Wednesday, September 28, 2016

രുചി / രശ് മി കിട്ടപ്പ


പഴക്കം ചുവയ്ക്കുന്നു രുചികളിൽ
തീന്മേശയിൽ തവിത്തുമ്പിൽ,
നാക്കിൽ തേനായ് പതിഞ്ഞൊരു
വാക്കിൻ പഴക്കം
വെറുതേ തേടുന്നു
വക്കുതേഞ്ഞ പൊട്ടിയ കിണ്ണത്തിൽ
തുളവീണ പ്ലാവിലക്കുമ്പിളിൽ
വന്നുപോകുന്നോരോരോ സ്വാദുകൾ
തങ്ങി നിൽക്കാത്തവ
തികട്ടിയെത്താത്തവ
തിളയ്ക്കുന്നു രുചികൾക്കുമപ്പുറത്താരോ
മറന്നിട്ട വാക്കിന്നുപ്പും പുളിയും
തുളുമ്പുന്നു ഓർമ്മക്കൂട്ടിലെങ്ങോ
ഇത്തിരി രസങ്ങൾ ചേർന്നൊരു
രുചിക്കൂട്ട്,
നിറമില്ലാ മണമില്ലാ
വാക്കുകൾക്കില്ലല്ലോ പഴക്കം.
തേയ്ക്കാം മിനുക്കാം വിളമ്പാം,
തിളങ്ങും
ഒടുവിലവസാനത്തെയിലയിൽ
മധുരമായൊരുതുള്ളി
ഒരു വെറുംവാക്ക്.
------------------------------------

Saturday, September 24, 2016

നിന്നെയോർത്ത് മറ്റാരു നിറയും? / ഡോണ മയൂര


ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും

ശരമേൽക്കുമ്പോൾ
കൊക്കിലവശേഷിക്കുന്ന
അന്നത്തെയന്നത്തിൽ
നിന്നൊരു വിത്ത്
ഒരിലരണ്ടിലമൂന്നില വിടർത്തി
പൂമരമായി മുളയ്ക്കണം

ശിഖരങ്ങൾ ചിറകുറച്ച്
പറന്നു പോയേക്കാമെന്ന്
തോന്നിപ്പിക്കുമാറ് ചിറകടിച്ചും

തലപ്പ്
ഏതു ദൂരവും താണ്ടുമെന്ന
സ്ഥിരതയിൽ
തലയെടുപ്പോടെ ഉയർന്നും

വേരുകൾ
ഒരു പക്ഷിയുടെ
കാൽ വിരലുകളെന്ന പോലെ,
വിട്ടകലാൻ മടിച്ചെന്ന പോലെ,
പക്ഷിയിൽ നിന്നും
മരത്തിലേക്കുള്ള ദൂരത്തിലല്ല
ആഴത്തിലാഴത്തിൽ
പൂവിൽ നിന്നും
പുണരലിലേക്കും
പുണരലിൽ നിന്നും
പൂവിലേക്കും എന്ന പോലെ
ആഴ്ന്നാഴ്ന്നിറങ്ങണം

ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും.
----------------------------------------

Thursday, September 22, 2016

കുളം / മേതില്‍ രാധാകൃഷ്ണൻ


കുളത്തില്‍ മീന്‍ തുപ്പുന്ന കുമിള
അതിന്നടിയില്‍ നഷ്ടപ്പെട്ടൊരു ഗോട്ടി,
ഒരു പീപ്പി,ചോക്കിന്‍ കഷണം,താക്കോല്‍,ചങ്ങല
കുളത്തില്‍ മീന്‍ വിടര്‍ത്തുന്ന വലയം
അതിന്നടിയില്‍ ശ്വസിക്കുന്ന താമരവളയങ്ങള്‍
അതിന്നപ്പുറത്ത് നിറഞ്ഞ വയലുകള്‍
ഉടഞ്ഞ കണ്ണാടി പോലെ
അതിന്നപ്പുറത്ത് കുളത്തിലേക്ക് വീഴുന്ന ആകാശം
ഓരോ തവണയും ആകാശം
മുകളിലെത്താന്‍ ശ്രമിക്കുന്നു
ഓരോ തവണയും കുളത്തിലേക്ക്
കനത്തു വീഴുന്നു
മലര്‍ത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ
കുളം പിടയ്ക്കുന്നു.
----------------------------------------------------

Monday, September 19, 2016

പ്രണയത്തെപ്പറ്റിത്തന്നെ / പ്രിൻസ്‌ അയ്‌ മനം


എടുത്തുമാറ്റാൻ
കഴിഞ്ഞേക്കും
കടലിനുള്ളിൽ നിന്നും
ഒരു ശംഖിനെ

എങ്ങനെ നീക്കം ചെയ്യും
ശംഖിനുള്ളിൽ നിന്നും
കടലിന്റെ ഇരമ്പത്തെ.
ഇത്ര ആഴത്തിൽ
പാകി മുളപ്പിക്കരുത്‌
ഒന്നിനെയും
എത്ര ആയത്തിൽ
വലിക്കണം
വിട്ടുപോരാൻ
അതിന്റെ വേരുകളുടെ
കൂട്ടിപ്പിടുത്തം.
ഒടിച്ചുകുത്തികളാണു
കേമം
തോന്നുമ്പോൾ
ഇടം മാറി മാറി
മുളപ്പിക്കാൻ..
-------------------------

നല്ലു ഇന്നലെ / ആറ്റൂര്‍ രവിവര്‍മ്മ


പഠിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ
നന്നെ കുറവ്.
കണക്കുസൂത്രങ്ങള്‍,രസതന്ത്രക്കുറികള്‍
ചരിത്രമുഹൂര്‍ത്തങ്ങള്‍,പോര്‍ക്കളങ്ങള്‍.
ഒന്നും പഠിക്കേണ്ടതില്ലാത്തപ്പോള്‍
ഇപ്പോള്‍,ഇരുപ്പായപ്പോള്‍ നല്ല ഓര്‍മ്മ.
ഓരോരോ വേളകള്‍,മുഖങ്ങള്‍,വാക്കുകള്‍
വരി തെറ്റാതെ.
പണ്ടത്തെ കയ്പ്,എരിവ്,പുളി
വടിച്ചിട്ടും പോകുന്നില്ല എന്നില്‍ നിന്നും
തുടച്ചാലും മാച്ചാലും തെളിയുന്നു
പഴയ പാടുകള്‍.
പരീക്ഷയിലോ അഭിമുഖത്തിലോ
ഞാന്‍ പിന്നിലായിരുന്നു
എത്ര വായിച്ചിട്ടും വസ്തുതകള്‍
എന്നും പുത്തന്‍.
പഴയ മരത്തിന്‍മേല്‍ പുതിയ തളിരുകള്‍
എന്നാല്‍ ഇപ്പോള്‍ ഒരു മോതിരവും
കൂടാതെ അഭിജ്ഞാനമുണ്ടാകാന്‍
ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു
പണ്ടും എനിക്ക് ഇന്നുണ്ടായിരുന്നില്ല
നാളെയായിരുന്നു,നല്ല നാള്‍.
ഇപ്പോഴാകട്ടെ കണ്ണടച്ചാലും തുറന്നാലും
പഴയ നാളുകള്‍,മുഖങ്ങള്‍,വഴികള്‍.
മ്യൂസിയങ്ങളിലെ പഴയ വിഗ്രഹങ്ങള്‍
പാതിരയില്‍ തമ്മില്‍ മുദ്രകാട്ടി
പറയുന്നുണ്ടാകും ബി.സി. യിലെ തമാശകള്‍.
പഴംതമിഴിലോ,പാലിയിലോ,സംസ്കൃതത്തിലോ.
-----------------------------------------------------

Saturday, September 3, 2016

മരിച്ചവന്‍റെ മതം / ആര്യാഗോപി



മരിച്ചവന് മതത്തിന്‍റെ
വേദപുസ്തകം വേണ്ട
ഓത്തും ഓശാനയും വേണ്ട
കുര്‍ബാനയും
കുമ്പസാരവും വേണ്ട
കൂത്തും കുരവയും വേണ്ട
കരിനാവുകളുടെ
സാരോപദേശങ്ങള്‍
എന്തായാലും
മരിച്ചവന് കേള്‍ക്കാനാകില്ല
അത്യാഹിതത്തെ
പ്രദക്ഷിണം ചെയ്യാന്‍
മരിച്ചവന്‍ ഏതായാലും
മടങ്ങിവരാന്‍ പോകുന്നില്ല
വിചിത്രമായ ആചാരങ്ങളും
വികലമായ മുദ്രാവാക്യങ്ങളും
മരിച്ചവന്‍
ഉപേക്ഷിച്ചതാണ്
അവതാരങ്ങളും
ആള്‍ദൈവങ്ങളും
മരിച്ചവന്‍റെ
ദേശത്തിന്
അതിരുകള്‍ നിശ്ചയിക്കില്ല
ഭജനം പാര്‍ക്കാനോ
പാപനാശിനിയില്‍
മുങ്ങിനിവരാനോ
മരിച്ചവന്‍
വരികയില്ല
കവടിയും കാവടിയുമെടുത്ത്
കൊന്തയും കുരിശുമേന്തി
വാളും ശൂലവുമോങ്ങി
ചോര കുടിക്കാന്‍ തുടങ്ങിയിട്ട്
എത്ര കാലമായി?
അതിനാല്‍
അന്ത്യാഭിലാഷം ഇത്രമാത്രം
മരിച്ചവന്‍റെ മരിക്കാത്ത
പുസ്തകത്തിന്
മതത്തിന്‍റെ പുറംചട്ടയിടരുത്
കണ്ണുകളില്‍
കരിമ്പടം പുതയ്ക്കരുത്.
----------------------------------

കുറേ അവന്മാരും ഒരു അവളും / മനോജ് മേനോന്‍


വിജനമായിരുന്നു
ഇരുട്ട് പരന്നിരുന്നു
ചില കിളിയൊച്ചകൾ ഒഴിച്ചാൽ
നിശ്ശബ്ദമായിരുന്നു
ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും
തളർച്ച ബാധിക്കാത്ത
മരച്ചോട്ടിലായിരുന്നു.
ചിലർ ഉലാത്തുകയായിരുന്നു
മറ്റുചിലർ ഇരിക്കുകയും
ഇനിയും ചിലർ
മുഖം പൂഴ്ത്തിക്കിടക്കുകയുമായിരുന്നു
അവർക്ക് മുന്നിലേക്കാണ്‌ വഴിതെറ്റിപ്പോയ
ആ പെൺക്കിടാവ് ചെന്നുപെട്ടത്
അവളെക്കണ്ടപ്പോൾ
ഉലാത്തുന്നവരുടെ നാവ്നീണ്ടു
മുഖം പൂഴ്ത്തിക്കിടന്നവർ
മൂരി നിവർത്തി എഴുന്നേറ്റു
ഇരിക്കുന്നവർ മൂർച്ചയോടെ
പരസ്പരം നോക്കി
അവളോ..
ഒരു കൂസലുമില്ലാതെ
അവര്‍ക്കിടയിലൂടെ നടന്നുപോയി
നുണ ...കല്ലുവച്ച നുണ ...
വിജനമായ ഇടം
കുറെ അവൻമാർ..നിശ്ശബ്ദത ...ഇരുട്ട്
വഴിതെറ്റിപോയ പെൺകുട്ടി....
എന്നിട്ടും ഒന്നും സംഭവിച്ചില്ല ???
ഇല്ലന്നേ...
നായ്ക്കൾ
അങ്ങിനെയാണ്
ഇണയെ കൂട്ടം ചേർന്ന്
ആക്രമിക്കില്ല
ബലാൽസംഗം ചെയ്ത്
കുറ്റിക്കാട്ടിൽ തള്ളില്ല .
----------------------------------------

കാൺമാനില്ല / ബൈജു മണിയങ്കാല


ഇതിലും നല്ലൊരു ആകാശം
കാണാതെ പോകുന്നതിന് മുമ്പ്
മരങ്ങൾക്ക്
ഉണ്ടായിരുന്നിരിയ്ക്കണം

വിരസമായ പുതിയ ആകാശം
കണ്ട് മടുത്തിട്ടാവണം
തണലുകളോട് പിണങ്ങി
അകലങ്ങളിലേയ്ക്ക്
നടന്നു പോകാൻ
മരങ്ങൾ
ആഗ്രഹിച്ചത്
കാലം മായ്ക്കാൻ ശ്രമിച്ച
ആ കാലടികൾ
അതേ മരങ്ങളിൽ
ഇലകളായി ഇപ്പോൾ
പിടിച്ചിട്ടുണ്ട്
ഉയരങ്ങളിലേയ്ക്ക് മാത്രം
നടന്നു പോകാൻ
പാകത്തിന്
വേരുകൾ അത് തിരഞ്ഞ്
പിടിച്ചു
മായുന്നതിന് മുമ്പ്
ചില്ലകളിൽ
തിരികെ
തൂക്കിയിടുന്നതാവാം!
ചിലയ്ക്കുന്നതിന് മുമ്പ്
കിളികളുടെ
പേരെഴുതി വെയ്ക്കുന്ന
ഇലകൾ
കാറ്റ് വരുമ്പോൾ അത്
പറഞ്ഞു കൊടുക്കുമെന്ന്
ഭയന്ന്
ചില്ലകൾ കുലുക്കി
ഇലകൾ
പൊഴിച്ചു കളയുന്നുണ്ട്;
കിളികൾ
പറക്കുന്നതിനിടയിൽ
ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ
അതറിഞ്ഞ് കാറ്റ്
പക്ഷികൾക്ക്
ശിക്ഷയായ് കൊടുക്കുന്നതാവാം
അനന്തമായ വേരിന്റെയറ്റത്ത്
ഒരു തുള്ളി വെള്ളത്തിന്റെ
ശിൽപം കൊത്തി
മഴ തളർന്നിരിയ്ക്കുന്നു
ഇതിനിടയിൽ
ഇതൊന്നും ശ്രദ്ധിക്കാതെ
മരക്കൊമ്പിൽ
ഇലയനക്കങ്ങൾ കൊണ്ട്
കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന
അപ്പൂപ്പന്താടിയെ
പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ
കാണാതെപോയിട്ടുണ്ട്.......
-------------------------------------------

കനം / ജയദേവ് നയനാർ


പണ്ടേക്കുപണ്ടേ
മഴ നനഞ്ഞ്
നിറമിളകി -
പ്പരന്നതാണ്.
നനഞ്ഞുപോയ
ഒറ്റക്കണ്ണിലേക്ക്
ആയത്തിൽ
വളച്ചതാണ്.
കാറ്റിന്റെ
ഒറ്റയിഴയിൽ
ഞാൺ വലിച്ചതാണ്.
എന്നിട്ടാണിപ്പോഴും
മിഴിക്കോണിലൊരു
കാറു വന്നുനിന്ന്
പടരുമ്പോഴൊക്കെയും
ആകാശമേ
ആകാശമേ
എന്ന്.

------------------------