ദൈവമേ, ദൈവമേ
അപ്പോൾ നീ കരഞ്ഞതെന്ത്?
അവസാന കവിത എഴുതുന്ന
കവിതയെപ്പോലെ
കലങ്ങിമറിഞ്ഞതെന്ത്?
മരണത്തെ മുന്നിൽ -
ക്കണ്ടെന്നപോലെ
ചകിതനായതെന്ത്?
കുറേശ്ശക്കുറേശ്ശേ
നിന്റെ വിരലുകൾക്കുള്ളിൽ
ഞാൻ
തെളിഞ്ഞുതെളിഞ്ഞു വന്നു.
എന്റെ കണ്ണുകൾ,
മുഖം ,മുല
എല്ലാം നീ ഊട്ടിയുരുട്ടിയെടുത്തു.
കളിമണ്ണിനെ കണ്ണാടിയാക്കി
പുറംവടിവു തീർത്തു.
ആഴങ്ങളിൽ ജലം നിറച്ചു.
എല്ലാ നക്ഷത്രങ്ങളും
എന്റെ മേൽ
വെട്ടിത്തിളങ്ങാൻ തുടങ്ങി.
നീ
പിതാവോ കാമുകനോ എന്ന്
ഒരു നിമിഷം ഞാൻ സംശയിച്ചു.
എങ്കിലും
മേഘങ്ങളിൽ നിന്ന് ജലം പിരിയും പോലെ
ഞാൻ നിന്നെപ്പിരിഞ്ഞു.
നിന്റെ വിരലുകൾ
എനിക്കു പിന്നിൽ
സ്തംഭിച്ചുനിന്നു.
തിരിഞ്ഞുനോക്കിയാൽ
ഒരിക്കലും പോകാനായില്ലെങ്കിലോ
എന്നോർത്ത്
ഞാൻ മുന്നോട്ടുതന്നെ നടന്നു.
എനിക്കു മുമ്പേ
അവർ പോകുന്നുണ്ടായിരുന്നു.
നീ
ആറു ദിവസംകൊണ്ട്
സൃഷ്ടിച്ചവർ.
കൊമ്പുള്ളവ.
രോമം നിറഞ്ഞവ.
നാലു കാലും വാലുമുള്ളവ.
തൊട്ടുമുമ്പിൽ
അവനും.
അവൻ.
ഇരുമ്പു കൊണ്ടും
പ്ലാസ്റ്റിക്കുകൊണ്ടും
നിർമ്മിക്കപ്പെട്ടവൻ.
ഭൂമിയിൽ ഉറക്കെ മാത്രം
ചവിട്ടുന്നവൻ.
ആവശ്യത്തിനും കൂടുതൽ
ഒച്ചവെക്കുന്നവൻ.
ശ്രദ്ധ പിടിച്ചുപറ്റാൻ
വേണ്ടതില്ലമധികം
അഭിനയിക്കുന്നവൻ
എന്നിട്ടും
ഒന്നും നേരേയാക്കാത്തവൻ.
ആ അരിശം തീർക്കാൻ
മുമ്പേ പോകുന്നവയെ
ചാട്ടയ്ക്കടിക്കുന്നവൻ.
കൊല്ലുന്നവൻ.
ദൈവമേ ദൈവമേ
നിന്നെ ഒരിക്കലും
നേരിൽ കാണാതിരിക്കാൻ
അവനും നിനക്കുമിടയിൽ
ഒരു തിരശ്ശീലയായ്
എന്നെ നിവർത്തിയിട്ടതെന്ത്?
എനിക്കപ്പുറത്തേക്ക്
കണ്ണുകൾ തോറ്റുമടങ്ങിയിട്ടും
ദൈവമേ
അവൻ നുണതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു.'
'ഞാനാണ് പിമ്പരിൽ മുമ്പൻ'
ആ നുണ
തെളിയിക്കാൻ
അവൻ
മിന്നലുണ്ടാക്കി.
പ്രളയമുണ്ടാക്കി.
പെട്ടകമുണ്ടാക്കി.
അവൻ
ഭാഷകളെ കലക്കി.
ദേശങ്ങളെ വിഭജിച്ചു.
യുദ്ധത്തിന്റെ വിത്തുകൾ വിതറി.
അതെല്ലാം ചേർത്ത്
പുതിയ വേദപുസ്തകമുണ്ടാക്കി.
യഥാർത്ഥ വേദപുസ്തകം
വളരെ വളരെ ചെറുത്.
ദൈവമേ
എനിക്കും നിനക്കുമറിയാം
അതിൽ രണ്ടേ രണ്ടു വരികൾ മാത്രം.
'ദൈവം അവസാനമായി
സ്ത്രീയെ സൃഷ്ടിച്ചു.
പീന്നീടെല്ലാം അവൾ സൃഷ്ടിച്ചു.'
No comments:
Post a Comment