Monday, October 27, 2014

കറുത്ത നട്ടുച്ച / കുരീപ്പുഴ ശ്രീകുമാര്‍

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി .

ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കു വെച്ചു
ഏതോ കൊടുങ്കാറ്റിലൂര്‍ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടൊപ്പമുണര്‍ന്നിരിക്കെ
യാത്രയായ് ചിന്ത തന്‍ ചങ്ങാതികള്‍
ആലപിച്ചന്നു നാം കണ്ണുനീരി ല്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍ക്കാക്ക കൊണ്ടു പോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍ വഴിയിലലഞ്ഞു നമ്മള്‍
താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍
നിഷ്കാസിതയായ് നിലവിളിച്ചീ -
മുറ്റത്തു വീണു മുഖം മുറിഞ്ഞ
സ്വപ്നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട് .
വിങ്ങിക്കരഞ്ഞു നീ എന്റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമ്മള്‍ക്കു തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും ?

ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പേക്കിനാവ്
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്
ഇല്ലായ്മകള്‍ താളമിട്ടു പാടും
കുഞ്ഞിനു കൂട്ടായ് ഉറക്കുപാട്ട്
നേരിനോടൊപ്പമവന്‍ വളരും
നോവില്‍ നിന്നായുധമേന്തി നില്ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്തു വേട്ടയാടും
അന്നത്തെയുഷ്ണത്തിനെന്തുത്തരം
അന്നത്തെ അമ്മയ്ക്കുമെന്തുത്തരം.

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍ .

No comments:

Post a Comment