Wednesday, December 31, 2014

ആമയും മുയലും / കല്‍പ്പറ്റ നാരായണന്‍


കഥകേട്ടുറങ്ങിയ എന്റെ മകനോട്
ഒച്ചയെടുക്കാതെ ഞാന്‍ പറഞ്ഞു.
മോനേ, ആമയും മുയലും രണ്ടു പാവം മനുഷ്യരാണ്.
യൗവനത്തിന്റെ മധുരമായ വേഗങ്ങളില്‍
തന്നെത്തന്നെ മറന്നുപോയ ഒരാള്‍.
അപരനോ
പാഠപുസ്തകങ്ങള്‍ സ്വപ്നം കാണുവാന്‍ ശീലിച്ച്
അങ്ങനെ ഉറക്കത്തിലും പഠിച്ച്
ഉന്നതമായ പരീക്ഷകള്‍ പാസായ ഒരു നിര്‍ഭാഗ്യവാന്‍.
അവരിലൊരാള്‍ ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍
വഴിക്കേതോ മാധുര്യങ്ങളില്‍ വൈകിപ്പോയിരിക്കാം.
അവന്റെ ആത്മമിത്രം കിടപ്പറയില്‍നിന്നും
ചിറി തുടച്ചിറങ്ങിവന്നു.
പിന്നീടൊരിക്കലും അവനൊരിടത്തും വൈകിയിട്ടില്ല.
ജാഥ മുറിച്ചുകടന്ന്
മേലുദ്യോഗസ്ഥനെ മുറിച്ചുകടന്ന്
ക്യൂ തെറ്റിച്ച്
ആളും തരവും നോക്കാതെ
ഒരു തണലിലും ഇരിക്കാതെ
അവന്‍ ഓടിക്കൊണ്ടിരുന്നു.
മോനേ,
ആമയും മുയലും പരസ്പരം അറിയുകതന്നെയില്ല.
കുറുക്കന്റെ തൊണ്ടയില്‍നിന്നും
കൊറ്റി എല്ലെടുത്തുകൊടുത്തു എന്ന് പറഞ്ഞില്ലേ?
അതും വെറുതേ.
കുറുക്കന്‍ എല്ലില്‍ പിണഞ്ഞ്
പുറത്തേക്ക് ഏറെ ഓടുവാനാകാതെ
പിടഞ്ഞുമരിച്ചു.
പക്ഷേ, അത് ഒരു കഥയുടെയും അവസാനമായിരുന്നില്ല.
ആരെയെങ്കിലും നിരാശ്രയരാക്കിക്കൊണ്ടായിരുന്നില്ല.
വാങ്ങിയ കടം വീട്ടാതെയായിരുന്നില്ല.
ആരെയും ചതിച്ചിട്ടോ
ആരെങ്കിലും ചതിച്ചിട്ടോ ആയിരുന്നില്ല.
പണ്ട്
ഞങ്ങള്‍ക്ക് ഞങ്ങളില്‍ ഇടം പോരാ എന്നിടഞ്ഞ
ഒരു കൂട്ടം മനുഷ്യരെ
ഇഴയുന്നതിലും നീന്തുന്നതിലും ഓടുന്നതിലും വസിക്കാന്‍
ഈശ്വരന്‍ സമ്മതിച്ചു.
അങ്ങനെയാണ് നമ്മളിവരിലത്രയും വസിക്കാന്‍ തുടങ്ങിയത്.
ഇഹപരങ്ങളിലത്രയും നാം നിറഞ്ഞത്.
നാം നമ്മളില്‍പ്പോലും
കഴിയാന്‍ മാത്രമില്ലെന്ന്
ഈശ്വരന്‍ അന്നേ അറിഞ്ഞിരിക്കണം.
മോനേ,
അച്ഛന്‍ നിന്റെ അടുത്ത് ഏറെ നേരം കിടന്നുവെന്ന് തോന്നുന്നു.
അച്ഛനിപ്പോള്‍ ഒരുപാട് പിന്നിലായിട്ടുണ്ടാവും.
----------------------------------------------------------

No comments:

Post a Comment