Wednesday, March 18, 2020

മൊഴിമാറ്റം/കെ.പി.റഷീദ്

മഴ എന്ന് പറയുമ്പോൾ
മുറിവ് എന്നു കേൾക്കുന്ന
ഒരാളും
വെയിലെന്ന് കേട്ടാൽ
കുട തുറക്കുന്നൊരാളും
ഇനിയും പിടികിട്ടാത്തൊരു കാര്യം
വാക്കു കൊണ്ടു വെളിവാക്കാൻ
നടത്തുന്ന 
എണ്ണമറ്റ വിവർത്തന ശ്രമങ്ങളല്ലാതെ
മറ്റെന്താണ് പ്രണയം?

സ്വപ്നമെന്ന് കേട്ടാൽ
ഞാനിപ്പോഴും,
വസന്തത്തിന്റെ വിജാഗിരികൾ
അടർന്ന വാതിൽ
വരച്ചുവെയ്ക്കുന്നു.
അതിൽപന്തലിക്കുന്ന
ലോലമായ
പാട്ടിലകളിലൂടെ കയറി
ഉറക്കമേ എന്ന്
വിരാമചിഹ്നമിടുന്നു. 

നിനക്കോ, 
സ്വപ്നമെപ്പോഴും
സിരകളിലൂടെ 
മദ്യപരെപ്പോലെ
മയങ്ങി മയങ്ങി പോവുന്ന
പേക്കിനാക്കളുടെ
ഗോവണി.

ചുരങ്ങൾക്കിരുപുറം പൂക്കുന്ന
മരണത്തിന്റെ മഞ്ഞുമറ കാൺകെ
ഞാനൊരു 
ഞെക്കുവിളക്ക് തേടുന്നു,
നീയോ,
എല്ലാ വിളക്കുമണച്ച്
ഒരു പൂച്ചയെ
പുഴകടത്താൻ 
കാല് വെള്ളത്തിലേക്ക് നീട്ടുന്നു.

വാക്കുകൾ 
മനസ്സിലായിത്തുടങ്ങുന്ന
നേരത്താവണം
പ്രണയത്തിന്റെ
ബോർഡിൽ
ആരെങ്കിലും
മരണമെന്നെഴുതി
അമ്പടയാളം ഇടുന്നത്.

No comments:

Post a Comment