പതുക്കെപ്പതുക്കെ
അവര്‍ കടന്നു പോകുന്നു
നമ്മെ മുലയൂട്ടി ഉറക്കിയവര്‍,
പണിയെടുത്തു പഠിപ്പിച്ചവര്‍,
ശാസിച്ചവര്‍, ശിക്ഷിച്ചവര്‍,
ആദരിച്ചവര്‍, അസൂയപ്പെട്ടവര്‍,
ആശ്ലേഷിച്ചവര്‍, ആഗ്രഹിച്ചവര്‍,
നാം മരിക്കാന്‍ പ്രാര്‍ഥിച്ചവര്‍,
ഒന്നൊഴിയാതെ,
പതുക്കെപ്പതുക്കെ.
പതുക്കെപ്പതുക്കെ
നമ്മുടെ ഒരംശവും അവര്‍ക്കൊപ്പം പോകുന്നു,
ഒരു ചെറിയ അംശം, അല്‍പ്പം ശ്വാസം,
അഥവാ അല്‍പ്പം രക്തം,
പൂമ്പൊടിയുടെ ഒരു ശകലം.
കയറിയതെല്ലാം നാം ഇറങ്ങുന്നു,
ഇറങ്ങിയതെല്ലാം നടക്കുന്നു,
നടക്കുന്നതെല്ലാം വീഴുന്നു,
ഇലകളെപ്പോലെ, കമിഴ്ന്ന്,
ഭൂമിയോടു പറ്റിച്ചേര്‍ന്ന്.
കാറ്റ് നമുക്കു മീതേ വീശുന്നു,
കടന്നു പോയവരുടെ ഓര്‍മ്മകള്‍
കുരുമുളകിന്റെയും കായത്തിന്റെയും
കാട്ടുമുല്ലയുടെയും ഗന്ധങ്ങളുമായി
നമ്മെ പൊതിയുന്നു .
പതുക്കെപ്പതുക്കെ നമുക്ക് ജീവന്‍ വയ്ക്കുന്നു,
ചില പ്രതിമകള്‍ക്ക് പാതിരാത്രി
ജീവന്‍ വയ്ക്കും പോലെ, അവ
പ്രാചീനകാലത്തിലൂടെ ഉലാത്തുംപോലെ,
ശ്ലോകങ്ങളിലൂടെ ആ പഴയ ജീവിതം
വരി വരിയായി ഓര്‍ത്തെടുക്കുംപോലെ.
പുഴ പാടിക്കൊണ്ടിരിക്കുന്നു
മരിക്കാത്തവരുടെ ആദിമമായ പാട്ട്
അത് തീരങ്ങളെ മുറിച്ചു കടന്നു പോകുന്നു,
അതിരില്ലാത്ത കാലം പോലെ ,
അശരീരിയായി, പതുക്കെപ്പതുക്കെ.
No comments:
Post a Comment