ്.
കളിക്കോപ്പില്ലാത്തവന്റെ
മൂട് കീറിയ കളസത്തിലൂടെ
എത്തിനോക്കുന്ന
രണ്ട് കുഞ്ഞിച്ചന്തികൾ 
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
കളിനിർത്തി തിണ്ണനിരങ്ങി.

ജീവിതം പളുങ്കാണ് പാത്രമാണ്
പിണ്ണാക്കാണ്.
ചില മനുഷ്യർ മാത്രം
വായിക്കപ്പെടാത്തത്
ആർക്കും മനസ്സിലാകാത്തവിധം
കുത്തിക്കുറിക്കപ്പെട്ടതുകൊണ്ടല്ല .
വായിക്കാൻ
കാത്തുനിൽക്കാതെ
കനംകുറഞ്ഞ അക്ഷരങ്ങൾപേറി
പിടിതരാതെ 
കാറ്റടിച്ച്
ഓടയിൽവീണ്
മഴനനഞ്ഞ് കിടക്കുന്ന
ഒരു മഞ്ഞനോട്ടീസ്
ആവുന്നതുകൊണ്ടാണ് .

ഈ എഴുത്തിലെങ്ങും 
ഞാനില്ലെന്ന് വരുത്താൻ
കക്ഷം കീറിയ ബ്ലൗസിനുമുകളിൽ
തിളങ്ങുന്ന ഷാൾ പുതച്ച്
ഒരു സെൽഫിയെടുത്ത്
നിങ്ങൾക്കയച്ച്
ഞാൻ സൗകര്യക്കാരിയാവുന്നു

No comments:

Post a Comment