Wednesday, September 15, 2021

തൊടൽ/റഫീക്ക് അഹമ്മദ്

ഏറ്റവും ഗാഢമായി
കെട്ടിപ്പുണരേണ്ടതിനായാണ്
പാമ്പുകൾ കൈകാലുകൾ പോലും
ഉപേക്ഷിച്ചത്.
അതിനാല് തന്നെയാവാം ചിലന്തിക്ക്
എട്ടുകാലുകൾ ഉണ്ടായത്.

മേഘങ്ങളെ
തൊടണമെന്നില്ലായിരുന്നെങ്കിൽ
പർവ്വതങ്ങൾ ഒരിക്കലും
മണ്ണിൽ നിന്ന് ഉയരുകയില്ലായിരുന്നു.
ഭൂമിയെ മഴയായ് വന്ന്
തൊടാനല്ലെങ്കിൽ പിന്നെ
ജലം ഇങ്ങനെ നീറിനീറി
നീരാവി ആവേണ്ടതില്ലായിരുന്നല്ലോ.

ഒന്നോർത്താൽ എല്ലാം തൊടലാണ്.
തൊടൽ മാത്രം.
അക്ഷരം കൊണ്ട് വാക്കിനെ
വാക്കുകൊണ്ട് അർത്ഥത്തെ
കണ്ണുകൊണ്ട് കാഴ്ചയെ
മൂക്കുകൊണ്ട് ഗന്ധത്തെ
ഓർമ്മകൊണ്ട് ജീവിതത്തെ.
എന്നിട്ടും നീ നീട്ടിയ കൈ തൊടാതെ
ഞാൻ തല കുനിച്ചു.

താഴെ
കുഞ്ഞുമൂക്കുകൾ മുട്ടിച്ച്
അരിച്ചുപോകുന്ന എറുമ്പുകളുടെ
നിരയ്ക്ക്
ഒരു കൊഞ്ഞനംകുത്തലിന്റെ ആകൃതി ഉണ്ടോ?

No comments:

Post a Comment