Wednesday, December 31, 2014

ആമയും മുയലും / കല്‍പ്പറ്റ നാരായണന്‍


കഥകേട്ടുറങ്ങിയ എന്റെ മകനോട്
ഒച്ചയെടുക്കാതെ ഞാന്‍ പറഞ്ഞു.
മോനേ, ആമയും മുയലും രണ്ടു പാവം മനുഷ്യരാണ്.
യൗവനത്തിന്റെ മധുരമായ വേഗങ്ങളില്‍
തന്നെത്തന്നെ മറന്നുപോയ ഒരാള്‍.
അപരനോ
പാഠപുസ്തകങ്ങള്‍ സ്വപ്നം കാണുവാന്‍ ശീലിച്ച്
അങ്ങനെ ഉറക്കത്തിലും പഠിച്ച്
ഉന്നതമായ പരീക്ഷകള്‍ പാസായ ഒരു നിര്‍ഭാഗ്യവാന്‍.
അവരിലൊരാള്‍ ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍
വഴിക്കേതോ മാധുര്യങ്ങളില്‍ വൈകിപ്പോയിരിക്കാം.
അവന്റെ ആത്മമിത്രം കിടപ്പറയില്‍നിന്നും
ചിറി തുടച്ചിറങ്ങിവന്നു.
പിന്നീടൊരിക്കലും അവനൊരിടത്തും വൈകിയിട്ടില്ല.
ജാഥ മുറിച്ചുകടന്ന്
മേലുദ്യോഗസ്ഥനെ മുറിച്ചുകടന്ന്
ക്യൂ തെറ്റിച്ച്
ആളും തരവും നോക്കാതെ
ഒരു തണലിലും ഇരിക്കാതെ
അവന്‍ ഓടിക്കൊണ്ടിരുന്നു.
മോനേ,
ആമയും മുയലും പരസ്പരം അറിയുകതന്നെയില്ല.
കുറുക്കന്റെ തൊണ്ടയില്‍നിന്നും
കൊറ്റി എല്ലെടുത്തുകൊടുത്തു എന്ന് പറഞ്ഞില്ലേ?
അതും വെറുതേ.
കുറുക്കന്‍ എല്ലില്‍ പിണഞ്ഞ്
പുറത്തേക്ക് ഏറെ ഓടുവാനാകാതെ
പിടഞ്ഞുമരിച്ചു.
പക്ഷേ, അത് ഒരു കഥയുടെയും അവസാനമായിരുന്നില്ല.
ആരെയെങ്കിലും നിരാശ്രയരാക്കിക്കൊണ്ടായിരുന്നില്ല.
വാങ്ങിയ കടം വീട്ടാതെയായിരുന്നില്ല.
ആരെയും ചതിച്ചിട്ടോ
ആരെങ്കിലും ചതിച്ചിട്ടോ ആയിരുന്നില്ല.
പണ്ട്
ഞങ്ങള്‍ക്ക് ഞങ്ങളില്‍ ഇടം പോരാ എന്നിടഞ്ഞ
ഒരു കൂട്ടം മനുഷ്യരെ
ഇഴയുന്നതിലും നീന്തുന്നതിലും ഓടുന്നതിലും വസിക്കാന്‍
ഈശ്വരന്‍ സമ്മതിച്ചു.
അങ്ങനെയാണ് നമ്മളിവരിലത്രയും വസിക്കാന്‍ തുടങ്ങിയത്.
ഇഹപരങ്ങളിലത്രയും നാം നിറഞ്ഞത്.
നാം നമ്മളില്‍പ്പോലും
കഴിയാന്‍ മാത്രമില്ലെന്ന്
ഈശ്വരന്‍ അന്നേ അറിഞ്ഞിരിക്കണം.
മോനേ,
അച്ഛന്‍ നിന്റെ അടുത്ത് ഏറെ നേരം കിടന്നുവെന്ന് തോന്നുന്നു.
അച്ഛനിപ്പോള്‍ ഒരുപാട് പിന്നിലായിട്ടുണ്ടാവും.
----------------------------------------------------------

Tuesday, December 30, 2014

അപവാദം / ലാല്‍ രഞ്ചന്‍


അതങ്ങനെ
സഞ്ചരിച്ചുകൊണ്ടേയിരിക്കും
പരന്നും പരതിയും പരത്തിയും.

കരിയിലകളില്‍ കലപിലത്തും
തളിരിലകളില്‍ വെയില്‍ കൊരുത്തും
പുകഞ്ഞ കൊള്ളിയില്‍ പെരുകി വീശിയും
പൊതുവിടങ്ങളില്‍ ഒളിനോട്ടങ്ങള്‍ കുടഞ്ഞും
വല്ലവന്റേം തുപ്പല്‍കോളാമ്പിയിലെ
ദുര്‍ഗന്ധം ചുമന്ന്‍ മറ്റവനെ മലിനീകരിച്ചും.
നാറ്റം എത്ര ദുസ്സഹമായാലും
നാറ്റിക്കുക നാറികളുടെ നീതിയാണ്.
നാസികയ്ക്കെപ്പോഴും
അടഞ്ഞിരിക്കാനാവില്ല.
ഒരു നിശ്ചിത അകലം
ഏതിനും നല്ലതാണ്.
പ്രതികരണമായും
പ്രതിരോധമായും.
അല്ലാതെ
കാറ്റിന് വേലികെട്ടുന്നതാര് ?
----------------------------------------

Sunday, December 14, 2014

ജീവിതഗന്ധി /ജയദേവ് നയനാർ


ആദ്യം കാണുന്ന
ആദ്യം കേൾക്കുന്ന
ആദ്യം മണക്കുന്ന
ഉടലിലേക്കുടൽ മാറാൻ
വേണ്ടിയായിരുന്നു.
മേഘങ്ങളുടെ കോണിയിറങ്ങി
വരികയായിരുന്നപ്പോൾ.
.
പല ഉടലുകളിലേക്കും
ഉടലു വച്ചുമാറാൻ
വേണ്ടിയായിരുന്നു.
അമ്പരിപ്പിക്കുന്ന
ഉടലുകളായിരുന്നു.
ഒരു മീനിൻറേത്,
നീന്തലുപേക്ഷിക്കാൻ
കൊതിക്കുന്നത്.
ഒരു ഇലയുടേത്,
ആകാശമാകാൻ
സ്വയം നേരുന്നത്.
ഒരുവളുടേത്,
ഉടൽ മറക്കാൻ
തിടുക്കപ്പെടുന്നത്.
.
മരത്തിൻറെ ഏറ്റവും
അടുത്തുള്ള ചില്ലയിൽ
ഒരൂഞ്ഞാൽ കെട്ടുന്നതിനിടെ
ആയിരുന്നു അപ്പോൾ.
കാറ്റുകൊണ്ട് പലവട്ടം
മുറുക്കിക്കഴിഞ്ഞിരുന്നു.
ഇളകുന്ന ചില്ല ഓരോ
പൂവായിപ്പിറന്ന്
തുടങ്ങിയിരുന്നു.
.
ഇതുവരെ മണക്കാത്ത
ഒരു ഓർമയിലായിരുന്നു.
അവിടെയാണ് ഉപേക്ഷിച്ച
ഒരുടൽ കടന്നുപോവുന്നത്.
വച്ചുമാറാൻ പറ്റിയതൊന്ന്
എന്നു പതുക്കെപ്പറയുന്നത്.
അന്നൊന്നും ആകാശമിങ്ങനെ
ആകാശമായിത്തുടങ്ങിയിരുന്നില്ല.
ഉപേക്ഷിക്കപ്പെട്ട ഉടലിലാണ്
ആകാശത്തെ കണ്ടെടുക്കുന്നത്.
അതുകഴിഞ്ഞ്
അതിലേക്ക്
അത്രമേൽ
ആഴ്ത്തപ്പെടുന്നത്..

--------------------------- 


എന്നാലും ഇങ്ങനൊരിടം / സുധീർ രാജ്


അതുവഴി പോകുമ്പോഴെല്ലാം വിചാരിക്കും
അവിടൊന്നു കേറണമെന്ന്.
ആറ്റിറമ്പത്ത് വണ്ടി നിർത്തി
വരമ്പ് വഴി നടന്ന് അങ്ങോട്ടു കേറണമെന്ന്.
കൊമ്പിൽ കമിഴ്ന്നു കിടന്നു ചൂണ്ടയിട്ട
മാവവിടെ ഉണ്ടോ എന്തോ.
അക്കരെ നിന്ന് തുണികഴുകുന്ന
പെണ്ണുങ്ങടെ അർത്ഥം വെച്ചുള്ള ചിരി
ഇപ്പോഴും അവിടെയുണ്ടോ എന്തോ .

നിന്റെ കൂടെ ഒറ്റക്കരിമീനേ തപ്പിയെടുത്തത്
ഇനി അതിന്റെ ഇണയും കാണുമെന്നു പറഞ്ഞ്
അതിനേം തപ്പിയെടുത്തത്
കരഞ്ഞോണ്ട് നമ്മളതിനെ വറുത്തു തിന്നത്
ചങ്ങലമാടനെക്കാണാൻ
കാവിൽ പാത്തിരുന്നത്.
തിരിച്ചു വരുമ്പം ,
അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ
തലയും താഴ്ത്തി നടന്നത് .
കയറു കഴുത്തേക്കുരുങ്ങി
നിന്റാട് ചത്തേന്റെ പിറ്റേന്നാ
നീ പോയത് ..
ഞാൻ വന്നായിരുന്നു
ആരും കാണാതെ നിന്നെ തൊടുകേം ചെയ്തു
ഞാനൊറ്റയ്ക്ക് കാവിലോട്ടു പോയി
കാവിലപ്പിടി മഞ്ഞക്കിളികളായിരുന്നു
നീയറിഞ്ഞോ ,
ഞാനും ചങ്ങലമാടനും കൂട്ടായി
അച്ഛനേം അവിടെ വെച്ചു കണ്ടായിരുന്നു .
തൂങ്ങിച്ചത്ത കോരനാ
നിന്റടുത്തേക്കുള്ള വഴി പറഞ്ഞു തന്നത്
കരീലാഞ്ചി വള്ളിയാ ഊഞ്ഞാലു കെട്ടിത്തന്നത്
മാടനാ എടുത്തിരുത്തിയത് .
പിന്നൊന്നും ഓർമ്മയില്ല.
ഇതുവഴി പോകുമ്പോഴൊക്കെ വിചാരിക്കും
ഇവിടൊന്നു കേറണമെന്ന്.
ഇപ്പോ,
ഇങ്ങനൊരു സ്ഥലമുണ്ടോ എന്തോ..
ഇങ്ങനൊരു സ്ഥലമില്ലെന്നാ അമ്മ പറയുന്നത് .
ഇപ്പോഴെന്റെ ഓർമ്മയെല്ലാം അമ്മയാണല്ലോ .
എന്നാലുമൊരു കരീലാഞ്ചിവള്ളിയിങ്ങനെ മുറുകുന്നുണ്ട്
എന്നാലും ഇങ്ങനൊരിടം ...
--------------------------------------

വൈലോപ്പിള്ളി / മരണം കനിഞ്ഞോതി


മരണം കനിഞ്ഞോതീ--സർവ്വവും വെടിഞ്ഞു നീ
വരണം സമയമായ്‌,വിളക്കു കെടുത്താം ഞാൻ.

പഴതാം മണ്ണിൻ ഗന്ധമൊക്കെയുമുപേക്ഷിച്ചു
നിഴലായ്‌ പോയേൻ കൂടെ, നീണ്ട പാതയിലൂടെ.
എങ്കിലുമെടുത്തേൻ ഞാൻ,ഗൂഢമെൻ കന്നിക്കാതൽ-
പ്പെൺ കൊടിയാൾ തൻ കൊച്ചു മധുരസ്മൃതി മാത്രം.
വെറ്റിലത്തരി പോലെ ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു മാമ്പൂവിൻ മണം ചിന്നി.
എൻ ഗതിയനുഭൂതിലാലസാലസമായോ
"എന്തിതു ? ചതിച്ചോ നീ?"
പിൻ തിരിഞ്ഞോതീ മൃത്യു.
"നിൻ കവിൾ തുടുക്കുന്നൂ, നിൻ മിഴി തിളങ്ങുന്നൂ
നിൻ കരൾ മിടിക്കുന്നൂ, നീ ജീവിച്ചിരിക്കുന്നൂ!"
അറിയപ്പെട്ടീലെന്റെ രഹസ്യം,പക്ഷേ, വീണ്ടു-
മെറിയപ്പെട്ടേൻ മണ്ണിലേകാന്ത ജന്മം നീട്ടാൻ.
-------------------------------------------------

Friday, December 12, 2014

അച്ഛനോട് / ജിനേഷ് കുമാർ എരമം


മുത്തശ്ശിക്കഥ കേൾപ്പിച്ചില്ല
പൊട്ടൻതെയ്യം കാണിച്ചില്ല
മണ്ണിലിറക്കിയില്ല
മലയാളം തൊടീച്ചില്ല.

വേരുകളും കന്നിക്കൊയ്തും
പാവങ്ങളും അയല്ക്കാരും
കണ്‍വെട്ടത്തേ വന്നില്ല.
കുറുന്തോട്ടിയും ശതാവരിയും
തിരിച്ചറിഞ്ഞില്ല
ആഴവും ഒഴുക്കും അനുഭവിച്ചില്ല.
മത്സരങ്ങളിൽ ഞാൻ
പണത്തിലേക്ക് തൊടുത്ത അമ്പ്
ഉത്സവങ്ങളിൽ
ആർക്കും കയ്യെത്താത്ത തിടമ്പ്.
ചെറുപ്പത്തിലെ തന്നത്
വാഷിംഗ് ടണിലേക്കുള്ള
സ്വപ്നവിമാനത്തിന്റെ ടിക്കറ്റ്.
സിലിക്കണ്‍ താഴ്‌വരയിൽ
അമ്പത് നില ഫ്ലാറ്റിന്റെ
തീറാധാരം.
എന്നിട്ടിപ്പോൾ നിലവിളിക്കുന്നു
മക്കൾ വൃദ്ധസദനത്തിലടച്ചെന്ന് !
-----------------------------

Monday, December 8, 2014

മതപ്രസംഗം / കുരീപ്പുഴ ശ്രീകുമാർ


കമ്പ്യൂട്ടർ അണച്ച് ...
മിക്സിയിൽ നിന്ന് പകർന്ന് -
ഫ്രിഡ്ജിൽ സൂക്ഷിച്ച
പഴച്ചാർ നുണഞ്ഞ്
യന്ത്രത്തിൽ തുന്നിയെടുത്ത
കുപ്പായമിട്ട്
ജീപ്പിൽ വന്നിറങ്ങിയ
മത പ്രസംഗകൻ
വൈദ്യുതവിളക്കിന്റെ ചോട്ടിൽ
മൈക്കിനു മുന്നിൽ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി ...!
-------------------------

Sunday, December 7, 2014

കണ്ണു തുറക്കുക / എം.പി.അപ്പൻ


ഉണ്ണീ, ഉഷസ്സിങ്ങെത്തിപ്പോയ്‌
കണ്ണുതുറക്കുക കണ്മണിയേ.

വിൺപൂങ്കാവു വെടിഞ്ഞെത്തും
പൊൻ പൂമ്പാറ്റകളെന്നതുപോൽ
തെരുതെരെ വന്നു പരക്കുന്നു
നറുവെയിലൊളി തൻ കുഞ്ഞലകൾ.
ചാമ്പി മയങ്ങിയ പൂപോലെ
കൂമ്പിയിരുന്നോരുലകെല്ലാം
പുതിയോരഴകൊടു വിരിയുന്നു
പുലർ കാലത്തിൻ പുഞ്ചിരിയാൽ.
മുല്ലപ്പൂവിൻ തൂവിതളിൽ
വെള്ളപ്രാവിൻ പൂഞ്ചിറകിൽ
മംഗളനർത്തനമാടുന്നു
കൺകുളിരരുളും കതിർ നിരകൾ.
പൂഴിത്തരിയും പുൽക്കൂമ്പും
പൂമുകുളങ്ങളുമെന്നോണം
നിന്നുടെ പിഞ്ചുകരൾക്കാമ്പും
പൊന്നിൻ പുലരിയിലിളകട്ടെ.
---------------------------------

Friday, December 5, 2014

വികസനം / അസ്മോ പുത്തൻചിറ


വികസിച്ചുവരുന്ന
റോഡുകളിലൂടെയാണ്
കരിങ്കല്ലും
തേക്കും
വീട്ടിയും
ചന്ദനമുട്ടിയും
മലയിറങ്ങിപ്പോകുന്നത് .

വികസിച്ചുവരുന്ന
ഗ്രാമത്തിൽനിന്നാണ്
നെൽവയലും
തോടും
കുളവും
നാട് നീങ്ങി
സിനിമയിൽ പോയൊളിച്ചത് .

വികസിച്ചുവരുന്ന
വ്യവസായമാണ്‌
അവകാശങ്ങളെ
തടവിലാക്കിയ
അധികാരത്തിന്റെ
വാതിൽ
തുറക്കുന്നത് .

വികസിച്ചുവരുന്ന
മനുഷ്യത്വമാണ്‌
തെരുവിൽ
ചോരവാർന്നു കിടക്കുന്ന
മനുഷ്യന്റെ
ചിത്രം പിടിക്കാൻ
തിക്കിത്തിരക്കുന്നത് .

വികസിച്ചുവരുന്ന
മതസൗഹാർദമാണ്
പന്തിയിൽനിന്നു
മേശയിലെത്തി
പച്ചക്കറിയിൽനിന്നു
മത്സ്യമാംസാദികളിലൂടെ
വയറുനിറയ്ക്കുന്നത് .

വികസിച്ചുവരുന്ന
നഗരത്തിൽനിന്നാണ്
വിശ്രമമില്ലാത്ത
പകലും
രാത്രിയും
വിശ്രമിക്കാനായി
ഗ്രാമത്തിലെത്തുന്നത് .

വികസിച്ചുവരുന്ന
പട്ടിണിമരണങ്ങളിൽ നിന്നാണ്
ആദിവാസികളുടെ
ജീവിതം
വാർത്തകളുടെ
ചുരമിറങ്ങുന്നത് .
-----------------------

Thursday, December 4, 2014

മേഘങ്ങളില്‍ നിന്ന് / എം.സങ്


നിശ്ശബ്ദത
അഴിഞ്ഞു വീഴുമ്പോള്‍
മേഘങ്ങളില്‍ നിന്ന്
ഒരു വാക്ക്
ഭൂമിയിലേക്ക്.

നമസ്കരിച്ചു നില്‍ക്കുന്ന
സസ്യങ്ങള്‍
അദൃശ്യമായ
ആ വാക്കിനെ
നെഞ്ചേറ്റുന്നു.
പൂവുകള്‍
സുദൃഢമായ
ഒരു വിത്തായി
അതിനെ മാറ്റുന്നു.
ആ വിത്ത്
മറ്റൊരു മരമായ്‌
അനന്തകാലത്തേക്ക്
തണലാകുന്നു.
ഏതോ ഒരു
പകല്‍ക്കാറ്റ്
ആ വാക്കിനെ
സ്നേഹം എന്ന്
വായിക്കുന്നു.
ഞാനത്
കേള്‍ക്കാതെ
കേള്‍ക്കുന്നു.
-----------------

Wednesday, December 3, 2014

ഒരു.. ഒരു / കമറുദ്ദീന്‍ ആമയം


നിത്യവും ഒരു വാക്ക് വെച്ച് പഠിക്കുക
ഉപദേശിക്കുമായിരുന്നു
പണ്ട് അധ്യാപകൻ

അങ്ങനെയെങ്കിൽ
ഒരു മാസം മുപ്പത് വാക്കുകൾ
കൊല്ലത്തിൽ മുന്നൂറ്റി അറുപെതിയെട്ടു വാക്കുകൾ
രണ്ടാംശനി ഓണം വിഷു ബക്രീദ്
എത്ര ചേറികൊഴിച്ചാലും പഠിക്കാം
ആണ്ടിൽ പത്തുമുന്നൂറു വാക്കുകൾ

ഇപ്പോൾ നിത്യവും മറക്കുന്നതെത്ര
ചെമ്പോത്ത് ഒരു നല്ല വാക്ക് കൂടിയാണ്
മറന്നിട്ടെത്ര കാലമായി
മെച്ചിങ്ങ മറ്റൊന്ന്
മുരിങ്ങ കലം മുറം വട്ടോറം
കമ്മ്യൂണിസ്റ്റ്പച്ച മൈലാഞ്ചി
കോൽക്കളി തായംകളി
ഉരൽ അമ്മി കുഴഞ്ഞു പോകുന്നു
ഓർമയുടെ കിണറ്റിലേക്ക് ആഴ്ത്തി
പാളയും കയറും
ചുറ്റിപിടുക്കുന്നില്ല പാതാളക്കരണ്ടിയിലും
ഊർന്നുപോയവ

രക്ഷപ്പെട്ടു പോകുന്നു തല്ക്കാലം
അച്ചാറു കമ്പനിക്കാരുടെ കനിവിൽ
കണ്ണിമാങ്ങ
മധുരിപ്പിക്കുന്നു പ്രമേഹം
നെല്ലിക്കയെ പാവക്കയെ
താങ്ങി നിർത്തുന്നു സ്മിർനോഫ്
ചെറുനാരക കാലുകളെ
ഉദ്ധാരണക്കുറവ്
നായ്കൊർണ്ണച്ചെടിയെ

വാക്കുകളാണ്
ഉപ്പ ആദ്യം മറന്നു തുടങ്ങിയത്
പിന്നെ വസ്തുക്കൾ
അവസാനം അവരവരുടെ പേരുകളെന്നു
അനുജനും ഞാനും പോരടിക്കുമ്പോൾ
കിടാങ്ങളെ പോലെ വഴക്ക് കൂടുന്നോ
ഉമ്മയുടെ ശാസനയിൽ
രക്ഷപ്പെട്ടുപോകുന്നു
കുടുംബത്തോടൊപ്പം
രണ്ടു വാക്കുകൾ

വാക്ക് എന്നതിന്
നടത്തം എന്നാണ് അർത്ഥമെന്ന്
മക്കൾ പോരിനു വരുമ്പോൾ
മറവി ഒരു ഇതാണെന്ന്
എന്തോ പറയുമല്ലോ
ഒരു ഇതാണെന്ന്
ഒരു ഒരു..
-----------------------------

Monday, December 1, 2014

"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ */ സുധീർ രാജ്



മായി ,
അവർ പതിമൂന്നു പേരുണ്ടായിരുന്നു...
നിന്റെ ഇതിലൂടെ ഞങ്ങൾ
തീവണ്ടിയോടിച്ചു കളിക്കുമെന്ന് പറഞ്ഞ്
അവരുറക്കെയുറക്കെച്ചിരിച്ചിരുന്നു .
മായി ,
കശാപ്പുശാലയിൽ നിന്നും തെറിച്ചു പോയ
ഇറച്ചിത്തുണ്ടായിരുന്നു ഞാൻ .

മായി ,
ഞാൻ പ്രസവിക്കാൻ പോകുന്ന
കുഞ്ഞിനെ ഞാൻ കൊല്ലില്ല.
ഇതെന്തു പിഴച്ചു .
ഇതിനെ ഞാൻ നിങ്ങൾക്ക് തരും
ദൂരെയൊരിടത്ത് ഞാൻ കാണാതെ
നിങ്ങളവനെ വളർത്തണം.
13 നരകങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിക്കാതിരിക്കാനാണ്
മായി ,
ആ തോക്ക് അല്പം നീക്കിവയ്ക്കൂ
ട്രിഗറിൽ എന്റെ വിരലെത്തും വരെ
ഞാൻ ഗർഭിണിയാണെന്നറിയുന്ന പോലീസ്
എന്നെത്തിരഞ്ഞു വരും .
മായി ,
ഞങ്ങളെയവർ വരിവരിയായി
മുട്ടുകുത്തി നിർത്തിയിരുന്നു
അവരുടെ ബൂട്ടിൽ ഉപ്പു വിതറി
അവർ ഞങ്ങളോട് പറഞ്ഞു.
"നക്കിനെടാ നായ്ക്കളേ
നീയൊക്കെ ഞങ്ങടെ ഉപ്പു തിന്നു ചാകടാ"
മായി ,
മഹന്തോയേ ഞങ്ങളുടെ മുന്നിലിട്ടാണ്
അവർ വെടിവെച്ചു കൊന്നത് .
ഉറക്കെക്കരഞ്ഞ മഹന്തോയുടെ
വായിലേക്കവർ നിരനിരയായി നിന്ന്
മൂത്രമൊഴിച്ചു .
ഇതാ പട്ടികളുടെ വിപ്ലവമൊലി ച്ചു പോകുന്നേ
എന്നലറിച്ചിരിച്ചു .
മായി ,
"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ *
എന്നലറിയാണവർ എന്നിലേക്ക്‌ പാഞ്ഞത് .
മായി ,
മരണത്തിനും അപമാനത്തിനും മീതേ
ഞാൻ ജീവിച്ചിരിക്കുന്നു .
മായി ,
ഞങ്ങൾ ഒടുക്കമില്ലാത്ത ഖനികളാണ്
ഇരുളിൽ നിന്ന് നിങ്ങളെത്തിരഞ്ഞ്
ഞങ്ങൾ വരികതന്നെ ചെയ്യും .
ഓരോ ഹരിതക കണത്തിലും
ചുവന്ന രക്താണുക്കളിലും
മണ്ണിലും പാട്ടിലും ബലികളിലും കൂടി
ഞങ്ങൾ നിങ്ങളിലേക്ക് സംക്രമിക്കുന്നു .
മായി ,
ആ തോക്ക് അല്പം നീക്കിവെയ്ക്കൂ
മരിച്ചു പോയവരെ തിരികെ വിളിക്കുന്ന
ജീവന്റെ പാട്ടൊന്നു പാടൂ .
മായി ,
ആർക്കറിയാം ഒരു പക്ഷേ
ഇതു നമ്മുടെ അവസാനരാത്രിയാകാം .
മായി ,
എനിക്കൊരു താരാട്ടു മതി .
**കിളുന്തു ഹരിജൻ പൊലയാടിമോളുടെ കറുത്തപൂവ് .
----------------------------------------------------

പുലരുംമുമ്പേയുള്ള നടത്തം / പി.പി.രാമചന്ദ്രന്‍


പുലരുംമുമ്പേയുള്ള നടത്തം
കുളിരും കാറ്റും കൂട്ട്

അറ്റം കാണാപ്പാതയിലെതിരേ
പത്രക്കാരന്‍,പാല്‌
ചുറ്റിനടക്കും നായ,വീടിന്‍
മുറ്റമടിക്കുമൊരമ്മ
തട്ടുകടസ്‌റ്റൌവിന്മേല്‍ പുട്ടിന്‍-
കുറ്റി,വെളിച്ചം,ചൂട്‌
പീടികതന്‍ കോലായില്‍നിന്നു-
മെണീറ്റു വരുന്ന കുടുംബം
തമിഴോ തെലുഗോ കന്നടയോ മൊഴി
തിരിയാതുള്ള കലമ്പല്‍
ഉടുതുണിയാലുടല്‍ മൂടിക്കൊണ്ട്‌
വടിയും കുത്തി നടത്തം
അവരടിവെയ്‌ക്കും മണ്ണിനെ വട്ട-
ത്തളികയെ എന്ന കണക്കേ
തലയിലെടുത്തു നടപ്പൂ ചായാ-
നിടയില്ലാത്തൊരു കാലം.
--------------------------------

മരണം മുറിക്കുന്ന പകലിനുള്ളിൽ / അനൂപ്‌ .കെ.ആർ


വെയിൽ തീരാതെ തോർന്നു.

ഒരൊച്ചയുമില്ലാത്ത
പകലിൽ
കാറ്റാടികൾ മാത്രം ചിറകൊതുക്കിയനക്കവേ
വഴികളിൽ ചേരകളിണചേരവേ
വയലിൽ തൂമ്പകളൊറ്റക്കിരിക്കവേ
കരിഞ്ഞവാഴയിലകളിളകവേ,
കുന്നിറങ്ങിവന്ന
ജീപ്പിൽ
പീറ്റർ മരിച്ചുവന്നു.

വഴികളപ്പാടെ വിതുമ്പി
ചേരകൾ തണുത്തകിഴങ്ങുവള്ളികളിലേക്കിറങ്ങി.

പീറ്റർ അയാളുടേ മരണത്തെമാത്രം പരിചയപ്പെടുത്തി.

എങ്ങനെ മരിച്ചു
എന്നൊരുചോദ്യവും
ആരും ചോദിച്ചില്ല.

എന്തിനെന്നു ചോദിച്ചു.
ഒന്നിലധികം കാരണങ്ങൾ
അയാളുടെ മരണവുമായി
വൈകും വരെ ചുറ്റിക്കളിച്ചു.

ഇരുട്ടുപുതച്ചും,
ആളുകൾ പുകച്ചും
പലവിധം
തിരഞ്ഞു.

ഒരു മഴയുടെ കുറവുണ്ടായിരുന്നിട്ടും
പീറ്റർ അന്തസ്സായി മരിച്ചു.

കുറച്ചാളുകളും
വയലും
വവ്വാലുകളും
അയാളെ അടക്കി.

പീറ്ററിപ്പോൾ,
വിരസതയുടെ നെടുനീളൻ കുപ്പായങ്ങൾ
അഴിഞ്ഞുകിടക്കുന്നവരാന്തയിൽ
ഒരരികിൽ തുന്നിചേർക്കുന്ന
ഏകാന്തതയിൽ
വിട്ടുപോയൊരു കുടുക്കിനാൽ
ഒരോർമ്മയിൽ തൂങ്ങിനിൽക്കുകയാണ്.

മറിഞ്ഞ മരങ്ങളിൽ
വിടരുന്ന കൂണുകളേപ്പോൽ
വളരുന്ന നഖങ്ങളെ
മുറിച്ചുകളയുന്ന വരാന്തക്കരികിൽ
പീറ്റർ അതുപോലിരിക്കുന്നു.


തെറ്റിദ്ധാരണകളില്ലെങ്കിൽ
മരണത്തേക്കാൾ സുതാര്യമായൊന്നുമില്ല.
ഞാനതിൽ പീറ്ററിനെ കണ്ടുകൊണ്ടിരിക്കുന്നു.

മരണം ,
ഓർമ്മകളിൽ നിന്ന് ഓർമ്മയുടെ.
സഞ്ചാരപാത നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
അതിൽ അയാളുടെ മരണത്തിലേക്കു
അകാരണമായി നടക്കുന്നു.
പരസ്പരം ഒരിടവഴി വരുന്നു.
പെടുന്നനെ ഞങ്ങൾ കൂട്ടിമുട്ടുന്നു.

വാഴതോട്ടം പറയുന്ന
വഴിയിലേക്കിറങ്ങി,
പീറ്ററിന്റെ കുഴിമാടം കാണുന്നു.

എല്ലാമരണങ്ങൾക്കും ശേഷം
ഒറ്റപ്പെടുന്ന മരണം
അയാളുടെ കുഴിമാടത്തിനടുത്തിരിക്കുന്നു.

തണുപ്പുപുരണ്ടമണ്ണിൽ
ഉറുമ്പുകൾക്കൊപ്പം
ഞാൻ ചെന്നിരിക്കുന്നു.

പീറ്ററിരിക്കുന്നു.
മണ്ണിന്റെ സുതാര്യതയിൽ
വാഴയിലകളുടെ തലപ്പുകൾക്കൊപ്പം
അയാളുടെ മുഖം കാണുന്നു.

മരണദിവസം
കൂട്ടുകിടക്കുന്ന ഒരാൾക്കൊപ്പം
ഞാൻ കിടക്കുന്നു.

കുഴിമാടത്തിനുമുകളിൽ  നിന്ന്
പീറ്റർ നടന്നുപോകുന്നു.

അകാരണമായി നടക്കുന്നു.
പരസ്പരം വീണ്ടുമൊരിടവഴി വരുന്നു.

മൃതശരീരങ്ങൾ നൃത്തം ചെയ്യുവാൻ
നേരെ പച്ചമണ്ണുപറ്റിയ കൈകൾ നീട്ടുന്നു.
മണ്ണിനു താഴെ നൃത്തങ്ങളിൽ കാല്പൂണ്ട്,
പീറ്റർ നടന്നുപോകുന്നു.

അകാരണമായ മരണങ്ങൾ
പീറ്ററിനെ ചുറ്റി നടന്നുപോകുന്നു.
അയാളുടെ കാലുകൾക്കൊപ്പം
നിശബ്ദവും നിർജ്ജീവവുമായ ഞങ്ങൾ
നീന്തുന്നു.


ഒച്ചകളില്ലാത്ത പകലിനെ
നെടുനീളെ മുറിച്ച്
മരിച്ചൊരാളുമായി
ഒരു ജീപ്പ് തിരികെ നീന്തുന്നു.

പീറ്റർ
നടക്കുന്നു.
----------------------

Saturday, November 29, 2014

വിശദമായ ചോദ്യം ചെയ്യല്‍ / സാദിര്‍ തലപ്പുഴ


ആകാശത്തിന്‍റെ
ചരിവില്‍
സംശയാസ്പദമായ
സാഹചര്യത്തില്‍
ഒരു മഴവില്ല്.

മതിയായ രേഖകളില്ലാതെ
ഇറക്കുമതി ചെയ്ത
നിറങ്ങളാണെന്നും
ഈ വളഞ്ഞുനില്‍പ്പ്
വഴിമുടക്കിയാണെന്നും
അനുചരന്മാര്‍
അധികാരത്തിങ്കലേക്ക്
സന്ദേശപ്പെട്ടു.
ഒടിച്ചുമടക്കി
വിശദമായ ചോദ്യം ചെയ്യലിനായി
കൊണ്ടുപോകുമ്പോഴും
പൂക്കളിലും പൂമ്പാറ്റകളിലും
മഴവില്ല്
നിറങ്ങള്‍ കൊണ്ട്
ഉമ്മ വെച്ചു.
വാക്കുകളില്ലാത്ത
ചോദ്യങ്ങളാല്‍
നിറങ്ങള്‍ ഊര്‍ന്നുപോയ
മഴവില്ലിനെ
മൂന്നാം പക്കം
നിരുപാധികം വിട്ടയക്കപ്പെട്ടു.
ഇപ്പോള്‍
മഴവില്ല്
ഒരു കരിങ്കൊടിയാണ്.
-----------------------

ഹരിതസൂര്യന്‍ / പി.കെ.പാറക്കടവ്


നിന്‍റെ ശരീരം ഒരു ഭൂമിയാണ്‌.
അതുകൊണ്ടാണ്
ഞാന്‍ മഴ കൊണ്ട് നിന്നെ നനയ്ക്കുന്നത്.
നീ കിളിര്‍ക്കുന്നതും പൂക്കുന്നതും.

നിന്‍റെ ശരീരം ഒരു ഭൂമിയാണ്‌.
അതുകൊണ്ടാണ്
നിശ്ചിത അകലത്തില്‍
നീയെനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നത്.
ഒടുവിലൊരുനാള്‍
അകലം തെറ്റി
കലഹിച്ച് കലഹിച്ച്
നമ്മള്‍ പൊട്ടിച്ചിതറി
ഇല്ലാതാകും.
അന്ന് ഭൂമി
സൂര്യനോട് പറയും
കലഹത്തിന് സ്നേഹമെന്നും പേരുണ്ട്.
-------------------------------------

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ / സച്ചിദാനന്ദൻ


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയാക്കി മാറ്റുകയെന്നാണ്.
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമൽ കുനിച്ചു നിൽക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾ കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടു ചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഢൃം മുഴുവൻ
ഒരു സൌഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ
സ്വന്തം ഹ്യദയം അമർത്തിക്കിടക്കുയാണ്.
ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.

----------------------------------------------------

Monday, November 24, 2014

ഉടുപ്പുകള്‍ വരച്ച് വരച്ച്......../ പ്രസന്ന ആ‍ര്യൻ


"എന്താ ചെയ്യുന്നത്”
“വരയ്ക്കുന്നു...”
“ചന്ദ്രോദയം?”
“സൂര്യാസ്തമയവുമാവാം..”
“ഇതൊരു കാടല്ലേ.”
“എങ്ങിനെ?"
“നിറയെ മരങ്ങള്‍...”
“ഇടയില്‍ പുല്ലും കുറ്റിച്ചെടികളുമുണ്ട്.”
“എവിടെ?”
“തമ്മില്‍പ്പിണഞ്ഞുപിണഞ്ഞു മുറുകുന്ന വള്ളികളുണ്ട്
അവയില്‍ പൂക്കളുണ്ട് ശലഭങ്ങളുണ്ട്.”
“കാണാനില്ലല്ലോ!”
“ഇരപിടിക്കുന്ന മൃഗങ്ങളുണ്ട് ചേക്കേറുന്ന പക്ഷികളുണ്ട്..”
“ഒന്നും വരച്ചിട്ടില്ലല്ലോ!”
“മണ്‍പുറ്റിലൂടൂര്‍ന്നിറങ്ങിയാല്‍ മഹാസംസ്കാരം തന്നെയുണ്ട്”
“ഞാനൊന്നും കാണുന്നില്ല”
“പിന്നെങ്ങിനെയിതു കാടാകും?”
“പെരുമരങ്ങളല്ലെ കാടാവുന്നത്....”
“ആണോ! ”
തൊലിപ്പുറം നീളത്തില്‍ വരഞ്ഞ് വരഞ്ഞ് കരിമരുതെന്ന്
തൊലിപ്പുറം മിനുക്കി മിനുക്കി വെണ്‍തേക്കെന്ന്
ചുകപ്പിച്ച് ചുകപ്പിച്ച് രക്തചന്ദനമെന്ന്
കള്ളികള്‍ കൊത്തിക്കൊത്തി വാകയെന്ന്
മുഖക്കുരുപ്രായത്തില്‍ ഏഴിലം പാലയെന്ന്
മുള്ളിലവെന്ന്
മുരുക്കെന്ന്
വേരുകളിണചേരുന്ന
ശാഖികള്‍ ഇറുകെപ്പുണര്‍ന്ന
കാട്ടിലെ മരങ്ങളെ
ഉടുപ്പുകള്‍ വരച്ച് വരച്ച്
പരിഭാഷപ്പെടുത്തികൊണ്ടിരിക്കുമ്പോള്‍..............
------------------------------------------

Sunday, November 23, 2014

പെങ്ങള്‍ /ഹൻലല്ലത്ത്

പെങ്ങള്‍
ഒതുങ്ങിയൊതുങ്ങി
ആമ മയങ്ങുന്നതു പോലെ
വിതുമ്പിയിരുന്നു

വയസ്സേറിയെന്ന്
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
അനങ്ങിയില്ല

കണ്ണുനീര്‍
പെയ്തൊഴിയുമ്പോള്‍
മഴവില്‍ പുഞ്ചിരിയില്‍
പെങ്ങള്‍ കഥ പറഞ്ഞു തന്നു

കര്‍ക്കിടകം കരഞ്ഞ
രാവുകളൊന്നില്‍
പെങ്ങള്‍ക്കൊരു ജീവിതം
പടി തേടി വന്നു.

മഴയുടെ
കണ്ണുനീര്‍ക്കുരവയില്‍
മുങ്ങിപ്പോയ ആള്‍ക്കൂട്ടം
ഇറച്ചിയുടെ വേവിനെ
കുറ്റം പറഞ്ഞിരുന്നു.

ആമത്തോട്‌
കുത്തിപ്പൊളിച്ച്
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

മഴയുടെ
ഇട വേളയിലെപ്പോഴോ
വിതുമ്പല്‍ കേട്ടുണര്‍ന്നപ്പോള്‍
പെങ്ങള്‍....

ചോരക്കുഞ്ഞിനെ സാക്ഷിയാക്കി
മുറിവ് പറ്റിയ ഹൃദയവുമായി
പടിവാതില്‍ക്കല്‍
പെങ്ങള്‍...

ബാക്കിയായ
ഹൃദയം കൊണ്ട്
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?
----------------------------

പെങ്ങള്‍ /ഹാരിസ് എടവന



മൊഞ്ചില്ലാത്തവള്‍
‍പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു
പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
‍കടം പറയുമെന്ന ആധിയിലാണ്
ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്
അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞത്
‘ഓളെ ഖബറും പുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘
_____________

Saturday, November 22, 2014

നീയില്ലാതെ ജീവിതം ശീലിക്കുന്നതിനെക്കുറിച്ച് / സുധീർ രാജ്


തലതിരിച്ചിട്ട ടീ ഷർട്ടുകൾ
ബട്ടണില്ലാത്ത ഉടുപ്പുകൾ
കുട്ടിക്കാലമില്ലാതെ വൃദ്ധരായവരേപ്പോലെ
പ്രഭാതവും നട്ടുച്ചയും വരാതെ
രാത്രിയാകുന്ന പകലുകൾ .

ഒഴിഞ്ഞ കുപ്പികളിലെല്ലാം
നിന്റെ വഴക്ക് നിറച്ചു വെച്ചിരിക്കുന്നു
പുള്ളിക്കുത്തു വീണ കണ്ണാടിയിൽ
നീയൊട്ടിച്ച പൊട്ടുകൾ ,
ഞാൻ വീണുപോയപ്പോഴൊക്കെ
നീ തന്നയുമ്മകൾ.
പാല് പാത്രത്തിലിട്ടാ പച്ചക്കറി കഴുകിയത്
ചട്ടീലിട്ട മീൻ വെട്ടാൻ വയ്യ
തുറിച്ച കണ്ണിലെല്ലാം
നീയില്ലാത്ത ഞാൻ .
ഗ്യാസ് ഓഫ് ചെയ്യാൻ മറന്നു പോയി .
നിന്നോടാദ്യം പിണങ്ങിയ ദിവസം പോലെ
ഓഫീസിലിരുന്നു വിയർക്കുകയായിരുന്നു .
എന്നിലിങ്ങനെ വീർപ്പു മുട്ടി
നീ പൊട്ടിത്തെറിക്കുന്നത്
ഞാൻ പൊട്ടിത്തെറിക്കുന്നത്
നമ്മുടെ വീട്
അവൻ .
നീ പോയ ദിവസം
നിന്റെയോരോ ദൈവവും
എന്റടുത്തു വന്നു പതം പറഞ്ഞു കരഞ്ഞു
ചുവരിൽ നിന്നവരെല്ലാമിറങ്ങിപ്പോയി .
ഞങ്ങൾക്കാരുമില്ലേയെന്ന് നിലവിളിച്ച്
അപ്പൂപ്പനുമമ്മൂമ്മയും അച്ഛനും
ഓർമ്മേന്നിറങ്ങിപ്പോയപ്പോഴാണ്
പണ്ട് മറന്നിട്ട ഉറക്കഗുളികയുടെ
ഡപ്പി ഞാൻ തിരഞ്ഞത് .
ആരുമില്ലാതെ
ഭൂമിയിലൊറ്റയ്ക്ക് നിൽക്കുക
അവനിലേക്കുള്ളയെന്റെ
നക്ഷത്രസന്ദേശമത്രയും
നീയെന്ന തമോഗർത്തത്തിലേക്കടിയുക.
(എത്ര മേൽ മറക്കിലും
അത്രമേൽ തറഞ്ഞു
ഭയത്തിൻ കുരിശേറുക)
നീയില്ലാതെ ജീവിതം ശീലിക്കുന്നതിനെക്കുറിച്ച് ,
നിന്റെ കൈത്തണ്ടയിലെ
പതിനൊന്നു കുത്തിക്കെട്ടുകൾ
പതിനൊന്ന് താജ് മഹലുകളാണ്.
തീപ്പുഴയ്ക്കിപ്പുറം നീയെന്ന തടവിലിരുന്ന് ...
കിളിവാതിലിലൂടെ ഞാൻ കാണുന്ന
താജ് മഹലുകൾ.
-----------------------------------

കുഞ്ഞൻ / അരുണ്‍ ഗാന്ധിഗ്രാം


ഒന്നര വയസ്സുള്ള
ഒരു കുഞ്ഞനാണ് വീട്
കലക്കക്കണ്ണുള്ള ഒരമ്മയും
കുറുമ്പെല്ലാം കളഞ്ഞുപോയ
രണ്ടു പാവാടക്കുട്ടികളുമാണ് കൂട്ട്.
അധികമാരും മിണ്ടാനില്ലെങ്കിലും
പകലെല്ലാം വീട്
കാറ്റിനോട് തകരമേൽക്കൂര കൊണ്ടും
എലിയോട് കടലാസുചീന്തുകൾ കൊണ്ടും
പല്ലിയോട് കുമ്മായമിളക്കിയിട്ടും
പാറ്റയോട് കറിക്കലങ്ങൾ കൊണ്ടും
സംസാരിച്ചു.
കുഞ്ഞനല്ലേ,
രാത്രിയാവുമ്പോൾ
അതിന് പേടിയാവും.
കൂമനെ,
കുറുക്കനെ,
നായ്ക്കളെ
ചിവീടിനെ
എല്ലാത്തിനെയും ഓർത്ത്
കുഞ്ഞൻ വിറച്ചു നിൽക്കും.
ആണൊരുത്തൻ കൂട്ടുവരണേ
എന്ന് കണ്ണടച്ചു പ്രാർഥിക്കും.
ഉള്ളിൽ ഉറങ്ങുന്നവരോടും
പല്ലിയോടും പാറ്റയോടും
എലിയോടും കാറ്റിനോടും പറയാതെ
അവൻ ആ പേടിയെല്ലാം
ഒറ്റയ്ക്കനുഭവിക്കും.
പെട്ടെന്നൊരു രാത്രി
കൂമൻ മൂളാതായി
നായ്ക്കളും, കുറുക്കനും, ചിവീടും
നിശ്ശബ്ദരായി.
ഇരുട്ടിൽ നിന്ന്
ഹെഡ് ലൈറ്റില്ലാത്ത സ്കൂട്ടറുമായി ഒരച്ഛനും
തോർത്തുമുണ്ടും സോപ്പുപെട്ടിയുമായി ഒരു മകനും
കൂട്ടുകിടക്കാനെത്തി.
കഥകളും കളികളുമായി
അവർ കുഞ്ഞന്റെ രാപ്പേടി മാറ്റി.
അവൻ ആ രാത്രി സുഖമായുറങ്ങി.
വെളുപ്പിന്,
നാളെയും കാണാമെന്ന്
കുഞ്ഞന്റെ നെറ്റിയിൽ ചുംബിച്ച്
രണ്ടുപേരും ഉറങ്ങാൻ പോയി.
ഒരാൾ സ്കൂട്ടറുമായി
ഒന്നര വർഷമായി പകലുറങ്ങുന്ന
അപകടവളവിലെ കലുങ്കിനു താഴേക്കും,
മറ്റെയാൾ തോർത്തും സോപ്പുമായി
പച്ചക്കുളത്തിന്റെ അടിത്തട്ടിലേക്കും...
രാത്രിക്കൂട്ടായും ഓർമ്മക്കൂട്ടായും വരാൻ
എനിക്കും ആളുണ്ടല്ലോ എന്ന്
വീട് അന്നാദ്യമായി കാറ്റിനോട് ചിരിച്ചുകാണിച്ചു.
----------------------------------------------

Thursday, November 20, 2014

കളവ്‌ / ചിഞ്ചു റോസ


നേരാണ്, ഞാനാണതു പറഞ്ഞത്
കഥ പറഞ്ഞു നാവു കൈയ്ച്ചപ്പോള്‍
നക്ഷത്രങ്ങളെ ചൂണ്ടി
കാട്ടി അവനോടൊരു
കളവു പറഞ്ഞു

നിലാവത്ത് ആകാശത്തൂന്നു
വീണ നക്ഷത്രത്തരികള്‍
നമ്മുടെ കിണറ്റില്‍ വീണു
ഉറങ്ങുന്നുവെന്നു
അത്രമാത്രം....

ഒടുക്കം പുലര്‍ച്ചെ .
അവന്‍ കിണറ്റില്‍
ചത്തു മലച്ചങ്ങനെ ...

ഇല്ല ഞാന്‍ മിണ്ടുന്നില്ല
കുഞ്ഞുങ്ങളോട് കളവു പറയുന്നതും
ഞാന്‍ നിര്‍ത്തി
---------------------

നീല / ഷിറാസ് അലി


നീല എന്ന പെണ്‍കുട്ടി ഉറങ്ങുകയാണ്.
ഒരു കാലിഡോസ്കോപ്പിന്റെ മുഴുവന്‍
വര്‍ണരാജികളും സ്വപ്നം കാണുകയാണ്.

നീല ഒരു വാല്‍ക്കണ്ണാടിയാണ്
വളപ്പൊട്ടിന്റെ മുനയാണ്
വാനിന്‍റെ തേനാണ്
പുല്‍മേടുകളുടെ കള്ളത്തരമാണ്.
നീല നിര്‍മ്മലയാണ്‌
അമലയാണ് നീര്‍ത്തുള്ളിയാണ്
നീറ്റില്‍ കുളിക്കും മീന്‍ കുഞ്ഞുങ്ങളാണ്.
നീല നിലാവാണ്‌, നിനവാണ്
സ്വപ്നത്തിന്‍റെ വനമാണ്
ദര്‍ഭ തിന്നുന്ന പുള്ളിമാനാണ് .
നീല ചുഴിക്കുത്തുള്ള കയമാണ്
നദീമുഖമാണ്
കടലിന്‍റെ തോലാണ്
മിന്നിപ്പായുന്ന കൊതുമ്പുവള്ളമാണ്
കാറ്റിന്റെ കപ്പല്‍പ്പായാണ്.
നീല ഉണരാതിരിക്കട്ടെ
നീലക്കണ്ണുകള്‍ തുറക്കാതിരിക്കട്ടെ
കവിതയുടെ കാലിഡോസ്കോപ്പില്‍
ചിത്രങ്ങള്‍ മങ്ങാതിരിക്കട്ടെ.
---------------------------------

Wednesday, November 19, 2014

അത്തിമരം / ലൂയിസ് പീറ്റർ


ഇന്നലെപ്പോലും എന്നെ ഞാനൊരു
ഇലയില്ലാ മരമായ്‌
ഓർത്തുപോയിട്ടുണ്ട്
ശിഷ്ടം , ശിഖരങ്ങളില്ലാതെ
തടിയും തായ് വേരുമില്ലാതെ
വിത്തും പിറവിയുമില്ലാതെ
ഞാൻ മാത്രം എന്തിനാണിങ്ങനെ
തനിയെ നില്ക്കുന്നത്...
ശപിച്ചവൻ കടന്നുപോയി
കുരിശിലേക്കും കുഴിയിലേക്കും
ഞാൻ കണ്ടിട്ടും അറിഞ്ഞിട്ടുംപോലുമില്ലാത്ത
സ്വർഗത്തിലേക്കും...
എന്നെ വെട്ടി വീഴ്ത്താൻ കഴിവുള്ളവന്
ഇതാ ഞാനൊരു ബലമുള്ള കമ്പ്
സമ്മാനമായ്‌ നൽകുന്നു,
ഒടിഞ്ഞതെങ്കിലും ഒതുക്കമുള്ളത്
ഒരുക്കമുള്ളത്!

ഇന്നലെപ്പോലും എന്നെ ഞാനൊരു
ഇലയില്ലാ മരമായ്‌
ഓർത്തുപോയിട്ടുണ്ട്
ശിഷ്ടം , ശിഖരങ്ങളില്ലാതെ
തടിയും തായ് വേരുമില്ലാതെ
വിത്തും പിറവിയുമില്ലാതെ
ഞാൻ മാത്രം എന്തിനാണിങ്ങനെ
തനിയെ നില്ക്കുന്നത്...
ശപിച്ചവൻ കടന്നുപോയി
കുരിശിലേക്കും കുഴിയിലേക്കും
ഞാൻ കണ്ടിട്ടും അറിഞ്ഞിട്ടുംപോലുമില്ലാത്ത
സ്വർഗത്തിലേക്കും...
എന്നെ വെട്ടി വീഴ്ത്താൻ കഴിവുള്ളവന്
ഇതാ ഞാനൊരു ബലമുള്ള കമ്പ്
സമ്മാനമായ്‌ നൽകുന്നു,
ഒടിഞ്ഞതെങ്കിലും ഒതുക്കമുള്ളത്
ഒരുക്കമുള്ളത്!

--------------------------------

തവളകള്‍ / ലൂയിസ് പീറ്റര്‍


തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
ഞങ്ങൾ ഈ കുളം മാത്രമേ
കണ്ടിട്ടുള്ളു എന്ന്
അവർ വിനയപുരസ്സരം
ഏറ്റുപറയുകയാണ്‌

തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
പ്രാർത്ഥനയിലും
പ്രണയത്തിലും കലഹത്തിലും
ഞങ്ങള്ക്ക് ഭാഷയിൽ
ഒരക്ഷരം മാത്രമേ ഉള്ളുവെന്ന്
അവർ പരിതപിക്കുകയാണ്
അവരുടെ എകാക്ഷരജപം
മേഘഹൃദയങ്ങളെ
ആര്ദ്രമാക്കുന്നു
അഗ്നിയാൽ മെനഞ്ഞ
ഒരു താക്കോൽ വന്നു
ആകാശത്തിന്റെ
വാതിലുകൾ തുറക്കുന്നു
നിറഞ്ഞു കവിഞ്ഞ ഒരു പുഴ വന്നു
അവരെ
അവരുടെ കുളങ്ങളോടൊപ്പം
സ്വതന്ത്രരാക്കുന്നു.

എനിക്കറിയാം
ഈ പ്രളയം പോലും
തവളകൾ പ്രവചിച്ചതല്ല
അവർ
പ്രവാചകരേയല്ല.
തവളകൾ മാത്രമാണ്
നമ്മെ പോലെ
നഗരങ്ങളിലല്ല വാസം
എന്ന് മാത്രം

-------------------------

Tuesday, November 18, 2014

പാസഞ്ചര്‍ ജനലരികിലെ പെണ്‍കുട്ടി /അരുണ്‍ ഗാന്ധിഗ്രാം


പാസഞ്ചറില്‍
എന്റെയടുത്ത് ജനലിനരികിലായി
ഒരു പെണ്‍കുട്ടിയിരിക്കുന്നു.
ഞാനവളുടെ മുഖത്തേക്ക് നോക്കുന്നില്ല.

ചാരിയിരുന്നാല്‍ മുട്ടിയെങ്കിലോ
മുട്ടിയാല്‍ ഇഷ്ടമായില്ലെങ്കിലോ
എന്നൊക്കെ കരുതി
ഞാന്‍ മുന്നോട്ടു നീങ്ങിയിരിക്കുന്നു.
ഞാനൊരു മാന്യനാണ് എന്ന്
മുഖത്തെഴുതിവയ്ക്കാന്‍ ശ്രമിക്കുന്നു.
ജനലിലൂടെ
മലമുകളിലെ കുരിശു കാണുമ്പോള്‍
എന്തൊരത്ഭുതം എന്ന മട്ടില്‍
കണ്ണില്‍ നിന്നു മറയുന്നതുവരെ നോക്കുന്നു.
നോട്ടം ജനലരികിലെ പെണ്‍കുട്ടിയുടെ
തൊട്ടടുത്തെത്തുമ്പോള്‍
അത് പിന്‍വലിച്ച്
വീണ്ടും മാന്യനാകുന്നു,
മുഖം ഇപ്പോളും കാണുന്നില്ല.
ഒന്നുമറിയാത്തതു പോലെ
വേറെയാരെയോ അത്യാവശ്യമായി തെരയുന്നതുപോലെ
ട്രെയിനിലെ മറ്റുള്ളവരെ നോക്കുമ്പോള്‍
നോട്ടം മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്തുടക്കുന്നു
മാന്യനായതിനാല്‍ ഞാനതും പിന്‍വലിക്കുന്നു.
കാറ്റടിക്കുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടിയുടെ മഞ്ഞ ഷാള്‍
എന്റെ കൈത്തണ്ടയില്‍ വീഴുന്നു.
അതൊന്നും അറിഞ്ഞതേയില്ല എന്ന മട്ടില്‍
ഞാന്‍ ബാഗില്‍ നിന്ന്
പ്രകാശന്‍ മുല്ലക്കാട് എന്ന യുവകവിയുടെ
പുസ്തകമെടുത്ത് നിവര്‍ത്തുന്നു.
ജനലരികിലെ പെണ്‍കുട്ടി
അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍
ഞാന്‍ ജനലിനപ്പുറത്ത്
കുരിശുമല തെരയുന്നു,
കാണുന്നില്ല...
അടുത്ത സ്റ്റേഷനെത്തുമ്പോള്‍,
ചായ കുടിച്ചേ പറ്റൂ എന്ന പോലെ
പുസ്തകം ബാഗിനു മുകളില്‍ വെച്ച്
ഞാന്‍ പുറത്തിറങ്ങുന്നു.
ചായയൂതുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടി
എന്റെ പുസ്തകം മറിച്ചുനോക്കുന്നതായും
ചായ കുടിച്ചു ഞാനെത്തുമ്പോള്‍
അവളതു തിരിച്ചു തരാനൊരുങ്ങുമ്പോള്‍
വേണ്ട, വായിച്ചോളൂ’എന്നു മര്യാദപ്പെടുന്നതായും
ഞാന്‍ ഭാവനയില്‍ കാണുന്നു.
‘പ്രകാശന്‍ മുല്ലക്കാട്
മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ച്
മനോഹരങ്ങളായ കവിതകളെഴുതിയിട്ടുണ്ട്,
ഞാനും!’
എന്നൊരു മുഖവുര
ഞാന്‍ ഹൃദിസ്ഥമാക്കുന്നു.
ചായക്ക്‌ ചൂട് കൂടുതലാവുന്നു,
ഊതിക്കുടിച്ചിട്ടും തീരുന്നതേയില്ല!

ഞാനല്ല / അരുണ്‍ ഗാന്ധിഗ്രാം


തീവണ്ടി സ്റ്റേഷനിലെ കൂട്ടക്കൊലയ്ക്കു പകരം
തെരുവിൽ ചോരപ്പൂക്കൾ ചിതറിച്ചത്
ഞാനല്ല
മോഷ്ടിച്ച പണം അട്ടിവച്ച്
ചന്ദ്രനിലേക്ക് നടന്നുകയറിയത്.
ഒരുവൾ
ചോരപുരണ്ട അടിവസ്ത്രവുമായി
തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ
ഞാനല്ല
അത് നമ്മുടെ ആണ്‍കുട്ടികളുടെ
വികൃതിയാണെന്നു ചിരിച്ചുതള്ളിയത്.
നേതാവിന്റെ കൊലയ്ക്കു പകരംവീട്ടാൻ
ആയിരക്കണക്കിനാളുകളെ
വോട്ടേഴ്സ് ലിസ്റ്റ് നോക്കി
കൊലപ്പെടുത്തിയത് ഞാനല്ല.
എന്റെ ദൈവവിചാരം വ്രണപ്പെടുത്തിയവരെ
തെരഞ്ഞുപിടിച്ച് ആക്രമിച്ചത് ഞാനല്ല
അങ്ങനെയൊന്നും വ്രണപ്പെടുന്ന
ദൈവങ്ങളല്ല എന്റേത്.
ഞാനല്ല
അതിർത്തിക്കപ്പുറത്തേക്കു പോയ
തീവണ്ടിക്കൂപ്പകളെ ശവപേടകങ്ങളാക്കിയത്
കൂട്ടുപിരിഞ്ഞവനെ ചതിച്ചുവീഴ്ത്താൻ
കള്ളും വണ്ടിയും കൊടുത്ത്
ക്വൊട്ടേഷനയച്ചത് ഞാനല്ല
കൂടങ്കുളത്തും
വിളപ്പിൽശാലയിലും
കാസർഗോഡും
മുത്തങ്ങയിലും
മനുഷ്യരെ അടിച്ചുവീഴ്ത്തിയ ലാത്തികൾ
ഞാൻ കൊടുത്തുവിട്ടവയല്ല.
ഇന്ധനവില കൂടുമ്പോൾ
നികുതികൂടുമ്പോൾ
യാത്രാനിരക്ക് കൂടുമ്പോൾ
കീശ കാലിയാവുന്നവരുടെ കൂട്ടത്തിൽ
ഞാനുണ്ടായിരുന്നു.
എന്നാലുമുണ്ടല്ലോ,
ചന്തക്കവലയിലെ ടെലഫോണ്‍ പോസ്റ്റിൽ
ഫ്ലെക്സ് കെട്ടിയത് ഞാനാണ്
അങ്ങാടിയിൽ വച്ച്
നേതാവിനെ പുലഭ്യം പറഞ്ഞവന്റെ
കരണക്കുറ്റി അടിച്ചു പുകച്ചിട്ടുണ്ട്
ജാഥ പോകുമ്പോൾ
മുഴങ്ങിക്കേൾക്കുന്ന സ്വരങ്ങളിലൊന്ന് എന്റേതാണ്
മുനിസിപ്പൽ റോഡിലെ പാർട്ടി ചിഹ്നങ്ങൾ
ഞാനും കൂടെയാണ് വരച്ചത്
ഇലക്ട്രിക് കാലുകളിലെ പാർട്ടി പോസ്റ്ററുകൾക്ക് പിന്നിൽ
മൈദ പുരട്ടിയത് ഞാനാണ്.
ഞാനാണ്,
ഒരിക്കലും കണ്ടിട്ടില്ലാത്ത
സുന്ദരനായ നേതാവിന്റെ നോട്ടീസുമായി
വീടുകൾ കയറിയിറങ്ങിയവരിലൊരാൾ.
അല്ല സുഹൃത്തേ
വിശ്വസിച്ചാലുമില്ലെങ്കിലും
ഞാൻ അഴിമതിക്കാരനല്ല
വർഗ്ഗീയവാദിയല്ല
കൊലപാതകിയല്ല
തട്ടിപ്പുകാരനല്ല
കാലുമാറ്റക്കാരനല്ല
പണക്കാരൻ പോലുമല്ല.
നിമിഷനേരംകൊണ്ട്
വർഗ്ഗീയവാദിയായും
നവലിബറലായും
സോഷ്യലിസ്റ്റായും
മാർക്സിസ്റ്റായും
ഗാന്ധിയനായും
മിതവാദിയായും
തീവ്രവാദിയായും
വേഷം മാറാനറിയാത്തതിനാൽ
ഞാനിപ്പോഴും അതേ പഴയ പതാക പേറുന്നു.
എങ്കിലും
എതിർപാർട്ടിക്കാരനായ സുഹൃത്തേ,
തോൽവിയുടെ എല്ലാ പഴിയും
എനിക്കു നേരെ ചൊരിയൂ
എന്റെ നേതാവിനെ
വെറുതെവിട്ടേക്കൂ
നാളെ ചിലപ്പോൾ
അയാൾക്കു വേണ്ടി നിങ്ങൾക്ക്
മുദ്രാവാക്യം വിളിക്കേണ്ടിവന്നേക്കാം.
==========================

Friday, November 14, 2014

അപരിചിതൻ / രശ്മി കിട്ടപ്പ


അത്ഭുതം
എന്റെ നഗരത്തിൽ
അയാളുമുണ്ടായിരുന്നു.
ഞാൻ നടന്ന വഴികളിലൂടെ
അയാളും നടന്നിട്ടുണ്ടാവണം.
അന്നു ഞാൻ കണ്ട
ആകാശങ്ങൾ,
ഒരു തൊങ്ങലു പോലെ
നഗരത്തിനോട് തുന്നിച്ചേർത്ത
സമുദ്രത്തിന്റെ നിറഭേദങ്ങൾ,
കവിതകളിലൂടെ
നാടകവേദികളിലൂടെ
നീണ്ടു പോകുന്ന
നഗരത്തിന്റെ സായാഹ്നങ്ങൾ,
എല്ലാം അയാളും കണ്ടിട്ടുണ്ടാവണം.
നഗരത്തിലെ വീതികുറഞ്ഞ തെരുവിലൂടെ
ഒഴുകിനീങ്ങുന്ന ജനച്ചാർത്തിനിടയിൽ
ഒരിക്കലെങ്കിലും എന്നെക്കടന്ന്
അയാൾ പോയിട്ടുണ്ടാവണം.
എപ്പോഴും തിരക്കേറിയ
ഇടുങ്ങിയ പുസ്തകശാലയിൽ
എന്നെങ്കിലും ബഷീറിനേയും
നെരൂദയേയും വിജയനേയും
ഞങ്ങളൊരുമിച്ച്
വാങ്ങിയിട്ടുണ്ടാവണം.
അത്ഭുതം
എന്റെ നഗരത്തിൽ
അയാളുമുണ്ടായിരുന്നു.
എന്നിട്ടും
പകിട കളിക്കുന്ന
കാലത്തിന്റെ കൈകൾ
ഞങ്ങളെ നിരത്തിയതോ
ഒരിക്കലും കൂട്ടി മുട്ടാത്ത
അപരിചിതരായി
രണ്ടു വിദൂര കളങ്ങളിൽ

---------------------------------

ഇറങ്ങിപ്പോകുന്നവർ / രശ്മി കിട്ടപ്പ


ഇഷ്ടമില്ലെങ്കിലും
വീടുവിട്ടിറങ്ങാറുണ്ടായിരുന്നു
ഞങ്ങളുടെ പഴയവീട്ടിലെ
ചുവരലമാരയിലെ പുസ്തകങ്ങൾ

ഇഴകൾ പിന്നിയ തുണിസഞ്ചിയിലോ
തുരുമ്പെടുത്ത സൈക്കിളിലോ കയറി
എങ്ങോട്ടെന്നറിയാതെ
പുറപ്പെട്ടുപോകാറുണ്ടായിരുന്നു അവ.
കുറുമ്പുകളുടെ കൂടാരമായിരുന്നവ
വെച്ചാൽ വെച്ചിടത്തിരിക്കാത്തവ
എഴുപതുകളിലെ തിളയ്ക്കുന്ന രാഷ്ട്രീയം വീണു
പൊള്ളിപ്പോയ ഉമ്മറത്തിണ്ണയിലേക്ക്,
എൺപതുകളിലെ സിനിമയും ഫുട്ബാളും
വിഷയമാക്കിയിരുന്ന ഊണുമുറിയിലേക്ക്,
കണ്ണും കാതും കൂർപ്പിക്കുമായിരുന്നു
പാറ്റകളെയും പല്ലികളെയും അതിജീവിച്ച്,
ചുവരുമായി സഖ്യത്തിലായ പുസ്തകങ്ങൾ.
പഠിച്ചു പഠിച്ചു തലയ്ക്കു വെളിവില്ലാതായ
ചെറിയച്ഛൻ, നാടും വീടുമുറങ്ങുന്ന നേരത്ത്
പുസ്തകങ്ങൾ ഇറങ്ങിനടക്കുന്നതു
കാണാറുണ്ടായിരുന്നു.
ഒടിയന്റെയും ഒറ്റമുലച്ചിയുടെയും കഥപറഞ്ഞിരുന്ന
വെല്ല്യമ്മയെ കാണുമ്പൊഴൊക്കെയും
അലമാരയിൽ അമർത്തിയൊരു ചിരിപടരുമായിരുന്നു.
ഇറങ്ങിപ്പോയവ തിരിച്ചെത്താൻ വൈകിയാൽ
ഇളകിത്തുടങ്ങുമായിരുന്നെങ്കിലും
ഒരിക്കലും തിരിച്ചെത്താത്തവയെ
മറക്കാൻ പഠിപ്പിക്കുമായിരുന്നു വീട്.
“റഷ്യൻ നാടോടിക്കഥകളും
മലകളുടെയും സ്റ്റെപ്പികളുടെയും കഥകളും”
മടങ്ങിയെത്താതിരുന്നപ്പോൾ മാത്രം കണ്ണുനിറഞ്ഞ
കുട്ടിയുടെ സ്വപ്നത്തിലേക്ക്
ഒരു രാത്രി പൂക്കളും പൂമ്പാറ്റകളുമായി
പുസ്തകങ്ങൾ പറന്നിറങ്ങിയിരുന്നു.
അമ്മപോയ ദിവസം മാത്രം
അവർ അച്ചടക്കമുള്ളവരായി.
കൈകോർത്തുപിടിച്ചുകൊണ്ട്
വീടിന്റെ സങ്കടത്തെ നെഞ്ചോടു ചേർത്തുറക്കി.
പുതിയ വീട്ടിലെ ചില്ലലമാരയിലേക്ക്
താമസം മാറ്റിയതുമുതലാണ്
പുസ്തകങ്ങളും അച്ഛനെപ്പോലെ മിണ്ടാതായത്,
വെറും കടലാസുതാളുകൾ മാത്രമായത്.
മറവിയുമായി കൂട്ടുകൂടിയ അച്ഛന്റെ കൈപിടിച്ച്
മിക്ക രാത്രികളിലും അവ ഇറങ്ങി നടക്കാറുണ്ട്
ആ പഴയ ചുവരലമാര തേടി...
---------------------------------------------

Thursday, November 13, 2014

എത്രയും ശൂന്യമായ അവളെപ്പറ്റി .../ സുധീർ രാജ്


കശുവണ്ടിയാപ്പീസിൽ നിന്നോ
തൊഴിലുറപ്പ് കഴിഞ്ഞോ
വീട്ടുജോലി കഴിഞ്ഞോ
തെരുവിലെകച്ചോടം കഴിഞ്ഞോ
എവിടുന്നു വേണമെങ്കിലും അവൾക്കു വരാം .

മുടി പാറിപ്പറന്നോ
മുഖം കരുവാളിച്ചോ
ചുണ്ടു പൊട്ടിയോ
വിയർത്തൊലിച്ചു മുഷിഞ്ഞ സാരിയിൽ
മുഖം തുടച്ചോ
അവൾക്ക് നടക്കാം .
ഒരു പൊതി കപ്പലണ്ടിയോ
ഒരു നാരങ്ങാവെള്ളമോ
ഒരു ഞാലിപ്പൂവൻ പഴമോ
അവളെ കൊതിപ്പിച്ചേക്കാം
(ഒരുപക്ഷെ അവൾക്ക് വിശക്കാതേയുമിരിക്കാം )
നടക്കുമ്പോൾ
എന്തായാലുമവളുടെ ചെരുപ്പ് പൊട്ടും
തള്ളവിരൽ കല്ലിൽ തട്ടും
നഖം പൊളിയും
"ശ് "എന്ന വേദനയോടെ
അവൾ വീണ്ടും നടക്കും .
ഒരു കൂട്ടം മത്തിയോ
ഒരു കറിക്ക് പച്ചക്കറിയോ
ഒരു തേങ്ങയോ
വിലകുറഞ്ഞ പ്ലാസ്റ്റിക് പാത്രമോ
ഒരു തോർത്തോ അവൾ മേടിച്ചേക്കാം.
(മേടിക്കാതെയുമിരിക്കാം ,എന്തായാലും മുഷിഞ്ഞ
കുറെ നോട്ടുകളവളുടെ കയ്യിൽ കാണും )
വീട്ടു പടിക്കലെത്തി
കിതപ്പാറ്റി നിൽക്കുമ്പോൾ
അവളൊരു നെടുവീർപ്പിട്ടേക്കാം.
മക്കളെക്കാണുമ്പോൾ
മുഖത്തെ മുറിവ് വിടർന്നേക്കാം
ഞരക്കം പോലൊരു ചിരിക്ക്
സാധ്യതയില്ലാതില്ല .
(തിളച്ച പകലിന്റെ ഉരുക്കിയൊഴിക്കലാണ് വരണ്ട ചിരികൾ )
അവൾ മീൻ വെട്ടുകയോ
കറി വെയ്ക്കുകയോ
കപ്പ നുറുക്കുകയോ
മേലു കഴുകുകയോ ചെയ്തേക്കാം
വിളക്ക് കത്തിക്കുകയോ
സീരിയല് കാണുകയോ
എന്തിന് വെറുതേയിരിക്കുകപോലും ചെയ്തേക്കാം .
ചിലപ്പോൾ അവൾക്കൊരു ആമ്പിറന്നോൻ കണ്ടേക്കാം
അയാൾ മൂക്കറ്റം കുടിച്ചേക്കാം
മുടിക്ക് കുത്തിപ്പിടിച്ചിടിച്ചേക്കാം
അവൾക്കിഷ്ടമില്ലാത്ത വഴികളിലൂടെ
കുതിരകളെ പായിച്ചേക്കാം.
വലിച്ചു ചുരുട്ടിയെടുത്ത്
പുറത്തേക്കെറിഞ്ഞേക്കാം
അണ്ണാക്കിൽ മദ്യമൊഴിച്ചേക്കാം
സിഗരറ്റ് കൊണ്ട് മറുക് വെച്ചേക്കാം
(ആർക്കറിയാം ,നമ്മളു കാണാത്ത, തീ കൊണ്ടുള്ള
എത്ര ചുട്ടികുത്തുണ്ട് ജീവിതത്തിൽ )
വിളക്കണച്ചാൽ പോലുമവൾക്കവളെ കിട്ടണമെന്നില്ല
കണ്ണുകൾ തുറിച്ചു കിടക്കുമ്പോൾ
അവൾക്കവളുടെ മുലകളെയൊന്നു
തൊടണമെന്നു തോന്നുമെങ്കിലും
അതിനാവില്ല ....
പണ്ടവളറിയാതെ അവളെയൊളിപ്പിച്ചു വെച്ച
ചില പാട്ടുകളവളെ വന്നു വിളിച്ചേക്കാം
അവൾക്കതൊന്നുമോർമ്മ വരില്ല .
ചിലപ്പോഴവളെയൊരു പുഴവക്കോ
പൂമരമോ വന്നു തോണ്ടിയേക്കാം.
(മുൾച്ചെടിയിൽ കുരുങ്ങിയ മുണ്ടിനേക്കാൾ
പിടച്ചിലായിരിക്കുമപ്പോൾ )
അപ്പോഴവൾ മരിച്ചു തുടങ്ങും
അത്രയും ശൂന്യമായൊരു ശൂന്യത
എന്ന വരിയുടെ സാധ്യതയിവിടെയാണ്‌.
പതിയെയവളെ ശവംതീനിയുറുമ്പുകൾ
തിന്നാൻ തുടങ്ങും .
കാൽവിരൽ മുതൽ തിന്നു തിന്ന്
ശരീരമെല്ലാം തിന്ന് തിന്ന്
മുടിവരെ തിന്ന് തിന്ന്
ഒന്നും ബാക്കി വരാതെ ......
പിറ്റേന്ന് ,
കിണറ്റിൻ കരെ വെള്ളം കോരിക്കൊണ്ടിരിക്കുന്ന
അവളെ ,അവളു തന്നെ കാണുമ്പോഴാണ്
ആന്റി ക്ലൈമാക്സ് .
കശുവണ്ടിയാപ്പീസിലേക്കോ
തൊഴിലുറപ്പിലേക്കോ
വീട്ടുജോലിക്കോ
തെരുവിലെകച്ചോടത്തിലേക്കോ
എവിടേക്ക് വേണമെങ്കിലും അവൾക്ക് പോകാം .
------------------------------------------

വാര്‍ത്താകുമാരി / കുരീപ്പുഴ ശ്രീകുമാർ


കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
മൊസാന്തക്കവിളിലെ
നുണക്കുഴിപ്പൂവ്‌.
മൂക്കിനുകീഴിലെ
പൊടിരോമങ്ങള്‍.
കണ്ണിലെ കമ്പിത്തിരികള്‍
റോസ്‌ ചുവയുള്ള ചുണ്ടുകള്‍
പപ്പയ്‌ക്കാക്കഴുത്ത്
വിരല്‍ തേടുന്ന ചുമലുകള്‍
ആടയില്‍ തെളിയുന്ന
അടിവസ്ത്രസൂചനകള്‍.
കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
അപകടങ്ങളെയും
യുദ്ധങ്ങളെയും
കമറുദ്ദീന്‍ വെറുത്തു.
കുഞ്ഞുങ്ങളുടെ ശവങ്ങളും
മുറിവേറ്റ ഭടന്മാരും
വാര്‍ത്തവായനക്കാരിയെ
ഒരു നിമിഷമെങ്കിലും മറച്ചാലോ!
വാര്‍ത്തയായാല്‍ മരണം വേണം
പുംബീജങ്ങളെ കൊന്ന്
പകരംവയ്‌ക്കാന്‍
കമറുദ്ദീന്‍റെ കൈതരിച്ചു.
വാര്‍ത്ത വിഴുങ്ങി
വായനക്കാരി പുഞ്ചിരിച്ചിട്ടും
കമറുദ്ദീന്‍
വാര്‍ത്ത കണ്ടുകൊണ്ടേയിരുന്നു.
വാര്‍ത്ത വായിച്ച വനിതയുടെ
പേരെന്തായിരുന്നു?
അല്ലെങ്കിലും ഒരു പേരില്‍
എന്തിരിക്കുന്നു!
ഇതിനിടെ
വാര്‍ത്താകുമാരി കാര്‍ക്കിച്ചുതുപ്പിയതും
കമറുദ്ദീന്‍ നെറ്റിയില്‍
കഫക്കലയണിഞ്ഞതും
എപ്പോഴാണ്‌?

വിരുന്ന് / ഒ.വി.ഉഷ


പട്ടുതോല്‍ക്കുമിരുട്ടിലേക്കാണു ഞാന്‍
ഞെട്ടിയേല്‍ക്കുന്നതിന്നീ രജനിയില്‍
രാമഴ പെയ്തു തോര്‍ന്നതിന്‍ മന്ത്രണം
മാമരങ്ങളുതിര്‍ക്കുന്ന വേളയില്‍.

ഈയഴകിന്‍ മുഹൂര്‍ത്തത്തിലെത്തിയോ
നീയിവിടെ വിരുന്നിനായ് ദുഃഖമേ ?
ആനയിച്ചുവോ തീക്കനല്‍ കോരിയി-
ട്ടാരവത്തോടെ, നിന്നെയീ വാതിലില്‍
മറ്റൊരുള്‍ക്കളം താങ്ങിയ വേദന
മറ്റൊരാളെക്കവര്‍ന്നതാം പീഡകള്‍ ?
നേരനുഭവസാക്ഷ്യകാലത്തിലെ
വേദനയെ കവച്ചിടുമോര്‍മ്മകള്‍...
കെട്ടഴിയുന്ന ഹൃത്തിന്റെ താഴുകള്‍
പൊട്ടിവീണു തകര്‍ന്നു കഴിഞ്ഞുവോ?
കണ്ണുനീരിന്‍ പ്രളയകവാടമോ
നിന്നനില്‍പ്പില്‍ തുറന്നു കാണുന്നു ഞാന്‍?
രക്തപാശമൊന്നേത് ? എന്‍റെ സൌഹൃദ-
ഭക്തിയാര്‍ന്നു വരുന്നിതാ മുന്നിലായ്.
ലോകജീവിതസത്യമേ വേദന-
യേകമെന്നതു വീണ്ടുമോര്‍മ്മിക്കുവാന്‍
എതഴകിന്‍ കിനാവിലും നിര്‍ദ്ദയം
നീ വിരുന്നിനായെത്തുന്നു ദുഃഖമേ !
പട്ടുതോല്‍ക്കുമിരുട്ടിലേക്കാണു ഞാന്‍
ഞെട്ടിയേറ്റതിന്നീ നീലരാത്രിയില്‍
രാമഴ പെയ്ത രാഗമന്ത്രങ്ങളെ
മാമരങ്ങളുതിര്‍ക്കുന്ന വേളയില്‍.
----------------------------------------

Tuesday, November 11, 2014

ഉണ്‍മ / കല്‍പ്പറ്റ നാരായണന്‍


ഉണ്‍മ എന്ന വാക്ക്,
കേട്ടെഴുത്തിനു കൊടുത്ത ടീച്ചര്‍ക്ക്
എത്ര ഉമ്മയാണ് കിട്ടിയത്‌!
കണ്ണും പൂട്ടിയുള്ള ഉമ്മകള്‍
ചുണ്ടുപുകയുന്ന ഉമ്മകള്‍
സംശയിച്ച് സംശയിച്ച്
ചുറ്റും നോക്കുന്ന ഉമ്മകള്‍
മറ്റാര്‍ക്കോ ഉള്ള ഉമ്മകള്‍...
കണ്ടെഴുതിയ
പുതിയ തരം തണുത്ത ഉമ്മകള്‍
ടീച്ചര്‍ എല്ലാവര്‍ക്കും ശരിയിട്ടു.
'ഉണ്‍മ' എന്നെഴുതിയ
മരവിച്ച മുഖമുള്ള
മിടുക്കന്‍ കുട്ടിക്കും....,പാവം.
----------------------------

ഒരു പേർഷ്യൻ കൊലപാതകം/ഷംസ് ബാലുശ്ശേരി


ആകാശമേ നിന്റെ മുലകളെ തുറന്നു വിടൂ
എന്റെ ചുണ്ടുകൾ വരളുന്നു
മതമായി,
ജാതിയായി,
വർണ്ണമായി,
വർഗ്ഗമായി,
ഭൂമിയിലെ കരച്ചിലുകൾ
വീണ്ടുമെന്നെ വലയം വെക്കുന്നു…
കാറ്റിൽ നിന്ന് ശബ്ദങ്ങൾ
മണ്ണിൽ നിന്ന് മുളകൾ
മനസ്സിൽ നിന്ന് സ്വപ്‌നങ്ങൾ
ഗ്രാമങ്ങളിലെ വിധവകൾ
രാജ്യത്തെ കുഞ്ഞുങ്ങൾ
യുദ്ധങ്ങളിലെ മുറിവുകൾ
വിശക്കുന്ന ശരീരങ്ങൾ
ഗുഹ്യ രോഗം പിടിച്ച നീതി ദേവതകളും…
നിശബ്ദമായ ഒരു പിടച്ചിൽ,
ഒരു കയറിൽ എന്റെ ഉടൽ അവസാനിച്ചു.
വേട്ടക്കാരെ അതിജീവിച്ച്
സിരകളിൽ ആയിരം മുള്ളുമായ്
ഇന്ദ്രിയമില്ലാത്ത ഈ ഉരുണ്ട ശിലയിൽ നിന്ന്
നക്ഷത്ര വലയങ്ങൾ കടന്ന് ഞാൻ പോകുകയാണ്…
അനാദിയായ ഇരുട്ടിൽ പടർന്നു കിടക്കുന്ന
സമാധാനത്തിന്റെ ആദ്യ വിത്തുകൾ തേടി
ആദിയിൽ മുഴങ്ങിയ
ശബ്ദത്തിന്റെ വേരുകൾ തിരഞ്ഞ്
ജീവൻ പകർന്ന ജ്വാലകളുടെ പൂപ്പൽ തേടി…
എന്റെ ദൈവം കൊല്ലപ്പെട്ടു ,
സ്വാതന്ത്ര്യവും…
പ്രാർത്ഥനയുടെ പാലമവസാനിക്കുന്നിടത്ത്
ജീവന്റെ നാരുകളിൽ ഒരു ശവം തൂങ്ങി കിടക്കുന്നു;
കേൾക്കാതെപോയ ഞങ്ങളുടെ വാവിട്ട നിലവിളികൾ
ബധിരനു ചുറ്റും നക്ഷത്രങ്ങളായ് പെയ്യുന്നു…
===========================

Monday, November 10, 2014

ഓ ജീവിതമേ !/ എൻ.ബി.സുരേഷ്


നോക്കിനിൽക്കെ സന്ധ്യയാകുന്നു
മഞ്ഞുകാലമാണ്
എന്തൊരു കുളിരെന്നു നാം കിടുങ്ങുന്നു.
പുതപ്പിലുറഞ്ഞു കിടക്കവെ
പ്രഭാതമാകുന്നു
വേനൽക്കാലമാണ്
എന്തൊരു തീച്ചൂടെന്നു നാം വിയർക്കുന്നു
കാക്കക്കാലിന്റെ തണൽ പോലുമില്ലാതെ 
ചിലരുരുകുന്നു
ചിലരേസിയിൽ പുലരുന്നു
വിയർത്തും വിറച്ചും വാഴവേ
നട്ടുച്ചയിൽ ഇടവപ്പാതിയെത്തുന്നു.
എന്തൊരു പേമാരിയെന്നു നാം
കുട നിവർത്തുന്നു
ജനലടയ്ക്കുന്നു.
ചിലർ നനഞ്ഞൊലിക്കുന്നു
മഴസാഹിത്യം മഴസിനിമ മഴപ്രണയം
എന്നിങ്ങനെ ചിലർ.
വർത്തുളമാ‍യി കാലം തിരിയവെ
വീണ്ടും സന്ധ്യയായി രാത്രിയായി ഉഷസ്സായി
വസന്തം ജീവിതത്തെ വിട്ടുപോയതറിയാതെ
കാത്തു കാത്തിരുന്നു നാം
നരച്ചുപെരുകുന്നു.
ഹൊ ജീവിതത്തിന്റെ ഒരു കാര്യം.

-------------------------------------

നനയുക, ഈ മഴ നനയുക / ഡി. വിനയചന്ദ്രന്‍


തോരാതെ പെയ്യുമീ വര്‍ഷം, നമുക്കിനി-
തീരാതെ കൊള്ളാം തിരിക്കു പ്രിയേ
ആരോരുമില്ലാത്തൊരാറ്റുവക്കില്‍, കാറ്റു-
താലോലമോലുന്നൊരാറ്റുവക്കില്‍
നിന്നെപ്പിടിച്ചു ഞാനുമ്മവയ്ക്കുമ്പൊഴീ
പുന്നപ്പടര്‍പ്പിലും പൂരമേളം
പണ്ടു നാം മേഘങ്ങളായിരുന്നോ
സന്ധ്യാസമുദ്രത്തിലായിരുന്നോ
ചന്ദനക്കാറ്റേറ്റുവന്നിരുന്നോ
ചെമ്പകക്കാവിലും ചെന്നിരുന്നോ
ആടും മയിലിന്റെയാട്ടമായോ
ആനന്ദതാണ്ഡവക്കൂത്തുമായോ

തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
കാടായ നമ്മളീക്കാട്ടിലെങ്ങും
കാലാന്തകന്‍ നിന്നുപെയ്തിടുന്നു
നാടായ നമ്മളീ നാട്ടിലെങ്ങും
നാരായണന്‍ തുള്ളിനിന്നിടുന്നു
വേരായ നമ്മളും വെള്ളമത്രെ
താരായ നമ്മളും വെള്ളമത്രെ
ഇന്നു ഞാന്‍ നിന്നില്‍ നിറഞ്ഞിടുന്നു
ഇന്നു നീ എന്നില്‍ നിറഞ്ഞിടുന്നു
പുണ്യങ്ങളൊക്കെയും പെയ്തുനില്‍ക്കാം
ജന്മങ്ങളൊക്കെയും നിന്നു പെയ്യാം
കണ്ണുനീരൊക്കെയും പെയ്തുതീര്‍ക്കാം
കണ്ണുള്ള കാലത്തില്‍ കാഴ്ചയാകാം
ഒന്നേ മഴ നമ്മളൊന്നേ പുഴ നമ്മ-
ളൊന്നിനി പെയ്യാതെ പെയ്തുനില്‍ക്കാം
തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
------------------------------

വിരുദ്ധം / എൻ.ബി.സുരേഷ്


നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

-----------------------------------------

നീ / ഡി. വിനയചന്ദ്രന്‍


നീ ജനിക്കുന്നതിന്‍ മുമ്പു
നിന്നെ സ്‌നേഹിച്ചിരുന്നു ഞാന്‍
കാണുന്നതിന്‍ മുമ്പു നിന്നെ
കണികണ്ടുതുടങ്ങി ഞാന്‍.
പാതതോറും നിന്‍വെളിച്ചം
പടരും നിഴല്‍ പാകവെ
പാന്ഥ നീയെന്‍ ജഠരത്തി
ന്നുള്ളിലേക്കോ നടക്കുന്നു.
നീയുറങ്ങുന്നതിന്‍ മുമ്പു
നിന്നെയോര്‍ത്തു മയങ്ങി ഞാന്‍
നീ മരിക്കാതിരിക്കുവാന്‍
നിനക്കായി മരിച്ചു ഞാന്‍.
------------------------------

അധികാരം / ചന്ദ്രബാല

അന്ന് ,
എന്റെ ഗോത്രസ്മൃതികളിലെ
ഏറ്റം കനം കൂടിയോരിറച്ചി തുണ്ടം
അവളുടെ ഗര്‍ഭപാത്രത്തില്‍
എന്‍ മുളക്കു മാത്രമായോരിടം.
എന്റെ മന്ത്ര മകുടിയുടെ താളത്തില്‍
ചുവടു വെയ്ക്കുന്ന പ്രകൃതി,
എന്റെ മുഷ്ടിയുടെ ബലത്തില്‍
ഞാന്‍ നേടിയ മാടുകളുടെ എണ്ണം
എന്റെ വയലേലകളിലെ
കറുത്ത അടിമകളുടെ സംഖ്യ.
പിന്നീട് ,
ദൈവ പുരുഷന്റെ വിശുദ്ധ പ്രസവം!
അതിലെ മുതിര്‍ന്ന നാലാവകാശികള്‍
പിന്നെ കുറെ ജാരസന്തതികളും
അതില്‍ മുതിര്‍ന്നവന് ഇളയവന് -
മേലുള്ള ജന്മാന്തരവകാശങ്ങള്‍
വാഗ്ദത്ത ഭൂവിലെ തിരഞ്ഞെടുക്കപ്പെട്ടവന്
അതല്ലാത്തവന്റെ മേലുള്ള അധീശത്വം,
വെളുത്തവന് കറുത്തവനു മേലുള്ള
ചോദ്യം ചെയ്യാനരുതാത്ത
നിതാന്ത താന്‍പ്രമാണിത്തം .
ഇന്ന്,
പോര്‍ക്കളത്തിലെ കൂട്ട ശവക്കുഴികള്‍
ആകാശത്തിലെ ആയിരമിതളുള്ള അഗ്നിപുഷ്പം ,
അതിന്റെ വിഷഗന്ധം പരക്കുന്ന ഭൂമി.
പടക്കളത്തിന് പുറത്ത്‌,
ശിരസ്സില്ലാതെ, അമ്മയുടെ മടിയി-
ലുറങ്ങുന്ന ശിശുക്കളുടെ എണ്ണം .
അമ്മയുടെ വയറ്റില്‍ വെന്തുരുകുന്ന
ഇളം മാംസത്തിന്റെ കരിഞ്ഞ ഗന്ധം.
ക്യാമറാ ഫ്ലാഷുകളുടെ മുന്നില്‍
രക്തക്കറ പുരണ്ട ഹസ്തദാനം നടത്തുന്ന
ഭരണാധികാരിയുടെ ചുണ്ടിലെ ചിരി .
ഇനിയൊരിക്കല്‍ ,
പച്ചപ്പില്ലാത്ത, നനവില്ലാത്ത
ഭൂമിയുടെ മഹാശ്യുന്യത
ഓടുവിലേതോ തമോഗര്തത്തിന്റെ വയറ്റിലെ-
യൊരിക്കലുമോടുങ്ങാത്ത വിശപ്പ്‌.
-----------------------------------------


Sunday, November 9, 2014

ഉണരാന്‍ വൈകി / തിരുനല്ലൂര്‍ കരുണാകരന്‍


ഇന്നലെ വസന്തശ്രീ
മുറ്റത്തു നൃത്തം വയ്ക്കാന്‍
വന്നു ചേര്‍ന്നപ്പോള്‍
തുറന്നില്ല ഞാന്‍ വാതായനം.


 അവള്‍ പോയപ്പോഴത്രേ
ഞാനുണര്‍ന്നതു, കണ്ടേന്‍
അവസാനത്തെ പൂവില്‍
അവള്‍ തന്‍ കണ്ണീര്‍ക്കണം.

Saturday, November 8, 2014

മഴ / ഡി. വിനയചന്ദ്രന്‍


ഈ പുതുമഴ നനയാന്‍
നീകൂടി ഉണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു.
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.
--------------------------------

കത്തിയേറ് / സച്ചിദാനന്ദന്‍.


പേടിക്കരുത്
കണ്ണടയ്ക്കുകയുമരുത്.
ഓരോ കത്തിയും
ഓരോ പൂവായി സങ്കല്‍പ്പിക്കുക.
ഇതാ വരുന്നു ഒരു സൂര്യകാന്തി
ഇതു ജമന്തി, ഇതു പിച്ചകം
ഇതു ചെമ്പകം.
ഇതാ ഒരു താമരയിതള്‍
ഇതാ മുല്ലമൊട്ടിന്‍റെ ഒരു കുല
ഇതാ ചുകചുകന്ന കാര്‍ണേഷന്‍
ഇതാ ഓര്‍ക്കിഡിന്‍റെ ഒരു വയലറ്റ് ചില്ല.
ചോരവരുന്നുണ്ടോ?
അതു ചെമ്പരത്തിയിതളുകളാണ്
വേദനിക്കുന്നുണ്ടോ?
അതു പനിനീര്‍ മുള്ളുകളാണ്
ഈ കണ്ണിന്‍റെ കെട്ടൊന്നു ഞാനഴിച്ചോട്ടെ
നീയെന്താണു പരാതി പറയാത്തത്?
ഇതു മരണമല്ല, ജീവിതമാണ്
നമ്മുടെയൊക്കെ,ചോരയിറ്റുന്ന
ജീവിതം
--------------------------------------

ക്ക് തോ / ജയദേവ് നയനാർ


ഒരു കളിത്തോക്കുപോലുമില്ലാത്ത
ബാല്യത്തിലെ ഏകാന്തതയെക്കുറിച്ച്
ചുരുക്കിപ്പറയാനേ പറ്റില്ല.
ഠോ ഠോ എന്ന വാക്ക്
എനിക്കുതന്ന ഡിക്ഷ്ണറി യിൽ
ഒരു പേജിലും ഇല്ലായിരുന്നു.
പിറക്കാനിരിക്കുന്ന കുഞ്ഞ്
വെടിവച്ചാണു കൊല്ലപ്പെടുകയെന്ന്
വെബ് ലിങ്കിൽ നിന്നപ്പൻ
അറിഞ്ഞതിൽപ്പിന്നെയായിരുന്നു.
എന്നും കാലുറയിൽ വച്ചിരുന്ന
നിറതോക്ക് അപ്പനുപേക്ഷിച്ചത്.
കിടക്കുമ്പോൾ തലയിണയ്ക്കടിയിൽ
വയ്ക്കുമായിരുന്ന തോക്ക്
വേണ്ടെന്നുവയ്ക്കാൻ അമ്മയ്ക്കു മടിയായിരുന്നെന്ന്
പറഞ്ഞുകേട്ടിട്ടുണ്ട്.
അബദ്ധത്തിലെങ്ങാനും പൊട്ടിയാലോ
എന്നൊരൊറ്റ ഭയം കൊണ്ടാണ്
കുഞ്ഞുന്നാൾ തുടങ്ങിയുളള ശീലം
അപ്പൻ നിർത്തിച്ചത്.
ചുവരിൽ വച്ചിരുന്ന തോക്കത്രയും
നോക്കിനിൽക്കെ മാറ്റപ്പെട്ടെന്ന്
ഒരു ദുർബല നിമിഷത്തിലാണ്
ആയ ഓർമിച്ചെടുത്തത്.
വീട്ടുപാഠം ചെയ്യാതെ വരുന്നവരെ
തോക്കുചൂണ്ടി പേടിപ്പിക്കുമായിരുന്ന
സ്കൂൾച്ചിട്ട അതോടെ നിർത്തലായെന്ന് പ്രിൻസിപ്പൽ
നെപ്പോളിയൻ ബാറിൽ വച്ച്
പറഞ്ഞതു കേട്ടവരുണ്ട്.
തോക്കില്ലാതെ വേണം സ്കൂളിൽ
വിടാനെന്ന് ആദ്യത്തെ ഗേൾ ഫ്രെണ്ടിൻറെ
മമ്മിയോടു ക്ലബ്ബിൽ വച്ച് അമ്മ
കയർത്തെന്നറിഞ്ഞ് അപ്പൻ വീട്ടിൽ
ഷാംപെയ്ൻ തന്നെയാണ് ഒഴുക്കിയത്.
ഡേറ്റിങ്ങിനിടെ അവൾ ഗൗണിൽ നിന്ന്
തോക്കെടുത്തു കാണിച്ചപ്പോൾ
ഒരു മുയൽക്കുഞ്ഞിനെപ്പോലെ
തോന്നിപ്പിച്ചിരുന്നു.
ആരോ പറഞ്ഞപ്പനറിഞ്ഞപ്പോൾ
നഷ്ടമായത് ഇരട്ടമുയൽക്കുഞ്ഞുങ്ങളെ.
ഇനി, അന്ത്യോപചാരത്തിന്
എനിക്ക് ആചാരവെടിപോലും പാടില്ലെന്ന്
അപ്പൻ തീർച്ചപ്പെടുത്തിയിട്ടുണ്ട്.
അബദ്ധത്തിലെങ്ങാനും വെടിയുതിർന്ന്
മരിച്ചുകിടക്കുന്നേടത്തുവച്ച്
മരിച്ചുപോവുകയാണെങ്കിൽ.

----------------------------------

Friday, November 7, 2014

പോയതിന്‍ ശേഷം / സുഗതകുമാരി


പോയതിന്‍ ശേഷം,നോക്കൂ
ഞാനുണ്ട്‌ നിലാവുണ്ട്‌
രാവുണ്ട്‌ പകലുണ്ട-
തൊക്കെയും പണ്ടെപ്പോലെ
വാനത്തു നക്ഷത്രങ്ങളുണ്ട്‌
നമ്മുടെ വീട്ടില്‍
തൂവിളക്കെന്നും കൊളു-
ത്താറുണ്ട്‌ പണ്ടെപ്പോലെ
പോയതിന്‍ ശേഷം പൊട്ടി-
ച്ചിരിക്കും നിറതിങ്ക-
ളീയിരുള്‍ മുറ്റത്തിന്നും
പാല്‍ തട്ടി വീഴ്‌ത്താറുണ്ട്‌
രാമുല്ല പൂക്കാറുണ്ട്‌
കാറ്റുണ്ട്‌,മണമുണ്ടൊ-
രോമനക്കുഞ്ഞിന്‍ വാശി-
ക്കരച്ചില്‍ കേള്‍ക്കാനുണ്ട്‌.
ഒക്കെയും പതിവുപോല്‍.
ഊണുണ്ട്‌,കുളിയുണ്ട്‌
പത്രവായനയുണ്ട്‌ പണിയു-
ണ്ടതിഥിക-
ളിപ്പൊഴും വരാറുണ്ട-
തൊക്കെയും പതിവുപോല്‍.
ഒക്കെയും പണ്ടെപ്പോലെ,
എങ്കിലും-നീയില്ലാതെ
അര്‍ത്ഥമില്ലാതെ,തെല്ലു
നനയ്‌ക്കാനാളില്ലാതെ
പൊട്ടിയ പൂച്ചട്ടിയില്‍
പഴയ തുളസിപോല്‍
പട്ടുപോവതുപോലെ
പട്ടുപോയതുപോലെ....
ഒക്കെയും പതിവുപോല്‍,
എങ്കിലുമോര്‍മിക്കുവാ-
നിത്രയും കുറിക്കുന്നേന്‍
ഇളയ യാത്രക്കാരേ
ഇത്തിരി നേരം മാത്രം
കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം
കൊതിക്കാന്‍,സ്‌നേഹിക്കാനും.
-------------------------------

സ്വപ്നഗാനം / ഡി. വിനയചന്ദ്രന്‍


ഇന്നലെ നിന്നെക്കിനാവുകണ്ടു
തുമ്പിതന്‍ കൂട്ടത്തിലായിരുന്നു
കുന്തിപ്പുഴക്കരയായിരുന്നു
സന്ധ്യയ്ക്കടുത്തുവെച്ചായിരുന്
നു.
മുടിയിലൊരു കിളിത്തൂവല്‍ മാത്രം
അരയിലോ മൈലാഞ്ചിച്ചോപ്പുമാത്രം
ഇളയ പൂമൊട്ടാല്‍ പാദസരങ്ങള്‍
മുലയിലോ നേര്‍ത്ത നിഴലുമാത്രം.
ഒരു കുന്നു മറുകുന്നു നാം നടന്നു
ഇലയിലും പൂവിലും നാമിരുന്നു
മഴവന്ന നേരത്തു മഴ നനഞ്ഞു
മഴമേഘപ്പല്ലക്കില്‍ താണുപൊങ്ങി
അരുവിതന്‍മീതേ കിടന്നു നമ്മള്‍
അലപോല തുള്ളിക്കിടന്നു നമ്മള്‍.
എവിടെയോ കാട്ടിലൊരാന വന്നു
അവിടെല്ലാമിളകുന്ന കാടിരമ്പി
മഴവന്നു വെയില്‍വന്നു കാടുകത്തി
ഇടിമിന്നലോടെയക്കാടുകത്തി.
ഒരു കിളി പല കിളിയൊരുനൂറു കിളികളാ
പുഴയുടെ മീതേ പറന്നുപോയി.
ഒരു വെള്ളിമത്സ്യമപ്പുഴയുടെയുള്ളിലൂ
ടൊളിമിന്നിത്തെളിമിന്നിയിളകിപ്പോയി.
മലയിലെ തീയെല്ലാം തളിരിട്ട വനമായി
ഒരു സ്വര്‍ണമേഘമായ് നാമുയര്‍ന്നു
പുഴയൊരു തുമ്പിതന്‍ വയറില്‍ ചുറ്റി
ചെറുവാഴനാരിന്റെ ചരടുകെട്ടി
അകലേക്കു നമ്മളെ പട്ടംപോല്‍ പാറിച്ചു
അലതുള്ളിത്തുള്ളിക്കിടന്നു നമ്മള്‍.
------------------------------------


പെണ്ണ് / പവിത്രന്‍ തീക്കുനി


വെയില്‍ വിളിച്ചു
ആരും കാണാതെ
പുഴ കൂടെ പോയി.
പൂക്കാലം കഴിഞ്ഞു
മടുത്തപ്പോള്‍
പെരുമഴയായി മടങ്ങിപ്പോന്നു.
മിന്നലിനെയും കാറ്റിനെയും
വാരിയെടുത്ത്
ഇടിയുടെ കൈ പിടിച്ച്...
 
---------------

Thursday, November 6, 2014

അപ്പോഴായിരുന്നു / എം.ആര്‍.രേണുകുമാര്‍


നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു.

രാഹുലന്‍
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്‍റെ
ചുരുള്‍ നിവര്‍ത്തുകയായിരുന്നു.

നിഖില്‍ നബീസുവിന്‍റെ
പട്ടുകുപ്പായത്തിന്‍റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു.

കാര്‍ത്തിക്‌
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു.

അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു.

അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്‌തതും
കാറ്റിന്‍റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ....
------------------------

ഒരു പെണ്‍ചിലന്തിയുടെ ആത്മഹത്യാകുറിപ്പ്/ശ്യാം സുധാകര്‍


ഇന്നു രാവിലെ മാത്രമാണ്
ഞാന്‍ കാര്യമറിയുന്നത്.
നമ്മള്‍ ചിലന്തികള്‍ക്ക്
കുടുംബം വിധിചിട്ടില്ലത്രെ.

ഒരു തവണ
തമ്മിലിണചേര്‍ന്നുകഴിഞ്ഞാല്‍
എന്‍റെയും
വരാന്‍ പോകുന്ന കുഞ്ഞുങ്ങളുടെയും
പുഷ്ടിക്കു വേണ്ടി
നീ
നിന്റെ കണ്ണും തൊലിയുമൊഴികെ
മറ്റെല്ലാം ദ്രവരൂപത്തിലാക്കി
എനിക്ക് കുടിക്കാന്‍ തരും.
സ്വന്തം ഭക്ഷണത്തിനു വേണ്ടി
നീ തീര്‍ത്ത വലക്കണ്ണികള്‍
മാഞ്ഞു പോകുന്നതിനു മുമ്പ്
ഞാന്‍ നിന്നെ മുഴുവനായും
എന്നിലേക്ക് ഒഴിച്ചു കഴിഞ്ഞിരിക്കും.
കരഞ്ഞും പിടഞ്ഞും
ഞാന്‍ പുറംതള്ളുന്ന കുട്ടികള്‍
അവരുടെ എട്ടു കാലുകള്‍ കൊണ്ട്
അച്ഛനെ തെരയും.
കൊച്ചുകൊച്ചു പല്ലുകള്‍
എന്‍റെ മാറിലിരുന്ന്
നമ്മളെ
ഊറ്റി വേര്‍തിരിക്കും.
ഞാനതൊന്നും ആഗ്രഹിക്കാത്തതു കൊണ്ട്
സ്വയം ഇല്ലാതാവുന്നു.
എനിക്കു വേണ്ടി
നീ ഇനി
എന്റെ വലയില്‍ വസിക്കണം.
എനിക്കു വേണ്ടി
നീ
ഒരച്ഛനാവാതെ സൂക്ഷിക്കണം.
----------------------------

Wednesday, November 5, 2014

പ്ലൂട്ടോ കരയുകയാണ്‌ / അഭിരാമി


പ്ലൂട്ടോയെ പുറത്താക്കി
ഒരിക്കലും അവന്‍ വികൃതി കാട്ടിയിട്ടില്ല
പഠിയ്‌ക്കാതെ വന്നിട്ടില്ല
യൂണിഫോമിടാതെ ക്ലാസില്‍ കയറിയിട്ടേയില്ല
എന്നിട്ടുമവനെ പുറത്താക്കി.
ചെറിയ കുട്ടിയാണവന്‍
എപ്പോഴും അവസാനത്തെ ബെഞ്ചിലാണിരിക്കുക.

പുതിയൊരു കുട്ടി വന്നു,സെന.
കുള്ളന്‍ പ്ലൂട്ടോയുടെ അടുത്താണ്‌
അവനെ ഇരുത്തിയത്‌
വികൃതിയായൊരു ചെക്കന്‍
എന്തു ചെയ്യുമെന്ന് ആര്‍ക്കറിയാം?
പ്ലൂട്ടോ ചിലപ്പോള്‍ നെപ്റ്റ്യൂണിനെ മറികടന്ന്
യുറാനസ്സിന്‍റെ ബെഞ്ചിലേക്ക് ചാടും
പിന്നെ വീണ്ടും പഴയ സ്ഥാനത്തേക്ക്.
ഒരു ദിവസം ടീച്ചര്‍ അതുകണ്ടു
പ്ലൂട്ടോയെ ക്ലാസില്‍ നിന്നും പുറത്താക്കി
വിനയായത്‌ സെനയാണോ?

എന്നാലും ഇപ്പോഴും
ക്ലാസിന്‍റെയപ്പുറത്ത് അരമതില്‍ ചാരി
അവന്‍ തേങ്ങുകയാണ്‌.
എന്തിനാണ്‌ പ്ലൂട്ടോയെ പുറത്താക്കിയത്‌?
------------------------------------ 

മുള്‍ച്ചെടി / സച്ചിദാനന്ദന്‍


മുള്ളുകളാണ്‌ എന്‍റെ ഭാഷ
ചോരയിറ്റിക്കുന്ന ഒരു സ്‌പര്‍ശത്തിലൂടെ
ഓരോ ജീവിയോടും
ഞാനിവിടെയുണ്ടെന്ന്
ഞാന്‍ വിളിച്ചുപറയുന്നു.

അവര്‍ക്കറിയില്ല
ഈ മുള്ളുകള്‍
ഒരിക്കല്‍ പൂവുകളായിരുന്നെന്ന്:
എനിക്കു വേണ്ടാ
ചതിക്കുന്ന കാമുകര്‍.
കവികളോ,
മരുഭൂമികളുപേക്ഷിച്ച്
ഉദ്യാനങ്ങളിലേക്കു തിരിച്ചുപോയി.
പൂ ചവിട്ടിമെതിക്കുന്ന
ഒട്ടകങ്ങളും വണിക്കുകളും
മാത്രം ബാക്കിയായി.

അപൂര്‍വമായ ജലത്തിന്‍റെ
ഓരോ ബിന്ദുവില്‍നിന്നും
ഞാന്‍ ഓരോ മുള്ളു വിരിയിക്കുന്നു.
ഒരു തുമ്പിയെയും പ്രലോഭിപ്പിക്കാതെ,
ഒരു പക്ഷിയും പ്രകീര്‍ത്തിക്കാതെ,
ഒരു വരള്‍ച്ചയ്‌ക്കും വഴങ്ങാതെ,
പച്ചയുടെ ഓരങ്ങളില്‍
ഞാന്‍ മറ്റൊരു സൌന്ദര്യം സൃഷ്‌ടിക്കുന്നു,
നിലാവിന്നപ്പുറം,
കിനാവിന്നിപ്പുറം,
കൂര്‍ത്തുമൂര്‍ത്ത
ഒരു സമാന്തരഭാഷ.
----------

കാണാത്തത് / നിരഞ്ജൻ T G



പലപ്പോഴും
വറ്റിപ്പോയെന്നു തോന്നിക്കുന്ന
പുഴകളുടെ താഴെയുമുണ്ട്
മണലിലാഴ്ന്ന് മണ്ണിൽ പടർന്നിറങ്ങുന്ന
ആരും കാണാത്ത ഒരൊഴുക്ക്

പലപ്പോഴും
അർത്ഥമില്ലെന്നു തോന്നിക്കുന്ന
വാക്കുകൾക്കടിയിലുമുണ്ട്
ചങ്കിൽ കൊളുത്തി തൊണ്ടയിടറിക്കുന്ന
ചില തോന്നലുകളുടെ നനവ്

Friday, October 31, 2014

കടലാസ് പൂക്കള്‍ / ഹൻലല്ലത്ത്

വെയില്‍ നരപ്പിച്ചൊരു
കടലാസ് പൂവ്
നിറങ്ങള്‍ക്കിടയില്‍
വേറിട്ട്‌ കാണാം

കടലാസായത് കൊണ്ട്
വേദനിക്കില്ല

ഇല നേരെ പിടിക്കെടായെന്ന്
തല താഴ്ത്തി നില്‍ക്കെടായെന്ന്
ഏതു വഴിപോക്കനും ശാസിക്കാം

കൈ തരിക്കുമ്പോള്‍
ഇലച്ചുവട് നീറ്റി നോക്കാം

ഒരാളും കടലാസു പൂവിനെ
മണത്തു നോക്കി
കൈവെച്ചു തലോടില്ല .

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്

ഒരുപ്പൂ / കെ.ജി.ശങ്കരപ്പിള്ള


പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ

എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?

ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്

തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും

ചിന്നച്ചേച്ചി / ഉമാ രാജീവ്



പ്രസവത്തോടൊപ്പം വിശപ്പ് പോയി
വായിലെടുക്കുന്നതൊന്നും ഇറക്കാൻ തോന്നുന്നില്ല
ഒന്നിനോടും ഒരു കൊതി തോന്നുന്നില്ല

കുഞ്ഞുവായിലിറ്റിക്കാൻ മുലപ്പാലില്ലാതാവും-അമ്മ
ഇത്തിരി ബ്രാണ്ടികുടിപ്പിക്ക്-അപ്പുറത്തെ വീട്ടിലെ ചേടത്തി
ഓജസ്സും തേജസ്സും കെട്ടുപോവും-അമ്മായിയമ്മ
വിളക്കെല്ലാമണച്ച്
ഫാനിനോടൊപ്പം ചുറ്റുമ്പോൾ
നോക്കാൻ വന്ന ചേച്ചി പറഞ്ഞു
"ഇപ്പൊ കെടക്കണ കെടപ്പാ കൊച്ചേ കെടപ്പ്
ഇപ്പൊ തിന്നണ തീറ്റയാ കൊച്ചേ തടി
പെണ്ണിനാരോഗ്യം പേറ്റുരക്ഷയാ
ഒന്നാം പേറ് അമ്മ നോക്കും
രണ്ടാം പേറ് അതിയാന്റമ്മ
മൂന്നാമത്തേതും നാലാമത്തേതും
മൂത്തതുങ്ങൾ നോക്കും"
തലമുടി കൊടഞ്ഞു കെട്ടി
പുതപ്പിലേക്ക് കാൽ വലിച്ച്
ചിന്നച്ചേച്ചി കഥക്കെട്ടഴിച്ചു
"എന്റെ നാലാംപേറിന്നൊ-
ന്നുമുണ്ടായില്ലാ-
രുമുണ്ടായില്ല
അങ്ങോരു റോഡുപണിക്കായി
ശബരിമലയിലായിരുന്നു
അങ്ങോരുടേ അമ്മ കിടപ്പിലായിരുന്നു
എന്റെ വീട്ടിലേക്കൊന്നുപോവാനാരുമില്ലായിരുന്നു"
"പെറ്റ് നാലിന്റന്ന് അടുക്കളയൊഴിഞ്ഞു
പീയം പീയം മൂന്നെണ്ണങ്ങൾ ചുറ്റിനും കരഞ്ഞു
പുറത്ത് പറമ്പിലിറങ്ങി
ആദ്യം കണ്ടത് ചെമ്മീൻപുളിയുടെ പിഞ്ചുകായകൾ
പിന്നെക്കണ്ടത്
മൂത്തുപൊട്ടാറായ അച്ചിങ്ങപ്പയറുകൾ
പിന്നെയൊന്നും കണ്ടില്ല
മൂത്തചെക്കനെ തോളിലേന്തിച്ച്
ചെമ്മീൻപുളി പൊട്ടിച്ചു
കലത്തിൽ വെള്ളത്തിലെക്കിട്ടു
പയറും പൊളിച്ചിട്ട്
ഉപ്പും ചേർത്തു വേവിച്ചു
ഞങ്ങൾ നാലും കോരിത്തിന്നു
പിന്നേം പെറ്റും ഇരുവട്ടം"
"ഇന്നിപ്പോ
നാലാമത്തോന്റെ കൂടെയാ
ഒഴിവിനു പൊറുതി"
പറഞ്ഞു നിർത്തി
ഉറക്കത്തിലേക്ക് വഴുതി
പിറ്റേന്നു രാവിലെ
എണ്ണയും ഈർപ്പവും നിറഞ്ഞ തലമുടിയുമായി
നെയ്യുകിനിയുന്ന ഉള്ളിച്ചോറിനും
തുളുമ്പി വടിയുന്ന പാൽഗ്ലാസിനും
മുന്നിലിരിക്കുമ്പോൾ
വല്ലാത്ത വിശപ്പ്
വല്ലാത്ത ആർത്തി
"അമ്മേ എനിക്ക്
പയറും ചെമ്മീൻപുളീം വേവിച്ചു തിന്നണം"
അടുക്കളപ്പുറത്തുനിന്നു
ചിന്നുചേച്ചി ഓടി വന്നു
"അയ്യൊ പെറ്റുകിടക്കണ പെണ്ണിനു
ചെമ്മീൻപുളി കൊടുക്കാമ്മേലാ"

Thursday, October 30, 2014

ഇങ്ങനെ മാത്രം ചിരിക്കുക / ജംഷി

ആവുന്നത്ര ഉച്ചത്തില്‍
ചിരിക്കാമെന്നൊന്നും വിചാരിച്ചേക്കരുത്.

ചിലപ്പോള്‍
മൂടിക്കെട്ടിയ കുടത്തിനുള്ളില്‍
ഒരു പട്ടിക്കുട്ടിയുമായി
മരമണ്ടനായ മല്ലന്‍
എല്‍ പി സ്കൂള്‍ വരാന്തയിലൂടെ
നടന്നു വന്നേക്കും

ചിലപ്പോള്‍
മറവിയെ കൊഞ്ഞനം കുത്തി
സുഹൃത്തിന്റെ
ചൂണ്ടല്‍ കൊളുത്തില്‍
ഒരു നീര്‍ക്കോലി കുടുങ്ങിയേക്കും.

വിക്കുള്ള
കണക്ക് മാഷിനെ
ആരെങ്കിലും അനുകരിച്ചെന്നിരിക്കും.

പക്ഷെ
വാ തുറക്കരുത്
പല്ല് പുറത്ത് കാണിക്കരുത്.

ചിരിക്കുന്നവരെ കണ്ടാല്‍
ഭ്രാന്തെടുക്കുന്നവരുടെ
നടുവിലകപ്പെട്ടവരേ .
തീരെ വയ്യെന്നാകില്‍
ദേ ഇങ്ങനെ
ചുണ്ടു മാത്രമൊന്നനക്കിക്കൊള്ളൂ......

ഉറക്കം മുറിഞ്ഞവരുടെ തെരുവ് / പകൽ കിനാവൻ ( ഷിജു ബഷീർ)


വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

ഒടുവില്‍ / അനിത തമ്പി



ഒന്നുറങ്ങിയുണര്‍ന്നു നോക്കുമ്പോള്‍
കാറ്റനക്കുന്ന പൂക്കള്‍ മുറ്റത്ത്‌
പച്ചിലകള്‍ പുഴുക്കള്‍ കിളികള്‍
ആറുവാന്‍ വിരിച്ചിട്ട തുണികള്‍
ഒക്കെ രാവിലത്തെപ്പോലെ തന്നെ.

രാവിലെ നെഞ്ഞു പറ്റി,യമ്മിഞ്ഞ
യുണ്ട് ചേര്‍ന്നു കിടന്ന കുഞ്ഞപ്പോള്‍
ദൂരെ നിന്നു വിളിക്കുന്നു ഫോണില്‍.

വാടി,ചൂടു വെയിലതിന്നൊപ്പം
നീളമേറി നിഴലിനും വേഗം
വന്നടുക്കുന്നു രാവ്,പൈദാഹം
പൂണ്ടുരുണ്ട് കരഞ്ഞ് പൊറുക്കാ-
ഞ്ഞാദിയിലെന്ന പോലെയമ്മിഞ്ഞ
നെഞ്ഞുവിട്ടു പറന്ന് മാനത്ത്
സൂര്യനുണ്ടായിരുന്നിടത്തേക്ക്
ചെന്ന് ചേര്‍ന്നു ചുരത്തിത്തുടങ്ങി

പ്രാണി പച്ചില പൂങ്കിളി പൂക്കള്‍
ചുണ്ടു ചേര്‍ത്ത് കുടിച്ചു തുടങ്ങി.

മെല്ലെയെല്ലാമുറങ്ങിത്തുടങ്ങി.

രണ്ടുപേര്‍ക്കിടയില്‍ / പ്രകാശന്‍ മടിക്കൈ


കാറ്റായി ഒരാള്‍ പിറകിലുണ്ട്
മഴ പോലെ നീങ്ങുന്ന എന്നെ
തരം കിട്ടുമ്പോള്‍
കയറിപ്പിടിക്കാന്‍.

മുന്നില്‍
തീ പിടിച്ച പോലെ ഒരാളുണ്ട്
കിണറോ കുളമോ പുഴയോ തേടി.
പുകഞ്ഞു പോകുന്നു.
പെട്ടെന്ന് അവളുടെ അടുത്തെത്തണം.

ഇന്ന് ഞാന്‍ ഇവര്‍ക്കിടയില്‍
വന്നിരുന്നില്ലെങ്കില്‍
പിറകിലെ കാറ്റുപോലുള്ളവള്‍ ‍ ഓടിപ്പോയി
തീപിടിച്ചവളെ
വട്ടം വീശി
ആളിക്കത്തിക്കുമായിരുന്നു.

വെള്ളം./ അസ്മോ പുത്തന്‍ചിറ


എപ്പോള്‍ കാണുമ്പോഴും
പുഴ,പുതിയ കഥ
പറഞ്ഞുകൊണ്ടിരിക്കുകയായിരിക്കും
.
ഇന്നലെ പറഞ്ഞ
കഥയിലെ ശിഷ്ടവും
പറഞ്ഞുകൊണ്ടിരിക്കുന്ന
കഥയിലെ നായികയും
നാളെ പറയാന്‍ അടക്കിവെച്ച
കഥയിലെ നായകനും
വെള്ളം പോലെ
കടലിലേക്ക്
ഒഴുകിപ്പോകുന്നത്
മറ്റൊരു
കഥയായിരിക്കും.     

വഴി / പി.പി.രാമചന്ദ്രന്‍


മലയും പേറി
വരുന്നൊരു മടിയനു
വഴികാണിച്ചു നടക്കും നേരം
മുടിയിഴയേഴായ് കീറാനെന്തൊരു
വഴിയെന്നൊരുവന്‍
ചോദിക്കുന്നു!

പരാജയം / ശാന്തി ജയകുമാര്‍


എന്റെ മിഴികൾ നിറയെ ദു:ഖമാണ്, പക്ഷേ
മഴപോലെ കരയാന്‍ കഴിയുന്നില്ല.
എന്റെ പീലികള്‍ നിറയെ ഭയമാണ്, പക്ഷേ
മയില്‍ പോലെ വിറയ്ക്കാനറിയില്ല.

എന്‍റെ അണു തോറും സ്വപ്നങ്ങളാണ് , പക്ഷേ
പൂവാകപോല്‍ മതിമറന്നു വിടരാന്‍ വെമ്പുന്നില്ല.
നാവിന്‍റെ മച്ചകം നിറയെ മുറിഞ്ഞ
ഗൌളി വാലുകളിഴയുകയാണ് , പക്ഷേ
പ്രേതഭാഷയില്‍ പ്രവചനങ്ങളില്ല.

എന്‍റെ ഹൃദയം ആത്മഹത്യാമുനമ്പിലാണ് , പക്ഷേ
അതിന്‍റെ മുഴക്കത്തിലേക്ക് നഷ്ടമാകുന്നില്ല.
എന്‍റെ മഷിക്കുപ്പി നിറയെ കവിതകളാണ് , പക്ഷേ
അതു കട്ടപിടിക്കുമ്പോള്‍
അക്ഷരങ്ങള്‍ക്കു മരണവേദന മാത്രം.

അകത്തേക്ക് വരരുത് / സെറീന റാഫി


 ഒച്ചകൾ നിറച്ച്‌
അലങ്കാരങ്ങൾ  തൂക്കി
വെളിച്ചം വിളമ്പി
ഒരുക്കിയിട്ടുണ്ട്
ജീവിതത്തിനു പുറത്തൊരു
സ്വീകരണ മുറി
ഇവിടെയിരിക്കാം

അകത്തേക്ക് വരരുത്

അവിടെയാണ്
അടക്കിയിരിക്കുന്നത്
അവിഹിത ജന്മത്തിന്റെ
അനാഥ ശവത്തെ .

എന്‍റെ കാര്യം എന്‍റെ മാത്രം / പി.പത്മനാഭന്‍


എന്‍റെ വീട്ടിലെ പത്തായം
പെറ്റു കൂട്ടുന്ന നെല്ലെല്ലാം
ചക്കികുത്തിയരിയാക്കും
അമ്മ വെച്ചതു ഞാനുണ്ണും.

പത്തായം പെറ്റതെങ്ങനെ
ചക്കി പാടെത്ര പെട്ടെന്നും
അരി വെന്തു ചോറാകാന്‍
അമ്മയെന്തൊക്കെ ചെയ്തെന്നും,
അന്യകാര്യത്തില്‍ ഞാനെന്തി-
ന്നന്യഥാചിന്ത ചെയ്യണം?
വാകീറുകിലിരയുണ്ടാം
കാര്യം പ്രകൃതിനിശ്ചിതം.

ആഞ്ഞെറിഞ്ഞു കളഞ്ഞു ഞാന്‍
ചീഞ്ഞു നാറുന്ന വേയ് സ്റ്റെല്ലാം
ആരാന്‍റെ തൊടിയല്ലയോ
അവരും ചെയ് വതല്ലയോ.

നടുറോഡില്‍ ചോര ചിന്തി
പ്രാണന്‍ പോകാന്‍ കിടക്കിലും
ഞാനെന്തിനു മെനക്കെട്ട്
പുലിവാലു പിടിക്കണം.

കാറില്‍ പോകുന്ന ഞാന്‍ വെറും
കാല്‍ നടക്കാരെ രക്ഷിക്കാന്‍
ചെളിവെള്ളമൊഴിവാക്കി
നേരം കളയുവതെന്തിന് ?

ലക്ഷങ്ങള്‍ കൊണ്ടു വാങ്ങുന്ന
ഡോക്ടര്‍ ബിരുദസൌഭാഗ്യം
അന്യന് സൌജന്യമാക്കാന്‍
നമ്മളത്രക്ക് വിഡ്ഢിയോ ?

എനിക്കു വീടു തീര്‍ക്കണം
പറമ്പുതരിശാക്കിയും
അതിനു മണല്‍ വാരണം
പുഴ മൃത്യു വരിക്കിലും.

രാഷ്ട്രീയക്കാരഹോരാത്രം
പാടുപെട്ടു നമുക്കായി
നേട്ടങ്ങള്‍ കൊയ്തെടുക്കുന്നു
തല്ലു കൊണ്ടു മരിക്കുന്നു.

വാതോരാതെ വാഗ്ദാനം
വാരിക്കോരിക്കൊടുത്തിട്ട്
ശൂന്യം കോടികളായ് മാറ്റും
എന്നെ കണ്ടു പഠിക്കുവിന്‍.

ഐഡന്റിറ്റി കാര്‍ഡ് /എസ്.ജോസഫ്


പഠിച്ചുകൊണ്ടിരുന്ന കാലം
ഒരു പെണ്‍കുട്ടി ചിരിച്ചു വന്നു

ചോറിനും ചൂരമീന്‍ കറിക്കും മീതെ
ഞങ്ങളുടെ കൈകള്‍ കുഴഞ്ഞു

ഞങ്ങള്‍ ഒരു ബെഞ്ചില്‍
ഹിന്ദുകൃസ്ത്യന്‍ കുടുംബമായി

ഞാന്‍ നെരൂദയുടെ കവിതകള്‍ വായിച്ചു നടന്നു
അതിനിടെ എന്റെ ഐഡന്റിറ്റി കാര്‍ഡ് കളഞ്ഞുപോയി

ഞാന്‍ കണ്ടു.
കാര്‍ഡ് തന്നിട്ടവള്‍ പറഞ്ഞു
ചുവന്ന പേനകൊണ്ടതില്‍ കുറിച്ചിട്ടുണ്ടല്ലോ
സ്റ്റൈപ്പന്റ് വാങ്ങിച്ച കണക്ക്

ഇക്കാലത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമിരുന്ന്
മറക്കുന്നത് നോക്കാറേയില്ല
അല്‍പ്പം കഴിഞ്ഞവര്‍ പിരിഞ്ഞുപൊയ്ക്കൊള്ളും
ഇനി അവര്‍ ഒരുമിച്ചാലും അത്ഭുതമില്ല
അവരുടെ ഐഡന്റിറ്റികാര്‍ഡില്‍
ചുവന്ന കുറിക്കലുകള്‍
ഉണ്ടാവില്ല

നിശ്ശബ്ദത / വിഷ്ണു പ്രസാദ്


കൊല നടന്ന മുറിയില്‍
ശവം, വായ പിളര്‍ന്ന്
വയറു വീര്‍ത്ത്‌
കണ്ണു തുറന്നു കിടന്നിരുന്നു.
തറയില്‍
നാലുപാടും ഭയന്നോടിയ രക്തം.
ഈച്ചകളുടെ
അന്തിമപരിചരണം.
ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി
മൂക്കു പൊത്തി എല്ലാവരും
മുറ്റത്തേക്ക് മാറിനിന്ന്
സ്വകാര്യം പറഞ്ഞു.
പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന
പോലീസുകാര്‍
ശവത്തിനു ചുറ്റും
ഒരു ലക്ഷ്മണരേഖ വരച്ചു.
എല്ലാ മുറികളും തുറന്നു നോക്കി.
ആരുമുണ്ടായിരുന്നില്ല, ഒന്നും.
അടുക്കളയില്‍
മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ
ചോറും കറിയും
വായ തുറന്നിരിക്കുന്ന ഒരടുപ്പും
ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍
തൂക്കിയിട്ട ഷര്‍ട്ടുകള്‍
വായിച്ചു വച്ച പുസ്തകം
കുത്തിക്കെടുത്തിയ സിഗരറ്റ്‌
എല്ലാം അതേപടി കിടന്നിരുന്നു.
കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന
അലമാരയിലെ കണ്ണാടി
അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതില്‍
പൊലീസുകാരന്റെ മുഖം തെളിഞ്ഞു.
പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍
അത്തരത്തിലൊന്നും അവിടെ കണ്ടില്ല.
ചുമരില്‍ ,
ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും
അയാളുടെയും
കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍
ഒരേ പോസില്‍
നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു.
ഒഴിഞ്ഞ കസേരകള്‍
ഒഴിഞ്ഞുതന്നെ കിടന്നു.
മുറികള്‍ക്കുള്ളിലും
വീടിനുചുറ്റും
വെറുതേ പാഞ്ഞു നടന്ന
പൊലീസ്‌ നായ
നിരാശയോടെ കുരച്ചു.
അന്വേഷണത്തില്‍ നിന്ന്
ഒരു കാര്യം മനസ്സിലായി.
അയാള്‍ക്ക്‌
ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല.
അയല്‍പ്പക്കക്കാര്‍
ആ വീട്ടില്‍ വന്നിരുന്നില്ല.
ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്.
അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി.
സാക്ഷികളും
തെളിവുകളുമില്ലാത്തതിനാല്‍
അന്വേഷണം
എന്നേക്കുമായി അവസാനിപ്പിച്ചു.
.............................
എല്ലാ മുറികളിലും പതിയിരുന്ന
ആര്‍ക്കും പിടി കൊടുക്കാതിരുന്ന
വിദഗ്ദ്ധനായ കൊലപാതകി,
പിന്നീട് ആ വീട്ടില്‍ തനിച്ചായി : നിശ്ശബ്ദത.

ഭൂമി / രാംമോഹന്‍ പാലിയത്ത്


ഇപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ
സൃഷ്ടിയുടെ നാള്‍
ദൈവവും വിചാരിച്ചിരുന്നു
ഒരു 6237-ഓ 8031-ഓ ഭൂമികള്‍ ഉണ്ടാക്കാമെന്ന്.

ബോംബും ചോരയും ഒഴിവാക്കാന്‍
സുന്നികള്‍ക്കു മാത്രമായൊരു ഭൂമി
ഷിയാക്കള്‍ക്ക് വേറൊരു ഭൂമി
നായന്മാര്‍ക്കും ഈഴവര്‍ക്കും വേറെ വേറെ ഭൂമി
കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് ഒരെണ്ണം
മെത്രാന്‍ കക്ഷിക്ക് ഒരെണ്ണം
ബാവാകക്ഷിക്ക് മറ്റൊരെണ്ണം .
രാവിലത്തെ തെറിവിളികള്‍ ഒഴിവാക്കാന്‍
ഓട്ടോറിക്ഷകാര്‍ക്ക് മാത്രമായൊരു ഭൂമി.
ബസ്സുകള്‍ക്ക് മാത്രം മറ്റൊരു ഭൂമി
ടൂ വീലേഴ്സിന് വേറൊരെണ്ണം
കാല്‍നടക്കാര്‍ക്കും മറ്റൊരെണ്ണം.
ഭ്രാന്താശുപത്രികളും ജയിലുകളും ഇല്ലാതിരിക്കുവാനായി
ഞരമ്പുരോഗികള്‍ക്കു മാത്രമായി ഒരു ഭൂമി
പിഞ്ചുകുഞ്ഞുങ്ങള്‍ക്കും വൃദ്ധകള്‍ക്കും മറ്റൊരു ഭൂമി
പാവങ്ങള്‍ക്കും പണക്കാര്‍ക്കും വേറെ വേറെ ഭൂമി.
വൃദ്ധസദനങ്ങളും ദേവാലയങ്ങളും ഇല്ലാതിരിക്കാനായി
കാമഭ്രാന്തന്മാര്‍ക്കും ഭ്രാന്തികള്‍ക്കും മാത്രമായി ഒരു ഭൂമി
എകാകികള്‍ക്കും അസൂയക്കാര്‍ക്കും വേറെ വേറെ ഭൂമി
അത്യാഗ്രഹികള്‍ക്ക് മറ്റൊരു ഭൂമി.
ആക്രോശങ്ങളും ഉറക്കഗുളികകളും ഇല്ലാതിരിക്കുവാനായി
ഉറങ്ങുന്നവര്‍ക്ക് മാത്രമായി ഒരു ഭൂമി
ഉറക്കം നടിക്കുന്നവര്‍ക്ക് മറ്റൊരു ഭൂമി
ക്രിക്കറ്റും കഞ്ചാവും സിനിമയും കുടിക്കുന്നവര്‍ക്ക് വേറെ വേറെ ഭൂമി.
ഒടുവില്‍
ആവശ്യമായ അത്രയും ഭൂമികള്‍ ഉണ്ടാക്കാന്‍
തന്റെ കയ്യിലുള്ള വെള്ളവും മണ്ണും തികയാതെ വരുമെന്നു മനസ്സിലാക്കിയപ്പോള്‍
ദൈവം
നരഭോജികള്‍ക്കു മാത്രമായി സൃഷ്ടിച്ചു
ഏകാന്തതയുടെ ഈ ഒരൊറ്റ ഭൂമി.

Monday, October 27, 2014

മതിൽ / പവിത്രൻ തീക്കുനി


നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടി
ല്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

പെരുവഴിയിൽ ബുദ്ധൻ / കല്പറ്റ നാരായണൻ


ഞാനിന്നലെ
റോഡുമുറിച്ചുകടക്കുന്ന ബുദ്ധനെക്കണ്ടു
വൈകുന്നേരത്തെ കൊടുംതിരക്കില്‍
മുറിച്ചുകടക്കാനാവാതെ ഇപ്പുറത്ത്‌
വളരെനേരമായി നില്‍ക്കുകയായിരുന്നു ഞാന്‍

അമ്പതോ അറുപതോ എഴുപതോ വര്‍ഷം
ദൈര്‍ഘ്യമുള്ള ജീവിതത്തില്‍
ഒന്നൊന്നരക്കൊല്ലം നമ്മള്‍
റോഡിനിപ്പുറം മുറിച്ചുകടക്കാനാവാതെ നില്‍ക്കുന്നു
എന്നാലോചിച്ചുകൊണ്ട്‌

അയാളൊട്ടും ശങ്കിയ്ക്കാതെ
സാവകാശത്തില്‍ റോഡു മുറിച്ചുകടന്നു
അയാളെ പിന്തുടരാന്‍ തുടങ്ങിയപ്പോള്‍
ഒരു വാഹനം ക്രുദ്ധമായി എനിക്കുനേരെ വന്നു

ഒരു വാഹനവും അയാള്‍ക്കായി വേഗം കുറച്ചില്ല
സ്വാഭാവികവും വിസ്തൃതവും ഏകാന്തവുമായ
എപ്പോഴും അവിടെയുണ്ടായിരുന്ന
ഒരു വഴിയില്‍ അയാള്‍ നടന്നു
അപ്പുറം കടന്നു

വരികള്‍ക്കിടയില്‍.. / ഹബ്രൂഷ്

ഭക്ഷണത്തെ കുറിച്ചും
പട്ടിണിയെ കുറിച്ചുമെഴുതുമ്പോള്
‍വരികള്‍ക്കിടയില്‍
നല്ല പോലെ അകലമിടുക

വര്‍ഗീയത, മതേതരത്വം..
എന്നിവയെ കുറച്ച് എഴുതുമ്പോഴും

കളിയും, കാര്യവും
വേശ്യയും, പ്രണയവും
നഗരവും, ചേരിയും
വരികളില്‍,
അകലങ്ങളില്‍ തന്നെ കിടക്കട്ടെ..

സ്വാര്ത്വരും , പീഡിതരും
വേറെ വരികളില്‍..

യുദ്ധം,
സമാധാനം,
സ്വാതന്ത്ര്യം
വിപ്ലവം, സമത്വം
ഇവയെ കുറിച്ച് എഴുതുമ്പോഴും
വരികള്ടെ അകലങ്ങളെ മറക്കരുത്.

എന്തെന്നാല്‍..
ഒരു കുമ്പസാരക്കൂട്ടിലെന്ന
പോലെകറുത്ത്, ഉരുണ്ട് കൂടി,
കണ്ണുകള്‍ കലങ്ങുന്നത് വരെ
വരികള്‍ക്കിടയില്‍,
നമുക്ക് പെയ്തു തീരാനുള്ളതാണ്!

പേര് ഉരിയുമ്പോള്‍ / ഹബ്രൂഷ്,

അറിവില്ലായ്മയുടെ
വിസ്മയങ്ങളില്‍
അസ്വസ്ഥരായവരാകുമോ
സൌകര്യങ്ങള്‍ക്ക് വേണ്ടി
പേരുകള്‍ നിര്‍മിച്ചത്

ഇല്ലെങ്കില്‍ ,
ഉള്ളിലൊരു ലോകത്തെ
ഒറ്റനനവില്‍ കൂട്ടി നിര്‍ത്തി
അലയലയായി കരയിലേക്ക്
കഥകള്‍ മെനയുന്ന ഒന്നിനെ
നമ്മള്‍ ' കടല്‍ ' എന്ന വാക്കില്‍
തളച്ചിടുമോ

പേരില്ലാതെ വളര്‍ന്നവനെപ്പോലെ
ഒരു നാള്‍ ചന്ദ്രന്‍ ഉയരുമ്പോള്‍
കണ്ണില്‍ നിന്ന് രക്തധമനിയിലൂടെ
മുങ്ങിയും താണും
പെരുവിരലിലേക്ക് നീങ്ങുന്നുണ്ട്
ഒരു നിലാവെട്ടം

വിരല്‍ ചൂണ്ടിപ്പപഠിച്ച
'മഴ' യാണിതെന്നോര്‍ക്കാതെ
അതിലെക്കൊന്നിറങ്ങി നിന്നാല്‍
നെഞ്ചിനു പിന്നിലെ മുറ്റം നിറയെ
മഴപ്പൂക്കളൊരു വസന്തംതീര്‍ക്കും
അവയ്ക്ക് മീതെ മനസ്സ്
ഭാഷയില്ലാത്ത സഞ്ചാരങ്ങളുടെ
നാനാര്‍ഥങ്ങള്‍ വിതറും

ചെടികളുടെ പേരുകള്‍ മറന്നു
തോട്ടത്തിലെക്കൊന്നു നോക്കിയാല്‍ മതി
അവ ഓടി വന്നു
കൈവലിച്ചുകൊണ്ട് പോയി
ചെടിയുടെ വേരിലൂടെ,
തണ്ടിലൂടെ കടത്തി വിട്ട്
പൂവിന്റെ ഇതളുകള്‍ക്ക്‌ നടുവില്‍
കഴുത്തറ്റം വരെയാക്കി
പിടിച്ചു നിര്‍ത്തും

പക്ഷെ ,
ഏറെ അതിശയിപ്പിക്കുന്നത്,
ഈ 'ഞാന്‍ ' എന്ന പദം
ഒന്ന് മാറ്റി വെക്കുമ്പോള്‍
തലങ്ങും വിലങ്ങും
സഞ്ചരിച്ചു പെരുകുന്ന
സൌരയൂധങ്ങളില്‍
ധൂളിയായ് അമരുന്ന
ആ ഒറ്റ വാക്കില്‍
എങ്ങിനെയാണ് ഞാന്‍ തളക്കപ്പെട്ടത് !

കറുത്ത നട്ടുച്ച / കുരീപ്പുഴ ശ്രീകുമാര്‍

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി .

ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കു വെച്ചു
ഏതോ കൊടുങ്കാറ്റിലൂര്‍ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടൊപ്പമുണര്‍ന്നിരിക്കെ
യാത്രയായ് ചിന്ത തന്‍ ചങ്ങാതികള്‍
ആലപിച്ചന്നു നാം കണ്ണുനീരി ല്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍ക്കാക്ക കൊണ്ടു പോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍ വഴിയിലലഞ്ഞു നമ്മള്‍
താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍
നിഷ്കാസിതയായ് നിലവിളിച്ചീ -
മുറ്റത്തു വീണു മുഖം മുറിഞ്ഞ
സ്വപ്നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട് .
വിങ്ങിക്കരഞ്ഞു നീ എന്റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമ്മള്‍ക്കു തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും ?

ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പേക്കിനാവ്
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്
ഇല്ലായ്മകള്‍ താളമിട്ടു പാടും
കുഞ്ഞിനു കൂട്ടായ് ഉറക്കുപാട്ട്
നേരിനോടൊപ്പമവന്‍ വളരും
നോവില്‍ നിന്നായുധമേന്തി നില്ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്തു വേട്ടയാടും
അന്നത്തെയുഷ്ണത്തിനെന്തുത്തരം
അന്നത്തെ അമ്മയ്ക്കുമെന്തുത്തരം.

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍ .

ദൈവം മറന്നുവെച്ച ഒരാൾ / വി.ജി.തമ്പി.


തീയിലേക്ക്‌ എടുത്ത്‌ ചാടുന്നവനു
അവന്റെ കരച്ചിൽ തന്നെ തണൽ
തീയിൽ കുളിച്ച കരച്ചിലിൽ തീരണം
ഓർമ്മകളുടെ ചീർത്തു വീർത്ത ജീവിതം.

അമ്പേൽക്കാനായി മാത്രം
ഓർമ്മകളുടെ ശരീരമെന്തിനു?
മറവി ഒരു കന്യകയാണു
ഓർമ്മ ബലാൽസംഗിയും.

ഓർമ്മിക്കുന്നതു കൊണ്ട്‌
സ്വപ്നങ്ങളില്ല വിസ്മയങ്ങളില്ല.

ഞാൻ മുതുക്കനും മുടന്തനും
തിയതിയും വർഷവും.
ഞാൻ ഏതു കവിതയുടെ
ഏതു വാരികയുടെ
ഏതു ലക്കത്തിൽ
ഏതു പേജിൽ.

കണ്ടതു വീണ്ടും കണ്ട്‌
കുടിച്ച വീഞ്ഞ്‌ വീണ്ടും കുടിച്ച്‌
ഓർമ്മകളുടെ എച്ചിൽ തിന്ന്
ചതുപ്പുകളിലെല്ലാം
നഷ്ടനിധികൾ തുരന്ന്...

ഓർമ്മ
തലകീഴായി കെട്ടിത്തൂക്കിയ
പുഴയുടെ കുരിശേറ്റം.

ഒരേ കടലിലേക്ക്‌
ഒരേ പുഴയെ
വീണ്ടും വീണ്ടും കൊണ്ടിടരുതേ.

വിടുതൽ തരണേ,
ഇളവറ്റ ഓർമ്മകളിൽ നിന്നും
സംവത്സരങ്ങളെ ഒഴിച്ചു കളഞ്ഞ്‌
ദൈവമേ, നിനക്കൊപ്പം
എനിക്കപ്രത്യക്ഷനാകണം.