കണ്ണാടിയുടെ ചില്ലില്‍
എന്നെ വിളിക്കല്ലേ എന്ന് രണ്ട് കണ്ണ്
സൈക്കിളിന്റെ പിറകില്‍ ഒരു കാക്ക
ചങ്ങലയഴിയുന്നതിന്റെ
സൈക്കിളിഴയുന്നതിന്റെ
പാട്ട് കെടുന്നതിന്റെ
മണ്‍തരി വായില്‍ ശ്വാസം തേടുന്നതിന്റെ
ഒടിച്ചുകളഞ്ഞ ചില്ലയുടെ കറ ഒഴുകുന്നതിന്റെ
എല്ലാത്തിന്റേയും
പടമെടുത്ത് പറന്നുപോവുന്ന കാക്ക
കവണയില്‍ നിന്ന് തെറ്റുന്ന കല്ല്
കാഷ്ഠം ഭയന്ന് മുഖം മൂടുന്ന കണ്ണാടി
കാക്കത്തൂവല്‍ - കിളിമുടി പക്ഷിത്താടി.
ടയറിനെ മണത്തുനോക്കുന്ന ഓന്തും പിള്ളേരും
ശ്വാസത്തിനെതിരെ
മീശയില്‍ കടിച്ചുപ്പിടിച്ച് പുളിയുറുമ്പുകളുടെ മുദ്രാവാക്യഘോഷണം
വെള്ളത്തില്‍ മുങ്ങിക്കപ്പല്‍ കളിച്ചിരുന്നപ്പോള്‍ കുമിളയാത്ര
എണ്ണിയവളുടെ ഫോണ്‍വിളി
മുയല്‍ച്ചെവിയന്‍ പൂവാങ്കുറുന്നിലകളുടെ കാടിന്റെ
ചുവപ്പന്‍ പാടമെന്ന പരിണാമം
തഴുതാമയുപ്പേരിയുടെ രുചി തങ്ങുന്ന ഉമിനീര്‍
പുരികപ്പാളത്തിലെ പഴുതാരയോട്ടങ്ങള്‍
ഡൈനാമോ ഊര്‍ന്ന് പോയതറിയാത്ത
സൈക്കിള്‍ ലൈറ്റ് , അതിനെ ഒക്കത്തിരുത്തിയ ഹാന്‍ഡില്‍
കണ്ണാടിയില്‍ കൊത്തിക്കൊണ്ട്
ആ നിമിഷത്തെ അലസമായി പിന്നിലേക്ക്
നീക്കിനീക്കിപ്പിടിക്കാനറിയാവുന്ന
മണ്ണാത്തിപ്പുള്ളിന്റെ വിളിയും
ചിത്രമായി പതിഞ്ഞുകാണും
ഭും എന്നൊച്ചവെച്ച വമ്പന്‍ വണ്ടിയുടെ
ചക്രച്ചാലില്‍ കിനിഞ്ഞ് പെട്രോള്‍ പാട
മുടിക്ക് ചുറ്റും കണ്ണീര്‍ഭൂപടം, അതില്‍ പിറകോട്ട് ചലിക്കാനാവാത്ത
പാട്ടേന്തുന്ന ഉറക്കെയുള്ള നിലവിളി
(ഇതിപ്പോള്‍
മണ്ണൊഴുകാന്‍ തുടങ്ങുകയും
ഓലത്തെയ്യം കൂക്കാന്‍ തുടങ്ങുകയും
വടക്കേച്ചിറയില്‍ കാക്കകള്‍ നീന്തിത്തുടിക്കുകയും
ചെയ്യുമ്പോഴുണരുന്ന പാട്ടിനെക്കുറിച്ചാണ് പറയുന്നത്)
കെട്ടുപോകുന്ന താളങ്ങളെ മാത്രം കുടിച്ചുവീര്‍ക്കുന്ന
നിമിഷത്തില്‍ ജയിക്കുന്ന കാമറകളുണ്ട്.
പാട്ടിന്‍വയറില്‍ നമ്മളുറങ്ങുമ്പോള്‍
ഒരു സൈക്കിളുന്തി സമയം പിറകിലൂടെ ഓടിക്കളയുന്നു.
No comments:
Post a Comment