Wednesday, December 31, 2014

ആമയും മുയലും / കല്‍പ്പറ്റ നാരായണന്‍


കഥകേട്ടുറങ്ങിയ എന്റെ മകനോട്
ഒച്ചയെടുക്കാതെ ഞാന്‍ പറഞ്ഞു.
മോനേ, ആമയും മുയലും രണ്ടു പാവം മനുഷ്യരാണ്.
യൗവനത്തിന്റെ മധുരമായ വേഗങ്ങളില്‍
തന്നെത്തന്നെ മറന്നുപോയ ഒരാള്‍.
അപരനോ
പാഠപുസ്തകങ്ങള്‍ സ്വപ്നം കാണുവാന്‍ ശീലിച്ച്
അങ്ങനെ ഉറക്കത്തിലും പഠിച്ച്
ഉന്നതമായ പരീക്ഷകള്‍ പാസായ ഒരു നിര്‍ഭാഗ്യവാന്‍.
അവരിലൊരാള്‍ ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍
വഴിക്കേതോ മാധുര്യങ്ങളില്‍ വൈകിപ്പോയിരിക്കാം.
അവന്റെ ആത്മമിത്രം കിടപ്പറയില്‍നിന്നും
ചിറി തുടച്ചിറങ്ങിവന്നു.
പിന്നീടൊരിക്കലും അവനൊരിടത്തും വൈകിയിട്ടില്ല.
ജാഥ മുറിച്ചുകടന്ന്
മേലുദ്യോഗസ്ഥനെ മുറിച്ചുകടന്ന്
ക്യൂ തെറ്റിച്ച്
ആളും തരവും നോക്കാതെ
ഒരു തണലിലും ഇരിക്കാതെ
അവന്‍ ഓടിക്കൊണ്ടിരുന്നു.
മോനേ,
ആമയും മുയലും പരസ്പരം അറിയുകതന്നെയില്ല.
കുറുക്കന്റെ തൊണ്ടയില്‍നിന്നും
കൊറ്റി എല്ലെടുത്തുകൊടുത്തു എന്ന് പറഞ്ഞില്ലേ?
അതും വെറുതേ.
കുറുക്കന്‍ എല്ലില്‍ പിണഞ്ഞ്
പുറത്തേക്ക് ഏറെ ഓടുവാനാകാതെ
പിടഞ്ഞുമരിച്ചു.
പക്ഷേ, അത് ഒരു കഥയുടെയും അവസാനമായിരുന്നില്ല.
ആരെയെങ്കിലും നിരാശ്രയരാക്കിക്കൊണ്ടായിരുന്നില്ല.
വാങ്ങിയ കടം വീട്ടാതെയായിരുന്നില്ല.
ആരെയും ചതിച്ചിട്ടോ
ആരെങ്കിലും ചതിച്ചിട്ടോ ആയിരുന്നില്ല.
പണ്ട്
ഞങ്ങള്‍ക്ക് ഞങ്ങളില്‍ ഇടം പോരാ എന്നിടഞ്ഞ
ഒരു കൂട്ടം മനുഷ്യരെ
ഇഴയുന്നതിലും നീന്തുന്നതിലും ഓടുന്നതിലും വസിക്കാന്‍
ഈശ്വരന്‍ സമ്മതിച്ചു.
അങ്ങനെയാണ് നമ്മളിവരിലത്രയും വസിക്കാന്‍ തുടങ്ങിയത്.
ഇഹപരങ്ങളിലത്രയും നാം നിറഞ്ഞത്.
നാം നമ്മളില്‍പ്പോലും
കഴിയാന്‍ മാത്രമില്ലെന്ന്
ഈശ്വരന്‍ അന്നേ അറിഞ്ഞിരിക്കണം.
മോനേ,
അച്ഛന്‍ നിന്റെ അടുത്ത് ഏറെ നേരം കിടന്നുവെന്ന് തോന്നുന്നു.
അച്ഛനിപ്പോള്‍ ഒരുപാട് പിന്നിലായിട്ടുണ്ടാവും.
----------------------------------------------------------

Tuesday, December 30, 2014

അപവാദം / ലാല്‍ രഞ്ചന്‍


അതങ്ങനെ
സഞ്ചരിച്ചുകൊണ്ടേയിരിക്കും
പരന്നും പരതിയും പരത്തിയും.

കരിയിലകളില്‍ കലപിലത്തും
തളിരിലകളില്‍ വെയില്‍ കൊരുത്തും
പുകഞ്ഞ കൊള്ളിയില്‍ പെരുകി വീശിയും
പൊതുവിടങ്ങളില്‍ ഒളിനോട്ടങ്ങള്‍ കുടഞ്ഞും
വല്ലവന്റേം തുപ്പല്‍കോളാമ്പിയിലെ
ദുര്‍ഗന്ധം ചുമന്ന്‍ മറ്റവനെ മലിനീകരിച്ചും.
നാറ്റം എത്ര ദുസ്സഹമായാലും
നാറ്റിക്കുക നാറികളുടെ നീതിയാണ്.
നാസികയ്ക്കെപ്പോഴും
അടഞ്ഞിരിക്കാനാവില്ല.
ഒരു നിശ്ചിത അകലം
ഏതിനും നല്ലതാണ്.
പ്രതികരണമായും
പ്രതിരോധമായും.
അല്ലാതെ
കാറ്റിന് വേലികെട്ടുന്നതാര് ?
----------------------------------------

Sunday, December 14, 2014

ജീവിതഗന്ധി /ജയദേവ് നയനാർ


ആദ്യം കാണുന്ന
ആദ്യം കേൾക്കുന്ന
ആദ്യം മണക്കുന്ന
ഉടലിലേക്കുടൽ മാറാൻ
വേണ്ടിയായിരുന്നു.
മേഘങ്ങളുടെ കോണിയിറങ്ങി
വരികയായിരുന്നപ്പോൾ.
.
പല ഉടലുകളിലേക്കും
ഉടലു വച്ചുമാറാൻ
വേണ്ടിയായിരുന്നു.
അമ്പരിപ്പിക്കുന്ന
ഉടലുകളായിരുന്നു.
ഒരു മീനിൻറേത്,
നീന്തലുപേക്ഷിക്കാൻ
കൊതിക്കുന്നത്.
ഒരു ഇലയുടേത്,
ആകാശമാകാൻ
സ്വയം നേരുന്നത്.
ഒരുവളുടേത്,
ഉടൽ മറക്കാൻ
തിടുക്കപ്പെടുന്നത്.
.
മരത്തിൻറെ ഏറ്റവും
അടുത്തുള്ള ചില്ലയിൽ
ഒരൂഞ്ഞാൽ കെട്ടുന്നതിനിടെ
ആയിരുന്നു അപ്പോൾ.
കാറ്റുകൊണ്ട് പലവട്ടം
മുറുക്കിക്കഴിഞ്ഞിരുന്നു.
ഇളകുന്ന ചില്ല ഓരോ
പൂവായിപ്പിറന്ന്
തുടങ്ങിയിരുന്നു.
.
ഇതുവരെ മണക്കാത്ത
ഒരു ഓർമയിലായിരുന്നു.
അവിടെയാണ് ഉപേക്ഷിച്ച
ഒരുടൽ കടന്നുപോവുന്നത്.
വച്ചുമാറാൻ പറ്റിയതൊന്ന്
എന്നു പതുക്കെപ്പറയുന്നത്.
അന്നൊന്നും ആകാശമിങ്ങനെ
ആകാശമായിത്തുടങ്ങിയിരുന്നില്ല.
ഉപേക്ഷിക്കപ്പെട്ട ഉടലിലാണ്
ആകാശത്തെ കണ്ടെടുക്കുന്നത്.
അതുകഴിഞ്ഞ്
അതിലേക്ക്
അത്രമേൽ
ആഴ്ത്തപ്പെടുന്നത്..

--------------------------- 


എന്നാലും ഇങ്ങനൊരിടം / സുധീർ രാജ്


അതുവഴി പോകുമ്പോഴെല്ലാം വിചാരിക്കും
അവിടൊന്നു കേറണമെന്ന്.
ആറ്റിറമ്പത്ത് വണ്ടി നിർത്തി
വരമ്പ് വഴി നടന്ന് അങ്ങോട്ടു കേറണമെന്ന്.
കൊമ്പിൽ കമിഴ്ന്നു കിടന്നു ചൂണ്ടയിട്ട
മാവവിടെ ഉണ്ടോ എന്തോ.
അക്കരെ നിന്ന് തുണികഴുകുന്ന
പെണ്ണുങ്ങടെ അർത്ഥം വെച്ചുള്ള ചിരി
ഇപ്പോഴും അവിടെയുണ്ടോ എന്തോ .

നിന്റെ കൂടെ ഒറ്റക്കരിമീനേ തപ്പിയെടുത്തത്
ഇനി അതിന്റെ ഇണയും കാണുമെന്നു പറഞ്ഞ്
അതിനേം തപ്പിയെടുത്തത്
കരഞ്ഞോണ്ട് നമ്മളതിനെ വറുത്തു തിന്നത്
ചങ്ങലമാടനെക്കാണാൻ
കാവിൽ പാത്തിരുന്നത്.
തിരിച്ചു വരുമ്പം ,
അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ
തലയും താഴ്ത്തി നടന്നത് .
കയറു കഴുത്തേക്കുരുങ്ങി
നിന്റാട് ചത്തേന്റെ പിറ്റേന്നാ
നീ പോയത് ..
ഞാൻ വന്നായിരുന്നു
ആരും കാണാതെ നിന്നെ തൊടുകേം ചെയ്തു
ഞാനൊറ്റയ്ക്ക് കാവിലോട്ടു പോയി
കാവിലപ്പിടി മഞ്ഞക്കിളികളായിരുന്നു
നീയറിഞ്ഞോ ,
ഞാനും ചങ്ങലമാടനും കൂട്ടായി
അച്ഛനേം അവിടെ വെച്ചു കണ്ടായിരുന്നു .
തൂങ്ങിച്ചത്ത കോരനാ
നിന്റടുത്തേക്കുള്ള വഴി പറഞ്ഞു തന്നത്
കരീലാഞ്ചി വള്ളിയാ ഊഞ്ഞാലു കെട്ടിത്തന്നത്
മാടനാ എടുത്തിരുത്തിയത് .
പിന്നൊന്നും ഓർമ്മയില്ല.
ഇതുവഴി പോകുമ്പോഴൊക്കെ വിചാരിക്കും
ഇവിടൊന്നു കേറണമെന്ന്.
ഇപ്പോ,
ഇങ്ങനൊരു സ്ഥലമുണ്ടോ എന്തോ..
ഇങ്ങനൊരു സ്ഥലമില്ലെന്നാ അമ്മ പറയുന്നത് .
ഇപ്പോഴെന്റെ ഓർമ്മയെല്ലാം അമ്മയാണല്ലോ .
എന്നാലുമൊരു കരീലാഞ്ചിവള്ളിയിങ്ങനെ മുറുകുന്നുണ്ട്
എന്നാലും ഇങ്ങനൊരിടം ...
--------------------------------------

വൈലോപ്പിള്ളി / മരണം കനിഞ്ഞോതി


മരണം കനിഞ്ഞോതീ--സർവ്വവും വെടിഞ്ഞു നീ
വരണം സമയമായ്‌,വിളക്കു കെടുത്താം ഞാൻ.

പഴതാം മണ്ണിൻ ഗന്ധമൊക്കെയുമുപേക്ഷിച്ചു
നിഴലായ്‌ പോയേൻ കൂടെ, നീണ്ട പാതയിലൂടെ.
എങ്കിലുമെടുത്തേൻ ഞാൻ,ഗൂഢമെൻ കന്നിക്കാതൽ-
പ്പെൺ കൊടിയാൾ തൻ കൊച്ചു മധുരസ്മൃതി മാത്രം.
വെറ്റിലത്തരി പോലെ ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു മാമ്പൂവിൻ മണം ചിന്നി.
എൻ ഗതിയനുഭൂതിലാലസാലസമായോ
"എന്തിതു ? ചതിച്ചോ നീ?"
പിൻ തിരിഞ്ഞോതീ മൃത്യു.
"നിൻ കവിൾ തുടുക്കുന്നൂ, നിൻ മിഴി തിളങ്ങുന്നൂ
നിൻ കരൾ മിടിക്കുന്നൂ, നീ ജീവിച്ചിരിക്കുന്നൂ!"
അറിയപ്പെട്ടീലെന്റെ രഹസ്യം,പക്ഷേ, വീണ്ടു-
മെറിയപ്പെട്ടേൻ മണ്ണിലേകാന്ത ജന്മം നീട്ടാൻ.
-------------------------------------------------

Friday, December 12, 2014

അച്ഛനോട് / ജിനേഷ് കുമാർ എരമം


മുത്തശ്ശിക്കഥ കേൾപ്പിച്ചില്ല
പൊട്ടൻതെയ്യം കാണിച്ചില്ല
മണ്ണിലിറക്കിയില്ല
മലയാളം തൊടീച്ചില്ല.

വേരുകളും കന്നിക്കൊയ്തും
പാവങ്ങളും അയല്ക്കാരും
കണ്‍വെട്ടത്തേ വന്നില്ല.
കുറുന്തോട്ടിയും ശതാവരിയും
തിരിച്ചറിഞ്ഞില്ല
ആഴവും ഒഴുക്കും അനുഭവിച്ചില്ല.
മത്സരങ്ങളിൽ ഞാൻ
പണത്തിലേക്ക് തൊടുത്ത അമ്പ്
ഉത്സവങ്ങളിൽ
ആർക്കും കയ്യെത്താത്ത തിടമ്പ്.
ചെറുപ്പത്തിലെ തന്നത്
വാഷിംഗ് ടണിലേക്കുള്ള
സ്വപ്നവിമാനത്തിന്റെ ടിക്കറ്റ്.
സിലിക്കണ്‍ താഴ്‌വരയിൽ
അമ്പത് നില ഫ്ലാറ്റിന്റെ
തീറാധാരം.
എന്നിട്ടിപ്പോൾ നിലവിളിക്കുന്നു
മക്കൾ വൃദ്ധസദനത്തിലടച്ചെന്ന് !
-----------------------------

Monday, December 8, 2014

മതപ്രസംഗം / കുരീപ്പുഴ ശ്രീകുമാർ


കമ്പ്യൂട്ടർ അണച്ച് ...
മിക്സിയിൽ നിന്ന് പകർന്ന് -
ഫ്രിഡ്ജിൽ സൂക്ഷിച്ച
പഴച്ചാർ നുണഞ്ഞ്
യന്ത്രത്തിൽ തുന്നിയെടുത്ത
കുപ്പായമിട്ട്
ജീപ്പിൽ വന്നിറങ്ങിയ
മത പ്രസംഗകൻ
വൈദ്യുതവിളക്കിന്റെ ചോട്ടിൽ
മൈക്കിനു മുന്നിൽ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി ...!
-------------------------

Sunday, December 7, 2014

കണ്ണു തുറക്കുക / എം.പി.അപ്പൻ


ഉണ്ണീ, ഉഷസ്സിങ്ങെത്തിപ്പോയ്‌
കണ്ണുതുറക്കുക കണ്മണിയേ.

വിൺപൂങ്കാവു വെടിഞ്ഞെത്തും
പൊൻ പൂമ്പാറ്റകളെന്നതുപോൽ
തെരുതെരെ വന്നു പരക്കുന്നു
നറുവെയിലൊളി തൻ കുഞ്ഞലകൾ.
ചാമ്പി മയങ്ങിയ പൂപോലെ
കൂമ്പിയിരുന്നോരുലകെല്ലാം
പുതിയോരഴകൊടു വിരിയുന്നു
പുലർ കാലത്തിൻ പുഞ്ചിരിയാൽ.
മുല്ലപ്പൂവിൻ തൂവിതളിൽ
വെള്ളപ്രാവിൻ പൂഞ്ചിറകിൽ
മംഗളനർത്തനമാടുന്നു
കൺകുളിരരുളും കതിർ നിരകൾ.
പൂഴിത്തരിയും പുൽക്കൂമ്പും
പൂമുകുളങ്ങളുമെന്നോണം
നിന്നുടെ പിഞ്ചുകരൾക്കാമ്പും
പൊന്നിൻ പുലരിയിലിളകട്ടെ.
---------------------------------

Friday, December 5, 2014

വികസനം / അസ്മോ പുത്തൻചിറ


വികസിച്ചുവരുന്ന
റോഡുകളിലൂടെയാണ്
കരിങ്കല്ലും
തേക്കും
വീട്ടിയും
ചന്ദനമുട്ടിയും
മലയിറങ്ങിപ്പോകുന്നത് .

വികസിച്ചുവരുന്ന
ഗ്രാമത്തിൽനിന്നാണ്
നെൽവയലും
തോടും
കുളവും
നാട് നീങ്ങി
സിനിമയിൽ പോയൊളിച്ചത് .

വികസിച്ചുവരുന്ന
വ്യവസായമാണ്‌
അവകാശങ്ങളെ
തടവിലാക്കിയ
അധികാരത്തിന്റെ
വാതിൽ
തുറക്കുന്നത് .

വികസിച്ചുവരുന്ന
മനുഷ്യത്വമാണ്‌
തെരുവിൽ
ചോരവാർന്നു കിടക്കുന്ന
മനുഷ്യന്റെ
ചിത്രം പിടിക്കാൻ
തിക്കിത്തിരക്കുന്നത് .

വികസിച്ചുവരുന്ന
മതസൗഹാർദമാണ്
പന്തിയിൽനിന്നു
മേശയിലെത്തി
പച്ചക്കറിയിൽനിന്നു
മത്സ്യമാംസാദികളിലൂടെ
വയറുനിറയ്ക്കുന്നത് .

വികസിച്ചുവരുന്ന
നഗരത്തിൽനിന്നാണ്
വിശ്രമമില്ലാത്ത
പകലും
രാത്രിയും
വിശ്രമിക്കാനായി
ഗ്രാമത്തിലെത്തുന്നത് .

വികസിച്ചുവരുന്ന
പട്ടിണിമരണങ്ങളിൽ നിന്നാണ്
ആദിവാസികളുടെ
ജീവിതം
വാർത്തകളുടെ
ചുരമിറങ്ങുന്നത് .
-----------------------

Thursday, December 4, 2014

മേഘങ്ങളില്‍ നിന്ന് / എം.സങ്


നിശ്ശബ്ദത
അഴിഞ്ഞു വീഴുമ്പോള്‍
മേഘങ്ങളില്‍ നിന്ന്
ഒരു വാക്ക്
ഭൂമിയിലേക്ക്.

നമസ്കരിച്ചു നില്‍ക്കുന്ന
സസ്യങ്ങള്‍
അദൃശ്യമായ
ആ വാക്കിനെ
നെഞ്ചേറ്റുന്നു.
പൂവുകള്‍
സുദൃഢമായ
ഒരു വിത്തായി
അതിനെ മാറ്റുന്നു.
ആ വിത്ത്
മറ്റൊരു മരമായ്‌
അനന്തകാലത്തേക്ക്
തണലാകുന്നു.
ഏതോ ഒരു
പകല്‍ക്കാറ്റ്
ആ വാക്കിനെ
സ്നേഹം എന്ന്
വായിക്കുന്നു.
ഞാനത്
കേള്‍ക്കാതെ
കേള്‍ക്കുന്നു.
-----------------

Wednesday, December 3, 2014

ഒരു.. ഒരു / കമറുദ്ദീന്‍ ആമയം


നിത്യവും ഒരു വാക്ക് വെച്ച് പഠിക്കുക
ഉപദേശിക്കുമായിരുന്നു
പണ്ട് അധ്യാപകൻ

അങ്ങനെയെങ്കിൽ
ഒരു മാസം മുപ്പത് വാക്കുകൾ
കൊല്ലത്തിൽ മുന്നൂറ്റി അറുപെതിയെട്ടു വാക്കുകൾ
രണ്ടാംശനി ഓണം വിഷു ബക്രീദ്
എത്ര ചേറികൊഴിച്ചാലും പഠിക്കാം
ആണ്ടിൽ പത്തുമുന്നൂറു വാക്കുകൾ

ഇപ്പോൾ നിത്യവും മറക്കുന്നതെത്ര
ചെമ്പോത്ത് ഒരു നല്ല വാക്ക് കൂടിയാണ്
മറന്നിട്ടെത്ര കാലമായി
മെച്ചിങ്ങ മറ്റൊന്ന്
മുരിങ്ങ കലം മുറം വട്ടോറം
കമ്മ്യൂണിസ്റ്റ്പച്ച മൈലാഞ്ചി
കോൽക്കളി തായംകളി
ഉരൽ അമ്മി കുഴഞ്ഞു പോകുന്നു
ഓർമയുടെ കിണറ്റിലേക്ക് ആഴ്ത്തി
പാളയും കയറും
ചുറ്റിപിടുക്കുന്നില്ല പാതാളക്കരണ്ടിയിലും
ഊർന്നുപോയവ

രക്ഷപ്പെട്ടു പോകുന്നു തല്ക്കാലം
അച്ചാറു കമ്പനിക്കാരുടെ കനിവിൽ
കണ്ണിമാങ്ങ
മധുരിപ്പിക്കുന്നു പ്രമേഹം
നെല്ലിക്കയെ പാവക്കയെ
താങ്ങി നിർത്തുന്നു സ്മിർനോഫ്
ചെറുനാരക കാലുകളെ
ഉദ്ധാരണക്കുറവ്
നായ്കൊർണ്ണച്ചെടിയെ

വാക്കുകളാണ്
ഉപ്പ ആദ്യം മറന്നു തുടങ്ങിയത്
പിന്നെ വസ്തുക്കൾ
അവസാനം അവരവരുടെ പേരുകളെന്നു
അനുജനും ഞാനും പോരടിക്കുമ്പോൾ
കിടാങ്ങളെ പോലെ വഴക്ക് കൂടുന്നോ
ഉമ്മയുടെ ശാസനയിൽ
രക്ഷപ്പെട്ടുപോകുന്നു
കുടുംബത്തോടൊപ്പം
രണ്ടു വാക്കുകൾ

വാക്ക് എന്നതിന്
നടത്തം എന്നാണ് അർത്ഥമെന്ന്
മക്കൾ പോരിനു വരുമ്പോൾ
മറവി ഒരു ഇതാണെന്ന്
എന്തോ പറയുമല്ലോ
ഒരു ഇതാണെന്ന്
ഒരു ഒരു..
-----------------------------

Monday, December 1, 2014

"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ */ സുധീർ രാജ്



മായി ,
അവർ പതിമൂന്നു പേരുണ്ടായിരുന്നു...
നിന്റെ ഇതിലൂടെ ഞങ്ങൾ
തീവണ്ടിയോടിച്ചു കളിക്കുമെന്ന് പറഞ്ഞ്
അവരുറക്കെയുറക്കെച്ചിരിച്ചിരുന്നു .
മായി ,
കശാപ്പുശാലയിൽ നിന്നും തെറിച്ചു പോയ
ഇറച്ചിത്തുണ്ടായിരുന്നു ഞാൻ .

മായി ,
ഞാൻ പ്രസവിക്കാൻ പോകുന്ന
കുഞ്ഞിനെ ഞാൻ കൊല്ലില്ല.
ഇതെന്തു പിഴച്ചു .
ഇതിനെ ഞാൻ നിങ്ങൾക്ക് തരും
ദൂരെയൊരിടത്ത് ഞാൻ കാണാതെ
നിങ്ങളവനെ വളർത്തണം.
13 നരകങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിക്കാതിരിക്കാനാണ്
മായി ,
ആ തോക്ക് അല്പം നീക്കിവയ്ക്കൂ
ട്രിഗറിൽ എന്റെ വിരലെത്തും വരെ
ഞാൻ ഗർഭിണിയാണെന്നറിയുന്ന പോലീസ്
എന്നെത്തിരഞ്ഞു വരും .
മായി ,
ഞങ്ങളെയവർ വരിവരിയായി
മുട്ടുകുത്തി നിർത്തിയിരുന്നു
അവരുടെ ബൂട്ടിൽ ഉപ്പു വിതറി
അവർ ഞങ്ങളോട് പറഞ്ഞു.
"നക്കിനെടാ നായ്ക്കളേ
നീയൊക്കെ ഞങ്ങടെ ഉപ്പു തിന്നു ചാകടാ"
മായി ,
മഹന്തോയേ ഞങ്ങളുടെ മുന്നിലിട്ടാണ്
അവർ വെടിവെച്ചു കൊന്നത് .
ഉറക്കെക്കരഞ്ഞ മഹന്തോയുടെ
വായിലേക്കവർ നിരനിരയായി നിന്ന്
മൂത്രമൊഴിച്ചു .
ഇതാ പട്ടികളുടെ വിപ്ലവമൊലി ച്ചു പോകുന്നേ
എന്നലറിച്ചിരിച്ചു .
മായി ,
"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ *
എന്നലറിയാണവർ എന്നിലേക്ക്‌ പാഞ്ഞത് .
മായി ,
മരണത്തിനും അപമാനത്തിനും മീതേ
ഞാൻ ജീവിച്ചിരിക്കുന്നു .
മായി ,
ഞങ്ങൾ ഒടുക്കമില്ലാത്ത ഖനികളാണ്
ഇരുളിൽ നിന്ന് നിങ്ങളെത്തിരഞ്ഞ്
ഞങ്ങൾ വരികതന്നെ ചെയ്യും .
ഓരോ ഹരിതക കണത്തിലും
ചുവന്ന രക്താണുക്കളിലും
മണ്ണിലും പാട്ടിലും ബലികളിലും കൂടി
ഞങ്ങൾ നിങ്ങളിലേക്ക് സംക്രമിക്കുന്നു .
മായി ,
ആ തോക്ക് അല്പം നീക്കിവെയ്ക്കൂ
മരിച്ചു പോയവരെ തിരികെ വിളിക്കുന്ന
ജീവന്റെ പാട്ടൊന്നു പാടൂ .
മായി ,
ആർക്കറിയാം ഒരു പക്ഷേ
ഇതു നമ്മുടെ അവസാനരാത്രിയാകാം .
മായി ,
എനിക്കൊരു താരാട്ടു മതി .
**കിളുന്തു ഹരിജൻ പൊലയാടിമോളുടെ കറുത്തപൂവ് .
----------------------------------------------------

പുലരുംമുമ്പേയുള്ള നടത്തം / പി.പി.രാമചന്ദ്രന്‍


പുലരുംമുമ്പേയുള്ള നടത്തം
കുളിരും കാറ്റും കൂട്ട്

അറ്റം കാണാപ്പാതയിലെതിരേ
പത്രക്കാരന്‍,പാല്‌
ചുറ്റിനടക്കും നായ,വീടിന്‍
മുറ്റമടിക്കുമൊരമ്മ
തട്ടുകടസ്‌റ്റൌവിന്മേല്‍ പുട്ടിന്‍-
കുറ്റി,വെളിച്ചം,ചൂട്‌
പീടികതന്‍ കോലായില്‍നിന്നു-
മെണീറ്റു വരുന്ന കുടുംബം
തമിഴോ തെലുഗോ കന്നടയോ മൊഴി
തിരിയാതുള്ള കലമ്പല്‍
ഉടുതുണിയാലുടല്‍ മൂടിക്കൊണ്ട്‌
വടിയും കുത്തി നടത്തം
അവരടിവെയ്‌ക്കും മണ്ണിനെ വട്ട-
ത്തളികയെ എന്ന കണക്കേ
തലയിലെടുത്തു നടപ്പൂ ചായാ-
നിടയില്ലാത്തൊരു കാലം.
--------------------------------

മരണം മുറിക്കുന്ന പകലിനുള്ളിൽ / അനൂപ്‌ .കെ.ആർ


വെയിൽ തീരാതെ തോർന്നു.

ഒരൊച്ചയുമില്ലാത്ത
പകലിൽ
കാറ്റാടികൾ മാത്രം ചിറകൊതുക്കിയനക്കവേ
വഴികളിൽ ചേരകളിണചേരവേ
വയലിൽ തൂമ്പകളൊറ്റക്കിരിക്കവേ
കരിഞ്ഞവാഴയിലകളിളകവേ,
കുന്നിറങ്ങിവന്ന
ജീപ്പിൽ
പീറ്റർ മരിച്ചുവന്നു.

വഴികളപ്പാടെ വിതുമ്പി
ചേരകൾ തണുത്തകിഴങ്ങുവള്ളികളിലേക്കിറങ്ങി.

പീറ്റർ അയാളുടേ മരണത്തെമാത്രം പരിചയപ്പെടുത്തി.

എങ്ങനെ മരിച്ചു
എന്നൊരുചോദ്യവും
ആരും ചോദിച്ചില്ല.

എന്തിനെന്നു ചോദിച്ചു.
ഒന്നിലധികം കാരണങ്ങൾ
അയാളുടെ മരണവുമായി
വൈകും വരെ ചുറ്റിക്കളിച്ചു.

ഇരുട്ടുപുതച്ചും,
ആളുകൾ പുകച്ചും
പലവിധം
തിരഞ്ഞു.

ഒരു മഴയുടെ കുറവുണ്ടായിരുന്നിട്ടും
പീറ്റർ അന്തസ്സായി മരിച്ചു.

കുറച്ചാളുകളും
വയലും
വവ്വാലുകളും
അയാളെ അടക്കി.

പീറ്ററിപ്പോൾ,
വിരസതയുടെ നെടുനീളൻ കുപ്പായങ്ങൾ
അഴിഞ്ഞുകിടക്കുന്നവരാന്തയിൽ
ഒരരികിൽ തുന്നിചേർക്കുന്ന
ഏകാന്തതയിൽ
വിട്ടുപോയൊരു കുടുക്കിനാൽ
ഒരോർമ്മയിൽ തൂങ്ങിനിൽക്കുകയാണ്.

മറിഞ്ഞ മരങ്ങളിൽ
വിടരുന്ന കൂണുകളേപ്പോൽ
വളരുന്ന നഖങ്ങളെ
മുറിച്ചുകളയുന്ന വരാന്തക്കരികിൽ
പീറ്റർ അതുപോലിരിക്കുന്നു.


തെറ്റിദ്ധാരണകളില്ലെങ്കിൽ
മരണത്തേക്കാൾ സുതാര്യമായൊന്നുമില്ല.
ഞാനതിൽ പീറ്ററിനെ കണ്ടുകൊണ്ടിരിക്കുന്നു.

മരണം ,
ഓർമ്മകളിൽ നിന്ന് ഓർമ്മയുടെ.
സഞ്ചാരപാത നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
അതിൽ അയാളുടെ മരണത്തിലേക്കു
അകാരണമായി നടക്കുന്നു.
പരസ്പരം ഒരിടവഴി വരുന്നു.
പെടുന്നനെ ഞങ്ങൾ കൂട്ടിമുട്ടുന്നു.

വാഴതോട്ടം പറയുന്ന
വഴിയിലേക്കിറങ്ങി,
പീറ്ററിന്റെ കുഴിമാടം കാണുന്നു.

എല്ലാമരണങ്ങൾക്കും ശേഷം
ഒറ്റപ്പെടുന്ന മരണം
അയാളുടെ കുഴിമാടത്തിനടുത്തിരിക്കുന്നു.

തണുപ്പുപുരണ്ടമണ്ണിൽ
ഉറുമ്പുകൾക്കൊപ്പം
ഞാൻ ചെന്നിരിക്കുന്നു.

പീറ്ററിരിക്കുന്നു.
മണ്ണിന്റെ സുതാര്യതയിൽ
വാഴയിലകളുടെ തലപ്പുകൾക്കൊപ്പം
അയാളുടെ മുഖം കാണുന്നു.

മരണദിവസം
കൂട്ടുകിടക്കുന്ന ഒരാൾക്കൊപ്പം
ഞാൻ കിടക്കുന്നു.

കുഴിമാടത്തിനുമുകളിൽ  നിന്ന്
പീറ്റർ നടന്നുപോകുന്നു.

അകാരണമായി നടക്കുന്നു.
പരസ്പരം വീണ്ടുമൊരിടവഴി വരുന്നു.

മൃതശരീരങ്ങൾ നൃത്തം ചെയ്യുവാൻ
നേരെ പച്ചമണ്ണുപറ്റിയ കൈകൾ നീട്ടുന്നു.
മണ്ണിനു താഴെ നൃത്തങ്ങളിൽ കാല്പൂണ്ട്,
പീറ്റർ നടന്നുപോകുന്നു.

അകാരണമായ മരണങ്ങൾ
പീറ്ററിനെ ചുറ്റി നടന്നുപോകുന്നു.
അയാളുടെ കാലുകൾക്കൊപ്പം
നിശബ്ദവും നിർജ്ജീവവുമായ ഞങ്ങൾ
നീന്തുന്നു.


ഒച്ചകളില്ലാത്ത പകലിനെ
നെടുനീളെ മുറിച്ച്
മരിച്ചൊരാളുമായി
ഒരു ജീപ്പ് തിരികെ നീന്തുന്നു.

പീറ്റർ
നടക്കുന്നു.
----------------------