Monday, October 20, 2014

ഓരോ വര്‍ഷവും ഓരോ മരമാണ് / സെറീന


പോയ വര്‍ഷങ്ങള്‍ എണ്ണി നോക്കുമ്പോള്‍
കുറവുണ്ടോ ചില മരങ്ങള്‍?
എവിടെയൊക്കെയോ നിന്ന്
അവ വിളിച്ചു പറയുന്നില്ലേ,
കാറ്റിലൂടെ ഗന്ധമായും,
മണ്ണിലൂടെ തൈ നോട്ടങ്ങളായും
മറവിയില്‍ നിന്ന് പുറത്തെടുക്കാന്‍
ചില അടയാള വാക്യങ്ങള്‍?

ഒന്നില്‍ നിന്ന് അടുത്തതിലേക്ക്
നടന്നു പോയ സ്വന്തം മനുഷ്യരിലേക്ക് മടങ്ങി വരാന്‍
എല്ലാ മരവും ആഗ്രഹിക്കുന്നുണ്ടാകണം.
അതാവണം, നെഞ്ചില്‍
കാറ്റ് കുടുങ്ങിയ മാതിരി
ഓരോ മരവും ഇളകിക്കൊണ്ടേയിരിക്കുന്നത്.

ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.

കണക്കെടുപ്പിനൊടുവില്‍,
ഏകാന്തതയുടെ വന്‍ ശിഖരത്തില്‍
കയറി നിന്ന് ദൂരേക്ക്‌ കണ്ണയക്കുക
കാണാം,വന്നടുക്കുന്ന കാട്ടുതീപ്പെരുക്കം,
പച്ചയെല്ലാം വെന്തു തീരുന്നതിന്‍ ഗന്ധം.
അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.


No comments:

Post a Comment