Wednesday, October 13, 2021

ലളിതമായ തിയറി/സുധീർ രാജ്

ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .

ഇന്നലെ ലൂമിനൻസിന്റെ പ്രൊഫസറായ 
മിന്നാമിനുങ്ങു വന്നിരുന്നു .
പടിഞ്ഞാറേ പാടത്തായിരുന്നു അവതരണം .
മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു 
നശ്വരത അനശ്വരത എന്നിങ്ങനെയുള്ള അശരീരികളിലും 
ലേസർഷോയിലും അസ്വസ്ഥനായ ഒരു തവള 
പ്രൊഫസറെ അവസാനിപ്പിച്ചു .

പൊടുന്നനെ തോട്ടിൽ
ഒരു കൂറ്റൻ മിന്നാമിനുങ്ങു മരം പ്രത്യക്ഷപ്പെട്ടു .
തീപിടിച്ച പായ്ക്കപ്പൽ പോലെ 
രാത്രിക്ക് കുറുകെ അങ്ങോട്ടുമിങ്ങോട്ടും പായാൻ തുടങ്ങി .
അതിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന 
മിന്നാമിനുങ്ങുകൾക്കെന്തു 
സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ .

മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള 
ഗഹനമായ തത്വമാണ് ഇപ്പോൾ 
കമ്പിത്തിരി മാതിരി വെളിച്ചപ്പെട്ടത് .
ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .


No comments:

Post a Comment