Tuesday, February 9, 2021

കാവേരി/ചിത്ര.കെ.പി

ലോകം മുഴുവൻ 
മയങ്ങിക്കിടക്കുമ്പോൾ
ഒരാൾ മറ്റൊരാളിലേക്ക് 
ഇറ്റ് വീഴുമ്പോലെ 
ഒരുവൾ കീശയിൽ 
കല്ലുകൾ നിറച്ച് 
നദിയുടെ 
ആഴങ്ങളിലേക്കിറങ്ങുന്നു. 

ജലത്തിന്റെ ആസക്തിയിലേക്ക്
തുറസ്സുകളിലേക്ക്
നിശബ്‌ദതയിലേക്ക് 
ഉതിർന്ന് 
ഉടയാടകൾ
ഉടൽപ്പെരുക്കങ്ങൾ. 

നൂറ്റാണ്ടുകളുടെ ഒഴുക്കിനെ 
കൊരുക്കുന്ന 
പായൽമണം മുടിക്കെട്ടിൽ. 
ചുണ്ടിൽ, കടലേറി വന്നൊരു 
ചുംബനത്തിന്റെ ഉപ്പ്. 

കാതിൽ, ആഴത്തിലേക്ക് 
കൂപ്പ് കുത്തുന്ന 
കുട്ടിക്കാലുകളുടെ ആർപ്പ്; 
പല ദേശങ്ങളുടെ ചിറകടി. 
പാതിയടഞ്ഞ കണ്ണുകളിൽ 
രാത്രി നനയാനിറങ്ങുന്ന 
നാട്ടുമനുഷ്യരുടെ നിഴൽ. 

ജലവൃക്ഷങ്ങളുടെ 
ശ്വാസവേരുകൾ, വിരലുകൾ. 
ഒഴുക്കിൽ അവ തീർക്കുന്ന 
നിലയ്ക്കാത്ത നീലവരകൾ. 

ഉടലിന്റെ തുറവികളിൽ 
ജലജീവികളുടെ അനക്കം; 
ഹൃദയത്തിലെ 
ജലകന്യകയുടെ സ്വപ്നത്തിൽ
മണ്ണാൽ ഉരുവപ്പെട്ട 
ഒരുവനോടുള്ള ഉരുക്കം. 

ഉണർച്ചയിൽ, നദി, 
ഉപേക്ഷിക്കപ്പെട്ട മൺവീട്; 
വേനൽ വിയർത്ത് കിടക്കുന്ന 
ഇഷ്ടികച്ചൂള. 

പുല്ല് തേടി വന്ന 
കാലികൾ മാത്രം 
വരിവരിയായി 
നടന്നു പോകുന്നു, 
കൈയിൽ വടിയും 
കണ്ണിൽ കാലവും 
പേറുന്ന ഒരു വൃദ്ധനോടൊപ്പം, 
ഓർമ്മയിൽ ജലമുള്ള 
ഈ നദിയിലൂടെ.

മീൻ, കടൽ/ആശാലത

മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാൻ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്ക്രീനിലാടിത്തിമിർത്തു

ഞാൻ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകൾ പായുന്ന കടലേ,
ഞാൻ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.

കടൽ വരാൻ പറഞ്ഞില്ല.
വരണ്ടെന്നും. 
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മിൽ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോർത്തു പിടിച്ച് 
കടലിലേക്കെടുത്തു ചാടി.

ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട് 
ഞങ്ങൾ ആഴക്കടലിലേക്കു നീന്തി

കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീൻ തുള്ളിയോട്ടങ്ങൾ
വെള്ളിമീൻ ചാട്ടങ്ങൾ
പിന്നാലെ പായുന്ന കൊമ്പൻ സ്രാവുകൾ -
ഒക്കെ കൈക്കുള്ളിൽ നിൽക്കാത്ത
നിഴൽച്ചിത്രം പോലെ 

എന്നിട്ടും എന്നെ കോർത്തു പിടിച്ച് അവൻ 
കുറുകെയും നീളത്തിലും നീന്തി
അവനെ കോർത്തു പിടിച്ച് ഞാനും. 
നിലാവിൽ
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടൽ ജീവികളുടെ രൂപമെടുത്ത്
അർമ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിൻ്റെ വന്യമുരൾച്ചകൾ
കടലിനു പുറത്ത് 
സ്ക്രീനിൻ്റെ അപ്പുറത്തേക്ക് 
തെറിച്ചു വീണു കൊണ്ടിരുന്നു

ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ 
പ്രണയമുരൾച്ചകളാവും
അവസാനത്തെ 
മീൻതിളക്കങ്ങളുമാവും.

സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങൾ കരക്കടിഞ്ഞേക്കും.
ഒക്കെ തീർന്നു പോകും,
തീർന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
 മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.

പൊടുന്നനെ 
ഓ എൻ്റെ പ്രതീതീ എന്ന്
സൈറൺ മുഴങ്ങി
ഓ എൻ്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു

വരച്ച മീനുകളും
കടൽച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ 
ഒരു വിരിപ്പിൽ
ഞാൻ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു

കരയിലേക്ക്
കടൽ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്.

Monday, February 8, 2021

തലക്കെട്ടിലും.../ഡോണ മയൂര


അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവരിൽ
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

ഏതൊരുവന്റെ 
മിഴികളിൽ കണ്ടു, 
മിന്നായം 
നിന്നിലെന്നതു പോലെ
ഞാൻ  
എന്നെയിന്നലെ. 

ഏതൊരുവളുടെ
ഒച്ചയിൽ 
തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ 
ഞ്ഞു 
പടരുന്നൊരൊച്ച. 

അന്യരുടെ 
ചുണ്ടുകളെ
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു 
ചരിഞ്ഞു 
നോക്കും കഴുത്തിലും 
നിന്നെ കണ്ടു. 

പൂവുകൾക്ക് 
നിന്റെ മുഖം

കാറ്റിന് 
നിന്റെ ഗന്ധം

ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി 
തുമ്പിയാക്കുന്നു. 

അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവയിലെല്ലാം
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

Thursday, February 4, 2021

ഞെട്ടൽ /നിരഞ്ജന്‍

ഒഴിഞ്ഞ പാൽപ്പൊടിട്ടിന്നിൽ
ഉറുമ്പുപൊടിപ്പാക്കറ്റൊ-
ഴിച്ചുവെച്ചത്
തുറന്നു കാണുമ്പോലെ

പഴുത്ത മാമ്പഴം 
മുറിക്കുമ്പോഴതിൽ
കറുത്ത പുഴുവൊന്ന് 
തലയുയർത്തുമ്പോലെ

ഇടത്തോട്ടിൻഡിക്കേറ്റർ
തെളിച്ചൊരോട്ടോറിക്ഷ
പൊടുന്നനെ മുന്നിൽ
വലത്തോട്ടൊടിക്കുമ്പോലെ

അകത്തുള്ളതു വേറെ
ഉള്ളിലിരിപ്പുകൾ വേറെ
പോകും വഴികളും വേറെ
ഇടക്കു ഞെട്ടിക്കും ചിലർ !

 

Wednesday, February 3, 2021

തകരച്ചെണ്ട / കല്പറ്റ നാരായണൻ

ദാവീദ്
എന്റെയടുത്ത് വന്നിരുന്നു
ബാത് ഷേബ
അതാ മതിലിനപ്പുറത്ത് നിന്ന് അങ്ങയെ വിളിക്കുന്നു,
പോയിട്ട് പിന്നെ വരൂ
ദാവീദ് പോയില്ല.
വിളിച്ച് വിളിച്ച് തൊണ്ട പാെട്ടട്ടെ
അന്വേഷിച്ചന്വേഷിച്ച്
അന്വേഷണങ്ങള്‍ ഉണങ്ങിപ്പോകട്ടെ
അയാള്‍ തന്നെ എന്നിലേക്ക്
ചേര്‍ത്തു കൊണ്ടിരുന്നു.

അലക്‌സാണ്ടര്‍
എന്റെയടുത്തു വരാന്‍
സമയം കണ്ടിരുന്നു.
വെറും മുപ്പത്തേഴ് കൊല്ലത്തെ
തിരക്കേറിയ ജീവിതം
ഓരോ നിമിഷത്തിന്റേയും ദൈര്‍ഘ്യം
ദിവസത്തോളമാക്കി.
നിനക്കൊപ്പം കഴിയുമ്പോള്‍
യുഗങ്ങള്‍ക്കൊപ്പം കഴിയുമ്പോലെ .
എന്നെ മോചിപ്പിക്കൂ,
സമയം എന്നോടിരന്നുകൊണ്ടിരുന്നു.

സിദ്ധാര്‍ത്ഥനെ
പിന്തിരിപ്പിക്കാന്‍
എന്നെയാണയച്ചത്.
അതുവരെയാരും
പാേകാത്ത വഴിയിലൂടെ
തനിച്ച് പോകുകയായിരുന്നു അയാള്‍.
എനിക്കയാളോട് അനുകമ്പ താേന്നി
ഒച്ചയുയര്‍ത്തി വിളിക്കാതെ
ശരീരം കൊണ്ട് വിളിക്കാതെ
ഞാന്‍ മടങ്ങി.
അന്ന് ഞാന്‍ തനിച്ച് കിടന്നു.
പുറത്ത് നിലാവുണ്ടെന്ന്
അന്നാണ് ഞാന്‍ കണ്ടത്.

അവസാനത്തെ രാജാവും
എന്റെയടുത്ത് വന്നിരുന്നു.
അയാള്‍ തിരിച്ചു പോകും വരെ
രാജ്യം അക്ഷമമായി.
ഒച്ചയും ബഹളവും.
കിടക്കയില്‍ നിന്ന് തലയുയര്‍ത്തി
ഞാന്‍ ചോദിച്ചു; എന്താണ്‌കോലാഹലം
എന്റെ രതിയുടെ ചിട്ടവട്ടങ്ങളാണ്
അയാള്‍ എന്നിലേക്ക് താണു.
 
നിറ കൈകളുമായി
ഇന്നു വന്നയാള്‍
എന്റെ മുഖം കയ്യിലെടുത്ത്
എന്നോട് പറഞ്ഞു.
മുമ്പ് വന്നവരാരും നിനക്കായി
എന്നോളം ത്യജിച്ചില്ല.
കേള്‍ക്കുന്നില്ലേ
കര്‍ണ്ണശൂലങ്ങളായ നിലവിളികള്‍
വാവിട്ട് കരയുകയാണ്
തെരുവുകള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍
കിടന്നിടത്തു നിന്ന്
ജാലകം ഞാന്‍ ചേര്‍ത്തടച്ചു.
എനിക്ക് ത്രാണിയില്ല
ഇത്രയും സുഖം താങ്ങുവാന്‍.

ഒരിക്കല്‍
നിന്റെ പിതാവ്
എന്റെയടുത്ത് വന്നിരുന്നു.
കൂടെയുണ്ടായിരുന്ന
നിനക്കൊന്നും മനസ്സിലാവില്ലെന്ന്
ഞങ്ങള്‍ ധരിച്ചു.
അന്നാണ്
മൂന്നു വയസ്സിന്റെമാത്രം വലുപ്പമുള്ള നീ
ചീറിക്കരഞ്ഞ്
രാജ്യത്തെ ചില്ലുവാതിലുകളാെക്കെ
പൊട്ടിച്ചത്.
എനിക്ക് നിന്നോട്
മാപ്പു പറയണമെന്നുണ്ടായിരുന്നു.
എല്ലാറ്റിനും.

മണ്ണിര/പവിത്രന്‍ തീക്കുനി

ആഞ്ഞുവീശുമ്പോള്‍
കാറ്റിന്നറിയില്ല
അടര്‍ന്നും വേരറ്റും
വീഴുന്നവയുടെ
വേദനകള്‍

തിമിര്‍ത്തു പെയ്യുമ്പോള്‍
മഴയ്ക്കറിയില്ല
ചോര്‍ന്നൊലിക്കുന്നതിന്‍റെയും
നനഞ്ഞു വിറയ്ക്കുന്നതിന്‍റെയും
നിസ്സഹായതകള്‍

കത്തിനില്‍ക്കുമ്പോള്‍
വെയിലിന്നറിയില്ല
ഉണങ്ങിക്കരിയുന്നവയുടെ
ഉള്‍ഞരക്കങ്ങള്‍

പക്ഷെ
വേര്‍പിരിയുമ്പോള്‍
പ്രണയങ്ങള്‍ക്കറിയാം

രണ്ടായി മുറിഞ്ഞിട്ടും
മരിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കുന്ന
മണ്ണിരകളുടെ
ജീവിതം!