Saturday, June 30, 2018

ദൈവം ഏറ്റവുമവസാനം സൃഷ്ടിച്ചത് എന്നെയാണ് . / പി.എൻ .ഗോപീകൃഷ്ണൻ


ദൈവമേ, ദൈവമേ
അപ്പോൾ നീ കരഞ്ഞതെന്ത്?
അവസാന കവിത എഴുതുന്ന
കവിതയെപ്പോലെ
കലങ്ങിമറിഞ്ഞതെന്ത്?
മരണത്തെ മുന്നിൽ -
ക്കണ്ടെന്നപോലെ
ചകിതനായതെന്ത്?

കുറേശ്ശക്കുറേശ്ശേ
നിന്റെ വിരലുകൾക്കുള്ളിൽ
ഞാൻ
തെളിഞ്ഞുതെളിഞ്ഞു  വന്നു.
എന്റെ കണ്ണുകൾ,
മുഖം ,മുല
എല്ലാം നീ ഊട്ടിയുരുട്ടിയെടുത്തു.
കളിമണ്ണിനെ കണ്ണാടിയാക്കി
പുറംവടിവു തീർത്തു.

ആഴങ്ങളിൽ ജലം നിറച്ചു.
എല്ലാ നക്ഷത്രങ്ങളും
എന്റെ മേൽ
വെട്ടിത്തിളങ്ങാൻ തുടങ്ങി.
നീ
പിതാവോ കാമുകനോ എന്ന്
ഒരു നിമിഷം ഞാൻ സംശയിച്ചു.

എങ്കിലും
മേഘങ്ങളിൽ നിന്ന് ജലം  പിരിയും പോലെ
ഞാൻ നിന്നെപ്പിരിഞ്ഞു.

നിന്റെ വിരലുകൾ
എനിക്കു പിന്നിൽ
സ്തംഭിച്ചുനിന്നു.

തിരിഞ്ഞുനോക്കിയാൽ
ഒരിക്കലും പോകാനായില്ലെങ്കിലോ
എന്നോർത്ത്
ഞാൻ മുന്നോട്ടുതന്നെ നടന്നു.

എനിക്കു മുമ്പേ
അവർ പോകുന്നുണ്ടായിരുന്നു.
നീ
ആറു ദിവസംകൊണ്ട്
സൃഷ്ടിച്ചവർ.
കൊമ്പുള്ളവ.
രോമം നിറഞ്ഞവ.
നാലു കാലും വാലുമുള്ളവ.

തൊട്ടുമുമ്പിൽ
അവനും.

അവൻ.
ഇരുമ്പു കൊണ്ടും
പ്ലാസ്റ്റിക്കുകൊണ്ടും
നിർമ്മിക്കപ്പെട്ടവൻ.
ഭൂമിയിൽ ഉറക്കെ മാത്രം
ചവിട്ടുന്നവൻ.
ആവശ്യത്തിനും കൂടുതൽ
ഒച്ചവെക്കുന്നവൻ.
ശ്രദ്ധ പിടിച്ചുപറ്റാൻ
വേണ്ടതില്ലമധികം
അഭിനയിക്കുന്നവൻ

എന്നിട്ടും
ഒന്നും നേരേയാക്കാത്തവൻ.

ആ അരിശം തീർക്കാൻ
മുമ്പേ പോകുന്നവയെ
ചാട്ടയ്ക്കടിക്കുന്നവൻ.
കൊല്ലുന്നവൻ.

ദൈവമേ ദൈവമേ
നിന്നെ ഒരിക്കലും
നേരിൽ കാണാതിരിക്കാൻ
അവനും നിനക്കുമിടയിൽ
ഒരു തിരശ്ശീലയായ്
എന്നെ നിവർത്തിയിട്ടതെന്ത്?
എനിക്കപ്പുറത്തേക്ക്
കണ്ണുകൾ തോറ്റുമടങ്ങിയിട്ടും
ദൈവമേ
അവൻ നുണതന്നെ  പറഞ്ഞു കൊണ്ടിരിക്കുന്നു.'
'ഞാനാണ് പിമ്പരിൽ മുമ്പൻ'

ആ നുണ
തെളിയിക്കാൻ
അവൻ
മിന്നലുണ്ടാക്കി.
പ്രളയമുണ്ടാക്കി.
പെട്ടകമുണ്ടാക്കി.
അവൻ
ഭാഷകളെ കലക്കി.
ദേശങ്ങളെ വിഭജിച്ചു.
യുദ്ധത്തിന്റെ വിത്തുകൾ വിതറി.
അതെല്ലാം ചേർത്ത്
പുതിയ വേദപുസ്തകമുണ്ടാക്കി.

യഥാർത്ഥ വേദപുസ്തകം
വളരെ വളരെ ചെറുത്.
ദൈവമേ
എനിക്കും നിനക്കുമറിയാം
അതിൽ രണ്ടേ രണ്ടു വരികൾ മാത്രം.

'ദൈവം അവസാനമായി
സ്ത്രീയെ സൃഷ്ടിച്ചു.
പീന്നീടെല്ലാം അവൾ സൃഷ്ടിച്ചു.'

നാടുകടത്തൽ / ഇസബെൽ ഫ്ലോറ


ഗ്രാമവാസിയായ ഒരു പെൺകുട്ടി
നഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നു

അവളൊട്ടും തിരക്കുകൂട്ടാതെ
നടക്കുമ്പോൾ
ആളുകൾ അദ്ഭുതപ്പെടുന്നു.

ഇലകൊഴിച്ച്‌ മരങ്ങളും
പടം പൊഴിച്ച്‌ പാമ്പുകളും
പുതുമനേടുമെന്നറിയാവുന്ന അവൾ
നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.

ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
അടുക്കിവച്ച വസ്ത്രങ്ങളോ
പലനിറത്തിലുള്ള ചെരുപ്പുകളൊ
അതിലില്ലെന്നു കണ്ട്‌ അയാളിലൊരു പുച്ഛഭാവം നിറയുന്നു

ഈ നഗരത്തെ മുഴുവൻ
അയാളാണു
കാത്തു സൂക്ഷിക്കുന്നതെന്ന
മനോഭാവം കണ്ട്‌ പെൺകുട്ടി ചിരിക്കുന്നു

അവളുടെ സാവധാനതകൊണ്ട്‌
തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല

നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്‌
അവളെ പുറന്തള്ളുന്നു

അവൾ തുന്നി നൽകിയ നിറങ്ങളിൽ
കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
നഗരവാസികൾ
അവളെ തിരഞ്ഞ്‌ നഗരത്തിനു പുറത്തേക്കു പോകുന്നു

ഇപ്പോൾ നഗരം ആളുകളുടെ
ഹൃദയപരിസരങ്ങളിൽ നിന്ന്
നാടുകടത്തപ്പെടുന്നു.

Friday, June 29, 2018

നദി / വിഷ്ണുപ്രസാദ്


സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.

ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.

വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.

പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

പേടി / വീരാൻ കുട്ടി


ഉണർന്നെഴുന്നേറ്റു വരുന്ന
മനുഷ്യരെ പേടിയാണ്
അടുത്ത നിമിഷം അവർ
ഒരായുധം കയ്യിലെടുത്തേക്കും

ഉറങ്ങുന്നവരെ വിശ്വസിക്കാം
സ്വപ്നത്തിലല്ലാതെ അവർ
ആയുധം തൊടുകയില്ല

മരിച്ചവരാണ് എറ്റവും നല്ലവർ
അവർക്കിനി ഒരാളെയും
കൊല്ലാൻ ആവാത്തതിനാൽ.

ഇടം / അക്ബർ


ദേശീയപാത വീര്‍ത്ത് വീര്‍ത്ത്
വീടിനു മുകളിലൂടെ
ഒരു ദിവസമങ്ങ് പാഞ്ഞു പോവും!
ഞാന്‍ നടന്ന മുറ്റം, മുറികളടുക്കള,
മണ്ണില്‍ ഞാനുമുമ്മയും വാപ്പയും
നീര്‍ന്ന് കിടന്ന മഴ രാവുകള്‍,
ഞുഞ്ഞുവും സുനുവും നടന്നു പഠിച്ച മണ്ണ്,
അവളും ഞാനും മിണ്ടാതിരുന്ന മുറിയിലെ ഇരുട്ട്..
ആദ്യത്തെ സങ്കടമാനന്ദമുന്മാദങ്ങള്‍

അങ്ങെനെയങ്ങെനെയെല്ലാം ടാറില്‍ ഉരുകുമല്ലോ!
പലതരത്തിലുളള വണ്ടികള്‍ ചിരിച്ചോടുമല്ലോ!

എന്നാലിതൊന്നുമറിയാതെ മുല്ല വെളുക്കെ പൂക്കുന്നുണ്ട്
പ്ലാവ് ഉള്ളിലെയുന്മാദം പുറത്തേക്കെറിയുന്നുണ്ട്
മൈലാഞ്ചി കൈവിരലുകള്‍ ചോപ്പിക്കുന്നുണ്ട്,
കരച്ചിലുണ്ടായിട്ടും കൈ തസ്ബീഹില്‍ മുറുകുന്നുണ്ട്
പുഴ ഞങ്ങളെയാഴത്തിലേക്ക് വിളിക്കുന്നുണ്ട്..

എന്നാലുമെന്റെ ദേശീയപാതേ....
പാഞ്ഞു പാഞ്ഞു പോകുമ്പോള്‍
ഓര്‍ക്കുമോ ഞങ്ങളെ..
ഞങ്ങള്‍ അടിയിലുണ്ടെന്ന് കരുതുമോ?
റോഡില്‍ വാഹനങ്ങളെങ്ങാനും മറിഞ്ഞാല്‍
അടുപ്പ് തിളച്ചു തൂവിയ നനവു കൊണ്ടെന്ന് പറയരുതേ..

നിന്റെ താഴെ മാഞ്ഞുപോയ
ജീവിതച്ചോലകളുണ്ടായിരുന്നുവെന്നെങ്കിലും!

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .

വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .

അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .

കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .

അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .

Thursday, June 28, 2018

രീതി / എ.അയ്യപ്പന്‍



ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍
ദാഹത്തിന്റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി
എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം
എന്റെ പ്രേമലേഖനത്തിന്
കലാപത്തിന്റെറ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്റെ ഞരമ്പുകളില്‍
എന്റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല
എന്റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു.


മഴക്കോള് / സംപ്രീത


മഴ വല്ലപ്പോഴും വരുന്ന
വൈകുന്നേരങ്ങളിൽ
ചൂടുവന്നു പൊതിയുന്നതിന്റെ
ആവേഗം.
അത്രമേൽ
മഴയ്ക്കായി വഴിമാറുന്ന
വെയിലിന്റെ
ഉരുക്കിയെടുക്കൽ.
വെറുക്കുവോളം കുത്തിച്ചൂഴുന്ന
അതിന്റെ താൻപോരിമകൾ.
എവിടെയോ നിന്നും
മഴ വരുന്നെന്നോർമ്മിപ്പിക്കുന്ന
അതിന്റെ
എങ്ങുമെത്താത്ത രൂപപ്പെടൽ.
വിയർപ്പു കുടന്നയാക്കി
ആരും തുള്ളിക്കളിക്കുന്നില്ല.
വാക്കുകളിൽ
ചൂടു കൂടി, മഴയുണ്ട്
എന്നൊച്ചപ്പെടുന്ന ഒന്നായി
അത്
ദൂരേയ്ക്ക് എറിയപ്പെടുന്നു.
മഴയോളം കാത്തിരിക്കുന്നവരിൽ
ഒരു തണുക്കാറ്റിന്റെ
തലോടലായി ഒരിട നിന്ന്
അതിന്റെ
പിന്തിരിഞ്ഞു നടപ്പ്.
ദൂരെ തിളയുടെ
ആവിരൂപങ്ങൾ
കണ്ണുകളിൽ പെയ്യുന്നു.
വെയിലും മഴയും ചേർന്ന
മഴവില്ല്
ഞൊടിയിടയിൽ
മിന്നിമറയുന്നു.


കടന്നു പോകുന്നവര്‍/ സച്ചിദാനന്ദൻ


പതുക്കെപ്പതുക്കെ
അവര്‍ കടന്നു പോകുന്നു
നമ്മെ മുലയൂട്ടി ഉറക്കിയവര്‍,
പണിയെടുത്തു പഠിപ്പിച്ചവര്‍,
ശാസിച്ചവര്‍, ശിക്ഷിച്ചവര്‍,
ആദരിച്ചവര്‍, അസൂയപ്പെട്ടവര്‍,
ആശ്ലേഷിച്ചവര്‍, ആഗ്രഹിച്ചവര്‍,
നാം മരിക്കാന്‍ പ്രാര്‍ഥിച്ചവര്‍,
ഒന്നൊഴിയാതെ,
പതുക്കെപ്പതുക്കെ.

പതുക്കെപ്പതുക്കെ
നമ്മുടെ ഒരംശവും അവര്‍ക്കൊപ്പം പോകുന്നു,
ഒരു ചെറിയ അംശം, അല്‍പ്പം ശ്വാസം,
അഥവാ അല്‍പ്പം രക്തം,
പൂമ്പൊടിയുടെ ഒരു ശകലം.

കയറിയതെല്ലാം നാം ഇറങ്ങുന്നു,
ഇറങ്ങിയതെല്ലാം നടക്കുന്നു,
നടക്കുന്നതെല്ലാം വീഴുന്നു,
ഇലകളെപ്പോലെ, കമിഴ്ന്ന്,
ഭൂമിയോടു പറ്റിച്ചേര്‍ന്ന്.

കാറ്റ് നമുക്കു മീതേ വീശുന്നു,
കടന്നു പോയവരുടെ ഓര്‍മ്മകള്‍
കുരുമുളകിന്റെയും കായത്തിന്റെയും
കാട്ടുമുല്ലയുടെയും ഗന്ധങ്ങളുമായി
നമ്മെ പൊതിയുന്നു .
പതുക്കെപ്പതുക്കെ നമുക്ക് ജീവന്‍ വയ്ക്കുന്നു,
ചില പ്രതിമകള്‍ക്ക് പാതിരാത്രി
ജീവന്‍ വയ്ക്കും പോലെ, അവ
പ്രാചീനകാലത്തിലൂടെ ഉലാത്തുംപോലെ,
ശ്ലോകങ്ങളിലൂടെ ആ പഴയ ജീവിതം
വരി വരിയായി ഓര്‍ത്തെടുക്കുംപോലെ.

പുഴ പാടിക്കൊണ്ടിരിക്കുന്നു
മരിക്കാത്തവരുടെ ആദിമമായ പാട്ട്
അത് തീരങ്ങളെ മുറിച്ചു കടന്നു പോകുന്നു,
അതിരില്ലാത്ത കാലം പോലെ ,
അശരീരിയായി, പതുക്കെപ്പതുക്കെ.