Tuesday, February 9, 2021

കാവേരി/ചിത്ര.കെ.പി

ലോകം മുഴുവൻ 
മയങ്ങിക്കിടക്കുമ്പോൾ
ഒരാൾ മറ്റൊരാളിലേക്ക് 
ഇറ്റ് വീഴുമ്പോലെ 
ഒരുവൾ കീശയിൽ 
കല്ലുകൾ നിറച്ച് 
നദിയുടെ 
ആഴങ്ങളിലേക്കിറങ്ങുന്നു. 

ജലത്തിന്റെ ആസക്തിയിലേക്ക്
തുറസ്സുകളിലേക്ക്
നിശബ്‌ദതയിലേക്ക് 
ഉതിർന്ന് 
ഉടയാടകൾ
ഉടൽപ്പെരുക്കങ്ങൾ. 

നൂറ്റാണ്ടുകളുടെ ഒഴുക്കിനെ 
കൊരുക്കുന്ന 
പായൽമണം മുടിക്കെട്ടിൽ. 
ചുണ്ടിൽ, കടലേറി വന്നൊരു 
ചുംബനത്തിന്റെ ഉപ്പ്. 

കാതിൽ, ആഴത്തിലേക്ക് 
കൂപ്പ് കുത്തുന്ന 
കുട്ടിക്കാലുകളുടെ ആർപ്പ്; 
പല ദേശങ്ങളുടെ ചിറകടി. 
പാതിയടഞ്ഞ കണ്ണുകളിൽ 
രാത്രി നനയാനിറങ്ങുന്ന 
നാട്ടുമനുഷ്യരുടെ നിഴൽ. 

ജലവൃക്ഷങ്ങളുടെ 
ശ്വാസവേരുകൾ, വിരലുകൾ. 
ഒഴുക്കിൽ അവ തീർക്കുന്ന 
നിലയ്ക്കാത്ത നീലവരകൾ. 

ഉടലിന്റെ തുറവികളിൽ 
ജലജീവികളുടെ അനക്കം; 
ഹൃദയത്തിലെ 
ജലകന്യകയുടെ സ്വപ്നത്തിൽ
മണ്ണാൽ ഉരുവപ്പെട്ട 
ഒരുവനോടുള്ള ഉരുക്കം. 

ഉണർച്ചയിൽ, നദി, 
ഉപേക്ഷിക്കപ്പെട്ട മൺവീട്; 
വേനൽ വിയർത്ത് കിടക്കുന്ന 
ഇഷ്ടികച്ചൂള. 

പുല്ല് തേടി വന്ന 
കാലികൾ മാത്രം 
വരിവരിയായി 
നടന്നു പോകുന്നു, 
കൈയിൽ വടിയും 
കണ്ണിൽ കാലവും 
പേറുന്ന ഒരു വൃദ്ധനോടൊപ്പം, 
ഓർമ്മയിൽ ജലമുള്ള 
ഈ നദിയിലൂടെ.

No comments:

Post a Comment