Monday, March 30, 2020

നനഞ്ഞ്/വിഷ്ണു പ്രസാദ്

മണ്‍ തരികളായാലും ഞാന്‍ നിന്നെ ഓര്‍മിച്ചേക്കും.
നിന്റെ കാലടികളില്‍ പറ്റി നിന്നോടൊപ്പം സഞ്ചരിക്കും.
ജലത്താല്‍ അന്നും നീയെന്നെ വേര്‍പെടുത്തും.
നീ ഉറങ്ങുമ്പോഴും നിന്റെ വീട്ടുവാതില്‍ക്കല്‍
ഞാന്‍ ഉണര്‍ന്നിരിക്കും,നനഞ്ഞ്...

മൂന്നു കുട്ടികള്‍ ആകാശം കാണുന്നു/ചിത്ര.കെ.പി

വീടിന്റെ മേല്‍ക്കൂരയില്‍ 
മലര്‍ന്നു കിടന്നു 
ആകാശം കാണുന്നു 
രണ്ട്  ചെറിയ കുട്ടികള്‍,
ഞാനും.

അസ്തമയച്ചുവപ്പിന്റെ 
ഒരു മുട്ടായിത്തുണ്ട്.
തുമ്പപ്പൂ നക്ഷത്രങ്ങള്‍. 
റബ്ബര്‍ വച്ച് മായ്ച്ച പോലെ  
മാഞ്ഞു പോയ നിലാവ്.

ഈ ആകാശമാണോ ഭൂമിയെന്നൊരാള്‍
ഈ ഭൂമിക്കുള്ളിലാണോ നമ്മളെന്നു മറ്റൊരാള്‍.
ഒരുത്തരവും ശരിയുത്തരമാവാതെ മൂന്നാമതൊരാള്‍.

ശ്വാസം മുട്ടിക്കുന്ന ഇരുട്ട്.
കുട്ടികള്‍ ഭയന്നുരുമ്മിക്കിടക്കുന്നു,
ഞാനും.
നിഴലുകള്‍ അവരെ ഭയപ്പെടുത്തുന്നു 
എന്നെയും.
അവര്‍ മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു 
ഞാനും.

ഉള്ളില്‍ 
മറ്റൊരാകാശത്തില്‍
ഉദയവും അസ്തമയവുമറ്റ പകലുകള്‍ 
ഇരുള്‍ ഗുഹകളായ നക്ഷത്രങ്ങള്‍ 
മാഞ്ഞു മാഞ്ഞു പോകുന്ന ഒരു ചന്ദ്രന്‍.

മൂന്നു കുട്ടികള്‍ 
ആകാശം കണ്ട്‌  കിടക്കുന്നു.
തിരക്കുകളേതുമില്ലാതെ 
വെറുതെ, നിലാവ് കാത്ത് കിടക്കുന്നു.

Friday, March 27, 2020

പുഴയുടെ കാലം/എ.അയ്യപ്പന്‍

സ്നേഹിക്കുന്നതിനുമുമ്പ്
നീ കാറ്റും
ഞാനിലയുമായിരുന്നു.

കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കു കരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.

തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു.

ഞാന്‍ തടാകമായിരുന്നു
എനിക്കു മുകളില്‍
നീയൊരു മഴവില്ലായിരുന്നു.

ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.

ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.

ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.

ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.

ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.


Saturday, March 21, 2020

ചാപിള്ളകളുടെ കാഴ്ചബംഗ്ലാവ് / കൽപ്പറ്റ നാരായണൻ

ചാപിള്ളകളുടെ
വലിയൊരു ശേഖരമുണ്ടെനിയ്ക്ക്.
നിർത്താത്ത ബസ്സിനായി
നീട്ടിയ കൈകളുടെ.
ഇങ്ങോട്ട് കിട്ടാത്തതിനാൽ
ചത്ത ചിരികളുടെ.
ഇങ്ങോട്ട് നീട്ടാത്തതിനാൽ
അലസിപ്പോയ ഹസ്തദാനങ്ങളുടെ.
എന്നെത്തിരിച്ചറിഞ്ഞതും
കെട്ടുപോയ മുഖങ്ങളുടെ.
പോയകാര്യം നടക്കാത്ത യാത്രകളുടെ
അതിലും നീണ്ട മടക്കയാത്രകളുടെ
കുഴിച്ചിട്ട് മുളയ്ക്കാത്ത
വിത്തുകളുടെ
വാടിപ്പോയ
വൈകുന്നേരങ്ങളുടെ.
ചന്തയിലെ വില്പനക്കാരൻ
വായിയ്ക്കുന്നതു കണ്ട് വാങ്ങി
വീട്ടിലെത്തി വായിച്ചപ്പോൾ
വികല ശബ്ദം പുറപ്പെടുവിച്ച മൌത്ത് ഓർഗന്റെ.
കളി തീർന്ന കളിക്കോപ്പിന്റെ
കൌതുകം നഷ്ടപ്പെട്ട കൌതുകവസ്തുവിന്റെ.
എഴുതിയപ്പോൾ
എഴുതാനാശിച്ചതിന്റെ.
കൈവന്നപ്പോൾ
കൈവരാൻ കൊതിച്ചവയുടെ
വലിയ ശേഖരമുള്ള
കാഴ്ചബംഗ്ലാവുണ്ടെനിയ്ക്ക്.

Friday, March 20, 2020

അസാദ്ധ്യമായ്/വി.എം.ഗിരിജ

തണുപ്പിക്കൂ തണുപ്പിക്കൂ
ചുടുന്നൂ മരുഭൂമികൾ
കുളിർപ്പിക്കൂ കുളിർപ്പിക്കൂ
മൂളുന്നൂ വേനൽരാവുകൾ

തളിർപ്പിക്കൂ തളിർപ്പിക്കൂ
ചില്ലകൾ ധ്യാനമൗനമായ്
തരൂ തരൂ തണൽപ്പന്തൽ
തരൂ ചോട്ടിൽ സുഖം ലയം

പറയൂ പറയൂ കാത്
മധുരിപ്പിക്കുന്ന വാക്കുകൾ
ചേർക്കൂ നെഞ്ചിൽ ലയിപ്പിക്കൂ
വിശ്വത്തിൻ തീവ്രവേദന

പറ്റിപ്പറ്റിയിരിക്കാനും
പിരിയാനും, അകന്നിടാൻ
മറയാൻ മറ്റൊരാളാവാൻ
കൊതിപ്പൂ ഞാൻ അസാദ്ധ്യത.


കവി(ത)മുറി/സന്ധ്യ പത്മ

ലഹരിയും പ്രണയവും
മത്സരിച്ചു തിന്നു തീർത്ത
ഒരുവന്റെ
കരളിന്റെ ശേഷിപ്പിനെ
ചില്ലിട്ടു സൂക്ഷിച്ച മുറി.

ജനിക്കും മുമ്പേ
മരിച്ചു പോയ കവിതയെ
അറവു ശാലയിൽ നിന്നോടിപ്പോയ
ക്ടാവിനെ
കുയിലേ എന്നു വിളിച്ചാൽ
മയിലേ എന്നു മിണ്ടുന്ന
പെണ്ണിനെ
അവന്റെ വീഞ്ഞിനൊപ്പം
കൂട്ടിരുത്തുന്നു.

മടിപിടിച്ചുറങ്ങുന്ന
പുതപ്പിനുള്ളിൽ
അവനവനെ കൊന്നു തിന്നുന്നു.

പിണങ്ങിപ്പോയ സൈക്കിള്‍/കന്നി എം

കണ്ണാടിയുടെ ചില്ലില്‍
എന്നെ വിളിക്കല്ലേ എന്ന് രണ്ട് കണ്ണ്
സൈക്കിളിന്റെ പിറകില്‍ ഒരു കാക്ക
ചങ്ങലയഴിയുന്നതിന്റെ
സൈക്കിളിഴയുന്നതിന്റെ
പാട്ട് കെടുന്നതിന്റെ
മണ്‍തരി വായില്‍ ശ്വാസം തേടുന്നതിന്റെ
ഒടിച്ചുകളഞ്ഞ ചില്ലയുടെ കറ ഒഴുകുന്നതിന്റെ

എല്ലാത്തിന്റേയും
പടമെടുത്ത് പറന്നുപോവുന്ന കാക്ക

കവണയില്‍ നിന്ന് തെറ്റുന്ന കല്ല്
കാഷ്ഠം ഭയന്ന് മുഖം മൂടുന്ന കണ്ണാടി
കാക്കത്തൂവല്‍ - കിളിമുടി പക്ഷിത്താടി.

ടയറിനെ മണത്തുനോക്കുന്ന ഓന്തും പിള്ളേരും
ശ്വാസത്തിനെതിരെ
മീശയില്‍ കടിച്ചുപ്പിടിച്ച് പുളിയുറുമ്പുകളുടെ മുദ്രാവാക്യഘോഷണം
വെള്ളത്തില്‍ മുങ്ങിക്കപ്പല്‍ കളിച്ചിരുന്നപ്പോള്‍ കുമിളയാത്ര
എണ്ണിയവളുടെ ഫോണ്‍വിളി
മുയല്‍ച്ചെവിയന്‍ പൂവാങ്കുറുന്നിലകളുടെ കാടിന്റെ
ചുവപ്പന്‍ പാടമെന്ന പരിണാമം
തഴുതാമയുപ്പേരിയുടെ രുചി തങ്ങുന്ന ഉമിനീര്‍
പുരികപ്പാളത്തിലെ പഴുതാരയോട്ടങ്ങള്‍
ഡൈനാമോ ഊര്‍ന്ന് പോയതറിയാത്ത
സൈക്കിള്‍ ലൈറ്റ് , അതിനെ ഒക്കത്തിരുത്തിയ ഹാന്‍ഡില്‍
കണ്ണാടിയില്‍ കൊത്തിക്കൊണ്ട്
ആ നിമിഷത്തെ അലസമായി പിന്നിലേക്ക്
നീക്കിനീക്കിപ്പിടിക്കാനറിയാവുന്ന
മണ്ണാത്തിപ്പുള്ളിന്റെ വിളിയും
ചിത്രമായി പതിഞ്ഞുകാണും

ഭും എന്നൊച്ചവെച്ച വമ്പന്‍ വണ്ടിയുടെ
ചക്രച്ചാലില്‍ കിനിഞ്ഞ് പെട്രോള്‍ പാട
മുടിക്ക് ചുറ്റും കണ്ണീര്‍ഭൂപടം, അതില്‍ പിറകോട്ട് ചലിക്കാനാവാത്ത
പാട്ടേന്തുന്ന ഉറക്കെയുള്ള നിലവിളി

(ഇതിപ്പോള്‍
മണ്ണൊഴുകാന്‍ തുടങ്ങുകയും
ഓലത്തെയ്യം കൂക്കാന്‍ തുടങ്ങുകയും
വടക്കേച്ചിറയില്‍ കാക്കകള്‍ നീന്തിത്തുടിക്കുകയും
ചെയ്യുമ്പോഴുണരുന്ന പാട്ടിനെക്കുറിച്ചാണ് പറയുന്നത്)

കെട്ടുപോകുന്ന താളങ്ങളെ മാത്രം കുടിച്ചുവീര്‍ക്കുന്ന
നിമിഷത്തില്‍ ജയിക്കുന്ന കാമറകളുണ്ട്.

പാട്ടിന്‍വയറില്‍ നമ്മളുറങ്ങുമ്പോള്‍
ഒരു സൈക്കിളുന്തി സമയം പിറകിലൂടെ ഓടിക്കളയുന്നു.

Wednesday, March 18, 2020

മൊഴിമാറ്റം/കെ.പി.റഷീദ്

മഴ എന്ന് പറയുമ്പോൾ
മുറിവ് എന്നു കേൾക്കുന്ന
ഒരാളും
വെയിലെന്ന് കേട്ടാൽ
കുട തുറക്കുന്നൊരാളും
ഇനിയും പിടികിട്ടാത്തൊരു കാര്യം
വാക്കു കൊണ്ടു വെളിവാക്കാൻ
നടത്തുന്ന 
എണ്ണമറ്റ വിവർത്തന ശ്രമങ്ങളല്ലാതെ
മറ്റെന്താണ് പ്രണയം?

സ്വപ്നമെന്ന് കേട്ടാൽ
ഞാനിപ്പോഴും,
വസന്തത്തിന്റെ വിജാഗിരികൾ
അടർന്ന വാതിൽ
വരച്ചുവെയ്ക്കുന്നു.
അതിൽപന്തലിക്കുന്ന
ലോലമായ
പാട്ടിലകളിലൂടെ കയറി
ഉറക്കമേ എന്ന്
വിരാമചിഹ്നമിടുന്നു. 

നിനക്കോ, 
സ്വപ്നമെപ്പോഴും
സിരകളിലൂടെ 
മദ്യപരെപ്പോലെ
മയങ്ങി മയങ്ങി പോവുന്ന
പേക്കിനാക്കളുടെ
ഗോവണി.

ചുരങ്ങൾക്കിരുപുറം പൂക്കുന്ന
മരണത്തിന്റെ മഞ്ഞുമറ കാൺകെ
ഞാനൊരു 
ഞെക്കുവിളക്ക് തേടുന്നു,
നീയോ,
എല്ലാ വിളക്കുമണച്ച്
ഒരു പൂച്ചയെ
പുഴകടത്താൻ 
കാല് വെള്ളത്തിലേക്ക് നീട്ടുന്നു.

വാക്കുകൾ 
മനസ്സിലായിത്തുടങ്ങുന്ന
നേരത്താവണം
പ്രണയത്തിന്റെ
ബോർഡിൽ
ആരെങ്കിലും
മരണമെന്നെഴുതി
അമ്പടയാളം ഇടുന്നത്.

ഭൂമിക്കല്ല്/ചിത്ര.കെ.പി

നാല് വയസ്സുകാരൻ 
കുഞ്ഞൻ
സ്കൂളിൽ നിന്ന് വന്നു,
കൂട്ടുകാരനോട് 
പിണങ്ങിയ കഥ പറഞ്ഞു.
അവനടിച്ചെന്നും, ഞാങ്കരഞ്ഞെന്നും
ഇനി കളിക്കാൻ കൂടില്ലെന്നും
അവന്റെ പിറന്നാളിന്
കേക്ക് മുറിക്കാൻ പോവില്ലെന്നും
ഒറ്റശ്വാസത്തിൽ പറഞ്ഞ്
പരാതി വണ്ടിയായ്
ഓടിപ്പോയി.

പിണക്കം വരുമ്പോഴൊക്കെയും
അവന്റെ മുഖം
കൂർത്ത് കൂർത്ത് വന്നു,
കണ്ണിൽ പുതുരസങ്ങൾ വന്നു,
കുഞ്ഞിക്കൈ വീശിയുള്ള
അടിയിൽ വേദനയുടെ
തിണർപ്പുകൾ വന്നു.

അവനോടുന്ന വഴികളിൽ
പക മുതിരുന്നതും
അതിരുകളിൽ
മുറിവ് മുള പൊട്ടുന്നതും 
കളിയിടങ്ങളിലെ 
വെള്ളാരങ്കല്ലുകളിൽ
ചോര പൊടിയുന്നതും അറിഞ്ഞു.

ഇനി രക്ഷയില്ലെന്നോർത്ത്
കല്ലുകളെല്ലാം തെരുത്ത്
ഒരു മൂലയിലേക്കിട്ട്
തിരിയുമ്പോൾ കണ്ടു
രാവിലെ
പിണങ്ങിയ കൂട്ടുകാരനോടൊപ്പം
കുഞ്ഞൻ
മണ്ണപ്പം ചുട്ട് കളിക്കുന്നത്,
ആർപ്പ് വിളിച്ചോടുന്നത്,
ചിരിച്ച് മറിയുന്നത്.

കളിയുടെ ഓളത്തിൽ, അവന്റെ
മൂക്കിൻ തുമ്പിൽ നിന്നും തെറിച്ച 
വിയർപ്പിന്റെ ഒരു തുള്ളിയിൽ,
ഭൂമി, ഒന്ന് മുങ്ങി നിവർന്നു.

അടിയിൽ
വെള്ളാരങ്കല്ലുകൾ
തെളിഞ്ഞ് കിടന്നു.

സാറ്റ്/ആര്‍.സംഗീത

അകത്തളങ്ങള്‍ മടുക്കുമ്പോള്‍
കുട്ടി ദൈവവുമായി
ചില കളികളില്‍ ഏര്‍പ്പെടും

'എണ്ണിത്തുടങ്ങുമ്പോള്‍
നീ ഒളിക്കെ'ന്ന് ദൈവം

വെയില്‍ കുലുക്കിക്കുത്തിയ
ഇലകള്‍ക്കിടയില്‍
ഞാന്നുകിടന്നും
പുഴയുടെ അടിവയറ്റിലെ
ഇളംചൂട് വെള്ളത്തില്‍
മീനായി പറ്റിക്കിടന്നും
കുട്ടി രസിക്കും
ദൈവമല്ലേ
എവിടെയാണെങ്കിലും
കണ്ടുപിടിക്കും

ഒടുവില്‍ മണ്ണിനടിയിലൂടെ
നൂണ്ടിറങ്ങി
ഉള്ളിലെ രഹസ്യ അറയില്‍
ഉറങ്ങിയ പോലെ
കണ്ണടച്ച് ചുരുണ്ട് കിടന്നു

ഓര്‍മ്മകള്‍ മരവിച്ച
ഒരു സ്ത്രീ
എന്നുമവിടെ വന്നിരിക്കും
ഭൂമിയുടെ അറ്റത്തുനിന്നു
ഒഴുകിയെത്തുന്ന ഒരു കടല്‍
അവരുടെ കാല്‍വെള്ളയ്ക്കടിയില്‍
ഉപ്പുപരലുകളായി വിങ്ങിപ്പഴുത്തു.
കുട്ടിയവരെ അമ്മേ എന്നു
വിളിച്ചു കരഞ്ഞു

അന്നാദ്യമായി ദൈവം
സാറ്റ് വയ്ക്കാന്‍ മറന്നു

■■■■■■■■■■■■■■■■■

പൂർണം/രാംമോഹൻ പാലിയത്ത്

നമ്മൾ തിന്ന
മീനുകളുടെ കൊച്ചുമക്കൾ 
നമ്മുടെ ചിതാഭസ്മം നോക്കി ചിരിക്കും. 

നമ്മൾ തിന്ന
പോത്തുകളുടെ കൊച്ചുമക്കൾ
പള്ളിപ്പറമ്പിലെ പുല്ലു തിന്നും.

നമ്മൾ തിന്ന
കണ്ണിമാങ്ങകളുടെ കളിക്കൂട്ടുകാർ 
നമ്മുടെ ചിതയിലെ 
മാവിൻ വിറകായ് വരും.

നമ്മളുടുത്ത
പട്ടുടയാടകൾക്കായ് പിടഞ്ഞുചത്ത പുഴുക്കളുടെ കസിൻസ് 
മണ്ണിനടിയിൽ നമ്മളെ തിന്നാന്‍ കാത്തിരിക്കും .

പൂജ്യത്തിൽ നിന്ന് 
പൂജ്യമെടുത്താൽ
പൂജ്യം ബാക്കിയാവും.


Sunday, March 15, 2020

പറഞ്ഞുപറഞ്ഞു കയറുന്ന കാടുകൾ/ജയദേവ് നയനാർ

നിന്നെപ്പറ്റിപ്പറഞ്ഞ് ഒരു മഴയെ
ഏറെ നുണകളിൽ 
കുളിപ്പിക്കുമായിരുന്നതിൽപ്പിന്നെ.
മേഘത്തിൽ നിന്‍റെ മേൽവിലാസമുള്ള
വീട്ടിൽ നീയൊളിച്ചുതാമസിക്കുമായിരുന്നത്.
അതിനു മുന്നിൽ വെള്ളത്തിൽക്കൊത്തിയ
ഒരു മരമുണ്ടായിരുന്നത്.
അതിന്‍റെ കൊമ്പുകളിൽ ഒരു കൂട്ടം
പരൽമീനുകൾ കുളിച്ചുതാമസിക്കുമായിരുന്നത്.
അതിന്‍റെ കൊമ്പിൽ മഞ്ഞുകാലം
കൂടുവച്ചിരുന്നത്. 
അതിന്‍റെ ഇലകൾ തുള്ളികളായി
പൊഴിഞ്ഞുവീഴുമായിരുന്നത്.
മഴക്കാലത്ത് അതിലകളെല്ലാം
പൊഴിച്ച് തണുത്തുവിറക്കുമായിരുന്നത്.

ഓരോ നുണയ്ക്കും മഴയത്രയും
പൊട്ടിയ മഴയ്ക്കിടയിലൂടെ 
ചോർന്നൊലിക്കുമായിരുന്നു.

അവിടെ നിന്‍റെ മേൽവിലാസമുള്ള
ഉടലിൽ ഒരു മേഘം കുറെക്കാലം
ഒളിച്ചുതാമസിക്കുമായിരുന്നത്.
അവിടെ ഏറ്റവും കൂടുതൽ നനഞ്ഞ
ഒരു മഴയുണ്ടായിരുന്നത്.
മഴയുടെ കൊമ്പുകളിൽ ഒരു കൂട്ടം
കണ്ണീരുകൾ കുളിച്ചുതാമസിച്ചിരുന്നത്. 
മഴയുടെ കൊമ്പുകളിൽ നിന്ന്
മഞ്ഞുമലയിടിഞ്ഞിരുന്നത്.
മഞ്ഞുമലയിടിച്ചിലിൽ മൂടിപ്പോവുമായിരുന്ന
കണ്ണീരുകളെ മേഘത്തിലിട്ടു
വളർത്തിയിരുന്നത്.

ഓരോ നുണയിലും മേഘമത്രയും
നനഞ്ഞുപോവുമായിരുന്നു.
പെയ്യാൻ മറന്നുപോവാൻ മാത്രം
നനഞ്ഞുകുതിർന്ന്.
.

നിന്നെപ്പറ്റി ഒരു മഴയോട്
പറയമെന്നു വിചാരിച്ച്
മടുത്തതിൽപ്പിന്നെയാണ്.
ഒരു മഴയും പെയ്യാനിഷ്ടപ്പെടാത്ത
മറ്റൊരു മഴയെപ്പറ്റിപ്പറഞ്ഞ്.

പെയ്യുന്ന മഴയിലേക്കു പെയ്യിക്കുന്ന
ഒരു മഴയെപ്പറ്റിയത്രയും
വിചാരിച്ചിരിക്കെ.
പറഞ്ഞാൽക്കേൾക്കില്ല, 
മഴകൊണ്ടു നനഞ്ഞുവന്ന
മഴയാണ് തലതുവർത്താതെ 
ഭൂമിയിലേക്ക് ചോർന്നൊലിച്ച്.
തൊടിയെ കലക്കിൽക്കുളിപ്പിച്ച്.
മഴയെച്ചവിട്ടിക്കൊണ്ടുവന്ന്
ഉമ്മറമെന്ന് വിളിപ്പിച്ച്.
ഒരു മഴയും പെയ്യാനിഷ്ടപ്പെടാത്ത
മറ്റൊരു മഴയെക്കുറിച്ച്
നിന്നോടു പറയാനിരിക്കുകയായിരുന്നു.
ഒരിക്കലും പറഞ്ഞില്ല,
ഒരിക്കലും പെയ്യാതെ പോയ മഴയെക്കുറിച്ച്.
.

സങ്കടങ്ങളുടെ ചിറാപ്പുഞ്ചിയെ
ഏതു മഴയിലാണ് 
വരച്ചടയാളപ്പെടുത്തുക.
ഒരു മഴയും പെയ്യാൻ
മടിക്കുന്നിടത്ത്.
നിന്റെ ഉടലിലെത്തിയാൽ പെയ്യേണ്ടതില്ലാത്ത
മഴയെക്കുറിച്ചു പറയുകയായിരുന്നു.
പെയ്യേണ്ടതില്ലാത്ത ഒരു മഴയോ ?
വീശേണ്ടതില്ലാത്ത ഒരു കാറ്റോ ?
ഒഴുകേണ്ടതില്ലാത്ത ഒരൊഴുക്കോ ?

ഓരോ നുണയിലും മഴയത്രയും
ചോർന്നൊലിക്കുമായിരുന്നു.

അതെ. അതെ.
പെയ്യേണ്ടതില്ലാത്ത ഒരു മഴ തന്നെ.
പകരം അത്രയും നനഞ്ഞുപോയ
ഒന്നിനെ മറ്റെവിടെയും കാണാതെ.
.

ഓർമകളുടെ മഴക്കാടിനെ
ഏതു മഴയിലാണ്
വരക്കുക.
അതിലെ ഏറ്റവും നിഗൂഢമായ
അകത്തേക്കുള്ള കാട്ടുവഴി
തുറന്നുകിടപ്പുണ്ടാവില്ല.
ഇരുട്ടിന്‍റെ അടിക്കാടുകളിൽ
ഓരോ കരിയിലയും അനങ്ങുന്നത് 
അതിനുതന്നെ വേണ്ടിയായിരിക്കില്ല.
ഓരോ ഒച്ചയും ശബ്ദിക്കുന്നത്
സ്വന്തമായി ഒച്ചവയ്ക്കാനായിരിക്കില്ല.
ഓരോ മണവും വിയർക്കുന്നത്
അതിനു മണക്കാനായിരിക്കില്ല.

അത്തരമൊരു മഴയിലേക്കാണ്
പെയ്യേണ്ടതില്ലാതിരിക്കുന്നത്.
അങ്ങനെയൊരു കാടുണ്ട്.
നീയവസാനമായി ഉടലുപേക്ഷിച്ച്
ഒളിച്ചുതാമസിച്ചത്.
.

ഓരോ മഴയിലും നിനക്കൊരു
കത്തയച്ചിരുന്നു.
അതോരോന്നുമടുത്ത മഴയിൽ
മടങ്ങിവന്നിരുന്നു.
മേൽവിലാസങ്ങളിലൊന്നും
അടുത്തിടെ മഴ പെയ്തില്ലെന്ന
മടക്കത്തപ്പാൽ സ്റ്റാംപൊട്ടിക്കാതെ.

Thursday, March 12, 2020

ഉച്ചകളുടെ ഗസ്സൽ / ആർ.സംഗീത

നട്ടുച്ചകളുടെ 
ഹാർമോണിയ കട്ടകളിൽ
അലിഞ്ഞ്
നിമിഷങ്ങളുടെ 
കുഞ്ഞ്കൂടുകളിൽ നിന്ന്‌
കാറ്റുലച്ച ശിഖരപ്പച്ചകളിലേയ്ക്ക്
കിളികളെ പറത്തി
കളിക്കുകയാണ് 
ഞാനും അവനും

ഉരുകിയൊലിച്ച വെയിൽ
ജനൽ പാളികളിൽ
പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്
കിടക്ക വിരിയുടെ ചുളിവുകളിൽ 
കുടുങ്ങിപ്പോയ 
ചിറകരിഞ്ഞിട്ട
ചൂടുകൾ
കൊക്ക് പിളർത്തുന്നുണ്ട്

വിരസതയുടെ വിള്ളൽപാടുകളിൽ 
കുഴിച്ചിറങ്ങി
തണുപ്പിന്റെ ഉറവകളിൽ 
തട്ടുമ്പോഴാണ്
നമ്മൾ പരസ്പരം
വച്ച് മാറുക

നീ ഞാനാവുന്നു
ഞാൻ നീയും

നീയെന്റെ കണ്ണുകളിൽ
തൊടുന്നു
കടലോർമ്മയിൽ രണ്ട് മീനുകൾ
പുഴയെ തിന്നുന്നു
നീയെന്റെ
ചുണ്ടുകൾ മുകരുന്നു
നൂല് പൊട്ടിയൊരു പട്ടത്തെ
മേഘങ്ങളിലെക്ക്
അഴിച്ച് വിടുന്നു
നീയെന്റെ
കടലുകളെ..
ചുഴികളെ,
മരുഭൂമികളെ
വയലുകളെ
താഴ് വരകളെ
മരങ്ങളെ
പൂക്കളെ
ഇലകളെ
മഞ്ഞ്പാളികളെ
താലോലിക്കുന്നു
ഋതുക്കളുടെ
മെഴുകു ശിൽപ്പങ്ങൾ
ഒരുക്കുന്നു

പകലിന്റെ അയഞ്ഞ
കുപ്പായ കുടുക്കിൽ
ഇന്നലകളെ മറന്ന് 
വയ്ക്കാൻ പഠിപ്പിക്കുന്നു
രണ്ട് ഉച്ചകൾക്കിടയിലെ നേരങ്ങളെ
ഒരു കാറ്റാടി കമ്പിൽ
കോർത്ത്‌ ചുഴറ്റാൻ
പരിശീലിപ്പിക്കുന്നു
അടുത്ത ഉച്ചയിലേക്ക്
ഞാനെന്നെ പറിച്ച് നടുന്നു

നിന്നെ പ്രണയിക്കുകയെന്ന
ദുശ്ശീലം തുടരുന്നു...

   

വേനൽ /പി. രാമൻ

ഒരു പൂമരത്തിന്റെ
ചോരയിൽ പകർത്തട്ടേ
എരിവെയിലിനോടൊപ്പ-
മെന്റെ വേനലും കൂടി

അല്ലായ്കിലെന്നിൽ പടർ-
ന്നീടുവാൻ കനിയണം
പൊള്ളുന്ന വെയിലോടൊപ്പം
നിന്റെ പൂക്കളും കൂടി.