ഗ്രാമവാസിയായ ഒരു പെൺകുട്ടി
നഗരഹൃദയത്തിലേക്ക് നാടുകടത്തപ്പെടുന്നു
അവളൊട്ടും തിരക്കുകൂട്ടാതെ
നടക്കുമ്പോൾ
ആളുകൾ അദ്ഭുതപ്പെടുന്നു.
ഇലകൊഴിച്ച് മരങ്ങളും
പടം പൊഴിച്ച് പാമ്പുകളും
പുതുമനേടുമെന്നറിയാവുന്ന അവൾ
നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.
ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
അടുക്കിവച്ച വസ്ത്രങ്ങളോ
പലനിറത്തിലുള്ള ചെരുപ്പുകളൊ
അതിലില്ലെന്നു കണ്ട് അയാളിലൊരു പുച്ഛഭാവം നിറയുന്നു
ഈ നഗരത്തെ മുഴുവൻ
അയാളാണു
കാത്തു സൂക്ഷിക്കുന്നതെന്ന
മനോഭാവം കണ്ട് പെൺകുട്ടി ചിരിക്കുന്നു
അവളുടെ സാവധാനതകൊണ്ട്
തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല
നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്
അവളെ പുറന്തള്ളുന്നു
അവൾ തുന്നി നൽകിയ നിറങ്ങളിൽ
കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
നഗരവാസികൾ
അവളെ തിരഞ്ഞ് നഗരത്തിനു പുറത്തേക്കു പോകുന്നു
ഇപ്പോൾ നഗരം ആളുകളുടെ
ഹൃദയപരിസരങ്ങളിൽ നിന്ന്
നാടുകടത്തപ്പെടുന്നു.
No comments:
Post a Comment