Saturday, September 25, 2021

തെളിവ്/വീരാൻകുട്ടി

നിന്റെ ജീവിതത്തിനു തെളിവുകളുണ്ട്
സ്കൂൾ രജിസ്റ്ററിൽ
ഒ പി ചീട്ടിൽ 
ഹോട്ടലിലെ റിസപ്ഷൻ ബുക്കിൽ
തീവണ്ടി റിസർവേഷൻ ചാർട്ടിൽ
പിറന്ന മണ്ണു കാക്കാനുള്ള സമരത്തിനിടെ 
പിടിക്കപ്പെട്ടവരുടെ ലോക്കപ് രേഖയിൽ
പുസ്തകത്തിലെ
കത്താതെ ബാക്കിയായ താളിൽ
നീതി തിരഞ്ഞുപോയ ഒരാളുടെ കാൽപാടുകളിൽ 
എല്ലാം നഷ്ടമായവരുടെ അവശേഷിക്കുന്ന സ്വപ്നത്തിൽ. 

രാജ്യസ്നേഹികൾ ആവശ്യപ്പെട്ട രേഖകളിലൊന്നും 
നിന്റെ പേര് ഇല്ലാതെ പോയതെന്ത്?
കൈമാറിക്കിട്ടാത്ത ഭൂമിയുടെ കൈവശവകാശ പത്രികയിൽ
നീ പിറക്കുംമുമ്പുള്ള ജനസംഖ്യാപട്ടികയിൽ
ഒന്നിലും.

അനധികൃത താമസത്തിന്റെ പേരിൽ 
രാജ്യദ്രോഹം ചാർത്തപ്പെട്ടവരുടെ ലിസ്റ്റിലാണ് 
അവസാനം നീ ഉണ്ടായിരുന്നത്
പിന്നീട് ഒരു വിവരവുമില്ല.

മണ്ണിനു പക്ഷെ എല്ലാം ഓർമ്മ കാണും 
നിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പയുടെ തോളിൽ 
നുകംകൊണ്ട തഴമ്പ് ഉണ്ടായിരുന്നത്,
ഉപ്പയുടെ ഉപ്പ
ചരക്കു തീവണ്ടിയിലെ 
അടഞ്ഞ വാഗണിൽ ശ്വാസംമുട്ടി മരിച്ചത്,
ഉപ്പയെ 
അതിർത്തികടത്താനെന്നും പറഞ്ഞ് കൊണ്ടുപോയത്..

മണ്ണ് മറക്കില്ല-
വീണ വിയർപ്പിനെ,
കുഴഞ്ഞ ചോരയെ,
അവസാനശ്വാസത്തിനു തൊട്ടുമുമ്പത്തെ 
നിലവിളിയോടൊപ്പം വീണ കണ്ണീരിനെ
പെറ്റുവീണ, 
ഉമ്മയും ഉമ്മാമമാരുമുറങ്ങുന്ന,
ആ മണ്ണോടു ചേരാനുള്ള 
നിന്റെ ഉടലിന്റെ ഒസ്യത്തിനെ.

എടുത്തു വച്ചിട്ടുണ്ട് ഞങ്ങൾ
നീ തിരിച്ചുവരികയാണെങ്കിൽ
അധികൃതർക്കു തെളിവു നല്കാനായി 
ഒരുരുള 
ആ മണ്ണിൽനിന്നും.

കണ്ണാടി/കല്പറ്റ നാരായണൻ

നിഴൽ പിടിച്ചു നിർത്തുന്ന  ഈ രാക്ഷസിയെ
വീട്ടുചുമരിൽ തറച്ചതെന്തിന്?
ഇപ്പോൾ എന്തിനും ഏതിനും
ഈ മൂദേവിയെ മുഖം കാട്ടണം
പുറത്തിറങ്ങാൻ ആദ്യം
അവളുടെ ദേഹപരിശോധന കഴിയണം
കാണുന്ന കാണുന്ന മുഖങ്ങളെല്ലാം
അവൾ ചപ്പിയതിനാൽ ചോര വറ്റിയ മുഖങ്ങൾ 

അവളിൽ
ആണിനും പെണ്ണിനും ഒരേ ഭ്രമം.
കള്ളനും പോലീസിനും ഒരേ തഞ്ചം

പെൺകുട്ടികൾ വീട്ടിലാരുമില്ലാത്തപ്പോൾ
ഓടി അവൾക്കരികിലെത്തും
കാത്തിരുത്തിയതിന് ക്ഷമ ചോദിക്കും
കൊഞ്ഞനം കാട്ടും
പോടീ പ്രാന്തത്തീയെന്ന് തൊഴിക്കാനായും
തന്നോടാരും കാട്ടാത്ത വാത്സല്യം 
തന്നോട് കാട്ടും
ആരെന്നെ നിന്നെപ്പോലെ കണ്ടിട്ടുണ്ട്
എന്ന് കണ്ണീർ പൊഴിയ്ക്കും
ആൺകുട്ടികൾ
കണ്ണാടി ഭൂതക്കണ്ണാടിയാക്കി
പെട്ടെന്ന് വലുതായ താടിമീശകളിൽക്കയറി
അടുക്കളയിൽ ചെന്ന്
അമ്മയെ അധികാരസ്വരത്തിൽ ശകാരിക്കും. 

കാൽ നിലത്തു കുത്താത്ത
സുന്ദരയക്ഷിയാണവൾ
താളം തെറ്റിക്കുന്ന കടാക്ഷം 

അവളുടെ മുഖസ്തുതിയിൽ
മയങ്ങാത്തവരില്ല
കണ്ണാടി കാണുന്തോറും തന്നുടെ മുഖമേറ്റം
നന്നെന്നേ നിരുപിക്കൂ എത്രയും വിരൂപരും.
അവളിൽ വയസ്സൻ മധ്യവയസ്കൻ
മധ്യവയസ്ക്കൻ യുവാവ്
ആസന്ന യൗവ്വനൻ നിറയവ്വനൻ 
ദു:ഖിത കൂടുതൽ ദുഃഖി
രോഗി കൂടുതൽ പരവശ
ആത്മനിന്ദിത  കൂടുതൽ വിരൂപ
സന്തുഷ്ടൻ മഹാസുന്ദരനും.
കണ്ണാടി നോക്കി വാങ്ങാനാവില്ല
കണ്ണാടിയിൽ നോക്കിപ്പോവും. 

ആത്മാരാധകർ
മുങ്ങിച്ചാവുന്ന തടാകം.
ഏകാന്തത പീലി വിരിച്ചാടുന്നത്
കണ്ണാടിയിലെ  വിജനവീഥിയിൽ 
ആളുകൾ സ്വാർത്ഥത മുടങ്ങാതെ പരിശീലിക്കന്നത്
മറുപുറം കൊട്ടിയടച്ച ഈ സ്വകാര്യമുറിയിൽ
കണ്ണാടിയിൽ ഇന്നോളം എന്നെയല്ലാതെ
' മറ്റൊരാളേയും ഞാൻ കണ്ടീല ' 

ഒരുവളെ പിടിക്കാൻ
അവളെത്തന്നെ ഇര കോർക്കണമെന്ന്
ഈ രാക്ഷസിക്കറിയാം.
തന്നെ കീർത്തിച്ചവന് തുണ പോയി
പലരുടെ കീർത്തനങ്ങളനുഭവിച്ച്
ഇരമ്പി വന്ന തീവണ്ടിയുടെ മുന്നിൽ
തൊഴുകൈയോടെ നിന്ന പെൺകുട്ടി
ദിവസ്സവും രാവിലെ എത്ര നേരമാണ്
അനുഗ്രഹത്തിനായി ഇവളുടെ മുന്നിൽ നിന്നത്?

ആപത്തിലേക്ക് തള്ളി വിടാനീ
കൂട്ടിക്കൊടുപ്പുകാരിക്ക് പ്രത്യേക സിദ്ധി.
തുണിക്കടയിൽ, 
ആഭരണശാലയിൽ,
ഹോട്ടലിൽ, മാളിൽ
ഏത് വ്യാപാരശാലയിലാണ്
ജാതി മത വർണ്ണ വർഗ്ഗദേദങ്ങളില്ലാത്ത
ഈ മൂർത്തിയില്ലാത്തത്? 

കണ്ണാടി
ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ 
ബെസ്റ്റ് സെല്ലർ
ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള
നിത്യപാരായണഗ്രന്ഥം
ബൈബിളിനേക്കാൾ
സ്തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.
                  

Wednesday, September 15, 2021

അപസര്‍പ്പകം/ടി.പി.വിനോദ്

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.


തൊടൽ/റഫീക്ക് അഹമ്മദ്

ഏറ്റവും ഗാഢമായി
കെട്ടിപ്പുണരേണ്ടതിനായാണ്
പാമ്പുകൾ കൈകാലുകൾ പോലും
ഉപേക്ഷിച്ചത്.
അതിനാല് തന്നെയാവാം ചിലന്തിക്ക്
എട്ടുകാലുകൾ ഉണ്ടായത്.

മേഘങ്ങളെ
തൊടണമെന്നില്ലായിരുന്നെങ്കിൽ
പർവ്വതങ്ങൾ ഒരിക്കലും
മണ്ണിൽ നിന്ന് ഉയരുകയില്ലായിരുന്നു.
ഭൂമിയെ മഴയായ് വന്ന്
തൊടാനല്ലെങ്കിൽ പിന്നെ
ജലം ഇങ്ങനെ നീറിനീറി
നീരാവി ആവേണ്ടതില്ലായിരുന്നല്ലോ.

ഒന്നോർത്താൽ എല്ലാം തൊടലാണ്.
തൊടൽ മാത്രം.
അക്ഷരം കൊണ്ട് വാക്കിനെ
വാക്കുകൊണ്ട് അർത്ഥത്തെ
കണ്ണുകൊണ്ട് കാഴ്ചയെ
മൂക്കുകൊണ്ട് ഗന്ധത്തെ
ഓർമ്മകൊണ്ട് ജീവിതത്തെ.
എന്നിട്ടും നീ നീട്ടിയ കൈ തൊടാതെ
ഞാൻ തല കുനിച്ചു.

താഴെ
കുഞ്ഞുമൂക്കുകൾ മുട്ടിച്ച്
അരിച്ചുപോകുന്ന എറുമ്പുകളുടെ
നിരയ്ക്ക്
ഒരു കൊഞ്ഞനംകുത്തലിന്റെ ആകൃതി ഉണ്ടോ?