നാല് വയസ്സുകാരൻ
കുഞ്ഞൻ
സ്കൂളിൽ നിന്ന് വന്നു,
കൂട്ടുകാരനോട്
പിണങ്ങിയ കഥ പറഞ്ഞു.
അവനടിച്ചെന്നും, ഞാങ്കരഞ്ഞെന്നും
ഇനി കളിക്കാൻ കൂടില്ലെന്നും
അവന്റെ പിറന്നാളിന്
കേക്ക് മുറിക്കാൻ പോവില്ലെന്നും
ഒറ്റശ്വാസത്തിൽ പറഞ്ഞ്
പരാതി വണ്ടിയായ്
ഓടിപ്പോയി.
പിണക്കം വരുമ്പോഴൊക്കെയും
അവന്റെ മുഖം
കൂർത്ത് കൂർത്ത് വന്നു,
കണ്ണിൽ പുതുരസങ്ങൾ വന്നു,
കുഞ്ഞിക്കൈ വീശിയുള്ള
അടിയിൽ വേദനയുടെ
തിണർപ്പുകൾ വന്നു.
അവനോടുന്ന വഴികളിൽ
പക മുതിരുന്നതും
അതിരുകളിൽ
മുറിവ് മുള പൊട്ടുന്നതും
കളിയിടങ്ങളിലെ
വെള്ളാരങ്കല്ലുകളിൽ
ചോര പൊടിയുന്നതും അറിഞ്ഞു.
ഇനി രക്ഷയില്ലെന്നോർത്ത്
കല്ലുകളെല്ലാം തെരുത്ത്
ഒരു മൂലയിലേക്കിട്ട്
തിരിയുമ്പോൾ കണ്ടു
രാവിലെ
പിണങ്ങിയ കൂട്ടുകാരനോടൊപ്പം
കുഞ്ഞൻ
മണ്ണപ്പം ചുട്ട് കളിക്കുന്നത്,
ആർപ്പ് വിളിച്ചോടുന്നത്,
ചിരിച്ച് മറിയുന്നത്.
കളിയുടെ ഓളത്തിൽ, അവന്റെ
മൂക്കിൻ തുമ്പിൽ നിന്നും തെറിച്ച
വിയർപ്പിന്റെ ഒരു തുള്ളിയിൽ,
ഭൂമി, ഒന്ന് മുങ്ങി നിവർന്നു.
അടിയിൽ
വെള്ളാരങ്കല്ലുകൾ
തെളിഞ്ഞ് കിടന്നു.
No comments:
Post a Comment