Saturday, October 18, 2014

NH 47 /സുധീഷ് കോട്ടേമ്പ്രം


സിഗ്നലില്‍ പെട്ടതുകൊണ്ടാണ്
വൈകിയതെന്ന്
കാറോട്ടക്കാരായ നിങ്ങള്‍ പറയാറില്ലേ?
പക്ഷേ, നോക്കൂ
സിഗ്നലുകളുള്ളതുകൊണ്ടാണ്
എത്രയും തിരക്കുള്ള നിങ്ങളെ
നൊടിനേരമെങ്കിലും കാണാനാവുന്നത്
അറിയുമോ?
നാഷണല്‍ ഹൈവേകളില്‍
ചുവപ്പിനും പച്ചക്കും കുറുകെ
ഞങ്ങള്‍ക്കൊരു നടപ്പാതയുണ്ട്.
അറുപത് സെക്കന്റ് ആയുസ്സുള്ള
ആ നടപ്പാതയാണ് ഞങ്ങളുടെ ദേശീയത.

ആലവട്ടമോ വര്‍ണബലൂണോ
ആര്‍ക്കും പ്രയോജനമില്ലാത്ത
വെള്ളപ്രതിമകളോ
നിങ്ങളൂതിയാല്‍ ഒരിക്കലും
ഊത്ത് വരാത്ത ഓടക്കുഴലുകളോ ആണ്
ഞങ്ങളുടെ സമയംകൊല്ലി സാധനങ്ങള്‍.
നിങ്ങള്‍ക്കിതൊന്നും വേണ്ടതില്ലെന്നറിയാം
ഞങ്ങള്‍ക്ക് പക്ഷേ,
ഇങ്ങനെയൊക്കെ വെളിപ്പെട്ടേ മതിയാവൂ.
അറുപത് സെക്കന്റായുസ്സുള്ള
ഈ മുറിച്ചുകടക്കലിലാണ്
ഞങ്ങളുടെ ജനാധിപത്യവും സ്വാതന്ത്ര്യവും.

കണ്ടിട്ടില്ലേ ഞങ്ങളുടെ കുട്ടികളെ?
ചക്രങ്ങള്‍ക്കിടയിലൂടെയുള്ള
അവരുടെ അഭ്യാസങ്ങള്‍?
പിടിച്ചുപറിക്കാരെന്ന് നിങ്ങള്‍ വിളിക്കുന്ന
അവരുടെ ചിരിയാണ് ഞങ്ങളുടെ ദേശീയഭാഷ.
നിങ്ങളുടെ ക്യാമറകളില്‍ അവരെത്ര സുന്ദരര്‍.
അവരുടെ തോളെല്ലുകളിലാണ്
ഞങ്ങളുടെ വംശചരിത്രം എഴുതപ്പെട്ടിരിക്കുന്നത്
കൈനീട്ടുന്ന ആ പോസാണ്
ഞങ്ങളുടെ അടയാളവാക്യം.

പകലേറെക്കഴിയുമ്പോള്‍
അവരുടെ അപ്പനാങ്ങളമാര്‍
പാനിപ്പൂരിവണ്ടികളുമായി തിരിച്ചെത്തും.
രാത്രിയില്‍ ഉഴവുകാളയെപ്പോലെ
വണ്ടികള്‍ മഞ്ഞവെളിച്ചത്തില്‍ കെട്ടിയിടും
അപ്പോളതിന്റെ നിഴല്‍വീട്ടില്‍ ഞങ്ങളുറങ്ങും.

താറിട്ട റോഡ് ഉരുകിയുരുകി
ഇരുട്ടുനദിയാവും.
കാലുകള്‍ താറില്‍ പുതഞ്ഞുപോകും
അറുപതുസെക്കന്റിന്റെ ഇടവേള
അപ്പോള്‍ അറുപതുവര്‍ഷങ്ങളുടെ
ജീവിതം പോലെ പരന്നുകിടക്കും.
പര്‍ദേശീ പര്‍ദേശീ ജാനാ നഹീ
എന്ന പാട്ടിന്റെ ഓടക്കുഴലൂത്ത്
അവിടങ്ങളില്‍ തങ്ങിനില്‍ക്കും.
ആ പാട്ടില്‍ ഞങ്ങളെല്ലാരും ചിരിക്കും
ചിരിച്ച് ചിരിച്ച് ചിരിച്ച്
ഉറക്കം മുറിച്ചുകടക്കാന്‍ ശ്രമിക്കും.

വെളുക്കുമ്പോള്‍
എല്ലാം പതിവുപോലെ.
താറിട്ട റോഡ്
ഇരുതലയുള്ള കുരുടന്‍പാമ്പിനെപ്പോല്‍
ഇഴഞ്ഞുതുടങ്ങും.
അതില്‍ കാറോട്ടക്കാരവരുടെ
ചക്രഭാഷയെഴുതിത്തുടങ്ങും
എല്ലായിടത്തും ഉദിക്കുന്ന സൂര്യന്‍
ഞങ്ങളുടെ ജംഗ്ഷനിലുമെത്തും
ചുവന്ന സിഗ്നലായി.

No comments:

Post a Comment