Saturday, October 18, 2014

പണ്ട് ഞാൻ.../ സനൽകുമാർ ശശിധരൻ


കാരണമൊന്നുമില്ലെങ്കിലും
വല്ലപ്പോഴും ഒന്നു കരയണമെന്നു തോന്നും
വല്ലപ്പോഴും ഒന്നു പുകയ്ക്കണമെന്നോ
മദ്യപിക്കണമെന്നോ
അവസാനത്തെ സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത്
ഏതെങ്കിലുമൊരു ബസിന്റെ സൈഡ് സീറ്റിലിരുന്ന്
ഒന്നുറങ്ങണമെന്നോ
ആഴമറിയാത്ത ഏതെങ്കിലും പുഴയിൽ
തളർന്നുപോകും വരെ ഒന്നു കുത്തിമറിയണമെന്നോ
തോന്നുമ്പോലെ, വല്ലപ്പോഴും...

വലിയ ആകാശത്തിൽ അടയ്ക്കാകുരുവികൾ
പരുന്തിനെ വരയ്ക്കുന്നത് കാണുമ്പോഴോ
പഴുത്തുവീണ ഒരിലയുടെ ചെറു ഞരമ്പിൽ
തുടിച്ചു നിൽക്കുന്ന പച്ചപ്പ് കാണുമ്പോഴോ
തിരക്കുള്ള റോഡിലൂടെഒ റ്റയ്ക്ക്
സൈക്കിളിൽ വളവുമറയുന്ന
ഏതെങ്കിലും പെൺകുട്ടിയെ കാണുമ്പോഴോ
കാരണമില്ലാത്ത ഒരു കരച്ചിൽപിന്നിൽ നിന്നു കുത്തും..

നടുറോഡിലോ, തീവണ്ടിക്കുള്ളിലോ വെച്ച്
ഹാർട്ടറ്റാക്ക് വന്നവനെപ്പോലെ
ഞാനൊന്ന് പരുങ്ങും,
നൊടിയിൽ ഒരു ആംബുലൻസിന്റെ സൈറൺ
എന്നെപ്പിളർന്ന്കടന്നു പോകും
ഉറക്കത്തിൽ നിന്നും ആവേറി മറന്ന സ്വപ്നം പോലെ
കരച്ചിൽ ആവിയായിപ്പോവും
പഴയ ചട്ടമ്പികൾ ചുളിഞ്ഞ മസിലുകളിൽ തലോടി
പണ്ടൊക്കെ ഞാൻ നല്ല അടിക്കാരനായിരുന്നുവെന്ന് പുലമ്പുമ്പോലെ
പണ്ടൊക്കെ ഞാൻ നന്നായി കരഞ്ഞിരുന്നുവെന്ന് ഒരു പുഞ്ചിരി പൊട്ടിക്കും... 

1 comment: