Tuesday, October 26, 2021

കാവ്യഗുണ്ട /ഷീജ വക്കം




തരളമായ് പൂമൊട്ടുതിർക്കുന്നു
പ്ലാവിൻ്റെ 
മുകളിൽ നിന്നിത്തിളിൻ
കൈക്കുടന്ന.
മണലാകെ മൂടുന്നു പ്ലാവില, 
കാലൊന്നു വഴുതിപ്പതിക്കുന്നു
തേൻവരിക്ക.

കവിത തൻ കുഞ്ഞാടു  
കെട്ടുപൊട്ടിച്ചെൻ്റെ - 
യിളവെയിൽമുറ്റത്തു
തുള്ളി നിൽക്കെ, 
അലിവൊട്ടുമില്ലാതെ
യതു നോക്കിയുമ്മറ - 
പ്പടിമേലിരിക്കുന്നു കാവ്യഗുണ്ട.

അറിയില്ല തൻ തോന്നലല്ലാതെ
മറ്റേതു നിയമവും
കുഞ്ഞാടിനന്നുമിന്നും,
മതിമറന്നോടുന്ന താളമേളങ്ങളെ- 
ക്കലിയോടെ നോക്കുന്നു
കാവ്യഗുണ്ട.

അലകടൽ, ഞെട്ടോടിറുത്തു
വെച്ചാലതിൻ 
തിരയിതൾ തുള്ളിയിറ്റുന്ന താളം ,
ധമനിയിൽ തുള്ളിക്കുതിച്ചു 
പായുന്ന  കാട്ടരുവിയിൽ
വെള്ളം മറിഞ്ഞ താളം,

മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പൽപ്പൂവുലഞ്ഞ താളം ! 
കലരുന്നിതിൻ മിടിപ്പിൽ,
പ്ലാവിലക്കാട്ടിൽ 
വിഹരിപ്പു പ്രാചീനകാവ്യജീവി ! 

മുളവേലി കെട്ടിയീ
പുൽത്തൊട്ടിയിൽ നിന്നു 
പുതുകാവ്യസിദ്ധാന്തമൂട്ടിയൂട്ടി, 
നിയമാവലിയ്ക്കൊത്തു
കാലനക്കാനെത്ര 
അരുമകൾക്കായ്
പാഠമേകി ഗുണ്ട!

വഴി തെളിയ്ക്കാൻ പാവമാട്ടിൻകിടാങ്ങൾ
ക്കൊരിടയപ്രമാണി തൻ 
കൂട്ടു വേണ്ടേ?
കവിത തൻ പുൽമേടു
നഷ്ടമായാലെന്തു 
വളരുവാനാക്കൈത്തലോടൽ പോരേ?

മഴ വീണ നീർച്ചാലൊഴുക്കു 
പോൽ ഭാഷ തൻ 
തെളിനീരു ദാഹിച്ചലഞ്ഞൊരാടേ, 
വെറുതെയൊന്നേതിലത്തുമ്പും കടിക്കുന്ന
ചപലതേ,നീയെന്തറിഞ്ഞു കാവ്യം?

അരയിൽ നിന്നൂരും കഠാരിയാൽ പാവമെൻ
ഹൃദയതാളത്തെയരിഞ്ഞു വീഴ്ത്തി, 
അരുതു മേലാലെന്നു കണ്ണുചോപ്പിക്കുന്നു
പടിമേലിരിക്കുന്ന കാവ്യഗുണ്ട .

മണലാകെയിത്തിളിൻ 
പൂക്കൾ, പിടയ്ക്കുന്നു
പലതായറുത്തിട്ട കാവ്യമാംസം.

ലഘുവെണ്ണി ഗുരുവെണ്ണി
യതു തൂക്കിനോക്കുന്നു
പരമാധികാരിയായ് കാവ്യഗുണ്ട.

ക്ഷണമാത്ര മിന്നി
പ്പൊലിഞ്ഞു പോയാലു
മില്ലൊരു ദുഃഖം; 
ഈ ശപ്തകാവ്യജൻമം,
ഇരുൾ ചാറുമേതോ
പ്രപഞ്ചതീരങ്ങളിൽ
തല നനഞ്ഞോടും
കുരുന്നുതാരം!

2 comments:

  1. അസാധാരണ ധിഷണയും ഭാവനയും ചേർന്ന കാവ്യപ്രജയെ ഇഷ്ടായി; കവിതയും.

    ReplyDelete