നിന്റെ ജീവിതത്തിനു തെളിവുകളുണ്ട്
സ്കൂൾ രജിസ്റ്ററിൽ
ഒ പി ചീട്ടിൽ
ഹോട്ടലിലെ റിസപ്ഷൻ ബുക്കിൽ
തീവണ്ടി റിസർവേഷൻ ചാർട്ടിൽ
പിറന്ന മണ്ണു കാക്കാനുള്ള സമരത്തിനിടെ
പിടിക്കപ്പെട്ടവരുടെ ലോക്കപ് രേഖയിൽ
പുസ്തകത്തിലെ
കത്താതെ ബാക്കിയായ താളിൽ
നീതി തിരഞ്ഞുപോയ ഒരാളുടെ കാൽപാടുകളിൽ
എല്ലാം നഷ്ടമായവരുടെ അവശേഷിക്കുന്ന സ്വപ്നത്തിൽ.
രാജ്യസ്നേഹികൾ ആവശ്യപ്പെട്ട രേഖകളിലൊന്നും
നിന്റെ പേര് ഇല്ലാതെ പോയതെന്ത്?
കൈമാറിക്കിട്ടാത്ത ഭൂമിയുടെ കൈവശവകാശ പത്രികയിൽ
നീ പിറക്കുംമുമ്പുള്ള ജനസംഖ്യാപട്ടികയിൽ
ഒന്നിലും.
അനധികൃത താമസത്തിന്റെ പേരിൽ
രാജ്യദ്രോഹം ചാർത്തപ്പെട്ടവരുടെ ലിസ്റ്റിലാണ്
അവസാനം നീ ഉണ്ടായിരുന്നത്
പിന്നീട് ഒരു വിവരവുമില്ല.
മണ്ണിനു പക്ഷെ എല്ലാം ഓർമ്മ കാണും
നിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പയുടെ തോളിൽ
നുകംകൊണ്ട തഴമ്പ് ഉണ്ടായിരുന്നത്,
ഉപ്പയുടെ ഉപ്പ
ചരക്കു തീവണ്ടിയിലെ
അടഞ്ഞ വാഗണിൽ ശ്വാസംമുട്ടി മരിച്ചത്,
ഉപ്പയെ
അതിർത്തികടത്താനെന്നും പറഞ്ഞ് കൊണ്ടുപോയത്..
മണ്ണ് മറക്കില്ല-
വീണ വിയർപ്പിനെ,
കുഴഞ്ഞ ചോരയെ,
അവസാനശ്വാസത്തിനു തൊട്ടുമുമ്പത്തെ
നിലവിളിയോടൊപ്പം വീണ കണ്ണീരിനെ
പെറ്റുവീണ,
ഉമ്മയും ഉമ്മാമമാരുമുറങ്ങുന്ന,
ആ മണ്ണോടു ചേരാനുള്ള
നിന്റെ ഉടലിന്റെ ഒസ്യത്തിനെ.
എടുത്തു വച്ചിട്ടുണ്ട് ഞങ്ങൾ
നീ തിരിച്ചുവരികയാണെങ്കിൽ
അധികൃതർക്കു തെളിവു നല്കാനായി
ഒരുരുള
ആ മണ്ണിൽനിന്നും.
No comments:
Post a Comment